വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഞാൻ നിങ്ങൾക്കു മാതൃക വെച്ചിരിക്കുന്നു”

“ഞാൻ നിങ്ങൾക്കു മാതൃക വെച്ചിരിക്കുന്നു”

“ഞാൻ നിങ്ങൾക്കു മാതൃക വെച്ചിരിക്കുന്നു”

‘കാലം നോക്കിയാൽ നിങ്ങൾ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ [“പഠിപ്പിക്കുന്നവർ,” NW] ആയിരിക്കേണ്ടതാണ്‌.’​—⁠എബ്രായർ 5:⁠12.

1. ഒരു ക്രിസ്‌ത്യാനിക്ക്‌ കുറച്ചൊരു ആകുലത തോന്നാൻ എബ്രായർ 5:​12-ലെ വാക്കുകൾ സ്വാഭാവികമായും ഇടയാക്കിയേക്കാവുന്നത്‌ എന്തുകൊണ്ട്‌?

നമ്മുടെ ആധാര വാക്യത്തിലെ നിശ്വസ്‌ത വാക്കുകൾ വായിക്കുമ്പോൾ നിങ്ങൾക്കു നിങ്ങളെ കുറിച്ചുതന്നെ അൽപ്പം ആകുലത തോന്നുന്നുവോ? എങ്കിൽ നിങ്ങളെപ്പോലെ തോന്നുന്ന അനേകരുണ്ട്‌. ക്രിസ്‌തുവിന്റെ അനുഗാമികൾ എന്ന നിലയിൽ, നാം പഠിപ്പിക്കുന്നവർ ആയിരിക്കേണ്ടതാണെന്നു നമുക്കറിയാം. (മത്തായി 28:19, 20) നാം ജീവിച്ചിരിക്കുന്ന ഇക്കാലത്ത്‌ കഴിയുന്നത്ര പ്രാഗത്ഭ്യത്തോടെ പഠിപ്പിക്കുന്നത്‌ അടിയന്തിരമാണെന്നു നമുക്കറിയാം. നാം ആരെ പഠിപ്പിക്കുന്നുവോ അവർക്കു നമ്മുടെ പഠിപ്പിക്കൽ രക്ഷയെ അർഥമാക്കിയേക്കാമെന്നും നമുക്കറിയാം! (1 തിമൊഥെയൊസ്‌ 4:16) അപ്പോൾ സ്വാഭാവികമായി നാം ഇങ്ങനെ ചോദിച്ചേക്കാം: ‘പഠിപ്പിക്കുന്ന ഒരുവൻ എന്ന നിലയിൽ ഞാൻ യഥാർഥത്തിൽ എങ്ങനെ ആയിരിക്കണമോ അതുപോലെയാണോ ഞാൻ? എനിക്ക്‌ എങ്ങനെ മെച്ചപ്പെടാൻ കഴിയും?’

2, 3. (എ) നല്ല പഠിപ്പിക്കലിന്റെ അടിസ്ഥാനം ഒരു അധ്യാപകൻ വിശദീകരിച്ചത്‌ എങ്ങനെ? (ബി) പഠിപ്പിക്കുന്ന കാര്യത്തിൽ യേശു നമുക്ക്‌ എന്തു മാതൃക വെച്ചു?

2 അത്തരം ആകുലതകൾ നമ്മെ നിരുത്സാഹിതരാക്കേണ്ടതില്ല. ചില പ്രത്യേക സാങ്കേതിക കഴിവുകൾ ആവശ്യമുള്ള ഒന്നായി മാത്രം നാം പഠിപ്പിക്കലിനെ വീക്ഷിക്കുന്നെങ്കിൽ, പുരോഗതി വരുത്തുക വളരെ ബുദ്ധിമുട്ടാണെന്നു നമുക്കു തോന്നിയേക്കാം. എന്നാൽ, നല്ല പഠിപ്പിക്കലിന്റെ അടിസ്ഥാനം സാങ്കേതികമായ കഴിവല്ല, മറിച്ച്‌ അതിനെക്കാൾ വളരെ പ്രധാനമായ ഒന്നാണ്‌. അനുഭവസമ്പന്നനായ ഒരു അധ്യാപകൻ ഈ വിഷയത്തെ കുറിച്ചുള്ള ഒരു പുസ്‌തകത്തിൽ എഴുതിയതു ശ്രദ്ധിക്കുക: “നല്ല പഠിപ്പിക്കൽ ആശ്രയിച്ചിരിക്കുന്നത്‌ പ്രത്യേക സാങ്കേതിക കഴിവുകളെയോ ശൈലികളെയോ ആസൂത്രണങ്ങളെയോ പ്രവർത്തനങ്ങളെയോ അല്ല. . . . പഠിപ്പിക്കൽ പ്രാഥമികമായും സ്‌നേഹത്തിൽ അധിഷ്‌ഠിതമായ ഒന്നാണ്‌.” ഒരു മതേതര അധ്യാപകന്റെ വീക്ഷണമായിരുന്നു അദ്ദേഹത്തിന്റേത്‌ എന്നതു ശരിതന്നെ. എന്നാൽ, അദ്ദേഹത്തിന്റെ ആശയം ക്രിസ്‌ത്യാനികൾ എന്ന നിലയിൽ നാം നിർവഹിക്കുന്ന പഠിപ്പിക്കലിനായിരിക്കാം കൂടുതൽ ബാധകമായിരിക്കുന്നത്‌. എങ്ങനെ?

