“ഞാൻ ഒന്നിനും മാറ്റം വരുത്തുകയില്ല!”
ജീവിത കഥ
“ഞാൻ ഒന്നിനും മാറ്റം വരുത്തുകയില്ല!”
ഗ്ലാഡിസ് അലൻ പറഞ്ഞപ്രകാരം
“ആദ്യം മുതൽ ഒന്നുകൂടി ജീവിക്കാനുള്ള അവസരം ലഭിച്ചാൽ, നിങ്ങൾ എന്തിനായിരിക്കും മാറ്റം വരുത്തുക?” എന്ന ചോദ്യത്തെ ചിലപ്പോഴൊക്കെ ഞാൻ അഭിമുഖീകരിക്കാറുണ്ട്. “ഞാൻ ഒന്നിനും മാറ്റം വരുത്തുകയില്ല” എന്ന് സത്യസന്ധമായി എനിക്കു പറയാനാകും. എനിക്ക് അങ്ങനെ തോന്നുന്നതിന്റെ കാരണം ഞാൻ വിശദീകരിക്കാം.
വർഷം 1929. വേനൽക്കാലമാണ്. എനിക്കു രണ്ടു വയസ്സുണ്ട്. അന്ന് എന്റെ പിതാവ് മാത്യു അലനു വിസ്‌മയകരമായ ഒരു അനുഭവം ഉണ്ടായി. അന്തർദേശീയ ബൈബിൾ വിദ്യാർഥികൾ—യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—പ്രസിദ്ധീകരിച്ച ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കയില്ല! എന്ന ചെറുപുസ്‌തകം അദ്ദേഹത്തിനു ലഭിച്ചു. ഏതാനും പേജുകൾ ആകാംക്ഷയോടെ വായിച്ചുകഴിഞ്ഞപ്പോൾ ഡാഡി ഉറക്കെ ഇങ്ങനെ പറഞ്ഞു, “ഇത്രയും മഹത്തായ വിവരങ്ങൾ ഞാൻ ഇതേവരെ വായിച്ചിട്ടില്ല!”
താമസിയാതെ, ബൈബിൾ വിദ്യാർഥികളുടെ മറ്റു പ്രസിദ്ധീകരണങ്ങൾ ഡാഡി കരസ്ഥമാക്കി. താൻ മനസ്സിലാക്കിയ കാര്യങ്ങൾ അദ്ദേഹം ഉടൻതന്നെ എല്ലാ അയൽക്കാരുമായി പങ്കുവെക്കാൻ തുടങ്ങി. എന്നാൽ, ഞങ്ങളുടെ ഗ്രാമപ്രദേശത്ത് യഹോവയുടെ സാക്ഷികളുടെ സഭകളൊന്നും ഉണ്ടായിരുന്നില്ല. ക്രമമായ ക്രിസ്‌തീയ സഹവാസത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ ഡാഡി 1935-ൽ കുടുംബത്തോടൊപ്പം കാനഡയിലെ ഒൺടേറിയോയിലുള്ള ഓറഞ്ച്‌വില്ലിലേക്കു മാറിത്താമസിച്ചു. കാരണം, അവിടെ ഒരു സഭ ഉണ്ടായിരുന്നു.
