‘പരസ്പരം ഉദാരമായി ക്ഷമിക്കുക’
‘പരസ്പരം ഉദാരമായി ക്ഷമിക്കുക’
ദൈവം നിങ്ങളുടെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നുവെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഐക്യനാടുകളിലെ പ്രായപൂർത്തിയായ മിക്കവരും അങ്ങനെ വിശ്വസിക്കുന്നതായി തോന്നുന്നു. സർവേ ചെയ്യപ്പെട്ട 1,423 അമേരിക്കക്കാരിൽ 45-നു മേൽ പ്രായമുള്ള ഏകദേശം 80 ശതമാനം പേരും ദൈവം തങ്ങളുടെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നതായി പറഞ്ഞുവെന്നു സാമൂഹിക ഗവേഷണത്തിനുള്ള മിഷിഗൺ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ഒരു പഠനത്തിനു നേതൃത്വം വഹിച്ച ഡോ. ലോറൻ ടൂസാങ് റിപ്പോർട്ടു ചെയ്യുന്നു.
എന്നാൽ, രസകരമെന്നു പറയട്ടെ സർവേയിൽ പങ്കെടുത്തവരിൽ 57 ശതമാനം മാത്രമേ തങ്ങൾ മറ്റുള്ളവരോടു ക്ഷമിച്ചതായി പറഞ്ഞുള്ളൂ. ഈ സ്ഥിതിവിവരക്കണക്ക് ഗിരിപ്രഭാഷണത്തിലെ യേശുവിന്റെ വാക്കുകൾ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു: “നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.” (മത്തായി 6:14, 15) അതേ, നമ്മുടെ പാപങ്ങളെ ദൈവം ക്ഷമിക്കുന്നതു സോപാധികമായാണ്. അത് ഒരു പരിധിയോളം മറ്റുള്ളവരോടു ക്ഷമിക്കാനുള്ള നമ്മുടെ മനസ്സൊരുക്കത്തെ ആശ്രയിച്ചിരിക്കുന്നു.
ഈ തത്ത്വത്തെ കുറിച്ച് പൗലൊസ് അപ്പൊസ്തലൻ കൊലൊസ്സ്യ ക്രിസ്ത്യാനികളെ ഓർമിപ്പിച്ചു. അവൻ അവരെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “ആർക്കെങ്കിലും മറ്റൊരുവന് എതിരെ പരാതിക്കു കാരണം ഉണ്ടെങ്കിൽ, പരസ്പരം സഹിക്കുകയും പരസ്പരം ഉദാരമായി ക്ഷമിക്കുകയും ചെയ്യുന്നതിൽ തുടരുവിൻ. യഹോവ നിങ്ങളോട് ഉദാരമായി ക്ഷമിച്ചതുപോലെ, നിങ്ങളും ചെയ്വിൻ.” (കൊലൊസ്സ്യർ 3:13, NW) ഇത് എപ്പോഴും എളുപ്പമല്ല എന്നതു ശരിതന്നെ. ഉദാഹരണത്തിന്, ചിന്താശൂന്യമോ നിർദയമോ ആയ വാക്കുകൾക്ക് നിങ്ങൾ ഇരയാകേണ്ടിവരുമ്പോൾ അതു പറഞ്ഞ വ്യക്തിയോടു ക്ഷമിക്കുക ദുഷ്കരമായിരിക്കാം.
എങ്കിലും ക്ഷമിക്കുന്നതിന്റെ പ്രയോജനങ്ങൾ നിരവധിയാണ്. സാമൂഹിക ശാസ്ത്രജ്ഞനായ ഡോ. ഡേവിഡ് ആർ. വില്യംസ് തന്റെ ഗവേഷണത്തെ കുറിച്ച് ഇപ്രകാരം പറഞ്ഞു: “മധ്യവയസ്സോ അതിൽ കൂടുതലോ ഉള്ള അമേരിക്കക്കാരിൽ മറ്റുള്ളവരോടു ക്ഷമിക്കുന്നതും മാനസിക ആരോഗ്യവും തമ്മിൽ വിശേഷാൽ ശക്തമായ ഒരു ബന്ധമുള്ളതായി ഞങ്ങൾ കണ്ടെത്തി.” 3,000-ത്തോളം വർഷങ്ങൾക്കു മുമ്പ് പിൻവരുന്ന പ്രകാരം എഴുതിയ ജ്ഞാനിയായ ശലോമോൻ രാജാവിന്റെ വാക്കുകളുമായി അതു യോജിക്കുന്നു: “ശാന്തമനസ്സു ദേഹത്തിന്നു ജീവൻ” ആകുന്നു. (സദൃശവാക്യങ്ങൾ 14:30) ക്ഷമിക്കാനുള്ള മനോഭാവം ദൈവവവുമായും സഹമനുഷ്യരുമായും നല്ല ബന്ധങ്ങൾ ഉന്നമിപ്പിക്കുന്നതിനാൽ, ഹൃദയപൂർവം പരസ്പരം ഉദാരമായി ക്ഷമിക്കുന്നതിനു നമുക്കു നല്ല കാരണമുണ്ട്.—മത്തായി 18:35.