നവോന്മേഷദായകമായ മഞ്ഞുതുള്ളികൾക്കു സമാനരായ യുവജനങ്ങൾ
“എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും”
നവോന്മേഷദായകമായ മഞ്ഞുതുള്ളികൾക്കു സമാനരായ യുവജനങ്ങൾ
“എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും [“നിങ്ങൾക്കു നവോന്മേഷം പകരും,” NW]” എന്നു പറഞ്ഞപ്പോൾ പ്രായംകുറഞ്ഞ തന്റെ അനുഗാമികളും യേശുക്രിസ്‌തുവിന്റെ മനസ്സിലുണ്ടായിരുന്നു എന്നതിനു സംശയമില്ല. (മത്തായി 11:28) ആളുകൾ അവന്റെ അടുക്കൽ കുട്ടികളെ കൊണ്ടുവന്നപ്പോൾ ശിഷ്യന്മാർ അവരെ തടയാൻ ശ്രമിച്ചു. എന്നാൽ യേശു പറഞ്ഞു: “ശിശുക്കളെ എന്റെ അടുക്കൽ വിടുവിൻ, അവരെ തടുക്കരുതു.” “അവൻ അവരെ അണെച്ചു [“കൈകളിൽ എടുത്ത്,” ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാന്തരം] അവരുടെ മേൽ കൈ വെച്ചു, അവരെ അനുഗ്രഹി”ക്കുക പോലും ചെയ്‌തു. (മർക്കൊസ് 10:14-16) തീർച്ചയായും, യേശു ഇളംപ്രായക്കാരെ വിലപ്പെട്ടവരായി കണക്കാക്കി.
ദൈവസേവനത്തിൽ നല്ല മാതൃകവെച്ച വിശ്വസ്‌തരായ യുവതീയുവാക്കളെയും കൗമാരപ്രായക്കാരെയും കൊച്ചു കുട്ടികളെയും കുറിച്ചു ബൈബിൾ പറയുന്നു. മഞ്ഞുതുള്ളികൾ പോലെ നവോന്മേഷദായകരായ ‘യുവാക്കന്മാരെ’ കുറിച്ചു സങ്കീർത്തന പുസ്‌തകത്തിൽ മുൻകൂട്ടി പറഞ്ഞിരിക്കുന്നു. കൂടാതെ, യഹോവയുടെ നാമത്തെ സ്‌തുതിക്കുന്ന ‘യുവാക്കളെയും യുവതികളെയും’ കുറിച്ചും അതു പറയുന്നു.—സങ്കീർത്തനം 110:3, NW; 148:12, 13.
യുവജനങ്ങൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ഒരു ഇടം
മഞ്ഞുതുള്ളികളുടെ ഉപമ അനുയോജ്യമാണ്, കാരണം മഞ്ഞിനെ സമൃദ്ധിയോടും അനുഗ്രഹത്തോടും ബന്ധപ്പെടുത്തിയിരിക്കുന്നു. (ഉല്‌പത്തി 27:28) മഞ്ഞുതുള്ളികൾ മൃദുവും നവോന്മേഷദായകവുമാണ്. ക്രിസ്‌തു സാന്നിധ്യവാനായിരിക്കുന്ന ഈ സമയത്ത് യുവ ക്രിസ്‌ത്യാനികളുടെ ഒരു വലിയ കൂട്ടം സ്വമേധയാ, ഉത്സാഹപൂർവം തങ്ങളെത്തന്നെ സേവനത്തിനായി ലഭ്യമാക്കുന്നു. നവോന്മേഷം പകരുന്ന മഞ്ഞുതുള്ളികൾ പോലെ നിരവധി യുവതീയുവാക്കൾ സന്തോഷപൂർവം ദൈവത്തെ സേവിക്കുകയും സഹാരാധകരെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു.—സങ്കീർത്തനം 71:17.
ക്രിസ്‌തീയ യുവജനങ്ങൾ മറ്റുള്ളവർക്കു നവോന്മേഷം പകരുക മാത്രമല്ല ചെയ്യുന്നത്; തങ്ങളുടെ സേവനത്തിൽ അവർതന്നെ നവോന്മേഷം കണ്ടെത്തുന്നു. അവർക്ക് അഭിവൃദ്ധി പ്രാപിക്കാൻ പറ്റിയ ഒരു ചുറ്റുപാട് ദൈവത്തിന്റെ സംഘടന പ്രദാനം ചെയ്യുന്നു. ഉയർന്ന ധാർമിക നിലവാരങ്ങൾ കാത്തുസൂക്ഷിക്കുന്ന യുവതീയുവാക്കൾ ദൈവവുമായി ഒരു ഉറ്റ ബന്ധം ആസ്വദിക്കുന്നു. (സങ്കീർത്തനം 119:9, NW) സഭയ്‌ക്കുള്ളിൽ അവർ ആരോഗ്യകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും നല്ല സുഹൃത്തുക്കളെ കണ്ടെത്തുകയും ചെയ്യുന്നു—സംതൃപ്‌തവും അർഥവത്തുമായ ഒരു ജീവിതത്തിനു സംഭാവന ചെയ്യുന്ന ഘടകങ്ങളാണ് അവ.
