വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അനുസരിക്കുന്നവരെ യഹോവ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു

അനുസരിക്കുന്നവരെ യഹോവ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു

അനുസരിക്കുന്നവരെ യഹോവ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു

“എന്റെ വാക്കു കേൾക്കുന്നവനോ നിർഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.”​—⁠സദൃശവാക്യങ്ങൾ 1:33.

1, 2. ദൈവത്തോടുള്ള അനുസരണം പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? ദൃഷ്ടാന്തീകരിക്കുക.

മഞ്ഞ നിറത്തിലുള്ള ഇളം തൂവലുകളിൽ പൊതിഞ്ഞ ആ കോഴിക്കുഞ്ഞുങ്ങൾ ഉയരംകുറഞ്ഞ പുല്ലുകൾക്കിടയിൽ തിരക്കിട്ട്‌ തീറ്റി കൊത്തിപ്പെറുക്കുകയാണ്‌. മുകളിൽ ഒരു പരുന്ത്‌ വട്ടമിട്ടു പറക്കുന്ന കാര്യം അവ അറിയുന്നതേയില്ല. പെട്ടെന്ന്‌, തള്ളക്കോഴി വിറയാർന്ന, ഉച്ചസ്ഥായിയിലുള്ള ഒരു ശബ്ദം പുറപ്പെടുവിച്ചുകൊണ്ട്‌ തന്റെ ചിറകുകൾ വിരിച്ചുപിടിക്കുന്നു. കുഞ്ഞുങ്ങൾ അവളുടെ അടുത്തേക്ക്‌ ഓടിച്ചെല്ലുന്നു. നിമിഷങ്ങൾക്കുള്ളിൽ അവ തള്ളക്കോഴിയുടെ ചിറകുകൾക്കു കീഴെ സുരക്ഷിതമായി ഒളിക്കുന്നു. പരുന്ത്‌ അതിന്റെ ആക്രമണം ഉപേക്ഷിക്കുന്നു. * എന്താണ്‌ ഇതിലെ പാഠം? അനുസരണം ജീവൻ രക്ഷിക്കുന്നു!

2 അതു നൽകുന്ന പാഠം ഇന്നു ക്രിസ്‌ത്യാനികൾക്കു വളരെ പ്രധാനമാണ്‌. കാരണം ഒരു ഇരയുടെമേൽ ചാടിവീഴുന്നതുപോലെ ദൈവജനത്തെ ആക്രമിക്കാൻ സാത്താൻ സമഗ്രമായ ശ്രമം നടത്തുകയാണ്‌. (വെളിപ്പാടു 12:9, 12, 17) നമുക്ക്‌ യഹോവയുടെ അംഗീകാരവും നിത്യജീവന്റെ പ്രത്യാശയും നഷ്ടമാകാൻ തക്കവണ്ണം നമ്മുടെ ആത്മീയതയ്‌ക്കു തുരങ്കം വെക്കുക എന്നതാണ്‌ അവന്റെ ലക്ഷ്യം. (1 പത്രൊസ്‌ 5:8) എന്നാൽ, നാം ദൈവത്തോടു പറ്റിനിൽക്കുകയും അവന്റെ വചനത്തിലൂടെയും സംഘടനയിലൂടെയും ലഭിക്കുന്ന മാർഗനിർദേശത്തോടു സത്വരം പ്രതികരിക്കുകയും ചെയ്യുന്നെങ്കിൽ, അവന്റെ സംരക്ഷണാത്മക കരുതൽ സംബന്ധിച്ച്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. “തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും” എന്നു സങ്കീർത്തനക്കാരൻ എഴുതി.​—⁠സങ്കീർത്തനം 91:⁠4.

അനുസരണംകെട്ട ഒരു ജനത ഇരയാകുന്നു

3. ഇസ്രായേലിന്റെ ആവർത്തിച്ചുള്ള അനുസരണക്കേടിന്റെ ഫലം എന്തായിരുന്നു?

3 ഇസ്രായേൽ ജനത യഹോവയോട്‌ അനുസരണം പ്രകടമാക്കിയപ്പോൾ, അവന്റെ ശ്രദ്ധാപൂർവകമായ പരിപാലനത്തിൽനിന്ന്‌ അവർ നിരന്തരം പ്രയോജനം അനുഭവിച്ചു. എന്നാൽ ആ ജനം പിന്നെയും പിന്നെയും തങ്ങളുടെ സ്രഷ്ടാവിനെ ഉപേക്ഷിക്കുകയും മരംകൊണ്ടും കല്ലുകൊണ്ടും ഉണ്ടാക്കിയ ദൈവങ്ങളിലേക്ക്‌​—⁠“ഉപകാരമില്ലാത്തവയും രക്ഷിപ്പാൻ കഴിയാത്തവയുമായ മിത്ഥ്യാമൂർത്തിക”ളിലേക്ക്‌​—⁠തിരിയുകയും ചെയ്‌തു. (1 ശമൂവേൽ 12:21) നൂറ്റാണ്ടുകൾ നീണ്ട അത്തരം മത്സരത്തെ തുടർന്ന്‌, ഒരു മടങ്ങിവരവ്‌ സാധ്യമല്ലാതാകുംവിധം ആ ജനത വിശ്വാസത്യാഗത്തിൽ ആമഗ്നമായി. തന്മൂലം, യേശു ഇങ്ങനെ വിലപിച്ചു പറഞ്ഞു: “യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. നിങ്ങളുടെ ഭവനം ശൂന്യമായ്‌തീരും.”​—⁠മത്തായി 23:37, 38.

4. യഹോവ യെരൂശലേമിനെ ഉപേക്ഷിച്ചുവെന്ന്‌ പൊ.യു. 70-ൽ വ്യക്തമായത്‌ എങ്ങനെ?

