വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അന്ത്യം അടുത്തുവരവേ അനുസരണം നട്ടുവളർത്തുക

അന്ത്യം അടുത്തുവരവേ അനുസരണം നട്ടുവളർത്തുക

അന്ത്യം അടുത്തുവരവേ അനുസരണം നട്ടുവളർത്തുക

“ജാതികളുടെ അനുസരണം അവനോടു [ശീലോ] ആകും.”​—⁠ഉല്‌പത്തി 49:10.

1. (എ) കഴിഞ്ഞ കാലത്ത്‌ യഹോവയെ അനുസരിക്കുന്നതിൽ പലപ്പോഴും എന്ത്‌ ഉൾപ്പെട്ടിരുന്നു? (ബി) അനുസരണം സംബന്ധിച്ച്‌ എന്തു പ്രവചനമാണു യാക്കോബ്‌ ഉച്ചരിച്ചത്‌?

യഹോവയെ അനുസരിക്കുന്നതിൽ മിക്കപ്പോഴും അവന്റെ പ്രതിനിധികളെ അനുസരിക്കുന്നത്‌ ഉൾപ്പെട്ടിരുന്നിട്ടുണ്ട്‌. ദൂതന്മാർ, ഗോത്രപിതാക്കന്മാർ, ന്യായാധിപന്മാർ, പുരോഹിതന്മാർ, പ്രവാചകന്മാർ, രാജാക്കന്മാർ എന്നിവരൊക്കെ അവരിൽ പെടും. ഇസ്രായേൽ രാജാക്കന്മാരുടെ സിംഹാസനം യഹോവയുടെ സിംഹാസനം എന്നു പോലും വിളിക്കപ്പെട്ടിട്ടുണ്ട്‌. (1 ദിനവൃത്താന്തം 29:23) എന്നാൽ ദുഃഖകരമെന്നു പറയട്ടെ, ഇസ്രായേലിലെ പല രാജാക്കന്മാരും ദൈവത്തോട്‌ അനുസരണക്കേടു കാണിക്കുകയും അതുമൂലം തങ്ങളുടെമേലും തങ്ങളുടെ പ്രജകളുടെമേലും കഷ്ടം വരുത്തിക്കൂട്ടുകയും ചെയ്‌തു. എന്നാൽ തന്നോടു വിശ്വസ്‌തരായവരെ യഹോവ യാതൊരു പ്രത്യാശയുമില്ലാതെ വിട്ടില്ല; നീതിമാന്മാർക്കു സന്തോഷപൂർവം അനുസരിക്കാൻ കഴിയുന്ന ഒരു അമർത്യ രാജാവിനെ അവരോധിക്കുമെന്ന വാഗ്‌ദാനത്താൽ അവൻ അവരെ ആശ്വസിപ്പിച്ചു. (യെശയ്യാവു 9:6, 7) ഈ ഭാവി ഭരണാധികാരിയെ കുറിച്ച്‌ മരണശയ്യയിൽ ആയിരുന്ന ഗോത്രപിതാവ്‌ യാക്കോബ്‌ ഇങ്ങനെ പ്രവചിച്ചു: “അവകാശമുള്ളവൻ [“ശീലോ,”] വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും രാജദണ്ഡു അവന്റെ കാലുകളുടെ ഇടയിൽ നിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോടു ആകും.”​—⁠ഉല്‌പത്തി 49:10.

2. “ശീലോ” എന്നതിന്റെ അർഥം എന്ത്‌, അവന്റെ രാജകീയ ഭരണത്തിൽ എന്ത്‌ ഉൾപ്പെടും?

2 “ഇത്‌ ആരുടേതോ അവൻ” അല്ലെങ്കിൽ “ഇത്‌ ആർക്കുള്ളതോ അവൻ” എന്ന അർഥമുള്ള ഒരു എബ്രായ പദമാണ്‌ “ശീലോ.” അതേ, ചെങ്കോലിനാൽ സൂചിപ്പിക്കപ്പെടുന്നതു പോലെ, ഭരിക്കാനുള്ള അവകാശത്തിലും രാജദണ്ഡിനാൽ സൂചിപ്പിക്കപ്പെടുന്നതു പോലെ, കൽപ്പന പുറപ്പെടുവിക്കാനുള്ള അധികാരത്തിലും കുറഞ്ഞ ഒന്നായിരിക്കില്ല ശീലോ അവകാശപ്പെടുത്തുന്നത്‌. മാത്രമല്ല, അവന്റെ രാജകീയ ഭരണത്തിൽ ഉൾപ്പെടുന്നത്‌ യാക്കോബിന്റെ പിൻതലമുറക്കാർ മാത്രം ആയിരിക്കില്ല, പിന്നെയോ എല്ലാ ‘ജാതികളും’ ആയിരിക്കും. ഇത്‌ അബ്രാഹാമിനോടുള്ള യഹോവയുടെ പിൻവരുന്ന വാഗ്‌ദാനത്തിനു ചേർച്ചയിലാണ്‌: “നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും . . . നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (ഉല്‌പത്തി 22:17, 18) പൊ.യു. 29-ൽ നസറെത്തിലെ യേശുവിനെ പരിശുദ്ധാത്മാവുകൊണ്ട്‌ അഭിഷേകം ചെയ്‌തപ്പോൾ ഈ “സന്തതി” ആരെന്ന്‌ യഹോവ സ്ഥിരീകരിച്ചു.​—⁠ലൂക്കൊസ്‌ 3:21-23, 34; ഗലാത്യർ 3:16.

യേശുവിന്റെ ആദ്യത്തെ രാജ്യം

3. സ്വർഗാരോഹണം ചെയ്‌തപ്പോൾ യേശുവിന്‌ എന്തു ഭരണാധിപത്യമാണു ലഭിച്ചത്‌?

