വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ആരോട്‌ വിശ്വസ്‌തത പാലിക്കണം?

നിങ്ങൾ ആരോട്‌ വിശ്വസ്‌തത പാലിക്കണം?

നിങ്ങൾ ആരോട്‌ വിശ്വസ്‌തത പാലിക്കണം?

“നമ്മുടെ രാജ്യം: . . . അത്‌ എല്ലായ്‌പോഴും ശരിയായിരിക്കട്ടെ; ശരിയായിരുന്നാലും തെറ്റായിരുന്നാലും, നമ്മുടെ രാജ്യം നമ്മുടെ രാജ്യമായിരിക്കട്ടെ.”​—⁠സ്റ്റീവൻ ഡിക്കേറ്റർ, യു.എ⁠സ്‌. നാവിക ഓഫീസർ, 1779-1820.

മാതൃരാജ്യത്തോടുള്ള ചോദ്യം ചെയ്യപ്പെടാത്ത വിശ്വസ്‌തത, ഏറ്റവും വലിയ കടമയായി പലരും വീക്ഷിക്കാറുണ്ട്‌. മറ്റു ചിലർ സ്റ്റീവൻ ഡിക്കേറ്ററുടെ വാക്കുകൾ മറ്റൊരു വിധത്തിൽ പറഞ്ഞേക്കാം, ‘എന്റെ മതം, അത്‌ എല്ലായ്‌പോഴും ശരിയായിരിക്കട്ടെ; ശരിയായിരുന്നാലും തെറ്റായിരുന്നാലും, എന്റെ മതം എന്റെ മതമായിരിക്കട്ടെ.’

ഏതു രാജ്യമാണ്‌ അല്ലെങ്കിൽ മതമാണ്‌ നമ്മുടെ വിശ്വസ്‌തത ആവശ്യപ്പെടുന്നത്‌ എന്നതിനെ പലപ്പോഴും നിർണയിക്കുന്നത്‌ നാം പിറന്നുവീഴുന്ന സ്ഥലമാണ്‌ എന്നതാണു വാസ്‌തവം. എന്നാൽ, നാം ആരോടു വിശ്വസ്‌തരായിരിക്കണം എന്ന തീരുമാനം യാദൃച്ഛികതയ്‌ക്കു വിടാൻ കഴിയാത്തത്ര പ്രാധാന്യമുള്ള ഒന്നാണ്‌. പക്ഷേ, ഏതു തരത്തിലുള്ള വിശ്വസ്‌തത കാട്ടാനാണോ ഒരുവൻ അഭ്യസിപ്പിക്കപ്പെട്ടിരിക്കുന്നത്‌ അതിനെ ചോദ്യം ചെയ്യാൻ ധൈര്യം ആവശ്യമാണ്‌, അതു വെല്ലുവിളി ഉയർത്തുന്നതുമാണ്‌.

വിശ്വസ്‌തതയുടെ ഒരു പരിശോധന

സാംബിയയിൽ വളർന്നുവന്ന ഒരു സ്‌ത്രീ ഇങ്ങനെ പറയുന്നു: “എനിക്കു ചെറുപ്പം മുതലേ, മതപരമായ കാര്യങ്ങളോടു ചായ്‌വ്‌ ഉണ്ടായിരുന്നു. കുടുംബത്തിലെ പൂജാമുറിയിലിരുന്നു ദിവസവും പ്രാർഥിക്കുന്നതും മതപരമായ വിശേഷ ദിവസങ്ങൾ ആചരിക്കുന്നതും ക്ഷേത്രത്തിൽ പതിവായി പോകുന്നതും എന്റെ ബാല്യകാല പരിശീലനത്തിന്റെ ഭാഗമായിരുന്നു. എന്റെ മതവും ആരാധനയും എന്റെ സംസ്‌കാരത്തോടും സമുദായത്തോടും കുടുംബത്തോടും അടുത്തു ബന്ധപ്പെട്ടിരുന്നു.”

എന്നിട്ടും, കൗമാരത്തിന്റെ അവസാനദശയിൽ അവൾ യഹോവയുടെ സാക്ഷികളുമൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. താമസിയാതെ മതം മാറാൻ അവൾ തീരുമാനിക്കുകയും ചെയ്‌തു. അത്‌ ഒരു അവിശ്വസ്‌ത നടപടി ആയിരുന്നോ?