4 വഴിപിഴച്ച ഇസ്രായേലിനെ യഹോവ ഉപേക്ഷിച്ചു എന്ന സംഗതി പൊ.യു. 70-ൽ വേദനാകരമായ വിധത്തിൽ പ്രകടമാക്കപ്പെട്ടു. ആ വർഷം റോമാ സൈന്യം, കഴുകന്റെ പ്രതീകം പതിച്ച കൊടിക്കൂറകളും ഉയർത്തിപ്പിടിച്ച്‌ അതിഭയങ്കരമായ ഒരു കൂട്ടക്കുരുതി നടത്താൻ യെരൂശലേമിന്റെമേൽ ചാടിവീണു. ആ നഗരം അപ്പോൾ പെസഹാ ആഘോഷിക്കാൻ എത്തിയ ആളുകളെക്കൊണ്ട്‌ തിങ്ങിനിറഞ്ഞിരുന്നു. അവർ നിരവധി യാഗങ്ങൾ നടത്തിയെങ്കിലും, ദൈവത്തിന്റെ പ്രീതി പിടിച്ചുപറ്റാനായില്ല. അനുസരണംകെട്ട ശൗൽ രാജാവിനോടുള്ള ശമൂവേലിന്റെ പിൻവരുന്ന വാക്കുകളുടെ ദാരുണമായ ഒരു ഓർമിപ്പിക്കൽ ആയിരുന്നു അത്‌: “യഹോവയുടെ കല്‌പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു.”​—⁠1 ശമൂവേൽ 15:⁠22.

5. എങ്ങനെയുള്ള അനുസരണമാണ്‌ യഹോവ ആവശ്യപ്പെടുന്നത്‌, അത്തരം അനുസരണം സാധ്യമാണെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

5 യഹോവ അനുസരണം നിഷ്‌കർഷിക്കുന്നുണ്ടെങ്കിലും, അപൂർണ മനുഷ്യരുടെ പരിമിതികൾ സംബന്ധിച്ച്‌ അവൻ ശരിക്കും ബോധവാനാണ്‌. (സങ്കീർത്തനം 130:3, 4) അവൻ ആവശ്യപ്പെടുന്നത്‌ ഹൃദയംഗമമായ ആത്മാർഥതയും വിശ്വാസത്തിലും സ്‌നേഹത്തിലും തന്നെ അപ്രീതിപ്പെടുത്തുന്നതിലുള്ള ആരോഗ്യവഹമായ ഭയത്തിലും അധിഷ്‌ഠിതമായ അനുസരണവുമാണ്‌. (ആവർത്തനപുസ്‌തകം 10:12, 13; സദൃശവാക്യങ്ങൾ 16:6; യെശയ്യാവു 43:10; മീഖാ 6:8; റോമർ 6:17) കടുത്ത പരിശോധനകളുടെ, മരണത്തിന്റെ പോലും, മുന്നിൽ ദൃഢവിശ്വസ്‌തത പുലർത്തിയ ‘ക്രിസ്‌തീയപൂർവ സാക്ഷികളുടെ വലിയോരു സമൂഹം’ അത്തരം അനുസരണം സാധ്യമാണെന്നു പ്രകടമാക്കി. (എബ്രായർ 11:36, 37; 12:1) ഇവർ യഹോവയുടെ ഹൃദയത്തെ എത്രയധികം സന്തോഷിപ്പിച്ചു! (സദൃശവാക്യങ്ങൾ 27:11) എന്നാൽ, മറ്റുള്ളവർ വിശ്വസ്‌തരായി തുടക്കമിട്ടെങ്കിലും അനുസരണത്തിന്റെ ഗതിയിൽ തുടരുന്നതിൽ പരാജയപ്പെട്ടു. അതിലൊരാൾ ആയിരുന്നു പുരാതന യഹൂദയിലെ യോവാശ്‌ രാജാവ്‌.

തെറ്റായ സഹവാസം വഷളാക്കിയ ഒരു രാജാവ്‌

6, 7. യെഹോയാദാ ജീവിച്ചിരുന്നപ്പോൾ യോവാശ്‌ എങ്ങനെയുള്ള രാജാവ്‌ ആയിരുന്നു?

6 ബാല്യകാലത്ത്‌ തന്റെ നേർക്കുണ്ടായ വധശ്രമത്തിൽനിന്ന്‌ യോവാശ്‌ രാജാവ്‌ കഷ്ടിച്ചാണു രക്ഷപ്പെട്ടത്‌. യോവാശിന്‌ ഏഴു വയസ്സുണ്ടായിരുന്നപ്പോൾ, മഹാപുരോഹിതനായ യെഹോയാദാ ഒളിവിലായിരുന്ന അവനെ ധൈര്യപൂർവം പുറത്തുകൊണ്ടുവന്നു രാജാവാക്കി. ദൈവഭയമുണ്ടായിരുന്ന യെഹോയാദാ, യോവാശിന്റെ കാര്യത്തിൽ പിതാവും ഉപദേഷ്ടാവുമായി പ്രവർത്തിച്ചതിനാൽ ആ യുവഭരണാധിപൻ “യഹോവെക്കു പ്രസാദമായുള്ളതു ചെയ്‌തു.”​—⁠2 ദിനവൃത്താന്തം 22:10-23:​1, 11; 24:1, 2.

