വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
• ലൂസിഫർ എന്നത് ബൈബിൾ സാത്താനെ പരാമർശിക്കാൻ ഉപയോഗിക്കുന്ന ഒരു പേരാണോ?
ലൂസിഫർ എന്ന പേര് തിരുവെഴുത്തുകളിൽ ഒരു പ്രാവശ്യമേ പ്രത്യക്ഷപ്പെടുന്നുള്ളൂ, അതും ചില ബൈബിൾ ഭാഷാന്തരങ്ങളിൽ മാത്രം. ഉദാഹരണത്തിന്, ജയിംസ് രാജാവിന്റെ ഭാഷാന്തരം യെശയ്യാവു 14:12 ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു: “ഉഷസ്സിന്റെ പുത്രനായ ലൂസിഫർ, നീ എങ്ങനെ ആകാശത്തുനിന്നു വീണു!”
“ലൂസിഫർ” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള എബ്രായ പദത്തിന്റെ അർഥം “പ്രകാശിക്കുന്നവൻ” എന്നാണ്. “പ്രഭാതത്തെ ആനയിക്കുന്നവൻ” എന്നർഥമുള്ള ഗ്രീക്കു പദമാണ് സെപ്‌റ്റുവജിന്റ് ഉപയോഗിക്കുന്നത്. അതിനാൽ, ചില ഭാഷാന്തരങ്ങൾ മൂല എബ്രായ പദത്തെ “പ്രഭാത നക്ഷത്രം” എന്നോ “ഉദയ നക്ഷത്രം” എന്നോ പരിഭാഷപ്പെടുത്തുന്നു. എന്നാൽ ജെറോമിന്റെ ലാറ്റിൻ വൾഗേറ്റ് “ലൂസിഫർ” (പ്രകാശവാഹകൻ) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. വ്യത്യസ്‌ത ബൈബിൾ ഭാഷാന്തരങ്ങളിൽ ഈ പദം കാണുന്നത് അതുകൊണ്ടാണ്.
ആരാണ് ഈ ലൂസിഫർ? യെശയ്യാവ് ഇസ്രായേല്യരോടു “ബാബേൽരാജാവിനെക്കുറിച്ചു” ആലപിക്കാൻ പ്രാവചനികമായി കൽപ്പിച്ച “പാട്ടി”ന്റെ ഭാഗമായിട്ടാണ് “പ്രകാശിക്കുന്നവൻ” അഥവാ “ലൂസിഫർ” എന്ന പ്രയോഗം വരുന്നത്. അതുകൊണ്ട് അതു മുഖ്യമായും, ബാബിലോണിയൻ രാജവംശത്തെ ഉദ്ദേശിച്ചുള്ള ഒരു പ്രഖ്യാപനത്തിന്റെ ഭാഗമാണ്. “പ്രകാശിക്കുന്നവൻ” എന്ന വർണന ഒരു ആത്മസൃഷ്ടിക്കല്ല മറിച്ച്, ഒരു മനുഷ്യനാണു നൽകിയിരിക്കുന്നത് എന്നു പിൻവരുന്ന പ്രസ്‌താവന കൂടുതൽ വ്യക്തമാക്കുന്നു: “നീ പാതാളത്തിലേക്കു [“ഷീയോൾ,” NW], . . . തന്നേ വീഴും [“താഴ്‌ത്തപ്പെടും,” NW].” പാതാളം അഥവാ ഷീയോൾ മനുഷ്യവർഗത്തിന്റെ പൊതു ശവക്കുഴിയാണ്—അല്ലാതെ പിശാചായ സാത്താൻ വസിക്കുന്ന ഒരു സ്ഥലമല്ല. കൂടാതെ, ലൂസിഫർ ഈ അവസ്ഥയിലാകുന്നതു കാണുന്നവർ ചോദിക്കുന്നു: ‘ഭൂമിയെ നടുക്കിയവൻ ഇവൻ [“ഈ മനുഷ്യൻ,” NW] അല്ലയോ?’ വ്യക്തമായും “ലൂസിഫർ” ഒരു ആത്മസൃഷ്ടിയെ അല്ല, ഒരു മനുഷ്യനെ ആണു കുറിക്കുന്നത്.—യെശയ്യാവു 14:4, 15-17.