ബോസ്‌നിയയിൽ വളർന്നുവന്ന സ്ലാറ്റ്‌കോ, തന്റെ രാജ്യം യുദ്ധത്തിന്റെ പിടിയിൽ അമർന്നപ്പോൾ കുറെക്കാലം പോരാട്ടത്തിൽ ഏർപ്പെട്ടു. അദ്ദേഹവും യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. ഇപ്പോൾ അദ്ദേഹം ആർക്കെങ്കിലും എതിരെ ആയുധമെടുക്കാൻ വിസമ്മതിക്കുന്നു. അദ്ദേഹം അവിശ്വസ്‌തനാണോ?

ആ ചോദ്യങ്ങൾക്കുള്ള നിങ്ങളുടെ ഉത്തരം നിങ്ങൾ കാര്യങ്ങളെ എങ്ങനെ വീക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. മുമ്പു പ്രതിപാദിച്ച സ്‌ത്രീ പറയുന്നു: “എന്റെ സമുദായത്തിൽ, മതം മാറുക എന്നത്‌ ദുഷ്‌പേരിന്‌ ഇടയാക്കുന്ന അക്ഷന്തവ്യമായ ഒരു പ്രവൃത്തി ആയിരുന്നു; അത്‌ അവിശ്വസ്‌തതയുടെ, സ്വന്തം കുടുംബത്തെയും സമുദായത്തെയും വഞ്ചിക്കുന്ന ഒരു പ്രവൃത്തിയായി വീക്ഷിക്കപ്പെട്ടിരുന്നു.” അതുപോലെ, തങ്ങളുടെ പക്ഷം ചേർന്നു പോരാടാത്ത ആരെയും വിശ്വാസവഞ്ചകരായി സ്ലാറ്റ്‌കോയുടെ മുൻ സൈനിക സഹകാരികൾ കണക്കാക്കി. തങ്ങളുടെ പ്രവൃത്തികൾക്കു പ്രചോദകമായിരിക്കുന്നത്‌ ഉയർന്ന തലത്തിലുള്ള ഒരു വിശ്വസ്‌തത, ദൈവത്തോടുള്ള വിശ്വസ്‌തത, ആണെന്ന്‌ ആ സ്‌ത്രീയും സ്ലാറ്റ്‌കോയും കരുതുന്നു. അതിലും പ്രധാനമായി, തന്നോടു വിശ്വസ്‌തരായിരിക്കാൻ ആഗ്രഹിക്കുന്നവരെ ദൈവം എങ്ങനെ വീക്ഷിക്കുന്നു?

യഥാർഥ വിശ്വസ്‌തത ​—⁠സ്‌നേഹത്തിന്റെ ഒരു പ്രകടനം

ദാവീദ്‌ രാജാവ്‌ യഹോവയാം ദൈവത്തോടു പറഞ്ഞു: “വിശ്വസ്‌തനോട്‌ അവിടുന്നു വിശ്വസ്‌തത പുലർത്തുന്നു.” (2 ശമൂവേൽ 22:​26, പി.ഒ.സി. ബൈബിൾ) “വിശ്വസ്‌തത” എന്ന്‌ ഇവിടെ വിവർത്തനം ചെയ്‌തിരിക്കുന്ന എബ്രായ പദത്തിന്‌, ഒരു സംഗതിയോട്‌ അല്ലെങ്കിൽ വ്യക്തിയോടു ബന്ധപ്പെട്ട ഉദ്ദേശ്യം നിറവേറ്റപ്പെടുന്നതുവരെ സ്‌നേഹപൂർവം അതിനോടു പറ്റിനിൽക്കുന്ന ദയ എന്ന ആശയമാണ്‌ ഉള്ളത്‌. ഒരു മാതാവിന്‌ മുല കുടിക്കുന്ന തന്റെ കുഞ്ഞിനോടുള്ളതു പോലത്തെ മനോഭാവത്തോടെ, തന്നോടു വിശ്വസ്‌തത കാട്ടുന്നവരോട്‌ യഹോവ സ്‌നേഹപൂർവം പറ്റിനിൽക്കുന്നു. പുരാതന ഇസ്രായേലിലെ തന്റെ വിശ്വസ്‌ത ദാസന്മാരോട്‌ യഹോവ പറഞ്ഞു: ‘ഒരു സ്‌ത്രീ തന്റെ കുഞ്ഞിനെ [“മുല കുടിക്കുന്ന കുഞ്ഞിനെ,” ഓശാന ബൈബിൾ] മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല.’ (യെശയ്യാവു 49:15) ദൈവത്തോടുള്ള വിശ്വസ്‌തതയ്‌ക്കു പരമപ്രാധാന്യം കൊടുക്കാൻ മനസ്സൊരുക്കമുള്ളവർക്ക്‌ അവന്റെ സ്‌നേഹപുരസ്സരമായ പരിപാലനം സംബന്ധിച്ച്‌ ഉറപ്പുണ്ടായിരിക്കാനാകും.