അക്കാലത്ത് ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കാൻ പൊതുവേ കുട്ടികളെ പ്രോത്സാഹിപ്പിച്ചിരുന്നില്ല; സാധാരണഗതിയിൽ മുതിർന്നവർ യോഗത്തിൽ പങ്കെടുത്തു കഴിയുന്നതുവരെ കുട്ടികൾ യോഗസ്ഥലത്തിനു വെളിയിൽ കളിക്കുമായിരുന്നു. അതു ഡാഡിക്ക് ഇഷ്ടമായില്ല. അദ്ദേഹം ചിന്തിച്ചത് ഇങ്ങനെയാണ്, “യോഗങ്ങൾ എനിക്കു നല്ലതാണെങ്കിൽ, എന്റെ കുട്ടികൾക്കും നല്ലതാണ്.” അതിനാൽ, പുതുതായി സഹവസിക്കുന്ന ആളാണെങ്കിലും, മുതിർന്നവരോടൊപ്പം യോഗങ്ങൾക്ക് ഇരിക്കാൻ ഡാഡി എന്നോടും എന്റെ സഹോദരൻ ബോബിനോടും സഹോദരിമാരായ എല്ലയോടും റൂബിയോടും ആവശ്യപ്പെട്ടു. ഞങ്ങൾ അതനുസരിച്ചു. താമസിയാതെ മറ്റു സാക്ഷികളുടെ കുട്ടികളും യോഗങ്ങൾക്ക് ഇരിക്കാൻ തുടങ്ങി. യോഗങ്ങൾക്കു ഹാജരാകുന്നതും ഉത്തരങ്ങൾ
പറയുന്നതും ഞങ്ങളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഭാഗമായിത്തീർന്നു.ഡാഡി ബൈബിളിനെ അതിയായി സ്‌നേഹിച്ചിരുന്നു. ബൈബിൾ കഥകൾ അവ യഥാർഥത്തിൽ നടക്കുന്നതുപോലെ രസകരമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവുതന്നെ ഉണ്ടായിരുന്നു. അങ്ങനെ ഡാഡി, ഞാൻ ഇപ്പോഴും വളരെ പ്രിയത്തോടെ ഓർക്കുന്ന അതിപ്രധാന പാഠങ്ങൾ ഞങ്ങളുടെ ഇളംമനസ്സുകളിൽ പതിപ്പിച്ചു. ഞാൻ ഓർത്തിരിക്കുന്ന ഒന്ന്, യഹോവയെ അനുസരിക്കുന്നവരെ അവൻ അനുഗ്രഹിക്കും എന്നതായിരുന്നു.
ബൈബിൾ ഉപയോഗിച്ച് വിശ്വാസത്തിനു വേണ്ടി പ്രതിവാദം നടത്താനും ഡാഡി ഞങ്ങളെ പഠിപ്പിച്ചു. ഞങ്ങൾ അത് ഒരു കളിപോലെ വികസിപ്പിച്ചെടുത്തു. ഡാഡി ഇങ്ങനെ പറയുമായിരുന്നു, “ഞാൻ മരിക്കുമ്പോൾ സ്വർഗത്തിൽ പോകുമെന്നു ഞാൻ വിശ്വസിക്കുന്നു. അതു തെറ്റാണെന്നു നിങ്ങൾ എനിക്കു തെളിയിച്ചുതരണം.” ആ ഉപദേശത്തെ ഖണ്ഡിക്കുന്നതിന് ഉപയോഗിക്കാൻ കഴിയുന്ന തിരുവെഴുത്തുകൾ കണ്ടെത്താൻ റൂബിയും ഞാനും കൺകോർഡൻസിൽ പരിശോധിക്കുമായിരുന്നു. കണ്ടെത്തിയ തിരുവെഴുത്തുകൾ ഞങ്ങൾ വായിച്ചുകഴിയുമ്പോൾ ഡാഡി ഇങ്ങനെ പറയും: “അതു കൊള്ളാമല്ലോ, പക്ഷേ എനിക്ക് ഇപ്പോഴും ബോധ്യം വന്നിട്ടില്ല.” അപ്പോൾ ഞങ്ങൾ വീണ്ടും കൺകോർഡൻസിലേക്കു തിരിയും. ഞങ്ങളുടെ ഉത്തരങ്ങൾ ഡാഡിയെ തൃപ്‌തിപ്പെടുത്തുന്നതുവരെ ഈ കളി പലപ്പോഴും മണിക്കൂറുകൾ തുടരുമായിരുന്നു. തത്‌ഫലമായി, നമ്മുടെ വിശ്വാസങ്ങളെ കുറിച്ചു വിശദീകരിക്കാനും വിശ്വാസത്തിനു വേണ്ടി പ്രതിവാദം നടത്താനുമുള്ള കഴിവ് എനിക്കും റൂബിക്കും ലഭിച്ചു.
മനുഷ്യഭയത്തെ തരണം ചെയ്യൽ
വീട്ടിലും സഭായോഗങ്ങളിലും നല്ല പരിശീലനം ലഭിച്ചിട്ടും, ക്രിസ്‌തീയ ജീവിതഗതിയുടെ ചില വശങ്ങൾ എനിക്കു ദുഷ്‌കരമായി തോന്നിയെന്ന് ഞാൻ സമ്മതിക്കേണ്ടിയിരിക്കുന്നു. പല യുവജനങ്ങളെയും പോലെ, മറ്റുള്ളവരിൽനിന്ന് പ്രത്യേകിച്ചും സഹപാഠികളിൽനിന്ന് വ്യത്യസ്‌തയായിരിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. എന്റെ വിശ്വാസത്തിന്റെ ഒരു ആദ്യകാല പരിശോധന വിജ്ഞാപന ജാഥകൾ ഉൾപ്പെട്ടത് ആയിരുന്നു.
