വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

മാതാപിതാക്കളിൽ ഒരാൾ യഹോവയുടെ സാക്ഷി ആയിരിക്കുകയും മറ്റേയാൾ സാക്ഷി അല്ലാതിരിക്കുകയും ചെയ്യുന്നെങ്കിൽ, കുട്ടികളെ പരിശീലിപ്പിക്കുന്നതു സംബന്ധിച്ചു തിരുവെഴുത്തുകൾ എന്തു മാർഗനിർദേശം നൽകുന്നു?

കുട്ടികളെ പരിശീലിപ്പിക്കുന്നതു സംബന്ധിച്ച്‌ സാക്ഷിയല്ലാത്ത ഇണയുള്ള സാക്ഷിയായ ഒരു മാതാവിന്‌ അല്ലെങ്കിൽ പിതാവിന്‌ മാർഗനിർദേശം നൽകുന്ന രണ്ട്‌ അടിസ്ഥാന തിരുവെഴുത്തു തത്ത്വങ്ങൾ ഉണ്ട്‌. ഒന്ന്‌: “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.” (പ്രവൃത്തികൾ 5:29) രണ്ട്‌: “ക്രിസ്‌തു . . . സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യെക്കു തലയാകുന്നു.” (എഫെസ്യർ 5:23) രണ്ടാമത്തേത്‌, സാക്ഷിയായ ഭർത്താവുള്ള സഹോദരിമാർക്കു മാത്രമല്ല, സാക്ഷിയല്ലാത്ത ഭർത്താവുള്ള സഹോദരിമാർക്കും ബാധകമാണ്‌. (1 പത്രൊസ്‌ 3:​1, 2) സ്വന്തം കുട്ടികളെ പഠിപ്പിക്കുമ്പോൾ സാക്ഷിയായ ഒരു വ്യക്തിക്ക്‌ ഈ തത്ത്വങ്ങൾ എങ്ങനെ സമനിലയിൽ നിറുത്താനാകും?

ഭർത്താവ്‌ യഹോവയുടെ സാക്ഷികളിൽ ഒരുവനാണെങ്കിൽ, തന്റെ കുടുംബത്തിന്റെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങൾക്കായി കരുതേണ്ട ഉത്തരവാദിത്വം അദ്ദേഹത്തിനാണ്‌. (1 തിമൊഥെയൊസ്‌ 5:8) അവിശ്വാസിയായ മാതാവ്‌ കുട്ടികളുമായി കൂടുതൽ സമയം ചെലവഴിച്ചേക്കാമെങ്കിലും, വീട്ടിൽവെച്ച്‌ ആത്മീയ പരിശീലനം കൊടുത്തുകൊണ്ടും ക്രിസ്‌തീയ യോഗങ്ങൾക്ക്‌​—⁠അവിടെ അവർക്കു ധാർമിക പ്രബോധനവും ആരോഗ്യാവഹമായ സഹവാസവും ലഭിക്കുന്നു​—⁠അവരെ കൊണ്ടുപോയിക്കൊണ്ടും സാക്ഷിയായ പിതാവ്‌ തന്റെ കുട്ടികളെ പഠിപ്പിക്കേണ്ടതാണ്‌.