യഹോവയോടുള്ള വിശ്വസ്‌തത സ്‌നേഹത്തിൽ അധിഷ്‌ഠിതമാണ്‌. യഹോവ സ്‌നേഹിക്കുന്നതിനെ സ്‌നേഹിക്കാനും അവൻ വെറുക്കുന്ന ദുഷ്ട കാര്യങ്ങളെ വെറുക്കാനും അത്‌ ഒരുവനെ പ്രേരിപ്പിക്കുന്നു. (സങ്കീർത്തനം 97:10) യഹോവയുടെ പ്രമുഖ ഗുണം സ്‌നേഹം ആയതിനാൽ, മറ്റുള്ളവരോടു സ്‌നേഹശൂന്യമായ വിധത്തിൽ പ്രവർത്തിക്കാതിരിക്കാൻ ദൈവത്തോടുള്ള വിശ്വസ്‌തത ഒരു വ്യക്തിയെ സഹായിക്കുന്നു. (1 യോഹന്നാൻ 4:8) അതിനാൽ, ദൈവത്തോടുള്ള വിശ്വസ്‌തത നിമിത്തം ഒരു വ്യക്തി തന്റെ മതവിശ്വാസങ്ങളിൽ മാറ്റം വരുത്തുന്നെങ്കിൽ അയാൾ മേലാൽ തന്റെ കുടുംബത്തെ സ്‌നേഹിക്കുന്നില്ല എന്ന്‌ അത്‌ അർഥമാക്കുന്നില്ല.

ദൈവത്തോടുള്ള വിശ്വസ്‌തത​—⁠പ്രയോജനകരമായ ഒരു ശക്തി

നേരത്തേ പരാമർശിച്ച സ്‌ത്രീ തന്റെ പ്രവൃത്തികളെ ഇങ്ങനെ വിശദീകരിക്കുന്നു: “ബൈബിൾ പഠനത്തിലൂടെ ഞാൻ സത്യദൈവമായ യഹോവയെ അറിയാൻ ഇടയായി, ഞാൻ അവനുമായി വ്യക്തിപരമായ ഒരു ബന്ധം വളർത്തിയെടുത്തു. ഞാൻ മുമ്പ്‌ ആരാധിച്ചിരുന്ന ദൈവങ്ങളെ പോലെയല്ല യഹോവ; സ്‌നേഹം, നീതി, ജ്ഞാനം, ശക്തി എന്നീ ഗുണങ്ങളിൽ പൂർണമായ സമനിലയുള്ളവനാണ്‌ അവൻ. യഹോവ അനന്യഭക്തി നിഷ്‌കർഷിക്കുന്നതിനാൽ, എനിക്കു മറ്റു ദൈവങ്ങളെ ഉപേക്ഷിക്കേണ്ടിവന്നു.

“എന്റെ മാതാപിതാക്കൾക്ക്‌ അതിനോടു യോജിക്കാനായില്ല. എന്റെ പ്രവൃത്തികൾ തീരെ ഇഷ്ടപ്പെടുന്നില്ലെന്നും ഞാൻ അവരെ ദുഃഖിപ്പിക്കുകയാണെന്നും അവർ എന്നോട്‌ ആവർത്തിച്ചു പറഞ്ഞു. മാതാപിതാക്കളുടെ അംഗീകാരം എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായതിനാൽ, ഞാൻ ആകെ വിഷമസന്ധിയിലായി. എന്നാൽ ഞാൻ ബൈബിൾ സത്യത്തിന്റെ പരിജ്ഞാനം കൂടുതലായി സമ്പാദിച്ചപ്പോൾ, എന്റെ തീരുമാനം എന്തായിരിക്കണം എന്നതു വളരെ സ്‌പഷ്ടമായിത്തീർന്നു. എനിക്ക്‌ യഹോവയ്‌ക്കു നേരെ പുറംതിരിയാനായില്ല.

