യുദ്ധാനന്തര വികസനത്തിൽ പങ്കെടുക്കുന്നതിനുള്ള വിലപ്പെട്ട പദവി
ജീവിത കഥ
യുദ്ധാനന്തര വികസനത്തിൽ പങ്കെടുക്കുന്നതിനുള്ള വിലപ്പെട്ട പദവി
ഫിലിപ്പ് എസ്. ഹോഫ്‌മാൻ പറഞ്ഞപ്രകാരം
രണ്ടാം ലോകമഹായുദ്ധം 1945 മേയിൽ അവസാനിച്ചതേ ഉണ്ടായിരുന്നുള്ളൂ. ആ വർഷം ഡിസംബറിൽ, യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക പ്രസംഗ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്ന നേഥൻ എച്ച്. നോർ 25 വയസ്സുള്ള തന്റെ സെക്രട്ടറി മിൽട്ടൺ ജി. ഹെൻഷലുമൊത്ത് ഡെൻമാർക്ക് സന്ദർശിച്ചു. എല്ലാവരും ആകാംക്ഷയോടെ പ്രതീക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ സന്ദർശനത്തിനായി ഒരു വലിയ ഹാൾ വാടകയ്‌ക്ക് എടുത്തിരുന്നു. യുവാക്കളായ ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഹെൻഷൽ സഹോദരന്റെ പ്രസംഗം വിശേഷാൽ ആവേശകരമായിരുന്നു. ഞങ്ങളുടെ പ്രായം ഉണ്ടായിരുന്ന അദ്ദേഹം തിരഞ്ഞെടുത്ത വിഷയം “നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക” എന്നതായിരുന്നു.—സഭാപ്രസംഗി 12:1.
ആസന്ദർശനത്തിൽ, ആഗോള പ്രസംഗവേല പുരോഗമിപ്പിക്കുന്നതിന് ആവേശകരമായ കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഞങ്ങൾക്കും അതിൽ ഒരു പങ്കുണ്ടായിരിക്കാൻ കഴിയുമെന്നും ഞങ്ങൾ മനസ്സിലാക്കി. (മത്തായി 24:14) ഉദാഹരണത്തിന്, മിഷനറി വേലയ്‌ക്കായി യുവ സ്‌ത്രീപുരുഷന്മാരെ പരിശീലിപ്പിക്കുന്നതിന് ഐക്യനാടുകളിൽ ഒരു പുതിയ സ്‌കൂൾ ആരംഭിക്കുകയുണ്ടായി. ക്ഷണിക്കപ്പെട്ടാൽ ഞങ്ങൾക്ക് “ഒരു വൺ-വേ ടിക്കറ്റു മാത്രമേ” കിട്ടുകയുള്ളൂ എന്നും ഞങ്ങൾ എവിടെ നിയമിക്കപ്പെടുമെന്ന് അറിയില്ലെന്നും നോർ സഹോദരൻ ഊന്നിപ്പറഞ്ഞു. എന്നിട്ടും ഞങ്ങളിൽ ചിലർ അപേക്ഷ കൊടുത്തു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള എന്റെ അനുഭവങ്ങളെ കുറിച്ചു വിവരിക്കുന്നതിനു മുമ്പ്, 1919-ലെ എന്റെ ജനനത്തെ കുറിച്ച് പറയാം. എന്റെ ജീവിതത്തെ സ്വാധീനിച്ച പല സംഭവങ്ങൾ യുദ്ധത്തിനു മുമ്പും യുദ്ധകാലത്തും ഉണ്ടായി.
