വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“രക്ഷ യഹോവയിൽ നിന്ന്‌”

“രക്ഷ യഹോവയിൽ നിന്ന്‌”

“രക്ഷ യഹോവയിൽ നിന്ന്‌”

ദേശീയ പ്രതിസന്ധികളുടെയും അന്താരാഷ്‌ട്ര സംഘർഷങ്ങളുടെയും സമയത്ത്‌ ആളുകൾ സുരക്ഷിതത്വത്തിനായി തങ്ങളുടെ ഗവൺമെന്റിലേക്കു നോക്കുന്നു. ഗവൺമെന്റുകളാണെങ്കിൽ പൊതുജന പിന്തുണ ഉറപ്പാക്കുന്നതിനായുള്ള പരിപാടികൾ ഊർജിതപ്പെടുത്തുന്നു. ഇത്തരം പരിപാടികൾ ദേശഭക്തിയെ എത്രമാത്രം പ്രോത്സാഹിപ്പിക്കുന്നുവോ ദേശഭക്തിപരമായ ചടങ്ങുകൾ അത്ര കൂടെക്കൂടെ നടത്തപ്പെടാൻ തുടങ്ങുന്നു, അവ കൂടുതൽ ആവേശഭരിതവുമായിത്തീരുന്നു.

രാഷ്‌ട്രം ഏതെങ്കിലും അടിയന്തിര സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോൾ ദേശഭക്തിയുടെ ഒരു തിരത്തള്ളൽ പലപ്പോഴും ആളുകളിൽ ഐക്യബോധവും സുരക്ഷിതത്വബോധവും ജനിപ്പിക്കുകയും അവർക്കിടയിൽ സഹകരണത്തിന്റെയും പൊതുസേവന തത്‌പരതയുടെയും ഒരു മനോഭാവത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ദ ന്യൂയോർക്ക്‌ ടൈംസ്‌ മാഗസിനിൽ വന്ന ഒരു ലേഖനം ഇങ്ങനെ പറഞ്ഞു: “മറ്റേതൊരു വികാരത്തെയുംപോലെ ദേശഭക്തിക്കും അപകടകരമായിരിക്കാനാകും. കാരണം നിയന്ത്രണംവിട്ടാൽ അതു വികൃത രൂപങ്ങൾ കൈവരിച്ചേക്കാം.” രാജ്യത്തെ ചില പൗരന്മാരുടെ അവകാശങ്ങളിന്മേലും മതസ്വാതന്ത്ര്യത്തിന്മേലും കടന്നാക്രമണം നടത്തുന്ന വിധത്തിൽ അതു പ്രകടമാക്കപ്പെട്ടേക്കാം. സത്യക്രിസ്‌ത്യാനികൾ പ്രത്യേകിച്ചും തങ്ങളുടെ വിശ്വാസങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാനുള്ള സമ്മർദത്തിൻ കീഴിൽ വരുന്നു. തങ്ങൾക്കു ചുറ്റുമുള്ള അവസ്ഥ അങ്ങനെ ആയിരിക്കുമ്പോൾ അവർ എങ്ങനെ പ്രവർത്തിക്കും? ഉൾക്കാഴ്‌ചയോടെ പ്രവർത്തിക്കാനും ദൈവത്തോടുള്ള ദൃഢവിശ്വസ്‌തത കാത്തുകൊള്ളാനും ഏതു തിരുവെഴുത്തു തത്ത്വങ്ങൾ അവരെ സഹായിക്കും?

‘അവയെ വണങ്ങരുത്‌’

ചില സമയങ്ങളിൽ ദേശീയ പതാകയെ വന്ദിക്കുന്നത്‌ ദേശഭക്തി പ്രകടിപ്പിക്കാനുള്ള ഒരു സാധാരണ വിധമായി കണക്കാക്കപ്പെടുന്നു. എന്നാൽ മിക്കപ്പോഴും പതാകകൾ നക്ഷത്രങ്ങൾ പോലുള്ള ആകാശീയ വസ്‌തുക്കളുടെയും ഭൂമിയിലുള്ള വസ്‌തുക്കളുടെയും രൂപങ്ങൾ അടങ്ങുന്നവയാണ്‌. ഇത്തരം വസ്‌തുക്കളെ വണങ്ങുന്നതു സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം അവന്റെ ജനത്തോടുള്ള പിൻവരുന്ന കൽപ്പനയിൽ പ്രകടമാണ്‌: “ഒരു കൊത്തപ്പെട്ട പ്രതിമയോ മീതെ ആകാശങ്ങളിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിൽ വെള്ളത്തിലോ ഉള്ള എന്തിനെയെങ്കിലും പോലുള്ള ഒരു രൂപമോ നിനക്കുവേണ്ടി നീ ഉണ്ടാക്കരുത്‌. അവയെ വണങ്ങുകയോ സേവിക്കയോ ചെയ്യരുത്‌. എന്തെന്നാൽ നിന്റെ ദൈവമായ യഹോവയായ ഞാൻ സമ്പൂർണ ഭക്തി നിഷ്‌കർഷിക്കുന്ന ദൈവം ആകുന്നു.”​—⁠പുറപ്പാടു 20:​4, 5, NW.