“മതപാരമ്പര്യങ്ങൾക്കു പകരം യഹോവയോടു വിശ്വസ്‌തയായിരിക്കാൻ തീരുമാനിച്ചതിന്റെ അർഥം ഞാൻ എന്റെ കുടുംബത്തോട്‌ അവിശ്വസ്‌ത ആണെന്നല്ല. അവരുടെ വികാരങ്ങൾ ഞാൻ മനസ്സിലാക്കുന്നുവെന്ന്‌ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും അവർക്കു കാട്ടിക്കൊടുക്കാൻ ഞാൻ ശ്രമിക്കുന്നു. എന്നാൽ ഞാൻ യഹോവയോടു വിശ്വസ്‌ത അല്ലെങ്കിൽ, അവനെ അറിയുന്നതിൽനിന്നു ഞാൻ എന്റെ കുടുംബത്തെ തടഞ്ഞേക്കാം. അതു തീർച്ചയായും അവിശ്വസ്‌തതയുടെ ഒരു പ്രവൃത്തി ആയിരിക്കും.”

അതുപോലെ, രാഷ്‌ട്രീയമായി നിഷ്‌പക്ഷത പാലിക്കുകയും സഹമനുഷ്യർക്കു നേരെ ആയുധങ്ങൾ എടുക്കുന്നതിൽനിന്നു വിട്ടുനിൽക്കുകയും ചെയ്യണമെന്ന്‌ ദൈവത്തോടുള്ള വിശ്വസ്‌തത നിഷ്‌കർഷിക്കുമ്പോൾ, അതനുസരിച്ചു പ്രവർത്തിക്കുന്ന ഒരു വ്യക്തി വിശ്വാസവഞ്ചകൻ ആകുന്നില്ല. ഇങ്ങനെയാണ്‌ സ്ലാറ്റ്‌കോ തന്റെ പ്രവൃത്തികളെ വിവരിക്കുന്നത്‌: “ഒരു നാമധേയ ക്രിസ്‌ത്യാനി ആയാണു ഞാൻ വളർന്നുവന്നതെങ്കിലും, അക്കൂട്ടത്തിൽ പെടാത്ത ഒരാളെയാണു ഞാൻ വിവാഹം കഴിച്ചത്‌. യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇരുപക്ഷവും എന്റെ വിശ്വസ്‌തത ആവശ്യപ്പെട്ടു. ഏതു പക്ഷത്തുനിന്നു പോരാടണമെന്നു തീരുമാനിക്കാൻ ഞാൻ നിർബന്ധിതനായി. മൂന്നര വർഷം ഞാൻ യുദ്ധം ചെയ്‌തു. ഒടുവിൽ ഞാനും ഭാര്യയും ക്രൊയേഷ്യയിലേക്കു പലായനം ചെയ്‌തു. അവിടെവെച്ചു ഞങ്ങൾ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടി.

“നമ്മുടെ പ്രാഥമിക വിശ്വസ്‌തത യഹോവയോട്‌ ആണെന്നും നമ്മുടെ അയൽക്കാരൻ ഏതു മതത്തിലോ വർഗത്തിലോ പെട്ടവൻ ആയിരുന്നാലും, നാം അയാളെ സ്‌നേഹിക്കാനാണ്‌ അവൻ ആഗ്രഹിക്കുന്നതെന്നും ബൈബിളിന്റെ പഠനത്തിൽനിന്നു ഞങ്ങൾ മനസ്സിലാക്കി. ഇപ്പോൾ ഞാനും ഭാര്യയും ഐക്യത്തോടെ യഹോവയെ ആരാധിക്കുന്നു. ദൈവത്തോടു വിശ്വസ്‌തനായിരിക്കാനും അതേസമയം അയൽക്കാരനെതിരെ യുദ്ധം ചെയ്യാനും എനിക്കു സാധിക്കില്ല എന്നു ഞാൻ മനസ്സിലാക്കിയിരിക്കുന്നു.”