ഒരു കൂട്ടം സഹോദരീസഹോദരന്മാർ പരസ്യ വാചകങ്ങൾ എഴുതിയ പ്ലാക്കാർഡുകളും വഹിച്ച് പട്ടണത്തിലെ പ്രധാന നിരത്തുകളിലൂടെ സാവധാനം നടക്കണമായിരുന്നു. ഏകദേശം 3,000 പേർ താമസിക്കുന്ന ഞങ്ങളുടെ പട്ടണത്തിലെ എല്ലാവരും പരസ്‌പരം അറിയാവുന്നവർ ആയിരുന്നു. ഒരു വിജ്ഞാപന ജാഥയുടെ സമയത്ത്, “മതം ഒരു കെണിയും ഒരു വഞ്ചനയുമാകുന്നു” എന്ന് എഴുതിയിരുന്ന ഒരു പ്ലാക്കാർഡും പിടിച്ചുകൊണ്ട് നിരയുടെ ഏറ്റവും ഒടുവിലായി നടക്കുകയായിരുന്നു ഞാൻ. എന്റെ സഹപാഠികളിൽ ചിലർ എന്നെ കണ്ടു. അവർ ഉടൻ ജാഥയിൽ എന്റെ പുറകിലായി വന്നു നിന്ന് “ഗോഡ് സേവ് ദ കിംഗ്” (“ദൈവം രാജാവിനെ രക്ഷിക്കട്ടെ”) എന്നു പാടാൻ തുടങ്ങി. ഞാൻ ആ സാഹചര്യം എങ്ങനെയാണു കൈകാര്യം ചെയ്‌തത്? മുന്നോട്ടു നീങ്ങാനുള്ള കരുത്തിനായി ഞാൻ മനസ്സുരുകി പ്രാർഥിച്ചു. ജാഥ കഴിഞ്ഞപ്പോൾ, ഞാൻ പിടിച്ചിരുന്ന പ്ലാക്കാർഡ് രാജ്യഹാളിൽ ഏൽപ്പിച്ചിട്ട് വീട്ടിൽ പോകാനായി ഞാൻ രാജ്യഹാളിലേക്ക് ഓടി. എന്നാൽ, മറ്റൊരു ജാഥ തുടങ്ങാൻ പോകുകയാണെന്നും ഒരു പ്ലാക്കാർഡു പിടിക്കാൻ ഒരാളെ കൂടി വേണമെന്നും ചുമതല വഹിച്ചിരുന്ന സഹോദരൻ എന്നോടു പറഞ്ഞു. അങ്ങനെ ഞാൻ ജാഥയിൽ വീണ്ടും പങ്കെടുത്തു, കൂടുതൽ തീവ്രമായി പ്രാർഥിച്ചുകൊണ്ട്. എന്നാൽ അപ്പോഴേക്കും സഹപാഠികൾ ക്ഷീണിച്ച് തങ്ങളുടെ വീടുകളിലേക്കു പൊയ്‌ക്കഴിഞ്ഞിരുന്നു. അപ്പോൾ കരുത്തിനായുള്ള എന്റെ പ്രാർഥനകൾ നന്ദി നൽകിക്കൊണ്ടുള്ള പ്രാർഥനകളായി മാറി!—സദൃശവാക്യങ്ങൾ 3:5.
മുഴുസമയ സേവകർക്കു ഞങ്ങളുടെ വീട്ടിൽ എപ്പോഴും സ്വാഗതം ഉണ്ടായിരുന്നു. സന്തുഷ്ടരായ അവരെ സത്‌കരിക്കുന്നത് ആനന്ദകരമായിരുന്നു. സാധ്യമായതിൽ ഏറ്റവും നല്ല ജീവിതഗതി മുഴുസമയ ശുശ്രൂഷ ആണെന്ന് മാതാപിതാക്കൾ ഞങ്ങളോടു കുഞ്ഞുന്നാൾ മുതലേ പറയുമായിരുന്നു.
