മഹാഗുരുവിനെ അനുകരിക്കുക
മഹാഗുരുവിനെ അനുകരിക്കുക
‘നിങ്ങൾ പുറപ്പെട്ടു, ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുകൊണ്ട് [“പഠിപ്പിച്ചുകൊണ്ട്,” NW] ആളുകളെ ശിഷ്യരാക്കിക്കൊൾവിൻ.’ —മത്തായി 28:19, 20.
1, 2. (എ) ഒരർഥത്തിൽ നാമെല്ലാം പഠിപ്പിക്കുന്നവർ ആയിരിക്കുന്നത് എങ്ങനെ? (ബി) പഠിപ്പിക്കുന്ന കാര്യത്തിൽ സത്യക്രിസ്‌ത്യാനികൾക്ക് എന്ത് അസാധാരണമായ ഉത്തരവാദിത്വം ഉണ്ട്?
പഠിപ്പിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങൾ? ഒരർഥത്തിൽ നാമെല്ലാം പഠിപ്പിക്കുന്നവരാണ്. വഴി തെറ്റിയ ഒരു യാത്രക്കാരനു വഴി പറഞ്ഞുകൊടുക്കുമ്പോഴും ഒരു പ്രത്യേക ജോലി ചെയ്യേണ്ടത് എങ്ങനെയെന്ന് ഒരു സഹപ്രവർത്തകനു കാണിച്ചുകൊടുക്കുമ്പോഴും ഷൂസ് കെട്ടുന്നത് എങ്ങനെയെന്ന് ഒരു കുട്ടിക്കു പറഞ്ഞുകൊടുക്കുമ്പോഴും നിങ്ങൾ പഠിപ്പിക്കുകയാണു ചെയ്യുന്നത്. മറ്റുള്ളവരെ ഈ വിധങ്ങളിൽ സഹായിക്കുന്നത് ഒരു അളവുവരെ സംതൃപ്‌തി കൈവരുത്തുന്നു, ഇല്ലേ?
2 എന്നാൽ പഠിപ്പിക്കുന്ന കാര്യത്തിൽ സത്യക്രിസ്‌ത്യാനികൾക്ക് അസാധാരണമായ ഒരു ഉത്തരവാദിത്വം ഉണ്ട്. ‘ആളുകളെ പഠിപ്പിച്ചുകൊണ്ട് ശിഷ്യരാക്കാൻ’ നാം നിയോഗിക്കപ്പെട്ടിരിക്കുന്നു. (മത്തായി 28:19, 20, NW) സഭയ്‌ക്കുള്ളിലും നമുക്കു പഠിപ്പിക്കാനുള്ള അവസരമുണ്ട്. യോഗ്യതയുള്ള പുരുഷന്മാർ, “സഭയെ കെട്ടുപണി ചെയ്യുക എന്ന ഉദ്ദേശ്യത്തിൽ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും” സേവിക്കാൻ നിയമിക്കപ്പെട്ടിരിക്കുന്നു. (എഫെസ്യർ 4:11-13) പക്വതയുള്ള സ്‌ത്രീകൾ അനുദിന ക്രിസ്‌തീയ പ്രവർത്തനങ്ങൾ സംബന്ധിച്ച് ചെറുപ്പക്കാരികളെ ‘നല്ല കാര്യങ്ങൾ പഠിപ്പിക്കുന്നവർ’ ആയിരിക്കേണ്ടതാണ്. (തീത്തൊസ് 2:3-5, ഓശാന ബൈ.) സഹവിശ്വാസികളെ പ്രോത്സാഹിപ്പിക്കാൻ നമ്മെയെല്ലാം ഉദ്‌ബോധിപ്പിച്ചിരിക്കുന്നു. ബൈബിൾ ഉപയോഗിച്ചു മറ്റുള്ളവരെ കെട്ടുപണി ചെയ്‌തുകൊണ്ട് നമുക്ക് ആ ഉദ്‌ബോധനത്തിനു ചെവികൊടുക്കാൻ കഴിയും. (1 തെസ്സലൊനീക്യർ 5:11) ദൈവവചനം പഠിപ്പിക്കുന്നതും നിലനിൽക്കുന്ന പ്രയോജനങ്ങൾ കൈവരുത്തുന്ന ആത്മീയ മൂല്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നതും എത്ര വലിയ പദവിയാണ്!
3. പഠിപ്പിക്കുന്നവർ എന്ന നിലയിലുള്ള ഫലപ്രദത്വം നമുക്ക് എങ്ങനെ മെച്ചപ്പെടുത്താനാകും?
3 എന്നാൽ, പഠിപ്പിക്കുന്നവർ എന്ന നിലയിലുള്ള ഫലപ്രദത്വം നമുക്ക് എങ്ങനെ മെച്ചപ്പെടുത്താനാകും? പ്രാഥമികമായും, മഹാഗുരുവായ യേശുവിനെ അനുകരിക്കുന്നതിലൂടെയാണ് അതു സാധിക്കുക. ‘എന്നാൽ നമുക്ക് എങ്ങനെ യേശുവിനെ അനുകരിക്കാൻ കഴിയും?’ ചിലർ ചിന്തിച്ചേക്കാം. ‘അവൻ പൂർണനാണ്.’ പഠിപ്പിക്കുന്നതിൽ പൂർണത കൈവരിക്കാൻ നമുക്കു കഴിയില്ല എന്നതു ശരിതന്നെ. എന്നാൽ, നമ്മുടെ കഴിവുകൾ എങ്ങനെയുള്ളത് ആയിരുന്നാലും, യേശു പഠിപ്പിച്ച രീതി അനുകരിക്കുന്നതിനു നമുക്കു പരമാവധി ചെയ്യാനാകും. യേശു ഉപയോഗിച്ച നാലു രീതികൾ—ലാളിത്യം, ഫലപ്രദമായ ചോദ്യങ്ങൾ, യുക്തിസഹമായ ന്യായവാദം, അനുയോജ്യമായ ദൃഷ്ടാന്തങ്ങൾ—നമുക്ക് എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്നു ചർച്ച ചെയ്യാം.
ലാളിത്യം
4, 5. (എ) ലാളിത്യം ബൈബിൾ സത്യത്തിന്റെ ഒരു പ്രമുഖ സവിശേഷത ആയിരിക്കുന്നത് എന്തുകൊണ്ട്? (ബി) ലാളിത്യത്തോടെ പഠിപ്പിക്കുന്നതിന്, നാം എങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കുന്നുവെന്നു പരിശോധിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
4 ദൈവവചനത്തിലെ അടിസ്ഥാന സത്യങ്ങൾ സങ്കീർണമല്ല. പ്രാർഥനയിൽ യേശു ഇപ്രകാരം പറഞ്ഞു: “പിതാവേ, . . . നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്‌ത്തുന്നു.” (മത്തായി 11:25) യഹോവ തന്റെ ഉദ്ദേശ്യങ്ങൾ ആത്മാർഥ ഹൃദയർക്കും താഴ്‌മയുള്ളവർക്കും വെളിപ്പെടുത്തിക്കൊടുത്തിരിക്കുന്നു. (1 കൊരിന്ത്യർ 1:26-28) അതിനാൽ, ബൈബിൾ സത്യത്തിന്റെ ഒരു പ്രമുഖ സവിശേഷതയാണു ലാളിത്യം.