സൂക്ഷ്‌മ പരിജ്ഞാനത്താൽ വാർത്തെടുക്കപ്പെട്ട വിശ്വസ്‌തത

യഹോവ നമ്മുടെ സ്രഷ്ടാവ്‌ ആയതിനാൽ, അവനോടുള്ള വിശ്വസ്‌തത ആയിരിക്കണം മറ്റെല്ലാത്തരം വിശ്വസ്‌തതയെക്കാളും മുൻപന്തിയിൽ നിൽക്കേണ്ടത്‌. (വെളിപ്പാടു 4:11) എന്നാൽ, ദൈവത്തോടുള്ള വിശ്വസ്‌തത വിനാശകവും ഭ്രാന്തവുമായ ഒരു ശക്തിയായി മാറാതിരിക്കാൻ അതു സൂക്ഷ്‌മ പരിജ്ഞാനത്താൽ വാർത്തെടുക്കപ്പെടണം. ബൈബിൾ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: ‘നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു വിശുദ്ധിയിൽ [‘യഥാർഥ വിശ്വസ്‌തതയിൽ,’ NW] ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ.’ (എഫെസ്യർ 4:23, 24) ഈ നിശ്വസ്‌ത വാക്കുകൾ എഴുതിയ പ്രസിദ്ധനായ മനുഷ്യന്‌ താൻ ഏതുതരം വിശ്വസ്‌തത കാട്ടാൻ പരിശീലിപ്പിക്കപ്പെട്ടുവോ അതിനെ ചോദ്യം ചെയ്യാനുള്ള ധൈര്യമുണ്ടായിരുന്നു. അവൻ നടത്തിയ പരിശോധന ഗുണകരമായ ഒരു പരിവർത്തനത്തിനു നാന്ദിയായി.

നമ്മുടെ നാളിലെ പലരെയും പോലെ, ശൗൽ വിശ്വസ്‌തത സംബന്ധിച്ച ഒരു പരിശോധന അഭിമുഖീകരിച്ചു. അവൻ തന്റെ കുടുംബത്തിലെ കർശനമായ പാരമ്പര്യങ്ങൾ അനുസരിച്ചാണു വളർന്നുവന്നത്‌. താൻ ജനിച്ചുവീണ മതത്തോട്‌ അവൻ അസാധാരണ വിശ്വസ്‌തത പ്രകടമാക്കി. തന്റെ മതപരമായ ലക്ഷ്യങ്ങളോടുള്ള വിശ്വസ്‌തത, തന്റെ വീക്ഷണത്തോടു യോജിക്കാത്തവർക്കെതിരെ അക്രമപ്രവൃത്തികൾ അവലംബിക്കാൻ പോലും അവനെ പ്രേരിപ്പിച്ചു. ക്രിസ്‌ത്യാനികളുടെ വീടുകൾ ആക്രമിച്ച്‌ അവരെ വലിച്ചിഴച്ച്‌ കൊണ്ടുപോയി ശിക്ഷിക്കുകയും കൊല്ലുകയും പോലും ചെയ്യുന്നതിൽ പ്രസിദ്ധനായിരുന്നു ശൗൽ.​—⁠പ്രവൃത്തികൾ 22:3-5; ഫിലിപ്പിയർ 3:4-6.

എന്നാൽ, ശൗലിന്‌ ബൈബിളിന്റെ സൂക്ഷ്‌മ പരിജ്ഞാനം ലഭിച്ചപ്പോൾ അവന്റെ തരപ്പടിക്കാരിൽ പലരും അചിന്തനീയമെന്നു വിചാരിച്ച ഒന്ന്‌ അവൻ ചെയ്‌തു. അവൻ തന്റെ മതം മാറി. പിന്നീട്‌, പൗലൊസ്‌ അപ്പൊസ്‌തലൻ എന്ന്‌ അറിയപ്പെട്ട ശൗൽ പാരമ്പര്യത്തോടല്ല, മറിച്ച്‌ ദൈവത്തോടു വിശ്വസ്‌തനായിരിക്കാൻ തീരുമാനിച്ചു. സൂക്ഷ്‌മ പരിജ്ഞാനത്തിൽ അധിഷ്‌ഠിതമായ ദൈവത്തോടുള്ള വിശ്വസ്‌തത സഹിഷ്‌ണുവും സ്‌നേഹമുള്ളവനും കെട്ടുപണി ചെയ്യുന്നവനും ആയിരിക്കാൻ അവനെ പ്രേരിപ്പിച്ചു. ഇത്‌ അവന്റെ വിനാശകവും ഭ്രാന്തവുമായ മുൻകാല പെരുമാറ്റത്തിനു കടകവിരുദ്ധമായിരുന്നു.