വഴിതെറ്റിയ ഒരാളിൽനിന്നു ബൈബിൾസത്യം
മൂത്ത കുട്ടിയായ എന്നെ ഗർഭം ധരിച്ചിരിക്കുമ്പോൾ, ജനിക്കുന്നത് ആൺകുട്ടി ആണെങ്കിൽ അവൻ ഒരു മിഷനറി ആയിത്തീരണമേ എന്ന് അമ്മ പ്രാർഥിച്ചു. അമ്മയുടെ സഹോദരൻ തോമസ്, ഒരു ബൈബിൾ വിദ്യാർഥി—അന്ന് യഹോവയുടെ സാക്ഷികൾ അങ്ങനെയാണു
വിളിക്കപ്പെട്ടിരുന്നത്—ആയിരുന്നു. എന്നാൽ കുടുംബാംഗങ്ങൾ അദ്ദേഹത്തെ വഴിതെറ്റിയ ഒരാളായാണു വീക്ഷിച്ചിരുന്നത്. ഞങ്ങളുടെ വീട് കോപ്പെൻഹേഗന് അടുത്തായിരുന്നു. ബൈബിൾ വിദ്യാർഥികൾക്ക് അവിടെ വാർഷിക കൺവെൻഷനുകൾ ഉള്ളപ്പോൾ അമ്മ കുറെ അകലെ താമസിച്ചിരുന്ന അദ്ദേഹത്തെ ഞങ്ങളോടൊപ്പം താമസിക്കാനായി വിളിക്കുമായിരുന്നു. 1930 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ വിസ്‌മയകരമായ ബൈബിൾ പാണ്ഡിത്യത്തിലും യുക്തിസഹമായ ന്യായവാദത്തിലും ബോധ്യം വന്ന അമ്മ ഒരു ബൈബിൾ വിദ്യാർഥി ആകാൻ തീരുമാനിച്ചു.അമ്മയ്‌ക്കു ബൈബിൾ വളരെ പ്രിയമായിരുന്നു. ആവർത്തനപുസ്‌തകം 6:7 പിൻപറ്റിക്കൊണ്ട് ‘അമ്മ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും’ എന്നെയും അനുജത്തിയെയും പഠിപ്പിച്ചു. കുറെ കാലം കഴിഞ്ഞപ്പോൾ ഞാൻ വീടുതോറുമുള്ള പ്രസംഗപ്രവർത്തനത്തിൽ പങ്കെടുക്കാൻ തുടങ്ങി. സഭകൾ പഠിപ്പിച്ചിരുന്ന അമർത്യാത്മാവ്, നരകാഗ്നി എന്നിങ്ങനെയുള്ള വിഷയങ്ങളെ കുറിച്ചു ചർച്ച ചെയ്യാൻ എനിക്കു വലിയ ഇഷ്ടമായിരുന്നു. അത്തരം പഠിപ്പിക്കലുകൾ തെറ്റാണെന്നു ബൈബിളിൽനിന്നു ഫലപ്രദമായി കാണിച്ചുകൊടുക്കാൻ എനിക്കു കഴിഞ്ഞിരുന്നു.—സങ്കീർത്തനം 146:3, 4; സഭാപ്രസംഗി 9:5, 10.
ഞങ്ങളുടെ കുടുംബം ഏകീകൃതമായിത്തീരുന്നു
1937-ൽ കോപ്പെൻഹേഗനിൽ നടന്ന കൺവെൻഷനു ശേഷം, യഹോവയുടെ സാക്ഷികളുടെ ഡെൻമാർക്ക് ബ്രാഞ്ച് ഓഫീസിലെ സാഹിത്യ ഡിപ്പോയിൽ താത്‌കാലികമായ സഹായം ആവശ്യമായിരുന്നു. ഒരു ബിസിനസ്സ് കോളെജിലെ പഠനം കഴിഞ്ഞു നിന്നിരുന്ന എനിക്ക് പ്രത്യേക ഉത്തരവാദിത്വങ്ങൾ ഒന്നുമില്ലായിരുന്നു. അതുകൊണ്ട് ഞാൻ ആ ഡിപ്പോയിൽ സഹായിക്കാമെന്ന് ഏറ്റു. ആ ഡിപ്പോയിലെ സേവനം കഴിഞ്ഞപ്പോൾ ബ്രാഞ്ച് ഓഫീസിൽ സഹായിക്കാൻ എന്നോട് ആവശ്യപ്പെട്ടു. പെട്ടെന്നുതന്നെ ഞാൻ വീട്ടിൽനിന്ന് കോപ്പെൻഹേഗനിലെ ബ്രാഞ്ചിലേക്കു താമസം മാറ്റി. എങ്കിലും അപ്പോൾ ഞാൻ സ്‌നാപനമേറ്റിരുന്നില്ല. പക്വതയുള്ള ക്രിസ്‌ത്യാനികളുമായുള്ള അനുദിന സഹവാസം ആത്മീയമായി പുരോഗമിക്കാൻ എന്നെ സഹായിച്ചു. പിറ്റേ വർഷം, അതായത് 1938 ജനുവരി 1-ന്, യഹോവയാം ദൈവത്തിനുള്ള സമർപ്പണത്തിന്റെ പ്രതീകമായി ഞാൻ സ്‌നാപനമേറ്റു.
1939 സെപ്‌റ്റംബറിൽ രണ്ടാം ലോകമഹായുദ്ധം തുടങ്ങി. തുടർന്ന്, 1940 ഏപ്രിൽ 9-ന് ജർമൻ സൈന്യങ്ങൾ ഡെൻമാർക്ക് കൈവശപ്പെടുത്തി. ഡെൻമാർക്കുകാർക്ക് ഗണ്യമായ അളവിലുള്ള വ്യക്തിഗത സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്നതിനാൽ, ഞങ്ങളുടെ പ്രസംഗപ്രവർത്തനം തുടരാൻ ഞങ്ങൾക്കു സാധിച്ചു.
