“പരിശീലനം നേടുക”
“പരിശീലനം നേടുക”
കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയോടെ! പുരാതന ഗ്രീസിലെയും റോമിലെയും കായിക താരങ്ങളുടെ അഭിലാഷം ഇവയായിരുന്നു. നൂറ്റാണ്ടുകളോളം ഒളിമ്പിയ, ഡെൽഫി, നേമാ, കൊരിന്തിലെ ഇസ്‌തുമസ് എന്നിവിടങ്ങളിൽ ദൈവങ്ങളുടെ “ആശീർവാദ”ത്തോടെ, ആയിരക്കണക്കിനു കാണികളുടെ സാന്നിധ്യത്തിൽ വലിയ കായികമേളകൾ നടത്തപ്പെട്ടിരുന്നു. അനേക വർഷത്തെ കഠിനാധ്വാനത്തിനു ശേഷമായിരുന്നു ഈ കളികളിൽ പങ്കെടുക്കാനുള്ള പ്രത്യേക അവസരം ലഭിച്ചിരുന്നത്. ജയം വിജയികൾക്കും അവരുടെ നഗരത്തിനും വലിയ ബഹുമതി കൈവരുത്തിയിരുന്നു.
അത്തരമൊരു സാംസ്‌കാരിക പശ്ചാത്തലത്തിൽ, ക്രിസ്‌തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ എഴുത്തുകാർ ക്രിസ്‌ത്യാനികളുടെ ആത്മീയ ഓട്ടത്തെ കായിക മത്സരങ്ങളോടു താരതമ്യപ്പെടുത്തിയതിൽ അതിശയിക്കാനില്ല. ശക്തമായ ആശയങ്ങൾ പഠിപ്പിക്കാനായി അപ്പൊസ്‌തലന്മാരായ പൗലൊസും പത്രൊസും കളികളെ അടിസ്ഥാനമാക്കിയുള്ള ദൃഷ്ടാന്തങ്ങൾ വിദഗ്‌ധമായി ഉപയോഗിച്ചു. നമ്മുടെ നാളിലും ക്രിസ്‌ത്യാനികളുടെ തീവ്രമായ ഓട്ടം തുടരുകയാണ്. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്കു യഹൂദ വ്യവസ്ഥിതിയോടു ചെറുത്തുനിൽക്കേണ്ടിവന്നു; ഇന്നു നമുക്ക് നാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന ഈ വ്യവസ്ഥിതിയുമായി ‘പോരാടേണ്ടതുണ്ട്.’ (2 തിമൊഥെയൊസ് 2:5; 3:1-5) തങ്ങളുടെ “വിശ്വാസത്തിന്റെ ഓട്ടം” നിലയ്‌ക്കാത്തതും ക്ഷീണിപ്പിക്കുന്നതുമാണെന്നു ചിലർക്കു തോന്നിയേക്കാം. (1 തിമൊഥെയൊസ് 6:12, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ) ചില കായിക മത്സരങ്ങളും ക്രിസ്‌തീയ ഓട്ടവും സംബന്ധിച്ച് ബൈബിളിൽ കാണുന്ന ചില സമാനതകൾ പരിശോധിക്കുന്നതിലൂടെ നമുക്കു വിലയേറിയ പാഠങ്ങൾ പഠിക്കാനാകും.