വിശ്വസ്‌തത പാലിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ദൈവത്തിന്റെ നിലവാരങ്ങൾക്ക്‌ അനുസൃതമായി നമ്മുടെ വിശ്വസ്‌തതയെ വാർത്തെടുക്കുന്നത്‌ പ്രയോജനങ്ങൾ കൈവരുത്തുന്നു എന്നുള്ളതു സ്‌പഷ്ടമാണ്‌. ഉദാഹരണത്തിന്‌, ‘ഓസ്‌ട്രേലിയൻ കുടുംബ പഠന ഇൻസ്റ്റിറ്റ്യൂട്ടി’ൽ നിന്നുള്ള 1999-ലെ ഒരു റിപ്പോർട്ട്‌, നിലനിൽക്കുന്നതും സംതൃപ്‌തവുമായ ദാമ്പത്യ ബന്ധങ്ങൾക്കുള്ള അടിസ്ഥാന സംഗതികളിൽ “വിശ്വാസവും വിശ്വസ്‌തതയും . . . ആത്മീയതയും” ഉൾപ്പെടുന്നതായി പ്രസ്‌താവിച്ചു. “സുസ്ഥിരവും സംതൃപ്‌തവുമായ ദാമ്പത്യബന്ധങ്ങൾ” സ്‌ത്രീപുരുഷന്മാരുടെ സന്തുഷ്ടിയും ആരോഗ്യവും ആയുസ്സും വർധിപ്പിക്കുന്നതായും സുസ്ഥിരമായ ദാമ്പത്യബന്ധങ്ങൾ സന്തുഷ്ട ജീവിതം ആസ്വദിക്കുന്നതിനു കുട്ടികൾക്കു മെച്ചപ്പെട്ട ഒരു അവസരം നൽകുന്നതായും അതേ പഠനംതന്നെ കണ്ടെത്തി.

അനിശ്ചിതത്വം നടമാടുന്ന ഇന്നത്തെ ലോകത്തിൽ, വിശ്വസ്‌തത എന്ന ഗുണം ക്ഷീണിച്ച്‌ അവശനായ ഒരു നീന്തൽക്കാരനെ രക്ഷാക്കപ്പലുമായി ബന്ധിപ്പിക്കുന്ന ജീവരക്ഷാകരമായ ഒരു കയറു പോലെയാണ്‌. “നീന്തൽക്കാര”നു വിശ്വസ്‌തത ഇല്ലെങ്കിൽ, താൻ തിരകളാലും കാറ്റിനാലും ആടിയുലയുന്നതായി അയാൾ കണ്ടെത്തിയേക്കാം. എന്നാൽ അയാളുടെ വിശ്വസ്‌തത അസ്ഥാനത്താണെങ്കിൽ, അയാൾ പിടിച്ചിരിക്കുന്ന കയറ്‌ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലുമായി ബന്ധിച്ചിരിക്കുന്നതു പോലെയും ആയിരിക്കും. ശൗലിനെ പോലെ, താൻ വിനാശകമായ ഒരു പ്രവർത്തന ഗതിയിലേക്കു വലിച്ചിഴയ്‌ക്കപ്പെടുന്നതായി അയാൾ കണ്ടെത്തിയേക്കാം. എന്നാൽ, സൂക്ഷ്‌മ പരിജ്ഞാനത്തിൽ അധിഷ്‌ഠിതമായ, യഹോവയോടുള്ള വിശ്വസ്‌തത നമുക്കു സ്ഥിരത നൽകുകയും നമ്മെ രക്ഷയിലേക്കു നയിക്കുകയും ചെയ്യുന്ന ജീവരക്ഷാകരമായ ഒരു കയറുപോലെയാണ്‌.​—⁠എഫെസ്യർ 4:​12, 14, 15.

തന്നോടു വിശ്വസ്‌തരായവർക്ക്‌ യഹോവ ഈ വാഗ്‌ദാനം നൽകുന്നു: “യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ [“വിശ്വസ്‌തരെ,” NW] ഉപേക്ഷിക്കുന്നതുമില്ല; അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു.” (സങ്കീർത്തനം 37:28) യഹോവയോടു വിശ്വസ്‌തരായ എല്ലാവരും താമസിയാതെ ഒരു പറുദീസാ ഭൂമിയിലേക്ക്‌ ആനയിക്കപ്പെടും. അവിടെ അവർ ദുഃഖത്തിൽനിന്നും വേദനയിൽനിന്നുമുള്ള സ്വാതന്ത്ര്യം ആസ്വദിക്കുകയും മതപരമോ രാഷ്‌ട്രീയപരമോ ആയ ഭിന്നിപ്പുകളിൽനിന്നു മുക്തമായ നിലനിൽക്കുന്ന ബന്ധങ്ങളിൽ ആനന്ദിക്കുകയും ചെയ്യും.​—⁠വെളിപ്പാടു 7:9, 14; 21:​3-5.

