വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘സാധാരണയിൽ കവിഞ്ഞ ശ്രദ്ധ നൽകുക’

‘സാധാരണയിൽ കവിഞ്ഞ ശ്രദ്ധ നൽകുക’

‘സാധാരണയിൽ കവിഞ്ഞ ശ്രദ്ധ നൽകുക’

“നാം ഒരിക്കലും ഒഴുകിപ്പോകാതിരിക്കേണ്ടതിന്‌, കേട്ട കാര്യങ്ങൾക്കു സാധാരണയിൽ കവിഞ്ഞ ശ്രദ്ധ നൽകേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌.”​—⁠എബ്രായർ 2:⁠1, NW.

1. ശ്രദ്ധാശൈഥില്യം വിപത്തിലേക്കു നയിച്ചേക്കാവുന്നത്‌ എങ്ങനെയെന്നു ദൃഷ്ടാന്തീകരിക്കുക.

ഐക്യനാടുകളിൽ മാത്രം ഓരോ വർഷവും ഏതാണ്ട്‌ 37,000 ആളുകൾ വാഹനാപകടങ്ങളിൽ മരിക്കുന്നു. കൂടുതൽ ശ്രദ്ധിച്ച്‌ വാഹനം ഓടിക്കുകയാണെങ്കിൽ ഈ മരണങ്ങളിൽ പലതും ഒഴിവാക്കാനാകുമെന്നു വിദഗ്‌ധർ പറയുന്നു. ചില ഡ്രൈവർമാരുടെ ശ്രദ്ധ പതറിക്കുന്നത്‌ റോഡരികിലെ പരസ്യബോർഡുകളും സൂചനകളുമാണ്‌. മറ്റു ചിലരാണെങ്കിൽ വാഹനം ഓടിക്കുന്നതിനിടയിൽ ഭക്ഷണം കഴിക്കുകയും മൊബൈൽ ഫോൺ ഉപയോഗിക്കുകയും മറ്റും ചെയ്യുന്നു. ഈ സാഹചര്യങ്ങളിലെല്ലാം ശ്രദ്ധാശൈഥില്യത്തിന്‌ വിപത്തിലേക്കു നയിക്കാൻ കഴിയും.

2, 3. പൗലൊസ്‌ എബ്രായ ക്രിസ്‌ത്യാനികൾക്ക്‌ എന്ത്‌ ഉദ്‌ബോധനം നൽകി, അവന്റെ ഉപദേശം ഉചിതമായിരുന്നത്‌ എന്തുകൊണ്ട്‌?

2 മോട്ടോർ വാഹനങ്ങൾ കണ്ടുപിടിക്കുന്നതിന്‌ ഏകദേശം 2,000 വർഷം മുമ്പ്‌, ചില എബ്രായ ക്രിസ്‌ത്യാനികളെ വിപത്തിലേക്കു നയിക്കുകയായിരുന്ന ഒരു ശ്രദ്ധാശൈഥില്യത്തെ കുറിച്ച്‌ അപ്പൊസ്‌തലനായ പൗലൊസ്‌ പറഞ്ഞു. പുനരുത്ഥാനം പ്രാപിച്ച യേശുക്രിസ്‌തു ദൈവത്തിന്റെ വലത്തുഭാഗത്ത്‌ ഉപവിഷ്‌ഠനാക്കപ്പെട്ടെന്നും അങ്ങനെ അവന്‌ സകല ദൂതന്മാർക്കും മേലായ ഒരു സ്ഥാനം നൽകപ്പെട്ടെന്നും ഉള്ള വസ്‌തുതയ്‌ക്ക്‌ ഊന്നൽ നൽകിയശേഷം പൗലൊസ്‌ അപ്പൊസ്‌തലൻ പറഞ്ഞു: “അതുകൊണ്ട്‌ നാം ഒരിക്കലും ഒഴുകിപ്പോകാതിരിക്കേണ്ടതിന്‌, കേട്ട കാര്യങ്ങൾക്കു സാധാരണയിൽ കവിഞ്ഞ ശ്രദ്ധ നൽകേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌.”​—⁠എബ്രായർ 2:⁠1, NW.

3 എബ്രായ ക്രിസ്‌ത്യാനികൾ യേശുവിനെ കുറിച്ചു “കേട്ട കാര്യങ്ങൾക്കു സാധാരണയിൽ കവിഞ്ഞ ശ്രദ്ധ” നൽകേണ്ടിയിരുന്നത്‌ എന്തുകൊണ്ടായിരുന്നു? കാരണം യേശു ഭൗമികരംഗം വിട്ടിട്ട്‌ ഏതാണ്ട്‌ 30 വർഷം കഴിഞ്ഞിരുന്നു. തങ്ങളുടെ യജമാനന്റെ അഭാവത്തിൽ ചില എബ്രായ ക്രിസ്‌ത്യാനികൾ സത്യ വിശ്വാസത്തിൽനിന്ന്‌ ഒഴുകിപ്പോകാൻ തുടങ്ങിയിരുന്നു. അവർ മുമ്പു ഭാഗമായിരുന്ന യഹൂദമതം അവരുടെ ശ്രദ്ധ പതറിക്കുകയായിരുന്നു.

അവർ കൂടുതൽ ശ്രദ്ധ നൽകേണ്ടിയിരുന്നു

4. ചില എബ്രായ ക്രിസ്‌ത്യാനികൾക്ക്‌ യഹൂദമതത്തിലേക്കു തിരികെപോകാനുള്ള പ്രലോഭനം തോന്നിയത്‌ എന്തുകൊണ്ടായിരിക്കാം?

