വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നല്ല അയൽക്കാർ​—⁠ഒരു മുതൽക്കൂട്ട്‌

നല്ല അയൽക്കാർ​—⁠ഒരു മുതൽക്കൂട്ട്‌

നല്ല അയൽക്കാർ​—⁠ഒരു മുതൽക്കൂട്ട്‌

“ദൂരത്തെ സഹോദരനിലും സമീപത്തെ അയല്‌ക്കാരൻ നല്ലതു.”​—⁠സദൃശവാക്യങ്ങൾ 27:⁠10.

പൊ.യു. ഒന്നാം നൂറ്റാണ്ടിലെ ഒരു പണ്ഡിതൻ യേശുവിനോടു ചോദിച്ചു: “എന്റെ അയല്‌ക്കാരൻ ആര്‌?” (ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാന്തരം) യേശുവിന്റെ മറുപടിയിൽ, അയാളുടെ അയൽക്കാരൻ ആരാണ്‌ എന്നല്ല, മറിച്ച്‌ ഒരുവനെ യഥാർഥ അയൽക്കാരൻ ആക്കുന്നത്‌ എന്താണ്‌ എന്ന്‌ അവൻ പറഞ്ഞു. യേശു നൽകിയ ദൃഷ്ടാന്തകഥ നിങ്ങൾക്കു പരിചിതമായിരിക്കാം. നല്ല ശമര്യക്കാരന്റെ സാരോപദേശകഥ എന്ന പേരിൽ പലർക്കും അറിയാവുന്ന ഇത്‌ ലൂക്കൊസിന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. യേശു ആ കഥ പറഞ്ഞത്‌ ഇങ്ങനെയാണ്‌:

“ഒരു മനുഷ്യൻ യെരൂശലേമിൽനിന്നു യെരീഹോവിലേക്കു പോകുമ്പോൾ കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടു; അവർ അവനെ വസ്‌ത്രം അഴിച്ചു മുറിവേല്‌പിച്ചു അർദ്ധപ്രാണനായി വിട്ടേച്ചു പോയി. ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതൻ വന്നു അവനെ കണ്ടിട്ടു മാറി കടന്നുപോയി. അങ്ങനെ തന്നേ ഒരു ലേവ്യനും ആ സ്ഥലത്തിൽ എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി. ഒരു ശമര്യക്കാരനോ വഴിപോകയിൽ അവന്റെ അടുക്കൽ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞു അരികെ ചെന്നു എണ്ണയും വീഞ്ഞും പകർന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തിൽ കയററി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്‌തു. പിറെറന്നാൾ അവൻ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശ്‌ എടുത്തു വഴിയമ്പലക്കാരന്നു കൊടുത്തു: ഇവനെ രക്ഷ ചെയ്യേണം; അധികം വല്ലതും ചെലവിട്ടാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നുകൊള്ളാം എന്നു അവനോടു പറഞ്ഞു. കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവന്നു ഈ മൂവരിൽ ഏവൻ കൂട്ടുകാരനായിത്തീർന്നു [‘അയല്‌ക്കാരൻ ആയിത്തീർന്നു,’ ന്യൂ ഇന്ത്യാ ഭാഷാന്തരം] എന്നു നിനക്കു തോന്നുന്നു?”​—⁠ലൂക്കൊസ്‌ 10:29-36.

പണ്ഡിതന്‌ ആ സാരോപദേശകഥയുടെ അന്തഃസത്ത പിടികിട്ടിയെന്നു തോന്നുന്നു. മുറിവേറ്റ മനുഷ്യന്റെ അയൽക്കാരൻ ആരായിരുന്നു എന്ന്‌ യാതൊരു സന്ദേഹവും കൂടാതെ അയാൾ ശരിയായിത്തന്നെ പറഞ്ഞു: “അവനോടു കരുണ കാണിച്ചവൻ.” അപ്പോൾ യേശു അവനോടു പറഞ്ഞു: “നീയും പോയി അങ്ങനെ തന്നേ ചെയ്‌ക.” (ലൂക്കൊസ്‌ 10:37) ഒരു യഥാർഥ അയൽക്കാരൻ ആയിരിക്കുക എന്നതിന്റെ അർഥം വ്യക്തമാക്കുന്ന എത്ര ശക്തമായ ദൃഷ്ടാന്തം! യേശു പറഞ്ഞ സാരോപദേശകഥ നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാൻ നമ്മെ പ്രേരിപ്പിച്ചേക്കാം: ‘ഞാൻ എങ്ങനെയുള്ള അയൽക്കാരൻ ആണ്‌? എന്റെ അയൽക്കാർ ആരാണ്‌ എന്നു നിർണയിക്കുന്നതിൽ എന്റെ വർഗീയമോ ദേശീയമോ ആയ പശ്ചാത്തലം എന്നെ സ്വാധീനിക്കുന്നുണ്ടോ? അത്തരം ഘടകങ്ങൾ, കുഴപ്പത്തിൽ ആയിരിക്കുന്ന ഒരു സഹമനുഷ്യനെ സഹായിക്കുന്നതിനുള്ള എന്റെ കടപ്പാടിനെ പരിമിതപ്പെടുത്തുന്നുവോ? ഒരു നല്ല അയൽക്കാരൻ ആയിരിക്കാൻ ഞാൻ പ്രത്യേക ശ്രമം ചെയ്യുന്നുവോ?’

