വിശ്വസ്‌തത സംബന്ധിച്ചു വികല വീക്ഷണങ്ങളുള്ള ഒരു ലോകം
വിശ്വസ്‌തത സംബന്ധിച്ചു വികല വീക്ഷണങ്ങളുള്ള ഒരു ലോകം
സ്ഥലം ഇസ്രായേലിലെ ടെൽ അവീവ്. ഒരു വെള്ളിയാഴ്‌ചത്തെ ഊഷ്‌മളമായ സായാഹ്നം. ഒരു നിശാക്ലബ്ബിനു വെളിയിൽ കാത്തുനിന്നിരുന്ന ഒരു കൂട്ടം യുവാക്കളോടൊപ്പം ഒരു ചെറുപ്പക്കാരൻ ചേരുന്നു. നിമിഷങ്ങൾക്കുള്ളിൽ അവരുടെ ഇടയിൽ ശക്തമായ ഒരു സ്‌ഫോടനം.
ഒരു മനുഷ്യ ബോംബു സ്‌ഫോടനത്തിൽ ഒരാൾ കൂടി തന്റെ ജീവനൊടുക്കി, ഒപ്പം മറ്റ് 19 യുവാക്കളുടെ ജീവനും ക്രൂരമായി അപഹരിച്ചു. “എവിടെയും ചിന്നിച്ചിതറിയ ശരീരഭാഗങ്ങൾ, എല്ലാവരും ചെറുപ്പക്കാരാണ്, എന്നുവെച്ചാൽ നല്ല ചെറുപ്പം—ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ബീഭത്സമായ രംഗം,” പിന്നീട് ഒരു വൈദ്യവിദഗ്‌ധൻ വാർത്താ റിപ്പോർട്ടർമാരോടു പറഞ്ഞു.
“എല്ലാവരും വിലമതിക്കുന്ന, വിശ്വസ്‌തത . . . , പോലുള്ള ഗുണങ്ങൾക്ക് യുദ്ധങ്ങൾ തുടങ്ങാനുള്ള സാധ്യത വർധിപ്പിക്കാനും അവ അവസാനിപ്പിക്കുക എന്നത് ഏറെ ദുഷ്‌കരമാക്കാനും കഴിയും,” തർസ്റ്റൻ ബ്രൂവിൻ ദ ലാൻസെറ്റിൽ എഴുതി. അതേ, ക്രൈസ്‌തവലോകത്തിന്റെ കുരിശുയുദ്ധങ്ങൾ മുതൽ നാസി ജർമനിയിൽ നടന്ന സംഘടിത കൂട്ടക്കൊലകൾ വരെ വിശ്വസ്‌തതയുടെ പേരിൽ നടത്തപ്പെട്ട കുരുതികളാൽ മാനവചരിത്രം രക്തപങ്കിലമാണ്.
അവിശ്വസ്‌തതയുടെ വർധിച്ചുവരുന്ന ഇരകൾ
നിസ്സംശയമായും, ഭ്രാന്തമായ വിശ്വസ്‌തത വിനാശകമാണ്. എന്നാൽ വിശ്വസ്‌തതയുടെ അഭാവത്തിനും സമൂഹത്തെ ഛിന്നഭിന്നമാക്കാൻ കഴിയും. വിശ്വസ്‌തനായിരിക്കുക എന്നാൽ ഒരു വ്യക്തിയോടോ ഒരു ആദർശത്തോടോ പറ്റിനിൽക്കുക എന്നാണ്. ത്യജിക്കാനോ ചതിക്കാനോ ഉള്ള ഏതു പ്രലോഭനത്തിൻ മുന്നിൽ പോലും ഒരുവൻ അചഞ്ചലമായി പറ്റിനിൽക്കുന്നതിനെ അതു സൂചിപ്പിക്കുന്നു. ഇത്തരത്തിലുള്ള വിശ്വസ്‌തതയെ തങ്ങൾ വിലമതിക്കുന്നുവെന്നു മിക്കവരും പറയുന്നെങ്കിലും, ഏറ്റവും അടിസ്ഥാന തലത്തിലുള്ള—കുടുംബ വൃത്തത്തിലുള്ള—വിശ്വസ്‌തതയുടെ സാരമായ അഭാവം സമൂഹത്തെ പ്രതികൂലമായി ബാധിക്കുകയാണ്. സ്വാർഥ ഇച്ഛാനിവൃത്തിയിൽ അധിഷ്‌ഠിതമായ ജീവിതം, അനുദിന ജീവിത സമ്മർദങ്ങൾ, വ്യാപകമായ ലൈംഗിക അവിശ്വസ്‌തതയുടെ ഫലങ്ങൾ എന്നിവ മൂലം വിവാഹമോചന നിരക്കു കുതിച്ചുയർന്നിരിക്കുന്നു. ടെൽ അവീവിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ മരിച്ചവരെ പോലെ, മിക്കപ്പോഴും യുവജനങ്ങളാണു നിർദോഷികളായ ഇരകൾ.
