വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരിശോധനകളെ നാം എങ്ങനെ വീക്ഷിക്കണം?

പരിശോധനകളെ നാം എങ്ങനെ വീക്ഷിക്കണം?

പരിശോധനകളെ നാം എങ്ങനെ വീക്ഷിക്കണം?

പരിശോധനകൾ! പരീക്ഷകൾ! എല്ലാവർക്കും അവ അഭിമുഖീകരിക്കേണ്ടിവരുന്നു. വ്യക്തിത്വ ഭിന്നതകൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, മോശമായ ആരോഗ്യം, പ്രലോഭനങ്ങൾ, തെറ്റു ചെയ്യുന്നതിനു സമപ്രായക്കാരിൽ നിന്നുള്ള സമ്മർദം, പീഡനം, നിഷ്‌പക്ഷതയോ വിഗ്രഹാരാധനയോ സംബന്ധിച്ചുള്ള നമ്മുടെ നിലപാടിനെതിരെ ഉയർന്നുവരുന്ന വെല്ലുവിളികൾ എന്നിവയും മറ്റനേകം സംഗതികളും അവയ്‌ക്കു നിമിത്തമായേക്കാം. പരിശോധനകൾ ഏതു രൂപത്തിലുള്ളവ ആയിരുന്നാലും, അവ മിക്കപ്പോഴും വലിയ ഉത്‌കണ്‌ഠയ്‌ക്കു കാരണമാകുന്നു. നമുക്ക്‌ അവ എങ്ങനെ വിജയപ്രദമായി കൈകാര്യം ചെയ്യാൻ കഴിയും? അവ ഏതെങ്കിലും വിധത്തിൽ നമുക്കു പ്രയോജനകരമാണോ?

ഏറ്റവും നല്ല പിന്തുണ

പരിശോധനകൾ നിറഞ്ഞ ഒരു ജീവിതമായിരുന്നു പുരാതനകാലത്തെ ദാവീദ്‌ രാജാവിന്റേത്‌, എങ്കിലും അവൻ മരണപര്യന്തം വിശ്വസ്‌തനായിരുന്നു. സഹിച്ചുനിൽക്കാൻ അവന്‌ എങ്ങനെയാണു കഴിഞ്ഞത്‌? “യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല” എന്നു പറഞ്ഞപ്പോൾ തന്റെ ശക്തിയുടെ ഉറവ്‌ അവൻ ചൂണ്ടിക്കാട്ടി. തുടർന്ന്‌ ദാവീദ്‌ ഇങ്ങനെ പ്രസ്‌താവിച്ചു: “കൂരിരുൾതാഴ്‌വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.” (സങ്കീർത്തനം 23:1, 4) അതേ, അളവറ്റ പിന്തുണയുടെ ഉറവാണ്‌ യഹോവ. ഇരുളടഞ്ഞ, അങ്ങേയറ്റം ദുഷ്‌കരമായ സമയങ്ങളിൽ, അവൻ ദാവീദിനോട്‌ ഒരു ഇടയനെപ്പോലെ ഇടപെട്ടു. ആവശ്യമായിരിക്കുമ്പോൾ നമുക്കു വേണ്ടി അങ്ങനെ ചെയ്യാൻ അവൻ ഒരുക്കമുള്ളവനാണ്‌.