4 ചില ക്രിസ്‌ത്യാനികൾക്ക്‌ യഹൂദമതത്തിലേക്കു തിരികെ പോകാനുള്ള പ്രലോഭനം തോന്നിയത്‌ എന്തുകൊണ്ടായിരിക്കാം? ന്യായപ്രമാണത്തിൻ കീഴിലെ ആരാധനാ സമ്പ്രദായം മൂർത്തമായ കാര്യങ്ങളെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. ജനങ്ങൾക്ക്‌ തങ്ങളുടെ പുരോഹിതന്മാരെ കാണാമായിരുന്നു, കത്തിയെരിയുന്ന യാഗവസ്‌തുക്കളുടെ ഗന്ധം അവർക്കു ലഭിച്ചിരുന്നു. എന്നാൽ ചില രീതികളിൽ ക്രിസ്‌ത്യാനിത്വം വളരെ വ്യത്യസ്‌തമായിരുന്നു. ക്രിസ്‌ത്യാനികൾക്ക്‌ ഒരു മഹാപുരോഹിതൻ​—⁠യേശുക്രിസ്‌തു​—⁠ഉണ്ടായിരുന്നെങ്കിലും അവർക്ക്‌ അവനെ നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല. കാരണം, അവൻ ഭൂമിയിൽനിന്നു പോയിട്ട്‌ മൂന്നു പതിറ്റാണ്ടുകളായിരുന്നു. (എബ്രായർ 4:14) അവർക്ക്‌ ഒരു ആലയം ഉണ്ടായിരുന്നു, എന്നാൽ സ്വർഗമായിരുന്നു അതിന്റെ വിശുദ്ധ സ്ഥലം. (എബ്രായർ 9:24) ന്യായപ്രമാണത്തിൻ കീഴിലെ ജഡിക പരിച്ഛേദനയിൽനിന്നു വ്യത്യസ്‌തമായി ക്രിസ്‌ത്യാനികൾക്ക്‌ ഉണ്ടായിരുന്നത്‌ “ആത്മാവിലുള്ള ഹൃദയപരിച്ഛേദന” ആയിരുന്നു. (റോമർ 2:29) അതുകൊണ്ട്‌ ക്രിസ്‌ത്യാനിത്വം ഏതാണ്ട്‌ അമൂർത്തമായ ഒന്നാണെന്ന്‌ എബ്രായ ക്രിസ്‌ത്യാനികൾക്ക്‌ തോന്നി തുടങ്ങിയിരുന്നിരിക്കാം.

5. യേശു സ്ഥാപിച്ച ആരാധനാ സമ്പ്രദായം ന്യായപ്രമാണത്തിൻ കീഴിൽ ഉണ്ടായിരുന്നതിനെക്കാൾ ശ്രേഷ്‌ഠമായിരുന്നു എന്നു പൗലൊസ്‌ പ്രകടമാക്കിയത്‌ എങ്ങനെ?

5 ക്രിസ്‌തു സ്ഥാപിച്ച ആരാധനാ സമ്പ്രദായത്തെ കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട ഒരു സംഗതി എബ്രായ ക്രിസ്‌ത്യാനികൾ തിരിച്ചറിയേണ്ടിയിരുന്നു. കാഴ്‌ചയെക്കാൾ ഉപരി വിശ്വാസത്തിൽ അധിഷ്‌ഠിതമായ ഒന്നായിരുന്നെങ്കിലും അത്‌ പ്രവാചകനായ മോശെയിലൂടെ നൽകപ്പെട്ട ന്യായപ്രമാണത്തെക്കാൾ ശ്രേഷ്‌ഠമായിരുന്നു. “ആട്ടുകൊററന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെ മേൽ തളിക്കുന്ന പശുഭസ്‌മവും ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്‌കളങ്കനായി അർപ്പിച്ച ക്രിസ്‌തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?” എന്നു പൗലൊസ്‌ എഴുതി. (എബ്രായർ 9:​13, 14) അതേ, യേശുക്രിസ്‌തുവിന്റെ മറുവിലയാഗത്തിൽ വിശ്വാസം അർപ്പിക്കുന്നതിലൂടെ ലഭ്യമാകുന്ന ക്ഷമ, ന്യായപ്രമാണത്തിൻ കീഴിൽ അർപ്പിക്കപ്പെട്ട യാഗങ്ങൾ സാധ്യമാക്കിയ പാപമോചനത്തെക്കാൾ അനവധി വിധങ്ങളിൽ വളരെ ശ്രേഷ്‌ഠമാണ്‌.​—⁠എബ്രായർ 7:​26-28.

6, 7. (എ) ഏതു സാഹചര്യം, എബ്രായ ക്രിസ്‌ത്യാനികൾ “കേട്ട കാര്യങ്ങൾക്കു സാധാരണയിൽ കവിഞ്ഞ ശ്രദ്ധ നൽകേണ്ടത്‌” അടിയന്തിരമാക്കിത്തീർത്തു? (ബി) പൗലൊസ്‌ എബ്രായർക്കുള്ള ലേഖനം എഴുതുമ്പോൾ യെരൂശലേമിന്‌ എത്ര കാലംകൂടെ അവശേഷിച്ചിരുന്നു? (അടിക്കുറിപ്പ്‌ കാണുക.)

6 യേശുവിനെ കുറിച്ചു കേട്ട കാര്യങ്ങൾക്ക്‌ എബ്രായ ക്രിസ്‌ത്യാനികൾ അടുത്ത ശ്രദ്ധ നൽകേണ്ടിയിരുന്നതിന്‌ മറ്റൊരു കാരണം കൂടെ ഉണ്ടായിരുന്നു. യെരൂശലേം നശിപ്പിക്കപ്പെടുമെന്ന്‌ യേശു മുൻകൂട്ടി പറഞ്ഞിരുന്നു. അവൻ പറഞ്ഞു: “നിന്റെ സന്ദർശനകാലം നീ അറിയാഞ്ഞതുകൊണ്ടു നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.”​—⁠ലൂക്കൊസ്‌ 19:​43, 44.

