വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായിക്കാൻ പഠിച്ചതിൽ സന്തുഷ്ടർ!

വായിക്കാൻ പഠിച്ചതിൽ സന്തുഷ്ടർ!

വായിക്കാൻ പഠിച്ചതിൽ സന്തുഷ്ടർ!

സോളമൻ ദ്വീപുകളുടെ ചില ഭാഗങ്ങളിൽ, ഇപ്പോൾ യഹോവയുടെ സാക്ഷികൾ ആയിരിക്കുന്നവരിൽ 80 ശതമാനത്തോളം പേർ നിരക്ഷരതയുടെ പ്രശ്‌നങ്ങൾ അനുഭവിച്ചിട്ടുണ്ട്‌. തന്മൂലം, വാരംതോറുമുള്ള സഭായോഗങ്ങളിൽ പങ്കുപറ്റുന്നതും മറ്റുള്ളവരെ രാജ്യസത്യങ്ങൾ പഠിപ്പിക്കുന്നതും അവർക്കു ബുദ്ധിമുട്ടായിരുന്നിട്ടുണ്ട്‌. കൈകൊണ്ട്‌ ഒരു പെൻസിൽ പോലും പിടിച്ചിട്ടില്ലാത്ത മുതിർന്നവർക്ക്‌ അക്ഷരജ്ഞാനം നേടാൻ കഴിയുമോ?

യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച എഴുത്തും വായനയും പഠിക്കുന്നതിൽ ഉത്സുകരായിരിക്കുക എന്ന ലഘുപത്രിക ഉപയോഗിച്ചാണ്‌ സോളമൻ ദ്വീപുകളിലെ മിക്കവാറും എല്ലാ സഭകളിലും സാക്ഷരതാ ക്ലാസ്സുകൾ നടത്തിവരുന്നത്‌. ഈ പരിപാടിയിലൂടെ കഴിവിന്റെ ഒരു പുതിയ മാനം കൈവരിക്കാൻ നൂറുകണക്കിന്‌ ആളുകൾക്ക്‌ എങ്ങനെ സഹായം ലഭിച്ചിരിക്കുന്നു എന്ന്‌ പിൻവരുന്ന അനുഭവങ്ങൾ വ്യക്തമാക്കുന്നു. അതിലും പ്രധാനമായി, വായിക്കാൻ പഠിച്ചത്‌ തങ്ങളുടെ വിശ്വാസത്തെ കുറിച്ചു മെച്ചപ്പെട്ട സാക്ഷ്യം നൽകാൻ അവരെ സഹായിച്ചിരിക്കുന്നു.​—⁠1 പത്രൊസ്‌ 3:⁠15.

നൂറിലധികം രാജ്യപ്രസാധകരുള്ള ഒരു സഭയിൽ നിയമിക്കപ്പെട്ട ഒരു മിഷനറി, വീക്ഷാഗോപുരം ഉപയോഗിച്ചുള്ള പ്രതിവാര ബൈബിൾ പഠനത്തിൽ വളരെ കുറച്ചു പേർക്കേ ആ മാസികയുടെ പ്രതികൾ സ്വന്തമായി ഉള്ളൂ എന്നും അതിൽത്തന്നെ കുറച്ചു പേർ മാത്രമേ ഉത്തരങ്ങൾ പറയുന്നുള്ളൂ എന്നും ശ്രദ്ധിച്ചു. ഇതിനു കാരണമെന്തായിരുന്നു? നിരക്ഷരത. എഴുത്തും വായനയും പഠിപ്പിക്കാൻ ഒരു സ്‌കൂൾ രൂപീകരിക്കുന്നതിനെ കുറിച്ച്‌ സഭയിൽ അറിയിച്ചപ്പോൾ അവരെ പഠിപ്പിക്കാൻ ആ മിഷനറി സഹോദരി സന്തോഷപൂർവം മുന്നോട്ടുവന്നു. ആദ്യമൊക്കെ ഏതാനും വിദ്യാർഥികളെ അതിൽ സംബന്ധിച്ചുള്ളൂ, താമസിയാതെ എല്ലാ പ്രായത്തിലുമുള്ള 40-ലധികം പേർ അതിൽ സംബന്ധിക്കാൻ തുടങ്ങി.