3 യേശു സ്വർഗാരോഹണം ചെയ്‌ത ഉടനെ ലോകത്തിലെ ജനങ്ങളുടെ മേലുള്ള ഭരണാധിപത്യത്തിന്റെ ചെങ്കോൽ ഏറ്റെടുത്തില്ല. (സങ്കീർത്തനം 110:1) എന്നാൽ, തന്നെ അനുസരിക്കുന്ന പ്രജകൾ ഉള്ള ഒരു ‘രാജ്യം’ അവനു ലഭിക്കുകതന്നെ ചെയ്‌തു. പിൻവരുന്നപ്രകാരം എഴുതിയപ്പോൾ പൗലൊസ്‌ അപ്പൊസ്‌തലൻ ആ രാജ്യത്തെ തിരിച്ചറിയിക്കുകയുണ്ടായി: ‘[ദൈവം] നമ്മെ [ആത്മാഭിഷിക്ത ക്രിസ്‌ത്യാനികളെ] ഇരുട്ടിന്റെ അധികാരത്തിൽനിന്നു വിടുവിച്ചു തന്റെ സ്‌നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്‌തു.’ (കൊലൊസ്സ്യർ 1:13) ഈ വിടുവിക്കൽ തുടങ്ങിയത്‌ പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ ആണ്‌. അന്ന്‌ യേശുവിന്റെ വിശ്വസ്‌ത അനുഗാമികളുടെമേൽ പരിശുദ്ധാത്മാവ്‌ പകരപ്പെട്ടു.​—⁠പ്രവൃത്തികൾ 2:1-4; 1 പത്രൊസ്‌ 2:⁠9.

4. യേശുവിന്റെ ആദിമ ശിഷ്യന്മാർ ഏതു വിധങ്ങളിലാണ്‌ അനുസരണം പ്രകടമാക്കിയത്‌, ഒരു കൂട്ടമെന്ന നിലയിൽ യേശു അവരെ എങ്ങനെ തിരിച്ചറിയിച്ചു?

4 ‘ക്രിസ്‌തുവിന്നു വേണ്ടി സ്ഥാനാപതികൾ’ എന്ന നിലയിൽ ആത്മാഭിഷിക്ത ശിഷ്യന്മാർ അനുസരണപൂർവം, ആ ആത്മീയ രാജ്യത്തിലെ ‘സഹപൗരന്മാർ’ ആയിത്തീരാനുള്ള മറ്റുള്ളവരെ കൂട്ടിച്ചേർക്കാൻ തുടങ്ങി. (2 കൊരിന്ത്യർ 5:20; എഫെസ്യർ 2:19; പ്രവൃത്തികൾ 1:8) മാത്രമല്ല, തങ്ങളുടെ രാജാവായ യേശുക്രിസ്‌തുവിന്റെ അംഗീകാരം ലഭിക്കുന്നതിന്‌ അവർ “ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്ക”ണമായിരുന്നു. (1 കൊരിന്ത്യർ 1:10) ഒരു കൂട്ടമെന്ന നിലയിൽ, അവർ “വിശ്വസ്‌തനും വിവേകിയുമായ അടിമ” അഥവാ ഒരു വിശ്വസ്‌ത ഗൃഹവിചാരക വർഗം ആയിത്തീർന്നു.​—⁠മത്തായി 24:​45, NW; ലൂക്കൊസ്‌ 12:42.

ദൈവത്തിന്റെ ‘ഗൃഹവിചാരകനെ’ അനുസരിക്കുന്നതിന്‌ അനുഗ്രഹിക്കപ്പെടുന്നു

5. പുരാതന കാലം മുതൽ, യഹോവ എങ്ങനെയാണു തന്റെ ജനത്തെ പഠിപ്പിച്ചിരിക്കുന്നത്‌?

5 യഹോവ തന്റെ ജനത്തിനായി എപ്പോഴും ഉപദേഷ്ടാക്കന്മാരെ പ്രദാനം ചെയ്‌തിട്ടുണ്ട്‌. ഉദാഹരണത്തിന്‌, യഹൂദന്മാർ ബാബിലോണിൽനിന്നു മടങ്ങിപ്പോയശേഷം എസ്രായും യോഗ്യതയുള്ള മറ്റു പല പുരുഷന്മാരും ദൈവത്തിന്റെ ന്യായപ്രമാണം ജനത്തെ വായിച്ചുകേൾപ്പിക്കുക മാത്രമല്ല, ദൈവവചനം “ഗ്രഹിപ്പാൻതക്കവണ്ണം” ‘അർഥം പറഞ്ഞുകൊടുക്കയും ചെയ്‌തു.’​—⁠നെഹെമ്യാവു 8:⁠8.

6, 7. അടിമവർഗം ഭരണസംഘം മുഖേന സമയോചിതമായ ആത്മീയ ഭക്ഷണം നൽകിയിരിക്കുന്നത്‌ എങ്ങനെ, അടിമവർഗത്തോടുള്ള കീഴ്‌പെടൽ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