എവിടെ തുടങ്ങണം?

ഇക്കാര്യത്തിൽ നമുക്കു പുരോഗതി ആവശ്യമാണെന്നു തോന്നുന്നെങ്കിൽ, നമ്മുടെ മനോഭാവത്തിലാണ്‌ ആദ്യം മാറ്റം വരുത്തേണ്ടത്‌. ഒരു നല്ല അയൽക്കാരൻ ആയിരിക്കുന്നതിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്‌. ഇതു നമുക്കു നല്ല അയൽക്കാർ ഉണ്ടായിരിക്കുന്നതിനും ഇടയാക്കിയേക്കാം. ഏകദേശം രണ്ടായിരം വർഷങ്ങൾക്കു മുമ്പ്‌, പ്രസിദ്ധമായ ഗിരിപ്രഭാഷണത്തിൽ യേശു മനുഷ്യ ബന്ധങ്ങളുമായി ബന്ധപ്പെട്ട ആ സുപ്രധാന തത്ത്വം ഊന്നിപ്പറഞ്ഞു. അവൻ പ്രസ്‌താവിച്ചു: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ.” (മത്തായി 7:12) മറ്റുള്ളവരോട്‌ ആദരവോടും ദയയോടും കൂടെ മാന്യമായി ഇടപെടുന്നത്‌ അതേ വിധത്തിൽ നിങ്ങളോടു പെരുമാറാൻ അവരെ പ്രോത്സാഹിപ്പിക്കുന്നു.

1865 മുതലുള്ള ജനത (ഇംഗ്ലീഷ്‌) എന്ന മാസികയിലെ “നിങ്ങളുടെ അയൽക്കാരെ സ്‌നേഹിക്കൽ” എന്ന ലേഖനത്തിൽ, അയൽസ്‌നേഹം പ്രോത്സാഹിപ്പിക്കുന്നതിനു ചെയ്യാനാകുന്ന ഏതാനും ലളിതമായ കാര്യങ്ങളെ കുറിച്ച്‌ ജേർണലിസ്റ്റും ഗ്രന്ഥകാരിയുമായ ലീസ ഫുൺഡർബുർഗ്‌ പരാമർശിച്ചു. ലീസ ഇപ്രകാരം എഴുതി: ‘പത്രം എടുത്ത്‌ അകത്തു കൊണ്ടുപോയി കൊടുക്കൽ, കുട്ടികളെ നോക്കൽ, കടയിൽനിന്നു സാധനങ്ങൾ വാങ്ങിക്കൊടുക്കൽ തുടങ്ങി അയൽക്കാർ പരസ്‌പരം ചെയ്യുന്ന നിരവധി കൊച്ചുകൊച്ച്‌ ഉപകാരങ്ങളിലൂടെ അവർ തങ്ങളുടെ വ്യക്തിബന്ധങ്ങൾ പ്രകടിപ്പിച്ചുകാണാൻ ഞാൻ ആഗ്രഹിക്കുന്നു. ആളുകൾ ഒന്നിനൊന്ന്‌ അകന്നുകഴിയുന്ന, ഭയത്താലും കുറ്റകൃത്യത്താലും ജനസമൂഹങ്ങൾ ദുർബലമായിത്തീരുന്ന ഒരു ലോകത്തിൽ ഇങ്ങനെയൊരു അടുപ്പം ഉണ്ടായിക്കാണാൻ ഞാൻ ആഗ്രഹിക്കുന്നു.’ തുടർന്ന്‌ അവർ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “എവിടെയെങ്കിലും തുടങ്ങിയേ പറ്റൂ. തൊട്ടടുത്തു താമസിക്കുന്ന ആളിൽ നിന്നുതന്നെ ആകാം.”

