വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സത്യത്തെ സ്‌നേഹിക്കുന്ന യുവജനങ്ങൾ

സത്യത്തെ സ്‌നേഹിക്കുന്ന യുവജനങ്ങൾ

സത്യത്തെ സ്‌നേഹിക്കുന്ന യുവജനങ്ങൾ

“ഒരു യുവാവിനു തന്റെ വഴി എങ്ങനെ ശുദ്ധമായി നിലനിറുത്താം?” എന്ന്‌ ഒരു എബ്രായ സങ്കീർത്തനക്കാരൻ ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ്‌ ചോദിച്ചു. (സങ്കീർത്തനം 119:​9, NW) ആ ചോദ്യത്തിന്‌ ഇന്നും പ്രസക്തിയുണ്ട്‌. കാരണം, യുവജനങ്ങൾ ലോകത്തിൽ നിരവധി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. അനിയന്ത്രിത ലൈംഗികതയുടെ ഫലമായി പല യുവജനങ്ങളും എയ്‌ഡ്‌സ്‌ രോഗത്തിന്റെ ഭീഷണിയിലാണ്‌. ഈ ഭയങ്കര രോഗം പിടിപെട്ടിട്ടുള്ളവരിൽ പകുതിയോളം പേർ 15-നും 24-നും ഇടയിൽ പ്രായമുള്ളവരാണ്‌. മയക്കുമരുന്ന്‌ ദുരുപയോഗവും നിരവധി പ്രശ്‌നങ്ങൾ വരുത്തിവെക്കുന്നു, അത്‌ യുവജനങ്ങളുടെ ആയുസ്സ്‌ കുറയ്‌ക്കുന്നു. അധമമായ സംഗീതം, അക്രമാസക്തവും അധാർമികവുമായ ചലച്ചിത്രങ്ങൾ, ടിവി ഷോകളും വീഡിയോകളും, ഇന്റർനെറ്റിലെ അശ്ലീലം എന്നിവയൊക്കെ യുവജനങ്ങളെ ഹാനികരമായി ബാധിക്കുന്നു. അതുകൊണ്ട്‌, സങ്കീർത്തനക്കാരൻ ഉന്നയിച്ച ചോദ്യത്തെ കുറിച്ചു പല മാതാപിതാക്കളും യുവജനങ്ങളും ഇന്ന്‌ ഗൗരവമായി ചിന്തിക്കുന്നു.

സ്വന്തം ചോദ്യത്തിനു സങ്കീർത്തനക്കാരൻതന്നെ ഈ മറുപടി നൽകി: “നിന്റെ വചനമനുസരിച്ച്‌ അതിനെ കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ.” തീർച്ചയായും ദൈവവചനമായ ബൈബിളിൽ യുവജനങ്ങൾക്കായി നല്ല മാർഗനിർദേശം അടങ്ങിയിട്ടുണ്ട്‌. അതു പിൻപറ്റുന്നതിലൂടെ അനേകം യുവജനങ്ങളും വിജയം വരിക്കുന്നുണ്ട്‌. (സങ്കീർത്തനം 119:105) സുഖഭോഗത്തെ പ്രിയപ്പെടുന്നതും ഭൗതികാസക്തവുമായ ഒരു ലോകത്തിൽ ദൈവത്തെ സ്‌നേഹിക്കുകയും ആത്മീയമായി ബലിഷ്‌ഠരായി നിലകൊള്ളാൻ ശ്രമിക്കുകയും ചെയ്യുന്ന യുവജനങ്ങളിൽ ചിലരുടെ ദൃഷ്ടാന്തങ്ങൾ നമുക്കു പരിശോധിക്കാം.