ഉത്തമ പരിശീലകൻ
ഒരു കായിക താരത്തിന്റെ വിജയം ഏറിയപങ്കും അയാളുടെ പരിശീലകനെ ആശ്രയിച്ചിരിക്കുന്നു. പുരാതനകാലത്തെ കളികളെ കുറിച്ച് ആർക്കൈയോളോജിയാ ഗ്രൈക്കാ പറയുന്നു: “മത്സരത്തിൽ പങ്കെടുക്കാനുള്ളവർ തങ്ങൾ അതിനുള്ള തയ്യാറെടുപ്പെന്ന നിലയിൽ പത്തുമാസത്തെ പരിശീലനം നേടിയിട്ടുണ്ടെന്ന് ആണയിടണമായിരുന്നു.” ക്രിസ്‌ത്യാനികൾക്കും തീവ്രമായ പരിശീലനം ആവശ്യമാണ്. ഒരു ക്രിസ്‌തീയ മൂപ്പനായിരുന്ന തിമൊഥെയൊസിനെ പൗലൊസ് ഇപ്രകാരം ബുദ്ധിയുപദേശിച്ചു: “ദൈവഭക്‌തിയിൽ പരിശീലനം നേടുക.” (1 തിമൊഥെയൊസ് 4:7, പി.ഒ.സി. ബൈബിൾ) ഒരു ക്രിസ്‌തീയ “കായിക താര”ത്തിന്റെ പരിശീലകൻ ആരാണ്? അതു യഹോവയല്ലാതെ മറ്റാരുമല്ല! അപ്പൊസ്‌തലനായ പത്രൊസ് പിൻവരുന്ന പ്രകാരം എഴുതി: ‘സകല അനർഹദയയുടെയും ദൈവംതന്നെ നിങ്ങളുടെ പരിശീലനം പൂർത്തിയാക്കുകയും നിങ്ങളെ ഉറപ്പിക്കുകയും നിങ്ങളെ ശക്തീകരിക്കുകയും ചെയ്യും.’—1 പത്രൊസ് 5:10, NW.
‘നിങ്ങളുടെ പരിശീലനം പൂർത്തിയാക്കും’ എന്ന പദപ്രയോഗം, “ഒരു വസ്‌തുവിനെ [അല്ലെങ്കിൽ വ്യക്തിയെ] അതിന്റെ ഉദ്ദേശ്യത്തിനു സജ്ജമാക്കിത്തീർക്കുക, ഉപയോഗത്തിനായി അതിനെ തയ്യാറാക്കുകയും അനുയോജ്യമാക്കുകയും ചെയ്യുക” എന്നീ അടിസ്ഥാന അർഥങ്ങളുള്ള ഒരു ഗ്രീക്കു ക്രിയയിൽനിന്നാണു വന്നിരിക്കുന്നത് എന്നു പുതിയനിയമത്തിന്റെ ദൈവശാസ്‌ത്ര നിഘണ്ടു (ഇംഗ്ലീഷ്) പറയുന്നു. സമാനമായി, ഈ ക്രിയാപദത്തെ “തയ്യാറാക്കുക, പരിശീലിപ്പിക്കുക, പൂർണമായി സജ്ജമാക്കുക” എന്നെല്ലാം നിർവചിക്കാവുന്നതാണെന്ന് ലിഡ്‌ലിന്റെയും സ്‌കോട്ടിന്റെയും ഗ്രീക്ക്-ഇംഗ്ലീഷ് ലക്‌സിക്കൻ അഭിപ്രായപ്പെടുന്നു. ശ്രമകരമായ ക്രിസ്‌തീയ ഓട്ടത്തിനായി യഹോവ നമ്മെ ഏതു വിധങ്ങളിലാണ് ‘തയ്യാറാക്കുകയും പരിശീലിപ്പിക്കുകയും പൂർണമായി സജ്ജരാക്കുകയും’ ചെയ്യുന്നത്? ഈ താരതമ്യം മനസ്സിലാക്കുന്നതിന്, പരിശീലകർ അവലംബിച്ചിരുന്ന ചില രീതികളെ കുറിച്ചു നമുക്കിപ്പോൾ പരിചിന്തിക്കാം.
പുരാതന ഗ്രീസിലെ ഒളിമ്പിക് മത്സരങ്ങൾ (ഇംഗ്ലീഷ്) എന്ന ഗ്രന്ഥം പറയുന്നു: “യുവവ്യക്തികൾക്കു പരിശീലനം നൽകിയിരുന്നവർ അടിസ്ഥാനപരമായി രണ്ടു രീതികൾ അവലംബിച്ചിരുന്നു. ആദ്യത്തേത്, ഏറ്റവും നല്ല പ്രകടനം കാഴ്‌ച വെക്കത്തക്ക രീതിയിൽ കഴിവിന്റെ പരമാവധി കായിക ശ്രമം നടത്താൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു. അയാളുടെ പ്രവർത്തനവിധവും രീതിയും മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നു രണ്ടാമത്തേത്.”