‘സൗഖ്യവും ഉന്മേഷവും’
തങ്ങൾ മഞ്ഞുതുള്ളികൾ പോലെയാണെന്ന് ക്രിസ്‌തീയ യുവജനങ്ങൾക്കു തോന്നുന്നുണ്ടോ? സഭാ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും ഓരോ മാസവും ശുശ്രൂഷയിൽ സന്തോഷപൂർവം 70-ലധികം മണിക്കൂർ ചെലവഴിക്കുകയും ചെയ്യുന്ന ഒരു യുവതിയാണു ടാനിയ. അവൾക്ക് എന്താണു തോന്നുന്നത്? “എനിക്കു നവോന്മേഷവും ഉണർവും തോന്നുന്നു,” അവൾ പറയുന്നു. “യഹോവയും അവന്റെ ഭൗമിക സംഘടനയും എന്റെ ജീവിതത്തിൽ ‘സൗഖ്യവും ഉന്മേഷവും’ പ്രദാനം ചെയ്‌തിരിക്കുന്നു.”—സദൃശവാക്യങ്ങൾ 3:8, ഓശാന ബൈബിൾ.
മറ്റൊരു യുവ മുഴുസമയ ശുശ്രൂഷകയായ അരീയെൽ സഭയ്‌ക്കുള്ളിൽ തനിക്കു ലഭിക്കുന്ന ആത്മീയ പോഷണത്തെ വിലമതിക്കുന്നു. “ക്രിസ്‌തീയ യോഗങ്ങൾക്കും കൺവെൻഷനുകൾക്കും സമ്മേളനങ്ങൾക്കും പോയി യഹോവയുടെ യാക്കോബ് 2:23.
ആത്മീയ മേശയിലെ വിരുന്നിൽ പങ്കുപറ്റുമ്പോൾ അത് എന്നെ ശരിക്കും ആത്മീയമായി നവോന്മേഷിതയാക്കുന്നു” എന്ന് അവൾ പറയുന്നു. “ലോകമെമ്പാടും എനിക്കു കൂട്ടു വേലക്കാർ ഉണ്ടെന്ന അറിവ് എനിക്ക് ഉണർവേകുന്നു.” നവോന്മേഷത്തിന്റെ ഏറ്റവും വലിയ ഉറവിനെ കുറിച്ച് അവൾ പറയുന്നു: “യഹോവയെ സുഹൃത്തായി ലഭിക്കുകയെന്നത് തികച്ചും നവോന്മേഷപ്രദമാണ്. പ്രത്യേകിച്ചും, ഈ ലോകത്തിൽ ആളുകൾ അനുഭവിക്കുന്ന ഭയാനക പ്രശ്‌നങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഞാൻ ഇത് ഏറെ വിലമതിക്കുന്നു.”—ഇരുപതു വയസ്സുള്ള അബിശായി ഒരു മുഴുസമയ സുവിശേഷകനും സഭയിൽ ശുശ്രൂഷാദാസനുമാണ്. അവൻ തന്റെ അനുഭവം ഈ വാക്കുകളിൽ വിവരിക്കുന്നു: “ഇന്ന് യുവജനങ്ങൾ നേരിടുന്ന അനവധി പ്രശ്‌നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന അറിവ് എനിക്കു നവോന്മേഷം പകരുന്നു. യഹോവയെ മുഴുദേഹിയോടെ സേവിക്കാൻ ഞാൻ എന്താണോ ചെയ്യേണ്ടത് അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബൈബിൾ സത്യം എന്നെ സഹായിച്ചിരിക്കുന്നു.”
കൗമാരത്തിന്റെ ആദ്യവർഷങ്ങളിൽ, വളരെ പെട്ടെന്നു ദേഷ്യം വരുന്ന പ്രകൃതമായിരുന്നു ആൻറ്റ്വാന്റേത്. ഒരിക്കൽ അവൻ ഒരു കസേരയെടുത്ത് ഒരു സഹവിദ്യാർഥിയെ അടിച്ചു. മറ്റൊരു വിദ്യാർഥിയെ പെൻസിൽകൊണ്ടു കുത്തി പരിക്കേൽപ്പിച്ചു. ആൻറ്റ്വാൻ നവോന്മേഷം പകരുന്ന ഒരു വ്യക്തിയേ ആയിരുന്നില്ല! എന്നാൽ ബൈബിൾ പ്രബോധനം അവന്റെ പെരുമാറ്റത്തിനു മാറ്റം വരുത്തി. ഇപ്പോൾ 19 വയസ്സുള്ള ആൻറ്റ്വാൻ ഒരു ശുശ്രൂഷാദാസനും മുഴുസമയ ശുശ്രൂഷകനുമാണ്. അവൻ പറയുന്നു: “യഹോവ, തന്നെ കുറിച്ച് അറിയാനും ആത്മനിയന്ത്രണത്തിന്റെ ആവശ്യം മനസ്സിലാക്കി എന്റെ ഗതിക്കു മാറ്റം വരുത്താനും എന്നെ സഹായിച്ചതിൽ ഞാൻ നന്ദിയുള്ളവനാണ്. ഈ വിധത്തിൽ അനേകം പ്രശ്‌നങ്ങൾ ഒഴിവാക്കാൻ എനിക്കു സാധിച്ചിരിക്കുന്നു.”