3 പഠിപ്പിക്കുന്ന കാര്യത്തിൽ നമ്മുടെ മാതൃകാപുരുഷൻ യേശുക്രിസ്‌തുവാണ്‌. തന്റെ അനുഗാമികളോട്‌ അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങൾക്കു മാതൃക വെച്ചിരിക്കുന്നു.” (യോഹന്നാൻ 13:​15, NW) താഴ്‌മ പ്രകടമാക്കുന്നതിൽ താൻ വെച്ച മാതൃകയെ അവൻ പരാമർശിക്കുകയായിരുന്നു. എന്നാൽ, യേശു നമുക്കായി വെച്ച മാതൃകയിൽ ഭൂമിയിൽ ഒരു മനുഷ്യൻ എന്നനിലയിൽ അവൻ ചെയ്‌ത അതിപ്രധാന വേല, ആളുകളെ ദൈവരാജ്യ സുവിശേഷം പഠിപ്പിക്കുന്ന വേല, തീർച്ചയായും ഉൾപ്പെടുന്നു. (ലൂക്കൊസ്‌ 4:43) യേശുവിന്റെ ശുശ്രൂഷയെ വർണിക്കുന്നതിന്‌ ഒരൊറ്റ പദം തിരഞ്ഞെടുക്കേണ്ടതുണ്ടെങ്കിൽ, ഒരുപക്ഷേ നിങ്ങൾ “സ്‌നേഹം” എന്ന വാക്കു തിരഞ്ഞെടുക്കുമായിരുന്നു, ഇല്ലേ? (കൊലൊസ്സ്യർ 1:15; 1 യോഹന്നാൻ 4:8) സ്വർഗീയ പിതാവായ യഹോവയോടുള്ള യേശുവിന്റെ സ്‌നേഹമായിരുന്നു ഏറ്റവും പ്രമുഖം. (യോഹന്നാൻ 14:31) എന്നാൽ പഠിപ്പിക്കുന്നവൻ എന്ന നിലയിൽ, യേശു മറ്റു രണ്ടു വിധങ്ങളിലും സ്‌നേഹം പ്രകടമാക്കി. താൻ പഠിപ്പിച്ച സത്യങ്ങളെ അവൻ സ്‌നേഹിച്ചു. കൂടാതെ, താൻ പഠിപ്പിച്ച ആളുകളെയും അവൻ സ്‌നേഹിച്ചു. അവൻ നമുക്കായി വെച്ച മാതൃകയുടെ ഈ രണ്ടു വശങ്ങൾ നമുക്ക്‌ കൂടുതൽ അടുത്തു പരിചിന്തിക്കാം.

ദിവ്യ സത്യങ്ങളോടുള്ള ദീർഘകാല സ്‌നേഹം

4. യഹോവയുടെ പഠിപ്പിക്കലുകളോട്‌ യേശു സ്‌നേഹം വളർത്തിയെടുത്തത്‌ എങ്ങനെ?

4 പഠിപ്പിക്കുന്ന ആൾക്ക്‌ തന്റെ വിഷയത്തോടുള്ള മനോഭാവത്തിന്‌ അദ്ദേഹത്തിന്റെ പഠിപ്പിക്കലിന്റെ ഗുണനിലവാരത്തിന്മേൽ ഗണ്യമായ സ്വാധീനമുണ്ട്‌. വിഷയത്തിൽ അധ്യാപകനു താത്‌പര്യക്കുറവ്‌ ഉണ്ടെങ്കിൽ, അതു പ്രകടമാകുകയും വിദ്യാർഥികളിലേക്കു പകരുകയും ചെയ്യാനിടയുണ്ട്‌. യഹോവയെയും അവന്റെ രാജ്യത്തെയും കുറിച്ച്‌ താൻ പഠിപ്പിച്ച അമൂല്യ സത്യങ്ങളോട്‌ യേശുവിനു യാതൊരു താത്‌പര്യക്കുറവും തോന്നിയില്ല. ഈ വിഷയത്തോടുള്ള അവന്റെ സ്‌നേഹം വളരെ ആഴമുള്ളതായിരുന്നു. ഒരു വിദ്യാർഥി എന്ന നിലയിൽ അവൻ ആ സ്‌നേഹം വളർത്തിയെടുത്തിരുന്നു. ഭൂമിയിൽ മനുഷ്യനായി പിറക്കുന്നതിനു മുമ്പുള്ള സുദീർഘ കാലഘട്ടത്തിൽ ഉടനീളം ഈ ഏകജാത പുത്രൻ ഉത്സുകനായ ഒരു പഠിതാവ്‌ ആയിരുന്നു. യെശയ്യാവു 50:4, 5-ൽ ഉചിതമായ ഈ വാക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നു: ‘തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന്നു യഹോവയായ കർത്താവു എനിക്കു ശിഷ്യന്മാരുടെ [“പഠിപ്പിക്കപ്പെട്ടവരുടെ,” NW] നാവു തന്നിരിക്കുന്നു; അവൻ രാവിലെതോറും ഉണർത്തുന്നു; ശിഷ്യന്മാരെപ്പോലെ [“പഠിപ്പിക്കപ്പെട്ടവരെ പോലെ,” NW] കേൾക്കേണ്ടതിന്നു അവൻ എന്റെ ചെവി ഉണർത്തുന്നു. യഹോവയായ കർത്താവു എന്റെ ചെവി തുറന്നു; ഞാനോ മറുത്തുനിന്നില്ല; പിൻതിരിഞ്ഞതുമില്ല.’

5, 6. (എ) തെളിവനുസരിച്ച്‌ സ്‌നാപന സമയത്ത്‌ യേശുവിന്‌ എന്ത്‌ അനുഭവം ഉണ്ടായി, അതിന്‌ അവന്റെമേലുള്ള ഫലം എന്തായിരുന്നു? (ബി) ദൈവവചനം ഉപയോഗിക്കുന്ന കാര്യത്തിൽ യേശുവും സാത്താനും തമ്മിൽ എത്ര വലിയ അന്തരം നാം കാണുന്നു?

5 ഭൂമിയിൽ ഒരു മനുഷ്യനായി വളർന്നുവരവേ, യേശു ദിവ്യ ജ്ഞാനത്തെ സ്‌നേഹിക്കുന്നതിൽ തുടർന്നു. (ലൂക്കൊസ്‌ 2:52) തുടർന്ന്‌, സ്‌നാപന സമയത്ത്‌ അവന്‌ അനുപമമായ ഒരു അനുഭവം ഉണ്ടായി. “സ്വർഗ്ഗം തുറന്നു” എന്നു ലൂക്കൊസ്‌ 3:21 പറയുന്നു. തെളിവനുസരിച്ച്‌, അപ്പോൾ യേശുവിനു തന്റെ മനുഷ്യപൂർവ അസ്‌തിത്വത്തെ കുറിച്ച്‌ ഓർക്കാൻ കഴിഞ്ഞു. അതിനുശേഷം, ഉപവസിച്ചുകൊണ്ട്‌ അവൻ 40 ദിവസം മരുഭൂമിയിൽ കഴിഞ്ഞു. സ്വർഗത്തിലായിരുന്നപ്പോൾ യഹോവയിൽനിന്നു തനിക്കു പ്രബോധനം ലഭിച്ച നിരവധി വേളകളെ കുറിച്ചു ധ്യാനിക്കുന്നതിൽ അവനു തീവ്രമായ സന്തോഷം തോന്നിയിരിക്കണം. എന്നാൽ വൈകാതെ ദൈവത്തിന്റെ സത്യങ്ങളോടുള്ള അവന്റെ സ്‌നേഹം പരിശോധനയ്‌ക്കു വിധേയമായി.