7 യോവാശ്‌ ചെയ്‌ത നല്ല കാര്യങ്ങളിൽ യഹോവയുടെ ആലയത്തിന്റെ നവീകരണം ഉൾപ്പെട്ടിരുന്നു, അക്കാര്യം ‘യോവാശ്‌ മനസ്സുവെച്ച’ ഒന്നായിരുന്നു. ആലയത്തിന്റെ അറ്റകുറ്റപ്പണിക്ക്‌, “മോശെ കല്‌പിച്ചിരിക്കുന്ന”തു പോലെ, യഹൂദയിൽനിന്നും യെരൂശലേമിൽനിന്നും ആലയനികുതി പിരിക്കേണ്ടതിന്റെ ആവശ്യം അവൻ മഹാപുരോഹിതനായ യെഹോയാദായെ ഓർമിപ്പിച്ചു. ദൈവത്തിന്റെ ന്യായപ്രമാണം പഠിക്കാനും അനുസരിക്കാനും യുവരാജാവിനെ പ്രോത്സാഹിപ്പിക്കുന്നതിൽ യെഹോയാദാ വിജയിച്ചതായി തോന്നുന്നു. തത്‌ഫലമായി, ആലയത്തിന്റെയും ആലയ ഉപകരണങ്ങളുടെയും പണി പെട്ടെന്നു പൂർത്തിയായി.​—⁠2 ദിനവൃത്താന്തം 24:4, 6, 13, 14; ആവർത്തനപുസ്‌തകം 17:⁠18.

8. (എ) യോവാശിന്റെ ആത്മീയ മരണത്തിന്റെ പ്രാഥമിക കാരണം എന്തായിരുന്നു? (ബി) രാജാവിന്റെ അനുസരണക്കേട്‌ ഒടുവിൽ അവൻ എന്തു ചെയ്യുന്നതിലേക്കു നയിച്ചു?

8 ദുഃഖകരമെന്നു പറയട്ടെ, യഹോവയോടുള്ള യോവാശിന്റെ അനുസരണം ദീർഘനാൾ നീണ്ടുനിന്നില്ല. എന്തുകൊണ്ട്‌? ദൈവവചനം നമ്മോടു പറയുന്നു: “യെഹോയാദാ മരിച്ചശേഷം യെഹൂദാപ്രഭുക്കന്മാർ വന്നു രാജാവിനെ വണങ്ങി; രാജാവു അവരുടെ വാക്കു കേട്ടു. അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയം ഉപേക്ഷിച്ചു അശേരാപ്രതിഷ്‌ഠകളെയും വിഗ്രഹങ്ങളെയും സേവിച്ചു; അവരുടെ ഈ കുററം ഹേതുവായിട്ടു യെഹൂദയുടെമേലും യെരൂശലേമിന്മേലും കോപം വന്നു.” യഹൂദയിലെ പ്രഭുക്കന്മാരുടെ അനാരോഗ്യകരമായ സ്വാധീനം നിമിത്തം യോവാശ്‌ ദൈവത്തിന്റെ പ്രവാചകന്മാർക്കു നേരെ തന്റെ ചെവി അടച്ചുകളഞ്ഞു. യെഹോയാദായുടെ പുത്രനായ സെഖര്യാവ്‌ ആ പ്രവാചകന്മാരിൽ ഒരുവനായിരുന്നു. അവൻ ധൈര്യപൂർവം യോവാശിനെയും ജനത്തെയും അവരുടെ അനുസരണക്കേടിനെ പ്രതി ശാസിച്ചു. അനുതപിക്കുന്നതിനു പകരം, സെഖര്യാവിനെ കല്ലെറിഞ്ഞു കൊല്ലാൻ കൽപ്പിക്കുകയാണു യോവാശ്‌ ചെയ്‌തത്‌. യോവാശ്‌ എത്ര ഹൃദയശൂന്യനും അനുസരണം കെട്ടവനുമായ ഒരു മനുഷ്യൻ എന്നു തെളിഞ്ഞു​—⁠ഇതെല്ലാം തെറ്റായ സഹവാസത്തിന്റെ സ്വാധീനത്തിന്‌ അവൻ വഴങ്ങിയതു നിമിത്തമായിരുന്നു!​—⁠2 ദിനവൃത്താന്തം 24:17-22; 1 കൊരിന്ത്യർ 15:⁠33.

9. യോവാശിനും പ്രഭുക്കന്മാർക്കും ഉണ്ടായ അന്തിമഫലം അനുസരണക്കേടിന്റെ ഭോഷത്തത്തിന്‌ അടിവരയിടുന്നത്‌ എങ്ങനെ?

9 യഹോവയെ ഉപേക്ഷിച്ചപ്പോൾ, യോവാശിന്റെയും അവന്റെ പ്രഭുക്കന്മാരായ ദുഷ്ട സഹകാരികളുടെയും അവസ്ഥ എന്തായിത്തീർന്നു? എണ്ണത്തിൽ ‘ആൾ ചുരുക്കമായിരുന്ന’ അരാമ്യസൈന്യം യഹൂദയെ ആക്രമിക്കുകയും ‘ജനത്തിന്റെ സകലപ്രഭുക്കന്മാരെയും നശിപ്പിക്കു’കയും ചെയ്‌തു. തന്റെ സ്വത്തുക്കളും അതുപോലെ ആലയത്തിലെ സ്വർണവും വെള്ളിയും നൽകാൻ ആ ആക്രമണകാരികൾ രാജാവിനെ നിർബന്ധിക്കുകയും ചെയ്‌തു. യോവാശ്‌ ജീവനോടെ രക്ഷപ്പെട്ടെങ്കിലും, അവൻ തകർന്നവനും രോഗബാധിതനും ആയിത്തീർന്നു. താമസിയാതെ, അവന്റെ ദാസന്മാരിൽ ചിലർ ഗൂഢാലോചന നടത്തി അവനെ വധിച്ചു. (2 ദിനവൃത്താന്തം 24:23-25; 2 രാജാക്കന്മാർ 12:17, 18) ഇസ്രായേലിനോടുള്ള യഹോവയുടെ വാക്കുകൾ എത്ര സത്യമാണ്‌: “നീ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു, . . . അവന്റെ കല്‌പനകളും ചട്ടങ്ങളും പ്രമാണിച്ചുനടക്കാഞ്ഞാൽ ഈ ശാപം ഒക്കെയും നിനക്കു വന്നു ഭവിക്കും.”​—⁠ആവർത്തനപുസ്‌തകം 28:⁠15.