സമാനമായി യഹോവ, നമ്മുടെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്താനും അവന്റെ സേവനത്തിലുള്ള നമ്മുടെ വൈദഗ്‌ധ്യങ്ങൾ അഭിവൃദ്ധിപ്പെടുത്താനുമായി നമ്മെ പ്രോത്സാഹിപ്പിക്കുകയും ശക്തീകരിക്കുകയും ചെയ്യുന്നു. ബൈബിളിലൂടെയും തന്റെ ഭൗമിക സംഘടനയിലൂടെയും പക്വതയുള്ള സഹക്രിസ്‌ത്യാനികളിലൂടെയും ദൈവം നമ്മെ ഊർജസ്വലരാക്കുന്നു. ചിലപ്പോൾ ശിക്ഷണത്തിലൂടെ അവൻ നമ്മെ പരിശീലിപ്പിക്കുന്നു. (എബ്രായർ 12:6) മറ്റു ചിലപ്പോൾ, നമ്മെ സഹിഷ്‌ണുത ഉള്ളവരാക്കിത്തീർക്കാൻ, പല വിധങ്ങളിലുള്ള പരിശോധനകളും ബുദ്ധിമുട്ടുകളും നമ്മുടെമേൽ വരാൻ അവൻ അനുവദിച്ചേക്കാം. (യാക്കോബ് 1:2-4) മാത്രമല്ല, അവൻ ആവശ്യമായ ശക്തി പകർന്നുതരുകയും ചെയ്യുന്നു. അതേക്കുറിച്ച് യെശയ്യാവു പറയുന്നു: “എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.”—യെശയ്യാവു 40:31.
സർവോപരി, തന്റെ പരിശുദ്ധാത്മാവിനെ അവൻ നമുക്കു സമൃദ്ധമായി നൽകുന്നു. ദൈവത്തിനു സ്വീകാര്യമായ വിശുദ്ധ സേവനം അർപ്പിക്കുന്നതിൽ തുടരാൻ ആ ആത്മാവ് നമ്മെ ശക്തീകരിക്കുന്നു. (ലൂക്കൊസ് 11:13) ദൈവത്തിന്റെ അനേകം ദാസന്മാർ വിശ്വാസത്തിന്റെ കഠിന പരിശോധനകൾ ദീർഘകാലം സഹിച്ചുനിന്നിട്ടുണ്ട്. അവർ എല്ലാവരും നമ്മെപ്പോലെയുള്ള സാധാരണ സ്‌ത്രീപുരുഷന്മാർ ആണ്. എന്നാൽ ദൈവത്തിലുള്ള പൂർണ ആശ്രയം, സഹിച്ചുനിൽക്കാൻ അവരെ പ്രാപ്‌തരാക്കി. അതേ, ‘സാധാരണയിൽ കവിഞ്ഞ ഈ ശക്തി അവരിൽനിന്നുതന്നെ ഉള്ളതല്ല, പിന്നെയോ ദൈവത്തിന്റേത് ആണ്.’—2 കൊരിന്ത്യർ 4:7, NW.
സഹാനുഭൂതിയുള്ള പരിശീലകൻ
പുരാതന കാലത്തെ പരിശീലകന്റെ ഒരു പ്രധാനവേല “ഓരോ കായികതാരത്തിനും ഏതു കായികരംഗമാണു യോജിച്ചത് എന്നും അയാൾക്ക് ഏതുതരം പരിശീലനം എത്രത്തോളം വേണം എന്നും നിർണയിക്കുക ആയിരുന്നു” എന്ന് ഒരു പണ്ഡിതൻ പറയുന്നു. ദൈവം നമ്മെ പരിശീലിപ്പിക്കുമ്പോൾ, നമ്മുടെ വ്യക്തിപരമായ സാഹചര്യങ്ങളും കഴിവുകളും ഗുണങ്ങളും പരിമിതികളും കണക്കിലെടുക്കുന്നു. യഹോവ നമ്മെ പരിശീലിപ്പിക്കുന്ന മിക്ക സമയങ്ങളിലും നാം ഇയ്യോബിനെപ്പോലെ അവനോട് അപേക്ഷിക്കുന്നു: “നീ എന്നെ കളിമണ്ണുകൊണ്ടെന്നപോലെ മനഞ്ഞു എന്നോർക്കേണമേ.” (ഇയ്യോബ് 10:9) സഹാനുഭൂതിയുള്ള നമ്മുടെ പരിശീലകൻ എപ്രകാരമാണു പ്രതികരിക്കുന്നത്? യഹോവയെ കുറിച്ച് ദാവീദ് എഴുതി: “അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.”—സങ്കീർത്തനം 103:14.