6 യേശു ക്ഷീണിച്ചു വിശന്നിരുന്ന സമയത്ത്‌ സാത്താൻ അവനെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചു. ദൈവത്തിന്റെ ഈ രണ്ടു പുത്രന്മാർ തമ്മിൽ എത്ര വലിയ അന്തരമാണു നാം കാണുന്നത്‌! ഇരുവരും എബ്രായ തിരുവെഴുത്തുകളിൽനിന്ന്‌ ഉദ്ധരിച്ചു​—⁠തികച്ചും വ്യത്യസ്‌തമായ മനോഭാവത്തോടെയാണെന്നു മാത്രം. സാത്താൻ സ്വന്തം സ്വാർഥ ഉദ്ദേശ്യങ്ങൾക്ക്‌ ഉതകുമാറ്‌ ദൈവവചനത്തെ വളച്ചൊടിച്ച്‌ അനാദരവോടെ ഉപയോഗിച്ചു. വാസ്‌തവത്തിൽ, ആ മത്സരിക്കു ദിവ്യ സത്യങ്ങളോട്‌ അവജ്ഞ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നേരെ മറിച്ച്‌, യേശു തിരുവെഴുത്തുകൾ ഉദ്ധരിച്ച രീതിയിൽ അതിനോടുള്ള അവന്റെ സ്‌നേഹം പ്രകടമായിരുന്നു. ഓരോ മറുപടിയിലും അവൻ ദൈവവചനം ശ്രദ്ധാപൂർവമാണ്‌ ഉപയോഗിച്ചത്‌. ആ നിശ്വസ്‌ത വചനങ്ങൾ ആദ്യമായി എഴുതപ്പെടുന്നതിനു ദീർഘകാലം മുമ്പേ യേശു അസ്‌തിത്വത്തിൽ ഉണ്ടായിരുന്നു, എങ്കിലും അവൻ ആ വാക്കുകളെ ആഴമായി ആദരിച്ചു. സ്വർഗീയ പിതാവിൽ നിന്നുള്ള അമൂല്യമായ സത്യങ്ങൾ ആയിരുന്നു അവ! യഹോവയിൽ നിന്നുള്ള അത്തരം വചനങ്ങൾ ഭക്ഷണത്തെക്കാളും പ്രധാനമാണെന്ന്‌ അവൻ സാത്താനോടു പറഞ്ഞു. (മത്തായി 4:1-11) അതേ, യഹോവ തന്നെ പഠിപ്പിച്ച എല്ലാ സത്യങ്ങളെയും യേശു സ്‌നേഹിച്ചു. എന്നാൽ, പഠിപ്പിക്കുന്ന ഒരു വ്യക്തി എന്നനിലയിൽ അവൻ എങ്ങനെയാണ്‌ ആ സ്‌നേഹം പ്രകടമാക്കിയത്‌?

താൻ പഠിപ്പിച്ച സത്യങ്ങളോടുള്ള സ്‌നേഹം

7. സ്വന്തം പഠിപ്പിക്കലുകൾക്കു രൂപം കൊടുക്കുന്നതിൽനിന്ന്‌ യേശു ഒഴിഞ്ഞുനിന്നത്‌ എന്തുകൊണ്ട്‌?

7 താൻ പഠിപ്പിച്ച സത്യങ്ങളോടുള്ള യേശുവിന്റെ സ്‌നേഹം സദാ പ്രകടമായിരുന്നു. സ്വന്തം അഭിപ്രായങ്ങൾക്കു രൂപം കൊടുക്കുക അവനെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നിരിക്കാം. അവൻ അറിവിന്റെയും ജ്ഞാനത്തിന്റെയും ഒരു വൻ ഭണ്ഡാരമായിരുന്നു. (കൊലൊസ്സ്യർ 2:3) എന്നിരുന്നാലും, താൻ പഠിപ്പിക്കുന്ന ഏതു കാര്യവും തന്നിൽനിന്നല്ല, സ്വർഗീയ പിതാവിൽനിന്നാണു വരുന്നതെന്ന്‌ അവൻ കൂടെക്കൂടെ തന്റെ ശ്രോതാക്കളെ ഓർമിപ്പിച്ചു. (യോഹന്നാൻ 7:16; 8:28; 12:49; 14:10) ദിവ്യ സത്യങ്ങളുടെ സ്ഥാനത്ത്‌ സ്വന്തം ആശയങ്ങൾ പ്രതിഷ്‌ഠിക്കാൻ യേശു ആഗ്രഹിച്ചില്ല, അത്രയ്‌ക്കു വലുതായിരുന്നു ആ സത്യങ്ങളോടുള്ള അവന്റെ സ്‌നേഹം.

8. ദൈവവചനത്തിൽ ആശ്രയിക്കുന്നതു സംബന്ധിച്ച്‌ യേശു ശുശ്രൂഷയുടെ ആരംഭത്തിൽ എങ്ങനെയാണു മാതൃക വെച്ചത്‌?

8 യേശു തന്റെ പരസ്യ ശുശ്രൂഷ തുടങ്ങിയപ്പോൾ, അവൻ വളരെ പെട്ടെന്ന്‌ ഒരു മാതൃക വെച്ചു. താൻ വാഗ്‌ദത്ത മിശിഹാ ആണെന്ന്‌ അവൻ ദൈവജനത്തോട്‌ ആദ്യം പ്രഖ്യാപിച്ച വിധം ശ്രദ്ധിക്കുക. അവൻ ജനക്കൂട്ടത്തിന്റെ മുമ്പാകെ ചെന്ന്‌ താൻ ക്രിസ്‌തുവാണെന്നു പ്രഖ്യാപിക്കുകയും തുടർന്ന്‌ അതു തെളിയിക്കാൻ വിസ്‌മയാവഹമായ അത്ഭുതങ്ങൾ പ്രവർത്തിക്കുകയുമാണോ ചെയ്‌തത്‌? അല്ല. ദൈവജനം പതിവായി തിരുവെഴുത്തുകൾ വായിക്കാറുണ്ടായിരുന്ന സിനഗോഗിലേക്ക്‌ ചെന്ന്‌ അവൻ യെശയ്യാവു 61:1, 2-ലെ പ്രവചനം ഉച്ചത്തിൽ വായിച്ചു. എന്നിട്ട്‌ ആ പ്രവാചക സത്യങ്ങൾ തനിക്കു ബാധകമാകുന്നതായി വിശദീകരിച്ചു. (ലൂക്കൊസ്‌ 4:16-22) അവന്‌ യഹോവയുടെ പിന്തുണ ഉണ്ടെന്നു സ്ഥാപിക്കാൻ അവന്റെ നിരവധി അത്ഭുതങ്ങൾ സഹായിച്ചു. അപ്പോൾപ്പോലും, അവൻ എല്ലായ്‌പോഴും ദൈവവചനത്തിൽ ആശ്രയിച്ചുകൊണ്ടാണു പഠിപ്പിച്ചത്‌.