അനുസരണത്താൽ രക്ഷിക്കപ്പെട്ട ഒരു സെക്രട്ടറി

10, 11. (എ) ബാരൂക്കിനോടുള്ള യഹോവയുടെ ബുദ്ധിയുപദേശത്തെക്കുറിച്ചു വിചിന്തനം ചെയ്യുന്നത്‌ സഹായകമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) യഹോവ ബാരൂക്കിന്‌ എന്തു ബുദ്ധിയുപദേശമാണു നൽകിയത്‌?

10 നിങ്ങൾ ക്രിസ്‌തീയ ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന ചുരുക്കം പേരേ സുവാർത്തയിൽ എന്തെങ്കിലും താത്‌പര്യം കാണിക്കുന്നുള്ളൂ എന്നതിനാൽ, നിങ്ങൾക്കു ചിലപ്പോഴൊക്കെ നിരുത്സാഹം തോന്നാറുണ്ടോ? സമ്പന്നരോടും അവരുടെ സുഖലോലുപ ജീവിതരീതികളോടും നിങ്ങൾക്കു ചിലപ്പോഴൊക്കെ അസൂയ തോന്നാറുണ്ടോ? എങ്കിൽ, യിരെമ്യാവിന്റെ സെക്രട്ടറിയായ ബാരൂക്കിനെയും യഹോവ അവനു നൽകിയ സ്‌നേഹപുരസ്സരമായ ബുദ്ധിയുപദേശത്തെയും കുറിച്ചു വിചിന്തനം ചെയ്യുക.

11 ബാരൂക്ക്‌ ഒരു പ്രവാചക സന്ദേശം എഴുതിക്കൊണ്ടിരിക്കെ അവൻ യഹോവയുടെ ശ്രദ്ധാകേന്ദ്രം ആയിത്തീർന്നു. എന്തുകൊണ്ട്‌? ബാരൂക്ക്‌ തന്റെ അവസ്ഥയെ കുറിച്ചു പരിതപിക്കാനും ദൈവസേവനം എന്ന തന്റെ പ്രത്യേക പദവിയെക്കാൾ മെച്ചപ്പെട്ട ഒന്നിനു വേണ്ടി ആഗ്രഹിക്കാനും തുടങ്ങി. ബാരൂക്കിന്റെ മനോഭാവത്തിൽ വന്ന ഈ മാറ്റം ശ്രദ്ധിച്ച യഹോവ, വ്യക്തവും ദയാപുരസ്സരവുമായ രീതിയിൽ അവനെ ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “നീ നിനക്കായിട്ടു വലിയകാര്യങ്ങളെ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കരുതു; ഞാൻ സർവ്വജഡത്തിന്നും അനർത്ഥം വരുത്തും . . . എങ്കിലും നീ പോകുന്ന എല്ലാ ഇടത്തും ഞാൻ നിന്റെ ജീവനെ നിനക്കു കൊള്ള പോലെതരും.”​—⁠യിരെമ്യാവു 36:4; 45:⁠5.

12. ഈ വ്യവസ്ഥിതിയിൽ നാം നമുക്കായി ‘വലിയ കാര്യങ്ങൾ’ തേടരുതാത്തത്‌ എന്തുകൊണ്ട്‌?

12 യഹോവയുടെ വാക്കുകളിൽ, യിരെമ്യാവിനോടൊപ്പം വളരെ വിശ്വസ്‌തമായി ധൈര്യപൂർവം സേവിച്ച ബാരൂക്കിനോടുള്ള അവന്റെ ആഴമായ കരുതൽ നിങ്ങൾക്കു ഗ്രഹിക്കാൻ കഴിയുന്നുണ്ടോ? സമാനമായി ഇന്ന്‌, ഈ വ്യവസ്ഥിതിയിലെ ലാഭകരമായ കാര്യങ്ങൾക്കു പിന്നാലെ പോകുന്നതിനുള്ള പ്രലോഭനത്തിൽ പെടുന്നവരെ കുറിച്ച്‌ യഹോവയ്‌ക്ക്‌ ആഴമായ ആകുലതയുണ്ട്‌. സന്തോഷകരമെന്നു പറയട്ടെ, അത്തരത്തിലുള്ള പലരും, ബാരൂക്കിനെപ്പോലെ, പക്വതയുള്ള ആത്മീയ സഹോദരന്മാരുടെ സ്‌നേഹപുരസ്സരമായ പുനഃസ്ഥാപന ശ്രമങ്ങളോടു പ്രതികരിച്ചിട്ടുണ്ട്‌. (ലൂക്കൊസ്‌ 15:4-7) അതേ, ഈ വ്യവസ്ഥിതിയിൽ ‘വലിയ കാര്യങ്ങൾ’ തേടുന്നവർക്കു യാതൊരു ഭാവിയും ഇല്ലെന്നു നമുക്ക്‌ അറിയാം. അത്തരക്കാർ യഥാർഥ സന്തുഷ്ടി കണ്ടെത്തുകയില്ലെന്നു മാത്രമല്ല, അതിലും ഖേദകരമായി, ഈ ലോകത്തോടും അതിന്റെ സ്വാർഥ മോഹങ്ങളോടും കൂടെ ഒഴിഞ്ഞുപോകുകയും ചെയ്യും.⁠—⁠മത്തായി 6:19, 20; 1 യോഹന്നാൻ 2:15-17.

13. ബാരൂക്കിനെ കുറിച്ചുള്ള വിവരണം താഴ്‌മ സംബന്ധിച്ച എന്തു പാഠം നമ്മെ പഠിപ്പിക്കുന്നു?

