വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“സെപ്‌റ്റുവജിന്റ്‌” അന്നും ഇന്നും പ്രയോജനപ്രദം

“സെപ്‌റ്റുവജിന്റ്‌” അന്നും ഇന്നും പ്രയോജനപ്രദം

“സെപ്‌റ്റുവജിന്റ്‌” അന്നും ഇന്നും പ്രയോജനപ്രദം

എത്യോപ്യയിൽനിന്നുള്ള ഒരു ഉയർന്ന ഉദ്യോഗസ്ഥൻ യെരൂശലേം സന്ദർശിച്ച്‌ സ്വദേശത്തേക്കു മടങ്ങുകയായിരുന്നു. ഒരു മരുവഴിയിലൂടെ തേരിൽ യാത്ര ചെയ്യവേ അദ്ദേഹം ഒരു മതചുരുളിൽനിന്ന്‌ ഉച്ചത്തിൽ വായിക്കാൻ തുടങ്ങി. വായിച്ച ആ ഭാഗത്തെ കുറിച്ചു ലഭിച്ച വിശദീകരണം അദ്ദേഹത്തെ അങ്ങേയറ്റം സ്വാധീനിച്ചു. ആ സമയം മുതൽ അദ്ദേഹത്തിന്റെ ജീവിതത്തിനു പരിവർത്തനം ഉണ്ടായി. (പ്രവൃത്തികൾ 8:​26-38) അദ്ദേഹം ബൈബിളിന്റെ ഏറ്റവും ആദ്യത്തെ പരിഭാഷയായ ഗ്രീക്ക്‌ സെപ്‌റ്റുവജിന്റിൽനിന്നാണു വായിച്ചുകൊണ്ടിരുന്നത്‌, യെശയ്യാവു 53:​7, 8 വാക്യങ്ങൾ. നൂറ്റാണ്ടുകളിൽ ഉടനീളം ബൈബിളിന്റെ സന്ദേശം വ്യാപിപ്പിക്കുന്നതിൽ ഈ പരിഭാഷ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ചിരിക്കുന്നു. അതുകൊണ്ട്‌ അതിനെ ലോകത്തെ മാറ്റിമറിച്ച ബൈബിൾ പരിഭാഷ എന്നു വിളിച്ചിരിക്കുന്നു.

എപ്പോൾ, ഏതു സാഹചര്യങ്ങളിലാണു സെപ്‌റ്റുവജിന്റ്‌ തയ്യാറാക്കപ്പെട്ടത്‌? ഇത്തരം ഒരു പരിഭാഷയുടെ ആവശ്യം എന്തായിരുന്നു? നൂറ്റാണ്ടുകളിൽ ഉടനീളം ഇത്‌ എത്രത്തോളം പ്രയോജനപ്രദം എന്നു തെളിഞ്ഞിരിക്കുന്നു? സെപ്‌റ്റുവജിന്റിന്‌ ഇന്നു നമ്മെ എന്തെങ്കിലും പഠിപ്പിക്കാൻ കഴിയുമോ? കഴിയുമെങ്കിൽ എന്ത്‌?

ഗ്രീക്കു സംസാരിക്കുന്ന യഹൂദന്മാർക്കായി തയ്യാറാക്കിയത്‌

പൊ.യു.മു. 332-ൽ, ഫൊയ്‌നിക്യ നഗരമായ സോരിനെ നശിപ്പിച്ച ശേഷം ഈജിപ്‌തിലെത്തിയ മഹാനായ അലക്‌സാണ്ടറിനെ അവിടെയുള്ളവർ ഒരു വിമോചകനായാണു വരവേറ്റത്‌. അവിടെ അദ്ദേഹം പുരാതന ലോകത്തിലെ ഒരു വിദ്യാകേന്ദ്രമായിരുന്ന അലക്‌സാൻഡ്രിയ നഗരം സ്ഥാപിച്ചു. അധിനിവേശ നാടുകളിൽ വസിക്കുന്നവർക്കിടയിൽ ഗ്രീക്കു സംസ്‌കാരം വ്യാപിപ്പിക്കാൻ ആഗ്രഹിച്ച അലക്‌സാണ്ടർ തന്റെ വിസ്‌തൃത സാമ്രാജ്യത്തിലെങ്ങും സാധാരണ ഗ്രീക്കിനു (കൊയ്‌നി) പ്രചാരം നൽകി.