അവരുടെ പ്രോത്സാഹനത്തോടു പ്രതികരിച്ചുകൊണ്ട്, 1945-ൽ ഞാൻ മുഴുസമയ ശുശ്രൂഷ ആരംഭിച്ചു. പിന്നീട് ഞാൻ ഒൺടേറിയോയിലെ ലണ്ടനിൽ പയനിയറിങ് നടത്തുകയായിരുന്ന എന്റെ സഹോദരി എല്ലയോടൊപ്പം ചേർന്നു. അവിടെവെച്ച് എനിക്ക് ഒരിക്കലും ചെയ്യാൻ സാധിക്കില്ലെന്നു ഞാൻ കരുതിയ ഒരു പ്രത്യേക സേവനവശവുമായി ഞാൻ പരിചയപ്പെട്ടു. സഹോദരങ്ങൾ പ്രാദേശിക ബാറുകളിൽ ഓരോ മേശയ്‌ക്കരികിലും പോയി അവിടെ ഇരിക്കുന്നവർക്ക് വീക്ഷാഗോപുരത്തിന്റെയും ആശ്വാസത്തിന്റെയും (ഇപ്പോൾ ഉണരുക!)
പ്രതികൾ നൽകുമായിരുന്നു. സന്തോഷകരമെന്നു പറയട്ടെ, ശനിയാഴ്‌ച ഉച്ചകഴിഞ്ഞ സമയങ്ങളിലാണ് ഈ വേല ചെയ്‌തിരുന്നത്. തന്മൂലം പ്രസ്‌തുത വേലയിൽ പങ്കെടുക്കുന്നതിനുള്ള ധൈര്യത്തിനായി പ്രാർഥിക്കാൻ എനിക്ക് ഒരു ആഴ്‌ച മുഴുവൻ ഉണ്ടായിരുന്നു! ആ വേല എന്നെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നില്ല, എന്നാൽ പ്രതിഫലദായകമായിരുന്നു.അതേസമയം, നാസി തടങ്കൽപ്പാളയങ്ങളിൽ നമ്മുടെ സഹോദരങ്ങൾ അനുഭവിച്ചിരുന്ന പീഡനത്തെ കുറിച്ചു ചർച്ച ചെയ്യുന്ന ആശ്വാസത്തിന്റെ പ്രത്യേക ലക്കങ്ങൾ ആളുകൾക്ക്, പ്രത്യേകിച്ചും വലിയ സഹകരണസ്ഥാപനങ്ങളുടെ പ്രസിഡന്റുമാർ ഉൾപ്പെടുന്ന പ്രധാനപ്പെട്ട കനേഡിയൻ ബിസിനസുകാർക്ക്, എത്തിച്ചുകൊടുക്കാനും ഞാൻ പഠിച്ചു. നാം ശക്തിക്കായി യഹോവയിൽ ആശ്രയിക്കുന്നിടത്തോളം കാലം അവൻ നമ്മെ പിന്തുണയ്‌ക്കുമെന്നു വർഷങ്ങളിലെ അനുഭവത്തിലൂടെ ഞാൻ പഠിച്ചിരിക്കുന്നു. ഡാഡി പറയുമായിരുന്നതു പോലെ, യഹോവയെ അനുസരിക്കുന്നവരെ അവൻ അനുഗ്രഹിക്കുന്നു.