യുവ ക്രിസ്‌ത്യാനികളുടെ നവോന്മേഷദായകമായ പെരുമാറ്റം മറ്റുള്ളവർ ശ്രദ്ധിക്കുന്നു. ഇറ്റലിയിലെ ഒരു യുവസാക്ഷിയാണ് മാറ്റെയോ. ക്ലാസ്സിലെ ഏതെങ്കിലും കുട്ടി അസഭ്യ വാക്കുകൾ ഉപയോഗിച്ചാൽ അതിനു ചെറിയ ഒരു പിഴ അടയ്‌ക്കണമെന്ന് അധ്യാപിക ഒരു നിബന്ധന വെച്ചു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഈ വ്യവസ്ഥ മാറ്റാൻ കുട്ടികൾ അധ്യാപികയോട് അപേക്ഷിച്ചു, “ചീത്ത വാക്കുകൾ ഉപയോഗിക്കാതെയിരിക്കുക അസാധ്യമാണ്” എന്നതായിരുന്നു അവർ പറഞ്ഞ കാരണം. “എന്നാൽ,” മാറ്റെയോ വിശദീകരിക്കുന്നു: “അതു ശരിയല്ലെന്നു പറഞ്ഞ അധ്യാപിക യഹോവയുടെ സാക്ഷികളിൽ ഒരാളായ എന്നെ ദൃഷ്ടാന്തമെന്ന നിലയിൽ എടുത്തു കാണിച്ചു. എന്റെ സഭ്യമായ സംസാരത്തെപ്രതി അവർ മുഴു ക്ലാസ്സിന്റെയും മുമ്പാകെ എന്നെ പ്രശംസിച്ചു.”
തായ്‌ലൻഡിലെ ഒരു സ്‌കൂളിലാണ് 11 വയസ്സുകാരനായ രാട്ട്യ പഠിക്കുന്നത്. രാട്ട്യയുടെ അധ്യാപിക അവനെ ക്ലാസ്സിലെ തീരെ അച്ചടക്കമില്ലാത്ത കുട്ടികളുടെ മുമ്പാകെ നിറുത്തിയിട്ട് ഇപ്രകാരം പറഞ്ഞു: “നിങ്ങൾക്ക് ഇവനെ കണ്ടു പഠിക്കരുതോ? ഇവൻ എത്ര നന്നായി പഠിക്കും, പെരുമാറ്റവും നല്ലതാണ്.” പിന്നെ അവർ വിദ്യാർഥികളോടു പറഞ്ഞു: “നിങ്ങളുടെ പെരുമാറ്റം നന്നാകണമെങ്കിൽ നിങ്ങൾ എല്ലാവരും രാട്ട്യയെ പോലെ യഹോവയുടെ സാക്ഷികൾ ആകേണ്ടി വരുമെന്നാണ് എനിക്കു തോന്നുന്നത്.”
ആയിരക്കണക്കിനു ക്രിസ്‌തീയ യുവജനങ്ങൾ യഹോവയെ അടുത്തറിയുകയും അവന്റെ ഇഷ്ടം പ്രവർത്തിക്കുകയും ചെയ്യുന്നതു കാണുന്നതു സന്തോഷകരമാണ്. ഇത്തരം യുവജനങ്ങൾ തങ്ങളുടെ പ്രായത്തിന് അതീതമായ ജ്ഞാനം പ്രകടമാക്കുന്നു. ജീവിതത്തിൽ വിജയിക്കാൻ ദൈവം ഇപ്പോൾത്തന്നെ അവരെ സഹായിക്കുന്നു. ഇനി, വരാൻപോകുന്ന പുതിയലോകത്തിൽ ഒരു മഹത്തായ ഭാവി അവൻ അവർക്കു നൽകുകയും ചെയ്യും. (1 തിമൊഥെയൊസ് 4:8) ആത്മീയമായ അർഥത്തിൽ ഒരു തരിശുഭൂമി പോലെ ആയിരിക്കുന്ന ഇപ്പോഴത്തെ വ്യവസ്ഥിതി അസംതൃപ്‌തരും നിരാശരുമായ യുവപ്രായക്കാരെ കൊണ്ടു നിറഞ്ഞിരിക്കുമ്പോൾ ഇത്തരം യുവജനങ്ങളെ കാണുന്നത് എത്ര നവോന്മേഷദായകമാണ്!