9. പരീശന്മാരുമായുള്ള ഇടപെടലുകളിൽ, ദൈവവചനത്തോടുള്ള വിശ്വസ്‌ത സ്‌നേഹം യേശു പ്രകടമാക്കിയത്‌ എങ്ങനെ?

9 മതവൈരികൾ യേശുവിനെ വെല്ലുവിളിച്ചപ്പോൾ താനുമായി ഒരു വാഗ്വാദത്തിന്‌ അവൻ അവരെ ക്ഷണിച്ചില്ല, അത്തരം ഒരു വാഗ്വാദത്തിൽ അവന്‌ അനായാസം അവരെ കടത്തിവെട്ടാൻ കഴിയുമായിരുന്നെങ്കിലും. മറിച്ച്‌, അവരെ ഖണ്ഡിക്കാൻ അവൻ ദൈവവചനത്തെ അനുവദിച്ചു. ഉദാഹരണത്തിന്‌, വിളഭൂമിയിൽകൂടി കടന്നുപോകവേ ധാന്യക്കതിർ പറിച്ചുതിന്നു എന്നതിന്റെ പേരിൽ യേശുവിന്റെ അനുഗാമികൾ ശബ്ബത്തു നിയമം ലംഘിച്ചു എന്നു പരീശന്മാർ ആരോപിച്ച സന്ദർഭം ഓർക്കുക. അതിനുള്ള യേശുവിന്റെ മറുപടി ഇതായിരുന്നു: “ദാവീദ്‌ തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ ചെയ്‌തതു എന്തു . . . എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ?” (മത്തായി 12:1-5) തീർച്ചയായും, സ്വയനീതിക്കാരായ ആ പുരുഷന്മാർ 1 ശമൂവേൽ 21:1-6-ലെ ആ നിശ്വസ്‌ത വിവരണം വായിച്ചിരുന്നിരിക്കാൻ ഇടയുണ്ട്‌. അങ്ങനെയെങ്കിൽ, അതിൽ അടങ്ങിയിരുന്ന ഒരു പ്രധാന പാഠം ഗ്രഹിക്കുന്നതിൽ അവർ പരാജയപ്പെട്ടു. എന്നാൽ, യേശു ആ വിവരണം വായിക്കുന്നതിലധികം ചെയ്‌തിരുന്നു. അവൻ അതേക്കുറിച്ചു ചിന്തിക്കുകയും അതിൽ അടങ്ങിയിരുന്ന സന്ദേശം ഉൾക്കൊള്ളുകയും ചെയ്‌തിരുന്നു. ആ തിരുവെഴുത്തു ഭാഗത്തിലൂടെ യഹോവ പഠിപ്പിക്കുന്ന തത്ത്വങ്ങളെ അവൻ സ്‌നേഹിച്ചു. അങ്ങനെ അവൻ, ന്യായപ്രമാണത്തിന്റെ ന്യായയുക്തത വെളിപ്പെടുത്താൻ ആ വിവരണവും മോശൈക ന്യായപ്രമാണത്തിൽ നിന്നുള്ള ഒരു ഉദാഹരണവും ഉപയോഗിച്ചു. സമാനമായി, സ്വന്തം നേട്ടങ്ങൾക്കു വേണ്ടി ദൈവവചനത്തെ വളച്ചൊടിക്കാനോ മനുഷ്യ പാരമ്പര്യങ്ങളുടെ ചെളിക്കുണ്ടിൽ കുഴിച്ചുമൂടാനോ മതനേതാക്കന്മാർ നടത്തിയ ശ്രമങ്ങളിൽനിന്ന്‌ അതിനെ രക്ഷിക്കുന്നതിനു യേശുവിന്റെ വിശ്വസ്‌ത സ്‌നേഹം അവനെ പ്രേരിപ്പിച്ചു.

10. തന്റെ പഠിപ്പിക്കലിന്റെ ഗുണത്തെ കുറിച്ചുള്ള പ്രവചനങ്ങൾ യേശു നിവർത്തിച്ചത്‌ എങ്ങനെ?

10 വിരസവും യാന്ത്രികവുമായ ഒരു വിധത്തിൽ പഠിപ്പിക്കാൻ തന്റെ വിഷയത്തോടുള്ള യേശുവിന്റെ സ്‌നേഹം ഒരിക്കലും അനുവദിക്കുമായിരുന്നില്ല. “ലാവണ്യവാക്കുകൾ” ഉപയോഗിച്ച്‌ ‘അധരങ്ങളിൽ ലാവണ്യത്തോടെ’ മിശിഹാ സംസാരിക്കുമെന്നു നിശ്വസ്‌ത പ്രവചനങ്ങൾ സൂചിപ്പിച്ചിരുന്നു. (സങ്കീർത്തനം 45:2; ഉല്‌പത്തി 49:21) താൻ സ്‌നേഹിച്ച സത്യങ്ങൾ പഠിപ്പിക്കവേ, “ലാവണ്യവാക്കുകൾ” ഉപയോഗിച്ച്‌ തന്റെ സന്ദേശത്തെ രസകരവും ജീവസ്സുറ്റതുമാക്കുകവഴി യേശു ആ പ്രവചനങ്ങൾ നിവർത്തിച്ചു. (ലൂക്കൊസ്‌ 4:22) തീർച്ചയായും, അവന്റെ ഉത്സാഹം മുഖഭാവങ്ങളിൽ പ്രതിഫലിക്കുകയും തന്റെ വിഷയത്തിലുള്ള സജീവമായ താത്‌പര്യത്താൽ അവന്റെ കണ്ണുകൾ തിളങ്ങുകയും ചെയ്‌തു. അവനെ ശ്രവിക്കുന്നത്‌ എത്ര സന്തോഷകരമായ ഒരു അനുഭവം ആയിരുന്നിരിക്കണം. നാം പഠിച്ച കാര്യങ്ങളെ കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുമ്പോൾ നമുക്ക്‌ അനുകരിക്കാൻ പറ്റിയ എത്ര നല്ല മാതൃക!