ഫലം എന്തായിരുന്നു? മിഷനറി വിശദീകരിക്കുന്നു: “ക്ലാസ്സു തുടങ്ങി കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ഒരു ദിവസം രാവിലെ ആറു മണിക്ക്‌ മിഷനറിഭവനത്തിലേക്ക്‌ ആവശ്യമായ ഭക്ഷണം വാങ്ങാൻ ഞാൻ ചന്തയിൽ പോയി. അവിടെ വിദ്യാർഥികളിൽ കുറെ പേർ, വളരെ പ്രായം കുറഞ്ഞവർ പോലും, തേങ്ങയും പച്ചക്കറികളുമൊക്കെ വിൽക്കുന്നതു കണ്ടു. എന്തായിരുന്നു കാരണം? സാക്ഷരതാ ക്ലാസ്സിൽ ഉപയോഗിക്കാനുള്ള പേനയും നോട്ടുബുക്കും വാങ്ങാനുള്ള പണം ഉണ്ടാക്കാൻ! കൂടാതെ, ആ ക്ലാസ്സിൽ സംബന്ധിക്കുന്നത്‌ വീക്ഷാഗോപുരം മാസികയുടെ വ്യക്തിപരമായ ഒരു പ്രതി ഉണ്ടായിരിക്കാനുള്ള ഒരു പ്രചോദനം ആയിത്തീർന്നു.” ആ സഹോദരി കൂട്ടിച്ചേർക്കുന്നു: “ഇപ്പോൾ സഭയിലെ വീക്ഷാഗോപുര അധ്യയനത്തിൽ ചെറുപ്പക്കാരും പ്രായമുള്ളവരും ഒരുപോലെ പങ്കെടുക്കുന്നു, മാത്രമല്ല ചർച്ചകൾ വളരെ സജീവവുമാണ്‌.” തങ്ങൾക്കു “മേലാൽ ഭയമില്ല” എന്നു പറഞ്ഞുകൊണ്ട്‌ പരസ്യ സുവാർത്താ ഘോഷണത്തിൽ പങ്കെടുക്കാനാകുമോ എന്നു ക്ലാസ്സിലെ നാലു പേർ ചോദിച്ചപ്പോൾ ആ മിഷനറി സഹോദരിക്കു വിശേഷിച്ചും സന്തോഷം തോന്നി.

സാക്ഷരതാ ക്ലാസ്സുകളിലെ വിദ്യാർഥികളിൽ ഉണ്ടായ ഗുണകരമായ ഫലം, എഴുത്തും വായനയും പഠിക്കുന്നതിൽ ഒതുങ്ങിനിന്നില്ല. ഉദാഹരണത്തിന്‌, ഒരു സാക്ഷിയുടെ അവിശ്വാസിയായ ഭാര്യ വർഷങ്ങളോളം സഭയ്‌ക്കു നിരന്തര തലവേദന ആയിരുന്നു. നിസ്സാര പ്രകോപനം ഉണ്ടായാൽ മതി അവർ ആളുകൾക്കു നേരെ കല്ലെറിയുകയും മറ്റു സ്‌ത്രീകളെ തടിക്കഷണംകൊണ്ട്‌ ആക്രമിക്കുകയും ചെയ്യുമായിരുന്നു. വല്ലപ്പോഴും അവൾ ഭർത്താവിനോടൊപ്പം ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകുന്ന അവസരങ്ങളിൽ, താൻ മറ്റു സ്‌ത്രീകളെ നോക്കുന്നുവെന്ന്‌ അവൾ അസൂയപൂണ്ട്‌ ആരോപിക്കാതിരിക്കാൻ അദ്ദേഹം കറുത്ത കണ്ണട ധരിച്ചു.