ദേശത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു പതാകയെ വന്ദിക്കുകയോ അതിനു മുമ്പിൽ മുട്ടുകുത്തുകയോ ചെയ്യുന്നത്‌ വാസ്‌തവത്തിൽ, യഹോവയാം ദൈവത്തിനു സമ്പൂർണ ഭക്തി നൽകണം എന്ന കൽപ്പനയ്‌ക്കു വിരുദ്ധമാണോ? പുരാതന ഇസ്രായേല്യർക്ക്‌ ‘കൊടികൾ’ ഉണ്ടായിരുന്നു. മരുഭൂമിയിൽ ആയിരിക്കെ മൂന്നു ഗോത്രങ്ങൾ അടങ്ങുന്ന വിഭാഗങ്ങളായി അവർ അവയ്‌ക്കു ചുറ്റും പാളയമടിച്ചിരുന്നു. (സംഖ്യാപുസ്‌തകം 2:​1, 2) അത്തരം കൊടികളെ പരാമർശിക്കാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദങ്ങളെ കുറിച്ച്‌ മക്ലിന്റോക്കിന്റെയും സ്‌ട്രോങ്ങിന്റെയും വിജ്ഞാനകോശം (ഇംഗ്ലീഷ്‌) പറയുന്നു: “‘കൊടി’ എന്ന പദം നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നത്‌ പതാകയുടെ ചിത്രമാണെങ്കിലും പ്രസ്‌തുത പദങ്ങളൊന്നും അത്തരമൊരു ആശയത്തെ ദ്യോതിപ്പിക്കുന്നില്ല.” കൂടാതെ, ഇസ്രായേല്യരുടെ കൊടികളെ വിശുദ്ധമായി കണക്കാക്കുകയോ അവയുടെ ഉപയോഗത്തോട്‌ അനുബന്ധിച്ച്‌ എന്തെങ്കിലും ചടങ്ങുകൾ നടത്തപ്പെടുകയോ ചെയ്‌തിരുന്നില്ല. അവ വെറും അടയാളങ്ങളായിരുന്നു, എവിടെ കൂടിവരണമെന്ന്‌ ആളുകളെ കാണിക്കുക എന്ന പ്രായോഗിക ഉദ്ദേശ്യം മാത്രമേ അവയ്‌ക്ക്‌ ഉണ്ടായിരുന്നുള്ളൂ.

തിരുനിവാസത്തിലും ശലോമോന്റെ ആലയത്തിലും ഉണ്ടായിരുന്ന കെരൂബുകളുടെ രൂപങ്ങൾ മുഖ്യമായും സ്വർഗീയ കെരൂബുകളെ ചിത്രീകരിക്കുന്നതിനു വേണ്ടി ഉള്ളതായിരുന്നു. (പുറപ്പാടു 25:18; 26:​1, 31, 33; 1 രാജാക്കന്മാർ 6:​23, 28, 29; എബ്രായർ 9:​23, 24) കെരൂബുകളുടെ ഈ രൂപങ്ങൾ ആരാധനയ്‌ക്കുള്ളത്‌ ആയിരുന്നില്ല എന്നു വ്യക്തമാണ്‌. കാരണം, പൊതുജനങ്ങൾ അവയെ ഒരിക്കലും കണ്ടിരുന്നില്ല. തന്നെയുമല്ല, ദൂതന്മാരെ ആരാധിക്കുന്നത്‌ തെറ്റുമായിരുന്നു.​—⁠കൊലൊസ്സ്യർ 2:18; വെളിപ്പാടു 19:​10, NW; 22:​8, 9 NW.

ഇനി, മരുഭൂമിയിലൂടെയുള്ള ഇസ്രായേല്യരുടെ പ്രയാണകാലത്ത്‌ പ്രവാചകനായ മോശെ ഉണ്ടാക്കിയ താമ്ര സർപ്പത്തിന്റെ കാര്യം എടുക്കുക. ആ രൂപം ഒരു പ്രതീകമായി വർത്തിച്ചു. അതിനു പ്രാവചനിക പ്രാധാന്യവും ഉണ്ടായിരുന്നു. (സംഖ്യാപുസ്‌തകം 21:​4-9; യോഹന്നാൻ 3:​14, 15) ആളുകൾ അതിനെ പൂജിക്കുകയോ അത്‌ ആരാധനയ്‌ക്കായി ഉപയോഗിക്കുകയോ ചെയ്‌തിരുന്നില്ല. എന്നാൽ, മോശെ മരിച്ച്‌ നൂറ്റാണ്ടുകൾക്കു ശേഷം ഇസ്രായേല്യർ അനുചിതമായി ആ രൂപത്തെ ആരാധിക്കാനും അതിനു ധൂപം കാട്ടാൻ പോലും തുടങ്ങി. അതിനാൽ, യഹൂദാ രാജാവായ ഹിസ്‌കീയാവ്‌ അത്‌ ഉടെച്ചുകളഞ്ഞു.​—⁠2 രാജാക്കന്മാർ 18:​1-4.