തുടർന്ന് വിസ്‌മയകരമായ ഒരു കാര്യം സംഭവിച്ചു. പിതാവ് ഒരു സജീവ, വിശ്വസ്‌ത സാക്ഷി ആയിത്തീർന്നു. അങ്ങനെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും സത്യത്തിൽ ആയിരിക്കുന്നതിന്റെ സന്തോഷം അനുഭവിക്കാൻ ഞങ്ങൾക്കു സാധിച്ചു. തന്മൂലം മറ്റു നാലു ഡെൻമാർക്കുകാരോടൊപ്പം ഗിലെയാദ് സ്‌കൂളിന്റെ എട്ടാമത്തെ ക്ലാസ്സിൽ സംബന്ധിക്കുന്നതിന് എനിക്കു ക്ഷണം ലഭിച്ചപ്പോൾ ഞങ്ങളുടെ മുഴു കുടുംബവും സന്തോഷിച്ചു. 1946 സെപ്‌റ്റംബറിൽ തുടങ്ങിയ അഞ്ചു മാസത്തെ
ആ സ്‌കൂൾ കോഴ്‌സ് ന്യൂയോർക്ക് സംസ്ഥാനത്തെ സൗത്ത് ലാൻസിങ്ങിലുള്ള മനോഹരമായ ഒരു കാമ്പസിലാണ് നടത്തപ്പെട്ടത്.ഗിലെയാദും അനന്തര പരിശീലനവും
വളരെ മികച്ച നല്ല സുഹൃത്തുക്കളെ കണ്ടെത്തുന്നതിനുള്ള അവസരം ഗിലെയാദ് പ്രദാനം ചെയ്‌തു. ഒരു ദിവസം വൈകുന്നേരം ഇംഗ്ലണ്ടിൽ നിന്നുള്ള ഹാരൾഡ് കിങ്ങിനൊപ്പം കാമ്പസിൽ കൂടി നടക്കവേ, പരിശീലനം പൂർത്തിയായി കഴിയുമ്പോൾ ഞങ്ങൾ എവിടെ നിയമിക്കപ്പെടും എന്നതിനെ കുറിച്ചു സംസാരിച്ചു. “ഇംഗ്ലണ്ടിലെ ഡോവറിലുള്ള വെളുത്ത പാറക്കെട്ടുകൾ ഇനി കാണാനാവില്ലെന്നു ഞാൻ വിചാരിക്കുന്നില്ല,” ഹാരൾഡ് പറഞ്ഞു. അദ്ദേഹം പറഞ്ഞതു ശരിയായിരുന്നു, എന്നാൽ 17 വർഷത്തിനു ശേഷമാണ് അദ്ദേഹം ആ പാറക്കെട്ടുകൾ വീണ്ടും കണ്ടത്. അതിൽ നാലര വർഷം അദ്ദേഹത്തിന് ഒരു ചൈനീസ് ജയിലിൽ ഏകാന്ത തടവിൽ കഴിയേണ്ടിവന്നു! *
ബിരുദം ലഭിച്ചപ്പോൾ ഐക്യനാടുകളിലെ ടെക്‌സസിൽ ഒരു സഞ്ചാര മേൽവിചാരകനായി സേവിക്കാൻ എന്നെ അയച്ചു. ആത്മീയമായി സഹായിക്കാൻ യഹോവയുടെ സാക്ഷികളുടെ സഭകളെ സന്ദർശിക്കുന്നതായിരുന്നു അതിൽ ഉൾപ്പെട്ടിരുന്നത്. എനിക്ക് ഊഷ്‌മളമായ സ്വാഗതമാണു ലഭിച്ചത്. പുതുതായി ഗിലെയാദ് പരിശീലനം പൂർത്തിയാക്കിയ ഒരു യുവ യൂറോപ്യൻ ഉണ്ടായിരിക്കുന്നത് ടെക്‌സസിലെ സഹോദരങ്ങൾക്കു രസകരമായി തോന്നി. അവിടെ വെറും ഏഴു മാസം ചെലവഴിച്ചു കഴിഞ്ഞപ്പോൾ എന്നെ ന്യൂയോർക്കിലുള്ള ബ്രുക്ലിനിലെ യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്തേക്കു വിളിച്ചു. അവിടെ നോർ സഹോദരൻ ഓഫീസ് ജോലിക്കു നിയമിക്കുകയും ബെഥേലിലുള്ള എല്ലാ ഡിപ്പാർട്ടുമെന്റുകളിലെയും പ്രവർത്തനങ്ങൾ പഠിക്കുന്നതിനുള്ള നിർദേശം നൽകുകയും ചെയ്‌തു. പിന്നീട് ഞാൻ ഡെൻമാർക്കിലേക്കു മടങ്ങി ചെല്ലുമ്പോൾ ഞാൻ പഠിച്ച കാര്യങ്ങൾ ബാധകമാക്കുകയും സർവകാര്യങ്ങളും ബ്രുക്ലിനിൽ ചെയ്യുന്നതുപോലെ തന്നെ നടക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യണമായിരുന്നു. ലോകവ്യാപകമായുള്ള ബ്രാഞ്ചുകളിലെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി ഏകീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. പിന്നീട് നോർ സഹോദരൻ എന്നെ ജർമനിയിലേക്കു മാറ്റി.