പൊ.യു.മു. മൂന്നാം നൂറ്റാണ്ടിൽ അലക്‌സാൻഡ്രിയയിൽ ഒട്ടനവധി യഹൂദന്മാർ താമസമാക്കി. ബാബിലോണിയൻ പ്രവാസത്തിൽനിന്നു മടങ്ങിവന്ന ശേഷം പാലസ്‌തീനു വെളിയിൽ ചിതറി പാർക്കുകയായിരുന്ന യഹൂദന്മാരിൽ പലരും അലക്‌സാൻഡ്രിയയിലേക്കു കുടിയേറി. ഈ യഹൂദന്മാർക്ക്‌ എബ്രായ ഭാഷ എത്ര നന്നായി അറിയാമായിരുന്നു? മക്ലിന്റോക്കിന്റെയും സ്‌ട്രോങ്ങിന്റെയും വിജ്ഞാനകോശം (ഇംഗ്ലീഷ്‌) പറയുന്നു: “ബാബിലോണിന്റെ അടിമത്തത്തിൽനിന്നു മടങ്ങിയെത്തിയ യഹൂദന്മാർക്ക്‌ പുരാതന എബ്രായയെ കുറിച്ചുള്ള പരിജ്ഞാനം വലിയ അളവിൽ നഷ്ടമായിരുന്നതിനാൽ പാലസ്‌തീനിലെ സിനഗോഗുകളിൽ വായിച്ചിരുന്ന മോശെയുടെ പുസ്‌തകങ്ങളിൽനിന്നുള്ള ഭാഗങ്ങൾ കൽദയ ഭാഷയിൽ അവർക്കു വിശദീകരിച്ചു കൊടുത്തിരുന്നു എന്നതു പരക്കെ അറിയപ്പെടുന്ന ഒരു വസ്‌തുതയാണ്‌ . . . അലക്‌സാൻഡ്രിയയിലെ യഹൂദന്മാർക്ക്‌ സാധ്യതയനുസരിച്ച്‌ എബ്രായ ഭാഷ അത്രപോലും അറിയില്ലായിരുന്നു; അലക്‌സാൻഡ്രിയൻ ഗ്രീക്കായിരുന്നു അവർക്കു സുപരിചിതമായ ഭാഷ.” വ്യക്തമായും, അലക്‌സാൻഡ്രിയയിലെ അന്തരീക്ഷം എബ്രായ തിരുവെഴുത്തുകൾ ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തുന്നതിനു പറ്റിയ ഒന്നായിരുന്നു.

എബ്രായയിലുള്ള ന്യായപ്രമാണത്തിന്റെ ഒരു പതിപ്പ്‌ ഗ്രീക്കിലേക്കു തർജമ ചെയ്യപ്പെട്ടെന്നും ടോളമി ഫിലഡെൽഫസിന്റെ വാഴ്‌ചക്കാലത്ത്‌ (പൊ.യു.മു. 285-246) അതു പൂർത്തീകരിക്കപ്പെട്ടെന്നും പൊ.യു.മു. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അരിസ്റ്റൊബ്യൂളസ്‌ എന്ന യഹൂദൻ എഴുതി. “ന്യായപ്രമാണം” എന്നതുകൊണ്ട്‌ അരിസ്റ്റൊബ്യൂളസ്‌ ഉദ്ദേശിച്ചത്‌ എന്താണ്‌ എന്നതിനെ കുറിച്ചു ഭിന്ന അഭിപ്രായങ്ങൾ ഉണ്ട്‌. പഞ്ചഗ്രന്ഥങ്ങളെ മാത്രമാണ്‌ അദ്ദേഹം പരാമർശിച്ചതെന്നു ചിലർ കരുതുമ്പോൾ മുഴു എബ്രായ തിരുവെഴുത്തുകളെയും അദ്ദേഹം അർഥമാക്കിയിരിക്കാം എന്നാണു മറ്റു ചിലരുടെ അഭിപ്രായം.