പ്രയോജനപ്രദമായ എന്തെങ്കിലും ധർമം നിർവഹിക്കുന്ന അടയാളങ്ങൾ മാത്രമാണോ ദേശീയ പതാകകൾ? അവ എന്തിന്റെ പ്രതീകങ്ങളാണ്‌? “ദേശീയതയുടെ പ്രധാന വിശ്വാസപ്രതീകവും മുഖ്യ ആരാധനാ വസ്‌തുവും പതാകയാണ്‌” എന്ന്‌ ഗ്രന്ഥകാരൻ ജെ. പോൾ വില്യംസ്‌ പറഞ്ഞു. ദി എൻസൈക്ലോപീഡിയ അമേരിക്കാന പറയുന്നു: “കുരിശ്‌ പോലെതന്നെ പതാകയും വിശുദ്ധമാണ്‌.” പതാക രാഷ്‌ട്രത്തിന്റെ പ്രതീകമാണ്‌. അതുകൊണ്ട്‌ അതിനെ വണങ്ങുന്നത്‌, അല്ലെങ്കിൽ വന്ദിക്കുന്നത്‌ രാഷ്‌ട്രത്തിന്‌ ആദരാഞ്‌ജലി അർപ്പിക്കുന്ന മതപരമായ ഒരു ചടങ്ങാണ്‌. അത്തരമൊരു നടപടിയിലൂടെ രക്ഷ രാഷ്‌ട്രത്തിൽനിന്നാണു വരുന്നത്‌ എന്നു താൻ വിശ്വസിക്കുന്നതായി ഒരു വ്യക്തി പ്രകടമാക്കുന്നു. അതു വിഗ്രഹാരാധന സംബന്ധിച്ച ബൈബിളിന്റെ വീക്ഷണവുമായി യോജിപ്പിലുമല്ല.

തിരുവെഴുത്തുകൾ വ്യക്തമായി പറയുന്നു: “രക്ഷ യഹോവയിൽ നിന്ന്‌ ഉള്ളതാകുന്നു.” (സങ്കീർത്തനം 3:⁠8, NW) മനുഷ്യ സ്ഥാപനങ്ങൾക്കോ അവയുടെ പ്രതീകങ്ങൾക്കോ അതിനുള്ള ബഹുമതി കൊടുക്കാനാവില്ല. അപ്പൊസ്‌തലനായ പൗലൊസ്‌ തന്റെ സഹവിശ്വാസികളെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “പ്രിയന്മാരേ, വിഗ്രഹാരാധന വിട്ടോടുവിൻ.” (1 കൊരിന്ത്യർ 10:14) രാഷ്‌ട്രത്തോടുള്ള ആരാധനാ ക്രിയകളിൽ ആദിമ ക്രിസ്‌ത്യാനികൾ പങ്കെടുത്തിരുന്നില്ല. മരണത്തിന്റെ വക്കിൽ എത്തിനിൽക്കുന്നവർ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിൽ ഡാനിയേൽ പി. മനിക്‌സ്‌ പറയുന്നു: “[റോമൻ] ചക്രവർത്തിയുടെ രക്ഷകാത്മാവിനു ബലിയർപ്പിക്കാൻ . . . ക്രിസ്‌ത്യാനികൾ വിസമ്മതിച്ചു​—⁠ഇന്നു പതാകയെ വന്ദിക്കാൻ വിസമ്മതിക്കുന്നതിന്‌ ഏതാണ്ടു തുല്യമായിരുന്നു അത്‌.” ഇന്നു സത്യക്രിസ്‌ത്യാനികളുടെ കാര്യത്തിലും അതു സത്യമാണ്‌. യഹോവയ്‌ക്കു സമ്പൂർണ ഭക്തി നൽകാൻ ആഗ്രഹിക്കുന്നതിനാൽ ഒരു രാഷ്‌ട്രത്തിന്റെയും പതാകയെ അവർ വന്ദിക്കുന്നില്ല. അതുവഴി, അവർ ഗവൺമെന്റുകളോടും ഭരണാധികാരികളോടും ആദരവു പ്രകടമാക്കുന്നവരാണ്‌ എങ്കിലും ദൈവത്തെ ഒന്നാമതു വെക്കുന്നുവെന്നു തെളിയിക്കുന്നു. ഗവൺമെന്റാകുന്ന “ശ്രേഷ്‌ഠാധികാരങ്ങൾക്കു” കീഴടങ്ങിയിരിക്കാനുള്ള ഉത്തരവാദിത്വം അവർ തീർച്ചയായും തിരിച്ചറിയുന്നുണ്ട്‌. (റോമർ 13:​1-7) എന്നാൽ ദേശീയഗാനങ്ങൾ പോലെ ദേശഭക്തി ഉണർത്തുന്ന ഗീതങ്ങൾ പാടുന്നതു സംബന്ധിച്ചുള്ള തിരുവെഴുത്തു വീക്ഷണം എന്താണ്‌?

ദേശീയഗാനങ്ങൾ എന്താണ്‌?

“ദേശീയഗാനങ്ങൾ ദേശഭക്തിയുടെ പ്രകടനങ്ങളാണ്‌. പലപ്പോഴും അതിൽ ദേശത്തിലെ ജനങ്ങളെയും ഭരണാധികാരികളെയും സംരക്ഷിച്ചു വഴിനടത്താനായി ദൈവത്തോടു നടത്തുന്ന അപേക്ഷകൾ അടങ്ങിയിട്ടുണ്ടായിരിക്കും” എന്ന്‌ ദി എൻസൈക്ലോപീഡിയ അമേരിക്കാന പറയുന്നു. ഫലത്തിൽ, ഒരു ദേശീയഗാനം ദേശത്തിനു വേണ്ടി ആലപിക്കപ്പെടുന്ന കീർത്തനം അല്ലെങ്കിൽ പ്രാർഥനയാണ്‌. രാഷ്‌ട്രം ദീർഘകാലം നിലനിൽക്കാനും സമ്പദ്‌സമൃദ്ധി ആസ്വദിക്കാനും ഇടവരുത്തണമേ എന്ന അപേക്ഷ അതിൽ മിക്കപ്പോഴും അടങ്ങിയിരിക്കും. സത്യ ക്രിസ്‌ത്യാനികൾ അത്തരം പ്രാർഥനകളിലെ വികാരങ്ങളിൽ പങ്കുചേരണമോ?