ശുശ്രൂഷയിലെ നിങ്ങളുടെ പങ്കിനെ പരിമിതപ്പെടുത്തുന്ന ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നം നിങ്ങൾക്കുണ്ടായിരിക്കാം. അല്ലെങ്കിൽ വിലകെട്ടവനാണെന്ന തോന്നലുമായി നിങ്ങൾ മല്ലിടുകയായിരിക്കാം. ഒരുപക്ഷേ, മോശമായ ഏതെങ്കിലും ശീലം നിറുത്താൻ നിങ്ങൾ കഠിനമായി ശ്രമിക്കുകയായിരിക്കാം, അല്ലെങ്കിൽ അയൽക്കാരിൽനിന്നോ സഹജോലിക്കാരിൽനിന്നോ സഹപാഠികളിൽനിന്നോ ഉള്ള സമ്മർദത്തെ ധൈര്യപൂർവം നേരിടാൻ നിങ്ങൾക്കാവുന്നില്ലെന്ന ചിന്ത നിങ്ങളെ അലട്ടുകയായിരിക്കാം. നിങ്ങളുടെ സാഹചര്യങ്ങൾ എന്തായിരുന്നാലും, മറ്റാരെക്കാളും—നിങ്ങളെക്കാൾ പോലും—മെച്ചമായി നിങ്ങളുടെ പ്രശ്‌നങ്ങൾ യഹോവ മനസ്സിലാക്കുന്നുണ്ട് എന്ന് എപ്പോഴും ഓർക്കുക! നമ്മിൽ തത്‌പരനായ ഒരു പരിശീലകൻ എന്ന നിലയിൽ, അവനോട് അടുത്തുചെല്ലുന്ന പക്ഷം നമ്മെ സഹായിക്കാൻ അവൻ സദാ ഒരുക്കമുള്ളവനാണ്.—യാക്കോബ് 4:8.
“പരിശീലനം നിമിത്തമുള്ളതല്ലാതെ—മാനസിക കാരണങ്ങളാലും
അസ്വസ്ഥതകളാലും വിഷാദത്താലും മറ്റും—ഉണ്ടാകുന്ന ക്ഷീണവും തളർച്ചയും മനസ്സിലാക്കാൻ” പുരാതന കാലത്തെ പരിശീലകർക്കു “സാധിച്ചിരുന്നു. . . കായികതാരങ്ങളുടെ സ്വകാര്യ ജീവിതം പരിശോധിക്കാനും ആവശ്യമെങ്കിൽ അതിൽ ഇടപെടാനും പോലും സാധിക്കത്തക്കവിധം അത്ര വിശാലമായിരുന്നു [പരിശീലകരുടെ] അധികാര പരിധി.”ഈ ലോകത്തിൽനിന്നുള്ള തുടർച്ചയായ പ്രലോഭനങ്ങളും സമ്മർദങ്ങളും നിമിത്തം ക്ഷീണിതനോ ബലഹീനനോ ആയിത്തീർന്നിരിക്കുന്നതായി നിങ്ങൾക്കു ചിലപ്പോഴൊക്കെ തോന്നാറുണ്ടോ? നിങ്ങളുടെ പരിശീലകനായ യഹോവ നിങ്ങളിൽ അതീവ തത്‌പരനാണ്. (1 പത്രൊസ് 5:7) നിങ്ങൾക്കുണ്ടാകുന്ന ഏതൊരു ആത്മീയ ക്ഷീണത്തിന്റെയും ബലഹീനതയുടെയും ലക്ഷണം അവൻ പെട്ടെന്നുതന്നെ മനസ്സിലാക്കുന്നു. നമ്മുടെ സ്വതന്ത്ര ഇച്ഛാശക്തിയെയും വ്യക്തിപരമായ തിരഞ്ഞെടുപ്പിനെയും യഹോവ മാനിക്കുന്നെങ്കിലും, നമ്മുടെ നിത്യ ക്ഷേമത്തിലുള്ള താത്‌പര്യം നിമിത്തം ആവശ്യമായി വരുമ്പോൾ അവൻ വേണ്ട സഹായവും തിരുത്തലും നമുക്കു നൽകുന്നു. (യെശയ്യാവു 30:21) ഏതു വിധത്തിൽ? ബൈബിളിലൂടെയും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളിലൂടെയും സഭയിലെ ആത്മീയ മൂപ്പന്മാരിലൂടെയും സ്‌നേഹനിർഭരരായ നമ്മുടെ സഹോദരവർഗത്തിലൂടെയും.