ക്വിബെക്കിൽ സേവിക്കാനുള്ള ആഹ്വാനത്തോടു പ്രതികരിക്കുന്നു
കാനഡയിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം 1940 ജൂലൈ 4-ന് നിരോധിക്കപ്പെട്ടു. പിന്നീട്, നിരോധനം നീക്കം ചെയ്യപ്പെട്ടു. എന്നാൽ റോമൻ കത്തോലിക്കാ പ്രവിശ്യയായ ക്വിബെക്കിൽ സാക്ഷികൾ അപ്പോഴും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. അവിടത്തെ സഹോദരങ്ങൾക്കു സഹിക്കേണ്ടിവന്ന ദുരവസ്ഥയിലേക്കു ശ്രദ്ധ ക്ഷണിക്കാൻ ശക്തമായ വാക്കുകൾ ഉൾക്കൊള്ളുന്ന ദൈവത്തോടും ക്രിസ്‌തുവിനോടും സ്വാതന്ത്ര്യത്തോടുമുള്ള ക്വിബെക്കിന്റെ കടുത്ത വിദ്വേഷം കാനഡയ്‌ക്കു മുഴുവൻ ലജ്ജാകരം (ഇംഗ്ലീഷ്) എന്ന ലഘുലേഖ ഉപയോഗിച്ചുള്ള ഒരു പ്രത്യേക പ്രചാരണ പരിപാടി നടത്തപ്പെട്ടു. യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ അംഗമായിരുന്ന നേഥൻ എച്ച്. നോർ, മോൺട്രിയോൾ നഗരത്തിൽ നൂറുകണക്കിനു പയനിയർമാരുമായി കൂടിവന്ന് ഞങ്ങൾ താമസിയാതെ ചെയ്യാൻ പോകുന്ന സംഗതിയെ കുറിച്ച് ചിലതൊക്കെ വിശദീകരിച്ചുതന്നു. ഞങ്ങൾ ഈ പ്രചാരണ പരിപാടിയിൽ ഏർപ്പെടാൻ സമ്മതിക്കുന്നപക്ഷം അറസ്റ്റ് ചെയ്‌ത് ജയിലിൽ ഇടാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞു. അത് എത്ര സത്യമായിരുന്നു! എന്നെ 15 പ്രാവശ്യം അറസ്റ്റു ചെയ്‌തു. വയൽസേവനത്തിനു പോകുമ്പോൾ, രാത്രിയിൽ ജയിലിൽ കഴിയേണ്ടിവന്നെങ്കിലോ എന്നോർത്ത് ഞങ്ങൾ പല്ലുതേയ്‌ക്കുന്ന ബ്രഷും ചീപ്പും കൂടെ കൊണ്ടുപോകുമായിരുന്നു.
ആദ്യമൊക്കെ, ഞങ്ങളിലേക്ക് ആളുകളുടെ ശ്രദ്ധ ആകർഷിക്കാതിരിക്കാൻ ഞങ്ങൾ വേലയിലധികവും രാത്രിയിലാണു ചെയ്‌തത്. ഞാൻ എന്റെ കോട്ടിന് അടിയിലായി കഴുത്തിൽ തൂക്കിയിട്ടിരുന്ന ഒരു ബാഗിൽ കുറെ ലഘുലേഖകൾ സൂക്ഷിക്കുക പതിവായിരുന്നു. ലഘുലേഖകൾ നിറച്ച ബാഗും ചുമന്നു നടക്കുന്ന എന്നെ കണ്ടാൽ ഗർഭിണി ആണെന്നു തോന്നുമായിരുന്നു. സാക്ഷീകരണസ്ഥലത്തേക്കു പോകാനായി ആളുകൾ തിങ്ങിനിറഞ്ഞ ട്രാമിൽ കയറേണ്ടിവരുന്ന സമയത്ത് അത് എനിക്കു ഗുണകരമായി. പല അവസരങ്ങളിലും പുരുഷന്മാർ “ഗർഭിണിയായ” എനിക്കു സീറ്റ് ഒഴിഞ്ഞുതരുമായിരുന്നു.
നാളുകൾ കടന്നുപോയപ്പോൾ, ഞങ്ങൾ പകൽസമയത്ത് വിതരണപ്രവർത്തനത്തിൽ ഏർപ്പെടാൻ തുടങ്ങി. മൂന്നോ നാലോ വീടുകളുടെ വാതിൽക്കൽ ആ ലഘുലേഖ ഇട്ടശേഷം ഞങ്ങൾ മറ്റൊരു പ്രദേശത്തു പോയി പ്രവർത്തിക്കുമായിരുന്നു. സാധാരണഗതിയിൽ അതു വിജയകരമായിരുന്നു. എന്നാൽ ഞങ്ങൾ ഒരു പ്രദേശത്തു വന്നിട്ടുണ്ടെന്ന് അവിടത്തെ പുരോഹിതൻ അറിഞ്ഞാൽ കുഴപ്പമായി. ഒരു അവസരത്തിൽ, ഒരു പുരോഹിതൻ മുതിർന്നവരും കുട്ടികളും അടങ്ങുന്ന 50-60 ആളുകളെ പറഞ്ഞ് എരികേറ്റി. അവർ ഞങ്ങളെ തക്കാളിയും മുട്ടയുമൊക്കെ എറിഞ്ഞു. ഞങ്ങൾ ഒരു ക്രിസ്‌തീയ സഹോദരിയുടെ വീട്ടിൽ അഭയം തേടി. അന്നു രാത്രി ഞങ്ങൾ തറയിലാണു കിടന്നുറങ്ങിയത്.