മാതാപിതാക്കളുടെ മാർഗനിർദേശത്തെ അവർ വിലമതിക്കുന്നു

യഹോവയുടെ സാക്ഷികളുടെ മെക്‌സിക്കോ ബ്രാഞ്ച്‌ ഓഫീസിൽ സേവിക്കുന്നതിനു മുമ്പ്‌ ഹാക്കോബ്‌ എമ്മാനൂവേൽ കുറെ വർഷങ്ങളായി ഒരു മുഴുസമയ പയനിയർ ശുശ്രൂഷകൻ ആയിരുന്നു. ദൈവസേവനത്തോടുള്ള തന്റെ സ്‌നേഹം വികാസം പ്രാപിച്ചത്‌ എങ്ങനെയെന്ന്‌ അവൻ വിലമതിപ്പോടെ ഓർക്കുന്നു: “എന്റെ മാതാപിതാക്കളായിരുന്നു എന്നെ ഏറ്റവുമധികം സ്വാധീനിച്ചത്‌. ഞാൻ സൗഹൃദം സ്ഥാപിച്ചിരുന്ന അനുഭവസമ്പന്നരായ ചില ആത്മീയ സഹോദരങ്ങളും വളരെയധികം സഹായിച്ചിട്ടുണ്ട്‌. പ്രസംഗവേലയെ സ്‌നേഹിക്കാൻ മാതാപിതാക്കൾ എന്നെ പ്രോത്സാഹിപ്പിച്ചു. അവർ എന്നെ ശരിയായ പാതയിൽ നയിച്ചു; എന്റെമേൽ അവർ സമ്മർദം ചെലുത്തിയതായി എനിക്ക്‌ ഒരിക്കലും തോന്നിയിട്ടില്ല.”

മുഴുസമയ ശുശ്രൂഷയിൽ ഇപ്പോൾത്തന്നെ നിരവധി വർഷങ്ങൾ ചെലവിട്ട വ്യക്തിയാണ്‌ ഡാവിഡ്‌. അവനും സഹോദരനും കുട്ടികൾ ആയിരിക്കുമ്പോൾത്തന്നെ മാതാപിതാക്കൾ പ്രത്യേക പയനിയർമാരായി സേവിക്കാൻ തുടങ്ങിയത്‌ തന്നിൽ മതിപ്പ്‌ ഉളവാക്കിയെന്ന്‌ അവൻ പറയുന്നു. അവന്റെ പിതാവ്‌ മരിച്ചശേഷവും മാതാവ്‌ പ്രത്യേക പയനിയർ സേവനത്തിൽ തുടർന്നു. സുവാർത്ത പ്രസംഗിക്കുന്നതിനു പുറമേ, അവർ കുട്ടികളുടെ കാര്യവും നോക്കി. “ഞാൻ പയനിയറിങ്‌ ചെയ്യാൻ മാതാപിതാക്കൾ ഒരിക്കലും സമ്മർദം ചെലുത്തിയിരുന്നില്ല,” ഡാവിഡ്‌ പറയുന്നു, “എന്നാൽ ഒരു കുടുംബം എന്ന നിലയിൽ ഞങ്ങൾ ആസ്വദിച്ചിരുന്ന സഖിത്വവും ചുറ്റുപാടുകളും എന്നെ അതിനു പ്രചോദിപ്പിച്ചു.” മാതാപിതാക്കളിൽനിന്നുള്ള നല്ല മാർഗനിർദേശത്തിന്റെയും ശ്രദ്ധയുടെയും പ്രാധാന്യത്തെ കുറിച്ച്‌ ഡാവിഡ്‌ പറയുന്നു: എല്ലാ രാത്രിയിലും, നഷ്ടപ്പെട്ട പറുദീസയിൽനിന്നു തിരിച്ചുകിട്ടിയ പറുദീസയിലേക്ക്‌ [ഇംഗ്ലീഷ്‌] എന്ന പുസ്‌തകത്തിൽനിന്നുള്ള കഥകൾ അമ്മ ഞങ്ങളെ വായിച്ചു കേൾപ്പിക്കുമായിരുന്നു. * ആ കഥകൾ അമ്മ പറഞ്ഞുതന്ന വിധം ആത്മീയ ഭക്ഷണത്തോടുള്ള പ്രിയം വളർത്തിയെടുക്കാൻ ഞങ്ങളെ സഹായിച്ചു.”