“സകല കാര്യങ്ങളിലും ആത്മനിയന്ത്രണം”
വിജയിക്കുന്നതിന് തീർച്ചയായും ഒരു നല്ല പരിശീലകൻ ഉണ്ടായിരിക്കുന്നതിലധികം ആവശ്യമായിരുന്നു. അത് ഏറിയപങ്കും ആശ്രയിച്ചിരുന്നത്, കായികതാരത്തെയും കഠിന പരിശീലനത്തോടുള്ള അയാളുടെ പ്രതിബദ്ധതയെയും ആയിരുന്നു. ആരോഗ്യ സംരക്ഷണ നിയമങ്ങൾ അതീവ കർക്കശമായിരുന്നു—ലൈംഗികത, മദ്യം എന്നിവ പോലുള്ള കാര്യങ്ങളിൽനിന്നു വിട്ടുനിൽക്കേണ്ടതും പ്രത്യേക ഭക്ഷണക്രമം പാലിക്കേണ്ടതും പരിശീലനത്തിന്റെ ഭാഗമായിരുന്നു. “ആഗ്രഹിച്ച ലക്ഷ്യത്തിൽ എത്തിച്ചേരാൻ” കായികതാരങ്ങൾ “സ്‌ത്രീകളെയും വീഞ്ഞിനെയും പൂർണമായും വർജിച്ചിരുന്ന”തായി പൊ.യു.മു. ഒന്നാം നൂറ്റാണ്ടിലെ ഹോറെസ് എന്ന കവി പറയുന്നു. കായികതാരങ്ങൾ “പത്തു മാസത്തേക്ക് . . . ആത്മനിയന്ത്രണവും ആരോഗ്യദായകമായ പ്രത്യേക ഭക്ഷണക്രമവും” പാലിക്കണമായിരുന്നു എന്ന് ബൈബിൾ പണ്ഡിതനായ എഫ്. സി. കുക്ക് അഭിപ്രായപ്പെടുന്നു.
കൊരിന്ത് നഗരത്തിന് അടുത്തു നടന്നിരുന്ന ഇസ്‌ത്‌മിയൻ കളികളെ കുറിച്ചു നന്നായി അറിയാമായിരുന്ന അവിടത്തെ ക്രിസ്‌ത്യാനികൾക്ക് എഴുതിയപ്പോൾ പൗലൊസ് പിൻവരുന്ന താരതമ്യം ഉപയോഗിച്ചു: “മത്സരത്തിൽ പങ്കെടുക്കുന്ന ഏതു മനുഷ്യനും സകല കാര്യങ്ങളിലും ആത്മനിയന്ത്രണം പാലിക്കുന്നു.” (1 കൊരിന്ത്യർ 9:25, NW) അതുകൊണ്ട് സത്യക്രിസ്‌ത്യാനികൾ ഈ ലോകത്തിന്റെ ഭൗതികാസക്തവും അധാർമികവും അശുദ്ധവുമായ ജീവിതരീതികൾ ഒഴിവാക്കുന്നു. (എഫെസ്യർ 5:3-5; 1 യോഹന്നാൻ 2:15-17) അഭക്തവും തിരുവെഴുത്തു വിരുദ്ധവുമായ സ്വഭാവവിശേഷങ്ങൾ ഉരിഞ്ഞുകളഞ്ഞ് ക്രിസ്‌തുസമാന ഗുണങ്ങൾ ധരിക്കേണ്ടതും ആവശ്യമാണ്.—കൊലൊസ്സ്യർ 3:9, 10, 12.