പ്രവാചകനായ യിരെമ്യാവ്‌ ദൈവത്തെ സേവിക്കുന്നതായി അവകാശപ്പെട്ടിരുന്ന ഒരു ജനത്തിന്റെ ഇടയിലാണു ജീവിച്ചിരുന്നത്‌. എന്നിട്ടും യഹോവ അവനോടു കൽപ്പിച്ചു: “നീ ഈ ജനത്തിന്നു വേണ്ടി പ്രാർത്ഥിക്കരുതു; അവർക്കു വേണ്ടി യാചനയും പ്രാർത്ഥനയും കഴിക്കരുതു; എന്നോടു പക്ഷവാദം ചെയ്‌കയുമരുതു; ഞാൻ നിന്റെ അപേക്ഷ കേൾക്കയില്ല.” (യിരെമ്യാവു 7:16; 11:14; 14:11) യിരെമ്യാവിന്‌ ഈ കൽപ്പന നൽകപ്പെട്ടത്‌ എന്തുകൊണ്ടായിരുന്നു? കാരണം, അവരുടെ സമൂഹം മോഷണം, കൊല, വ്യഭിചാരം, കള്ളസത്യം ചെയ്യൽ, വിഗ്രഹാരാധന എന്നിങ്ങനെയുള്ള മോശമായ സംഗതികൾ നിറഞ്ഞതായിരുന്നു.​—⁠യിരെമ്യാവു 7:⁠9.

‘ലോകത്തിന്നു വേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവർക്കു വേണ്ടിയത്രേ ഞാൻ അപേക്ഷിക്കുന്നതു’ എന്നു പറഞ്ഞപ്പോൾ യേശുക്രിസ്‌തു നമുക്കുവേണ്ടി ഒരു മാതൃക വെച്ചു. (യോഹന്നാൻ 17:⁠9) “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്നും ‘ഒഴിഞ്ഞുപോകുന്നുവെന്നും’ തിരുവെഴുത്തുകൾ പറയുന്നു. (1 യോഹന്നാൻ 2:17; 5:19) അങ്ങനെയുള്ള ഒരു വ്യവസ്ഥിതിയുടെ സമൃദ്ധിക്കും നിലനിൽപ്പിനും ആയി സത്യക്രിസ്‌ത്യാനികൾക്കു മനസ്സാക്ഷിപൂർവം എങ്ങനെയാണു പ്രാർഥിക്കാൻ കഴിയുക?

എല്ലാ ദേശീയഗാനങ്ങളിലും ദൈവത്തോടുള്ള അപേക്ഷകൾ അടങ്ങിയിട്ടില്ല എന്നതു ശരിയാണ്‌. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു: “ദേശീയഗാനങ്ങളുടെ ഉള്ളടക്കം വ്യത്യാസപ്പെട്ടിരിക്കും. ചക്രവർത്തിമാർക്കു വേണ്ടിയുള്ള പ്രാർഥനകൾ, ദേശീയ പ്രാധാന്യമുള്ള യുദ്ധങ്ങളെയോ വിപ്ലവങ്ങളെയോ കുറിച്ചുള്ള പരാമർശങ്ങൾ, . . . ദേശഭക്തി പ്രകടനങ്ങൾ എന്നിവയെല്ലാം അതിൽ അടങ്ങിയിരിക്കാം.” എന്നാൽ ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ വാസ്‌തവത്തിൽ, ഏതെങ്കിലുമൊരു ദേശത്തിന്റെ യുദ്ധങ്ങളെയും വിപ്ലവങ്ങളെയുംപ്രതി ആഹ്ലാദിക്കാൻ കഴിയുമോ? സത്യാരാധകരെ കുറിച്ച്‌ യെശയ്യാവു മുൻകൂട്ടി പറഞ്ഞു: “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും.” (യെശയ്യാവു 2:⁠4) “ഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല. ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി.​—⁠2 കൊരിന്ത്യർ 10:​3, 4.

ദേശീയഗാനങ്ങൾ മിക്കപ്പോഴും ദേശാഭിമാനത്തിന്റെയോ ശ്രേഷ്‌ഠതയുടെയോ വികാരങ്ങൾ പ്രകടിപ്പിക്കുന്നു. ഈ മനോഭാവത്തിനു തിരുവെഴുത്തുപരമായി യാതൊരു അടിസ്ഥാനവുമില്ല. അരയോപഗയിലെ തന്റെ പ്രഭാഷണത്തിൽ പൗലൊസ്‌ അപ്പൊസ്‌തലൻ പറഞ്ഞു: “ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ [യഹോവയാം ദൈവം] ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി.” (പ്രവൃത്തികൾ 17:26) ‘ദൈവത്തിന്നു മുഖപക്ഷമില്ല, ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു’ എന്ന്‌ അപ്പൊസ്‌തലനായ പത്രൊസ്‌ പറഞ്ഞു.​—⁠പ്രവൃത്തികൾ 10:​34, 35.