5 താത്‌പര്യക്കാർക്കു ഭവന ബൈബിൾ അധ്യയനങ്ങളോ മടക്കസന്ദർശനങ്ങളോ നടത്തുമ്പോൾ നിങ്ങൾക്ക് എങ്ങനെ ലാളിത്യത്തോടെ പഠിപ്പിക്കാനാകും? മഹാഗുരുവിൽനിന്നു നാം എന്താണു പഠിച്ചത്? തന്റെ ശ്രോതാക്കൾ—അവരിൽ പലരും ‘പഠിപ്പില്ലാത്തവരും സാമാന്യരും’ ആയിരുന്നു—കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നതിനായി യേശു ലളിതമായ ഭാഷ ഉപയോഗിച്ചു. (പ്രവൃത്തികൾ 4:13) അതുകൊണ്ട്, ലാളിത്യത്തോടെ പഠിപ്പിക്കുന്നതിന് ആദ്യം വേണ്ട സംഗതി നാം ഉപയോഗിക്കുന്നത് എങ്ങനെയുള്ള വാക്കുകളാണെന്നു പരിശോധിക്കുന്നതാണ്. ദൈവവചനത്തിലെ സത്യം മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിന് ഘനഗംഭീരമായ വാക്കുകളോ പദങ്ങളോ നാം ഉപയോഗിക്കേണ്ടതില്ല. അത്തരം ‘വാഗ്വൈഭവം’ വിശേഷിച്ചും പരിമിതമായ വിദ്യാഭ്യാസമോ കഴിവോ ഉള്ളവരെ പേടിപ്പെടുത്തിയേക്കാം. (1 കൊരിന്ത്യർ 2:1, 2) ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ലളിതമായ വാക്കുകൾക്കു വളരെ ശക്തിയോടെ സത്യം അറിയിക്കാൻ കഴിയുമെന്ന് യേശുവിന്റെ മാതൃക പ്രകടമാക്കുന്നു.
6. വളരെയധികം വിവരങ്ങൾകൊണ്ട് ബൈബിൾ വിദ്യാർഥിയെ വീർപ്പുമുട്ടിക്കാതിരിക്കാൻ നമുക്ക് എങ്ങനെ കഴിയും?
6 ലാളിത്യത്തോടെ പഠിപ്പിക്കുന്നതിന്, വളരെയധികം വിവരങ്ങൾകൊണ്ടു ബൈബിൾ വിദ്യാർഥിയെ വീർപ്പുമുട്ടിക്കാതിരിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ശിഷ്യന്മാരുടെ പരിമിതികൾ സംബന്ധിച്ച് യേശു പരിഗണനയുള്ളവൻ ആയിരുന്നു. (യോഹന്നാൻ 16:12) നാമും വിദ്യാർഥിയുടെ പരിമിതികൾ കണക്കിലെടുക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകത്തിൽനിന്ന് അധ്യയനം നടത്തുമ്പോൾ എല്ലാം വിശദാംശങ്ങളും നാം വിശദീകരിക്കേണ്ടതില്ല. * ഒരു നിശ്ചിത ഭാഗം പൂർത്തിയാക്കുന്നതാണ് ഏറ്റവും പ്രധാനം എന്നതുപോലെ വിവരങ്ങൾ നാം ഓടിച്ചുതീർക്കേണ്ടതുമില്ല. പകരം, വിദ്യാർഥിയുടെ ആവശ്യങ്ങളും കഴിവുകളും അനുസരിച്ച് പഠനത്തിന്റെ വേഗം നിർണയിക്കുന്നതാണ് ജ്ഞാനം. ക്രിസ്‌തുവിന്റെ ഒരു ശിഷ്യനും യഹോവയുടെ ഒരു ആരാധകനും ആയിത്തീരാൻ വിദ്യാർഥിയെ സഹായിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. പഠിക്കുന്ന കാര്യങ്ങൾ താത്‌പര്യമുള്ള വിദ്യാർഥിക്കു വ്യക്തമായി മനസ്സിലാക്കിക്കൊടുക്കാൻ ആവശ്യമായത്ര സമയം നാം എടുക്കേണ്ടതുണ്ട്. അങ്ങനെ, സത്യം അയാളുടെ ഹൃദയത്തെ സ്‌പർശിക്കുകയും അയാളെ പ്രവർത്തനത്തിനു പ്രേരിപ്പിക്കുകയും ചെയ്‌തേക്കാം.—റോമർ 12:2.
7. സഭയിൽ പ്രസംഗങ്ങൾ നടത്തുമ്പോൾ ലാളിത്യത്തോടെ പഠിപ്പിക്കാൻ ഏതു നിർദേശങ്ങൾ നമ്മെ സഹായിക്കും?
7 സഭയിൽ പ്രസംഗങ്ങൾ നടത്തുമ്പോൾ, പ്രത്യേകിച്ചും പുതിയവർ സദസ്സിൽ ഉണ്ടെങ്കിൽ, “എളുപ്പം മനസ്സിലാകുന്ന” രീതിയിൽ സംസാരിക്കാൻ നമുക്ക് എങ്ങനെ സാധിക്കും? (1 കൊരിന്ത്യർ 14:9, NW) സഹായകമായ മൂന്നു നിർദേശങ്ങൾ പരിചിന്തിക്കുക. ഒന്നാമത്, നിങ്ങൾക്ക് ഉപയോഗിക്കേണ്ടിവരുന്ന പരിചിതമല്ലാത്ത വാക്കുകൾ വിശദീകരിക്കുക. ദൈവവചനത്തെ കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിന്റെ ഫലമായി നമുക്കു നമ്മുടേതായ ഒരു പദസമ്പത്ത് ഉണ്ട്. “വിശ്വസ്‌തനും വിവേകിയുമായ അടിമ,” “വേറെ ആടുകൾ,” “മഹാബാബിലോൻ” തുടങ്ങിയ പദങ്ങൾ നാം ഉപയോഗിക്കുന്നെങ്കിൽ, അർഥം വ്യക്തമാക്കുന്ന ലളിതമായ പദങ്ങൾ ഉപയോഗിച്ച് നാം അവ വിശദീകരിക്കേണ്ടതുണ്ടായിരിക്കാം. രണ്ടാമത്, പദബാഹുല്യം ഒഴിവാക്കുക. വളരെയധികം വാക്കുകൾ, അങ്ങേയറ്റം വിസ്‌തരിച്ച് ഉപയോഗിച്ചാൽ സദസ്യർക്കു പരിപാടിയിലുള്ള താത്‌പര്യം നഷ്ടപ്പെട്ടേക്കാം. അനാവശ്യ പദങ്ങളും പ്രയോഗങ്ങളും ഒഴിവാക്കുമ്പോഴാണു വ്യക്തത ലഭിക്കുന്നത്. മൂന്നാമത്, ആവശ്യത്തിലധികം വിവരങ്ങൾ ഉൾക്കൊള്ളിക്കാൻ ശ്രമിക്കരുത്. ഗവേഷണഫലമായി, രസകരമായ ധാരാളം വിശദാംശങ്ങൾ ലഭിച്ചേക്കാം. എന്നാൽ വിവരങ്ങൾ ഏതാനും മുഖ്യ ആശയങ്ങളായി ചിട്ടപ്പെടുത്തുകയും ആ ആശയങ്ങളെ പിന്താങ്ങുന്നതും നിയമിത സമയത്തിനുള്ളിൽ വ്യക്തമായി വികസിപ്പിക്കാൻ കഴിയുന്നതുമായ വിവരങ്ങൾ മാത്രം ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഉചിതം.