6 ഒന്നാം നൂറ്റാണ്ടിൽ, പൊ.യു. 49-ൽ പരിച്ഛേദന സംബന്ധിച്ച പ്രശ്‌നം ഉയർന്നുവന്നപ്പോൾ ആ ആദിമ അടിമവർഗത്തിന്റെ ഭരണസംഘം പ്രാർഥനാപൂർവം പ്രസ്‌തുത കാര്യം പരിചിന്തിക്കുകയും തിരുവെഴുത്തധിഷ്‌ഠിതമായ ഒരു നിഗമനത്തിൽ എത്തുകയും ചെയ്‌തു. കത്തുമുഖേന അവർ തങ്ങളുടെ തീരുമാനം അറിയിച്ചപ്പോൾ നൽകപ്പെട്ട മാർഗനിർദേശം സഭകൾ അനുസരിക്കുകയും ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹം ആസ്വദിക്കുകയും ചെയ്‌തു. (പ്രവൃത്തികൾ 15:6-15, 22-29; 16:4, 5) സമാനമായി ആധുനിക കാലങ്ങളിൽ, വിശ്വസ്‌ത അടിമവർഗം അതിന്റെ ഭരണസംഘം മുഖേന ക്രിസ്‌തീയ നിഷ്‌പക്ഷത, രക്തത്തിന്റെ പവിത്രത, മയക്കുമരുന്നുകളുടെയും പുകയിലയുടെയും ഉപയോഗം എന്നിങ്ങനെയുള്ള സുപ്രധാന വിവരങ്ങൾ വിശദീകരിച്ചിട്ടുണ്ട്‌. (യെശയ്യാവു 2:4; പ്രവൃത്തികൾ 21:25; 2 കൊരിന്ത്യർ 7:1) തന്റെ വചനത്തോടും വിശ്വസ്‌ത അടിമയോടും പ്രകടമാക്കിയിരിക്കുന്ന അനുസരണത്തെ പ്രതി യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു.

7 അടിമവർഗത്തിനു കീഴ്‌പെടുകവഴി ദൈവജനം തങ്ങളുടെ യജമാനനായ യേശുക്രിസ്‌തുവിനോടുള്ള കീഴ്‌പെടലും പ്രകടമാക്കുന്നു. യാക്കോബ്‌ മരണക്കിടക്കയിൽ വെച്ച്‌ ഉച്ചരിച്ച പ്രവചനത്തിൽ മുൻകൂട്ടിപറഞ്ഞിരിക്കുന്നതു പോലെ, യേശുവിന്റെ വിപുലീകരിക്കപ്പെട്ട അധികാരം നിമിത്തം ആധുനിക കാലങ്ങളിൽ അത്തരം കീഴ്‌പെടലിനു കൂടുതലായ പ്രാധാന്യം കൈവന്നിരിക്കുന്നു.

ശീലോ ഭൂമിയുടെ നീതിനിഷ്‌ഠനായ ഭരണാധിപൻ ആയിത്തീരുന്നു

8. ക്രിസ്‌തുവിന്റെ അധികാരം വിപുലമായിത്തീർന്നത്‌ എങ്ങനെ, എപ്പോൾ?

8 “ജാതികളുടെ അനുസരണം” ശീലോവിനോട്‌ ആകും എന്ന്‌ യാക്കോബിന്റെ പ്രവചനം മുൻകൂട്ടി പറഞ്ഞു. വ്യക്തമായും, ക്രിസ്‌തുവിന്റെ ഭരണം ആത്മീയ ഇസ്രായേലിന്‌ അപ്പുറത്തേക്കും വ്യാപിക്കും. അതിൽ ആരെല്ലാം ഉൾപ്പെടും? വെളിപ്പാടു 11:15 ഇങ്ങനെ ഉത്തരം നൽകുന്നു: “ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്‌തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) പ്രാവചനികമായ ‘ഏഴു കാലം’​—⁠‘ജാതികളുടെ [“ജനതകളുടെ നിയമിത,” NW] കാലം’⁠—⁠അവസാനിച്ച 1914-ൽ യേശുവിന്‌ ആ അധികാരം ലഭിച്ചതായി ബൈബിൾ വെളിപ്പെടുത്തുന്നു. * (ദാനീയേൽ 4:16, 17; ലൂക്കൊസ്‌ 21:24) പ്രസ്‌തുത വർഷം, മിശിഹൈക രാജാവ്‌ എന്ന നിലയിലുള്ള ക്രിസ്‌തുവിന്റെ അദൃശ്യ “സാന്നിധ്യം” തുടങ്ങി, അതുപോലെതന്നെ “[തന്റെ] ശത്രുക്കളുടെ മധ്യേ കീഴടക്കിക്കൊണ്ട്‌ പുറപ്പെടു”ന്നതിനുള്ള സമയവും.​—⁠മത്തായി 24:3; സങ്കീർത്തനം 110:⁠2, NW.

9. തനിക്കു രാജ്യം ലഭിച്ചപ്പോൾ യേശു എന്തു ചെയ്‌തു, അതിനു മനുഷ്യവർഗത്തിനു മേൽ, പ്രത്യേകിച്ചും അവന്റെ ശിഷ്യന്മാരുടെമേൽ, എന്തു പരോക്ഷ ഫലം ഉണ്ടായിരിക്കുന്നു?

9 രാജകീയ അധികാരം ലഭിച്ച ഉടൻ യേശു ആദ്യം ചെയ്‌ത സംഗതി, അനുസരണക്കേടിന്റെ മൂർത്തിമദ്‌ഭാവമായ സാത്താനെയും ഭൂതങ്ങളെയും “ഭൂമിയിലേക്കു” തള്ളിക്കളയുക എന്നതായിരുന്നു. അപ്പോൾ മുതൽ, ഈ ദുഷ്ടാത്മാക്കൾ മനുഷ്യവർഗത്തിന്റെ ഇടയിൽ അഭൂതപൂർവകമായ തരത്തിലുള്ള കഷ്ടം വരുത്തിക്കൂട്ടിയിരിക്കുന്നു എന്നു മാത്രമല്ല, യഹോവയെ അനുസരിക്കുന്നത്‌ ദുഷ്‌കരമാക്കിത്തീർക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്‌തിരിക്കുന്നു. (വെളിപ്പാടു 12:7-12; 2 തിമൊഥെയൊസ്‌ 3:1-5) വാസ്‌തവത്തിൽ, സാത്താന്റെ ആത്മീയ യുദ്ധത്തിന്റെ മുഖ്യ ലക്ഷ്യം “ദൈവകല്‌പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായ” യഹോവയുടെ അഭിഷിക്തരും അവരുടെ “വേറെ ആടുക”ളായ സഹകാരികളുമാണ്‌.​—⁠വെളിപ്പാടു 12:17; യോഹന്നാൻ 10:16.

