അയൽക്കാരൊക്കെ എവിടെപ്പോയി?
അയൽക്കാരൊക്കെ എവിടെപ്പോയി?
“ആധുനിക സമൂഹം അയൽക്കാരനെ അംഗീകരിക്കുന്നില്ല.”—19-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് രാജ്യതന്ത്രജ്ഞനായ ബെഞ്ചമിൻ ഡിസ്‌റെയ്‌ലി.
പ്രായംചെല്ലുന്ന ക്യൂബക്കാർക്ക് ക്ഷേമം ഉന്നമിപ്പിക്കുന്നതിനു പുതിയൊരു മാർഗമുണ്ട്: അയൽക്കൂട്ടങ്ങൾ, അല്ലെങ്കിൽ അവർ പറയുന്നപ്രകാരം സിർക്കൂലോസ് ഡെ ആബ്‌വെലോസ് (മുത്തശ്ശീമുത്തശ്ശന്മാരുടെ കൂട്ടങ്ങൾ). 1997-ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, പ്രായംചെന്ന ക്യൂബക്കാരിൽ 20 ശതമാനത്തോളം ഇത്തരം കൂട്ടങ്ങളിൽ പെടുന്നവരാണ്. ഈ കൂട്ടങ്ങളിൽ അവർ സഖിത്വവും പിന്തുണയും ആരോഗ്യകരമായ ഒരു ജീവിതരീതി നിലനിറുത്താനുള്ള പ്രായോഗിക സഹായവും കണ്ടെത്തുന്നു. “ഒരു പ്രദേശത്തെ കുടുംബ ഡോക്ടർമാർക്കു രോഗപ്രതിരോധ കുത്തിവെപ്പ് പരിപാടിയിൽ സഹായം ആവശ്യമായി വരുമ്പോഴൊക്കെ, സന്നദ്ധരും പ്രാപ്‌തരുമായ അംഗങ്ങളെ അവർ കണ്ടെത്തുന്നതു സിർക്കൂലോസ് ഡെ ആബ്‌വെലോസലാണ്” എന്ന് വേൾഡ്-ഹെൽത്ത് മാസിക പറയുന്നു.
എന്നാൽ ദുഃഖകരമെന്നു പറയട്ടെ, ലോകത്തിന്റെ പല ഭാഗങ്ങളിലും കരുതൽ പ്രകടമാക്കുന്ന അത്തരം സമൂഹങ്ങളുള്ള ഇടങ്ങൾ ഇപ്പോഴില്ല. ഉദാഹരണത്തിന്, പശ്ചിമ യൂറോപ്പിലെ ഒരു അപ്പാർട്ടുമെന്റ് കെട്ടിടത്തിൽ താമസിച്ചിരുന്ന വോൾഫ്‌ഗാങ് ഡിർക്‌സിന്റെ ദാരുണ കഥ പരിചിന്തിക്കുക. അതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 17 കുടുംബങ്ങൾ അദ്ദേഹത്തിന്റെ അസാന്നിധ്യം മനസ്സിലാക്കിയിരുന്നെങ്കിലും, “ആരും അദ്ദേഹത്തിന്റെ ഡോർബെൽ അമർത്തുന്നതിനെ കുറിച്ചു ചിന്തിച്ചതേയില്ല” എന്ന് ഏതാനും വർഷങ്ങൾക്കു മുമ്പ് ദ കാൻബെറാ ടൈംസ് റിപ്പോർട്ടു ചെയ്‌തു. ഒടുവിൽ ആ കെട്ടിടത്തിന്റെ ഉടമ എത്തിയപ്പോൾ, “ടെലിവിഷൻ സെറ്റിനു മുന്നിലിരിക്കുന്ന ഒരു അസ്ഥികൂടമാണ് അദ്ദേഹം കണ്ടത്.” ആ അസ്ഥികൂടത്തിന്റെ മടിയിൽ ടെലിവിഷൻ പരിപാടികളുടെ ഒരു ലിസ്റ്റ് ഉണ്ടായിരുന്നു, 1993 ഡിസംബർ 5-ലേതായിരുന്നു അത്. വോൾഫ്‌ഗാങ് മരിച്ചിട്ട് അഞ്ചു വർഷമായിരുന്നു. അയൽക്കാരുടെ ഇടയിൽ ഉണ്ടായിരിക്കേണ്ട താത്‌പര്യത്തിലും കരുതലിലും സംഭവിച്ച തകർച്ചയുടെ എത്ര ഖേദകരമായ സാക്ഷ്യം! മറ്റു പല പ്രദേശങ്ങളെയും പോലെ, തന്റെ പ്രദേശവും “അപരിചിതരുടെ ഒരു സമൂഹം” ആയിത്തീർന്നിരിക്കുന്നതായി ദ ന്യൂയോർക്ക് ടൈംസ് മാഗസിനിൽ ഒരു ഉപന്യാസകാരൻ പ്രസ്‌താവിച്ചതിൽ അതിശയിക്കാനില്ല. നിങ്ങൾ താമസിക്കുന്ന പ്രദേശത്തിന്റെ കാര്യത്തിലും ഇതു സത്യമാണോ?