ചോദ്യങ്ങളുടെ ഫലപ്രദമായ ഉപയോഗം
8, 9. വീട്ടുകാരന്റെ താത്‌പര്യത്തിന് ഇണങ്ങുന്ന ഒരു ചോദ്യം നമുക്ക് എങ്ങനെ തിരഞ്ഞെടുക്കാൻ കഴിയും? ഉദാഹരണങ്ങൾ നൽകുക.
8 തങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തുന്നതിന് ശിഷ്യന്മാരെ പ്രേരിപ്പിക്കാനും അവരുടെ ചിന്തയെ ഉത്തേജിപ്പിക്കാനും പരിശീലിപ്പിക്കാനും ചോദ്യങ്ങൾ ഉപയോഗിക്കുന്നതിൽ യേശു അതിവിദഗ്‌ധനായിരുന്നു എന്നത് ഓർക്കുക. ചോദ്യങ്ങൾ ഉപയോഗിക്കുകവഴി, അവരുടെ ഹൃദയങ്ങളിൽ ആർദ്രമായി എത്തിച്ചേരാനും അവരുടെ ഹൃദയങ്ങളെ സ്‌പർശിക്കാനും യേശുവിനു കഴിഞ്ഞു. (മത്തായി 16:13, 15; യോഹന്നാൻ 11:26) യേശുവിനെ പോലെ, നമുക്ക് എങ്ങനെ ചോദ്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കാനാകും?
9 വീടുതോറും പ്രസംഗിക്കുമ്പോൾ, ആളുകളുടെ താത്‌പര്യം ഉണർത്താനും അങ്ങനെ ദൈവരാജ്യത്തെ കുറിച്ചു സംസാരിക്കാനുള്ള അവസരം ഒരുക്കാനും വേണ്ടി നമുക്കു ചോദ്യങ്ങൾ ഉപയോഗിക്കാനാകും. വീട്ടുകാരന്റെ താത്‌പര്യങ്ങൾക്ക് ഇണങ്ങുന്ന ഒരു ചോദ്യം നമുക്ക് എങ്ങനെ തിരഞ്ഞെടുക്കാൻ കഴിയും? ഒരു നിരീക്ഷണപടു ആയിരിക്കുക. ഒരു വീടിനെ സമീപിക്കുമ്പോൾ പരിസരം നിരീക്ഷിക്കുക. വീട്ടിൽ കുട്ടികൾ ഉള്ളതിന്റെ സൂചനയായി മുറ്റത്തു കളിപ്പാട്ടങ്ങൾ ഉണ്ടോ? എങ്കിൽ നമുക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്, ‘നിങ്ങളുടെ കുട്ടികൾ വളർന്നുവരുമ്പോൾ ലോകം എങ്ങനെ ആയിരിക്കും എന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?’ (സങ്കീർത്തനം 37:10, 11) മുൻവാതിലിനു പല പൂട്ടുകൾ പിടിപ്പിച്ചിട്ടുണ്ടോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ടോ? അങ്ങനെയെങ്കിൽ നമുക്ക് ഇങ്ങനെ ചോദിക്കാൻ കഴിയും: ‘എന്നെയും നിങ്ങളെയും പോലെയുള്ള ആളുകൾക്കു നമ്മുടെ ഭവനത്തിലും തെരുവിലും സുരക്ഷിതത്വം തോന്നുന്ന ഒരു കാലം വരുമെന്നു നിങ്ങൾ കരുതുന്നുവോ?’ (മീഖാ 4:3, 4) ഇനി, വീട്ടിൽ രോഗിയായ ഒരു വ്യക്തി ഉണ്ടെന്നു സൂചിപ്പിക്കുന്ന എന്തെങ്കിലും അടയാളം ഉണ്ടോ? എങ്കിൽ ഇങ്ങനെ ചോദിക്കാവുന്നതാണ്: ‘ജീവിച്ചിരിക്കുന്ന സകലരും നല്ല ആരോഗ്യം ആസ്വദിക്കുന്ന ഒരു കാലം എന്നെങ്കിലും വരുമോ?’ (യെശയ്യാവു 33:24) തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ എന്ന പുസ്‌തകത്തിൽ നിരവധി നിർദേശങ്ങൾ കണ്ടെത്താനാകും. *
10. ഒരു ബൈബിൾ വിദ്യാർഥിയുടെ ഹൃദയത്തിലെ വികാരവിചാരങ്ങൾ ‘കോരിയെടുക്കു’ന്നതിന് നമുക്ക് എങ്ങനെ ചോദ്യങ്ങൾ ഉപയോഗിക്കാനാകും, എന്നാൽ നാം എന്തു മനസ്സിൽ പിടിക്കേണ്ടതാണ്?
10 ബൈബിൾ അധ്യയനങ്ങൾ നടത്തുമ്പോൾ നമുക്കു ചോദ്യങ്ങൾ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാൻ കഴിയും? യേശുവിനെപ്പോലെ, ആളുകളുടെ ഹൃദയങ്ങൾ വായിക്കാനുള്ള കഴിവ് നമുക്കില്ല. എന്നാൽ, നയത്തോടും അതേസമയം വിവേകത്തോടും കൂടെ ചോദിക്കുന്ന ചോദ്യങ്ങൾക്കു വിദ്യാർഥിയുടെ ഹൃദയത്തിലെ വികാരവിചാരങ്ങൾ ‘കോരിയെടുക്കു’ന്നതിനു നമ്മെ സഹായിക്കാനാകും. (സദൃശവാക്യങ്ങൾ 20:5) ഉദാഹരണത്തിന്, പരിജ്ഞാനം പുസ്‌തകത്തിലെ “ദൈവഭക്തിയോടുകൂടിയ ജീവിതം സന്തുഷ്ടി നൽകുന്നതിന്റെ കാരണം” എന്ന അധ്യായത്തിൽനിന്ന് നിങ്ങൾ അധ്യയനം എടുക്കുകയാണെന്നു കരുതുക. വഞ്ചന, പരസംഗം, മറ്റു കാര്യങ്ങൾ എന്നിവ സംബന്ധിച്ചുള്ള ദൈവത്തിന്റെ വീക്ഷണത്തെ കുറിച്ച് അതു ചർച്ച ചെയ്യുന്നു. അച്ചടിച്ച ചോദ്യങ്ങൾക്കു വിദ്യാർഥി കൃത്യമായി ഉത്തരം പറഞ്ഞേക്കാം, എന്നാൽ താൻ പഠിക്കുന്ന വിവരങ്ങളോട് അയാൾ യോജിക്കുന്നുണ്ടോ? നമുക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്: ‘അത്തരം കാര്യങ്ങൾ സംബന്ധിച്ചുള്ള യഹോവയുടെ വീക്ഷണം യുക്തിസഹമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?’ ‘ഈ ബൈബിൾ തത്ത്വങ്ങൾ നിങ്ങൾക്കു ജീവിതത്തിൽ എങ്ങനെ ബാധകമാക്കാൻ കഴിയും?’ എന്നാൽ, വിദ്യാർഥിക്കു മാന്യത കൽപ്പിച്ചുകൊണ്ട് ബഹുമാനം പ്രകടമാക്കണമെന്ന കാര്യം മനസ്സിൽ പിടിക്കുക. ബൈബിൾ വിദ്യാർഥിയെ വിഷമിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നതരം ചോദ്യങ്ങൾ ചോദിക്കാൻ നാം ആഗ്രഹിക്കുകയില്ല.—സദൃശവാക്യങ്ങൾ 12:18.
