പ്രതിസന്ധിയുടെ സമയങ്ങളിൽ ആശ്വാസം
പ്രതിസന്ധിയുടെ സമയങ്ങളിൽ ആശ്വാസം
ഈനാളുകളിലെ വാർത്തകൾ ഒട്ടും ആശ്വാസകരമല്ല. ഒരു വ്യക്തി ഇങ്ങനെ എഴുതി: “ഇപ്പോഴത്തെ സംഭവങ്ങൾ അങ്ങേയറ്റം ദാരുണമായിരിക്കുന്നതിനാൽ, ആറു മണിക്കുള്ള വാർത്ത കേൾക്കാൻതക്ക ധൈര്യം നമുക്കുണ്ടോ എന്നു തീരുമാനിക്കാൻ നമുക്കു മിക്കപ്പോഴും കഴിയുന്നില്ല.” യുദ്ധം, ഭീകരപ്രവർത്തനം, യാതന, കുറ്റകൃത്യം, രോഗങ്ങൾ എന്നിവയാൽ ലോകം നിറഞ്ഞിരിക്കുകയാണ്. ഇന്നല്ലെങ്കിൽ നാളെ അവ നമ്മെയും ബാധിക്കും.
ഈ അവസ്ഥ ബൈബിൾ കൃത്യമായി മുൻകൂട്ടി പറഞ്ഞു. നമ്മുടെ കാലത്തെ കുറിച്ചു വിവരിച്ചപ്പോൾ, യുദ്ധവും ഭക്ഷ്യക്ഷാമവും ഭൂകമ്പങ്ങളും ഉണ്ടായിരിക്കുമെന്ന് യേശു പറഞ്ഞു. (ലൂക്കൊസ് 21:10, 11) സമാനമായി ‘ഇടപെടാൻ പ്രയാസമായ ദുർഘടസമയങ്ങ’ളെ കുറിച്ചും അപ്പോൾ ആളുകൾ ഉഗ്രന്മാരും പണസ്‌നേഹികളും നന്മപ്രിയം ഇല്ലാത്തവരും ആയിരിക്കുന്നതിനെ കുറിച്ചും പൗലൊസ് അപ്പൊസ്‌തലൻ പറഞ്ഞു. അവൻ ആ കാലഘട്ടത്തെ “അന്ത്യനാളുകൾ” എന്നാണു വിളിച്ചത്.—2 തിമൊഥെയൊസ് 3:1-5, NW.
അതിനാൽ ലോകാവസ്ഥകൾ വിവരിക്കുമ്പോൾ, ബൈബിൾ മുൻകൂട്ടി പറഞ്ഞിരിക്കുന്നതുമായി ഇന്നത്തെ വാർത്തകൾക്കു സമാനത ഉള്ളതായി കാണാൻ കഴിയും. എന്നാൽ സമാനത അവിടംകൊണ്ട് അവസാനിക്കുന്നു. കാരണം, വാർത്തകൾ നൽകാത്ത ഒരു വീക്ഷണം ബൈബിൾ നൽകുന്നു. ഇന്നു വളരെയധികം തിന്മ ഉള്ളത് എന്തുകൊണ്ടെന്നും ഭാവി എന്തായിരിക്കുമെന്നും ദൈവത്തിന്റെ നിശ്വസ്‌ത വചനത്തിലൂടെ നമുക്കു മനസ്സിലാക്കാൻ കഴിയും.
ദൈവം ദുഷ്ടതയെ എങ്ങനെ വീക്ഷിക്കുന്നു?
നമ്മുടെ നാളിലെ അരിഷ്ടതകളെ ദൈവം എങ്ങനെ വീക്ഷിക്കുന്നു എന്നു ബൈബിൾ വിശദീകരിക്കുന്നു. 1 യോഹന്നാൻ 4:8) യഹോവ മനുഷ്യർക്കായി വളരെയധികം കരുതുകയും എല്ലാത്തരം അശുദ്ധിയെയും വെറുക്കുകയും ചെയ്യുന്നു. ഉചിതമായിത്തന്നെ, നമുക്ക് ആശ്വാസത്തിനായി ദൈവത്തിങ്കലേക്കു തിരിയാവുന്നതാണ്. കാരണം, അവൻ നല്ലവനും അനുകമ്പയുള്ളവനും ആണ്. മാത്രമല്ല, അവനു ഭൂമിയിൽനിന്നു തിന്മ തുടച്ചുനീക്കാനുള്ള പ്രാപ്‌തിയും മനസ്സുമുണ്ട്. സങ്കീർത്തനക്കാരൻ എഴുതി: “അവൻ [ദൈവത്തിന്റെ നിയുക്ത സ്വർഗീയ രാജാവ്] നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.”—സങ്കീർത്തനം 72:12-14.
