നിങ്ങൾ ഓർമിക്കുന്നുവോ?
നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചോ? എങ്കിൽ, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക:
• എന്താണു സമാനുഭാവം, ക്രിസ്ത്യാനികൾ അതു നട്ടുവളർത്തേണ്ടത് എന്തുകൊണ്ട്?
മറ്റൊരാളുടെ വേദന സ്വന്തം ഹൃദയത്തിൽ അനുഭവിക്കുന്നതു പോലെ, അയാളുടെ സ്ഥാനത്തു നമ്മെത്തന്നെ ആക്കിവെക്കാനുള്ള കഴിവാണ് അത്. “സഹതാപവും സഹോദരപ്രീതിയും മനസ്സലിവും” പ്രകടമാക്കാൻ ക്രിസ്ത്യാനികളെ ബുദ്ധിയുപദേശിച്ചിരിക്കുന്നു. (1 പത്രൊസ് 3:8) സമാനുഭാവം പ്രകടമാക്കുന്നതിൽ യഹോവ നമുക്കു മാതൃക വെക്കുന്നു. (സങ്കീർത്തനം 103:14; സെഖര്യാവു 2:8) ശ്രദ്ധിച്ചു കേൾക്കുകയും നിരീക്ഷിക്കുകയും ഭാവനയിൽ കാണുകയും ചെയ്തുകൊണ്ട് ഈ ഗുണം പ്രകടമാക്കുന്നതിൽ നമുക്കു പുരോഗമിക്കാൻ കഴിയും.—4/15, പേജുകൾ 24-6.
• യഥാർഥ സന്തുഷ്ടി ലഭിക്കാൻ, ശാരീരിക വൈകല്യങ്ങളുടെ അന്തിമ പരിഹാരത്തിനു മുമ്പ് ആത്മീയ സൗഖ്യമാക്കൽ നടക്കേണ്ടത് എന്തുകൊണ്ട്?
ശാരീരികമായി നല്ല ആരോഗ്യമുള്ള പലരും അസന്തുഷ്ടരും പ്രശ്നങ്ങളിൽപ്പെട്ട് നട്ടംതിരിയുന്നവരുമാണ്. നേരെ മറിച്ച്, ശാരീരിക വൈകല്യങ്ങളുള്ള പല ക്രിസ്ത്യാനികളും ഇന്നു വളരെ സന്തോഷത്തോടെ യഹോവയെ സേവിക്കുന്നു. ആത്മീയ സൗഖ്യമാക്കലിൽനിന്നു പ്രയോജനം നേടുന്നവരുടെ ശാരീരിക വൈകല്യങ്ങൾ പുതിയ ലോകത്തിൽ നീക്കം ചെയ്യപ്പെടും.—5/1, പേജുകൾ 6-7.
• എന്തുകൊണ്ടാണ് എബ്രായർ 12:16 ഏശാവിനെ ഒരു ദുർന്നടപ്പുകാരന്റെ ഗണത്തിൽ പെടുത്തുന്നത്?
താത്കാലിക പ്രതിഫലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും വിശുദ്ധ കാര്യങ്ങളെ വിലമതിക്കാതിരിക്കുന്നതുമായ ഒരു മനോഭാവം ഏശാവ് പ്രകടമാക്കിയതായി ബൈബിൾ വിവരണം പറയുന്നു. ഇന്ന് ആരെങ്കിലും അത്തരത്തിലുള്ള മനോഭാവം വളർത്തിയെടുക്കുന്നെങ്കിൽ, ദുർന്നടപ്പു പോലുള്ള ഗുരുതരമായ പാപത്തിലേക്ക് അതു നയിച്ചേക്കാം.—5/1, പേജുകൾ 10-11.
• തെർത്തുല്യൻ ആരായിരുന്നു, അദ്ദേഹം എന്തിനു പേരുകേട്ട ആളാണ്?