10. ഏതു ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തി സത്യക്രിസ്‌ത്യാനികൾക്ക്‌ എതിരെയുള്ള സാത്താന്റെ യുദ്ധം പരാജയപ്പെടുമെന്ന്‌ ഉറപ്പു നൽകുന്നു?

10 എന്നാൽ, സാത്താൻ പരാജയപ്പെടുമെന്നതു തീർച്ചയാണ്‌. കാരണം, ഇതു ‘കർത്തൃദിവസം’ ആണ്‌, തന്റെ ജയിച്ചടക്കൽ പൂർത്തിയാക്കുന്നതിൽനിന്ന്‌ യേശുവിനെ തടയാൻ യാതൊന്നിനും കഴിയില്ല. (വെളിപ്പാടു 1:10; 6:2) ഉദാഹരണത്തിന്‌, അവൻ 1,44,000 ആത്മീയ ഇസ്രായേല്യരുടെ അന്തിമ മുദ്രയിടീൽ ഉറപ്പു വരുത്തും. “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാര”ത്തെ സംരക്ഷിക്കുകയും ചെയ്യും. (വെളിപ്പാടു 7:1-4, 9, 14-16) എന്നാൽ, തങ്ങളുടെ അഭിഷിക്ത സഹകാരികളിൽനിന്നു വ്യത്യസ്‌തരായി അവർ യേശുവിന്റെ അനുസരണമുള്ള ഭൗമിക പ്രജകൾ ആയിത്തീരും. (ദാനീയേൽ 7:13, 14) ഭൗമിക രംഗത്തെ അവരുടെ പ്രത്യക്ഷത യഥാർഥത്തിൽ ശീലോ ഇപ്പോൾത്തന്നെ “ലോകരാജത്വ”മുള്ള ഭരണാധിപൻ ആണ്‌ എന്നതിന്റെ പ്രകടമായ തെളിവാണ്‌.​—⁠വെളിപ്പാടു 11:15.

‘സുവിശേഷം അനുസരിക്കാനുള്ള’ സമയം ഇപ്പോൾ

11, 12. (എ) ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ അന്ത്യത്തെ ആർ മാത്രമേ അതിജീവിക്കുകയുള്ളൂ? (ബി) ‘ലോകത്തിന്റെ ആത്മാവ്‌’ ഉള്ളവരിൽ ഏതു വ്യക്തിത്വ പ്രവണതകൾ വളർന്നുവരുന്നു?

11 നിത്യജീവൻ ആഗ്രഹിക്കുന്ന എല്ലാവരും അനുസരണം പഠിക്കണം. എന്തെന്നാൽ ‘ദൈവത്തെ അറിയാത്തവരും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവരും’ ദൈവത്തിന്റെ പ്രതികാരദിവസത്തെ അതിജീവിക്കുകയില്ല എന്ന്‌ ബൈബിൾ വ്യക്തമായി പ്രസ്‌താവിക്കുന്നു. (2 തെസ്സലൊനീക്യർ 1:7) എന്നാൽ, ഇപ്പോഴത്തെ ദുഷ്ട വ്യവസ്ഥിതിയും ബൈബിൾ നിയമങ്ങൾക്കും തത്ത്വങ്ങൾക്കും എതിരെയുള്ള അതിന്റെ മത്സരാത്മാവും സുവാർത്ത അനുസരിക്കുന്നത്‌ ഒരു വെല്ലുവിളി ആക്കിത്തീർക്കുന്നു.

12 ഈ ദൈവനിന്ദക മനോഭാവത്തെ ‘ലോകത്തിന്റെ ആത്മാവ്‌’ എന്നാണു ബൈബിൾ വിളിക്കുന്നത്‌. (1 കൊരിന്ത്യർ 2:12) ആളുകളുടെമേൽ അതിനുള്ള ഫലത്തെ വർണിച്ചുകൊണ്ട്‌ പൗലൊസ്‌ അപ്പൊസ്‌തലൻ ഒന്നാം നൂറ്റാണ്ടിലെ എഫെസ്യ ക്രിസ്‌ത്യാനികൾക്ക്‌ ഇപ്രകാരം എഴുതി: “നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചുനടന്നു. അവരുടെ ഇടയിൽ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിന്നും മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്‌തുംകൊണ്ടു മററുള്ളവരെപ്പോലെ പ്രകൃതിയാൽ കോപത്തിന്റെ മക്കൾ ആയിരുന്നു.”​—⁠എഫെസ്യർ 2:2, 3.

13. ക്രിസ്‌ത്യാനികൾക്കു ലോകത്തിന്റെ ആത്മാവിനെ ഫലകരമായി ചെറുത്തുനിൽക്കാൻ എങ്ങനെ കഴിയും, പ്രയോജനകരമായ എന്തു ഫലങ്ങളോടെ?

13 സന്തോഷകരമെന്നു പറയട്ടെ, എഫെസ്യ ക്രിസ്‌ത്യാനികൾ അനുസരണക്കേടിന്റെ ആത്മാവിന്റെ അടിമകളായി തുടർന്നില്ല. പകരം, അവർ ദൈവത്തിന്റെ ആത്മാവിനു കീഴ്‌പെടുകയും അതിന്റെ സമൃദ്ധമായ ആരോഗ്യാവഹമായ ഫലം കൊയ്യുകയും ചെയ്‌തുകൊണ്ട്‌ അവന്റെ അനുസരണമുള്ള മക്കൾ ആയിത്തീർന്നു. (ഗലാത്യർ 5:22, 23) സമാനമായി ഇന്ന്‌, അഖിലാണ്ഡത്തിലെ ഏറ്റവും കരുത്തുറ്റ ശക്തിയായ ദൈവാത്മാവ്‌ യഹോവയോട്‌ അനുസരണമുള്ളവർ ആയിത്തീരാൻ ദശലക്ഷങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി, ‘പ്രത്യാശയുടെ പൂർണ്ണനിശ്ചയം അവസാനത്തോളം’ നിലനിറുത്താൻ അവർക്കു കഴിയും.​—⁠എബ്രായർ 6:11; സെഖര്യാവു 4:⁠6.