ബ്രാഞ്ചുകൾക്കുള്ള നിർദേശങ്ങൾ ബാധകമാക്കുന്നു
ഞാൻ 1949 ജൂലൈയിൽ ജർമനിയിലെ വിസ്‌ബാഡനിൽ എത്തിയപ്പോൾ പല ജർമൻ നഗരങ്ങളും നശിപ്പിക്കപ്പെട്ട അവസ്ഥയിലായിരുന്നു. 1933-ൽ ഹിറ്റ്‌ലർ അധികാരത്തിൽ വന്നതു മുതൽ പീഡനം സഹിക്കേണ്ടിവന്ന പുരുഷന്മാരായിരുന്നു പ്രസംഗ പ്രവർത്തനത്തിൽ നേതൃത്വം വഹിച്ചിരുന്നത്. ചിലർ എട്ടോ പത്തോ അതിൽ കൂടുതലോ വർഷങ്ങൾ തടവിലും തടങ്കൽപ്പാളയങ്ങളിലും കഴിഞ്ഞവർ ആയിരുന്നു. യഹോവയുടെ അത്തരത്തിലുള്ള ദാസന്മാരുമൊത്ത് മൂന്നര വർഷക്കാലം ഞാൻ പ്രവർത്തിച്ചു. അവരുടെ അനുപമമായ മാതൃക എന്റെ മനസ്സിലേക്കു കൊണ്ടുവരുന്നത് ജർമൻ ചരിത്രകാരനായ ഗാബ്രിയേല യോനാന്റെ വാക്കുകളാണ്: “നാസി സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിലെ അചഞ്ചലമായ ഈ ക്രിസ്‌തീയ വിഭാഗത്തിന്റെ മാതൃക ഇല്ലായിരുന്നെങ്കിൽ, ഓഷ്‌വിറ്റ്‌സിനും നാസി കൂട്ടക്കൊലയ്‌ക്കും ശേഷം യേശുവിന്റെ ക്രിസ്‌തീയ പഠിപ്പിക്കലുകൾ നിവർത്തിക്കുക സാധ്യമായിരുന്നോ എന്നു നാം സംശയിക്കേണ്ടി വരുമായിരുന്നു.”
ഡെൻമാർക്കിൽ എനിക്ക് ഉണ്ടായിരുന്ന അതേ ജോലിതന്നെ ആയിരുന്നു ഈ ബ്രാഞ്ചിലെയും എന്റെ ജോലി: സംഘടനാപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് പുതിയ, ഏകീകൃതമായ ഒരു രീതി ആവിഷ്‌കരിക്കുക. ഈ പൊരുത്തപ്പെടുത്തലുകൾ തങ്ങൾ വേല ചെയ്‌തുകൊണ്ടിരുന്ന വിധം സംബന്ധിച്ചുള്ള വിമർശനമല്ലെന്നും, മറിച്ച് വ്യത്യസ്‌ത ബ്രാഞ്ചുകളും ഹെഡ്‌ക്വാർട്ടേഴ്‌സും തമ്മിൽ കൂടുതൽ അടുത്തു പ്രവർത്തിക്കുന്നതിനുള്ള സമയം വന്നതുകൊണ്ടാണെന്നും മനസ്സിലാക്കിയപ്പോൾ ജർമൻ സഹോദരന്മാർ ഉത്സാഹഭരിതർ ആയിത്തീരുകയും സഹകരണത്തിന്റെ നല്ല മനോഭാവം പ്രകടമാക്കുകയും ചെയ്‌തു.
സ്വിറ്റ്‌സർലൻഡിലെ ബേണിലുള്ള ബ്രാഞ്ചിലേക്കു പോകാൻ നിർദേശിച്ചുകൊണ്ടുള്ള ഒരു കത്ത് 1952-ൽ നോർ സഹോദരന്റെ ഓഫീസിൽനിന്ന് എനിക്കു ലഭിച്ചു. 1953 ജനുവരി 1 മുതൽ അവിടെ ബ്രാഞ്ച് മേൽവിചാരകനായി സേവിക്കാൻ ഞാൻ നിയമിക്കപ്പെട്ടു.