നമുക്ക്‌ എങ്ങനെ യഹോവയുടെ പിന്തുണ നേടാനാകും? “യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ” എന്നു പറഞ്ഞുകൊണ്ട്‌ ബൈബിൾ അതിനുള്ള മാർഗം ചൂണ്ടിക്കാട്ടുന്നു. (സങ്കീർത്തനം 34:8) അത്‌ ഊഷ്‌മളമായ ഒരു ക്ഷണമാണ്‌, എന്നാൽ അതിന്റെ അർഥം എന്താണ്‌? അത്‌ യഹോവയെ സേവിക്കാനും നമ്മുടെ ജീവിതം പൂർണമായും അവന്റെ ഹിതത്തിനു ചേർച്ചയിൽ കൊണ്ടുവരാനുമുള്ള പ്രോത്സാഹനമാണ്‌. നമുക്കുള്ള സ്വാതന്ത്ര്യം കുറേയൊക്കെ വേണ്ടെന്നു വെക്കുന്നതും ത്യാഗങ്ങൾ ചെയ്യുന്നതും അത്തരമൊരു ജീവിതഗതിയിൽ ഉൾപ്പെടുന്നു. ചിലപ്പോൾ അതു പരിശോധനകളിലേക്ക്‌, പീഡനത്തിലേക്കും യാതനയിലേക്കും പോലും, നയിച്ചേക്കാം. എന്നാൽ, യഹോവയുടെ ക്ഷണം മുഴുഹൃദയാ സ്വീകരിക്കുന്നവർ അങ്ങനെ ചെയ്യുന്നതിനെ പ്രതി ഒരിക്കലും ഖേദിക്കേണ്ടതില്ല. യഹോവ അവരോടു വളരെ നല്ലവനായിരിക്കും. അവൻ അവരെ വഴിനടത്തുകയും അവർക്കു വേണ്ടി ആത്മീയമായി കരുതുകയും ചെയ്യും. തന്റെ വചനവും പരിശുദ്ധാത്മാവും ക്രിസ്‌തീയ സഭയും മുഖാന്തരം അവൻ അവരെ പരിശോധനകളിൽ പിന്തുണയ്‌ക്കും. ഒടുവിൽ അവൻ നിത്യജീവൻ എന്ന പ്രതിഫലം നൽകി അവരെ അനുഗ്രഹിക്കും.​—⁠സങ്കീർത്തനം 23:6; 25:9; യെശയ്യാവു 30:21; റോമർ 15:⁠6.

യഹോവയെ സേവിക്കുന്നതിനായി തീരുമാനമെടുക്കുന്നവരും​—⁠ജീവിതത്തിൽ മാറ്റം വരുത്തുന്നത്‌ ഇതിൽ ഉൾപ്പെടുന്നു​—⁠ആ തീരുമാനത്തോടു പറ്റിനിൽക്കുന്നവരും അവൻ തന്റെ എല്ലാ വാഗ്‌ദാനങ്ങളും നിവർത്തി ക്കുന്നതായി കണ്ടെത്തുന്നു. വാഗ്‌ദത്ത ദേശത്തേക്ക്‌ യോശുവയെ അനുഗമിച്ച ഇസ്രായേല്യരുടെ അനുഭവം അതായിരുന്നു. യോർദ്ദാൻ കുറുകെ കടന്നു കഴിഞ്ഞപ്പോൾ അവർക്കു പരിശോധനകൾ സഹിക്കേണ്ടിവന്നു, യുദ്ധങ്ങൾ ചെയ്യേണ്ടിവന്നു, കഠിനമായ പാഠങ്ങൾ പഠിക്കേണ്ടിവന്നു. എന്നാൽ ആ തലമുറ, ഈജിപ്‌തിൽനിന്നു പുറത്തു പോരുകയും മരുഭൂമിയിൽവെച്ചു മരിക്കുകയും ചെയ്‌ത അവരുടെ പിതാക്കന്മാരെക്കാൾ വിശ്വസ്‌തരെന്നു തെളിഞ്ഞു. അതിനാൽ യഹോവ ആ വിശ്വസ്‌തരെ പിന്താങ്ങി. യോശുവയുടെ അവസാന നാളുകളിലെ അവരുടെ അവസ്ഥ സംബന്ധിച്ചു ബൈബിൾ വിവരണം ഇങ്ങനെ പറയുന്നു: “യഹോവ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്‌തതുപോലെ ഒക്കെയും ചുററും അവർക്കു സ്വസ്ഥത നല്‌കി . . . യഹോവ യിസ്രായേൽഗൃഹത്തോടു അരുളിച്ചെയ്‌ത വാഗ്‌ദാനങ്ങളിൽ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.” (യോശുവ 21:44, 45) പരിശോധനകൾ ഉണ്ടാകുമ്പോഴും മറ്റെല്ലാ സമയങ്ങളിലും നാം യഹോവയെ പൂർണമായി ആശ്രയിക്കുന്നെങ്കിൽ, നമ്മുടെ അനുഭവവും മറിച്ചായിരിക്കില്ല.