11. പരസ്യമായി പ്രസംഗിക്കുന്നവർക്ക് ഏതെല്ലാം വിധങ്ങളിൽ ചോദ്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കാനാകും?
11 പരസ്യമായി പ്രസംഗിക്കുന്നവർക്കും ഫലപ്രദമായ വിധത്തിൽ ചോദ്യങ്ങൾ ഉപയോഗിക്കാൻ കഴിയും. ശ്രോതാക്കളിൽനിന്ന് ഉത്തരം പ്രതീക്ഷിക്കാത്ത തരത്തിലുള്ള ചോദ്യങ്ങൾ ഉപയോഗിക്കുന്നത് ചിന്തിക്കാനും യുക്തിവിചാരം ചെയ്യാനും അവരെ സഹായിച്ചേക്കാം. യേശു ഇടയ്‌ക്കിടെ അത്തരം ചോദ്യങ്ങൾ ഉപയോഗിച്ചു. (മത്തായി 11:7-9) കൂടാതെ, പ്രാരംഭ പ്രസ്‌താവനകൾക്കു ശേഷം, ചർച്ച ചെയ്യാൻ പോകുന്ന മുഖ്യ ആശയങ്ങളുടെ ഒരു ബാഹ്യരൂപം നൽകാൻ പ്രസംഗകനു ചോദ്യങ്ങൾ ഉപയോഗിക്കാവുന്നതാണ്. അദ്ദേഹത്തിന് ഇങ്ങനെ പറയാൻ കഴിയും: “നമ്മുടെ ഇന്നത്തെ ചർച്ചയിൽ പിൻവരുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങൾ നാം പരിചിന്തിക്കാൻ പോകുകയാണ്: . . .” പിന്നീട്, ഉപസംഹാരത്തിൽ മുഖ്യ ആശയങ്ങൾ പുനരവലോകനം ചെയ്യാൻ ആ ചോദ്യങ്ങൾ അദ്ദേഹത്തിനു പരാമർശിക്കാവുന്നതാണ്.
12. ദൈവവചനത്തിൽനിന്ന് ആശ്വാസം കണ്ടെത്താൻ ഒരു സഹവിശ്വാസിയെ സഹായിക്കുന്നതിനു ക്രിസ്‌തീയ മൂപ്പന്മാർക്ക് എങ്ങനെ ചോദ്യങ്ങൾ ഉപയോഗിക്കാൻ കഴിയുമെന്നതിന്റെ ഒരു ഉദാഹരണം നൽകുക.
12 ഇടയവേലയിൽ, യഹോവയുടെ വചനത്തിൽനിന്ന് ആശ്വാസം കണ്ടെത്താൻ ‘വിഷാദമഗ്നരെ’ സഹായിക്കുന്നതിന് ക്രിസ്‌തീയ മൂപ്പന്മാർക്കു ചോദ്യങ്ങൾ ഉപയോഗിക്കാൻ കഴിയും. (1 തെസ്സലൊനീക്യർ 5:14, NW) ഉദാഹരണത്തിന്, വിഷാദം അനുഭവിക്കുന്ന ഒരു വ്യക്തിയെ സഹായിക്കാൻ ഒരു മൂപ്പന് സങ്കീർത്തനം 34:18-ലേക്കു ശ്രദ്ധ ക്ഷണിക്കാവുന്നതാണ്. ആ വാക്യത്തിൽ ഇങ്ങനെ പറയുന്നു: “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.” വിഷാദമഗ്നനായ വ്യക്തി ഇത് തനിക്ക് വ്യക്തിപരമായി ബാധകമാകുന്ന വിധം കാണുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് മൂപ്പന് ഇപ്രകാരം ചോദിക്കാവുന്നതാണ്: ‘യഹോവ ആർക്കു സമീപസ്ഥനാണ്? ‘ഹൃദയം നുറുങ്ങിയ’തോ ‘മനസ്സു തകർന്ന’തോ ആയ അവസ്ഥയിൽ നിങ്ങൾ ആയിരിക്കുന്നതായി ചിലപ്പോൾ തോന്നാറുണ്ടോ? ബൈബിൾ പറയുന്നതുപോലെ, യഹോവ അത്തരക്കാർക്കു സമീപസ്ഥനാണെങ്കിൽ, അവൻ നിങ്ങൾക്കു സമീപസ്ഥനാണെന്ന് അത് അർഥമാക്കുന്നില്ലേ?’ അത്തരം ആർദ്രമായ ഉറപ്പ് ആ വ്യക്തിയുടെ ഹൃദയത്തിനു ചൈതന്യം പകർന്നേക്കാം.—യെശയ്യാവു 57:15.
യുക്തിസഹമായ ന്യായവാദം
13, 14. (എ) കാണാൻ കഴിയാത്ത ഒരു ദൈവത്തിൽ താൻ വിശ്വസിക്കുന്നില്ല എന്നു പറയുന്ന ഒരാളുമായി നമുക്ക് എങ്ങനെ ന്യായവാദം ചെയ്യാനാകും? (ബി) എല്ലാവർക്കും ബോധ്യം വരുമെന്നു നാം പ്രതീക്ഷിക്കരുതാത്തത് എന്തുകൊണ്ട്?
13 ശുശ്രൂഷയിലായിരിക്കെ, ഈടുറ്റതും ബോധ്യം വരുത്തുന്നതുമായ പ്രവൃത്തികൾ 19:8; 28:23, 24) അതിന്റെ അർഥം, ദൈവവചനത്തിലെ സത്യത്തെ കുറിച്ചു മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നാം സങ്കീർണമായ യുക്തി പ്രയോഗിക്കാൻ പഠിക്കണം എന്നാണോ? തീർച്ചയായും അല്ല. ഈടുറ്റ ന്യായവാദം സങ്കീർണമായിരിക്കേണ്ടതില്ല. ലളിതമായി അവതരിപ്പിക്കുന്ന യുക്തിസഹമായ വാദമുഖങ്ങളാണ് മിക്കപ്പോഴും ഏറ്റവും ഫലപ്രദം. ഒരു ഉദാഹരണം പരിചിന്തിക്കുക.