13 ബാരൂക്കിനെ കുറിച്ചുള്ള വിവരണം താഴ്‌മ സംബന്ധിച്ച നല്ലൊരു പാഠവും നമ്മെ പഠിപ്പിക്കുന്നു. യഹോവ ബാരൂക്കിനെ നേരിട്ടു ബുദ്ധിയുപദേശിച്ചില്ല എന്നതു ശ്രദ്ധിക്കുക. മറിച്ച്‌, യിരെമ്യാവ്‌ മുഖാന്തരമാണ്‌ അവൻ സംസാരിച്ചത്‌. യിരെമ്യാവിന്റെ അപൂർണതകളും സ്വഭാവ വൈചിത്ര്യങ്ങളും ബാരൂക്കിനു ശരിക്കും അറിയാമായിരുന്നിരിക്കണം. (യിരെമ്യാവു 45:1, 2) എന്നാൽ, ദുരഭിമാനം ബാരൂക്കിനെ കീഴ്‌പെടുത്തിയില്ല; ബുദ്ധിയുപദേശത്തിന്റെ യഥാർഥ ഉറവിടം യഹോവ ആണെന്ന്‌ അവൻ താഴ്‌മയോടെ തിരിച്ചറിഞ്ഞു. (2 ദിനവൃത്താന്തം 26:3, 4, 16; സദൃശവാക്യങ്ങൾ 18:12; 19:20) അതുകൊണ്ട്‌ നാം ‘തെറ്റായ ഒരു നടപടിയെ കുറിച്ചു ബോധവാന്മാരാകുന്നതിനു മുമ്പ്‌ അതിൽ അകപ്പെടു’ന്നപക്ഷം ദൈവവചനത്തിൽനിന്ന്‌ ആവശ്യമായ ബുദ്ധിയുപദേശം ലഭിക്കുന്നെങ്കിൽ, നമുക്ക്‌ ബാരൂക്കിന്റെ പക്വതയും ആത്മീയ വിവേകവും താഴ്‌മയും അനുകരിക്കാം.​—⁠ഗലാത്യർ 6:⁠1, NW.

14. നമ്മുടെ ഇടയിൽ നേതൃത്വം എടുക്കുന്നവരെ അനുസരിക്കുന്നത്‌ നല്ലതായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

14 നമ്മുടെ ഭാഗത്തെ അത്തരം താഴ്‌മ ബുദ്ധിയുപദേശം നൽകുന്നവർക്കു സഹായകമാണ്‌. എബ്രായർ 13:17 ഇപ്രകാരം പറയുന്നു: “നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കു വേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‌വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല.” ഇടയവേലയുടെ ദുഷ്‌കരമായ ഈ വശം നിവർത്തിക്കുന്നതിനുള്ള ധൈര്യത്തിനും ജ്ഞാനത്തിനും നയത്തിനുമായി പ്രാർഥിച്ചുകൊണ്ട്‌ എത്ര കൂടെക്കൂടെ മൂപ്പന്മാർ യഹോവയുടെ മുമ്പാകെ തങ്ങളുടെ ഹൃദയം പകരുന്നു. നമുക്ക്‌ ‘ഇങ്ങനെയുള്ള പുരുഷന്മാരെ മാനിക്കാം.’​—⁠1 കൊരിന്ത്യർ 16:⁠18.

15. (എ) യിരെമ്യാവ്‌ ബാരൂക്കിലുള്ള തന്റെ വിശ്വാസം പ്രകടമാക്കിയത്‌ എങ്ങനെ? (ബി) താഴ്‌മയോടെയുള്ള അനുസരണത്തെ പ്രതി ബാരൂക്കിന്‌ പ്രതിഫലം ലഭിച്ചത്‌ എങ്ങനെ?

15 ബാരൂക്ക്‌ തന്റെ ചിന്താഗതിയിൽ പൊരുത്തപ്പെടുത്തൽ വരുത്തി എന്നതു വ്യക്തമാണ്‌. കാരണം, യിരെമ്യാവ്‌ അവന്‌ അടുത്തതായി ഏറ്റവും ദുഷ്‌കരമായ നിയമനമാണു നൽകിയത്‌​—⁠യിരെമ്യാവ്‌ അറിയിച്ചതും അവൻതന്നെ എഴുതിയതുമായ ന്യായവിധി സന്ദേശം ആലയത്തിൽ പോയി ഉച്ചത്തിൽ വായിക്കുക. ബാരൂക്ക്‌ അത്‌ അനുസരിച്ചോ? ഉവ്വ്‌, “യിരെമ്യാപ്രവാചകൻ തന്നോടു കല്‌പിച്ചതു പോലെയൊക്കെയും” അവൻ ചെയ്‌തു. വാസ്‌തവത്തിൽ, യെരൂശലേമിലെ പ്രഭുക്കന്മാരെയും അവൻ ആ സന്ദേശം വായിച്ചു കേൾപ്പിച്ചു. അതിനു നിശ്ചയമായും വലിയ ധൈര്യം ആവശ്യമായിരുന്നു. (യിരെമ്യാവു 36:1-6, 8, 14, 15) ഏകദേശം 18 വർഷങ്ങൾക്കു ശേഷം നഗരം ബാബിലോന്യർക്കു കീഴടങ്ങിയപ്പോൾ, യഹോവയുടെ മുന്നറിയിപ്പിനു ചെവി കൊടുക്കുകയും തനിക്കായി ‘വലിയ കാര്യങ്ങൾ’ തേടുന്നത്‌ നിറുത്തുകയും ചെയ്‌തിരുന്നതു നിമിത്തം രക്ഷപ്പെടാൻ കഴിഞ്ഞതിൽ അവൻ എത്ര നന്ദിയുള്ളവൻ ആയിരുന്നുവെന്നു ചിന്തിക്കുക!​—⁠യിരെമ്യാവു 39:1, 2, 11, 12; 43:⁠6.

ഉപരോധസമയത്തെ അനുസരണം ജീവൻ രക്ഷിച്ചു

16. പൊ.യു.മു. 607-ൽ ബാബിലോൺ ഉപരോധിച്ച സമ യത്തു പോലും യഹോവ യഹൂദന്മാരോട്‌ അനുകമ്പ കാട്ടിയത്‌ എങ്ങനെ?