ബൈബിളിൽനിന്നു ലഭിച്ച അറിവിന്റെ വെളിച്ചത്തിൽ അനേകരും പതാക വന്ദനത്തിലും ദേശഭക്തിഗാന ആലാപനത്തിലും പങ്കെടുക്കാതിരിക്കാൻ വ്യക്തിപരമായി തീരുമാനിക്കുന്നു. എന്നാൽ ഈ വിവാദവിഷയങ്ങൾ ഉൾപ്പെട്ട സാഹചര്യങ്ങളെ വ്യക്തിപരമായി അഭിമുഖീകരിക്കുമ്പോൾ അവർ എങ്ങനെ പ്രവർത്തിക്കും?

ആദരപൂർവം ഒഴിഞ്ഞുനിൽക്കുക

തന്റെ സാമ്രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പുരാതന ബാബിലോണിലെ നെബൂഖദ്‌നേസർ രാജാവ്‌ ദൂരാ സമഭൂമിയിൽ ഒരു കൂറ്റൻ സ്വർണ ബിംബം സ്ഥാപിച്ചു. അതിന്റെ പ്രതിഷ്‌ഠാ ചടങ്ങിനായി അവൻ തന്റെ പ്രധാനദേശാധിപന്മാർ, സ്ഥാനപതിമാർ, ദേശാധിപന്മാർ, മന്ത്രിമാർ എന്നിവരെയും മറ്റ്‌ ഉയർന്ന ഉദ്യോഗസ്ഥന്മാരെയും ക്ഷണിച്ചു. സംഗീതം തുടങ്ങുമ്പോൾ, കൂടിവന്നിട്ടുള്ള എല്ലാവരും ബിംബത്തിന്റെ മുമ്പിൽ കുമ്പിട്ട്‌ അതിനെ ആരാധിക്കണമായിരുന്നു. അവിടെ സന്നിഹിതർ ആയിരിക്കേണ്ടിയിരുന്നവരിൽ ശദ്രക്‌, മേശക്‌, അബേദ്‌-നെഗോ എന്നീ മൂന്നു യുവ എബ്രായരും ഉണ്ടായിരുന്നു. ആ മത ചടങ്ങിൽ തങ്ങൾ പങ്കെടുക്കുന്നില്ല എന്ന്‌ അവർ എങ്ങനെയാണു പ്രകടമാക്കിയത്‌? സംഗീതം ആരംഭിക്കുകയും കൂടിവന്നിരുന്നവരെല്ലാം ബിംബത്തിന്റെ മുമ്പാകെ വീണു നമസ്‌ക്കരിക്കുകയും ചെയ്‌തപ്പോൾ ആ മൂന്ന്‌ എബ്രായർ നിൽക്കുന്നതിൽ തുടർന്നു.​—⁠ദാനീയേൽ 3:​1-12.

ഇന്ന്‌ സാധാരണഗതിയിൽ പതാക വന്ദന സമയത്ത്‌ കൈ നീട്ടിപ്പിടിക്കുകയോ കൈപ്പത്തി നെറ്റിയോടോ നെഞ്ചിനോടോ ചേർത്തു വെക്കുകയോ ആണു ചെയ്യുന്നത്‌. ചിലപ്പോൾ ചില പ്രത്യേക ശരീര നിലകൾ സ്വീകരിച്ചേക്കാം. ചില ദേശങ്ങളിൽ സ്‌കൂൾകുട്ടികൾ മുട്ടുകുത്തി പതാകയെ മുത്താൻ പ്രതീക്ഷിക്കുന്നു. മറ്റുള്ളവർ പതാകയെ വന്ദിക്കുമ്പോൾ നിശ്ശബ്ദം നിന്നുകൊണ്ട്‌ സത്യ ക്രിസ്‌ത്യാനികൾ തങ്ങൾ ആദരവുള്ള നിരീക്ഷകരാണെന്നു വ്യക്തമാക്കുന്നു.

വെറുതെ നിന്നാൽ പോലും നാമും പതാക വന്ദന ചടങ്ങിൽ പങ്കുപറ്റുകയാണെന്ന ധാരണ നൽകുന്ന വിധത്തിലാണ്‌ ചടങ്ങു നടത്തപ്പെടുന്നതെങ്കിലോ? ഉദാഹരണത്തിന്‌ മുഴു സ്‌കൂളിനെയും പ്രതിനിധാനം ചെയ്യാൻ ഒരു കുട്ടിയെ തിരഞ്ഞെടുക്കുന്നു, പുറത്തു നാട്ടിയിരിക്കുന്ന പതാകയെ ആ കുട്ടി വന്ദിക്കുമ്പോൾ മറ്റു കുട്ടികൾ ക്ലാസ്സുമുറികളിൽ അറ്റൻഷനായി നിൽക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. ഇങ്ങനെയൊരു സാഹചര്യത്തിൽ വെറുതെ നിൽക്കുന്നതു പോലും പുറത്തു നിൽക്കുന്ന കുട്ടിയെ പതാക വന്ദന ചടങ്ങിൽ തന്റെ പ്രതിനിധിയായി അംഗീകരിക്കുന്നതിനെ അർഥമാക്കും. അപ്പോൾ, നിൽക്കുന്നതുതന്നെ ആ ചടങ്ങിൽ പങ്കുപറ്റുന്നതായി സൂചിപ്പിക്കും. അങ്ങനെയാകുമ്പോൾ ആദരവുള്ള നിരീക്ഷകർ മാത്രം ആയിരിക്കാൻ ആഗ്രഹിക്കുന്നവർ നിശ്ശബ്ദരായി ഇരിക്കുന്നതിൽ തുടരും. എന്നാൽ ഇത്തരമൊരു ചടങ്ങ്‌ ആരംഭിക്കുന്നതിനു മുമ്പുതന്നെ ക്ലാസ്സ്‌ നിൽക്കുകയായിരുന്നെങ്കിലോ? എങ്കിൽ ആ നിലയിൽ തുടരുന്നത്‌ നാം ചടങ്ങിൽ പങ്കുപറ്റുകയാണെന്നു സൂചിപ്പിക്കുകയില്ല.