എന്തായിരുന്നാലും പരമ്പരാഗതമായി കരുതിപ്പോരുന്നത്‌ അനുസരിച്ച്‌, എബ്രായയിൽനിന്നു ഗ്രീക്കിലേക്കുള്ള, തിരുവെഴുത്തുകളുടെ ആ ആദ്യത്തെ ലിഖിത പരിഭാഷയിൽ ഏതാണ്ട്‌ 72 യഹൂദ പണ്ഡിതന്മാർ ഉൾപ്പെട്ടിരുന്നു. പിന്നീട്‌ 72-നു പകരം 70 എന്ന ഏകദേശ സംഖ്യ ഉപയോഗിച്ചു തുടങ്ങി. തന്നിമിത്തം ആ പരിഭാഷയ്‌ക്ക്‌ “70” എന്നർഥമുള്ള സെപ്‌റ്റുവജിന്റ്‌ എന്ന പേരു ലഭിച്ചു. അതിനെ കുറിക്കാൻ 70-നെ സൂചിപ്പിക്കുന്ന റോമൻ അക്കമായ LXX ഉപയോഗിക്കുന്നു. പൊ.യു.മു. രണ്ടാം നൂറ്റാണ്ടിന്റെ അവസാനം ആയപ്പോഴേക്കും എബ്രായ തിരുവെഴുത്തുകളിലെ എല്ലാ പുസ്‌തകങ്ങളും ഗ്രീക്കിൽ വായിക്കാൻ കഴിയുമായിരുന്നു. അങ്ങനെ, സെപ്‌റ്റുവജിന്റ്‌ എന്ന പേര്‌ ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തിയ മുഴു എബ്രായ തിരുവെഴുത്തുകളെയും കുറിക്കാൻ ഉപയോഗിച്ചു തുടങ്ങി.

ഒന്നാം നൂറ്റാണ്ടിൽ പ്രയോജനപ്രദം

യേശുക്രിസ്‌തുവിന്റെയും അപ്പൊസ്‌തലന്മാരുടെയും കാലത്തും അതിനു മുമ്പും, ഗ്രീക്കു ഭാഷ സംസാരിച്ചിരുന്ന യഹൂദന്മാർ സെപ്‌റ്റുവജിന്റ്‌ വളരെ വ്യാപകമായി ഉപയോഗിച്ചിരുന്നു. പൊ.യു. 33-ലെ പെന്തെക്കൊസ്‌തു ദിനത്തിൽ യെരൂശലേമിൽ കൂടിവന്ന യഹൂദന്മാരിലും യഹൂദ മതപരിവർത്തിതരിലും അനേകർ ആസ്യ, മിസ്രയീം, ലിബ്യ, റോം, ക്രേത്ത എന്നിങ്ങനെ ആളുകൾ ഗ്രീക്കു സംസാരിച്ചിരുന്ന പ്രദേശങ്ങളിൽനിന്ന്‌ ഉള്ളവരായിരുന്നു. അവർ സെപ്‌റ്റുവജിന്റിൽനിന്നു പതിവായി വായിച്ചിരുന്നു എന്നതിൽ സംശയമില്ല. (പ്രവൃത്തികൾ 2:​9-11) അങ്ങനെ, ഈ പരിഭാഷ ഒന്നാം നൂറ്റാണ്ടിൽ സുവാർത്ത വ്യാപിപ്പിക്കുന്നതിൽ ശക്തമായ ഒരു ഉപകരണമായി വർത്തിച്ചു.