അത് എങ്ങനെ ചെയ്യാൻ സാധിക്കും? ശക്തമായ ഒരു ദൃഷ്ടാന്തത്തിലൂടെ പൗലൊസ് നൽകുന്ന ഉത്തരം ശ്രദ്ധിക്കുക: “മററുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻ തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു.”—1 കൊരിന്ത്യർ 9:27.
എത്ര ശക്തമായ ഒരു പ്രസ്‌താവനയാണു പൗലൊസ് നടത്തിയത്! ശാരീരികമായി സ്വയം ദണ്ഡിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നില്ല അവൻ. പകരം, തനിക്കുതന്നെ ആന്തരിക സംഘട്ടനങ്ങൾ ഉണ്ടെന്ന് അവൻ സമ്മതിക്കുകയായിരുന്നു. പലപ്പോഴും, ചെയ്യരുതെന്ന് ആഗ്രഹിച്ച കാര്യങ്ങൾ അവൻ ചെയ്യുകയും ചെയ്യണമെന്ന് ആഗ്രഹിച്ചവ ചെയ്യാതിരിക്കുകയും ചെയ്‌തു. എന്നാൽ സ്വന്ത ബലഹീനത തന്റെമേൽ ഒരിക്കലും അധീശത്വം പുലർത്താതിരിക്കാനായി അവൻ പോരാടി. ജഡിക ആഗ്രഹങ്ങളെയും ചായ്‌വുകളെയും ശക്തമായി കീഴടക്കിക്കൊണ്ട് അവൻ ‘തന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു.’—റോമർ 7:21-25.
എല്ലാ ക്രിസ്‌ത്യാനികളും അതുപോലെ ആയിരിക്കണം. മുമ്പ് പരസംഗം, വിഗ്രഹാരാധന, സ്വവർഗസംഭോഗം, മോഷണം തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെട്ടിരുന്ന കൊരിന്തിലെ ചിലർ വരുത്തിയ മാറ്റങ്ങളെ കുറിച്ചു പൗലൊസ് പറയുകയുണ്ടായി. മാറ്റങ്ങൾ വരുത്താൻ അവരെ സഹായിച്ചത് എന്താണ്? ദൈവവചനത്തിന്റെ ശക്തിയും പരിശുദ്ധാത്മാവും ഒപ്പം അതിനോട് അനുരൂപപ്പെടാനുള്ള അവരുടെ നിശ്ചയദാർഢ്യവും. പൗലൊസ് പറഞ്ഞു: “എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്‌തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.” (1 കൊരിന്ത്യർ 6:9-11) അത്തരം ദുശ്ശീലങ്ങൾ ഉപേക്ഷിച്ചവരെ കുറിച്ച് പത്രൊസും സമാനമായ വിധത്തിൽ എഴുതി. ക്രിസ്‌ത്യാനികൾ എന്ന നിലയിൽ അവരെല്ലാം യഥാർഥ മാറ്റങ്ങൾ വരുത്തിയിരുന്നു—1 പത്രൊസ് 4:3, 4.