സ്വിറ്റ്‌സർലൻഡിലെ പുതിയ സന്തോഷങ്ങൾ
സ്വിറ്റ്‌സർലൻഡിൽ എത്തി താമസിയാതെ ഒരു കൺവെൻഷനിൽവെച്ച് ഞാൻ എസ്ഥേറിനെ കണ്ടുമുട്ടി. ഏറെ നാൾ കഴിയുന്നതിനു മുമ്പ് ഞങ്ങൾ തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. 1954 ആഗസ്റ്റിൽ, ബ്രുക്ലിനിലേക്കു ചെല്ലാൻ നോർ സഹോദരൻ എന്നോട് ആവശ്യപ്പെട്ടു. അവിടെവെച്ച് ആവേശകരമായ ഒരു പുതിയ ജോലിയുടെ വിവരങ്ങൾ എനിക്കു ലഭിച്ചു. ലോകമെമ്പാടുമുള്ള ബ്രാഞ്ച് ഓഫീസുകളുടെ എണ്ണവും വലിപ്പവും വളരെയധികം വർധിച്ചതിനാൽ, ഒരു പുതിയ ക്രമീകരണം നിലവിൽ വരാൻ പോകുകയായിരുന്നു. ലോകത്തെ പല മേഖലകളായി തിരിച്ചു, ഓരോ മേഖലയെയും ഒരു മേഖലാ മേൽവിചാരകൻ സേവിക്കണമായിരുന്നു. ഈ മേഖലകളിൽ രണ്ടെണ്ണം എനിക്കായി നിയമിച്ചു: യൂറോപ്പും മെഡിറ്ററേനിയൻ പ്രദേശവും.
ബ്രുക്ലിനിലെ സന്ദർശനത്തിനു ശേഷം താമസിയാതെ, ഞാൻ സ്വിറ്റ്‌സർലൻഡിലേക്കു മടങ്ങിച്ചെന്ന് മേഖലാ സന്ദർശന വേലയ്‌ക്കായി ഒരുങ്ങി. എന്റെയും എസ്ഥേറിന്റെയും വിവാഹം കഴിഞ്ഞു, സ്വിറ്റ്‌സർലൻഡിലെ ബ്രാഞ്ച് ഓഫീസിൽ ഞങ്ങൾ ഒരുമിച്ചു സേവിക്കാൻ തുടങ്ങി. എന്റെ ആദ്യത്തെ യാത്രയിൽ ഞാൻ ഇറ്റലി, ഗ്രീസ്, സൈപ്രസ്, മധ്യപൂർവദേശത്തും വടക്കേ ആഫ്രിക്കൻ തീരത്തുമുള്ള രാജ്യങ്ങൾ, സ്‌പെയിൻ, പോർച്ചുഗൽ എന്നിങ്ങനെ മൊത്തം 13 രാജ്യങ്ങളിലെ മിഷനറി ഭവനങ്ങളും ബ്രാഞ്ച് ഓഫീസുകളും സന്ദർശിച്ചു. ബേണിൽ സന്ദർശനം നടത്തിയശേഷം ഇരുമ്പു മറയ്‌ക്കു പടിഞ്ഞാറുള്ള മറ്റു യൂറോപ്യൻ രാഷ്‌ട്രങ്ങൾ ഞാൻ സന്ദർശിച്ചു. എന്റെ വിവാഹത്തിന്റെ ആദ്യ വർഷം, നമ്മുടെ ക്രിസ്‌തീയ സഹോദരങ്ങളെ സേവിക്കുന്നതിനായി ആറു മാസം ഞാൻ വീട്ടിൽനിന്ന് അകന്നുകഴിഞ്ഞു.
സാഹചര്യങ്ങൾക്കു മാറ്റം വരുന്നു
1957-ൽ, താൻ ഗർഭിണിയാണെന്ന് എസ്ഥേർ മനസ്സിലാക്കി. ബ്രാഞ്ച് നിർമിച്ചിരിക്കുന്നത് മാതാപിതാക്കളുടെയും കുട്ടികളുടെയും സൗകര്യാർഥം അല്ലാത്തതിനാൽ, ഡെൻമാർക്കിലേക്കു താമസം മാറാൻ ഞങ്ങൾ തീരുമാനിച്ചു. അവിടെ തന്നോടൊപ്പം താമസിക്കാൻ പിതാവ് ഞങ്ങളെ സന്തോഷപൂർവം സ്വീകരിച്ചു. എസ്ഥേർ ഞങ്ങളുടെ മകൾ റാകേലിനെയും എന്റെ പിതാവിനെയും പരിപാലിച്ചു. ഞാനാകട്ടെ, പുതുതായി നിർമിച്ച ബ്രാഞ്ച് ഓഫീസിലെ വേലയിൽ സഹായിക്കുകയും ചെയ്‌തു. സഭാമേൽവിചാരകന്മാർക്കുള്ള രാജ്യ ശുശ്രൂഷാ സ്‌കൂളിലെ പ്രബോധകനായും അതേസമയം മേഖലാ മേൽവിചാരകനായും സേവിച്ചു.