പരസ്‌പരമുള്ള ആരോഗ്യാവഹമായ ഒരു മനോഭാവം വളർത്തിയെടുക്കാൻ അയൽക്കാരെ സഹായിക്കുന്ന ഒരു ആശയം കനേഡിയൻ ജിയോഗ്രഫിക്‌ എന്ന മാഗസിനും നൽകുന്നു. എഴുത്തുകാരിയായ മാർനി ജാക്‌സൺ ഇങ്ങനെ അഭിപ്രായപ്പെട്ടു: “കുടുംബാംഗങ്ങളുടെ കാര്യത്തിൽ എന്നതുപോലെ, നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക്‌ എപ്പോഴും തിരഞ്ഞെടുക്കാൻ കഴിയാത്ത ആളുകളാണ്‌ അയൽക്കാർ. നല്ല ബന്ധങ്ങൾ പുലർത്തുന്നതിനു നയവും ചില പെരുമാറ്റമര്യാദകളും സഹിഷ്‌ണുതയും ആവശ്യമാണ്‌.”

നല്ല അയൽക്കാർ​—⁠നല്ല ദാതാക്കൾ

നമ്മിൽ പലർക്കും അയൽക്കാരെ സമീപിക്കുന്നതിൽ ബുദ്ധിമുട്ട്‌ തോന്നിയേക്കാം എന്നതു ശരിതന്നെ. സമ്പർക്കം ഒഴിവാക്കി ഒറ്റപ്പെട്ടു കഴിയുന്നതാണ്‌ അതിലും എളുപ്പമെന്നു നാം വിചാരിച്ചേക്കാം. എന്നാൽ, “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്‌” എന്നു ബൈബിൾ പറയുന്നു. (പ്രവൃത്തികൾ 20:​35, NW) അതുകൊണ്ട്‌ ചുറ്റുമുള്ള ആളുകളുമായി പരിചയത്തിലാകാൻ ഒരു നല്ല അയൽക്കാരൻ ശ്രമിക്കുന്നു. വളരെ അടുത്ത ബന്ധങ്ങൾ വളർത്തിയെടുക്കാൻ അവശ്യം ആഗ്രഹിക്കുന്നില്ലെങ്കിൽ പോലും, അയാൾ ഇടയ്‌ക്കിടെ അവരുമായി രണ്ടുവാക്കു സംസാരിക്കാൻ ശ്രമിക്കുന്നു. സൗഹാർദപൂർവം പുഞ്ചിരിച്ചുകൊണ്ടോ കൈ വീശിക്കൊണ്ടോ മറ്റോ ആയിരിക്കാം ഒരുപക്ഷേ അയാൾ തുടക്കമിടുക.

മുകളിൽ പ്രസ്‌താവിച്ചതുപോലെ, അയൽക്കാർ പരസ്‌പരം ചെയ്യുന്ന ‘നിരവധി കൊച്ചുകൊച്ച്‌ ഉപകാരങ്ങൾ’ ആണ്‌ നല്ല അയൽബന്ധങ്ങൾ സ്ഥാപിക്കുന്നതിലും നിലനിറുത്തുന്നതിലും വാസ്‌തവത്തിൽ പ്രധാനം. അതുകൊണ്ട്‌ ഒരു അയൽക്കാരനു വേണ്ടി നിങ്ങൾക്കു ചെയ്യാൻ സാധിക്കുന്ന കൊച്ചുകൊച്ചു ദയാപ്രകടനങ്ങൾ എന്തൊക്കെ എന്നതിനെ കുറിച്ചു ചിന്തിക്കുന്നതു നല്ലതാണ്‌. കാരണം, ഇതു മിക്കപ്പോഴും സഹകരണത്തിന്റെയും പരസ്‌പര ആദരവിന്റെയും ഒരു മനോഭാവം ഉന്നമിപ്പിക്കും. മാത്രമല്ല, അങ്ങനെ ചെയ്യുകവഴി “നന്മ ചെയ്‌വാൻ നിനക്കു പ്രാപ്‌തിയുള്ളപ്പോൾ അതിന്നു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുതു” എന്ന ബൈബിൾ ബുദ്ധിയുപദേശം പിൻപറ്റുകയായിരിക്കും നാം ചെയ്യുന്നത്‌.​—⁠സദൃശവാക്യങ്ങൾ 3:27; യാക്കോബ്‌ 2:14-17.