16 പൊ.യു.മു. 607-ൽ യെരൂശലേമിന്റെ അവസാനം വന്നപ്പോൾ, അനുസരണം ഉള്ളവരോടുള്ള യഹോവയുടെ അനുകമ്പ വീണ്ടും വ്യക്തമായി. ഉപരോധത്തിന്റെ പരമകാഷ്‌ഠയിൽ യഹോവ യഹൂദന്മാരോട്‌ ഇങ്ങനെ പറഞ്ഞു: “ഇതാ, ഞാൻ ജീവന്റെ വഴിയും മരണത്തിന്റെ വഴിയും നിങ്ങളുടെ മുമ്പിൽ വെക്കുന്നു. ഈ നഗരത്തിൽ പാർക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; എന്നാൽ നിങ്ങളെ നിരോധിച്ചിരിക്കുന്ന കല്‌ദയരുടെ പക്ഷം ചെന്നു ചേരുന്നവനോ ജീവനോടെ ഇരിക്കും; അവന്റെ ജീവൻ അവന്നു കൊള്ള കിട്ടിയതുപോലെ ഇരിക്കും.” (യിരെമ്യാവു 21:8, 9) യെരൂശലേമിലെ നിവാസികൾ നാശയോഗ്യർ ആയിരുന്നെങ്കിലും, തന്നെ അനുസരിച്ചവരോട്‌ യഹോവ അനുകമ്പ കാട്ടി, നിർണായകമായ അവസാന നാഴികയിൽ പോലും. *

17. (എ) ‘കൽദയരുടെ പക്ഷം ചേരാൻ’ ഉപരോധിക്കപ്പെട്ട യഹൂദന്മാരോടു പറയാൻ യഹോവ നിർദേശിച്ചപ്പോൾ യിരെമ്യാവിന്റെ അനുസരണം ഏതു രണ്ടു വിധങ്ങളിലാണു പരിശോധിക്കപ്പെട്ടത്‌? (ബി) ധൈര്യപൂർവകമായ അനുസരണത്തിന്റെ കാര്യത്തിൽ യിരെമ്യാവ്‌ വെച്ച മാതൃകയിൽനിന്നു നമുക്ക്‌ എങ്ങനെ പ്രയോജനം നേടാൻ കഴിയും?

17 കീഴടങ്ങാൻ യഹൂദന്മാരോടു പറയുന്നത്‌ യിരെമ്യാവിന്റെതന്നെ അനുസരണത്തിന്‌ ഒരു പരിശോധന ആയിരുന്നു എന്നതിനു സംശയമില്ല. ഒരു സംഗതി, യഹോവയുടെ നാമത്തെ പ്രതി അവൻ ശുഷ്‌കാന്തിയുള്ളവൻ ആയിരുന്നു. തങ്ങളുടെ വിജയത്തിന്റെ ബഹുമതി നിർജീവ വിഗ്രഹങ്ങൾക്കു നൽകുന്ന ശത്രുക്കൾ അതിനെ നിന്ദിക്കാൻ അവൻ ആഗ്രഹിച്ചില്ല. (യിരെമ്യാവു 50:2, 11; വിലാപങ്ങൾ 2:16) മാത്രമല്ല, കീഴടങ്ങാൻ ജനങ്ങളോടു പറയുകവഴി താൻ സ്വന്തം ജീവനെ അപകടപ്പെടുത്തുകയാണെന്ന്‌ യിരെമ്യാവിന്‌ അറിയാമായിരുന്നു. കാരണം, പലരും അവന്റെ വാക്കുകളെ രാജ്യദ്രോഹപരമായി വീക്ഷിക്കുമായിരുന്നു. എന്നാൽ അവൻ ഭയപ്പെട്ടില്ല, മറിച്ച്‌ അനുസരണപൂർവം യഹോവയുടെ പ്രഖ്യാപനങ്ങൾ അറിയിച്ചു. (യിരെമ്യാവു 38:4, 17, 18) യിരെമ്യാവിനെ പോലെ, നാമും ജനപ്രിയമില്ലാത്ത ഒരു സന്ദേശമാണു വഹിക്കുന്നത്‌. അതേ സന്ദേശം നിമിത്തമാണ്‌ യേശു നിന്ദിക്കപ്പെട്ടത്‌. (യെശയ്യാവു 53:3; മത്തായി 24:9) അതുകൊണ്ട്‌ നമുക്ക്‌ ‘മനുഷ്യരെ ഭയപ്പെടാ’തിരിക്കാം, പകരം യിരെമ്യാവിനെ പോലെ ധൈര്യപൂർവം യഹോവയെ അനുസരിക്കുകയും അവനിൽ പൂർണമായി ആശ്രയിക്കുകയും ചെയ്യാം.​—⁠സദൃശവാക്യങ്ങൾ 29:25.

ഗോഗിന്റെ ആക്രമണസമയത്തെ അനുസരണം

18. അനുസരണം സംബന്ധിച്ച എന്തു ഭാവി പരിശോധനകൾ ദൈവദാസന്മാർ അഭിമുഖീകരിക്കും?

18 പെട്ടെന്നുതന്നെ, സാത്താന്റെ മുഴു ദുഷ്ടവ്യവസ്ഥിതിയും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള “മഹോപദ്രവ”ത്തിൽ നശിപ്പിക്കപ്പെടും. (മത്തായി 24:​21, NW) നിശ്ചയമായും, അതിനു മുമ്പും ആ സമയത്തും ദൈവത്തിന്റെ ജനത്തിനു തങ്ങളുടെ വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും വലിയ പരിശോധനകൾ ഉണ്ടാകും. ഉദാഹരണത്തിന്‌, ‘മാഗോഗ്‌ദേശത്തിലെ ഗോഗ്‌’ എന്ന നിലയിൽ സാത്താൻ ‘ദേശത്തെ മറയ്‌ക്കേണ്ടതിന്നുള്ള ഒരു മേഘംപോലുള്ള മഹാസൈന്യം’ എന്നു വർണിക്കപ്പെട്ടിരിക്കുന്ന അണികളെ കൂട്ടിച്ചേർത്തുകൊണ്ട്‌ യഹോവയുടെ ദാസന്മാരുടെമേൽ സമഗ്രമായ ഒരു ആക്രമണം നടത്തും. (യെഹെസ്‌കേൽ 38:2, 14-16) എണ്ണത്തിൽ കുറവും നിരായുധരുമായ ദൈവജനം സങ്കേതമെന്ന നിലയിൽ യഹോവയുടെ ‘ചിറകുക’ളിലേക്കു നോക്കും. അവ അവൻ അനുസരണമുള്ളവരുടെ സംരക്ഷണാർഥം വിരിക്കും.