11. പഠിപ്പിക്കുന്നവൻ എന്നനിലയിലുള്ള യേശുവിന്റെ പ്രാപ്‌തികൾ അവനെ ഒരിക്കലും അഹങ്കാരത്താൽ ചീർപ്പിക്കാഞ്ഞത്‌ എന്തുകൊണ്ട്‌?

11 ദിവ്യ സത്യങ്ങളെ കുറിച്ചുള്ള യേശുവിന്റെ ആഴമായ ഗ്രാഹ്യവും ലാവണ്യത്തോടെ സംസാരിക്കാനുള്ള അവന്റെ പ്രാപ്‌തിയും അഹങ്കാരത്താൽ ചീർക്കാൻ അവനെ പ്രേരിപ്പിച്ചോ? മനുഷ്യ അധ്യാപകരുടെ കാര്യത്തിൽ മിക്കപ്പോഴും അങ്ങനെ സംഭവിക്കാറുണ്ട്‌. എന്നാൽ, യേശുവിന്റെ ജ്ഞാനത്തിൽ ദൈവഭയം പ്രതിഫലിച്ചിരുന്നു എന്ന്‌ ഓർക്കുക. അത്തരം ജ്ഞാനം അഹങ്കാരത്തിന്‌ ഇടം കൊടുക്കുന്നില്ല, കാരണം ‘താഴ്‌മയുള്ളവരുടെ പക്കലാണു ജ്ഞാനമുള്ളത്‌.’ (സദൃശവാക്യങ്ങൾ 11:2) അഹങ്കാരമോ ഗർവോ കാണിക്കുന്നതിൽനിന്ന്‌ യേശുവിനെ തടഞ്ഞ മറ്റൊന്നുകൂടെ ഉണ്ടായിരുന്നു.

താൻ പഠിപ്പിച്ച ആളുകളെ യേശു സ്‌നേഹിച്ചു

12. തന്റെ അനുഗാമികൾ തന്നെ ഭയപ്പെടാൻ യേശു ആഗ്രഹിച്ചില്ല എന്ന്‌ അവൻ പ്രകടമാക്കിയത്‌ എങ്ങനെ?

12 ആളുകളോടുള്ള ആഴമായ സ്‌നേഹം യേശുവിന്റെ പഠിപ്പിക്കലിൽ എല്ലായ്‌പോഴും പ്രകടമായിരുന്നു. അഹങ്കാരികളായ മനുഷ്യരിൽനിന്നു ഭിന്നമായി, ആളുകളിൽ ഭയം ജനിപ്പിക്കുന്ന വിധത്തിൽ ആയിരുന്നില്ല അവൻ പഠിപ്പിച്ചിരുന്നത്‌. (സഭാപ്രസംഗി 8:9) യേശുവിന്റെ അത്ഭുതങ്ങളിൽ ഒന്നിനു സാക്ഷ്യം വഹിച്ച പത്രൊസ്‌ സംഭ്രമം പൂണ്ട്‌ അവന്റെ കാൽക്കൽ വീണു. എന്നാൽ അനുഗാമികൾ തന്നെ അനാരോഗ്യകരമായി ഭയപ്പെടാൻ യേശു ആഗ്രഹിച്ചില്ല. യേശു ദയാപൂർവം “ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു, എന്നിട്ട്‌ പത്രൊസ്‌ പങ്കെടുക്കാൻ പോകുന്ന ആവേശകരമായ ശിഷ്യരാക്കൽ വേലയെ കുറിച്ച്‌ യേശു അവനോടു പറഞ്ഞു. (ലൂക്കൊസ്‌ 5:8-10) പഠിപ്പിക്കുന്ന വ്യക്തിയോടുള്ള ഭീതിയ്‌ക്കു പകരം, ദൈവത്തെ കുറിച്ചുള്ള അമൂല്യ സത്യങ്ങളോടു സ്വയം തോന്നുന്ന സ്‌നേഹം തന്റെ ശിഷ്യന്മാർക്കു പ്രചോദനമായിരിക്കാനാണ്‌ യേശു ആഗ്രഹിച്ചത്‌.

13, 14. യേശു ഏതു വിധങ്ങളിൽ ആളുകളോടു സമാനുഭാവം പ്രകടമാക്കി?

13 താൻ പഠിപ്പിച്ച ആളുകളോടുള്ള യേശുവിന്റെ സ്‌നേഹം അവരോട്‌ അവനു തോന്നിയ സമാനുഭാവത്തിലും പ്രകടമായിരുന്നു. “അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു.” (മത്തായി 9:36) അവരുടെ ദയനീയ അവസ്ഥയിൽ അവന്‌ അവരോടു സഹതാപം തോന്നുകയും അവരെ സഹായിക്കാൻ അവൻ പ്രചോദിതനാകുകയും ചെയ്‌തു.