14. തങ്ങളുടെ അനുസരണത്തെ പരിശോധിക്കുന്ന ചില പ്രത്യേക കാര്യങ്ങൾ സംബന്ധിച്ച്‌ അന്ത്യനാളുകളിൽ ജീവിക്കുന്ന എല്ലാ ക്രിസ്‌ത്യാനികൾക്കും യേശു മുന്നറിയിപ്പു നൽകിയത്‌ എങ്ങനെ?

14 ശീലോയുടെയും അവന്റെ പിതാവിന്റെയും ശക്തമായ പിന്തുണ നമുക്ക്‌ ഉണ്ടെന്നുള്ള കാര്യം മനസ്സിൽ പിടിക്കുക. നമുക്കു സഹിക്കാൻ കഴിയുന്നതിന്‌ അതീതമായി പരിശോധനകൾ വരുത്തിക്കൊണ്ട്‌ നമ്മുടെ അനുസരണത്തെ പരീക്ഷിക്കാൻ ഭൂതങ്ങളെയോ മനുഷ്യരെയോ അവർ അനുവദിക്കുകയില്ല. (1 കൊരിന്ത്യർ 10:13) വാസ്‌തവത്തിൽ, നമ്മുടെ ആത്മീയ യുദ്ധത്തിൽ നമ്മെ സഹായിക്കുന്നതിന്‌ ഈ അന്ത്യനാളുകളിൽ നമുക്ക്‌ അനുഭവിക്കേണ്ടിവരുന്ന വ്യക്തമായ നിരവധി പ്രശ്‌നങ്ങളെ യേശു വിവരിക്കുകയുണ്ടായി. ഒരു ദർശനത്തിലൂടെ യോഹന്നാൻ അപ്പൊസ്‌തലനു നൽകിയ ഏഴു ലേഖനങ്ങളിലൂടെയാണ്‌ അവൻ അങ്ങനെ ചെയ്‌തത്‌. (വെളിപ്പാടു 1:10, 11) തീർച്ചയായും, അന്നത്തെ ക്രിസ്‌ത്യാനികൾക്കുള്ള മർമപ്രധാനമായ ബുദ്ധിയുപദേശം അതിൽ അടങ്ങിയിരുന്നു. എന്നാൽ അവ പ്രധാനമായും ബാധകമായിരിക്കുന്നത്‌ 1914 മുതലുള്ള “കർത്തൃദിവസത്തിൽ” ആണ്‌. അതുകൊണ്ട്‌ ഈ സന്ദേശങ്ങൾക്കു നാം ശ്രദ്ധ കൊടുക്കുന്നത്‌ എത്ര ഉചിതമാണ്‌! *

ഉദാസീനതയും അധാർമികതയും ഭൗതികാസക്തിയും ഒഴിവാക്കുക

15. എഫെസൊസ്‌ സഭയെ ബാധിച്ച പ്രശ്‌നത്തിനെതിരെ നാം ജാഗ്രത പുലർത്തേണ്ടത്‌ എന്തുകൊണ്ട്‌, നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാൻ കഴിയും? (2 പത്രൊസ്‌ 1:5-8)

15 യേശുവിന്റെ ആദ്യത്തെ ലേഖനം എഫെസൊസ്‌ സഭയ്‌ക്കുള്ളത്‌ ആയിരുന്നു. ആ സഭ കാണിച്ച സഹിഷ്‌ണുതയെ പ്രതി അതിനെ പ്രശംസിച്ച ശേഷം യേശു ഇങ്ങനെ പ്രസ്‌താവിച്ചു: “എങ്കിലും നിന്റെ ആദ്യസ്‌നേഹം വിട്ടുകളഞ്ഞു എന്നു ഒരു കുററം നിന്നെക്കുറിച്ചു പറവാനുണ്ടു.” (വെളിപ്പാടു 2:1-4) മുമ്പ്‌ തീക്ഷ്‌ണതയുള്ള ക്രിസ്‌ത്യാനികൾ ആയിരുന്നെങ്കിലും ദൈവത്തോടു മുമ്പുണ്ടായിരുന്ന തീവ്ര സ്‌നേഹം നഷ്ടപ്പെട്ടുപോയിരിക്കുന്ന ചിലർ ഇന്നുണ്ട്‌. അത്‌ ദൈവത്തോടുള്ള ഒരുവന്റെ ബന്ധത്തെ ദുർബലപ്പെടുത്തിയേക്കാം. അതിനാൽ അക്കാര്യം ഗൗരവമായി ചിന്തിക്കേണ്ട ഒന്നാണ്‌. ആദ്യ സ്‌നേഹം എങ്ങനെ പുതുക്കാൻ സാധിക്കും? പതിവായി ബൈബിൾ പഠിക്കുകയും യോഗങ്ങൾക്കു ഹാജരാകുകയും പ്രാർഥിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതിനാൽ. (1 യോഹന്നാൻ 5:3) ഇതിന്‌ ‘നല്ല ഉത്സാഹം’ ആവശ്യമാണെങ്കിലും, അതു തക്ക മൂല്യമുള്ള ഒന്നാണ്‌. (2 പത്രൊസ്‌ 1:5-8) നിങ്ങളുടെ സ്‌നേഹം തണുത്തു പോയിരിക്കുന്നതായി സത്യസന്ധമായ ആത്മപരിശോധന വെളിപ്പെടുത്തുന്നെങ്കിൽ, യേശുവിന്റെ പിൻവരുന്ന ഉദ്‌ബോധനത്തോടുള്ള അനുസരണത്തിൽ, അവസ്ഥ സത്വരം മെച്ചപ്പെടുത്തുക: “നീ ഏതിൽനിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്‌ക.”​—⁠വെളിപ്പാടു 2:⁠5.