നല്ല അയൽക്കാർ​—⁠വിലമതിപ്പുള്ള സ്വീകർത്താക്കൾ

എല്ലാവരും സഹായവും സമ്മാനങ്ങളും വിലമതിപ്പോടെ സ്വീകരിക്കുന്നുവെങ്കിൽ, അത്‌ എത്ര ഉദാത്തമായിരിക്കും. എന്നാൽ, അത്‌ എപ്പോഴും അങ്ങനെ ആയിരിക്കുന്നില്ല എന്നതാണു ദുഃഖകരമായ സംഗതി. നിരവധി സഹായങ്ങളും സദുദ്ദേശ്യത്തോടു കൂടിയ സമ്മാനങ്ങളും പലരും വിലമതിപ്പില്ലാതെ സ്വീകരിച്ചിട്ടുള്ളതിനാൽ, ‘മേലാൽ ഞാൻ ഇതിനില്ല!’ എന്ന്‌ ആത്മാർഥതയുള്ള ദാതാവ്‌ ഒരുപക്ഷേ ചിന്തിച്ചേക്കാം. ചിലപ്പോഴൊക്കെ, അയൽക്കാരെ സൗഹാർദപൂർവം അഭിവാദനം ചെയ്യാനും കൈ വീശിക്കാണിക്കാനും നിങ്ങൾ നടത്തുന്ന ശ്രമങ്ങൾക്കു മനസ്സില്ലാമനസ്സോടെയുള്ള ഒരു പ്രതികരണമായിരിക്കും ലഭിക്കുക.

എന്നാൽ പലപ്പോഴും, സ്വീകർത്താവിനു വിലമതിപ്പ്‌ ഇല്ലെന്നു പുറമേ തോന്നിയാലും വാസ്‌തവത്തിൽ അയാൾ അങ്ങനെ ആയിരിക്കണമെന്നില്ല. ഒരുപക്ഷേ അയാളുടെ സാംസ്‌കാരിക പശ്ചാത്തലം അയാളെ വിമുഖനോ ലജ്ജാലുവോ ആക്കുകയും പ്രത്യക്ഷത്തിൽ സൗഹാർദമില്ലാതെ, നിസ്സംഗതയോടെ പെരുമാറാൻ ഇടയാക്കുകയും ചെയ്‌തേക്കാം. നന്ദിയില്ലാത്ത ഈ ലോകത്തിൽ ചില ആളുകൾ നിങ്ങളുടെ സൗഹാർദത്തെ അസാധാരണമായി വീക്ഷിക്കുകയോ നിങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കുക പോലുമോ ചെയ്‌തേക്കാം. അങ്ങനെയുള്ളവർക്കു വിശ്വസിക്കുന്നതിന്‌ ആവശ്യമായ ഉറപ്പ്‌ വേണ്ടിവന്നേക്കാം. അതിനാൽ, സൗഹാർദപരമായ ബന്ധങ്ങൾ സ്ഥാപിക്കാൻ സമയവും ക്ഷമയും ആവശ്യമാണ്‌. എന്നിരുന്നാലും, നല്ല ദാതാക്കളും വിലമതിപ്പുള്ള സ്വീകർത്താക്കളും ആയിരിക്കാൻ ശ്രമിക്കുന്ന അയൽക്കാർ തങ്ങളുടെ പ്രദേശത്ത്‌ സമാധാനത്തിന്റെയും സന്തുഷ്ടിയുടെയും ഒരു അന്തരീക്ഷം ഉന്നമിപ്പിക്കുന്നതിൽ ഒരു പങ്കു വഹിക്കുന്നു.