ഇനി, പതാകയെ വന്ദിക്കാനല്ല, മറ്റുള്ളവർക്കു വന്ദിക്കാനായി ഒരു പരേഡിലോ ക്ലാസ്സുമുറിയിലോ മറ്റെവിടെയെങ്കിലുമോ പതാക കേവലം പിടിച്ചുകൊണ്ടു നിൽക്കാൻ ആവശ്യപ്പെടുന്നെങ്കിലോ? അങ്ങനെ ചെയ്യുന്ന ഒരാൾ “വിഗ്രഹാരാധന വിട്ടോടുവിൻ” എന്ന തിരുവെഴുത്തു കൽപ്പന അനുസരിക്കുന്നതിനു പകരം ചടങ്ങിന്റെ കേന്ദ്രബിന്ദുവായി വർത്തിക്കുക ആയിരിക്കും ചെയ്യുക. ദേശഭക്തിപരമായ പരേഡുകളിൽ മാർച്ചുചെയ്യുന്നതും അതുപോലെതന്നെയാണ്‌. അത്‌ പരേഡ്‌ എന്തിന്റെ ബഹുമാനാർഥമാണോ നടത്തപ്പെടുന്നത്‌ അതിനെ പിന്തുണയ്‌ക്കുന്നതായി പ്രകടമാക്കുന്നതിനാൽ സത്യ ക്രിസ്‌ത്യാനികൾ അവയിൽനിന്നു മനസ്സാക്ഷിപൂർവം വിട്ടുനിൽക്കുന്നു.

ദേശീയഗാനം ആലപിക്കപ്പെടുമ്പോൾ സാധാരണഗതിയിൽ ഒരു വ്യക്തി ഗാനത്തിലെ വികാരങ്ങളിൽ പങ്കുപറ്റുന്നുവെന്നു പ്രകടമാക്കുന്നതിന്‌ എഴുന്നേറ്റുനിൽക്കാൻ മാത്രമാണു പ്രതീക്ഷിക്കപ്പെടുന്നത്‌. അത്തരം സന്ദർഭങ്ങളിൽ ക്രിസ്‌ത്യാനികൾ ഇരിക്കുന്നതിൽ തുടരുന്നു. എന്നാൽ ദേശീയഗാന ആലാപനം തുടങ്ങുന്നതിനു മുമ്പുതന്നെ അവർ നിൽക്കുകയായിരുന്നെങ്കിൽ പൊടുന്നനെ ഇരിക്കേണ്ട ആവശ്യമില്ല. എന്തുകൊണ്ടെന്നാൽ, അവർ അതിനു വേണ്ടി പ്രത്യേകമായി എഴുന്നേറ്റതാണെന്നു വരുന്നില്ല. അതേസമയം, ഒരു കൂട്ടം ആളുകൾ എഴുന്നേറ്റുനിന്ന്‌ ഗാനം ആലപിക്കാനാണു പ്രതീക്ഷിക്കപ്പെടുന്നതെങ്കിൽ ഗാനം ആലപിക്കാതെ വെറുതെ ആദരപൂർവം നിൽക്കുന്നത്‌ അവർ ആ ഗാനത്തിന്റെ വികാരങ്ങളിൽ പങ്കുപറ്റുന്നുവെന്നു സൂചിപ്പിക്കുകയില്ല.

‘നല്ല മനസ്സാക്ഷിയുള്ളവരായിരിപ്പിൻ’

മനുഷ്യനിർമിത ആരാധ്യവസ്‌തുക്കളുടെ നിഷ്‌ഫലതയെ സംബന്ധിച്ചു വിവരിച്ചശേഷം സങ്കീർത്തനക്കാരൻ പറഞ്ഞു: “അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.” (സങ്കീർത്തനം 115:​4-8) അപ്പോൾ സ്‌പഷ്ടമായും, ദേശീയ പതാകകൾ ഉൾപ്പെടെ, ആരാധനയ്‌ക്കായി ഉപയോഗിക്കുന്ന ഏതൊരു വസ്‌തുവിന്റെയും നിർമാണം നേരിട്ട്‌ ഉൾപ്പെട്ട ഒരു തൊഴിൽ യഹോവയുടെ ആരാധകർക്കു സ്വീകാര്യമായിരിക്കുകയില്ല. (1 യോഹന്നാൻ 5:21) ഒരു ക്രിസ്‌ത്യാനിയെ സംബന്ധിച്ചിടത്തോളം താൻ പതാകയെയോ അതു പ്രതിനിധാനം ചെയ്യുന്ന സംഗതിയെയോ അല്ല, മറിച്ച്‌ യഹോവയെ മാത്രമേ ആരാധിക്കൂ എന്ന്‌ ആദരപൂർവം പ്രകടിപ്പിക്കേണ്ട മറ്റു സാഹചര്യങ്ങളും ജോലിയുമായി ബന്ധപ്പെട്ട്‌ സംജാതമായേക്കാം.