7 ഇത്‌ എപ്പോഴായിരുന്നു സംഭവിക്കേണ്ടിയിരുന്നത്‌? യേശു കൃത്യ ദിവസവും മണിക്കൂറും വെളിപ്പെടുത്തിയില്ല. പകരം അവൻ ഈ നിർദേശം നൽകി: “സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടുപുറങ്ങളിലുള്ളവർ അതിൽ കടക്കരുതു.” (ലൂക്കൊസ്‌ 21:​20, 21) യേശു ആ വാക്കുകൾ പറഞ്ഞതിനെ തുടർന്നുള്ള 30 വർഷങ്ങളിൽ യെരൂശലേമിലെ ചില ക്രിസ്‌ത്യാനികൾക്ക്‌ അടിയന്തിരതാബോധം നഷ്ടപ്പെട്ടു, അവർക്കു ശ്രദ്ധാശൈഥില്യം സംഭവിച്ചു. വാഹനം ഓടിക്കുമ്പോൾ റോഡിൽനിന്നു ശ്രദ്ധ പതറുന്നതു പോലെയായിരുന്നു അത്‌. അവർ തങ്ങളുടെ ചിന്തയിൽ ഭേദഗതി വരുത്താത്തപക്ഷം വിപത്ത്‌ സുനിശ്ചിതമായിരുന്നു. അവർ വിശ്വസിച്ചാലും ഇല്ലെങ്കിലും യെരൂശലേമിന്റെ നാശം ആസന്നമായിരുന്നു! * ആത്മീയ മയക്കത്തിലേക്കു വീണുപോയ യെരൂശലേമിലെ ക്രിസ്‌ത്യാനികളെ ഉണർത്താൻ ഉദ്ദേശിച്ച്‌ ഉള്ളതായിരുന്നു പൗലൊസിന്റെ ഉദ്‌ബോധനം.

ഇന്ന്‌ “സാധാരണയിൽ കവിഞ്ഞ ശ്രദ്ധ” നൽകൽ

8. ദൈവവചനത്തിലെ സത്യങ്ങൾക്ക്‌ നാം “സാധാരണയിൽ കവിഞ്ഞ ശ്രദ്ധ” നൽകേണ്ടത്‌ എന്തുകൊണ്ട്‌?

8 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെ പോലെ നാം ദൈവവചനത്തിലെ സത്യങ്ങൾക്ക്‌ “സാധാരണയിൽ കവിഞ്ഞ ശ്രദ്ധ” നൽകേണ്ടതുണ്ട്‌. എന്തുകൊണ്ട്‌? കാരണം, നാമും ഒരു നാശത്തിന്റെ വക്കിലാണ്‌, ഏതെങ്കിലും ഒരു രാഷ്‌ട്രത്തിന്റെയല്ല മറിച്ച്‌ ഈ മുഴു വ്യവസ്ഥിതിയുടെയും. (വെളിപ്പാടു 11:18; 16:​14, 16) യഹോവ ഈ നടപടി എടുക്കുന്ന കൃത്യ ദിവസവും മണിക്കൂറും നമുക്ക്‌ അറിയില്ല എന്നതു ശരിയാണ്‌. (മത്തായി 24:36) എങ്കിലും നാം ജീവിക്കുന്നത്‌ ‘അന്ത്യകാലത്താണ്‌’ എന്നു വ്യക്തമായി സൂചിപ്പിക്കുന്ന ബൈബിൾ പ്രവചനങ്ങൾ നമ്മുടെ കൺമുമ്പിൽ നിവൃത്തിയേറിക്കൊണ്ടിരിക്കുകയാണ്‌. (2 തിമൊഥെയൊസ്‌ 3:​1-5) അതുകൊണ്ട്‌ നമ്മുടെ ശ്രദ്ധ പതറിച്ചേക്കാവുന്ന എന്തിനും എതിരെ നാം ജാഗ്രത പാലിക്കണം. നാം ദൈവവചനത്തിനു ശ്രദ്ധ നൽകുകയും അങ്ങേയറ്റം അടിയന്തിരതാബോധം കാത്തുസൂക്ഷിക്കുകയും വേണം. എങ്കിൽ മാത്രമേ ‘ഈ സംഭവിപ്പാനുള്ള എല്ലാററിന്നും ഒഴിഞ്ഞുപോകാൻ’ നമുക്കു കഴിയുകയുള്ളൂ.​—⁠ലൂക്കൊസ്‌ 21:36.

9, 10. (എ) ആത്മീയ കാര്യങ്ങൾ സംബന്ധിച്ചു നാം ശ്രദ്ധാലുക്കളാണെന്നു നമുക്ക്‌ എങ്ങനെ പ്രകടമാക്കാൻ കഴിയും? (ബി) ദൈവവചനം നമ്മുടെ ‘കാലിനു ദീപവും പാതെക്കു പ്രകാശവും’ ആയിരിക്കുന്നത്‌ എങ്ങനെ?

9 ഈ നിർണായക സമയങ്ങളിൽ നാം ആത്മീയ കാര്യങ്ങൾക്കു “സാധാരണയിൽ കവിഞ്ഞ ശ്രദ്ധ” നൽകുന്നുണ്ടെന്ന്‌ എങ്ങനെ പ്രകടമാക്കാനാകും? ക്രിസ്‌തീയ യോഗങ്ങൾക്കും സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും ക്രമമായി ഹാജരാകുകയാണ്‌ ഒരു വിധം. അതുപോലെ നാം ബൈബിൾ ഉത്സാഹപൂർവം പഠിക്കുകയും വേണം. അത്‌ ബൈബിളിന്റെ രചയിതാവായ യഹോവയാം ദൈവത്തോട്‌ അടുക്കാൻ നമ്മെ സഹായിക്കും. (യാക്കോബ്‌ 4:⁠8) വ്യക്തിപരമായ പഠനത്തിലൂടെയും യോഗങ്ങളിലൂടെയും യഹോവയെ കുറിച്ചുള്ള പരിജ്ഞാനം നാം ഉൾക്കൊള്ളുന്നെങ്കിൽ “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു” എന്നു ദൈവത്തോടു പറഞ്ഞ സങ്കീർത്തനക്കാരനെ പോലെയായിരിക്കും നാം.​—⁠സങ്കീർത്തനം 119:105.