ഉദാഹരണത്തിന്‌ കുറേന, അലെക്‌സന്ത്രിയ, കിലിക്ക്യ, ആസ്യ എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാരുമായി സംസാരിക്കവേ ശിഷ്യനായ സ്‌തെഫാനൊസ്‌ പറഞ്ഞു: “യോസേഫ്‌ ആളയച്ചു തന്റെ പിതാവായ യാക്കോബിനെയും കുടുംബത്തെ ഒക്കെയും [കനാനിൽനിന്നു] വരുത്തി; അവർ ആകെ എഴുപത്തഞ്ചുപേരായിരുന്നു.” (പ്രവൃത്തികൾ 6:​8-10; 7:12-14) ഉല്‌പത്തി 46-ലെ എബ്രായ പാഠം പറയുന്നത്‌ യോസേഫിന്റെ കുടുംബാംഗങ്ങളുടെ എണ്ണം എഴുപത്‌ ആയിരുന്നു എന്നാണ്‌. എന്നാൽ സെപ്‌റ്റുവജിന്റ്‌ എഴുപത്തഞ്ച്‌ എന്നാണു പറയുന്നത്‌. വ്യക്തമായും, സ്‌തെഫാനൊസ്‌ സെപ്‌റ്റുവജിന്റിൽനിന്നാണ്‌ ഉദ്ധരിച്ചത്‌.​—⁠ഉല്‌പത്തി 46:​20, 26, 27, NW, അടിക്കുറിപ്പ്‌.

തന്റെ രണ്ടാമത്തെയും മൂന്നാമത്തെയും മിഷനറി യാത്രകളിൽ അപ്പൊസ്‌തലനായ പൗലൊസ്‌ ഏഷ്യാമൈനറിലും ഗ്രീസിലും ഉടനീളം സഞ്ചരിച്ച്‌ ദൈവഭക്തരായിരുന്ന അനേകം വിജാതീയരോടും ‘ദൈവത്തെ ആരാധിച്ചിരുന്ന ഗ്രീക്കുകാരോടും’ പ്രസംഗിച്ചു. (പ്രവൃത്തികൾ 13:​16, 26; 17:⁠4, NW) സെപ്‌റ്റുവജിന്റിൽനിന്നു ദൈവത്തെ സംബന്ധിച്ച്‌ കുറെ അറിവ്‌ ലഭിച്ചിരുന്നതിനാലാണ്‌ ഈ ആളുകൾ ദൈവഭക്തി ഉള്ളവരായിരിക്കാനോ ദൈവത്തെ ആരാധിക്കാനോ തുടങ്ങിയിരുന്നത്‌. ഗ്രീക്കു ഭാഷക്കാരായ ആ ജനത്തോടു പ്രസംഗിക്കവേ പൗലൊസ്‌ പലപ്പോഴും ഈ പരിഭാഷയിൽനിന്ന്‌ ഉദ്ധരിക്കുകയോ തിരുവെഴുത്തു ഭാഗങ്ങൾ പരാവർത്തനം ചെയ്യുകയോ ചെയ്‌തു.​—⁠ഉല്‌പത്തി 22:​18, NW, അടിക്കുറിപ്പ്‌; ഗലാത്യർ 3:⁠8.

ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ എബ്രായ തിരുവെഴുത്തുകളിൽനിന്നു നേരിട്ടുള്ള ഏതാണ്ട്‌ 320 ഉദ്ധരണികൾ ഉണ്ട്‌. എബ്രായ തിരുവെഴുത്തുകളിൽനിന്നുള്ള മൊത്തം ഉദ്ധരണികളുടെയും പരാമർശങ്ങളുടെയും എണ്ണം ഒരുപക്ഷേ 890 ആയിരുന്നേക്കാം. ഇവയിൽ മിക്കതും സെപ്‌റ്റുവജിന്റിനെ അടിസ്ഥാനമാക്കിയുള്ളവയാണ്‌. അങ്ങനെ, ആ പരിഭാഷയിൽനിന്നുള്ള ഉദ്ധരണികൾ​—⁠എബ്രായ കൈയെഴുത്തു പ്രതികളിൽനിന്നുള്ളവയല്ല​—⁠നിശ്വസ്‌ത ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ ഭാഗമായിത്തീർന്നു. ഇത്‌ എത്ര പ്രധാനപ്പെട്ട ഒരു വസ്‌തുത ആയിരുന്നു! രാജ്യത്തിന്റെ സുവിശേഷം മുഴു നിവസിത ഭൂമിയിലും പ്രസംഗിക്കപ്പെടുമെന്ന്‌ യേശു മുൻകൂട്ടി പറഞ്ഞിരുന്നു. (മത്തായി 24:14) ഇതു സാധ്യമാക്കുന്നതിന്‌ ലോകവ്യാപകമായി ആളുകൾ വായിക്കുന്ന വ്യത്യസ്‌ത ഭാഷകളിലേക്ക്‌ തന്റെ നിശ്വസ്‌ത വചനം തർജമ ചെയ്യപ്പെടാൻ യഹോവ അനുവദിക്കുമായിരുന്നു.