14 മറ്റൊരു അവസരത്തിൽ യേശു സമാനുഭാവം പ്രകടമാക്കിയത്‌ എങ്ങനെയെന്നു ശ്രദ്ധിക്കുക. രക്തസ്രാവമുള്ള ഒരു സ്‌ത്രീ ജനക്കൂട്ടത്തിനിടയിൽവെച്ച്‌ അടുത്തുവന്ന്‌ അവന്റെ വസ്‌ത്രാഗ്രം തൊട്ടപ്പോൾ അവൾക്ക്‌ അത്ഭുതകരമായി സൗഖ്യം വന്നു. തന്നിൽനിന്നു ശക്തി പ്രവഹിക്കുന്നത്‌ യേശു മനസ്സിലാക്കി, എന്നാൽ ആരാണു സൗഖ്യമാക്കപ്പെട്ടതെന്ന്‌ അവൻ കണ്ടില്ല. ആ സ്‌ത്രീയെ കണ്ടുപിടിക്കാൻതന്നെ അവൻ തീരുമാനിച്ചു. എന്തിനായിരുന്നു? ആ സ്‌ത്രീ ഭയപ്പെട്ടിരിക്കാൻ ഇടയുള്ളതുപോലെ, ന്യായപ്രമാണമോ ശാസ്‌ത്രിമാരുടെയും പരീശന്മാരുടെയും നിയമങ്ങളോ ലംഘിച്ചതിന്‌ അവളെ ശകാരിക്കാൻ ആയിരുന്നില്ല. പകരം അവൻ അവളോട്‌ പറഞ്ഞു: “മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക.” (മർക്കൊസ്‌ 5:25-34) ആ വാക്കുകളിലെ സമാനുഭാവം ശ്രദ്ധിക്കുക. അവൻ കേവലം “സൗഖ്യമാക” എന്നല്ല പറഞ്ഞത്‌. പകരം, “ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക” എന്നു പറഞ്ഞു. പീഡന മുറയായി പലപ്പോഴും ഉപയോഗിച്ചിരുന്ന “ക്രൂരമായ ചാട്ടയടി”യെ അക്ഷരീയമായി അർഥമാക്കാൻ കഴിയുന്ന ഒരു പദമാണ്‌ മർക്കൊസ്‌ ഇവിടെ ഉപയോഗിക്കുന്നത്‌. അങ്ങനെ അവളുടെ രോഗം അവളിൽ ക്ലേശം, ഒരുപക്ഷേ ശാരീരികവും വൈകാരികവുമായ കടുത്ത വേദന, ഉളവാക്കിയിരുന്നു എന്ന്‌ യേശു സമ്മതിച്ചു. അവന്‌ അവളോടു സമാനുഭാവം തോന്നി.

15, 16. യേശുവിന്റെ ശുശ്രൂഷയിലെ ഏത്‌ സംഭവങ്ങൾ, അവൻ ആളുകളുടെ നല്ല വശങ്ങൾ കാണാൻ ശ്രമിച്ചുവെന്നു പ്രകടമാക്കുന്നു?

15 ആളുകളിലെ നല്ല വശങ്ങൾ ശ്രദ്ധിച്ചുകൊണ്ടും യേശു അവരോടു സ്‌നേഹം പ്രകടമാക്കി. പിൽക്കാലത്ത്‌ ഒരു അപ്പൊസ്‌തലൻ ആയിത്തീർന്ന നഥനയേലിനെ അവൻ കണ്ടപ്പോൾ എന്തു സംഭവിച്ചു എന്നതു പരിചിന്തിക്കുക. “നഥനയേൽ തന്റെ അടുക്കൽ വരുന്നതു യേശു കണ്ടു: ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല എന്നു അവനെക്കുറിച്ചു പറഞ്ഞു.” അത്ഭുതകരമെന്നു പറയട്ടെ, യേശു നഥനയേലിന്റെ ഹൃദയം കാണുകയും അങ്ങനെ അവനെ കുറിച്ചു വളരെയധികം കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്‌തിരുന്നു. നഥനയേൽ തീർച്ചയായും അപൂർണൻ ആയിരുന്നു. നമ്മെ എല്ലാവരെയും പോലെ അവനും പിഴവുകൾ ഉണ്ടായിരുന്നു. വാസ്‌തവത്തിൽ, അവൻ യേശുവിനെ കുറിച്ചു കേട്ടപ്പോൾ “നസറെത്തിൽനിന്നു വല്ല നന്മയും വരുമോ” എന്നു തുറന്നടിച്ചു പറഞ്ഞവനാണ്‌. (യോഹന്നാൻ 1:45-51) എന്നാൽ, നഥനയേലിനെ കുറിച്ചു പറയാവുന്ന നിരവധി കാര്യങ്ങളിൽ യേശു അവന്റെ നല്ല വശത്തിൽ​—⁠അവന്റെ സത്യസന്ധതയിൽ​—⁠ശ്രദ്ധ കേന്ദ്രീകരിച്ചു.

16 സമാനമായി, ഒരു സൈനിക ഉദ്യോഗസ്ഥൻ​—⁠ഒരുപക്ഷേ വിജാതീയനായ ഒരു റോമാക്കാരൻ​—⁠യേശുവിനെ സമീപിച്ച്‌ തന്റെ രോഗിയായ ദാസനെ സൗഖ്യമാക്കാമോ എന്നു ചോദിച്ചപ്പോൾ, ആ സൈനികനു തെറ്റുകൾ ഉണ്ടെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. അക്കാലത്തെ ഒരു സൈനിക ഉദ്യോഗസ്ഥന്‌ അക്രമവും രക്തച്ചൊരിച്ചിലും വ്യാജാരാധനയും നിറഞ്ഞ ഒരു ഭൂതകാലമാണ്‌ ഉണ്ടായിരിക്കാൻ സാധ്യത. എന്നിട്ടും, യേശു ആ മനുഷ്യന്റെ നല്ല വശത്തിൽ, മികച്ച വിശ്വാസത്തിൽ, ശ്രദ്ധ കേന്ദ്രീകരിച്ചു. (മത്തായി 8:5-13) പിന്നീട്‌, തന്റെ തൊട്ടടുത്തായി ദണ്ഡനസ്‌തംഭത്തിൽ തൂങ്ങിക്കിടന്നിരുന്ന ദുഷ്‌പ്രവൃത്തിക്കാരനോട്‌ സംസാരിച്ചപ്പോൾ, കഴിഞ്ഞകാല ദുഷ്‌പ്രവൃത്തികൾക്ക്‌ അയാളെ ശാസിക്കുകയല്ല, മറിച്ച്‌ ഭാവി പ്രത്യാശ നൽകി യേശു അയാളെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്‌തത്‌. (ലൂക്കൊസ്‌ 23:​43, NW) മറ്റുള്ളവരെ നിഷേധാത്മകമായി, വിമർശനാത്മകമായി വീക്ഷിക്കുന്നത്‌ അവരെ നിരുത്സാഹപ്പെടുത്തുകയേ ഉള്ളൂ എന്ന്‌ യേശുവിനു നന്നായി അറിയാമായിരുന്നു. മറ്റുള്ളവരുടെ നല്ല വശങ്ങൾ കാണാനുള്ള അവന്റെ ശ്രമങ്ങൾ പലർക്കും മെച്ചപ്പെടുന്നതിനുള്ള പ്രോത്സാഹനമായി എന്നതിനു സംശയമില്ല.