ദുരന്തം പ്രഹരിക്കുമ്പോൾ

ദുരന്തം പ്രഹരിക്കുമ്പോഴാണ്‌ നല്ല ഒരു അയൽക്കാരൻ ശരിക്കും ഒരു മുതൽക്കൂട്ട്‌ ആയിത്തീരുന്നത്‌. പ്രതികൂല അവസ്ഥകളുടെ സമയത്താണ്‌ അയൽസ്‌നേഹത്തിന്റെ യഥാർഥ ആഴം കാണാൻ കഴിയുന്നത്‌. അത്തരം സമയങ്ങളിൽ അയൽക്കാർ നിസ്വാർഥമായി പ്രവർത്തിച്ചതിന്റെ നിരവധി തെളിവുകൾ ഉണ്ട്‌. എല്ലാവരെയും ബാധിക്കുന്ന ദുരന്തം, സ്വാഭാവികമായി സഹകരിക്കാനും അന്യോന്യം സഹായിക്കാനും അയൽക്കാരെ പ്രേരിപ്പിക്കുന്നതായി കാണുന്നു. വിരുദ്ധ വീക്ഷണങ്ങൾ ഉള്ളവർ പോലും പലപ്പോഴും അത്തരം സമയങ്ങളിൽ കൂട്ടായി പ്രവർത്തിക്കുന്നു.

ഉദാഹരണത്തിന്‌, 1999-ൽ തുർക്കിയിൽ ഒരു വലിയ ഭൂകമ്പം ഉണ്ടായപ്പോൾ വളരെക്കാലമായി ശത്രുക്കൾ ആയിരുന്നവർ അയൽസ്‌നേഹം കാട്ടിയതായി ദ ന്യൂയോർക്ക്‌ ടൈംസ്‌ റിപ്പോർട്ടു ചെയ്‌തു. “വർഷങ്ങളായി തുർക്കികളെ ദ്വേഷിക്കാനാണു ഞങ്ങളെ പഠിപ്പിച്ചിരുന്നത്‌,” ഗ്രീക്ക്‌ കോളമെഴുത്തുകാരിയായ അന്ന സ്റ്റാർയീയൂ ഏഥൻസിലെ ഒരു പത്രത്തിൽ എഴുതി. “എന്നാൽ അവരുടെ കടുത്ത വേദന ഞങ്ങൾക്കു യാതൊരു സന്തോഷവും തന്നില്ല. ഞങ്ങൾക്കു മനോവിഷമം തോന്നി, ഞങ്ങൾ കരഞ്ഞു. മരിച്ചുകിടക്കുന്ന ശിശുക്കളെ കണ്ടപ്പോൾ വളരെക്കാലമായുള്ള വിദ്വേഷം അലിഞ്ഞുപോയതു പോലെ തോന്നി.” രക്ഷാപ്രവർത്തനങ്ങൾ ഔദ്യോഗികമായി അവസാനിച്ചപ്പോഴും ഗ്രീക്കു രക്ഷാപ്രവർത്തക സംഘങ്ങൾ അതിജീവകർക്കായുള്ള അന്വേഷണം നിറുത്താൻ കൂട്ടാക്കിയില്ല.

ദുരന്തത്തിനു ശേഷം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നത്‌ തീർച്ചയായും ധീരോദാത്തമായ അയൽസ്‌നേഹത്തിന്റെ ഒരു പ്രവൃത്തിയാണ്‌. എന്നാൽ, ദുരന്തത്തിനു മുമ്പ്‌ അയൽക്കാരനു മുന്നറിയിപ്പു നൽകിക്കൊണ്ട്‌ അയാളുടെ ജീവൻ രക്ഷിക്കുന്നത്‌ തീർച്ചയായും അതിനെക്കാൾ മൂല്യമുള്ള അയൽസ്‌നേഹത്തിന്റെ ഒരു പ്രവൃത്തിയായി കണക്കാക്കാവുന്നതാണ്‌. ദുഃഖകരമെന്നു പറയട്ടെ, ആസന്നമായ ദുരന്തത്തെ കുറിച്ച്‌ അയൽക്കാർക്കു മുന്നറിയിപ്പു കൊടുക്കുന്നവരെ അവർ പലപ്പോഴും സന്തോഷത്തോടെ സ്വാഗതം ചെയ്യാറില്ല എന്നു ചരിത്രം വെളിപ്പെടുത്തുന്നു. മുന്നറിയിപ്പു കൊടുക്കുന്ന സമയത്ത്‌ ആ അപകടം സ്‌പഷ്ടമായി കാണാൻ കഴിയുന്നില്ല എന്നതുതന്നെ കാരണം. മുന്നറിയിപ്പു മുഴക്കുന്നവരെ ആളുകൾ പലപ്പോഴും അവിശ്വസിക്കുകയാണു ചെയ്യുന്നത്‌. തങ്ങളുടെ അപകടസ്ഥിതിയെ കുറിച്ച്‌ അറിവില്ലാത്തവരെ സഹായിക്കാൻ ശ്രമിക്കുന്ന ഏതൊരാളുടെയും ഭാഗത്തു വളരെയധികം സ്ഥിരോത്സാഹവും ആത്മത്യാഗ മനോഭാവവും ആവശ്യമാണ്‌.