ബാബിലോണിയൻ രാജവംശത്തെ ഇത്ര ശ്രേഷ്‌ഠമായി വർണിക്കുന്നത് എന്തുകൊണ്ടാണ്? ബാബിലോണിയൻ രാജാവിനെ പ്രകാശിക്കുന്നവൻ എന്നു വിളിക്കേണ്ടിയിരുന്നത് അവന്റെ പതനശേഷം മാത്രമായിരുന്നെന്ന് ഓർക്കുക, അതും പരിഹാസപൂർവകമായ ഒരു വിധത്തിൽ. (യെശയ്യാവു 14:3) സ്വാർഥതയും ദുരഭിമാനവും നിമിത്തം ബാബിലോണിയൻ രാജാക്കന്മാർ തങ്ങളെത്തന്നെ ചുറ്റുമുള്ളവരെക്കാൾ ഉയർത്തി. അങ്ങേയറ്റം ഗർവിഷ്‌ഠമായ ആ രാജവംശം ഇങ്ങനെ വീമ്പടിക്കുന്നതായി വർണിച്ചിരിക്കുന്നു: ‘“ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; . . . ഞാൻ അത്യുന്നതനോടു സമനാകും.”’—യെശയ്യാവു 14:13, 14.
“ദൈവത്തിന്റെ നക്ഷത്രങ്ങൾ” ദാവീദിന്റെ രാജവംശത്തിലെ രാജാക്കന്മാരാണ്. (സംഖ്യാപുസ്‌തകം 24:17) ദാവീദിന്റെ കാലം മുതൽ ആ “നക്ഷത്രങ്ങൾ” സീയോൻ പർവതത്തിൽ നിന്നാണു ഭരണം നടത്തിയിരുന്നത്. ശലോമോൻ യെരൂശലേമിൽ ആലയം പണിതതിനു ശേഷം, സീയോൻ എന്ന പേര് ആ മുഴു നഗരത്തിനും ബാധകമായിത്തീർന്നു. ന്യായപ്രമാണ ഉടമ്പടി പ്രകാരം എല്ലാ ഇസ്രായേല്യ പുരുഷന്മാരും വർഷത്തിൽ മൂന്നു പ്രാവശ്യം സീയോനിലേക്കു യാത്ര ചെയ്യണമായിരുന്നു. അങ്ങനെ അത് ‘സമാഗമപർവതം’ ആയിത്തീർന്നു. യഹൂദാ രാജാക്കന്മാരെ കീഴ്‌പെടുത്താനും തുടർന്ന് അവരെ ആ പർവതത്തിൽനിന്നു നീക്കം ചെയ്യാനും തീരുമാനിക്കുക വഴി ആ “നക്ഷത്രങ്ങൾ”ക്കു മീതെ തന്നെത്തന്നെ ഉയർത്താനുള്ള ഉദ്ദേശ്യമാണ് നെബൂഖദ്‌നേസർ വെളിപ്പെടുത്തുന്നത്. അവരുടെ മേലുള്ള വിജയത്തിന്റെ ബഹുമതി യഹോവയ്‌ക്കു നൽകുന്നതിനു പകരം, അവൻ യഹോവയുടെ സ്ഥാനത്ത് തന്നെത്തന്നെ ഗർവത്തോടെ ആക്കിവെക്കുന്നു. അതുകൊണ്ട് ബാബിലോണിയൻ രാജവംശത്തെ അതിന്റെ പതനശേഷം “പ്രകാശിക്കുന്നവൻ” എന്നു പരിഹാസപൂർവം വിളിക്കുന്നു.
ബാബിലോണിയൻ ഭരണാധികാരികളുടെ അഹങ്കാരം തീർച്ചയായും “ഈ ലോകത്തിന്റെ ദൈവ”മായ പിശാചായ സാത്താന്റെ മനോഭാവത്തെ പ്രതിഫലിപ്പിച്ചു. (2 കൊരിന്ത്യർ 4:4) അവനും അധികാരത്തിനായി ആഗ്രഹിക്കുകയും യഹോവയാം ദൈവത്തിനു മീതെ തന്നെത്തന്നെ ആക്കിവെക്കാൻ വാഞ്‌ഛിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ലൂസിഫർ എന്നത് തിരുവെഴുത്തുകൾ സാത്താനു നൽകുന്ന പേരല്ല.
1 ശമൂവേൽ 16:10, 11 സൂചിപ്പിക്കുമ്പോൾ 1 ദിനവൃത്താന്തം 2:13-15-ൽ എന്തുകൊണ്ടാണ് അവനെ ഏഴാമത്തെ പുത്രൻ എന്നു വിളിച്ചിരിക്കുന്നത്?