ആളുകളെ സേവിക്കാനുള്ള മനസ്സൊരുക്കം

17, 18. ഭൂമിയിലേക്കു വരാനുള്ള നിയമനം സ്വീകരിക്കുന്നതിൽ, മറ്റുള്ളവരെ സേവിക്കാനുള്ള മനസ്സൊരുക്കം യേശു പ്രകടമാക്കിയത്‌ എങ്ങനെ?

17 താൻ പഠിപ്പിച്ച ആളുകളോടുള്ള യേശുവിന്റെ സ്‌നേഹത്തിന്റെ മറ്റൊരു ശക്തമായ തെളിവായിരുന്നു അവരെ സേവിക്കാനുള്ള അവന്റെ മനസ്സൊരുക്കം. ഭൂമിയിൽ ഒരു മനുഷ്യനായി ജനിക്കുന്നതിനു മുമ്പുള്ള കാലത്ത്‌, ദൈവപുത്രനു മനുഷ്യവർഗത്തോട്‌ എന്നും പ്രിയമുണ്ടായിരുന്നു. (സദൃശവാക്യങ്ങൾ 8:30, 31, NW) യഹോവയുടെ “വചനം” അഥവാ വക്താവ്‌ എന്ന നിലയിൽ, മനുഷ്യരുമായി പല ഇടപെടലുകളും അവൻ ആസ്വദിച്ചിരിക്കാം. (യോഹന്നാൻ 1:1) എന്നിരുന്നാലും, മറ്റ്‌ ഉദ്ദേശ്യങ്ങളുടെ കൂട്ടത്തിൽ മനുഷ്യവർഗത്തെ നേരിട്ടു പഠിപ്പിക്കുന്നതിന്‌ അവൻ സ്വർഗത്തിലെ ഉയർന്ന സ്ഥാനം ഉപേക്ഷിച്ച്‌ “ദാസരൂപം എടുത്തു . . . തന്നെത്താൻ ഒഴിച്ചു.” (ഫിലിപ്പിയർ 2:​7, 8; 2 കൊരിന്ത്യർ 8:9) ഭൂമിയിലായിരിക്കെ, മറ്റുള്ളവർ തന്നെ സേവിക്കാനും ശുശ്രൂഷിക്കാനും അവൻ പ്രതീക്ഷിച്ചില്ല. പകരം അവൻ ഇങ്ങനെ പറഞ്ഞു: ‘മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനുമാണു വന്നത്‌.’ (മത്തായി 20:28) യേശു പൂർണമായും ആ വാക്കുകൾക്കു ചേർച്ചയിൽ ജീവിച്ചു.

18 യേശു താൻ പഠിപ്പിച്ചവരുടെ ആവശ്യങ്ങൾക്കായി താഴ്‌മയോടെ ശുശ്രൂഷ ചെയ്‌തുകൊണ്ട്‌, മടികൂടാതെ അവർക്കായി തന്നെത്തന്നെ ചെലവിട്ടു. കഴിയുന്നത്ര ആളുകളുടെ അടുക്കൽ എത്തിച്ചേരുന്നതിനു പ്രസംഗ പര്യടനങ്ങളിൽ അവൻ നൂറുകണക്കിനു കിലോമീറ്ററുകൾ വാഗ്‌ദത്ത ദേശത്ത്‌ അങ്ങോളമിങ്ങോളം കാൽനടയായി സഞ്ചരിച്ചു. അഹങ്കാരികളായ പരീശന്മാരിൽനിന്നും ശാസ്‌ത്രിമാരിൽനിന്നും വ്യത്യസ്‌തമായി, അവൻ താഴ്‌മയുള്ളവനും മറ്റുള്ളവർക്ക്‌ എളുപ്പം സമീപിക്കാവുന്നവനും ആയിരുന്നു. എല്ലാ തുറകളിൽ നിന്നുമുള്ള ആളുകൾ​—⁠പ്രമുഖസ്ഥാനീയരും പട്ടാളക്കാരും നിയമപണ്ഡിതന്മാരും സ്‌ത്രീകളും കുട്ടികളും ദരിദ്രരും രോഗികളും, എന്തിന്‌ സമൂഹഭ്രഷ്ടർ പോലും​—⁠നിർഭയം ആകാംക്ഷയോടെ അവനെ സമീപിച്ചു. പൂർണനായിരുന്നെങ്കിലും, യേശു വിശപ്പും ദാഹവും ക്ഷീണവും അനുഭവപ്പെടുന്ന മനുഷ്യനായിരുന്നു. എന്നിരുന്നാലും, ക്ഷീണിച്ചിരുന്നപ്പോഴും വിശ്രമം ആവശ്യമായിരുന്നപ്പോഴും പ്രാർഥിക്കാൻ സ്വസ്ഥമായ ഒരു സമയം ആവശ്യമായിരുന്നപ്പോഴുമൊക്കെ, തന്റേതിനുപരി അവൻ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കു മുൻഗണന നൽകി.​—⁠മർക്കൊസ്‌ 1:35-39.

19. തന്റെ ശിഷ്യന്മാരോടു താഴ്‌മയോടും ക്ഷമയോടും ദയാവായ്‌പോടും കൂടെ ഇടപെടുന്നതിൽ യേശു മാതൃക വെച്ചത്‌ എങ്ങനെ?