10 ഭാവി സംബന്ധിച്ച ദൈവോദ്ദേശ്യങ്ങളെ കുറിച്ചു നമ്മെ അറിയിച്ചുകൊണ്ടു ബൈബിൾ നമ്മുടെ ‘പാതെക്കു പ്രകാശം’ ആയി വർത്തിക്കുന്നു. അതു നമ്മുടെ ‘കാലിനു ഒരു ദീപവും’ കൂടെയാണ്‌. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ജീവിതത്തിലെ വേദനാകരമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോൾ അടുത്തതായി ഏതു പടി സ്വീകരിക്കണമെന്നു കാണാൻ അതു നമ്മെ സഹായിക്കുന്നു. സഹവിശ്വാസികളുമൊത്തു പ്രബോധനത്തിനായി കൂടിവരുമ്പോഴും വ്യക്തിപരമായി ദൈവവചനം വായിക്കുമ്പോഴും നാം “സാധാരണയിൽ കവിഞ്ഞ ശ്രദ്ധ നൽകേണ്ടത്‌” അത്യന്താപേക്ഷിതമായിരിക്കുന്നത്‌ അതുകൊണ്ടാണ്‌. യഹോവയെ പ്രസാദിപ്പിക്കുകയും അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന ജ്ഞാനപൂർവകവും പ്രയോജനപ്രദവുമായ തീരുമാനങ്ങൾ എടുക്കാൻ നാം ഉൾക്കൊള്ളുന്ന വിവരങ്ങൾ നമ്മെ സഹായിക്കും. (സദൃശവാക്യങ്ങൾ 27:11; യെശയ്യാവു 48:17) ദൈവത്തിന്റെ ആത്മീയ കരുതലുകളിൽനിന്നു പൂർണ പ്രയോജനം നേടാനായി യോഗങ്ങളിലെയും വ്യക്തിപരമായ പഠന വേളകളിലെയും നമ്മുടെ ശ്രദ്ധാദൈർഘ്യം വർധിപ്പിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

യോഗങ്ങളിലെ നമ്മുടെ ശ്രദ്ധ മെച്ചപ്പെടുത്തൽ

11. ക്രിസ്‌തീയ യോഗങ്ങളിൽ ശ്രദ്ധിച്ചിരിക്കുക ചില സമയങ്ങളിൽ ബുദ്ധിമുട്ടായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

11 ചില സമയങ്ങളിൽ, ക്രിസ്‌തീയ യോഗങ്ങളിൽ ശ്രദ്ധിച്ചിരിക്കുക എളുപ്പമല്ല. ഒരു കുട്ടി കരയുകയോ ആരെങ്കിലും വൈകിവന്ന്‌ ഇരിപ്പിടത്തിനായി അന്വേഷിക്കുകയോ ചെയ്‌താൽ മതി, നമ്മുടെ ശ്രദ്ധ പതറിയേക്കാം. അല്ലെങ്കിൽ ഒരുപക്ഷേ മുഴു ദിവസത്തെയും ജോലി കഴിഞ്ഞ്‌ നാം വളരെ ക്ഷീണിതരായിരിക്കാം. സ്റ്റേജിൽനിന്നു പ്രസംഗിക്കുന്ന വ്യക്തി ശ്രദ്ധ പിടിച്ചെടുക്കുന്ന വിധത്തിൽ രസകരമായി പ്രസംഗിക്കാൻ കഴിവുള്ള ആളല്ലായിരിക്കാം. അങ്ങനെ, അറിയാതെ നാം ദിവാസ്വപ്‌നം കാണാനോ ഉറക്കം തൂങ്ങാൻ പോലുമോ തുടങ്ങിയേക്കാം! സഭായോഗങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന ജീവത്‌പ്രധാന വിവരങ്ങൾ കണക്കിലെടുക്കുമ്പോൾ നാം നമ്മുടെ ശ്രദ്ധാപ്രാപ്‌തികൾ മെച്ചപ്പെടുത്തേണ്ടത്‌ തീർച്ചയായും അനിവാര്യമാണ്‌. എന്നാൽ നമുക്കിത്‌ എങ്ങനെ ചെയ്യാൻ കഴിയും?

12. എന്തു ചെയ്യുന്നത്‌ യോഗങ്ങളിൽ ശ്രദ്ധിക്കുന്നതു കൂടുതൽ എളുപ്പമാക്കിത്തീർക്കും?

12 സാധാരണഗതിയിൽ നന്നായി തയ്യാറാകുന്നെങ്കിൽ യോഗങ്ങളിൽ ശ്രദ്ധിക്കാൻ കൂടുതൽ എളുപ്പമാണ്‌. അങ്ങനെയെങ്കിൽ, ചർച്ച ചെയ്യപ്പെടാൻ പോകുന്ന വിവരങ്ങൾ മുന്നമേ പരിചിന്തിക്കുന്നതിനു കുറച്ചു സമയം മാറ്റിവെച്ചുകൂടേ? ദിവസവും ഏതാനും മിനിട്ടു മാത്രം മാറ്റിവെച്ചാൽ മതി, ഓരോ ആഴ്‌ചയിലെയും ബൈബിൾ വായനയ്‌ക്കായി നിയമിച്ചുതന്നിരിക്കുന്ന അധ്യായങ്ങളുടെ ഒരു ഭാഗം വായിക്കാനും അതേ കുറിച്ചു ധ്യാനിക്കാനും. അൽപ്പം ആസൂത്രണം ഉണ്ടെങ്കിൽ സഭാപുസ്‌തക അധ്യയനത്തിനും വീക്ഷാഗോപുര അധ്യയനത്തിനും തയ്യാറാകാനും നമുക്കു സമയം കണ്ടെത്താൻ കഴിയും. ഏതു പട്ടിക പിൻപറ്റിയാലും ഒരു കാര്യം തീർച്ചയാണ്‌: സഭായോഗങ്ങളിൽ പരിചിന്തിക്കപ്പെടുന്ന വിവരങ്ങൾക്കു ശ്രദ്ധ നൽകാൻ തയ്യാറാകൽ നമ്മെ സഹായിക്കും.

13. യോഗങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന വിവരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു നിറുത്താൻ എന്തു നമ്മെ സഹായിച്ചേക്കാം?

13 നന്നായി തയ്യാറാകുന്നതിനു പുറമേ രാജ്യഹാളിൽ മുൻനിരകളിലായി ഇരിക്കുമ്പോൾ യോഗങ്ങളിൽ കൂടുതൽ നന്നായി ശ്രദ്ധിക്കാൻ കഴിയുന്നതായി ചിലർ കണ്ടെത്തിയിരിക്കുന്നു. പ്രസംഗകന്റെ മുഖത്തുനോക്കി ശ്രദ്ധിച്ചിരിക്കുന്നതും വായിക്കുന്ന ബൈബിൾ വാക്യങ്ങൾ എടുത്തുനോക്കുന്നതും കുറിപ്പുകൾ എടുക്കുന്നതും എല്ലാം മനസ്സ്‌ അലഞ്ഞുതിരിയാതിരിക്കാൻ സഹായിക്കുന്ന മറ്റു സംഗതികളാണ്‌. എന്നാൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്ന ഏതു വിദ്യയെക്കാളും വളരെയേറെ പ്രധാനം ഒരുക്കപ്പെട്ട ഒരു ഹൃദയം ഉണ്ടായിരിക്കുക എന്നതാണ്‌. നമ്മുടെ കൂടിവരവുകളുടെ ഉദ്ദേശ്യം നാം മനസ്സിലാക്കേണ്ടതുണ്ട്‌. സഹവിശ്വാസികളോടൊത്തു നാം കൂടിവരുന്നതിന്റെ മുഖ്യ ഉദ്ദേശ്യം യഹോവയെ ആരാധിക്കുക എന്നതാണ്‌. (സങ്കീർത്തനം 26:12; ലൂക്കൊസ്‌ 2:​36, 37) നമുക്ക്‌ ആത്മീയ ഭക്ഷണം നൽകപ്പെടുന്ന ഒരു പ്രധാന വിധമാണു യോഗങ്ങൾ. (മത്തായി 24:​45-47) കൂടാതെ, അന്യോന്യം “സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പി”ക്കാനുള്ള അവസരങ്ങളും അവ നമുക്കു പ്രദാനം ചെയ്യുന്നു.​—⁠എബ്രായർ 10:​24, 25.

14. ഒരു യോഗത്തെ യഥാർഥത്തിൽ വിജയകരമാക്കുന്നത്‌ എന്താണ്‌?

14 പരിപാടികൾ നടത്തുന്നവരുടെ പഠിപ്പിക്കൽ പ്രാപ്‌തികളുടെ അടിസ്ഥാനത്തിലാണ്‌ ചിലർ യോഗത്തിന്റെ ഗുണനിലവാരം നിർണയിക്കുന്നത്‌. പ്രസംഗകർ വളരെ പ്രാപ്‌തരാണെങ്കിൽ യോഗം നല്ലതാണെന്നും പഠിപ്പിക്കൽ പ്രാപ്‌തി കുറഞ്ഞവരാണെങ്കിൽ അല്ലെന്നും അവർ പറഞ്ഞേക്കാം. പരിപാടിയുള്ളവർ പഠിപ്പിക്കൽ കല ഉപയോഗിക്കാനും വിശേഷിച്ചും ആളുകളുടെ ഹൃദയത്തിൽ എത്തിച്ചേരാനും പരമാവധി ശ്രമിക്കണം എന്നതു ശരിയാണ്‌. (1 തിമൊഥെയൊസ്‌ 4:16) എങ്കിലും സദസ്സിലുള്ള നാം വിമർശന മനോഭാവം ഉള്ളവർ ആയിരിക്കരുത്‌. പരിപാടികളിൽ പങ്കെടുക്കുന്നവരുടെ പഠിപ്പിക്കൽ പ്രാപ്‌തി പ്രധാനമാണെങ്കിലും ഒരു യോഗത്തെ വിജയകരമാക്കിത്തീർക്കുന്ന ഏക ഘടകം അതല്ല. ഒരു വ്യക്തി എത്ര നന്നായി പ്രസംഗിക്കുന്നു എന്നതല്ല, മറിച്ച്‌ നാം എത്ര നന്നായി ശ്രദ്ധിക്കുന്നു എന്നതാണ്‌ ഏറെ പ്രധാനം എന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ? യോഗങ്ങൾക്കു ഹാജരാകുകയും അവതരിപ്പിക്കപ്പെടുന്ന വിവരങ്ങൾക്കു ശ്രദ്ധ നൽകുകയും ചെയ്യുമ്പോൾ നാം ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ അവനെ ആരാധിക്കുകയാണ്‌. അതാണ്‌ ഒരു യോഗത്തെ വിജയകരമാക്കുന്നത്‌. ദൈവത്തെ കുറിച്ചുള്ള പരിജ്ഞാനം നേടാൻ നാം അതീവ തത്‌പരരാണെങ്കിൽ പ്രസംഗകർ പ്രാപ്‌തരായിരുന്നാലും അല്ലെങ്കിലും നാം യോഗങ്ങളിൽനിന്നു പ്രയോജനം നേടും. (സദൃശവാക്യങ്ങൾ 2:​1-5) അതുകൊണ്ട്‌ യോഗങ്ങൾക്ക്‌ “സാധാരണയിൽ കവിഞ്ഞ ശ്രദ്ധ” നൽകാൻ നമുക്കു ദൃഢചിത്തരായിരിക്കാം.