അവിശ്വാസിയായ ഭാര്യ കുട്ടികളെ തന്റെ ആരാധനാ സ്ഥലത്തു കൊണ്ടുപോകുന്നതിനോ അവരെ തന്റെ മതവിശ്വാസങ്ങൾ പഠിപ്പിക്കുന്നതിനോ നിർബന്ധം പിടിക്കുന്നെങ്കിലോ? ദേശത്തെ നിയമം അതിനുള്ള അധികാരം അവൾക്കു നൽകിയേക്കാം. എന്നാൽ കുട്ടികൾ അത്തരം സ്ഥലങ്ങളിലെ ആരാധനയിലേക്ക്‌ ആകർഷിക്കപ്പെടുമോ എന്നത്‌ വലിയ ഒരളവോളം പിതാവിന്റെ ആത്മീയ പ്രബോധനത്തിന്റെ ഗുണമേന്മയെ ആശ്രയിച്ചിരുന്നേക്കാം. കുട്ടികൾ മുതിർന്നു വരുന്നതനുസരിച്ച്‌, പിതാവ്‌ അവർക്കു നൽകുന്ന തിരുവെഴുത്തു വിദ്യാഭ്യാസം ദൈവവചനത്തിലെ സത്യം പിൻപറ്റാൻ അവരെ സഹായിക്കേണ്ടതാണ്‌. കുട്ടികൾ സത്യത്തിനായി ഒരു നിലപാടു സ്വീകരിക്കുന്നെങ്കിൽ വിശ്വാസിയായ ഭർത്താവ്‌ എത്ര സന്തുഷ്ടനായിരിക്കും!

ഇനി, മാതാവാണ്‌ യഹോവയുടെ സാക്ഷിയെങ്കിൽ, കുട്ടികളുടെ നിത്യക്ഷേമത്തിൽ താത്‌പര്യം കാണിക്കുന്നതൊടൊപ്പം അവൾ ശിരഃസ്ഥാന തത്ത്വവും ആദരിക്കേണ്ടതുണ്ട്‌. (1 കൊരിന്ത്യർ 11:3) മിക്കപ്പോഴും, സാക്ഷിയായ ഭാര്യ കുട്ടികൾക്ക്‌, ധാർമികവും ആത്മീയവുമായ വിദ്യാഭ്യാസം നൽകുന്നതിനെയും പ്രസ്‌തുത ലക്ഷ്യത്തിൽ യഹോവയുടെ ജനത്തിന്റെ യോഗങ്ങളിൽ ലഭ്യമായ സഹായത്തെയും അവിശ്വാസിയായ ഭർത്താവ്‌ എതിർക്കാറില്ല. യഹോവയുടെ സംഘടനയിൽനിന്നു തങ്ങളുടെ കുട്ടികൾക്കു ലഭിക്കുന്ന പരിപുഷ്ടിപ്പെടുത്തുന്ന വിദ്യാഭ്യാസത്തിന്റെ പ്രയോജനങ്ങൾ കാണാൻ അവൾക്ക്‌ അവിശ്വാസിയായ ഭർത്താവിനെ സഹായിക്കാനാകും. ധാർമികമായി അധഃപതിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകത്തിൽ ജീവിക്കുന്നതിന്റെ വെല്ലുവിളിയെ അഭിമുഖീകരിക്കുന്ന കുട്ടികളിൽ ബൈബിളിന്റെ ധാർമിക തത്ത്വങ്ങൾ ഉൾനടുന്നതിന്റെ പ്രയോജനം നയപൂർവം അവൾക്ക്‌ ഊന്നിപ്പറയാൻ കഴിയും.

എന്നാൽ, അവിശ്വാസിയായ ഭർത്താവ്‌ കുട്ടികൾ തന്റെ മതം ആചരിക്കണമെന്നു നിർബന്ധം പിടിച്ചുകൊണ്ട്‌ അവരെ തന്റെ ആരാധനാ സ്ഥലത്തു കൊണ്ടുപോകുകയും തന്റെ വിശ്വാസപ്രകാരമുള്ള മതവിദ്യാഭ്യാസം അവർക്കു നൽകുകയും ചെയ്‌തേക്കാം. അല്ലെങ്കിൽ, അയാൾ എല്ലാ മതങ്ങളെയും എതിർക്കുകയും തന്റെ കുട്ടികൾക്കു യാതൊരു മതവിദ്യാഭ്യാസവും കൊടുക്കാൻ പാടില്ല എന്ന ഉറച്ച നിലപാടു സ്വീകരിക്കുകയും ചെയ്‌തേക്കാം. കുടുംബത്തിന്റെ ശിരസ്സ്‌ എന്ന നിലയിൽ, തീരുമാനങ്ങൾ എടുക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം അദ്ദേഹത്തിനാണ്‌. *