16. പെർഗ്ഗമൊസിലെയും തുയഥൈരയിലെയും സഭകളിൽ ആത്മീയമായി ഹാനികരമായ ഏതു സ്വാധീനങ്ങൾ നിലനിന്നിരുന്നു, ആ സഭകളോടുള്ള യേശുവിന്റെ വാക്കുകൾ ഇന്ന്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

16 നിർമലതയും സഹിഷ്‌ണുതയും ഉത്സാഹവും പ്രകടമാക്കിയതു നിമിത്തം പ്രശംസിക്കപ്പെട്ടവരാണു പെർഗ്ഗമൊസിലെയും തുയഥൈരയിലെയും ക്രിസ്‌ത്യാനികൾ. (വെളിപ്പാടു 2:12, 13, 18, 19) എന്നുവരികിലും, ലൈംഗിക അധാർമികതയിലൂടെയും ബാൽ ആരാധനയിലൂടെയും പുരാതന ഇസ്രായേലിനെ ദുഷിപ്പിക്കാൻ ശ്രമിച്ച ഈസേബെലിന്റെയും ബിലെയാമിന്റെയും ദുഷ്ട മനോഭാവം പ്രകടമാക്കിയ ചിലരാൽ അവർ സ്വാധീനിക്കപ്പെട്ടു. (സംഖ്യാപുസ്‌തകം 31:16; 1 രാജാക്കന്മാർ 16:30, 31; വെളിപ്പാടു 2:14, 16, 20-23) എന്നാൽ “കർത്തൃദിവസ”മായ നമ്മുടെ കാലം സംബന്ധിച്ചോ? അത്തരം ദുഷ്ട സ്വാധീനങ്ങൾ ഇപ്പോഴും പ്രകടമാണോ? അതേ. അധാർമികത നിമിത്തമാണ്‌ ദൈവജനത്തിന്റെ ഇടയിൽനിന്ന്‌ ഏറെ പേരും പുറത്താക്കപ്പെടുന്നത്‌. അതുകൊണ്ട്‌, ക്രിസ്‌തീയ സഭയ്‌ക്ക്‌ അകത്തായാലും പുറത്തായാലും അധാർമിക സ്വാധീനമായിരിക്കുന്ന സകല വ്യക്തികളുമായുള്ള സഹവാസം നാം ഒഴിവാക്കേണ്ടത്‌ എത്ര പ്രധാനമാണ്‌! (1 കൊരിന്ത്യർ 5:9-11; 15:33) ശീലോയുടെ അനുസരണമുള്ള പ്രജകൾ ആയിരിക്കാൻ ആഗ്രഹിക്കുന്നവർ ധാർമിക നിലവാരം പുലർത്താത്ത വിനോദപരിപാടികളും അച്ചടിച്ചതോ ഇന്റർനെറ്റിലൂടെ വരുന്നതോ ആയ അശ്ലീലവും ഒഴിവാക്കും.​—⁠ആമോസ്‌ 5:15; മത്തായി 5:28, 29.

17. തങ്ങളുടെ ആത്മീയ അവസ്ഥ സംബന്ധിച്ച്‌ സർദ്ദിസിലും ലവൊദിക്ക്യയിലും ഉണ്ടായിരുന്നവരുടെ വീക്ഷണവും മനോഭാവവും യേശുവിന്റെ വീക്ഷണത്തോടുള്ള താരതമ്യത്തിൽ എങ്ങനെ ആയിരുന്നു?

17 സർദ്ദിസ്‌ സഭയിലെ ഏതാനും വ്യക്തികൾ ഒഴികെ ആ സഭയ്‌ക്ക്‌ യാതൊരു പ്രശംസയും ലഭിക്കുകയുണ്ടായില്ല. ‘പേരു’കൊണ്ടു മാത്രം അഥവാ പുറമേ മാത്രം അതിനു ജീവനുണ്ടായിരുന്നു. എന്നാൽ, ആത്മീയ കാര്യങ്ങളിലുള്ള അതിന്റെ ഉദാസീനത ആഴത്തിലുള്ളതായിരുന്നതിനാൽ യേശു അതിനെ ‘മരിച്ചത്‌’ ആയി കണക്കാക്കി. സുവാർത്തയോടുള്ള അനുസരണം കേവലം യാന്ത്രികമായിരുന്നു. എത്ര കടുത്ത അപലപനം! (വെളിപ്പാടു 3:1-3) ലവൊദിക്ക്യയിലെ സഭയും സമാനമായ ഒരു അവസ്ഥയിൽ ആയിരുന്നു. “ഞാൻ ധനവാൻ” എന്നു പറഞ്ഞുകൊണ്ട്‌ അതു ഭൗതിക സമൃദ്ധി സംബന്ധിച്ച്‌ അഹങ്കരിച്ചു. എന്നാൽ ക്രിസ്‌തുവിനെ സംബന്ധിച്ചിടത്തോളം അത്‌ ‘നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും’ ആയിരുന്നു.​—⁠വെളിപ്പാടു 3:14-17.