വ്യക്തിപരമായ പഠനത്തിൽനിന്നു പൂർണ പ്രയോജനം നേടുക

15. പഠനവും ധ്യാനവും ഏതു വിധത്തിൽ നമുക്ക്‌ പ്രയോജനം ചെയ്യും?

15 വ്യക്തിപരമായി പഠിക്കുമ്പോഴും ധ്യാനിക്കുമ്പോഴും “സാധാരണയിൽ കവിഞ്ഞ ശ്രദ്ധ” നൽകുന്നതിൽനിന്നു നമുക്കു വളരെയധികം പ്രയോജനം ലഭിക്കും. ബൈബിളും ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങളും വായിക്കുന്നതും വായിച്ച കാര്യങ്ങളെ കുറിച്ചു ധ്യാനിക്കുന്നതും ദൈവവചനത്തിലെ സത്യങ്ങൾ നമ്മുടെ ഹൃദയത്തിൽ ആഴത്തിൽ പതിപ്പിക്കാനുള്ള അമൂല്യ അവസരങ്ങളാണു നമുക്കു നൽകുന്നത്‌. നാം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വിധത്തെ ഇതു വളരെയധികം സ്വാധീനിക്കും. വാസ്‌തവത്തിൽ, യഹോവയുടെ ഇഷ്ടം ചെയ്യുന്നതിൽ സന്തോഷം കണ്ടെത്താൻ അതു നമ്മെ സഹായിക്കും. (സങ്കീർത്തനം 1:2; 40:⁠8) അതുകൊണ്ട്‌, പഠനം നമുക്കു പ്രയോജനം ചെയ്യണമെങ്കിൽ നാം നമ്മുടെ ശ്രദ്ധാ പ്രാപ്‌തികൾ വികസിപ്പിക്കേണ്ടതുണ്ട്‌. ശ്രദ്ധ പതറാൻ എത്ര എളുപ്പമാണ്‌! ഒരു ഫോൺകോളോ എന്തെങ്കിലും ഒച്ചയോ പോലുള്ള ചെറിയ കാര്യങ്ങൾക്കു നമ്മുടെ ശ്രദ്ധ പതറിക്കാൻ കഴിയും. ഇനി മറ്റു ശല്യങ്ങളൊന്നും ഇല്ലെങ്കിൽ കൂടി, കൂടുതൽ നേരം ശ്രദ്ധിച്ചിരിക്കുക നമ്മെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരിക്കാം. ആത്മീയമായി ഭക്ഷിക്കുക എന്ന നല്ല ആന്തരത്തോടെ ആയിരിക്കാം നാം പഠിക്കാൻ ഇരിക്കുന്നത്‌, എന്നാൽ അധികം കഴിയുന്നതിനു മുമ്പ്‌ മനസ്സ്‌ അങ്ങുമിങ്ങും അലയാൻ തുടങ്ങുന്നു. ദൈവവചനം വ്യക്തിപരമായി പഠിക്കുമ്പോൾ നമുക്കെങ്ങനെ “സാധാരണയിൽ കവിഞ്ഞ ശ്രദ്ധ” നൽകാൻ കഴിയും?

16. (എ) വ്യക്തിപരമായ പഠനത്തിനായി സമയം പട്ടികപ്പെടുത്തേണ്ടതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) ദൈവവചനം പഠിക്കുന്നതിനു നിങ്ങൾ എങ്ങനെയാണു സമയം കണ്ടെത്തിയിരിക്കുന്നത്‌?

16 ഒരു പട്ടിക ഉണ്ടാക്കുന്നതും പഠനത്തിന്‌ ഏറ്റവും അനുയോജ്യമായ ഒരു ചുറ്റുപാട്‌ തിരഞ്ഞെടുക്കുന്നതും പ്രയോജനപ്രദമാണ്‌. നമ്മിൽ മിക്കവരെയും സംബന്ധിച്ചിടത്തോളം സമയവും സ്വകാര്യതയും ദുർലഭമായ സംഗതികളാണ്‌. നല്ല ഒഴുക്കുള്ള ഒരു നദി ഒരു ചുള്ളിക്കമ്പിനെ ഒഴുക്കിക്കൊണ്ടു പോകുന്നതെങ്ങനെയോ അതുപോലെ ഓരോ ദിവസത്തെയും തിരക്ക്‌ നമ്മെ അടിച്ചൊഴുക്കി കൊണ്ടുപോകുന്നതായി നമുക്കു തോന്നിയേക്കാം. എന്നാൽ, ആലങ്കാരികഭാഷയിൽ പറഞ്ഞാൽ നാം ആ ഒഴുക്കിനോടു പൊരുതി പ്രശാന്തതയുടെ ഒരു തുരുത്ത്‌ കണ്ടെത്തേണ്ടതുണ്ട്‌. പഠിക്കാനുള്ള അവസരം താനേ ഒത്തുവരുമെന്നു നമുക്കു പ്രതീക്ഷിക്കാൻ കഴിയില്ല. മറിച്ച്‌, പഠനത്തിനു സമയം ഉണ്ടാക്കിക്കൊണ്ട്‌ നാം സാഹചര്യത്തെ നമ്മുടെ നിയന്ത്രണത്തിൽ കൊണ്ടുവരണം. (എഫെസ്യർ 5:​15, 16, NW) ശ്രദ്ധാശൈഥില്യങ്ങൾ കുറവായിരുന്നേക്കാവുന്ന രാവിലെ സമയങ്ങളിൽ കുറച്ചു നേരം ചിലർ പഠനത്തിനായി മാറ്റിവെക്കുന്നു. വൈകുന്നേരങ്ങളാണ്‌ തങ്ങൾക്കു കൂടുതൽ അനുയോജ്യമെന്നു മറ്റു ചിലർ കണ്ടെത്തിയിരിക്കുന്നു. എന്തുതന്നെ ആയാലും, ദൈവത്തെയും അവന്റെ പുത്രനെയും കുറിച്ചുള്ള സൂക്ഷ്‌മ പരിജ്ഞാനം ഉൾക്കൊള്ളുക എന്ന മർമപ്രധാനമായ ആവശ്യം നാം അവഗണിക്കരുത്‌ എന്നതാണ്‌ പ്രധാന സംഗതി. (യോഹന്നാൻ 17:⁠3) അതുകൊണ്ട്‌ നമുക്കു വ്യക്തിപരമായ പഠനത്തിനായി സമയം പട്ടികപ്പെടുത്തുകയും അതിനോടു പറ്റിനിൽക്കുകയും ചെയ്യാം.