ഇന്ന്‌ പ്രയോജനപ്രദം

സെപ്‌റ്റുവജിന്റ്‌ ഇന്നും വിലപ്പെട്ടതാണ്‌. പിന്നീടുള്ള കാലഘട്ടങ്ങളിലെ എബ്രായ കൈയെഴുത്തു പ്രതികളിൽ കടന്നുകൂടിയിരിക്കാവുന്ന, പകർത്തിയെഴുത്തുമായി ബന്ധപ്പെട്ട തെറ്റുകൾ കണ്ടുപിടിക്കാൻ ഇത്‌ ഉപയോഗിച്ചു വരുന്നു. ഉദാഹരണത്തിന്‌ ഉല്‌പത്തി 4:​8-ൽ നാം ഇങ്ങനെ വായിക്കുന്നു: “എന്നാറെ കയീൻ തന്റെ അനുജനായ ഹാബെലിനോടു: (നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവർ വയലിൽ ഇരിക്കുമ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോടു കയർത്തു അവനെ കൊന്നു.”

വലയങ്ങളിൽ കൊടുത്തിരിക്കുന്ന “നാം വയലിലേക്കു പോക” എന്ന ഭാഗം പൊ.യു. പത്താം നൂറ്റാണ്ട്‌ മുതലുള്ള എബ്രായ കൈയെഴുത്തു പ്രതികളിൽ ഇല്ല. എന്നാൽ കൂടുതൽ പഴക്കമുള്ള സെപ്‌റ്റുവജിന്റ്‌ കൈയെഴുത്തു പ്രതികളിലും മറ്റു ചില ആദ്യകാല പരാമർശകൃതികളിലും ആ ഭാഗം ഉണ്ട്‌. ആ എബ്രായ കൈയെഴുത്തു പ്രതികളിലെ പാഠത്തിൽ സാധാരണഗതിയിൽ സംഭാഷണത്തിനു മുമ്പു വരാറുള്ള പദമുണ്ട്‌. എന്നാൽ അതേത്തുടർന്ന്‌ സംഭാഷണമൊന്നും രേഖപ്പെടുത്തിയിട്ടില്ല. എന്തായിരുന്നിരിക്കാം സംഭവിച്ചത്‌? മക്ലിന്റോക്കിന്റെയും സ്‌ട്രോങ്ങിന്റെയും വിജ്ഞാനകോശം ഇങ്ങനെ പറയുന്നു: “രണ്ട്‌ വാക്യാംശങ്ങളുടെയും അവസാനം . . . [ഒരേ] വാക്ക്‌ വന്നത്‌ [“വയലിലേക്കു” എന്നും “വയലിൽ” എന്നും വരുന്നിടങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം] എബ്രായ പകർപ്പെഴുത്തുകാരന്‌ തെറ്റു പറ്റാൻ ഒരുപക്ഷേ ഇടയാക്കിയിരിക്കാം.” അങ്ങനെ, പകർത്തി എഴുതിയപ്പോൾ “നാം വയലിലേക്കു പോക” എന്ന ഭാഗം വിട്ടുപോയിരിക്കാം. വ്യക്തമായും, എബ്രായ പാഠത്തിന്റെ പിൽക്കാല പകർപ്പുകളിലെ തെറ്റുകൾ കണ്ടുപിടിക്കുന്നതിൽ സെപ്‌റ്റുവജിന്റും ഇപ്പോൾ നിലവിലുള്ള മറ്റു പഴക്കമേറിയ കൈയെഴുത്തു പ്രതികളും സഹായകമാണ്‌.