ന്യായവാദത്തിലൂടെ ആളുകളുടെ ഹൃദയങ്ങളിൽ എത്തിച്ചേരാൻ നാം ആഗ്രഹിക്കുന്നു. (14 കാണാൻ കഴിയാത്ത ഒരു ദൈവത്തിൽ താൻ വിശ്വസിക്കുന്നില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ നമുക്ക് എങ്ങനെ പ്രതികരിക്കാനാകും? പ്രകൃതിയിലെ കാര്യ-കാരണ നിയമം ഉപയോഗിച്ചു നമുക്കു ന്യായവാദം ചെയ്യാൻ സാധിക്കും. എന്തെങ്കിലും ഒരു കാര്യം (അഥവാ ഫലം) കാണുമ്പോൾ അതിന് ഒരു കാരണം ഉണ്ടായിരിക്കുമെന്നു നാം സമ്മതിക്കുന്നു. നമുക്ക് ഇപ്രകാരം പറയാവുന്നതാണ്: ‘ആൾപ്പാർപ്പില്ലാത്ത ഒരു വിദൂര സ്ഥലത്ത് നല്ല രീതിയിൽ പണിതീർത്ത, ഭക്ഷണസാധനങ്ങൾ ക്രമീകരിച്ചിട്ടുള്ള ഒരു വീട് (കാര്യം അഥവാ ഫലം) നിങ്ങൾ കാണുന്നെങ്കിൽ, ആരോ ഒരാൾ (കാരണം) അതു നിർമിച്ച് അലമാരകളിൽ ഭക്ഷണസാധനങ്ങൾ നിറച്ചതാണെന്ന് നിങ്ങൾ സത്വരം സമ്മതിക്കും. അതുപോലെ, പ്രകൃതിയിൽ ദൃശ്യമായ രൂപകൽപ്പനയും ഭൂമിയുടെ “കലവറ”യിലെ സമൃദ്ധമായ ഭക്ഷ്യശേഖരവും (കാര്യം അഥവാ ഫലം) കാണുമ്പോൾ, ആരോ ഒരാൾ (കാരണം) അതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നു സമ്മതിക്കുന്നതു ന്യായയുക്തമല്ലേ?’ “ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമെച്ചവൻ ദൈവം തന്നേ” എന്ന ബൈബിളിന്റെ ലളിതമായ വാദഗതി ഈ വസ്‌തുതയെ വ്യക്തമായി എടുത്തുകാണിക്കുന്നു. (എബ്രായർ 3:4) എന്നാൽ, നമ്മുടെ ന്യായവാദം എത്ര ഈടുറ്റത് ആയിരുന്നാലും, എല്ലാവർക്കും ബോധ്യം വരില്ല. “ശരിയായ മനോനില” ഉള്ളവർ മാത്രമേ വിശ്വാസികൾ ആയിത്തീരുകയുള്ളു എന്നു ബൈബിൾ നമ്മെ ഓർമിപ്പിക്കുന്നു.—പ്രവൃത്തികൾ 13:48, NW; 2 തെസ്സലൊനീക്യർ 3:2.
15. യഹോവയുടെ ഗുണങ്ങളും വഴികളും എടുത്തുകാട്ടാൻ ഏതു ന്യായവാദരീതി നമുക്ക് ഉപയോഗിക്കാൻ കഴിയും, അത്തരം ന്യായവാദരീതി എങ്ങനെ ഉപയോഗിക്കാം എന്ന് ഏതു രണ്ട് ഉദാഹരണങ്ങൾ പ്രകടമാക്കുന്നു?
15 നാം പഠിപ്പിക്കുന്നത് വയൽ ശുശ്രൂഷയിൽ ആയാലും സഭയിൽ ആയാലും, യഹോവയുടെ ഗുണങ്ങളെയും വഴികളെയും എടുത്തുകാട്ടാൻ യുക്തിസഹമായ ന്യായവാദം നമുക്ക് ഉപയോഗിക്കാൻ സാധിക്കും. യേശു ഇടയ്‌ക്കിടെ ഉപയോഗിച്ച ‘എത്രയധികം’ എന്ന പദം ഉപയോഗിച്ചുള്ള ന്യായവാദരീതി വിശേഷാൽ ഫലപ്രദമാണ്. (ലൂക്കൊസ് 11:13; 12:24, NW) വൈരുദ്ധ്യത്തിൽ അധിഷ്‌ഠിതമായ ഈ ന്യായവാദരീതി ആളുകളുടെ മനസ്സിൽ ആഴത്തിൽ പതിയുന്നു. നരകാഗ്നി സംബന്ധിച്ച ഉപദേശത്തിലെ വിഡ്‌ഢിത്തം തുറന്നുകാട്ടാൻ നമുക്ക് ഇങ്ങനെ പറയാവുന്നതാണ്: ‘സ്‌നേഹമുള്ള ഒരു പിതാവും തന്റെ കുട്ടിയുടെ കൈ തീയിൽ പിടിച്ചുകൊണ്ട് അതിനെ ശിക്ഷിക്കുകയില്ല. നമ്മുടെ സ്‌നേഹവാനായ സ്വർഗീയ പിതാവിനു നരകാഗ്നി എന്ന ആശയം അതിലും എത്രയധികം വെറുപ്പുളവാക്കുന്നത് ആയിരിക്കണം!’ (യിരെമ്യാവു 7:31) യഹോവ തന്റെ ദാസന്മാരിൽ ഓരോരുത്തർക്കും വേണ്ടി കരുതുന്നു എന്നു പഠിപ്പിക്കാൻ നമുക്ക് ഇപ്രകാരം പറയാവുന്നതാണ്: ‘ശതകോടിക്കണക്കിനു വരുന്ന നക്ഷത്രങ്ങളിൽ ഓരോന്നിനെയും യഹോവയ്‌ക്ക് അവയുടെ പേരിനാൽ അറിയാമെങ്കിൽ, തന്നെ സ്‌നേഹിക്കുന്ന, തന്റെ പുത്രന്റെ അമൂല്യ രക്തത്താൽ താൻ വിലയ്‌ക്കു വാങ്ങിയിരിക്കുന്ന മനുഷ്യർക്കു വേണ്ടി അവൻ എത്രയധികം കരുതേണ്ടതാണ്!’ (യെശയ്യാവു 40:26; പ്രവൃത്തികൾ 20:28) അത്തരം ശക്തമായ ന്യായവാദത്തിനു മറ്റുള്ളവരുടെ ഹൃദയങ്ങളിൽ എത്തിച്ചേരാൻ നമ്മെ സഹായിക്കാനാകും.
അനുയോജ്യമായ ദൃഷ്ടാന്തങ്ങൾ
16. പഠിപ്പിക്കുന്നതിൽ ദൃഷ്ടാന്തങ്ങൾ മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ട്?