“വിവാഹമോചനം, വേർപിരിയൽ, മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള അവസ്ഥ എന്നിവയിൽനിന്ന് ഉളവാകുന്ന കുടുംബ അസ്ഥിരത മൂലം മിക്കപ്പോഴും പ്രതികൂലമായി ബാധിക്കപ്പെടുന്ന ഘടകങ്ങളിൽ ഒന്നാണ് ഒരു കുട്ടിയുടെ വിദ്യാഭ്യാസം” എന്ന് ഒരു റിപ്പോർട്ടു പറയുന്നു. മാതാവു മാത്രമുള്ള കുടുംബങ്ങളിലെ ആൺകുട്ടികളുടെ കാര്യത്തിൽ ഇതു വിശേഷിച്ചും സത്യമാണ്. അവരുടെ വിദ്യാഭ്യാസം പ്രതികൂലമായി ബാധിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നു മാത്രമല്ല, ഈ കുട്ടികൾ ആത്മഹത്യ ചെയ്യാനും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുമുള്ള സാധ്യതയും വളരെ കൂടുതലാണ്. ഓരോ വർഷവും ഐക്യനാടുകളിലെ പത്തു ലക്ഷം കുട്ടികളുടെ മാതാപിതാക്കളാണു വിവാഹമോചനം നേടുന്നത്. ഇനി, ഏതൊരു വർഷമെടുത്താലും, ആ രാജ്യത്ത് വിവാഹിത ദമ്പതികൾക്കു ജനിക്കുന്ന കുട്ടികളിൽ പകുതി പേരും 18 വയസ്സ് ആകുമ്പോഴേക്കു വിവാഹമോചനത്തിന്റെ ഇരകൾ ആകാനുള്ള സാധ്യതയുണ്ട്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ പല യുവജനങ്ങളുടെയും അവസ്ഥ സമാനമായി ഹൃദയഭേദകമാണെന്നു സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നു.
വിശ്വസ്‌തത—പാലിക്കാൻ പറ്റാത്തത്ര ശ്രേഷ്‌ഠമായ ഒരു നിലവാരമോ?
പരമ്പരാഗത വിശ്വസ്‌തതയ്‌ക്ക് ഇപ്പോൾ സംഭവിച്ചിരിക്കുന്ന തകർച്ച, ദാവീദ് രാജാവിന്റെ വാക്കുകൾ എന്നത്തേതിലും ഉചിതമെന്നു തോന്നിപ്പിക്കുന്നു: “യഹോവേ, രക്ഷിക്കേണമേ; ഭക്തന്മാർ ഇല്ലാതെപോകുന്നു; വിശ്വസ്‌തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു.” (സങ്കീർത്തനം 12:1) വിശ്വസ്‌തതയുടെ അഭാവം ഇത്ര വ്യാപകമായിരിക്കുന്നത് എന്തുകൊണ്ടാണ്? ടൈം മാസികയിൽ എഴുതവേ, റോജർ റോസൻബ്ലാറ്റ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “വിശ്വസ്‌തത ശ്രേഷ്‌ഠമായ ഒരു നിലവാരമാണെങ്കിലും, ഭയവും ആത്മവിശ്വാസക്കുറവും അവസരവാദ സ്വഭാവവും അതിമോഹവും നമ്മുടെ പ്രകൃതത്തിന്റെ ഭാഗമായി ഉള്ളതിനാൽ ദുർബലരായ മനുഷ്യവർഗം അതിനോടു പറ്റിനിൽക്കുമെന്നു പ്രതീക്ഷിക്കാനാവില്ല.” നാം ജീവിക്കുന്ന കാലത്തെ വർണിച്ചുകൊണ്ടു ബൈബിൾ ഇപ്രകാരം തുറന്നു പ്രസ്‌താവിക്കുന്നു: “മനുഷ്യർ സ്വസ്‌നേഹികളും . . . അവിശ്വസ്‌തരും സ്വാഭാവിക പ്രിയമില്ലാത്തവരും . . . ആയിരിക്കും.”—2 തിമൊഥെയൊസ് 3:1-5, NW.
ഒരു വ്യക്തിയുടെ ചിന്തയുടെയും പ്രവർത്തനങ്ങളുടെയും മേൽ വിശ്വസ്‌തതയ്‌ക്കുള്ള അല്ലെങ്കിൽ അതിന്റെ അഭാവത്തിനുള്ള ശക്തമായ സ്വാധീനം കണക്കിലെടുക്കുമ്പോൾ, നമുക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്, ‘നമ്മുടെ വിശ്വസ്‌തത ഉചിതമായും അർഹിക്കുന്നത് ആരാണ്?’ ഈ ചോദ്യത്തെ കുറിച്ച് അടുത്ത ലേഖനം എന്തു പറയുന്നുവെന്നു ശ്രദ്ധിക്കുക.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
മുകളിലത്തെ ഫോട്ടോ: © AFP/CORBIS