• ദാവീദ് യിശ്ശായിയുടെ എട്ടാമത്തെ പുത്രനായിരുന്നെന്ന്പുരാതന ഇസ്രായേലിലെ ശൗൽ രാജാവ് സത്യാരാധന ഉപേക്ഷിച്ച ശേഷം, യിശ്ശായിയുടെ പുത്രന്മാരിൽ ഒരാളെ രാജാവായി അഭിഷേകം ചെയ്യാനായി യഹോവയാം ദൈവം ശമൂവേൽ പ്രവാചകനെ അയച്ചു. ഈ ചരിത്ര സംഭവത്തെ കുറിച്ചു പൊ.യു.മു. 11-ാം നൂറ്റാണ്ടിൽ ശമൂവേൽതന്നെ എഴുതിയ ദിവ്യനിശ്വസ്‌ത വിവരണം ദാവീദിനെ യിശ്ശായിയുടെ എട്ടാമത്തെ പുത്രനെന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. (1 ശമൂവേൽ 16:10-13) എന്നാൽ ഏതാണ്ട് 600 വർഷങ്ങൾക്കു ശേഷം എസ്രാ പുരോഹിതൻ രേഖപ്പെടുത്തിയ വിവരണം ഇങ്ങനെ പറയുന്നു: “യിശ്ശായി തന്റെ ആദ്യജാതൻ എലിയാബിനെയും രണ്ടാമൻ അബീനാദാബിനെയും മൂന്നാമൻ ശിമെയയേയും നാലാമൻ നഥനയേലിനേയും അഞ്ചാമൻ രദ്ദായിയെയും ആറാമൻ ഓസെമിനെയും ഏഴാമൻ ദാവീദിനെയും ജനിപ്പിച്ചു.” (1 ദിനവൃത്താന്തം 2:13-15) ദാവീദിന്റെ സഹോദരന്മാരിൽ ഒരാൾക്ക് എന്തു സംഭവിച്ചു, എസ്രാ അവന്റെ പേരു വിട്ടുകളഞ്ഞത് എന്തുകൊണ്ടായിരുന്നു?
“യിശ്ശായിക്ക് എട്ടു പുത്രന്മാരുണ്ടായിരുന്നു” എന്നു തിരുവെഴുത്തുകൾ പറയുന്നു. (1 ശമൂവേൽ 17:12, ഓശാന ബൈബിൾ) എന്നാൽ സാധ്യതയനുസരിച്ച് അവരിലൊരാൾ വിവാഹം ചെയ്യുകയോ കുട്ടികളെ ജനിപ്പിക്കുകയോ ചെയ്യുന്നതിനു മുമ്പുതന്നെ മരിച്ചുപോയി. പിൻഗാമികൾ ഇല്ലാതെ മരിച്ച ആ പുത്രന് ഗോത്ര അവകാശത്തിൽ ഒരു പങ്കോ യിശ്ശായിയുടെ വംശാവലി സംബന്ധിച്ച രേഖകളിൽ എന്തെങ്കിലും പ്രസക്തിയോ ഉണ്ടായിരിക്കുമായിരുന്നില്ല.
ഇനി, എസ്രായുടെ കാലത്തെ കുറിച്ചു ചിന്തിക്കുക. അവൻ ദിനവൃത്താന്തങ്ങൾ രചിച്ചത് ഏതു പശ്ചാത്തലത്തിലായിരുന്നു? ബാബിലോണിലെ പ്രവാസം ഏതാണ്ട് 77 വർഷം മുമ്പ് അവസാനിച്ചിരുന്നു. യഹൂദന്മാർ തങ്ങളുടെ ദേശത്തു വീണ്ടും താമസിക്കാൻ തുടങ്ങി. ന്യായാധിപന്മാരെയും ദൈവനിയമത്തിന്റെ ഉപദേഷ്ടാക്കന്മാരെയും നിയമിക്കുന്നതിനും യഹോവയുടെ ആലയത്തെ മനോഹരമാക്കുന്നതിനും പേർഷ്യയിലെ രാജാവ് എസ്രായെ ചുമതലപ്പെടുത്തിയിരുന്നു. അധികാരമുള്ള ആളുകൾ മാത്രമേ പുരോഹിതന്മാരായി സേവിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്താനും ഗോത്രപരമായ അവകാശങ്ങളെ സ്ഥിരീകരിക്കാനും വംശാവലി സംബന്ധിച്ച കൃത്യമായ രേഖകൾ ആവശ്യമായിരുന്നു. അതുകൊണ്ട് യഹൂദയുടെയും ദാവീദിന്റെയും വംശപരമ്പരയുടെ വ്യക്തവും ആശ്രയയോഗ്യവുമായ ഒരു രേഖ ഉൾപ്പെടെ രാഷ്‌ട്രത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള പൂർണമായ ഒരു വിവരണം എസ്രാ തയ്യാറാക്കി. സന്താനങ്ങളില്ലാതെ മരിച്ചുപോയ യിശ്ശായിയുടെ പുത്രന്റെ പേര് ഈ വിവരണത്തിൽ ചേർക്കുന്നത് അപ്രസക്തമായിരിക്കുമായിരുന്നു. തന്നിമിത്തം എസ്രാ ആ പേര് ഒഴിവാക്കി.