17. എന്താണു ധ്യാനം, അത്‌ നമുക്ക്‌ എങ്ങനെ പ്രയോജനം ചെയ്യും?

17 ധ്യാനം​—⁠പഠനത്തിലൂടെ മനസ്സിലാക്കിയ കാര്യങ്ങളെ കുറിച്ചു വിചിന്തനം ചെയ്യുന്ന പ്രക്രിയ​—⁠അമൂല്യമാണ്‌. ദൈവത്തിന്റെ ചിന്തകൾ, അച്ചടിച്ച താളുകളിൽനിന്ന്‌ അടർത്തിയെടുത്തു നമ്മുടെ ഹൃദയങ്ങളിൽ പതിപ്പിക്കാൻ അതു നമ്മെ സഹായിക്കുന്നു. ‘വചനം കേൾക്ക മാത്രം ചെയ്യാതെ അതിനെ ചെയ്യുന്നവരായും ഇരിക്കാൻ’ സാധിക്കുംവണ്ണം ബൈബിൾ ബുദ്ധിയുപദേശം ബാധകമാക്കേണ്ടത്‌ എങ്ങനെയെന്നു കാണാൻ ധ്യാനം നമ്മെ സഹായിക്കുന്നു. (യാക്കോബ്‌ 1:​22-25) കൂടാതെ, യഹോവയുടെ ഗുണങ്ങളെ കുറിച്ചും പഠിക്കുന്ന ഭാഗത്ത്‌ അവ വിശേഷവത്‌കരിക്കപ്പെട്ടിരിക്കുന്നത്‌ എങ്ങനെയാണ്‌ എന്നതിനെ കുറിച്ചും ചിന്തിക്കാനുള്ള അവസരം ധ്യാനത്തിലൂടെ ലഭിക്കുന്നതിനാൽ അവനുമായി പൂർവാധികം അടുക്കാൻ നമുക്കു സാധിക്കുന്നു.

18. ഫലപ്രദമായ ധ്യാനത്തിന്‌ ആവശ്യമായ ഘടകങ്ങൾ ഏവ?

18 പഠനത്തിൽനിന്നും ധ്യാനത്തിൽനിന്നും പൂർണ പ്രയോജനം ലഭിക്കണമെങ്കിൽ നമ്മുടെ മനസ്സിനെ ശ്രദ്ധാശൈഥില്യങ്ങളിൽനിന്ന്‌ അകറ്റിനിറുത്താൻ നാം ശ്രദ്ധിക്കണം. ധ്യാനത്തിലൂടെ പുതിയ വിവരങ്ങൾ മനസ്സിൽ പതിപ്പിക്കണമെങ്കിൽ ഇന്നത്തെ ജീവിതത്തിന്റെ ശ്രദ്ധാശൈഥില്യങ്ങൾക്കു നേരെ നാം മനസ്സു കൊട്ടിയടയ്‌ക്കേണ്ടതുണ്ട്‌. ധ്യാനത്തിനു സമയവും സ്വകാര്യതയും ആവശ്യമാണ്‌. എങ്കിലും ദൈവവചനത്തിലെ ആത്മീയ ഭക്ഷണം കഴിക്കുകയും സത്യത്തിന്റെ ജലം കുടിക്കുകയും ചെയ്യുന്നത്‌ എത്ര നവോന്മേഷപ്രദമാണ്‌!

19. (എ) വ്യക്തിപരമായ പഠന വേളകളിലെ ശ്രദ്ധാദൈർഘ്യം വർധിപ്പിക്കാൻ ചിലരെ എന്തു സഹായിച്ചിരിക്കുന്നു? (ബി) പഠനത്തോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം, ഈ പ്രധാന പ്രവൃത്തിയിൽനിന്നു നമുക്ക്‌ എന്തെല്ലാം പ്രയോജനങ്ങൾ നേടാൻ കഴിയും?