ചില ഗ്രാമീണ സമൂഹങ്ങളിൽ യഥാർഥ അയൽസ്‌നേഹം ഇപ്പോഴുമുണ്ട് എന്നതു ശരിയാണ്. മാത്രമല്ല, അയൽക്കാരോടു വർധിച്ച താത്‌പര്യം പ്രകടമാക്കുന്നതിനു നഗരങ്ങളിലെ ചില സമൂഹങ്ങൾ ശ്രമം നടത്തിക്കൊണ്ടിരിക്കുകയുമാണ്. എന്നാൽ സ്വന്തം പ്രദേശത്തു പോലും തങ്ങൾ ഒറ്റപ്പെട്ടവരും അരക്ഷിതരും ആണെന്ന തോന്നലാണ് പല നഗരവാസികൾക്കും ഉള്ളത്. അപരിചിതത്വത്തിന്റെ മതിലുകൾക്കു പിന്നിൽ അവർ ഒറ്റപ്പെട്ടു കഴിയുന്നു. എങ്ങനെ?
അപരിചിതത്വത്തിന്റെ മതിലുകൾക്കു പിന്നിൽ
തീർച്ചയായും, നമ്മിൽ മിക്കവർക്കും വളരെ അടുത്തായി താമസിക്കുന്ന അയൽക്കാരുണ്ട്. ഒരു ടെലിവിഷൻ സെറ്റിന്റെ മിന്നുന്ന വെളിച്ചം, ജാലകത്തിലെ ചലിക്കുന്ന നിഴലുകൾ, തെളിയുകയും കെടുകയും ചെയ്യുന്ന വൈദ്യുത ദീപങ്ങൾ, വരുകയും പോകുകയും ചെയ്യുന്ന വാഹനങ്ങളുടെ ശബ്ദം, ഇടനാഴികളിലെ കാൽപ്പെരുമാറ്റം, താക്കോൽകൊണ്ടു വാതിലുകൾ തുറക്കുകയും പൂട്ടുകയും ചെയ്യുന്ന ശബ്ദം, ഇവയെല്ലാം അയൽപക്കം “സജീവമാണ്” എന്നതിന്റെ സൂചനകളാണ്. എന്നാൽ, അടുത്തടുത്തു താമസിക്കുന്നവർ അപരിചിതത്വത്തിന്റെ മതിലുകൾക്കു പിന്നിൽ ഒളിഞ്ഞിരിക്കുകയോ തിരക്കുപിടിച്ച ഒരു ജീവിതത്തിനിടയിൽ പരസ്‌പരം അവഗണിക്കുകയോ ചെയ്യുമ്പോൾ അയൽബന്ധത്തിന് അതിന്റെ യഥാർഥ അർഥം നഷ്ടപ്പെടുന്നു. അയൽക്കാരുമായി സമ്പർക്കം പുലർത്തുകയോ ഏതെങ്കിലും വിധത്തിൽ അവരോടു കടപ്പെട്ടിരിക്കുകയോ ചെയ്യേണ്ടതില്ലെന്ന് ആളുകൾ വിചാരിച്ചേക്കാം. ഓസ്‌ട്രേലിയൻ പത്രമായ ഹെറാൾഡ് സൺ ഇങ്ങനെ സമ്മതിച്ചു പറയുന്നു: “വ്യക്തികൾ തങ്ങളുടെ തൊട്ടടുത്ത ചുറ്റുപാടുകളിൽ കൂടുതൽ അപരിചിതരാണ്. അതുകൊണ്ടുതന്നെ സാമൂഹിക കടപ്പാടിന്റെ കെട്ടുപാടുകളിൽനിന്ന് അവർ കൂടുതൽ സ്വതന്ത്രരാണ്. സാമൂഹികമായി ആകർഷണീയരല്ലാത്തവരെ അവഗണിക്കാനോ ഒഴിവാക്കാനോ ഇപ്പോൾ ഏറെ എളുപ്പമാണ്.”
ഇതിൽ ആശ്ചര്യപ്പെടേണ്ടതില്ല. ആളുകൾ ‘സ്വസ്‌നേഹികൾ’ ആയിരിക്കുന്ന ഈ ലോകത്തിൽ, അനേകരുടെയും സ്വാർഥ ജീവിതരീതിയുടെ പരിണതഫലങ്ങൾ അയൽപക്കങ്ങളിൽ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. (2 തിമൊഥെയൊസ് 3:2) അതിന്റെ ഫലമോ, വ്യാപകമായ ഏകാന്തതയും ഒറ്റപ്പെടലും. ഒറ്റപ്പെടൽ ആളുകളെ അവിശ്വസിക്കുന്നതിനു കാരണമാകുന്നു, പ്രത്യേകിച്ചും ഒരുവൻ താമസിക്കുന്നത് അക്രമവും കുറ്റകൃത്യവും നടമാടുന്ന പ്രദേശത്താണെങ്കിൽ. അവിശ്വാസം മനുഷ്യന്റെ അനുകമ്പയെ മരവിപ്പിക്കുകയും ചെയ്യുന്നു.
നിങ്ങൾ താമസിക്കുന്ന പ്രദേശത്തെ അവസ്ഥ എന്തായിരുന്നാലും, നല്ല അയൽക്കാർ സമൂഹത്തിന് ഒരു മുതൽക്കൂട്ടാണ് എന്നതിനോടു നിങ്ങൾ നിസ്സംശയമായും യോജിക്കും. ഒരു പൊതു ലക്ഷ്യം കൈവരിക്കാൻ ആളുകൾ യത്‌നിക്കുമ്പോൾ വളരെയധികം നന്മ കൈവരിക്കാൻ സാധിക്കുന്നു. നല്ല അയൽക്കാർ ഒരു അനുഗ്രഹമാണ്. അത് എങ്ങനെ എന്ന് അടുത്ത ലേഖനം പ്രകടമാക്കും.