ഇപ്പോൾ നിലവിലിരിക്കുന്ന കുഴപ്പങ്ങൾ അവൻ മുൻകൂട്ടി കണ്ടതാണെങ്കിലും, അവൻ അവയെ അംഗീകരിക്കുകയോ അനിശ്ചിത കാലത്തോളം തുടരാൻ അനുവദിക്കുകയോ ചെയ്യുന്നില്ല. “ദൈവം സ്‌നേഹം തന്നേ” എന്നു യോഹന്നാൻ അപ്പൊസ്‌തലൻ എഴുതി. (കഷ്ടപ്പാട് അനുഭവിക്കുന്നവരോടു നിങ്ങൾക്കു സഹതാപം തോന്നാറുണ്ടോ? ഒരുപക്ഷേ ഉണ്ടായിരിക്കാം. യഹോവ നമ്മിൽ വെച്ചിരിക്കുന്ന ഒരു ഗുണമാണു സഹാനുഭൂതി. കാരണം, നാം അവന്റെ സ്വരൂപത്തിലാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. (ഉല്‌പത്തി 1:26, 27) അതുകൊണ്ട് മനുഷ്യന്റെ കഷ്ടപ്പാടുകൾക്കു നേരെ യഹോവ കണ്ണടയ്‌ക്കുന്നില്ല എന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. മറ്റാരെക്കാളും യഹോവയെ അടുത്തറിഞ്ഞ യേശു, യഹോവ നമ്മിൽ അതീവ തത്‌പരനാണെന്നും ആർദ്രദയ നിറഞ്ഞവനാണെന്നും പഠിപ്പിച്ചു.—മത്തായി 10:29, 31.
ദൈവം മനുഷ്യവർഗത്തിനായി കരുതുന്നുവെന്നതിനു സൃഷ്ടിതന്നെ സാക്ഷ്യം വഹിക്കുന്നു. ദൈവം “ദുഷ്ടൻമാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാൻമാരുടെമേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കയും ചെയ്യുന്നു” എന്ന് യേശു പറഞ്ഞു. (മത്തായി 5:45) ലുസ്‌ത്ര നഗരത്തിലെ ജനങ്ങളോടു പൗലൊസ് അപ്പൊസ്‌തലൻ പറഞ്ഞു: “അവൻ [ദൈവം] നന്മചെയ്‌കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു തരികയും ആഹാരവും സന്തോഷവും നല്‌കി നിങ്ങളെ തൃപ്‌തരാക്കുകയും ചെയ്‌തുപോന്നതിനാൽ തന്നെക്കുറിച്ചു സാക്ഷ്യം തരാതിരുന്നിട്ടില്ല.”—പ്രവൃത്തികൾ 14:17.
ആരാണ് ഉത്തരവാദി?
ലുസ്‌ത്രയിലെ ആളുകളോട് പൗലൊസ് ഇങ്ങനെയും പറഞ്ഞു എന്നതു ശ്രദ്ധേയമാണ്: “കഴിഞ്ഞ കാലങ്ങളിൽ [ദൈവം] സകലജാതികളെയും സ്വന്ത വഴികളിൽ നടപ്പാൻ സമ്മതിച്ചു.” അതിനാൽ, ജനതകൾ—അല്ലെങ്കിൽ ജനങ്ങൾതന്നെ—ആണ് തങ്ങൾ ആയിരിക്കുന്ന ദുരവസ്ഥകൾക്കു വലിയ ഒരു അളവുവരെ ഉത്തരവാദികൾ, അല്ലാതെ ദൈവമല്ല കുറ്റക്കാരൻ.—പ്രവൃത്തികൾ 14:16.
എന്തുകൊണ്ടാണ് മോശമായ കാര്യങ്ങൾ സംഭവിക്കാൻ യഹോവ അനുവദിക്കുന്നത്? അവൻ അതു സംബന്ധിച്ച് എന്തെങ്കിലും ചെയ്യുമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ദൈവവചനത്തിൽ മാത്രമേ കണ്ടെത്താൻ സാധിക്കൂ. കാരണം, ആ ഉത്തരം മറ്റൊരു ആത്മജീവിയോടും അദൃശ്യ ആത്മ മണ്ഡലത്തിൽ അവൻ ഉന്നയിച്ച വിവാദവിഷയത്തോടും അടുത്തു ബന്ധപ്പെട്ടിരിക്കുന്നു.
[4-ാം പേജിലെ ചിത്രങ്ങൾ]
മനുഷ്യർക്കു സഹാനുഭൂതി ഉണ്ട്. അങ്ങനെയെങ്കിൽ മനുഷ്യന്റെ കഷ്ടപ്പാടുകളോട് അതിൽ കുറഞ്ഞ സഹാനുഭൂതിയാണോ ദൈവത്തിനുള്ളത്?
[2-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
കവർ: Tank: UN PHOTO 158181/J. Isaac; earthquake: San Hong R-C Picture Company
[3-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
മുകളിൽ ഇടത്ത്, ക്രൊയേഷ്യ: UN PHOTO 159208/S. വൈറ്റ്‌ഹൗസ്; പട്ടിണിക്കോലമായ ഒരു കുട്ടി: UN PHOTO 146150 BY O. MONSEN