ക്വിബെക്ക് പ്രദേശത്തെ ഫ്രഞ്ച് സംസാരിക്കുന്നവരുടെ ഇടയിൽ പ്രസംഗിക്കുന്നതിനു പയനിയർമാരെ ആവശ്യമുണ്ടായിരുന്നു. തന്മൂലം, 1958 ഡിസംബറിൽ ഞാനും സഹോദരി റൂബിയും ഫ്രഞ്ചുഭാഷ പഠിക്കാൻ തുടങ്ങി. അതിൽപ്പിന്നെ ആ പ്രവിശ്യയിൽ ഫ്രഞ്ച് സംസാരിക്കുന്ന ആളുകളുള്ള പല പ്രദേശങ്ങളിലും ഞങ്ങൾക്കു നിയമനം ലഭിച്ചു. ഓരോ നിയമനവും അനുപമമായ അനുഭവമായിരുന്നു. ഒരു സ്ഥലത്ത്, ഞങ്ങൾ ദിവസം എട്ടു മണിക്കൂർ വെച്ച് രണ്ടു വർഷം വീടുതോറുമുള്ള വേലയിൽ ഏർപ്പെട്ടിട്ടും ഞങ്ങളുടെ സന്ദേശം കേൾക്കാൻ ആരും തയ്യാറായില്ല! ആളുകൾ വാതിൽക്കൽ വന്ന് അതിന്മേലുള്ള ജാലകമറ താഴ്‌ത്തുമായിരുന്നു. എന്നാൽ ഞങ്ങൾ ശ്രമം നിറുത്തിയില്ല. ഇന്ന് ആ പട്ടണത്തിൽ തഴച്ചുവളരുന്ന രണ്ടു സഭകളുണ്ട്.
എല്ലാ വിധത്തിലും യഹോവ പിന്താങ്ങുന്നു
ഞങ്ങൾക്ക് 1965-ൽ പ്രത്യേക പയനിയർമാരായി സേവിക്കാനുള്ള അവസരം ലഭിച്ചു. ഒരു പ്രദേശത്ത് പ്രത്യേക പയനിയർമാരായി സേവിക്കവേ, “ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക” എന്ന് 1 തിമൊഥെയൊസ് 6:8-ൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലൊസിന്റെ വാക്കുകളുടെ മുഴു അർഥവും ഞങ്ങൾക്കു മനസ്സിലായി. ഞങ്ങളുടെ ചെലവുകൾ നടത്താൻ കർശനമായ ഒരു ബജറ്റ് ഞങ്ങൾ പിൻപറ്റേണ്ടിയിരുന്നു. അതുകൊണ്ട് വീടു ചൂടാക്കാനും വാടകയ്‌ക്കും വൈദ്യുതിക്കും ഭക്ഷണത്തിനുമുള്ള പണം ഞങ്ങൾ മാറ്റിവെച്ചു. പിന്നെ ഞങ്ങൾക്ക് ആ മാസത്തെ മറ്റു ചെലവുകൾക്കു ബാക്കി ഉണ്ടായിരുന്നത് 25 സെന്റ് മാത്രമാണ്.
പണം കുറവായിരുന്നതിനാൽ, രാത്രിയിൽ ഏതാനും മണിക്കൂർ നേരത്തേക്കു മാത്രമേ ഞങ്ങൾക്ക് ഹീറ്റർ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. അതുകൊണ്ട്, ഞങ്ങൾ കിടക്കുന്ന മുറിയിലെ താപനില ഒരിക്കലും 15 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയർന്നില്ല. പലപ്പോഴും വളരെയേറെ തണുപ്പായിരുന്നുതാനും. അങ്ങനെയിരിക്കെ ഒരിക്കൽ, റൂബി ബൈബിളധ്യയനം സങ്കീർത്തനം 37:25-ലെ വാക്കുകൾ എത്ര സത്യമാണ്: “നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല”!