ഉദാഹരണത്തിന്‌, ഒരു കെട്ടിടത്തിൽ നാട്ടിയിരിക്കുന്ന പതാക ഉയർത്താനോ താഴ്‌ത്താനോ ഒരു തൊഴിലുടമ തൊഴിലാളിയോട്‌ ആവശ്യപ്പെട്ടേക്കാം. ഒരു വ്യക്തി അതു ചെയ്യുമോ ഇല്ലയോ എന്നത്‌ അയാൾ സാഹചര്യങ്ങളെ വ്യക്തിപരമായി എങ്ങനെ വീക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. പതാക ഉയർത്തുകയോ താഴ്‌ത്തുകയോ ചെയ്യുന്നത്‌ ഒരു പ്രത്യേക ചടങ്ങിന്റെ ഭാഗമായിരിക്കുകയും ആളുകൾ അറ്റൻഷനായി നിൽക്കുകയോ പതാകയെ വന്ദിക്കുകയോ ചെയ്യുകയും ആണെങ്കിൽ അത്‌ ആ ചടങ്ങിൽ പങ്കുപറ്റുന്നതിനു തുല്യമായിരിക്കും.

നേരെ മറിച്ച്‌ പതാക ഉയർത്തുകയോ താഴ്‌ത്തുകയോ ചെയ്യുന്നതിനോട്‌ അനുബന്ധിച്ച്‌ ചടങ്ങുകളൊന്നും ഇല്ലെങ്കിൽ അത്‌ കെട്ടിടം ഉപയോഗത്തിനു പറ്റിയ വിധത്തിൽ ഒരുക്കുകയും ജനാലകളും കതകുകളും മറ്റും അടയ്‌ക്കുകയും തുറക്കുകയുമൊക്കെ ചെയ്യുന്നതു പോലെയുള്ള ഒരു ജോലി മാത്രമായിരിക്കും. അത്തരം സാഹചര്യങ്ങളിൽ പതാക രാഷ്‌ട്രത്തിന്റെ ഒരു പ്രതീകം മാത്രമാണ്‌. ദൈനംദിന ജോലികളുടെ ഭാഗമായി അത്‌ ഉയർത്തുകയോ താഴ്‌ത്തുകയോ ചെയ്യണമോ എന്ന്‌ ഓരോ വ്യക്തിയും തന്റെ ബൈബിൾ പരിശീലിത മനസ്സാക്ഷിയുടെ അടിസ്ഥാനത്തിൽ സ്വയം തീരുമാനിക്കണം. (ഗലാത്യർ 6:⁠5) പതാക ഉയർത്തുകയോ താഴ്‌ത്തുകയോ ചെയ്യുന്നതിന്‌ മറ്റൊരു ജോലിക്കാരനെ നിയമിക്കാൻ തന്റെ മേലധികാരിയോട്‌ ആവശ്യപ്പെടാൻ ഒരു വ്യക്തിയുടെ മനസ്സാക്ഷി അയാളെ പ്രേരിപ്പിച്ചേക്കാം. എന്നാൽ ചടങ്ങുകളൊന്നും ഉൾപ്പെടാത്തിടത്തോളം അതു ചെയ്യാൻ തന്റെ മനസ്സാക്ഷി തന്നെ അനുവദിക്കുന്നതായി മറ്റൊരു ക്രിസ്‌ത്യാനിക്കു തോന്നിയേക്കാം. എന്തു തീരുമാനം എടുത്താലും ശരി, സത്യാരാധകർ ദൈവമുമ്പാകെ ‘നല്ല മനസ്സാക്ഷിയുള്ളവരായിരിക്കണം.’​—⁠1 പത്രൊസ്‌ 3:16.

മുനിസിപ്പൽ ഓഫീസുകൾ, സ്‌കൂളുകൾ എന്നിങ്ങനെ ദേശീയ പതാക പ്രദർശിപ്പിച്ചിട്ടുള്ള പൊതു കെട്ടിടങ്ങളിൽ ആയിരിക്കുകയോ അവിടെ ജോലി ചെയ്യുകയോ ചെയ്യുന്നതിന്‌ തിരുവെഴുത്തുപരമായ യാതൊരു തടസ്സവുമില്ല. അതുപോലെ, തപാൽ സ്റ്റാമ്പുകൾ, വാഹനങ്ങളുടെ ലൈസൻസ്‌ പ്ലേറ്റുകൾ തുടങ്ങിയ ഗവൺമെന്റ്‌ നിർമിത വസ്‌തുക്കളിലും പതാക ഉണ്ടായിരിക്കാം. അത്തരം വസ്‌തുക്കൾ ഉപയോഗിക്കുന്നത്‌ അതിൽത്തന്നെ വ്യക്തികളെ അതിനോടുള്ള ഭക്തിപ്രകടനങ്ങളിൽ പങ്കുകാരാക്കുന്നില്ല. പതാകയോ അതിന്റെ ഒരു ചിത്രമോ ഉണ്ടായിരിക്കുന്നതല്ല മറിച്ച്‌ ഒരുവൻ അതിനോടുള്ള ബന്ധത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ്‌ ഇവിടെ പ്രധാനം.