പൊ.യു. രണ്ടും മൂന്നും നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന ഒരു എഴുത്തുകാരനും ദൈവശാസ്ത്രജ്ഞനും ആയിരുന്നു അദ്ദേഹം. നാമധേയ ക്രിസ്ത്യാനിത്വത്തിനു വേണ്ടി വാദിക്കുന്ന നിരവധി സാഹിത്യ കൃതികൾ രചിച്ചതിന്റെ പേരിൽ അദ്ദേഹം അറിയപ്പെടുന്നു. ഇതിനായി അദ്ദേഹം നിരത്തിയ ആശയങ്ങളും തത്ത്വശാസ്ത്ര വീക്ഷണങ്ങളും ത്രിത്വം പോലുള്ള തെറ്റായ ഉപദേശങ്ങൾക്ക് അടിത്തറ പാകി.—5/15, പേജുകൾ 29-31.
• മനുഷ്യന്റെ രോഗങ്ങൾക്കും പെരുമാറ്റത്തിനും മരണത്തിനും ജനിതകഘടന പൂർണമായും ഉത്തരവാദി അല്ലാത്തത് എന്തുകൊണ്ട്?
മനുഷ്യന്റെ പല രോഗങ്ങൾക്കും പിന്നിൽ ജനിതക കാരണങ്ങൾ ഉള്ളതായി കാണപ്പെടുന്നുവെന്ന് ശാസ്ത്രജ്ഞർ നിഗമനം ചെയ്തിരിക്കുന്നു. പെരുമാറ്റത്തെ നിർണയിക്കുന്നത് ജീനുകളാണെന്നു ചിലർ വിശ്വസിക്കുന്നു. എന്നാൽ, മനുഷ്യവർഗത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ച് ബൈബിൾ ഉൾക്കാഴ്ച പ്രദാനം ചെയ്യുന്നു. പാപവും അപൂർണതയും അവരെ ബാധിക്കാൻ ഇടയായ വിധത്തെ കുറിച്ചും അതു പറയുന്നു. വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ ജീനുകൾ ഒരു പങ്കു വഹിക്കുന്നുണ്ടായിരിക്കാമെങ്കിലും, നമ്മുടെ അപൂർണതയും ചുറ്റുപാടുകളും ഇക്കാര്യത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്.—6/1, പേജുകൾ 9-11.
• ഈജിപ്തിലെ ഓക്സിറിങ്കസിൽനിന്നു കണ്ടെടുത്ത ഒരു പപ്പൈറസ് ശകലം ദൈവനാമത്തിന്റെ ഉപയോഗം സംബന്ധിച്ചു വെളിച്ചം വീശുന്നത് എങ്ങനെ?
ഗ്രീക്കു സെപ്റ്റുവജിന്റിൽ നിന്നുള്ള ഇയ്യോബ് 42:11, 12 ഉൾക്കൊള്ളുന്ന ഈ ശകലത്തിൽ ചതുരക്ഷര ദൈവനാമം (നാല് എബ്രായ അക്ഷരങ്ങളാൽ പ്രതിനിധാനം ചെയ്യപ്പെടുന്ന ദൈവനാമം) അടങ്ങിയിട്ടുണ്ട്. ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ എഴുത്തുകാർ മിക്കപ്പോഴും ഉദ്ധരിച്ചിരുന്ന സെപ്റ്റുവജിന്റിൽ ദൈവനാമം എബ്രായ ലിപികളിൽ ഉണ്ടായിരുന്നു എന്നതിന്റെ കൂടുതലായ തെളിവാണ് ഇത്.—6/1, പേജ് 30.
• റോമാ സാമ്രാജ്യത്തിലെ അക്രമാസക്തവും മാരകവുമായ വാൾപ്പയറ്റുകളെ ആധുനിക കാലത്ത് കാണികളെ വിനോദിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ഏതുതരം സ്പോർട്സുകളോടു താരതമ്യം ചെയ്തിരിക്കുന്നു?
ഇറ്റലിയിലെ റോമിലുള്ള കൊളോസിയത്തിൽ ഈയിടെ നടന്ന ഒരു പ്രദർശനം ആധുനിക പകർപ്പുകളെ ഓർമയിലേക്കു കൊണ്ടുവരുന്നതാണ്. അതിൽ കാളപ്പോര്, ബോക്സിങ്, കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും ഓട്ടമത്സരങ്ങൾ, മറ്റ് ആധുനിക സ്പോർട്സ് പരിപാടികളിലെ കാണികളുടെ അക്രമാസക്തമായ പോരാട്ടങ്ങൾ എന്നിവയുടെ വീഡിയോ ചിത്രങ്ങൾ ഉൾപ്പെട്ടിരുന്നു. യഹോവ അക്രമത്തെയും അക്രമികളെയും സ്നേഹിക്കുന്നില്ല എന്ന കാര്യം ആദിമ ക്രിസ്ത്യാനികൾ ഗൗരവമായി എടുത്തു. ഇന്നത്തെ ക്രിസ്ത്യാനികൾക്കും അതേ മനോഭാവം ആവശ്യമാണ്. (സങ്കീർത്തനം 11:5, പി.ഒ.സി. ബൈബിൾ)—6/15, പേജ് 29.