19, 20. (എ) ചെങ്കടലിങ്കൽ ആയിരുന്നപ്പോൾ ഇസ്രായേൽ അനുസരണം പ്രകടമാക്കേണ്ടിയിരുന്നത്‌ അതിപ്രധാനമായിരുന്നത്‌ എന്തുകൊണ്ട്‌? (ബി) ചെങ്കടലിങ്കലെ അവരുടെ അനുഭവത്തെ കുറിച്ചു പ്രാർഥനാപൂർവം ചിന്തിക്കുന്നത്‌ ഇന്നു നമുക്ക്‌ എങ്ങനെ പ്രയോജനം ചെയ്യും?

19 ഈ സ്ഥിതിവിശേഷം ഈജിപ്‌തിൽനിന്നുള്ള ഇസ്രായേലിന്റെ പുറപ്പാടിനെയാണു നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നത്‌. നാശകരമായ പത്തു ബാധകളാൽ ഈജിപ്‌തിനെ പ്രഹരിച്ചശേഷം യഹോവ തന്റെ ജനത്തെ വഴിനയിച്ചു. വാഗ്‌ദത്ത ദേശത്തേക്കുള്ള ഏറ്റവും ദൈർഘ്യം കുറഞ്ഞ പാതയിലൂടെ അല്ല. മറിച്ച്‌, രക്ഷപ്പെടാൻ പഴുതില്ലാതെ എളുപ്പം ആക്രമണവിധേയമാകാൻ കഴിയുന്ന ചെങ്കടലിലൂടെ. ഒരു സൈനിക നിലപാടിൽനിന്നു നോക്കുമ്പോൾ അതു വിപത്‌കരമായ ഒരു നീക്കമാണെന്നു തോന്നിച്ചു. നിങ്ങൾ അവിടെ ഉണ്ടായിരുന്നെങ്കിൽ, വാഗ്‌ദത്ത ദേശം ഏറെക്കുറെ വ്യത്യസ്‌തമായ ഒരു ദിശയിലാണു സ്ഥിതി ചെയ്യുന്നത്‌ എന്ന്‌ അറിയാമായിരിക്കെ മോശെ മുഖാന്തരം വരുന്ന യഹോവയുടെ വാക്കുകൾ അനുസരിച്ചുകൊണ്ട്‌ പൂർണ വിശ്വാസത്തോടെ ചെങ്കടലിലേക്കു മാർച്ചു ചെയ്യുമായിരുന്നോ?​—⁠പുറപ്പാടു 14:1-4.

20 പുറപ്പാടു 14-ാം അധ്യായം തുടർന്നു വായിക്കുമ്പോൾ അത്യന്തം വിസ്‌മയകരമായ ഒരു ശക്തിപ്രകടനത്തിലൂടെ യഹോവ തന്റെ ജനത്തെ വിടുവിച്ചത്‌ എങ്ങനെ എന്നു നാം കാണുന്നു. അത്തരം വിവരണങ്ങളെ കുറിച്ചു പഠിക്കാനും ധ്യാനിക്കാനും സമയം എടുക്കുന്നത്‌ നമ്മുടെ വിശ്വാസത്തെ എത്രയധികം ശക്തിപ്പെടുത്തുന്നു! (2 പത്രൊസ്‌ 2:9) യഹോവ വെക്കുന്ന വ്യവസ്ഥകൾ മനുഷ്യന്റെ ചിന്തയ്‌ക്കു വിരുദ്ധമാണെന്നു തോന്നുമ്പോൾ പോലും, ശക്തമായ വിശ്വാസം യഹോവയെ അനുസരിക്കാൻ നമ്മെ ബലിഷ്‌ഠരാക്കുന്നു. (സദൃശവാക്യങ്ങൾ 3:5, 6) അതുകൊണ്ട്‌ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക, ‘ഉത്സാഹപൂർവകമായ ബൈബിൾ പഠനത്തിലൂടെയും പ്രാർഥനയിലൂടെയും ധ്യാനത്തിലൂടെയും അതുപോലെതന്നെ ദൈവജനത്തോടുള്ള പതിവായ സഹവാസത്തിലൂടെയും എന്റെ വിശ്വാസത്തെ കെട്ടുപണി ചെയ്യാൻ ഞാൻ ശ്രമിക്കുന്നുവോ?’​—⁠എബ്രായർ 10:24, 25; 12:1-3.

അനുസരണം പ്രത്യാശ പകരുന്നു

21. യഹോവയെ അനുസരിക്കുന്നവർക്ക്‌ ഇപ്പോഴും ഭാവിയിലും എന്തെല്ലാം അനുഗ്രഹങ്ങൾ ലഭിക്കും?