18. ദൈവദൃഷ്ടിയിൽ ആത്മീയമായി ശീതോഷ്‌ണരാകാതിരി ക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

18 ഒരിക്കൽ വിശ്വസ്‌തരായിരുന്ന ചില ക്രിസ്‌ത്യാനികൾ അനുസരണക്കേടിന്റെ അതേ ഗതിയിലേക്ക്‌ ഇന്നു വീണുപോയിട്ടുണ്ട്‌. തങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരുന്ന അടിയന്തിരതാബോധത്തെ ചോർത്തിക്കളയാൻ ഒരുപക്ഷേ അവർ ലോകത്തിന്റെ ആത്മാവിനെ അനുവദിച്ചിരിക്കുന്നു. അങ്ങനെ അവർ ബൈബിൾ പഠനവും പ്രാർഥനയും ക്രിസ്‌തീയ യോഗങ്ങളും ശുശ്രൂഷയും സംബന്ധിച്ച്‌ ശീതോഷ്‌ണമായ ഒരു മനോഭാവം സ്വീകരിച്ചിരിക്കുന്നു. (2 പത്രൊസ്‌ 3:​3, 4, 11, 12) അത്തരക്കാർ ഭാവി ഉപയോഗത്തിനായി ആത്മീയ സമ്പത്ത്‌ നിക്ഷേപിച്ചുകൊണ്ട്‌ ക്രിസ്‌തുവിനെ അനുസരിക്കുന്നത്‌​—⁠അതേ, ക്രിസ്‌തുവിൽനിന്ന്‌ ‘തീയിൽ ഊതിക്കഴിച്ച പൊന്നു വാങ്ങുന്നത്‌’​—⁠എത്ര പ്രധാനമാണ്‌! (വെളിപ്പാടു 3:18) ‘സൽപ്രവൃത്തികളിൽ സമ്പന്നരും ദാനശീലരും ഔദാര്യമുള്ളവരും’ ആയിരിക്കുന്നത്‌ അത്തരം യഥാർഥ ധനത്തിൽ ഉൾപ്പെടുന്നു. ശരിക്കും അമൂല്യമായ ഈ സ്വത്തുക്കൾ നിക്ഷേപിക്കുകവഴി നാം ‘സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപിക്കുകയാണ്‌’ ചെയ്യുന്നത്‌.​—⁠1 തിമൊഥെയൊസ്‌ 6:17-19.

അനുസരണത്തെ പ്രതി പ്രശംസിക്കപ്പെടുന്നു

19. സ്‌മുർന്നയിലെയും ഫിലദെൽഫ്യയിലെയും ക്രിസ്‌ത്യാനികൾക്ക്‌ യേശു എന്ത്‌ അനുമോദനവും ഉദ്‌ബോധനവുമാണു നൽകിയത്‌?

19 സ്‌മുർന്നയിലെയും ഫിലദെൽഫ്യയിലെയും സഭകൾ അനുസരണത്തിന്റെ കാര്യത്തിൽ മാതൃകകളായി നിലകൊള്ളുന്നു. കാരണം, ആ സഭകൾക്കുള്ള യേശുവിന്റെ ലേഖനങ്ങളിൽ ശാസനയൊന്നും അടങ്ങിയിട്ടില്ല. സ്‌മുർന്നയിൽ ഉള്ളവരോട്‌ അവൻ ഇങ്ങനെ പറഞ്ഞു: ‘ഞാൻ നിന്റെ കഷ്ടതയും ദാരിദ്ര്യവും​—⁠നീ ധനവാനാകുന്നു താനും​—⁠അറിയുന്നു.’ (വെളിപ്പാടു 2:9) ലൗകിക സമ്പത്ത്‌ ഉണ്ടെന്ന്‌ അഭിമാനപൂർവം പറഞ്ഞിരുന്നെങ്കിലും, വാസ്‌തവത്തിൽ ദരിദ്രരായിരുന്ന ലവൊദിക്ക്യക്കാരിൽനിന്ന്‌ എത്ര വ്യത്യസ്‌തം! തീർച്ചയായും, ഏതൊരാളും ക്രിസ്‌തുവിനോടു വിശ്വസ്‌തതയും അനുസരണവും പ്രകടമാക്കുന്നതു കാണുന്നതിൽ പിശാച്‌ സന്തുഷ്ടനായിരുന്നില്ല. എന്നാൽ, യേശു ഈ മുന്നറിയിപ്പു നൽകി: “നീ സഹിപ്പാനുള്ളതു പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നു പിശാചു നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; പത്തു ദിവസം നിങ്ങൾക്കു ഉപദ്രവം ഉണ്ടാകും; മരണപര്യന്തം വിശ്വസ്‌തനായിരിക്ക; എന്നാൽ ഞാൻ ജീവകിരീടം നിനക്കു തരും.” (വെളിപ്പാടു 2:10) സമാനമായി, ഫിലദെൽഫ്യയിൽ ഉള്ളവരെ യേശു ഇങ്ങനെ പ്രശംസിച്ചു: “നീ എന്റെ വചനം കാത്തു [അല്ലെങ്കിൽ, അനുസരിച്ചു], എന്റെ നാമം നിഷേധിച്ചിട്ടില്ല. ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിപ്പാന്തക്കവണ്ണം നിനക്കുള്ളതു പിടിച്ചുകൊൾക.”​—⁠വെളിപ്പാടു 3:8, 11.

20. ദശലക്ഷങ്ങൾ യേശുവിന്റെ വാക്ക്‌ അനുസരിച്ചിരിക്കുന്നത്‌ എങ്ങനെ, എങ്ങനെയുള്ള സാഹചര്യങ്ങളിൽ?