ഭർത്താവിന്റെ ശിരഃസ്ഥാനത്തെ ആദരിക്കുമ്പോൾത്തന്നെ, സാക്ഷിയായ ഭാര്യ ഒരു സമർപ്പിത ക്രിസ്‌ത്യാനി എന്ന നിലയിൽ, പിൻവരുന്ന പ്രകാരം പറഞ്ഞ അപ്പൊസ്‌തലന്മാരായ പത്രൊസിന്റെയും യോഹന്നാന്റെയും മനോഭാവം മനസ്സിൽ പിടിക്കുന്നു: “ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്‌താവിക്കാതിരിപ്പാൻ കഴിയുന്നതല്ല.” (പ്രവൃത്തികൾ 4:19, 20) കുട്ടികളുടെ ആത്മീയ ക്ഷേമത്തിലുള്ള താത്‌പര്യം നിമിത്തം അവർക്കു ധാർമികമായ മാർഗനിർദേശം നൽകാനുള്ള അവസരങ്ങൾ സാക്ഷിയായ ഒരു മാതാവ്‌ തേടും. തനിക്കു സത്യമാണെന്ന്‌ അറിയാവുന്ന കാര്യങ്ങളെ കുറിച്ചു മറ്റുള്ളവരെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം യഹോവയുടെ മുമ്പാകെ അവൾക്കുണ്ട്‌, ഇതിൽ തീർച്ചയായും അവളുടെ കുട്ടികളും പെടും. (സദൃശവാക്യങ്ങൾ 1:8; മത്തായി 28:19, 20) അത്തരമൊരു വിഷമപ്രശ്‌നത്തെ സാക്ഷിയായ ഒരു മാതാവിന്‌ എങ്ങനെ കൈകാര്യം ചെയ്യാനാകും?

ഉദാഹരണത്തിന്‌, ദൈവത്തിലുള്ള വിശ്വാസത്തിന്റെ കാര്യംതന്നെ എടുക്കുക. ഭർത്താവ്‌ ഏർപ്പെടുത്തിയിരിക്കുന്ന വിലക്കുകൾ നിമിത്തം കുട്ടികൾക്ക്‌ ഔപചാരികമായ ഒരു ബൈബിൾ അധ്യയനം എടുക്കാൻ സാക്ഷിയായ ഭാര്യയ്‌ക്കു കഴിയാതിരുന്നേക്കാം. ഇക്കാരണത്താൽ യഹോവയെ കുറിച്ചു കുട്ടികളോട്‌ എന്തെങ്കിലും പറയുന്നതിൽനിന്ന്‌ അവൾ മടിച്ചു മാറിനിൽക്കണമോ? വേണ്ട. അവളുടെ വാക്കുകളും പ്രവൃത്തികളും സ്വാഭാവികമായി സ്രഷ്ടാവിലുള്ള അവളുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കും. പ്രസ്‌തുത വിഷയം സംബന്ധിച്ച്‌ അവളുടെ കുട്ടികൾക്കു തീർച്ചയായും ചോദ്യങ്ങൾ ഉണ്ടായിരിക്കും. സ്രഷ്ടാവിലുള്ള തന്റെ വിശ്വാസത്തെ കുറിച്ച്‌ അവരോടു പറഞ്ഞുകൊണ്ട്‌ മതസ്വാതന്ത്ര്യം പ്രയോഗിക്കാൻ അവൾക്കു സ്വാതന്ത്ര്യം തോന്നണം. കുട്ടികൾക്കു ബൈബിൾ അധ്യയനം എടുക്കാനോ അവരെ പതിവായി യോഗങ്ങൾക്കു കൂട്ടിക്കൊണ്ടുപോകാനോ കഴിയാതിരുന്നേക്കാമെങ്കിൽ പോലും യഹോവയെ കുറിച്ചുള്ള അറിവ്‌ അവർക്കു പകർന്നുകൊടുക്കാൻ അവൾക്കു സാധിക്കും.​—⁠ആവർത്തനപുസ്‌തകം 6:⁠7.