16 ഫലപ്രദമായ ദൃഷ്ടാന്തങ്ങൾ, ആഹാരത്തിന്റെ രുചി വർധിപ്പിക്കുന്ന ഘടകങ്ങൾ പോലെയാണ്. അവ നമ്മുടെ പഠിപ്പിക്കലിനെ മറ്റുള്ളവർക്കു കൂടുതൽ ആസ്വാദ്യമാക്കുന്നു. പഠിപ്പിക്കുന്നതിൽ ദൃഷ്ടാന്തങ്ങൾ മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ടാണ്? ഒരു വിദ്യാഭ്യാസ വിദഗ്‌ധൻ ഇപ്രകാരം അഭിപ്രായപ്പെട്ടു: “ചിത്രങ്ങളോ ഭാവനാസഹായികളായ വിവരങ്ങളോ ഇല്ലാതെ അമൂർത്തമായി ചിന്തിക്കാനുള്ള പ്രാപ്‌തി അതിദുഷ്‌കരമായ ഒന്നാണ്.” ദൃഷ്ടാന്തങ്ങൾ അർഥവത്തായ ചിത്രങ്ങൾ നമ്മുടെ മനസ്സിൽ പതിപ്പിക്കുകയും പുതിയ ആശയങ്ങൾ കൂടുതൽ നന്നായി ഗ്രഹിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുന്നതിൽ പ്രഗത്ഭനായിരുന്നു യേശു. (മർക്കൊസ് 4:33, 34, NW) ഈ പഠിപ്പിക്കൽ രീതി നമുക്ക് എങ്ങനെ ഉപയോഗിക്കാമെന്നു പരിചിന്തിക്കാം.
17. ഒരു ദൃഷ്ടാന്തത്തെ ഫലപ്രദമാക്കുന്ന നാലു ഘടകങ്ങൾ ഏവ?
17 ഒരു ദൃഷ്ടാന്തത്തെ ഫലപ്രദമാക്കുന്നത് എന്താണ്? ഒന്നാമത്, അതു നമ്മുടെ സദസ്സിനു യോജിക്കുന്നത്, അതായത് ശ്രോതാക്കൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന സാഹചര്യങ്ങൾ അടങ്ങുന്നത് ആയിരിക്കണം. തന്റെ ശ്രോതാക്കളുടെ അനുദിന ജീവിതത്തോടു ബന്ധപ്പെട്ട നിരവധി ദൃഷ്ടാന്തങ്ങൾ യേശു ഉപയോഗിച്ചു എന്നു നമുക്കറിയാം. രണ്ടാമത്, വ്യക്തമാക്കാൻ ഉദ്ദേശിക്കുന്ന ആശയത്തിനു ചേരുന്നത് ആയിരിക്കണം ദൃഷ്ടാന്തം. അല്ലാത്തപക്ഷം അത് ശ്രോതാക്കളുടെ ശ്രദ്ധ പതറിക്കുകയേ ഉള്ളൂ. മൂന്നാമത്, ഒരു ദൃഷ്ടാന്തത്തിൽ അനാവശ്യ വിശദാംശങ്ങൾ ഉണ്ടായിരിക്കാൻ പാടില്ല. യേശു ആവശ്യമായ വിശദാംശങ്ങൾ ഉൾപ്പെടുത്തിയെന്നും ആവശ്യമില്ലാത്തവ ഒഴിവാക്കിയെന്നും ഓർക്കുക. നാലാമത്, ഒരു ദൃഷ്ടാന്തം ഉപയോഗിക്കുമ്പോൾ അത് എങ്ങനെ ബാധകമാകുന്നു എന്നതു വ്യക്തമാണെന്നു നാം ഉറപ്പു വരുത്തണം. അല്ലാത്തപക്ഷം, ചിലർക്ക് ആശയം പിടികിട്ടാതെ പോയേക്കാം.
18. അനുയോജ്യമായ ദൃഷ്ടാന്തങ്ങൾ നമുക്ക് എങ്ങനെ ചിന്തിച്ചെടുക്കാൻ കഴിയും?
18 അനുയോജ്യമായ ദൃഷ്ടാന്തങ്ങൾ നമുക്ക് എങ്ങനെ പ്രവൃത്തികൾ 3:19-ലെ ആശയം ദൃഷ്ടാന്തീകരിക്കാനാണ് നാം ആഗ്രഹിക്കുന്നത്. അത് അതിൽത്തന്നെ വ്യക്തമായ ഒരു ആലങ്കാരിക പ്രയോഗമാണ്. എന്നാൽ, ആശയം ദൃഷ്ടാന്തീകരിക്കാൻ യഥാർഥത്തിലുള്ള എന്ത് ഉദാഹരണം നമുക്ക് ഉപയോഗിക്കാനാകും, എഴുത്തു മായ്‌ക്കുന്ന ഒരു റബ്ബർ അല്ലെങ്കിൽ സ്‌പഞ്ച്? നമുക്ക് ഇപ്രകാരം പറയാവുന്നതാണ്: ‘യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കുമ്പോൾ ഒരു സ്‌പഞ്ച് (അല്ലെങ്കിൽ റബ്ബർ) കൊണ്ടെന്നതുപോലെ അവൻ അവ മായ്‌ച്ചുകളയുന്നു.’ അത്തരം ലളിതമായ ദൃഷ്ടാന്തം വ്യക്തമാക്കുന്ന ആശയം ഗ്രഹിക്കുക വളരെ എളുപ്പമായിരിക്കും.
ചിന്തിച്ചെടുക്കാൻ കഴിയും? നീണ്ട വിപുലമായ കഥകൾ നാം ചിന്തിച്ചെടുക്കേണ്ടതില്ല. ഹ്രസ്വമായ ദൃഷ്ടാന്തങ്ങൾ വളരെ ഫലപ്രദമായിരിക്കും. കേവലം, ചർച്ച ചെയ്യുന്ന ആശയത്തെ വ്യക്തമാക്കുന്ന ഉദാഹരണങ്ങളെ കുറിച്ചു ചിന്തിക്കാൻ ശ്രമിക്കുക. ഉദാഹരണത്തിന്, ദൈവത്തിന്റെ ക്ഷമ എന്ന വിഷയമാണു നാം ചർച്ച ചെയ്യുന്നത് എന്നു വിചാരിക്കുക. യഹോവ നമ്മുടെ തെറ്റുകൾ ‘മായ്‌ച്ചുകളയുന്നു’ എന്നു പറയുന്ന19, 20. (എ) നല്ല ദൃഷ്ടാന്തങ്ങൾ നമുക്ക് എവിടെ കണ്ടെത്താനാകും? (ബി) നമ്മുടെ സാഹിത്യങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്ന ഫലപ്രദമായ ദൃഷ്ടാന്തങ്ങളുടെ ചില ഉദാഹരണങ്ങൾ ഏവ? (ചതുരം കൂടി കാണുക.)