അയൽസ്‌നേഹത്തിന്റെ ഏറ്റവും മഹത്തായ പ്രവൃത്തി

ഇന്ന്‌, ഒരു പ്രകൃതി ദുരന്തത്തെക്കാൾ വളരെ വലിയ ഒന്ന്‌ മനുഷ്യവർഗത്തിന്മേൽ വരാൻ പോകുകയാണ്‌. കുറ്റകൃത്യവും ദുഷ്ടതയും ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഭൂമിയിൽനിന്നു നീക്കം ചെയ്യുന്ന സർവശക്തനായ ദൈവത്തിന്റെ മുൻകൂട്ടി പറയപ്പെട്ട പ്രവൃത്തിയാണ്‌ അത്‌. (വെളിപ്പാടു 16:16; 21:​3-5) ഈ സുപ്രധാന സംഭവം വിദൂരമായ ഒരു സാധ്യതയല്ല, മറിച്ച്‌ സുനിശ്ചിതമായ ഒരു യാഥാർഥ്യമാണ്‌! ലോകത്തെ പിടിച്ചുലയ്‌ക്കുന്ന, ആസന്നമായ ഈ സംഭവത്തെ അതിജീവിക്കാൻ ആവശ്യമായ പരിജ്ഞാനം സാധിക്കുന്നത്ര ആളുകളുമായി പങ്കുവെക്കാൻ യഹോവയുടെ സാക്ഷികൾ ആകാംക്ഷയുള്ളവരാണ്‌. അതുകൊണ്ടാണ്‌ സുപ്രസിദ്ധമായ തങ്ങളുടെ പ്രസംഗപ്രവർത്തനത്തിൽ ലോകമെമ്പാടും അവർ ഇത്ര സ്ഥിരോത്സാഹത്തോടെ ഏർപ്പെടുന്നത്‌. (മത്തായി 24:14) ദൈവത്തോടും അയൽക്കാരനോടുമുള്ള സ്‌നേഹം നിമിത്തം അവർ ഇതു സ്വമനസ്സാലെ ചെയ്യുന്നു.

അതുകൊണ്ട്‌, യഹോവയുടെ സാക്ഷികൾ നിങ്ങളുടെ വീട്ടുവാതിൽക്കൽ വരികയോ മറ്റെവിടെയെങ്കിലും വെച്ച്‌ നിങ്ങളെ സമീപിക്കുകയോ ചെയ്യുമ്പോൾ മുൻവിധിയോ അസ്വാരസ്യമോ അവരുടെ സന്ദേശം കേൾക്കുന്നതിൽനിന്നു നിങ്ങളെ തടയാതിരിക്കട്ടെ. അവർ നല്ല അയൽക്കാർ ആയിരിക്കാൻ ശ്രമിക്കുകയാണ്‌. അതുകൊണ്ട്‌ നിങ്ങളോടൊത്തു ബൈബിൾ പഠിക്കാൻ അവർ വെച്ചുനീട്ടുന്ന ക്ഷണം സ്വീകരിക്കുക. അയൽക്കാർക്കിടയിൽ സന്തോഷകരമായ സഹവർത്തിത്വം നിലനിൽക്കുന്ന ഒരു ആസന്ന ഭാവിയെ കുറിച്ചു ദൈവവചനം എങ്ങനെ ഉറപ്പു നൽകുന്നു എന്നു മനസ്സിലാക്കുക. അപ്പോൾ, നമ്മിൽ മിക്കവരും കാംക്ഷിക്കുന്ന തരത്തിലുള്ള ഹാർദമായ പരസ്‌പര ബന്ധത്തിന്‌ തുരങ്കം വെക്കുന്ന വർഗീയമോ മതപരമോ സാമൂഹികമോ ആയ ഏതെങ്കിലും വേർതിരിവുകൾ ഉണ്ടായിരിക്കുകയില്ല.

[6, 7 പേജുകളിലെ ചിത്രങ്ങൾ]

നിങ്ങളുടെ അയൽപക്കത്ത്‌ ദയാപ്രവൃത്തികൾ ചെയ്യുന്നത്‌ നല്ലതാണ്‌

[കടപ്പാട്‌]

ഭൂഗോളം: Mountain High Maps® Copyright © 1997 Digital Wisdom, Inc.