നടത്തിക്കൊണ്ടിരുന്ന ഒരു സ്‌ത്രീയുടെ മകൻ ഞങ്ങളുടെ വീട്ടിൽ വന്നു. ഞങ്ങൾ തണുത്തു മരവിച്ചാണു കഴിയുന്നത് എന്ന് അവൻ ചെന്ന് അമ്മയോടു പറഞ്ഞുകാണും. അതിനുശേഷം ഞങ്ങളുടെ ഹീറ്റർ എല്ലാ സമയവും പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ എണ്ണ വാങ്ങുന്നതിന് അവർ മാസംതോറും മുന്നൂറു രൂപ ഞങ്ങൾക്കു തരുമായിരുന്നു. എന്തെങ്കിലും കുറവുള്ളതായി ഞങ്ങൾക്കു തോന്നിയിരുന്നില്ല. ഞങ്ങൾ ധനികരായിരുന്നില്ല, എങ്കിലും ഞങ്ങളുടെ അവശ്യ കാര്യങ്ങൾ എല്ലായ്‌പോഴും സാധിച്ചിരുന്നു. മിച്ചംവരുന്ന എന്തും ഒരു അനുഗ്രഹമായി ഞങ്ങൾ കരുതി.ഞങ്ങൾക്ക് എതിർപ്പ് നേരിടേണ്ടിയിരുന്നെങ്കിലും, ഞാൻ ബൈബിൾ അധ്യയനം എടുത്ത പലരും സത്യത്തിന്റെ പരിജ്ഞാനത്തിലേക്കു വന്നത് എന്നെ സന്തുഷ്ടയാക്കി. അവരിൽ ചിലർ മുഴുസമയ ശുശ്രൂഷ തങ്ങളുടെ ജീവിതഗതിയായി സ്വീകരിച്ചു, അത് എന്നെ എത്ര സന്തോഷിപ്പിച്ചെന്നോ!
പുതിയ വെല്ലുവിളികളെ വിജയപ്രദമായി നേരിടുന്നു
ഞങ്ങൾക്ക് 1970-ൽ പുതിയ നിയമനം ലഭിച്ചത് ഒൺടേറിയോയിലെ കോൺവോളിൽ ആയിരുന്നു. ഞങ്ങൾ കോൺവോളിൽ എത്തി ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ മമ്മിക്കു സുഖമില്ലാതായി. ഡാഡി 1957-ൽ മരിച്ചുപോയിരുന്നു. ഞാനും എന്റെ രണ്ടു സഹോദരിമാരും മാറിമാറി മമ്മിയെ പരിചരിച്ചു, ഒടുവിൽ 1972-ൽ മമ്മിയും മരിച്ചു. ഈ സമയത്ത് ഞങ്ങളുടെ പ്രത്യേക പയനിയർ പങ്കാളികളായ എല്ല ലിസിറ്റ്‌സായും ആൻ കോവാലെൻകോയും ഞങ്ങൾക്കു സ്‌നേഹപൂർവകമായ പിന്തുണ നൽകി. അവർ ഞങ്ങളെ ബലപ്പെടുത്തുന്ന ഒരു സ്വാധീനമായും വർത്തിച്ചു. ഞങ്ങളുടെ അസാന്നിധ്യത്തിൽ അവർ ഞങ്ങൾ നടത്തിയിരുന്ന ബൈബിൾ അധ്യയനങ്ങൾ എടുക്കുകയും മറ്റ് ഉത്തരവാദിത്വങ്ങൾ നോക്കുകയും ചെയ്‌തു. സദൃശവാക്യങ്ങൾ 18:24-ലെ വാക്കുകൾ എത്രയോ സത്യമാണ്: ‘സഹോദരനെക്കാളും പററുള്ള സ്‌നേഹിതർ ഉണ്ട്’!