മേഖലാ മേൽവിചാരകനായി സേവിക്കുന്നതിൽ വളരെയധികം യാത്ര ഉൾപ്പെട്ടിരുന്നു. അതിന്റെ ഫലമായി വളരെക്കാലം എനിക്കു മകളുടെ അടുത്തുനിന്ന് അകന്നുകഴിയേണ്ടി വന്നു. അതിന് അതിന്റേതായ ചില പരിണത ഫലങ്ങൾ ഉണ്ടായി. ഒരിക്കൽ ഞാൻ പാരീസിൽ കുറച്ചു കാലം ചെലവഴിച്ചു. അവിടെ ഞങ്ങൾ ചെറിയ ഒരു അച്ചടിശാല സ്ഥാപിച്ചു. എസ്ഥേറും റാകേലും എന്നെ കാണാൻ തീവണ്ടിക്ക് ഗാർ ദൂയെ നോർഡിയിൽ എത്തി. ബ്രാഞ്ചിലുള്ള ലേയോപോൾ ഷോങ്‌ടായും ഞാനും അവരെ കാണാൻ ചെന്നു. റാകേൽ തീവണ്ടിയുടെ പടിയിൽ നിന്നുകൊണ്ട് ലേയോപോളിനെ നോക്കി, എന്നിട്ട് എന്നെയും. തുടർന്ന് ലേയോപോളിന്റെ നേർക്കു തിരിഞ്ഞ് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു!
എനിക്ക് 45 വയസ്സുള്ളപ്പോൾ മറ്റൊരു വലിയ മാറ്റം ഉണ്ടായി. കുടുംബത്തിന്റെ സാമ്പത്തിക ചെലവുകൾ
വഹിക്കുന്നതിനായി ജോലി ചെയ്യുന്നതിനു വേണ്ടി എനിക്ക് മുഴുസമയ ശുശ്രൂഷ വിടേണ്ടിവന്നു. യഹോവയുടെ സാക്ഷികളുടെ ഒരു ശുശ്രൂഷകൻ എന്ന നിലയിൽ അനുഭവപരിചയം ഉണ്ടായിരുന്നതിനാൽ, ഒരു എക്‌സ്‌പോർട്ട് മാനേജർ എന്ന നിലയിൽ എനിക്കു ജോലി കിട്ടി. ഞാൻ ഒമ്പതു വർഷത്തോളം ആ കമ്പനിയിൽ ജോലി നോക്കി. റാകേലിന്റെ പഠിത്തം കഴിഞ്ഞപ്പോൾ, രാജ്യഘോഷകരുടെ ആവശ്യം കൂടുതലുള്ള സ്ഥലത്തു പ്രവർത്തിക്കാനുള്ള പ്രോത്സാഹനത്തോടു പ്രതികരിക്കാൻ ഞങ്ങൾ തീരുമാനിച്ചു.നോർവേയിലെ അവസരങ്ങളെ കുറിച്ചു മനസ്സിലാക്കിയപ്പോൾ, ജോലിക്കുള്ള സാധ്യതയെ കുറിച്ച് ഞാൻ ഒരു തൊഴിൽ ഏജൻസിയിൽ തിരക്കി. ലഭിച്ച ഉത്തരം ആശാവഹമായിരുന്നില്ല. 55 വയസ്സുള്ള ഒരാൾക്ക് എവിടെ ജോലി കിട്ടാൻ. എങ്കിലും, ഞാൻ ഓസ്ലോയിലെ ബ്രാഞ്ച് ഓഫീസുമായി സമ്പർക്കം പുലർത്തുകയും ഡ്ര്യോബാക്ക് പട്ടണത്തിന് അടുത്തായി ഒരു വീടു വാടകയ്‌ക്ക് എടുക്കുകയും ചെയ്‌തു. ജോലിക്കുള്ള അവസരം തനിയെ ലഭിച്ചുകൊള്ളും എന്ന വിശ്വാസം എനിക്ക് ഉണ്ടായിരുന്നു. അങ്ങനെ എനിക്ക് ഒരു ജോലി കിട്ടി. നോർവേയിലെ രാജ്യസേവനത്തിന്റെ ആസ്വാദ്യമായ കാലം ആയിരുന്നു പിന്നീടങ്ങോട്ട്.