ഒരു സാക്ഷിയും അവിശ്വാസിയായ ഇണയും തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി: “അവിശ്വാസിയായ ഭർത്താവു ഭാര്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും അവിശ്വാസിയായ ഭാര്യ സഹോദരൻമുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്നു വരും; ഇപ്പോഴോ അവർ വിശുദ്ധർ ആകുന്നു.” (1 കൊരിന്ത്യർ 7:14) വിശ്വാസിയായ ഇണയെ പ്രതി ദാമ്പത്യബന്ധത്തെ യഹോവ വിശുദ്ധമായി വീക്ഷിക്കുന്നു, മാത്രമല്ല കുട്ടികളും യഹോവയുടെ ദൃഷ്ടിയിൽ വിശുദ്ധരായി കരുതപ്പെടുന്നു. അന്തിമ ഫലം യഹോവയുടെ കരങ്ങളിൽ ഭരമേൽപ്പിച്ചുകൊണ്ട്‌, സത്യം മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുന്നതിന്‌ സാക്ഷിയായ ഭാര്യ പരമാവധി ശ്രമിക്കേണ്ടതുണ്ട്‌.

കുട്ടികൾ മുതിർന്നുകഴിയുമ്പോൾ, മാതാപിതാക്കളിൽ നിന്നു ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ എന്തു നിലപാടു സ്വീകരിക്കണമെന്ന്‌ അവർ തീരുമാനിക്കേണ്ടതുണ്ട്‌. യേശുവിന്റെ പിൻവരുന്ന വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ അവർ തീരുമാനിച്ചേക്കാം: “എന്നെക്കാൾ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല.” (മത്തായി 10:37) അവരോട്‌ ഇങ്ങനെയും കൽപ്പിച്ചിരിക്കുന്നു: “മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ.” (എഫെസ്യർ 6:1) സാക്ഷിയല്ലാത്ത മാതാവിൽനിന്നോ പിതാവിൽനിന്നോ പീഡനം അനുഭവിക്കേണ്ടി വന്നിട്ടും ആ വ്യക്തിയെക്കാളധികം ‘ദൈവത്തെ അനുസരിക്കാൻ’ അനേകം യുവജനങ്ങൾ തീരുമാനിച്ചിട്ടുണ്ട്‌. എതിർപ്പിൻ മധ്യേയും യഹോവയെ സേവിക്കാൻ തന്റെ കുട്ടികൾ തീരുമാനിക്കുന്നതു കാണുന്നത്‌ സാക്ഷിയായ മാതാവിന്‌ അല്ലെങ്കിൽ പിതാവിന്‌ എത്ര വലിയ സന്തോഷമായിരിക്കും കൈവരുത്തുക!

[അടിക്കുറിപ്പ്‌]

^ ഖ. 7 മതസ്വാതന്ത്ര്യത്തിനുള്ള ഭാര്യയുടെ നിയമപരമായ അവകാശത്തിൽ ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കാനുള്ള അവകാശവും ഉൾപ്പെടുന്നു. ചിലരുടെ കാര്യത്തിൽ, അത്തരം സമയങ്ങളിൽ കുട്ടികളെ നോക്കാൻ ഭർത്താവ്‌ മനസ്സൊരുക്കം കാണിക്കാതിരുന്നതിന്റെ ഫലമായി സ്‌നേഹമയിയായ അമ്മ അവരെ തന്നോടൊപ്പം യോഗങ്ങൾക്കു കൊണ്ടുപോകാൻ ബാധ്യസ്ഥയായിത്തീർന്നിട്ടുണ്ട്‌.