അതേസമയം, സെപ്‌റ്റുവജിന്റിന്റെ പകർപ്പുകളിലും തെറ്റു കടന്നുകൂടിയേക്കാം. അതുകൊണ്ട്‌ ചില സമയങ്ങളിൽ ഗ്രീക്കു പാഠം തിരുത്തുന്നതിന്‌ എബ്രായപാഠം ഉപയോഗിക്കാറുണ്ട്‌. ഇങ്ങനെ ഗ്രീക്കിലെയും മറ്റു ഭാഷകളിലെയും പരിഭാഷകൾ എബ്രായ കൈയെഴുത്തു പ്രതികളുമായി ഒത്തുനോക്കുന്നത്‌ പരിഭാഷയിലെയും പകർത്തെഴുത്തിലെയും തെറ്റുകൾ കണ്ടുപിടിക്കാൻ സഹായിക്കുന്നു. അങ്ങനെ ദൈവവചനത്തിന്റെ കൃത്യതയുള്ള ഒരു പരിഭാഷ നമുക്കു ലഭിക്കുന്നുവെന്ന്‌ ഉറപ്പു വരുത്തപ്പെടുന്നു.

സെപ്‌റ്റുവജിന്റിന്റെ ഇന്നു നിലവിലുള്ള സമ്പൂർണ പ്രതികളിൽ ഏറ്റവും പഴയവ പൊ.യു. നാലാം നൂറ്റാണ്ടിലേതാണ്‌. ഈ കൈയെഴുത്തു പ്രതികളിലും പിന്നീടുണ്ടായ പകർപ്പുകളിലും, എബ്രായയിൽ ചതുരക്ഷരിയാൽ (YHWH) പ്രതിനിധാനം ചെയ്യപ്പെടുന്ന യഹോവ എന്ന ദൈവനാമം കാണാൻ കഴിയില്ല. എബ്രായ പാഠത്തിൽ ചതുരക്ഷര ദൈവനാമം ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങളിലെല്ലാം ഈ പ്രതികളിൽ “ദൈവം,” “കർത്താവ്‌” എന്നിവയുടെ ഗ്രീക്കു പദങ്ങളാണ്‌ നൽകിയിരിക്കുന്നത്‌. എന്നാൽ ഏകദേശം 50 വർഷം മുമ്പ്‌ പാലസ്‌തീനിൽ നടത്തിയ ഒരു കണ്ടുപിടിത്തം ഈ വിഷയത്തിലേക്കു വെളിച്ചം വീശി. ചാവുകടലിന്റെ പടിഞ്ഞാറേ തീരത്തിനടുത്തുള്ള ഗുഹകളിൽ പര്യവേക്ഷണം നടത്തുകയായിരുന്ന ഒരു സംഘം, 12 പ്രവാചകപുസ്‌തകങ്ങളുടെ (ഹോശേയ മുതൽ മലാഖി വരെ) ഗ്രീക്കു പരിഭാഷ അടങ്ങിയ ഒരു പുരാതന തുകൽ ചുരുളിന്റെ ശകലങ്ങൾ കണ്ടെത്തി. പൊ.യു.മു. 50-നും പൊ.യു. 50-നും ഇടയ്‌ക്ക്‌ എഴുതപ്പെട്ടതായിരുന്നു അവ. ഈ പഴക്കമേറിയ ശകലങ്ങളിൽ ചതുരക്ഷര ദൈവനാമത്തിനു പകരം “ദൈവം,” “കർത്താവ്‌” എന്നിവയുടെ ഗ്രീക്കു പദങ്ങൾ ഉപയോഗിച്ചിരുന്നില്ല. അങ്ങനെ, തിരുവെഴുത്തുകളുടെ ആദ്യ സെപ്‌റ്റുവജിന്റ്‌ പരിഭാഷയിൽ ദൈവനാമം ഉപയോഗിച്ചിരുന്നു എന്ന്‌ ഉറപ്പാക്കപ്പെട്ടു.