ആർക്കും നിയമിച്ചുകൊടുക്കാത്ത പ്രദേശങ്ങളിൽ ചെന്നു പ്രവർത്തിക്കാനായി ഞങ്ങളുടെ സഭയിലുള്ള മിക്കവരും വടക്കോട്ടു യാത്ര നടത്തിയ സമയങ്ങളായിരുന്നു ഏറ്റവും ഉത്തമം. ഒരു ക്യാമ്പിങ് സ്ഥലത്ത് ഞങ്ങൾ കോട്ടേജുകൾ വാടകയ്‌ക്ക് എടുത്തു. മനോഹരമായ പർവതപ്രദേശങ്ങളിലെ ഫാമുകളിൽ ഞങ്ങൾ ദിവസവും സന്ദർശനം നടത്തുമായിരുന്നു. സൗഹാർദ മനസ്‌കരായ അവിടത്തെ ആളുകളോട് ദൈവരാജ്യത്തെ കുറിച്ചു സംസാരിക്കുന്നത് അങ്ങേയറ്റം സന്തോഷകരമായ ഒന്നായിരുന്നു. വളരെയധികം സാഹിത്യങ്ങൾ സമർപ്പിക്കപ്പെട്ടു. എന്നാൽ മടക്കസന്ദർശനങ്ങൾ നടത്തുന്നതിന് പിറ്റേ വർഷംവരെ കാത്തിരിക്കണമായിരുന്നു. എന്നാൽ, ആളുകൾ ഞങ്ങളെ മറന്നിരുന്നില്ല! ഞങ്ങൾ മടങ്ങി ചെന്നപ്പോൾ, ദീർഘകാലമായി കാണാതിരുന്ന കുടുംബാംഗങ്ങളെ എന്നപോലെ ആളുകൾ ആലിംഗനം ചെയ്യുന്നത് എസ്ഥേറും റാകേലും ഇപ്പോഴും ഓർക്കുന്നു. നോർവേയിൽ മൂന്നു വർഷം ചെലവഴിച്ചശേഷം ഞങ്ങൾ ഡെൻമാർക്കിലേക്കു മടങ്ങി.
കുടുംബജീവിതത്തിന്റെ സന്തോഷങ്ങൾ
താമസിയാതെ റാകേലും, തീക്ഷ്‌ണതയുള്ള ഒരു മുഴുസമയ പയനിയർ ശുശ്രൂഷകനായ നിൽസ് ഹോയിയോയുമായുള്ള വിവാഹനിശ്ചയം നടന്നു. വിവാഹശേഷം, കുട്ടികൾ ഉണ്ടാകുന്നതുവരെ നിൽസും റാകേലും പയനിയറിങ് തുടർന്നു. നിൽസ് നല്ലൊരു ഭർത്താവും പിതാവും ആയിരുന്നിട്ടുണ്ട്. അദ്ദേഹം കുടുംബത്തിന്റെ കാര്യത്തിൽ യഥാർഥമായ താത്‌പര്യം പ്രകടമാക്കി. ഒരു ദിവസം അതിരാവിലെ, നിൽസ് തന്റെ മകനെയും സൈക്കിളിൽ ഇരുത്തി സൂര്യോദയം കാണാനായി ബീച്ചിലേക്കു പോയി. അവർ അവിടെ എന്തു ചെയ്‌തെന്ന് ഒരു അയൽവാസി പിന്നീട് കുട്ടിയോടു ചോദിച്ചു. അപ്പോൾ അവന്റെ മറുപടി ഇതായിരുന്നു: “ഞങ്ങൾ യഹോവയോടു പ്രാർഥിച്ചു.”
ഏതാനും വർഷങ്ങൾക്കു ശേഷം, ഞങ്ങളുടെ മകളുടെ മൂത്ത കുട്ടികളായ ബെഞ്ചമിന്റെയും നാദ്യയുടെയും സ്‌നാപനത്തിന് എസ്ഥേറും ഞാനും സാക്ഷ്യം വഹിച്ചു. അതു നിരീക്ഷിച്ചുകൊണ്ടിരുന്നവരുടെ കൂട്ടത്തിൽ നിൽസും ഉണ്ടായിരുന്നു. അവൻ പെട്ടെന്ന് എനിക്കു മുഖത്തോടു മുഖം തിരിഞ്ഞുനിന്നു. എന്നിട്ട് എന്നെ നോക്കി പറഞ്ഞു, “യഥാർഥ പുരുഷന്മാർ കരയാറില്ല.” എന്നാൽ, അടുത്ത നിമിഷം ഞങ്ങൾ ഇരുവരും കെട്ടിപ്പിടിച്ച് കരഞ്ഞുപോയി. കൂടെ ചിരിക്കാനും കരയാനും കഴിയുന്ന ഒരു മരുമകൻ ഉണ്ടായിരിക്കുന്നത് എത്ര സന്തോഷകരമാണ്.
സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നു
ഇനി മറ്റൊരു അനുഗ്രഹം. ഡെൻമാർക്ക് ബ്രാഞ്ചിൽ മടങ്ങിച്ചെന്ന് അവിടെ സേവിക്കാൻ എസ്ഥേറിനും എനിക്കും ക്ഷണം ലഭിച്ചു. എന്നാൽ, അപ്പോഴേക്കും ഹോൾബ്യെക്കിൽ വളരെ വലിയ ഒരു ബ്രാഞ്ച് നിർമിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു. നിർമാണ പ്രവർത്തനത്തിന്റെ മേൽനോട്ടം വഹിക്കുന്നതിനുള്ള പദവി എനിക്കു ലഭിച്ചു. വേതനം സ്വീകരിക്കാത്ത സന്നദ്ധസേവകരാണ് അതിന്റെ പണി മുഴുവൻ പൂർത്തിയാക്കിയത്. അതിശൈത്യം ആയിരുന്നിട്ടു കൂടി 1982 അവസാനത്തോടെ ബ്രാഞ്ചിന്റെ നിർമാണം പൂർത്തിയായി. കൂടുതൽ വലിപ്പമുള്ള, മെച്ചപ്പെട്ട ആ ബ്രാഞ്ച് കെട്ടിടങ്ങളിലേക്കു മാറാൻ കഴിഞ്ഞതിൽ ഞങ്ങൾ എല്ലാവരും വളരെ സന്തോഷിച്ചു.
ഉടൻ ഞാൻ ഓഫീസ് ജോലി ചെയ്യാൻ തുടങ്ങി. അത് എനിക്കു വളരെയധികം സംതൃപ്‌തി നൽകി. എസ്ഥേറിന്റെ ജോലി ടെലഫോൺ സ്വിച്ച്‌ബോർഡ് പ്രവർത്തിപ്പിക്കുന്നതായിരുന്നു. എന്നാൽ, കുറെ കാലം കഴിഞ്ഞപ്പോൾ എസ്ഥേറിന് ഇടുപ്പുമാറ്റ ശസ്‌ത്രക്രിയ നടത്തേണ്ടിവന്നു. ഒന്നര വർഷം കഴിഞ്ഞപ്പോൾ പിത്താശയ ശസ്‌ത്രക്രിയയ്‌ക്കും വിധേയയാകേണ്ടിവന്നു. ബ്രാഞ്ചിലുള്ളവർ ഞങ്ങൾക്കു വളരെയധികം പരിഗണന നൽകിയിരുന്നെങ്കിലും, ഞങ്ങൾ ബ്രാഞ്ച് വിടുന്നതാണ് ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും നല്ലതെന്ന് ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളുടെ മകളും കുടുംബവും സഹവസിച്ചിരുന്ന സഭയിലേക്കു ഞങ്ങൾ താമസം മാറ്റി.
ഇന്ന് എസ്ഥേറിന്റെ ആരോഗ്യം അത്ര മെച്ചപ്പെട്ട അവസ്ഥയിൽ അല്ല. നിരവധി വർഷങ്ങളിലെ സേവനകാലത്ത് ഉടനീളവും അതുപോലെ മാറിവന്ന പല സാഹചര്യങ്ങളിലും അത്ഭുതകരമായ പിന്തുണയും സഖിത്വവും എസ്ഥേർ എനിക്കു നൽകി എന്നു തീർത്തു പറയാൻ കഴിയും. ആരോഗ്യം ക്ഷയിച്ചുവരികയാണെങ്കിലും, ഞങ്ങൾ ഇരുവരും സാധിക്കുന്നതുപോലെ പ്രസംഗ പ്രവർത്തനത്തിൽ ഇപ്പോഴും ഏർപ്പെടുന്നുണ്ട്. എന്റെ ജീവിതത്തെ കുറിച്ച് ചിന്തിക്കുമ്പോൾ സങ്കീർത്തനക്കാരന്റെ വാക്കുകൾ ഞാൻ നന്ദിപൂർവം ഓർക്കാറുണ്ട്: “ദൈവമേ, എന്റെ ബാല്യംമുതൽ നീ എന്നെ ഉപദേശിച്ചിരിക്കുന്നു.”—സങ്കീർത്തനം 71:17.
[അടിക്കുറിപ്പ്]
^ ഖ. 15 1963 ജൂലൈ 15 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്), പേജുകൾ 437-42 കാണുക.
[24-ാം പേജിലെ ചിത്രം]
നിർമാണത്തിലിരിക്കുന്ന ജർമനി ബ്രാഞ്ചിൽ അയച്ചുകിട്ടിയ സാഹിത്യങ്ങൾ ഇറക്കുന്നു, 1949-ൽ
[25-ാം പേജിലെ ചിത്രം]
എന്നോടൊപ്പം ജോലി ചെയ്‌തവരിൽ തടങ്കൽപ്പാളയങ്ങളിൽനിന്നു മടങ്ങിവന്ന ഇവരെപ്പോലുള്ള സാക്ഷികളും ഉണ്ടായിരുന്നു
[26-ാം പേജിലെ ചിത്രങ്ങൾ]
ഇന്ന് എസ്ഥേറിനോടൊപ്പം, 1955 ഒക്ടോബറിൽ ബേൺ ബെഥേലിലെ ഞങ്ങളുടെ വിവാഹദിനത്തിൽ