19 നമുക്ക്‌ അധികം സമയം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്നും പഠിക്കാൻ തുടങ്ങി കുറച്ചു കഴിയുമ്പോഴേക്കും മനസ്സ്‌ അലഞ്ഞുതിരിയാൻ തുടങ്ങുന്നുവെന്നും കാണുന്നെങ്കിലെന്ത്‌? തുടക്കത്തിൽ, പഠനത്തിനു കുറച്ചു സമയം ചെലവഴിക്കുകയും ക്രമേണ സമയദൈർഘ്യം വർധിപ്പിക്കുകയും ചെയ്‌തുകൊണ്ട്‌ ശ്രദ്ധിക്കാനുള്ള പ്രാപ്‌തി മെച്ചപ്പെടുത്താൻ കഴിയുമെന്നു ചിലർ കണ്ടെത്തിയിട്ടുണ്ട്‌. വിവരങ്ങൾ വെറുതെ വായിച്ചുവിടുന്നതിനു പകരം ആവശ്യത്തിനു സമയമെടുത്തു പഠിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. പഠിക്കുന്ന വിഷയത്തിൽ നാം അതീവ താത്‌പര്യം നട്ടുവളർത്തേണ്ടതുണ്ട്‌. വിശ്വസ്‌തനും വിവേകിയുമായ അടിമ പ്രദാനം ചെയ്‌തിട്ടുള്ള വിവരങ്ങളുടെ വൻശേഖരം ഉപയോഗിച്ച്‌ നമുക്കു കൂടുതലായ ഗവേഷണം നടത്താൻ കഴിയും. ‘ദൈവത്തിന്റെ ആഴമേറിയ കാര്യങ്ങളിലേക്ക്‌’ ഉറ്റുനോക്കുന്നത്‌ വളരെ മൂല്യവത്താണ്‌. (1 കൊരിന്ത്യർ 2:​10, NW) അങ്ങനെ ചെയ്യുന്നത്‌ ദൈവത്തെ കുറിച്ചുള്ള നമ്മുടെ പരിജ്ഞാനം വർധിപ്പിക്കാനും ഗ്രഹണപ്രാപ്‌തികൾ വികസിപ്പിക്കാനും നമ്മെ സഹായിക്കും. (എബ്രായർ 5:​14, NW) ദൈവവചനത്തിന്റെ ഉത്സാഹമുള്ള പഠിതാക്കൾ ആണെങ്കിൽ ‘മറ്റുള്ളവരെ പഠിപ്പിക്കാൻ വേണ്ട യോഗ്യതയും’ നാം പ്രാപിക്കും.​—⁠2 തിമൊഥെയൊസ്‌ 2:​2, NW.

20. യഹോവയാം ദൈവവുമായി ഒരു അടുത്ത ബന്ധം നട്ടുവളർത്താനും നിലനിറുത്താനും നമുക്ക്‌ എങ്ങനെ കഴിയും?

20 ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകുന്നതും വ്യക്തിപരമായി പഠിക്കുന്നതും യഹോവയുമായി ഒരു അടുത്ത ബന്ധം നട്ടുവളർത്താനും നിലനിറുത്താനും നമ്മെ വളരെ സഹായിക്കും. വ്യക്തമായും, “നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു” എന്നു ദൈവത്തോടു പറഞ്ഞ സങ്കീർത്തനക്കാരന്റെ കാര്യത്തിൽ അതു സത്യമായിരുന്നു. (സങ്കീർത്തനം 119:97) അതുകൊണ്ട്‌ യോഗങ്ങൾക്കും സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും ക്രമമായി ഹാജരാകാൻ നമുക്കു ദൃഢനിശ്ചയം ചെയ്യാം. ബൈബിൾ പഠനത്തിനും ധ്യാനത്തിനുമായി നമുക്കു സമയം വിലയ്‌ക്കു വാങ്ങാം. ഈ രീതിയിൽ ദൈവവചനത്തിനു “സാധാരണയിൽ കവിഞ്ഞ ശ്രദ്ധ” നൽകുന്നത്‌ സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുത്തും.

[അടിക്കുറിപ്പുകൾ]

^ ഖ. 7 എബ്രായർക്കുള്ള ലേഖനം സാധ്യതയനുസരിച്ച്‌ പൊ.യു. 61-ലാണ്‌ എഴുതപ്പെട്ടത്‌. അങ്ങനെയെങ്കിൽ, ഏതാണ്ട്‌ അഞ്ചു വർഷം മാത്രം കഴിഞ്ഞപ്പോൾ സെസ്റ്റ്യസ്‌ ഗാലസിന്റെ സൈന്യം യെരൂശലേമിനെ വളഞ്ഞു. എന്നാൽ ജാഗ്രത പുലർത്തിയിരുന്ന ക്രിസ്‌ത്യാനികൾക്കു പലായനം ചെയ്യാനുള്ള അവസരം നൽകിക്കൊണ്ട്‌ പെട്ടെന്നുതന്നെ ആ സൈന്യം പിൻവാങ്ങി. നാലു വർഷത്തിനു ശേഷം ജനറൽ ടൈറ്റസിന്റെ നേതൃത്വത്തിലുള്ള റോമൻ സൈന്യം നഗരത്തെ നശിപ്പിച്ചു.

നിങ്ങൾ ഓർമിക്കുന്നുവോ?

• ചില എബ്രായ ക്രിസ്‌ത്യാനികൾ സത്യവിശ്വാസത്തിൽനിന്ന്‌ ഒഴുകിപ്പോകാൻ തുടങ്ങിയതിന്റെ കാരണമെന്ത്‌?

• നമുക്ക്‌ എങ്ങനെ ക്രിസ്‌തീയ യോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു നിറുത്താനാകും?

• വ്യക്തിപരമായ ബൈബിൾ പഠനത്തിൽനിന്നും ധ്യാനത്തിൽനിന്നും പ്രയോജനം നേടാൻ നമ്മെ എന്തു സഹായിക്കും?

[അധ്യയന ചോദ്യങ്ങൾ]

[11-ാം പേജിലെ ചിത്രം]

യെരൂശലേമിന്റെ ആസന്ന നാശം സംബന്ധിച്ച്‌ എബ്രായ ക്രിസ്‌ത്യാനികൾ ജാഗ്രതയുള്ളവർ ആയിരിക്കണമായിരുന്നു

[13-ാം പേജിലെ ചിത്രം]

ക്രിസ്‌തീയ യോഗങ്ങളിൽ നിന്നു പ്രയോജനം നേടാൻ മാതാപിതാക്കൾക്കു കുട്ടികളെ സഹായിക്കാനാകും