19 യഥാർഥ ജീവിത ഉദാഹരണങ്ങൾ ഉൾപ്പെടെ അനുയോജ്യമായ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് എവിടെ കണ്ടെത്താൻ കഴിയും? നിങ്ങളുടെതന്നെ ജീവിതത്തിലും സഹവിശ്വാസികളുടെ സാഹചര്യങ്ങളിലും അനുഭവങ്ങളിലും അവ കണ്ടെത്താൻ ശ്രമിക്കുക. ജീവനുള്ളതും ഇല്ലാത്തതുമായ വസ്‌തുക്കൾ, വീട്ടുസാമഗ്രികൾ, സമൂഹത്തിലെ ആളുകൾക്കു പൊതുവേ നന്നായി അറിയാവുന്ന ആനുകാലിക സംഭവങ്ങൾ എന്നിവ ഉൾപ്പെടെ മറ്റു പല ഉറവുകളിൽനിന്നും ദൃഷ്ടാന്തങ്ങൾ തിരഞ്ഞെടുക്കാൻ കഴിയും. നമുക്കു ചുറ്റുമുള്ള അനുദിന സാഹചര്യങ്ങൾ “സസൂക്ഷ്‌മം നിരീക്ഷിച്ചുകൊണ്ട്” ജാഗ്രതയുള്ളവരായിരിക്കുന്നതാണ് അനുയോജ്യമായ നല്ല ദൃഷ്ടാന്തങ്ങൾ കണ്ടെത്തുന്നതിനുള്ള ഫലപ്രദമായ ഒരു വിധം. (പ്രവൃത്തികൾ 17:22, 23, NW) പരസ്യമായി നടത്തുന്ന പ്രസംഗത്തെ കുറിച്ചുള്ള ഒരു പരാമർശ ഗ്രന്ഥം ഇങ്ങനെ വിശദീകരിക്കുന്നു: “മനുഷ്യജീവിതവും അതിലെ വ്യത്യസ്‌ത പ്രവർത്തനങ്ങളും നിരീക്ഷിക്കുകയും എല്ലാത്തരം ആളുകളോടും സംസാരിക്കുകയും കാര്യങ്ങളെ അടുത്തു പരിശോധിക്കുകയും അവ മനസ്സിലാകുന്നതുവരെ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന ഒരു പ്രസംഗകൻ, ആവശ്യമായിരിക്കുമ്പോൾ അദ്ദേഹത്തിന് വളരെ ഉപകാരപ്രദമായ നിരവധി ദൃഷ്ടാന്തവിവരങ്ങൾ ശേഖരിക്കും.”
20 ഫലപ്രദമായ ദൃഷ്ടാന്തങ്ങളുടെ സമ്പന്നമായ മറ്റൊരു ഉറവിടമുണ്ട്—വീക്ഷാഗോപുരവും ഉണരുക!യും അതുപോലെ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു സാഹിത്യങ്ങളും. ഈ പ്രസിദ്ധീകരണങ്ങളിൽ ദൃഷ്ടാന്തങ്ങൾ എങ്ങനെ ഉപയോഗിച്ചിരിക്കുന്നു എന്നു ശ്രദ്ധിക്കുന്നതിലൂടെ നിങ്ങൾക്കു വളരെയധികം കാര്യങ്ങൾ പഠിക്കാനാകും. * ഉദാഹരണത്തിന്, പരിജ്ഞാനം പുസ്‌തകത്തിന്റെ 17-ാം അധ്യായത്തിലെ 11-ാം ഖണ്ഡികയിലുള്ള ദൃഷ്ടാന്തം എടുക്കുക. അതു സഭയിലെ ഭിന്ന വ്യക്തിത്വങ്ങളുള്ളവരെ ഒരു റോഡിൽ നിങ്ങളോടൊപ്പം നീങ്ങുന്ന പലതരത്തിലുള്ള വാഹനങ്ങളോടു സാദൃശ്യപ്പെടുത്തുന്നു. ഈ ദൃഷ്ടാന്തത്തെ ഫലപ്രദമാക്കുന്നത് എന്താണ്? അത് അനുദിന സാഹചര്യങ്ങളിൽ അധിഷ്‌ഠിതമാണ്, വ്യക്തമാക്കാൻ ഉദ്ദേശിക്കുന്ന ആശയവുമായി ഒത്തുപോകുന്നതാണ്, അത് എങ്ങനെ ബാധകമാകുന്നു എന്ന് വ്യക്തമാണുതാനും. നാം പഠിപ്പിക്കുമ്പോൾ ബൈബിൾ വിദ്യാർഥിയുടെ ആവശ്യങ്ങൾക്ക് ഇണങ്ങുന്ന വിധത്തിൽ അല്ലെങ്കിൽ ഒരു പ്രസംഗത്തിൽ ഉപയോഗിക്കാവുന്ന വിധത്തിൽ ഒരുപക്ഷേ പൊരുത്തപ്പെടുത്തലുകൾ വരുത്തി നമുക്കു പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കാനാകും.
21. ദൈവവചനം ഫലപ്രദമായി പഠിപ്പിക്കുന്ന ഒരു വ്യക്തി ആയിരിക്കുന്നതിൽനിന്നു ലഭിക്കുന്ന പ്രയോജനങ്ങൾ എന്തെല്ലാം?
21 പഠിപ്പിക്കുന്നതിൽ ഫലപ്രദരായിരിക്കുന്നതിന്റെ പ്രതിഫലങ്ങൾ വലുതാണ്. പഠിപ്പിക്കുമ്പോൾ നാം മറ്റുള്ളവരുമായി കാര്യങ്ങൾ പങ്കുവെക്കുന്നു. അവരെ സഹായിക്കാൻ നമ്മുടെ വിഭവങ്ങളിൽ ചിലത് ഉപയോഗിക്കുന്നു. അത്തരം കൊടുക്കൽ സന്തുഷ്ടി കൈവരുത്തുന്നു. കാരണം, ബൈബിൾ ഇപ്രകാരം പറയുന്നു: “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്.” (പ്രവൃത്തികൾ 20:35, NW) ദൈവവവചനം പഠിപ്പിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ സന്തുഷ്ടി യഥാർഥമായ, നിലനിൽക്കുന്ന മൂല്യമുള്ള ഒന്ന്—യഹോവയെ കുറിച്ചുള്ള സത്യം—നാം മറ്റുള്ളവർക്കു പകർന്നു കൊടുക്കുകയാണ് എന്ന അറിവിൽനിന്നു ലഭിക്കുന്ന സന്തോഷമാണ്. നാം മഹാഗുരുവായ യേശുക്രിസ്‌തുവിനെ അനുകരിക്കുകയാണ് എന്ന അറിവിൽനിന്നു ലഭിക്കുന്ന സംതൃപ്‌തിയും നമുക്കുണ്ട്.