ജനാല, കതക്‌, കാറ്‌, ഡെസ്‌ക്‌ തുടങ്ങി പല വസ്‌തുക്കളിലും പതാകകൾ പ്രദർശിപ്പിക്കപ്പെടാറുണ്ട്‌. പതാകയുടെ ചിത്രമുള്ള വസ്‌ത്രങ്ങളും വാങ്ങാൻ കിട്ടും. ചില രാജ്യങ്ങളിൽ ഇത്തരം വസ്‌ത്രങ്ങൾ ധരിക്കുന്നത്‌ നിയമവിരുദ്ധമാണ്‌. അങ്ങനെ ചെയ്യുന്നതു നിയമവിരുദ്ധമല്ലെങ്കിൽ പോലും അതു ലോകത്തോടുള്ള ബന്ധത്തിൽ ഒരു വ്യക്തി സ്വീകരിക്കുന്ന നിലപാടിനെ കുറിച്ച്‌ എന്തായിരിക്കും സൂചിപ്പിക്കുക? തന്റെ അനുഗാമികളെ കുറിച്ച്‌ യേശുക്രിസ്‌തു പറഞ്ഞു: “ഞാൻ ലോകത്തിന്റെ ഭാഗം അല്ലാത്തതുപോലെതന്നെ, അവരും ലോകത്തിന്റെ ഭാഗമല്ല.” (യോഹന്നാൻ 17:​16, NW) സഹവിശ്വാസികളിൽ അത്‌ ഉളവാക്കിയേക്കാവുന്ന ഫലവും കണക്കിലെടുക്കേണ്ടതുണ്ട്‌. ചിലരുടെ മനസ്സാക്ഷിയെ അതു മുറിപ്പെടുത്തുമോ? വിശ്വാസത്തിൽ ഉറച്ചു നിൽക്കാനുള്ള അവരുടെ ദൃഢനിശ്ചയത്തെ അതു ദുർബലമാക്കുമോ? പൗലൊസ്‌ ക്രിസ്‌ത്യാനികൾക്ക്‌ ഈ ബുദ്ധിയുപദേശം നൽകി: “കുറ്റമറ്റവരും മറ്റുള്ളവരെ ഇടറിക്കാത്തവരും ആയിരിക്കേണ്ടതിന്‌ നിങ്ങൾ കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ ഉറപ്പാക്കുക.”​—⁠ഫിലിപ്പിയർ 1:​10, NW.

‘എല്ലാവരോടും സൗമ്യതയുള്ളവരായിരിക്കുക’

ലോക സാഹചര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുന്ന ഈ ‘ദുർഘടസമയങ്ങളിൽ’ ദേശഭക്തിപരമായ വികാരങ്ങൾ തീവ്രമാകാൻ സാധ്യതയുണ്ട്‌. (2 തിമൊഥെയൊസ്‌ 3:⁠1) രക്ഷ യഹോവയിൽനിന്നു മാത്രം ഉള്ളതാണെന്ന കാര്യം യഹോവയെ സ്‌നേഹിക്കുന്നവർ ഒരിക്കലും മറക്കാതിരിക്കട്ടെ. അവൻ സമ്പൂർണ ഭക്തി അർഹിക്കുന്നു. യഹോവയുടെ ഇഷ്ടത്തിന്‌ എതിരായ ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ യേശുവിന്റെ അപ്പൊസ്‌തലന്മാർ പറഞ്ഞു: “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.”​—⁠പ്രവൃത്തികൾ 5:29.

‘കർത്താവിന്റെ ദാസൻ കലഹപ്രിയനായിരിക്കരുത്‌; എല്ലാവരോടും സൗമ്യതയുള്ളവനായിരിക്കണം’ എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി. (2 തിമൊഥെയൊസ്‌ 2:​24, പി.ഒ.സി. ബൈബിൾ) അങ്ങനെ പതാക വന്ദനത്തോടും ദേശീയഗാന ആലാപനത്തോടുമുള്ള ബന്ധത്തിൽ തങ്ങളുടെ ബൈബിൾ പരിശീലിത മനസ്സാക്ഷിയെ അടിസ്ഥാനപ്പെടുത്തി വ്യക്തിപരമായി തീരുമാനങ്ങൾ എടുക്കുമ്പോൾ സമാധാനപ്രിയരും ആദരവുള്ളവരും ശാന്തരും ആയിരിക്കാൻ ക്രിസ്‌ത്യാനികൾ ശ്രമിക്കുന്നു.

[23-ാം പേജിലെ ചിത്രം]

മൂന്ന്‌ എബ്രായർ ദൈവത്തെ പ്രസാദിപ്പിക്കാനുള്ള നിശ്ചയദാർഢ്യത്തോടൊപ്പം ആദരവും പ്രകടമാക്കി

[24-ാം പേജിലെ ചിത്രം]

ദേശഭക്തിപരമായ ഒരു ചടങ്ങിന്റെ സമയത്ത്‌ ഒരു ക്രിസ്‌ത്യാനി എങ്ങനെ പ്രവർത്തിക്കണം?