20 വിശ്വസ്‌ത ശേഷിപ്പും ഇപ്പോൾ ദശലക്ഷങ്ങൾ വരുന്ന അവരുടെ വേറെ ആടുകളായ സഹകാരികളും 1914-ൽ തുടങ്ങിയ ‘കർത്തൃദിവസ’ത്തിൽ ശുശ്രൂഷയിൽ തീക്ഷ്‌ണമായി ഏർപ്പെട്ടുകൊണ്ടും നിർമലത പാലിച്ചുകൊണ്ടും യേശുവിന്റെ വാക്കുകൾ അനുസരിച്ചിരിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ തങ്ങളുടെ സഹോദരങ്ങളെ പോലെ, ക്രിസ്‌തുവിനെ അനുസരിച്ചതിനെ പ്രതി ചിലർക്കു കഷ്ടം സഹിക്കേണ്ടി വന്നിട്ടുണ്ട്‌. അവർക്കു ജയിലുകളിലും തടങ്കൽപ്പാളയങ്ങളിലും കഴിയേണ്ടി വന്നിട്ടുണ്ട്‌. ഭൗതിക സമൃദ്ധിയാലും അത്യാഗ്രഹത്താലും ചുറ്റപ്പെട്ടിട്ടും, മറ്റുചിലർ ‘ലളിതമായ ഒരു കണ്ണ്‌’ നിലനിറുത്തിയതിലൂടെ യേശുവിന്റെ വചനം അനുസരിച്ചിരിക്കുന്നു. (മത്തായി 6:22, 23) അതേ, എല്ലാ അവസരത്തിലും സത്യക്രിസ്‌ത്യാനികൾ തങ്ങളുടെ അനുസരണത്തിലൂടെ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നതിൽ തുടരുന്നു.​—⁠സദൃശവാക്യങ്ങൾ 27:11.

21. (എ) അടിമവർഗം ഏത്‌ ആത്മീയ കടപ്പാട്‌ നിവർത്തിക്കുന്നതിൽ തുടരും? (ബി) നാം യഥാർഥത്തിൽ ശീലോയെ അനുസരിക്കാൻ ആഗ്രഹിക്കുന്നു എന്ന്‌ എങ്ങനെ പ്രകടമാക്കാൻ കഴിയും?

21 നാം മഹോപദ്രവത്തോട്‌ അടുത്തുവരവേ, “വിശ്വസ്‌തനും വിവേകിയുമായ അടിമ” തന്റെ യജമാനനായ ക്രിസ്‌തുവിനോടുള്ള അനുസരണത്തിൽ വിട്ടുവീഴ്‌ച ചെയ്യാതിരിക്കാൻ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു. ദൈവത്തിന്റെ വീട്ടുകാർക്ക്‌ കാലോചിതമായ ആത്മീയ ഭക്ഷണം തയ്യാറാക്കുന്നത്‌ അതിൽ ഉൾപ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌ നമുക്ക്‌ യഹോവയുടെ അത്ഭുതകരമായ ദിവ്യാധിപത്യ സംഘടനയെയും അത്‌ ഒരുക്കിത്തരുന്ന കാര്യങ്ങളെയും വിലമതിക്കുന്നതിൽ തുടരാം. ഈ വിധത്തിൽ, ശീലോയോടുള്ള കീഴ്‌പെടൽ നാം പ്രകടമാക്കുന്നു. അവൻ നിത്യജീവൻ നൽകി അനുസരണമുള്ള തന്റെ എല്ലാ പ്രജകളെയും അനുഗ്രഹിക്കും.​—⁠മത്തായി 24:45-47, NW; 25:40; യോഹന്നാൻ 5:22-24.

[അടിക്കുറിപ്പുകൾ]

^ ഖ. 8 “ഏഴു കാല”ത്തെ കുറിച്ചുള്ള വിശദീകരണത്തിന്‌, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകത്തിന്റെ 10-ാം അധ്യായം കാണുക.

^ ഖ. 14 ആ ഏഴു ലേഖനങ്ങളെ കുറിച്ചുള്ള വിശദമായ ചർച്ചയ്‌ക്ക്‌, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ള വെളിപാട്‌​—⁠അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്‌തകത്തിന്റെ 33 മുതലുള്ള പേജുകൾ കാണുക.

നിങ്ങൾ ഓർമിക്കുന്നുവോ?

• യാക്കോബ്‌ മരണക്കിടക്കയിൽവെച്ച്‌ മുൻകൂട്ടി പറഞ്ഞ പ്രവചനത്തിൽ യേശു എന്തു പങ്കു വഹിക്കേണ്ടിയിരുന്നു?

• നാം യേശുവിനെ ശീലോ ആയി അംഗീകരിക്കുന്നത്‌ എങ്ങനെ, ഏതു മനോഭാവം നാം ഒഴിവാക്കണം?

• നമ്മുടെ നാളിൽ ബാധകമായ എന്തു ബുദ്ധിയുപദേശം വെളിപ്പാടിലെ ഏഴു സഭകൾക്കുള്ള ലേഖനങ്ങളിൽ അടങ്ങിയിരിക്കുന്നു?

• പുരാതന സ്‌മുർന്നയിലെയും ഫിലദെൽഫ്യയിലെയും സഭകളിൽ ഉണ്ടായിരുന്നവരെ നമുക്ക്‌ എങ്ങനെ അനുകരിക്കാൻ കഴിയും?

[അധ്യയന ചോദ്യങ്ങൾ]

[18-ാം പേജിലെ ചിത്രങ്ങൾ]

വിശ്വസ്‌ത ‘ഗൃഹവിചാരകനെ’ അനുസരിക്കുന്നതു നിമിത്തം തന്റെ ജനത്തെ യഹോവ അനുഗ്രഹിക്കുന്നു

[19-ാം പേജിലെ ചിത്രം]

സാത്താന്റെ സ്വാധീനം ദൈവത്തെ അനുസരിക്കുന്നത്‌ ഒരു വെല്ലുവിളിയാക്കിത്തീർക്കുന്നു

[21-ാം പേജിലെ ചിത്രങ്ങൾ]

യഹോവയുമായുള്ള ശക്തമായ ബന്ധം അവനോട്‌ അനുസരണമുള്ളവർ ആയിരിക്കാൻ നമ്മെ സഹായിക്കുന്നു