19 സ്വന്തം ശിഷ്യന്മാരെ സേവിക്കാനും യേശു അതുപോലെ ഒരുക്കമുള്ളവൻ ആയിരുന്നു. അവരെ ദയാവായ്‌പോടും ക്ഷമയോടും കൂടെ പഠിപ്പിച്ചുകൊണ്ട്‌ അവൻ അങ്ങനെ ചെയ്‌തു. ചില സുപ്രധാന പാഠങ്ങൾ പെട്ടെന്നു ഗ്രഹിക്കാൻ അവർക്കു കഴിയാതിരുന്നപ്പോൾ, അവൻ തന്റെ ശ്രമം ഉപേക്ഷിക്കുകയോ കോപിക്കുകയോ അവരെ ശകാരിക്കുകയോ ചെയ്‌തില്ല. തന്റെ ആശയം മനസ്സിലാക്കാൻ അവരെ സഹായിക്കുന്നതിനുള്ള പുതിയ പുതിയ വഴികൾ അവൻ തേടിക്കൊണ്ടിരുന്നു. ഉദാഹരണത്തിന്‌, തങ്ങളിൽ ഏറ്റവും വലിയവൻ ആരായിരിക്കും എന്നതിനെ ചൊല്ലി ശിഷ്യന്മാർ എത്ര തവണ കലഹിച്ചിട്ടുണ്ടെന്നു ചിന്തിക്കുക. യേശു വീണ്ടും വീണ്ടും, എന്തിന്‌, താൻ വധിക്കപ്പെടുന്നതിന്റെ തലേ രാത്രിയിൽ പോലും, അന്യോന്യം താഴ്‌മയോടെ ഇടപെടാൻ അവരെ പഠിപ്പിക്കുന്നതിനുള്ള പുതിയ വഴികൾ കണ്ടെത്തി. മറ്റെല്ലാ കാര്യങ്ങളിലും എന്നപോലെ താഴ്‌മയുടെ കാര്യത്തിലും, “ഞാൻ നിങ്ങൾക്കു മാതൃക വെച്ചിരിക്കുന്നു” എന്ന്‌ ഉചിതമായും യേശുവിനു പറയാൻ കഴിഞ്ഞു.​—⁠യോഹന്നാൻ 13:5-15, NW; മത്തായി 20:25; മർക്കൊസ്‌ 9:34-37.

20. യേശുവിനെ പരീശന്മാരിൽനിന്നു വ്യത്യസ്‌തനാക്കിയ പഠിപ്പിക്കൽ രീതി എന്താണ്‌, ഈ രീതി ഫലപ്രദമായിരുന്നത്‌ എന്തുകൊണ്ട്‌?

20 മാതൃക എന്താണെന്ന്‌ യേശു ശിഷ്യന്മാരോടു കേവലം പറയുക അല്ല ചെയ്‌തത്‌ എന്നതു ശ്രദ്ധിക്കുക, അവൻ ‘മാതൃക വെക്കുക’യുണ്ടായി. സ്വന്തം മാതൃകയാൽ അവൻ അവരെ പഠിപ്പിച്ചു. അവരോടു ചെയ്യാൻ പറയുന്ന കാര്യങ്ങൾ സ്വയം ചെയ്യുന്നത്‌ തന്റെ നിലയ്‌ക്കു ചേർന്നതല്ല എന്നതുപോലെ, ഉന്നതഭാവത്തോടെ അവൻ അവരോടു സംസാരിച്ചില്ല. പരീശന്മാരുടെ രീതി അതായിരുന്നു. “അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ” എന്ന്‌ യേശു അവരെ കുറിച്ചു പറഞ്ഞു. (മത്തായി 23:3) തന്റെ പഠിപ്പിക്കലിനു ചേർച്ചയിൽ ജീവിച്ചുകൊണ്ട്‌, അവ പ്രാവർത്തികമാക്കിക്കൊണ്ട്‌ അവ കൃത്യമായും എന്താണ്‌ അർഥമാക്കുന്നതെന്ന്‌ യേശു താഴ്‌മയോടെ തന്റെ വിദ്യാർഥികൾക്കു കാട്ടിക്കൊടുത്തു. അതുകൊണ്ട്‌, ഭൗതികാസക്തിയിൽനിന്നു മുക്തമായ ഒരു ലളിത ജീവിതം നയിക്കാൻ അവൻ അനുഗാമികളെ പ്രോത്സാഹിപ്പിച്ചപ്പോൾ, അവൻ എന്താണ്‌ അർഥമാക്കിയത്‌ എന്ന്‌ അവർക്ക്‌ ഊഹിക്കേണ്ടി വന്നില്ല. അവന്റെ ഈ വാക്കുകളുടെ യാഥാർഥ്യം അവർക്കു കാണാൻ കഴിഞ്ഞു: “കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തല ചായിപ്പാൻ ഇടം ഇല്ല.” (മത്തായി 8:20) ശിഷ്യന്മാർക്കായി താഴ്‌മയോടെ മാതൃക വെച്ചുകൊണ്ട്‌ യേശു അവരെ സേവിച്ചു.

21. അടുത്ത ലേഖനത്തിൽ എന്തു പരിചിന്തിക്കുന്നതാണ്‌?

21 നിസ്സംശയമായും, ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ളതിൽ ഏറ്റവും മഹാനായ ഗുരുവാണ്‌ യേശു! താൻ പഠിപ്പിച്ച കാര്യങ്ങളോടും പഠിപ്പിച്ച ആളുകളോടും ഉണ്ടായിരുന്ന അവന്റെ സ്‌നേഹം, അവനെ കാണുകയും ശ്രവിക്കുകയും ചെയ്‌ത സകല ആത്മാർഥ ഹൃദയർക്കും വ്യക്തമായിരുന്നു. അവൻ വെച്ച മാതൃക സംബന്ധിച്ച്‌ ഇന്നു പഠിക്കുന്ന നമുക്കും അതു വ്യക്തമാണ്‌. എന്നാൽ ക്രിസ്‌തുവിന്റെ പൂർണതയുള്ള മാതൃക നമുക്ക്‌ എങ്ങനെ അനുകരിക്കാൻ കഴിയും? അടുത്ത ലേഖനം ആ ചോദ്യത്തിന്‌ ഉത്തരം നൽകും.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• നല്ല പഠിപ്പിക്കലിന്റെ അടിസ്ഥാനം എന്ത്‌, അക്കാര്യത്തിൽ ആർ മാതൃക വെച്ചിരിക്കുന്നു?

• താൻ പഠിപ്പിച്ച സത്യങ്ങളോട്‌ യേശു സ്‌നേഹം പ്രകടമാക്കിയത്‌ ഏതു വിധങ്ങളിൽ?

• താൻ പഠിപ്പിച്ച ആളുകളോട്‌ യേശു സ്‌നേഹം പ്രകടമാക്കിയത്‌ എങ്ങനെ?

• താൻ പഠിപ്പിച്ചവരെ സേവിക്കാനുള്ള യേശുവിന്റെ എളിയ മനസ്സൊരുക്കം വ്യക്തമാക്കുന്ന ഉദാഹരണങ്ങൾ ഏവ?

[അധ്യയന ചോദ്യങ്ങൾ]

[12-ാം പേജിലെ ചിത്രം]

ദൈവവചനത്തിലെ തത്ത്വങ്ങളെ താൻ സ്‌നേഹിക്കുന്നുവെന്ന്‌ യേശു പ്രകടമാക്കിയത്‌ എങ്ങനെ?