21 യഹോവയോടുള്ള അനുസരണം ജീവിതരീതി ആക്കുന്നവർ ഇപ്പോൾപോലും സദൃശവാക്യങ്ങൾ 1:⁠33-ന്റെ നിവൃത്തി അനുഭവിക്കുന്നു: “എന്റെ വാക്കു [അനുസരണപൂർവം] കേൾക്കുന്നവനോ നിർഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.” ആശ്വാസകരമായ ഈ വാക്കുകൾ യഹോവയുടെ ആസന്നമായ പ്രതികാര ദിവസത്തിൽ എത്ര അത്ഭുതകരമായി നിവൃത്തിയേറും! വാസ്‌തവത്തിൽ, യേശു തന്റെ ശിഷ്യന്മാരോട്‌ ഇങ്ങനെ പറഞ്ഞു: “ഇതു സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവിർന്നു തല പൊക്കുവിൻ.” (ലൂക്കൊസ്‌ 21:28) വ്യക്തമായും, ദൈവത്തോട്‌ അനുസരണമുള്ളവർക്കു മാത്രമേ ഈ വാക്കുകൾ അനുസരിക്കാൻതക്ക ബോധ്യം ഉണ്ടായിരിക്കൂ.​—⁠മത്തായി 7:21.

22. (എ) യഹോവയുടെ ജനത്തിന്‌ ഉറച്ച വിശ്വാസത്തിനുള്ള എന്തു കാരണമുണ്ട്‌? (ബി) അടുത്ത ലേഖനത്തിൽ എന്തെല്ലാം കാര്യങ്ങൾ ചർച്ച ചെയ്യപ്പെടും?

22 “യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്‌കയില്ല” എന്നതാണ്‌ ഉറച്ച വിശ്വാസം ഉണ്ടായിരിക്കുന്നതിനുള്ള മറ്റൊരു കാരണം. (ആമോസ്‌ 3:7) യഹോവ കഴിഞ്ഞ കാലത്തേതുപോലെ ഇന്നു പ്രവാചകന്മാരെ നിശ്വസ്‌തരാക്കുന്നില്ല; പകരം, തന്റെ വീട്ടുകാർക്കു കാലോചിതമായ ആത്മീയ ഭക്ഷണം നൽകാൻ യഹോവ ഒരു വിശ്വസ്‌ത അടിമവർഗത്തെ നിയോഗിച്ചിരിക്കുന്നു. (മത്തായി 24:45-47, NW) അപ്പോൾ, ആ “അടിമ”യോട്‌ അനുസരണമുള്ള ഒരു മനോഭാവം പ്രകടമാക്കേണ്ടത്‌ എത്ര പ്രധാനമാണ്‌! പിൻവരുന്ന ലേഖനം പ്രകടമാക്കുന്നതുപോലെ, അത്തരം അനുസരണം ആ ‘അടിമ’യുടെ യജമാനനായ യേശുവിനോടുള്ള നമ്മുടെ മനോഭാവത്തെയും പ്രതിഫലിപ്പിക്കുന്നു. ‘ജാതികൾ അനുസരിക്കുന്നവൻ’ അവനാണ്‌.​—⁠ഉല്‌പത്തി 49:10.

[അടിക്കുറിപ്പുകൾ]

^ ഖ. 1 മിക്കപ്പോഴും ധൈര്യമില്ലാത്തതായി വർണിക്കപ്പെടുന്നെങ്കിലും, “ആപത്തിൽനിന്നു കുഞ്ഞുങ്ങളെ രക്ഷിക്കാൻ ഒരു തള്ളക്കോഴി മരണംവരെ പൊരുതും” എന്ന്‌ മൃഗസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഒരു സൊസൈറ്റിയുടെ പ്രസിദ്ധീകരണം പറയുന്നു.

^ ഖ. 16 യഹൂദന്മാരിൽ പലരും കൽദയരുടെ ‘പക്ഷം ചേർന്നു’ എന്നും പ്രവാസത്തിൽനിന്ന്‌ ഒഴിവായില്ലെങ്കിലും ജീവനോടെ രക്ഷപ്പെട്ടുവെന്നും യിരെമ്യാവു 38:19 വെളിപ്പെടുത്തുന്നു. യിരെമ്യാവിന്റെ വാക്കുകളോടുള്ള ചേർച്ചയിലാണോ അവർ കീഴടങ്ങിയത്‌ എന്നു നമ്മോടു പറഞ്ഞിട്ടില്ല. എന്നാൽ, അവരുടെ അതിജീവനം പ്രവാചകന്റെ വാക്കുകളെ സ്ഥിരീകരിച്ചു.

നിങ്ങൾ ഓർമിക്കുന്നുവോ?

• ഇസ്രായേലിന്റെ ആവർത്തിച്ചുള്ള അനുസരണക്കേടിന്റെ ഫലം എന്തായിരുന്നു?

• യോവാശിനെ അവന്റെ സഹവാസങ്ങൾ എങ്ങനെയാണു ബാധിച്ചത്‌, ജീവിതത്തിന്റെ ആരംഭകാലത്തും പിന്നീടും?

• ബാരൂക്കിൽനിന്നു നമുക്ക്‌ എന്തെല്ലാം പാഠങ്ങൾ പഠിക്കാൻ കഴിയും?

• ഇപ്പോഴത്തെ വ്യവസ്ഥിതി സമാപനത്തോട്‌ അടുക്കവേ, യഹോവയെ അനുസരിക്കുന്ന ജനത്തിനു ഭയപ്പെടാൻ കാരണമില്ലാത്തത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[13-ാം പേജിലെ ചിത്രം]

യെഹോയാദായുടെ മാർഗനിർദേശത്തിൻ കീഴിൽ, യുവാവായ യോവാശ്‌ യഹോവയോട്‌ അനുസരണമുള്ളവൻ ആയിരുന്നു

[15-ാം പേജിലെ ചിത്രം]

മോശമായ സഹവാസങ്ങളാൽ സ്വാധീനിക്കപ്പെട്ട്‌ യോവാശ്‌ ദൈവത്തിന്റെ പ്രവാചകനെ വധിച്ചു

[16-ാം പേജിലെ ചിത്രം]

നിങ്ങൾ യഹോവയെ അനുസരിക്കുകയും അവന്റെ വിസ്‌മയകരമായ രക്ഷാശക്തിക്കു സാക്ഷ്യം വഹിക്കുകയും ചെയ്യുമായിരുന്നോ?