യഹോവയിലുള്ള നമ്മുടെ വിശ്വാസത്തെ എന്തു ദുർബലപ്പെടുത്തിയേക്കാം? പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ യേശു ഒരു സംഗതി ചൂണ്ടിക്കാട്ടി: “രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല; . . . നിങ്ങൾക്കു ദൈവത്തെയും മാമോനെയും [“ധനത്തെയും,” ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാന്തരം] സേവിപ്പാൻ കഴികയില്ല.” (മത്തായി 6:24) നാം യഹോവയിൽ ആശ്രയിക്കുന്നപക്ഷം, ലോകത്തിലുള്ള മിക്കവരും ചെയ്യുന്നതു പോലെ ഭൗതിക വസ്‌തുക്കളിൽ നാം സുരക്ഷിതത്വം തേടില്ല. യേശു തന്റെ അനുഗാമികൾക്ക്‌ ഈ ബുദ്ധിയുപദേശം നൽകി: ‘മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും [അവശ്യ ഭൗതിക വസ്‌തുക്കൾ] നിങ്ങൾക്കു കിട്ടും.’ (മത്തായി 6:33) ഭൗതിക വസ്‌തുക്കൾ സംബന്ധിച്ചു സമനിലയുള്ള ഒരു വീക്ഷണം പുലർത്തുകയും ദൈവരാജ്യത്തിനു ജീവിതത്തിൽ പ്രഥമ സ്ഥാനം നൽകുകയും ചെയ്യുന്ന ഒരു ക്രിസ്‌ത്യാനി ശരിയായ തിരഞ്ഞെടുപ്പാണു നടത്തുന്നത്‌. (സഭാപ്രസംഗി 7:12) തീർച്ചയായും, അയാൾ അതിനു ത്യാഗങ്ങൾ സഹിക്കേണ്ടിവരും. ഭൗതികമായ ചില കാര്യങ്ങൾ വേണ്ടെന്നു വെക്കാൻ അയാൾ തീരുമാനിച്ചേക്കാം. എന്നാൽ അയാൾ സമൃദ്ധമായ പ്രതിഫലങ്ങൾ കൊയ്യുന്നതായിരിക്കും. യഹോവ അയാളെ പിന്താങ്ങും.​—⁠യെശയ്യാവു 48:17, 18.

പരിശോധനകളിൽനിന്നു നാം പഠിക്കുന്നത്‌

‘യഹോവ നല്ലവൻ എന്നു രുചിച്ചറിയാൻ’ തീരുമാനിക്കുന്നത്‌ തീർച്ചയായും ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിൽനിന്നു നമ്മെ സംരക്ഷിക്കുന്നില്ല. സാത്താന്റെയും അവന്റെ മനുഷ്യ പ്രതിനിധികളുടെയും ആക്രമണങ്ങളിൽനിന്ന്‌ അതു നമ്മെ പൂർണമായി വിടുവിക്കുന്നുമില്ല. (സഭാപ്രസംഗി 9:​11, NW) തത്‌ഫലമായി, ഒരു ക്രിസ്‌ത്യാനിയുടെ ആത്മാർഥതയും നിശ്ചയദാർഢ്യവും പരിശോധിക്കപ്പെട്ടേക്കാം. തന്റെ ആരാധകർ അത്തരം പരിശോധനകൾക്കു വിധേയരാകാൻ യഹോവ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌? പിൻവരുന്ന പ്രകാരം എഴുതിയപ്പോൾ അപ്പൊസ്‌തലനായ പത്രൊസ്‌ ഒരു കാരണം നൽകി: “നിങ്ങൾ ഇപ്പോൾ അല്‌പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടിവന്നാലും ആനന്ദിക്കുന്നു. അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്‌തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്‌ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാൻ അങ്ങനെ ഇടവരും.” (1 പത്രൊസ്‌ 1:6, 7) അതേ, നമ്മുടെ വിശ്വാസത്തിന്റെ ഗുണവും യഹോവയോടുള്ള നമ്മുടെ സ്‌നേഹവും പ്രകടമാക്കാൻ പരിശോധനകൾ നമ്മെ അനുവദിക്കുന്നു. പിശാചായ സാത്താന്റെ നിന്ദകൾക്കും കുറ്റാരോപണങ്ങൾക്കും ഉത്തരം നൽകാനും അവ സഹായിക്കുന്നു.​—⁠സദൃശവാക്യങ്ങൾ 27:11; വെളിപ്പാടു 12:⁠10.