[അടിക്കുറിപ്പുകൾ]
^ ഖ. 6 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
^ ഖ. 9 9-15 പേജുകളിലെ “വയൽ ശുശ്രൂഷയിൽ ഉപയോഗിക്കാനുള്ള മുഖവുരകൾ” എന്ന ഭാഗം കാണുക.—യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
^ ഖ. 20 ദൃഷ്ടാന്തങ്ങൾ കണ്ടെത്താൻ, വാച്ച് ടവർ പ്രസിദ്ധീകരണ സൂചിക 1986-2000 (ഇംഗ്ലീഷ്) എന്നതിൽ “ദൃഷ്ടാന്തങ്ങൾ” (Illustrations) എന്നതിനു കീഴിൽ നോക്കുക.—യഹോവയുടെ സാക്ഷികൾ നിരവധി ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
നിങ്ങൾ ഓർമിക്കുന്നുവോ?
• ഭവന ബൈബിൾ അധ്യയനം നടത്തുമ്പോൾ ലാളിത്യത്തോടെ നമുക്ക് എങ്ങനെ പഠിപ്പിക്കാൻ കഴിയും, സഭയിൽ ഒരു പ്രസംഗം നടത്തുമ്പോഴോ?
• വീടുതോറും പ്രസംഗിക്കുമ്പോൾ നമുക്ക് ചോദ്യങ്ങൾ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാനാകും?
• യഹോവയുടെ ഗുണങ്ങളും വഴികളും എടുത്തുകാട്ടാൻ യുക്തിസഹമായ ന്യായവാദം നമുക്ക് എങ്ങനെ ഉപയോഗിക്കാൻ സാധിക്കും?
• അനുയോജ്യമായ ദൃഷ്ടാന്തങ്ങൾ നമുക്ക് എവിടെ കണ്ടെത്താൻ കഴിയും?
[അധ്യയന ചോദ്യങ്ങൾ]
[23-ാം പേജിലെ ചതുരം/ചിത്രം]
നിങ്ങൾ ഈ ദൃഷ്ടാന്തങ്ങൾ ഓർക്കുന്നുവോ?
ഫലപ്രദമായ ഏതാനും ദൃഷ്ടാന്തങ്ങളാണു ചുവടെ കൊടുത്തിരിക്കുന്നത്. അവയുടെ പരാമർശങ്ങൾ നോക്കി, ചർച്ച ചെയ്യപ്പെടുന്ന ആശയത്തിന് ഊന്നൽ നൽകാൻ അവ എങ്ങനെ സഹായിച്ചിരിക്കുന്നു എന്നു ശ്രദ്ധിക്കരുതോ?
• ഊഞ്ഞാൽ അഭ്യാസികളെയോ സ്‌കേറ്റിങ് ജോഡികളെയോ പോലെ, വിജയപ്രദമായ ഒരു ദാമ്പത്യബന്ധം പടുത്തുയർത്താൻ ശ്രമിക്കുന്നവർ നല്ലൊരു പങ്കാളിയെ വളരെയധികം ആശ്രയിക്കുന്നു.—വീക്ഷാഗോപുരം, മേയ് 15, 2001, പേജ് 16.
• നിങ്ങളുടെ വികാരങ്ങൾ അറിയിക്കുന്നത് ഒരു പന്ത് എറിഞ്ഞുകൊടുക്കുന്നതു പോലെയാണ്. അത് അനായാസം പിടിച്ചെടുക്കാൻ കഴിയുന്ന വിധത്തിൽ മയത്തിൽ ഇട്ടുകൊടുക്കാനോ പരിക്കേൽപ്പിക്കുന്ന വിധത്തിൽ ശക്തിയോടെ വലിച്ചെറിയാനോ നിങ്ങൾക്കു കഴിയും.—ഉണരുക!, ഫെബ്രുവരി 8, 2001, പേജ് 10.
• സ്‌നേഹം പ്രകടിപ്പിക്കാൻ പഠിക്കുന്നത് ഒരു പുതിയ ഭാഷ പഠിക്കുന്നതു പോലെയാണ്.—വീക്ഷാഗോപുരം, ഫെബ്രുവരി 15, 1999, പേജുകൾ 18, 22-3.
• കല്ലിൽ കൊത്തിയ ഒരു എഴുത്തുപോലെ, ആദ്യ മാതാപിതാക്കളുടെ ജീനുകളിൽ പാപം ആഴത്തിൽ കൊത്തപ്പെട്ടു. അങ്ങനെ, അത് അവരുടെ സന്തതികളിലേക്കു കൈമാറപ്പെടുകയും അവർ പാപികളും മരിക്കുന്നവരും ആയിത്തീരുകയും ചെയ്‌തു.—നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം, പേജ് 58.
• വേട്ടക്കാർക്ക് ഇര എങ്ങനെ ഉപയോഗപ്രദമായിരിക്കുന്നുവോ, അതുപോലെയാണ് ഭൂതങ്ങൾക്ക് ആത്മവിദ്യ. അതു മനുഷ്യരെ ഭൂതങ്ങളുടെ കെണിയിലേക്ക് ആകർഷിക്കുന്നു.—നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം, പേജ് 111.
• ധനവാനായ ഒരു ഉപകാരി, സത്യസന്ധനല്ലാത്ത മാനേജർ വരുത്തിവെച്ച ഒരു ഫാക്ടറിയുടെ കടങ്ങൾ നികത്തി അതു വീണ്ടും തുറക്കുന്നു, അങ്ങനെ അതിലെ തൊഴിലാളികൾക്ക് ആശ്വാസം കൈവരുത്തുന്നു. അതുപോലെയാണ് യേശു, ആദാമിന്റെ സന്തതികളുടെ രക്ഷയ്‌ക്കെത്തുന്നത്.—വീക്ഷാഗോപുരം, ഫെബ്രുവരി 15, 1999, പേജ് 16.
• ഒരു എതിരാളി നശിപ്പിച്ച തന്റെ വിശിഷ്ട കലാസൃഷ്ടിയെ അതിന്റെ മുൻ മനോഹാരിതയിൽ പുനഃസ്ഥാപിക്കാൻ ഒരു കലാകാരൻ വാഞ്‌ഛിക്കുന്നതു പോലെ, ഭൂമിയെ ഒരുക്കി അതിൽ മനുഷ്യവർഗത്തെ ആക്കിവെച്ചുകൊണ്ട് ഒരു വിശിഷ്ട കലാസൃഷ്ടി നടത്തിയ യഹോവ കാര്യങ്ങളെ താൻ ആദിയിൽ ഉദ്ദേശിച്ചതുപോലെ നേരെയാക്കാൻ നിശ്ചയിച്ചിരിക്കുകയാണ്.—നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം, പേജ് 181.
[20-ാം പേജിലെ ചിത്രങ്ങൾ]
സത്യക്രിസ്‌ത്യാനികൾ ദൈവവചനം പഠിപ്പിക്കുന്നവർ ആണ്
[21-ാം പേജിലെ ചിത്രം]
ദൈവവചനത്തിൽനിന്ന് ആശ്വാസം കണ്ടെത്താൻ സഹവിശ്വാസികളെ സഹായിക്കുന്നതിനു മൂപ്പന്മാർക്കു ചോദ്യങ്ങൾ ഉപയോഗിക്കാൻ കഴിയും