ജീവിതം തീർച്ചയായും വെല്ലുവിളികൾ നിറഞ്ഞതാണ്. യഹോവയുടെ സ്‌നേഹപുരസ്സരമായ പിന്തുണയോടെ അവയെ നേരിടാൻ എനിക്കു സാധിച്ചിരിക്കുന്നു. ഞാൻ ഇപ്പോഴും മുഴുസമയ സേവനത്തിൽ സന്തോഷത്തോടെ തുടരുന്നു. 1993-ൽ മരിച്ചുപോയ ബോബ് 20-ലധികം വർഷം പയനിയർ സേവനം ചെയ്‌തു. അതിൽ ഭാര്യ ഡോളിന്റെ കൂടെ പയനിയറിങ് ചെയ്‌ത 10 വർഷങ്ങൾ വിലപ്പെട്ടതായിരുന്നു. 1998 ഒക്ടോബറിൽ മരിച്ചുപോയ എന്റെ മൂത്ത സഹോദരി എല്ല, 30-ലധികം വർഷം പയനിയറിങ് ചെയ്‌തു. മാത്രമല്ല, എല്ല എപ്പോഴും പയനിയർ ആത്മാവ് പ്രകടമാക്കിയിരുന്നു. 1991-ൽ നടത്തിയ വൈദ്യപരിശോധനയിൽ എന്റെ മറ്റൊരു സഹോദരിയായ റൂബിക്ക് കാൻസർ ആണെന്നു തെളിഞ്ഞു. ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നെങ്കിലും അവൾ തുടർന്നും സുവാർത്ത പ്രസംഗിച്ചു. 1999 സെപ്‌റ്റംബർ 26-ലെ പ്രഭാതത്തിൽ മരിക്കുന്നതുവരെ അവൾ തന്റെ നർമബോധം നിലനിറുത്തിയിരുന്നു. എന്റെ സഹോദരിമാർ ഇപ്പോൾ എന്നോടൊപ്പം ഇല്ലെങ്കിലും, എന്റെ നർമബോധം നിലനിറുത്താൻ എന്നെ സഹായിക്കുന്നതിന് എനിക്കു സഹോദരങ്ങളുടെ ആത്മീയ കുടുംബം ഉണ്ട്.
പിന്നിട്ട നാളുകളിലേക്കു തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ എന്തിനു മാറ്റം വരുത്താനാണ്? ഞാൻ വിവാഹം കഴിച്ചിട്ടില്ല. എന്നാൽ തങ്ങളുടെ ജീവിതത്തിൽ സത്യത്തിനു പ്രഥമ സ്ഥാനം കൊടുത്ത സ്‌നേഹസമ്പന്നരായ മാതാപിതാക്കൾ, ഒരു സഹോദരൻ, സഹോദരിമാർ എന്നിവരോടൊപ്പം ആയിരിക്കുന്നതിന്റെ സന്തോഷം ഞാൻ ആസ്വദിച്ചു. പുനരുത്ഥാനത്തിൽ അവരെയെല്ലാം ഉടൻ കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഡാഡി എന്നെ ചേർത്തുപിടിക്കുന്നത് അനുഭവിച്ചറിയാനും ഞാനും മമ്മിയും പരസ്‌പരം പുണരുമ്പോൾ മമ്മിയുടെ കണ്ണുനീർ കാണാനും എനിക്ക് ഇപ്പോൾ പോലും കഴിയുന്നു. എല്ലയും റൂബിയും ബോബും സന്തോഷത്താൽ തുള്ളിച്ചാടുമെന്ന് എനിക്കറിയാം.
അതിനിടെ, ശേഷിച്ച ആരോഗ്യവും ഊർജവും ഉപയോഗിച്ച് യഹോവയെ സ്‌തുതിക്കുന്നതിലും മഹത്ത്വപ്പെടുത്തുന്നതിലും തുടരുക എന്നതാണ് എന്റെ ദൃഢനിശ്ചയം. മുഴുസമയ പയനിയർ സേവനം വിസ്‌മയകരവും പ്രതിഫലദായകവുമായ ഒരു ജീവിതഗതിയാണ്. അത് യഹോവയുടെ വഴികളിൽ നടക്കുന്നവരെ കുറിച്ച് സങ്കീർത്തനക്കാരൻ പറഞ്ഞതു പോലെയാണ്: ‘നീ ഭാഗ്യവാൻ [“സന്തുഷ്ടനായിരിക്കും,” NW]; നിനക്കു നന്മ വരും.’—സങ്കീർത്തനം 128:1, 2.
[26-ാം പേജിലെ ചിത്രങ്ങൾ]
ഡാഡി ബൈബിളിനെ അതിയായി സ്‌നേഹിച്ചിരുന്നു. അത് ഉപയോഗിച്ച് വിശ്വാസത്തിനായി പ്രതിവാദം നടത്താൻ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു
[28-ാം പേജിലെ ചിത്രം]
ഇടത്തുനിന്ന്: റൂബി, ഞാൻ, ബോബ്, എല്ല, മമ്മി, ഡാഡി, 1947-ൽ
[28-ാം പേജിലെ ചിത്രം]
മുൻ നിര, ഇടത്തുനിന്ന്: ഞാനും റൂബിയും എല്ലയും 1998-ലെ ഒരു ഡിസ്‌ട്രിക്‌റ്റ് കൺവെൻഷനിൽ