മറ്റു ക്രിസ്‌തീയ ഗുണങ്ങൾ വളർത്തിയെടുക്കാനും പരിശോധനകൾ നമ്മെ സഹായിക്കുന്നു. ഉദാഹരണത്തിന്‌, സങ്കീർത്തനക്കാരന്റെ വാക്കുകൾ ശ്രദ്ധിക്കുക: “യഹോവ . . . താഴ്‌മയുള്ളവനെ കടാക്ഷിക്കുന്നു; ഗർവ്വിയെയോ അവൻ ദൂരത്തുനിന്നു അറിയുന്നു.” (സങ്കീർത്തനം 138:6) നമ്മിൽ പലരും ജന്മനാ താഴ്‌മയുള്ളവരല്ല. എന്നാൽ, ആ അവശ്യ ഗുണം വളർത്തിയെടുക്കാൻ പരിശോധനകൾക്കു നമ്മെ സഹായിക്കാനാകും. മോശെയുടെ നാളിലെ സന്ദർഭം ഓർമിക്കുക. എന്നും മന്ന തിന്നേണ്ടിവന്നതിൽ ഇസ്രായേലിലെ ചിലർക്കു മടുപ്പു തോന്നി. മന്ന അത്ഭുതകരമായ ഒരു കരുതൽ ആയിരുന്നെങ്കിലും, പ്രത്യക്ഷത്തിൽ അവരെ സംബന്ധിച്ചിടത്തോളം അത്‌ ഒരു പരിശോധന ആയിരുന്നു. ആ പരീക്ഷയുടെ ഉദ്ദേശ്യം എന്തായിരുന്നു? മോശെ അവരോടു പറഞ്ഞു: ‘[യഹോവ] നിന്നെ താഴ്‌ത്തി പരീക്ഷിക്കേണ്ടതിനു മരുഭൂമിയിൽ നിന്നെ മന്നകൊണ്ടു പോഷിപ്പിച്ചു.’​—⁠ആവർത്തനപുസ്‌തകം 8:⁠16.

അതുപോലെ നമ്മുടെ താഴ്‌മയും പരിശോധിക്കപ്പെടാം. എങ്ങനെ? സംഘടനാപരമായ പൊരുത്തപ്പെടുത്തലുകളോടു നാം എങ്ങനെയാണു പ്രതികരിക്കുന്നത്‌? (യെശയ്യാവു 60:17) പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനത്തെ നാം മുഴുഹൃദയത്തോടെ പിന്തുണയ്‌ക്കുന്നുണ്ടോ? (മത്തായി 24:14; 28:19, 20) ബൈബിൾസത്യത്തെ കുറിച്ച്‌ “വിശ്വസ്‌തനും വിവേകിയുമായ അടിമ” നൽകുന്ന വിശദീകരണങ്ങൾ നാം ആകാംക്ഷയോടെ സ്വീകരിക്കുന്നുവോ? (മത്തായി 24:45-47, NW; സദൃശവാക്യങ്ങൾ 4:18) ഏറ്റവും നൂതനമായ സാമഗ്രികളോ ഏറ്റവും നവീന ഫാഷനിലുള്ള വസ്‌ത്രമോ ഏറ്റവും പുതിയ മോഡലിലുള്ള വാഹനമോ സ്വന്തമാക്കാനുള്ള സമ്മർദത്തെ നാം ചെറുത്തുനിൽക്കുന്നുവോ? ഈ ചോദ്യങ്ങൾക്ക്‌ ഉവ്വ്‌ എന്ന്‌ ഉത്തരം പറയാൻ താഴ്‌മയുള്ള ഒരു വ്യക്തിക്കു കഴിയും.​—⁠1 പത്രൊസ്‌ 1:14-16; 2 പത്രൊസ്‌ 3:⁠11, 12.