യഹോവയോടുള്ള വിശ്വസ്‌തതയിൽനിന്നു മാത്രമേ യഥാർഥ സന്തുഷ്ടി ലഭിക്കുന്നുള്ളൂ എന്ന്‌ ലോകമെങ്ങുമുള്ള ദശലക്ഷങ്ങൾ ഇപ്പോൾത്തന്നെ മനസ്സിലാക്കിയിരിക്കുന്നു. ബൈബിൾസത്യത്തിന്റെ വെളിച്ചത്തിൽ, വിശ്വസ്‌തത സംബന്ധിച്ച നിങ്ങളുടെ വീക്ഷണം പരിശോധിക്കാൻ സഹായിക്കുന്നതിന്‌ യഹോവയുടെ സാക്ഷികളെ അനുവദിച്ചുകൂടേ? ബൈബിൾ നമ്മോട്‌ ഇങ്ങനെ പറയുന്നു: “നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ [“പരിശോധിച്ചുകൊണ്ടിരിക്കുവിൻ,” NW); നിങ്ങളെത്തന്നേ ശോധനചെയ്‌വിൻ.”​—⁠2 കൊരിന്ത്യർ 13:⁠5.

നമ്മുടെ വിശ്വാസത്തെയും നാം അതിനോട്‌ എന്തുകൊണ്ടു വിശ്വസ്‌തരായിരിക്കുന്നു എന്നതിനെയും ചോദ്യം ചെയ്യാൻ ധൈര്യം ആവശ്യമാണ്‌. എന്നാൽ, അതിന്റെ ഫലമായി നാം യഹോവയാം ദൈവത്തോടു കൂടുതൽ അടുക്കുമ്പോഴുള്ള പ്രതിഫലങ്ങൾ അതിനായി നാം നടത്തുന്ന ശ്രമത്തിനു തക്ക മൂല്യമുള്ളതായിരിക്കാൻ കഴിയും. മുമ്പ്‌ ഉദ്ധരിച്ച സ്‌ത്രീ പിൻവരുന്ന പ്രകാരം പറയുമ്പോൾ പലരുടെയും വികാരത്തെ പ്രതിഫലിപ്പിക്കുകയാണു ചെയ്യുന്നത്‌: “യഹോവയോടും അവന്റെ നിലവാരങ്ങളോടും വിശ്വസ്‌തത കാണിക്കുന്നത്‌, നമ്മുടെ കുടുംബാംഗങ്ങളോടുള്ള ഇടപെടലുകളിൽ സമനില കാണിക്കാനും സമൂഹത്തിലെ മെച്ചപ്പെട്ട അംഗങ്ങൾ ആയിത്തീരാനും സഹായിക്കുന്നുവെന്നു ഞാൻ മനസ്സിലാക്കിയിരിക്കുന്നു. പരിശോധനകൾ എത്രതന്നെ ദുഷ്‌കരമായിരുന്നാലും, നാം യഹോവയോടു വിശ്വസ്‌തരാണെങ്കിൽ, അവൻ നമ്മോട്‌ എല്ലായ്‌പോഴും വിശ്വസ്‌തനെന്നു തെളിയും.”

[6-ാം പേജിലെ ചിത്രങ്ങൾ]

തന്റെ വിശ്വസ്‌തത ശരിയായ ഗതിയിൽ തിരിച്ചുവിടാൻ സൂക്ഷ്‌മ പരിജ്ഞാനം ശൗലിനെ പ്രേരിപ്പിച്ചു

[7-ാം പേജിലെ ചിത്രം]

ബൈബിൾ സത്യത്തിന്റെ വെളിച്ചത്തിൽ നിങ്ങളുടെ വിശ്വസ്‌തത പരിശോധിച്ചുകൂടേ?

[4-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

ചർച്ചിൽ, മുകളിൽ ഇടത്ത്‌: U.S. National Archives photo; ജോസഫ്‌ ഗോബെൽസ്‌, ഏറ്റവും വലത്ത്‌: Library of Congress