• പഠിപ്പിക്കുന്നതിൽ ഫലപ്രദരായിത്തീരാൻ ശ്രമിക്കവേ, എസ്രായുടെ മാതൃകയിൽനിന്നു നമുക്ക് എന്തു പഠിക്കാനാകും?
എസ്രാ കൈക്കൊണ്ട പടികൾ എസ്രാ 7:10 എടുത്തുകാട്ടുന്നു, അവ അനുകരിക്കാൻ നമുക്കു ശ്രമിക്കാവുന്നതാണ്. അത് ഇങ്ങനെ പറയുന്നു: ‘യഹോവയുടെ ന്യായപ്രമാണം പരിശോധിക്കാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിക്കാനും എസ്രാ മനസ്സുവെച്ചിരുന്നു [“ഹൃദയത്തെ ഒരുക്കിയിരുന്നു,” NW].’—7/1, പേജ് 20.
• ഏതു രണ്ടു പ്രവർത്തന മണ്ഡലങ്ങളിൽ ഒരു ക്രിസ്തീയ സ്ത്രീ ശിരോവസ്ത്രം ധരിക്കുന്നത് ഉചിതമാണ്?
ഒന്ന് കുടുംബ പശ്ചാത്തലത്തിൽ സംജാതമാകാവുന്ന സാഹചര്യങ്ങളിലാണ്. അവൾ ഒരു ശിരോവസ്ത്രം ധരിക്കുന്നത് പ്രാർഥനയിലും ബൈബിൾ പ്രബോധനത്തിലും നേതൃത്വമെടുക്കാൻ ഉത്തരവാദിത്വമുള്ളത് തന്റെ ഭർത്താവിനാണ് എന്നതിന്റെ അംഗീകാരത്തെ സൂചിപ്പിക്കുന്നു. മറ്റേത്, സഭാ പ്രവർത്തനങ്ങളുടെ കാര്യത്തിലാണ്. സ്നാപനമേറ്റ ആണുങ്ങളാണു പഠിപ്പിക്കാനും മാർഗനിർദേശം നൽകാനും തിരുവെഴുത്തുപരമായി അധികാരപ്പെട്ടിരിക്കുന്നത് എന്ന് താൻ അംഗീകരിക്കുന്നതായി അവൾ പ്രകടമാക്കുന്നു. (1 കൊരിന്ത്യർ 11:3-10)—7/15, പേജുകൾ 26-7.
• യോഗവിദ്യ വെറും ഒരു വ്യായാമത്തെക്കാൾ കവിഞ്ഞതാണെന്നും അപകടകരമാണെന്നും ക്രിസ്ത്യാനികൾ തിരിച്ചറിയുന്നത് എന്തുകൊണ്ട്?
ഒരു ശിക്ഷണമുറയായ യോഗവിദ്യയുടെ ലക്ഷ്യം ഒരു പ്രകൃത്യതീത ആത്മാവുമായുള്ള ലയനത്തിലേക്ക് ഒരു വ്യക്തിയെ നയിക്കുക എന്നതാണ്. ദൈവത്തിന്റെ മാർഗനിർദേശത്തിനു വിരുദ്ധമായി, സഹജമായ ചിന്ത നിറുത്തുന്നത് യോഗവിദ്യയിൽ ഉൾപ്പെടുന്നു. (റോമർ 12:1, 2) യോഗവിദ്യയ്ക്ക് ഒരുവനെ ആത്മവിദ്യയുടെയും ഗൂഢവിദ്യയുടെയും അപകടങ്ങളിലേക്കു നയിക്കാനാകും. (ആവർത്തനപുസ്തകം 18:10, 11)—8/1, പേജുകൾ 20-2.