ഒരു പുരാതന പപ്പൈറസ്‌ ചുരുളിന്റെ (ഫുവദ്‌ 266 പപ്പൈറി) ശകലങ്ങൾ 1971-ൽ പ്രസിദ്ധീകരണത്തിനായി വിട്ടുകൊടുക്കപ്പെട്ടു. പൊ.യു.മു. രണ്ടോ ഒന്നോ നൂറ്റാണ്ടിൽനിന്നുള്ള സെപ്‌റ്റുവജിന്റിന്റെ ഈ ഭാഗങ്ങൾ എന്താണു വെളിപ്പെടുത്തിയത്‌? അവയിലും ദിവ്യനാമം ഉണ്ടായിരുന്നു. സെപ്‌റ്റുവജിന്റിന്റെ ഈ ആദ്യകാല ശകലങ്ങൾ യേശുവിനും അവന്റെ ഒന്നാം നൂറ്റാണ്ടിലെ ശിഷ്യന്മാർക്കും ദൈവനാമം അറിയാമായിരുന്നു എന്നും അവർ അത്‌ ഉപയോഗിച്ചിരുന്നു എന്നുമുള്ള വസ്‌തുതയ്‌ക്കു ശക്തമായ തെളിവു പ്രദാനം ചെയ്യുന്നു.

ചരിത്രത്തിലെ ഏറ്റവും വ്യാപകമായി പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്ന പുസ്‌തകമാണു ബൈബിൾ. മനുഷ്യ കുടുംബത്തിലെ 90 ശതമാനത്തിലധികം പേർക്കും ഭാഗികമായെങ്കിലും അത്‌ സ്വന്തം ഭാഷയിൽ ലഭ്യമാണ്‌. ആധുനിക ഭാഷയിലുള്ളതും കൃത്യത പുലർത്തുന്നതുമായ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം എന്ന പരിഭാഷയ്‌ക്കു നാം വിശേഷാൽ നന്ദിയുള്ളവരാണ്‌. പൂർണമായോ ഭാഗികമായോ ഇപ്പോഴത്‌ 40-ലധികം ഭാഷകളിൽ ലഭ്യമാണ്‌. വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം​—⁠റഫറൻസുകളോടു കൂടിയതിന്റെ അടിക്കുറിപ്പുകളിൽ സെപ്‌റ്റുവജിന്റിനെയും മറ്റു പുരാതന കൈയെഴുത്തു പ്രതികളെയും കുറിച്ചു നൂറുകണക്കിനു പരാമർശങ്ങളുണ്ട്‌. തീർച്ചയായും സെപ്‌റ്റുവജിന്റ്‌ ഇന്നും ബൈബിൾ വിദ്യാർഥികളുടെ താത്‌പര്യം ഉണർത്തുകയും അവർക്ക്‌ അമൂല്യമായ വിവരങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്നു.

[26-ാം പേജിലെ ചിത്രം]

ഒരു എത്യോപ്യൻ ഉദ്യോഗസ്ഥൻ ‘സെപ്‌റ്റുവജിന്റിൽ’നിന്നു വായിച്ചുകൊണ്ടിരുന്ന ഭാഗം ശിഷ്യനായ ഫിലിപ്പൊസ്‌ വിശദീകരിച്ചു

[29-ാം പേജിലെ ചിത്രങ്ങൾ]

അപ്പൊസ്‌തലനായ പൗലൊസ്‌ പലപ്പോഴും ‘സെപ്‌റ്റുവജിന്റിൽ’ നിന്ന്‌ ഉദ്ധരിച്ചു