ലക്ഷ്യം പിഴയ്‌ക്കാതെയുള്ള ശ്രമങ്ങൾ
ആത്മീയ ലാക്കുകൾ പിന്തുടരുന്നതിലെ തന്റെ ഏകാഗ്രതയെയും വ്യക്തമായ ലക്ഷ്യങ്ങളെയും കുറിച്ച് പൗലൊസ് പിൻവരുന്ന വിധം ദൃഷ്ടാന്തീകരിച്ചു: “ഞാൻ മുഷ്‌ടിപ്രയോഗം നടത്തുന്നത് വായുവിൽ പ്രഹരിക്കുന്നതുപോലെയല്ല.” (1 കൊരിന്ത്യർ 9:26, പി.ഒ.സി. ബൈബിൾ) മുഷ്ടിയുദ്ധത്തിൽ ഒരുവൻ എതിരാളിക്കെതിരെ മുഷ്ടിപ്രയോഗം നടത്തുന്നത് എങ്ങനെയാണ്? ഗ്രീക്കുകാരുടെയും റോമാക്കാരുടെയും ജീവിതം (ഇംഗ്ലീഷ്) എന്ന ഗ്രന്ഥം ഉത്തരം നൽകുന്നു: “ആക്രമിക്കാനുള്ള കരുത്ത് മാത്രമല്ല പ്രതിയോഗിയുടെ ബലഹീന ഭാഗങ്ങൾ മനസ്സിലാക്കാനുള്ള സൂക്ഷ്‌മ നിരീക്ഷണവും ആവശ്യമായിരുന്നു. അതുപോലെതന്നെ ഗുസ്‌തിപരിശീലന സ്‌കൂളിൽനിന്നു പഠിച്ച ചില പ്രഹര വിദ്യകൾ പ്രയോഗിക്കുന്നതും മിന്നൽവേഗത്തിൽ പ്രതിയോഗിയെ കീഴ്‌പെടുത്തുന്നതും വളരെ പ്രധാനമായിരുന്നു.”
അപൂർണ ജഡമാണ് നമ്മുടെ പ്രതിയോഗികളിൽ ഒന്ന്. നമ്മുടെ “ബലഹീന ഭാഗങ്ങൾ” നാം തിരിച്ചറിഞ്ഞിട്ടുണ്ടോ? മറ്റുള്ളവർ നമ്മെ കാണുന്നതുപോലെ—പ്രത്യേകിച്ച് സാത്താൻ നമ്മെ കണ്ടേക്കാവുന്നതുപോലെ—നമ്മെത്തന്നെ കാണാൻ നാം തയ്യാറാണോ? അതിന്, നമ്മെത്തന്നെ സത്യസന്ധമായി അപഗ്രഥിക്കേണ്ടതുണ്ട്, മാറ്റങ്ങൾ വരുത്താനുള്ള മനസ്സൊരുക്കവും വേണം. കാരണം, എളുപ്പത്തിൽ സ്വയം വഞ്ചിക്കപ്പെട്ടേക്കാം. (യാക്കോബ് 1:22) ബുദ്ധിപൂർവകമല്ലാത്ത ഒരു പ്രവർത്തനഗതിയെ ന്യായീകരിക്കുക എത്ര എളുപ്പമാണ്! (1 ശമൂവേൽ 15:13-15, 20, 21) ‘വായുവിൽ പ്രഹരിക്കുന്നതിന്’ സമാനമാണ് അത്.
ഈ അന്ത്യനാളുകളിൽ യഹോവയെ പ്രീതിപ്പെടുത്താനും ജീവൻ നേടാനും ആഗ്രഹിക്കുന്നവർ ശരിയും തെറ്റും സംബന്ധിച്ചും ദൈവത്തിന്റെ സഭയും ദുഷിച്ച ഈ ലോകവും സംബന്ധിച്ചും തിരഞ്ഞെടുപ്പ് നടത്താൻ മടിക്കരുത്. ‘തങ്ങളുടെ വഴികളിൽ ഒക്കെയും അസ്ഥിരർ ആയിത്തീർന്നുകൊണ്ട്,’ ചഞ്ചലരാകുന്നത് അവർ ഒഴിവാക്കണം. (യാക്കോബ് 1:8) നിഷ്‌ഫല കാര്യങ്ങൾക്കായി അവർ തങ്ങളുടെ ശ്രമങ്ങൾ പാഴാക്കരുത്. ഒരു വ്യക്തി നേരായ, ഏകാഗ്രമായ ഈ ഗതിയിലൂടെ ചരിക്കുമ്പോൾ, അയാൾ സന്തുഷ്ടനായിരിക്കും, അയാളുടെ അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരുകയും ചെയ്യും.—1 തിമൊഥെയൊസ് 4:15.