സാക്ഷരതാ ക്ലാസ്സുകൾ തുടങ്ങി, താമസിയാതെ അവൾ ചോദിച്ചു: “ഞാനും നിങ്ങളുടെ ക്ലാസ്സിൽ ചേർന്നോട്ടെ?” അനുമതി നൽകപ്പെട്ടു. അന്നുമുതൽ അവൾ ഒരു ക്ലാസ്സോ സഭായോഗമോ മുടക്കിയിട്ടില്ല. തന്റെ വായനാ പാഠങ്ങളിൽ അവൾ കഠിനമായി യത്‌നിക്കുകയും നല്ല പുരോഗതി വരുത്തുകയും ചെയ്‌തു. ഇത്‌ അവളെ വളരെ സന്തോഷവതിയാക്കി. അവളുടെ അടുത്ത അഭ്യർഥന ഇതായിരുന്നു: “എന്നെ ബൈബിൾ പഠിപ്പിക്കാമോ?” ഭർത്താവ്‌ അവളെ സന്തോഷപൂർവം ബൈബിൾ പഠിപ്പിക്കാൻ തുടങ്ങി. വായിക്കാനും എഴുതാനുമുള്ള പ്രാപ്‌തിയിലും ബൈബിൾ പരിജ്ഞാനത്തിലും അവൾ പുരോഗതി വരുത്തിക്കൊണ്ടിരിക്കുന്നു.

കൈകൊണ്ട്‌ ഒരിക്കലും പെൻസിൽ തൊട്ടിട്ടുപോലുമില്ലാത്ത ഒരു 50 വയസ്സുകാരനെ സംബന്ധിച്ചിടത്തോളം, ഒരു പെൻസിലോ പേനയോ പിടിച്ച്‌ അക്ഷരങ്ങൾ എഴുതുന്നത്‌ ഒരു പർവതസമാന വൈതരണിയാണ്‌. പഠനത്തിന്റെ ആദ്യ ഘട്ടങ്ങളിൽ പെൻസിലിലും പേപ്പറിലും ചെലുത്തുന്ന സമ്മർദം മൂലം, ചിലരുടെ വിരലുകൾ കുമിളിച്ചു വരാറുണ്ട്‌. പെൻസിൽ പിടിക്കാനും അതുപയോഗിച്ച്‌ എഴുതാനും ആഴ്‌ചകളോളം പാടുപെട്ട ശേഷം, ചില വിദ്യാർഥികൾ വലിയ ചിരിയോടെ ഇങ്ങനെ പറയുന്നു: “പേപ്പറിൽ ലാഘവത്തോടെ കൈ ചലിപ്പിക്കാൻ എനിക്കു കഴിയും!” വിദ്യാർഥികളുടെ പുരോഗതി പഠിപ്പിക്കുന്നവരെയും സന്തോഷിപ്പിക്കുന്നു. ഒരു അധ്യാപിക ഇങ്ങനെ പറഞ്ഞു: “ഈ വിദ്യാർഥികളെ പഠിപ്പിക്കുന്നത്‌ വലിയ സന്തോഷം പകരുന്നു. യഹോവയിൽ നിന്നുള്ള ഈ കരുതലിനോടുള്ള വിദ്യാർഥികളുടെ ആത്മാർഥമായ വിലമതിപ്പ്‌ മിക്കപ്പോഴും ക്ലാസ്സിന്റെ അവസാനം അവർ കയ്യടിച്ച്‌ പ്രകടമാക്കുന്നു.”

മിഷനറിമാരോടൊപ്പം, ഇപ്പോൾ സാക്ഷരരായ ഈ സാക്ഷികളും സന്തോഷിക്കുന്നു. എന്തുകൊണ്ട്‌? എഴുതാനും വായിക്കാനുമുള്ള തങ്ങളുടെ പ്രാപ്‌തി യഹോവയെ മഹത്ത്വപ്പെടുത്താൻ അവർക്ക്‌ ഇനി ഉപയോഗിക്കാനാകും.

[8, 9 പേജുകളിലെ ചിത്രങ്ങൾ]

ചെറുപ്പക്കാരും പ്രായമുള്ളവരും സാക്ഷരതാ ക്ലാസ്സുകൾ വിലമതിക്കുന്നു