മറ്റൊരു മർമപ്രധാന ഗുണമായ സഹിഷ്‌ണുത വളർത്തിയെടുക്കാൻ പരീക്ഷകൾ നമ്മെ സഹായിക്കുന്നു. ശിഷ്യനായ യാക്കോബ്‌ പറയുന്നു: ‘എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധ പരീക്ഷകളിൽ അകപ്പെടുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത [“സഹിഷ്‌ണുത,” NW] ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.’ (യാക്കോബ്‌ 1:2, 3) യഹോവയിൽ പൂർണമായി ആശ്രയിച്ചുകൊണ്ട്‌, ഒന്നിനു പുറകെ ഒന്നായി വരുന്ന പരീക്ഷകൾ വിജയകരമായി സഹിച്ചുനിൽക്കുന്നത്‌ ഉറപ്പും സ്ഥിരതയും നിർമലതയും വളർത്തിയെടുക്കാൻ നമ്മെ സഹായിക്കുന്നു. ഈ ലോകത്തിന്റെ കോപാകുലനായ ദൈവമായ സാത്താന്റെ ഭാവി ആക്രമണങ്ങളെ ചെറുത്തുനിൽക്കാൻ അതു നമ്മെ ശക്തീകരിക്കും.​—⁠1 പത്രൊസ്‌ 5:8-10; 1 യോഹന്നാൻ 5:19; വെളിപ്പാടു 12:⁠12.

പരിശോധനകൾ സംബന്ധിച്ച്‌ ഉചിതമായ വീക്ഷണം പുലർത്തുക

ദൈവത്തിന്റെ പൂർണതയുള്ള പുത്രനായ യേശുക്രിസ്‌തു ഭൂമിയിൽ ആയിരുന്നപ്പോൾ നിരവധി പരിശോധനകളെ അഭിമുഖീകരിച്ചു. അവ സഹിച്ചുനിന്നതിലൂടെ അവനു വലിയ പ്രയോജനങ്ങൾ ലഭിച്ചു. യേശു “താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു” എന്നു പൗലൊസ്‌ എഴുതി. (എബ്രായർ 5:8) മരണപര്യന്തം വിശ്വസ്‌തത പാലിക്കുകവഴി യഹോവയുടെ നാമത്തിനു സ്‌തുതി കരേറ്റാനും തന്റെ പൂർണതയുള്ള മനുഷ്യജീവന്റെ മൂല്യം മനുഷ്യവർഗത്തിനു വേണ്ടി ഒരു മറുവിലയായി അർപ്പിക്കാനും യേശുവിനു കഴിഞ്ഞു. യേശുവിൽ വിശ്വാസം പ്രകടമാക്കുന്നവർക്കു നിത്യജീവന്റെ പ്രത്യാശ ഉണ്ടായിരിക്കുന്നതിനുള്ള വഴി അതു തുറന്നുകൊടുത്തു. (യോഹന്നാൻ 3:16) യേശു പരിശോധനയിൻ കീഴിൽ വിശ്വസ്‌തനായി നിലകൊണ്ടതിനാൽ, അവൻ ഇപ്പോൾ നമ്മുടെ മഹാപുരോഹിതനും സിംഹാസനസ്ഥനായ രാജാവുമാണ്‌.​—⁠എബ്രായർ 7:26-28; 12:⁠2.