അതേ, ക്രിസ്‌തീയ ഓട്ടം തുടരുകയാണ്. വലിയ പരിശീലകനായ യഹോവയാം ദൈവം, സഹിച്ചുനിൽക്കുന്നതിനും വിജയിക്കുന്നതിനും ആവശ്യമായ നിർദേശങ്ങളും സഹായങ്ങളും സ്‌നേഹപുരസ്സരം നമുക്കു പ്രദാനം ചെയ്യുന്നു. (യെശയ്യാവു 48:17) പുരാതന കാലത്തെ കായികതാരങ്ങളെപ്പോലെ, വിശ്വാസത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ നാം ആത്മശിക്ഷണവും ആത്മനിയന്ത്രണവും ഏകാഗ്രതയും വളർത്തിയെടുക്കേണ്ടതുണ്ട്. നല്ല ലക്ഷ്യത്തോടെയുള്ള നമ്മുടെ ശ്രമങ്ങൾക്ക് സമൃദ്ധമായ പ്രതിഫലം ലഭിക്കും.—എബ്രായർ 11:6.
[31-ാം പേജിലെ ചതുരം]
‘അവനെ എണ്ണ പൂശുക’
പുരാതന ഗ്രീസിലെ കായിക പരിശീലനത്തിൽ തൈലലേപനം ചെയ്യുന്നയാൾ ഒരു പങ്കുവഹിച്ചിരുന്നു. പരിശീലനത്തിനു മുമ്പ് കായികതാരങ്ങളുടെ ശരീരത്തിൽ എണ്ണ തേയ്‌ക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജോലി. “പരിശീലനത്തിനു മുമ്പ് പേശികൾ വേണ്ടവിധത്തിൽ തിരുമ്മുന്നതു പ്രയോജനകരമാണെന്നും ദീർഘനേരത്തെ പരിശീലനത്തിനു ശേഷം ശരീരം തണുപ്പിക്കുന്നതിനും പൂർവസ്ഥിതി പ്രാപിക്കുന്നതിനും ശ്രദ്ധയോടെയുള്ള, മൃദുവായ തിരുമ്മൽ കായികതാരത്തെ സഹായിക്കുമെന്നും” പരിശീലകർ “മനസ്സിലാക്കിയിരുന്ന”തായി പുരാതന ഗ്രീസിലെ ഒളിമ്പിക് മത്സരങ്ങൾ എന്ന ഗ്രന്ഥം പറയുന്നു.
അക്ഷരീയ എണ്ണ പുരട്ടുന്നത് ഒരുവന്റെ ശരീരത്തെ കുളിർപ്പിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നതുപോലെ, ക്ഷീണിതനായ ഒരു ക്രിസ്‌തീയ “കായികതാരത്തെ” തിരുത്താനും ആശ്വസിപ്പിക്കാനും സൗഖ്യമാക്കാനും ദൈവവചനത്തിനു കഴിയും. അതുകൊണ്ട്, യഹോവയുടെ മാർഗനിർദേശത്തിൻ കീഴിൽ ആലങ്കാരികമായി ‘യഹോവയുടെ നാമത്തിൽ എണ്ണ പൂശി’ അത്തരമൊരു വ്യക്തിക്കുവേണ്ടി പ്രാർഥിക്കാൻ സഭയിലെ പ്രായമേറിയ പുരുഷന്മാർ ബുദ്ധിയുപദേശിക്കപ്പെട്ടിരിക്കുന്നു. ഇത് ആത്മീയ ആരോഗ്യം വീണ്ടെടുക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു.—യാക്കോബ് 5:13-15, NW; സങ്കീർത്തനം 141:5.
[31-ാം പേജിലെ ചിത്രം]
ഒരു ബലിയെ തുടർന്ന്, തങ്ങൾ പത്തു മാസത്തെ പരിശീലനം പൂർത്തിയാക്കിയെന്ന് കായികതാരങ്ങൾ ആണയിട്ടിരുന്നു
[കടപ്പാട്]
Musée du Louvre, Paris
[29-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Copyright British Museum