നാമും പ്രയോജനങ്ങൾ ആസ്വദിക്കുമോ? പരീക്ഷകൾക്കു മധ്യേ വിശ്വസ്‌തത പ്രകടമാക്കുന്നതു നമുക്കും മഹത്തായ അനുഗ്രഹങ്ങൾ കൈവരുത്തുന്നു. സ്വർഗീയ പ്രത്യാശ ഉള്ളവരെ കുറിച്ചു ബൈബിൾ ഇപ്രകാരം പറയുന്നു: “പരീക്‌ഷകൾ ക്‌ഷമയോടെ സഹിക്കുന്നവൻ ഭാഗ്യവാൻ. എന്തെന്നാൽ, അവൻ പരീക്‌ഷകളെ അതിജീവിച്ചുകഴിയുമ്പോൾ തന്നെ സ്‌നേഹിക്കുന്നവർക്കു വാഗ്‌ദാനംചെയ്‌തിരിക്കുന്ന ജീവന്റെ കിരീടം അവനു ലഭിക്കും.” (യാക്കോബ്‌ 1:​12, പി.ഒ.സി. ബൈബിൾ) ഭൗമിക പ്രത്യാശയുള്ളവർക്ക്‌, വിശ്വസ്‌തമായി സഹിച്ചുനിൽക്കുന്ന പക്ഷം ഭൂമിയിലെ പറുദീസയിൽ നിത്യജീവൻ ലഭിക്കുമെന്ന ഉറപ്പുണ്ട്‌. (വെളിപ്പാടു 21:3-6) എല്ലാറ്റിലും പ്രധാനമായി, അവരുടെ വിശ്വസ്‌തമായ സഹിഷ്‌ണുത യഹോവയുടെ നാമത്തിനു സ്‌തുതി കരേറ്റുന്നു.

യേശുവിന്റെ കാൽച്ചുവടുകൾ പിൻപറ്റവേ, നാം ഈ വ്യവസ്ഥിതിയിൽ അഭിമുഖീകരിക്കുന്ന എല്ലാ പരീക്ഷകളും വിജയകരമായി തരണം ചെയ്യാൻ കഴിയുമെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനാവും. (1 കൊരിന്ത്യർ 10:13; 1 പത്രൊസ്‌ 2:21) ഇത്‌ എങ്ങനെ സാധിക്കും? തന്നെ ആശ്രയിക്കുന്നവർക്കു ‘സാധാരണയിൽ കവിഞ്ഞ ശക്തി’ നൽകുന്ന യഹോവയിൽ ആശ്രയിച്ചുകൊണ്ട്‌. (2 കൊരിന്ത്യർ 4:​7, NW) ഇയ്യോബിനെ പോലെ നമുക്കും ഉറച്ച ബോധ്യം പ്രകടമാക്കാം. കഠിന പരീക്ഷകൾ സഹിച്ചപ്പോൾ അവന്‌ ഉറപ്പോടെ ഇങ്ങനെ പറയാൻ കഴിഞ്ഞു: “അവൻ എന്നെ പരീക്ഷിച്ചു കഴിയുമ്പോൾ ഞാൻ സ്വർണ്ണംപോലെ പുറത്തുവരും.”​—⁠ഇയ്യോബ്‌ 23:⁠10, ഓശാന ബൈബിൾ.

[31-ാം പേജിലെ ചിത്രം]

പരിശോധിക്കപ്പെട്ടപ്പോൾ യേശു പ്രകടമാക്കിയ വിശ്വസ്‌തത യഹോവയുടെ നാമത്തിനു സ്‌തുതി കരേറ്റി. നമ്മുടെ വിശ്വസ്‌തതയും യഹോവയുടെ നാമത്തിനു സ്‌തുതി കരേറ്റും