യോഗങ്ങളോടുള്ള വിലമതിപ്പ്‌

ക്രിസ്‌തീയ യോഗങ്ങളെ വിലമതിക്കുക പ്രയാസമാണെന്നു ചില യുവജനങ്ങൾ കണ്ടെത്തുന്നു. മാതാപിതാക്കൾ അവയിൽ സംബന്ധിക്കുന്നതുകൊണ്ടു മാത്രമാണ്‌ അവർ അങ്ങനെ ചെയ്യുന്നത്‌. എന്നാൽ യോഗങ്ങളിൽ സംബന്ധിക്കുന്നതു തുടർന്നാൽ, കാലക്രമത്തിൽ അവർ അവ ആസ്വദിക്കാൻ തുടങ്ങിയേക്കാം. 11-ാമത്തെ വയസ്സിൽ മുഴുസമയ ശുശ്രൂഷ തുടങ്ങിയ ആൽഫ്രേഥോയുടെ കാര്യം പരിചിന്തിക്കുക. യോഗസമയത്ത്‌ ഉറക്കം വരുമായിരുന്നതിനാലും അപ്പോൾ ഉറങ്ങാൻ മാതാപിതാക്കൾ അനുവദിക്കുമായിരുന്നില്ല എന്നതിനാലും തനിക്ക്‌ അഞ്ചു വയസ്സ്‌ ഉണ്ടായിരുന്നപ്പോൾ യോഗങ്ങൾക്കു പോകുന്നത്‌ ഒഴിവാക്കാൻ താൻ ശ്രമിച്ചിരുന്നതായി അവൻ സമ്മതിക്കുന്നു. അവൻ ഇങ്ങനെ പറയുന്നു: “മുതിർന്നപ്പോൾ യോഗങ്ങളിലുള്ള എന്റെ താത്‌പര്യം വർധിച്ചു, പ്രത്യേകിച്ചും ഞാൻ എഴുത്തും വായനയും പഠിച്ചശേഷം. കാരണം, അപ്പോൾ ഞാൻ സ്വന്തം വാക്കുകളിൽ ഉത്തരം പറയാൻ തുടങ്ങി.”

ദൈവവചനത്തോടു പ്രിയം വളർത്തിയെടുക്കുന്നതിൽ നല്ല സഹവാസം ഒരു പ്രധാന പങ്കു വഹിച്ചത്‌ എങ്ങനെയെന്നു സാധാരണ പയനിയറായി സേവിക്കുന്ന 17 വയസ്സുള്ള സിന്റിയ പറയുന്നു: “എന്റെ ലൗകിക സ്‌നേഹിതരുമായി സഹവസിക്കാത്തതും രാത്രിയിൽ ഡിസ്‌കോ ക്ലബ്ബുകളിൽ പോകുന്നതു പോലുള്ള യുവജനങ്ങൾക്കു പ്രിയപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടാത്തതും ഒരു നഷ്ടമായി കാണാതിരിക്കാൻ സഹോദരങ്ങളുമായുള്ള നല്ല ബന്ധവും പതിവായ യോഗഹാജരും എന്നെ സഹായിച്ചു. യോഗങ്ങളിൽ പറഞ്ഞുകേൾക്കുന്ന ഉത്തരങ്ങളും അനുഭവങ്ങളും ശ്രദ്ധിക്കുന്നത്‌ എനിക്കുള്ള സകലതും യഹോവയ്‌ക്കു നൽകാനുള്ള ആഗ്രഹം എന്നിൽ ഉളവാക്കി. എനിക്കുള്ള ഏറ്റവും നല്ലത്‌ എന്റെ യൗവനം ആണെന്നു ഞാൻ കരുതുന്നു. അത്‌ അവന്റെ സേവനത്തിനായി ഉപയോഗിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു.”

എന്നാൽ അവൾ ഇപ്രകാരം സമ്മതിച്ചുപറയുന്നു: “സ്‌നാപനമേൽക്കുന്നതിനു മുമ്പ്‌, ഗൃഹപാഠമോ മറ്റു സ്‌കൂൾ പ്രവർത്തനങ്ങളോ ഒരു ഒഴികഴിവായി ഉപയോഗിച്ചുകൊണ്ട്‌ യോഗങ്ങളിൽ സംബന്ധിക്കാതിരിക്കുക എളുപ്പമാണെന്നു ഞാൻ കണ്ടെത്തിയ ഒരു സമയം ഉണ്ടായിരുന്നു. ഞാൻ പല യോഗങ്ങളും ഒഴിവാക്കി. അത്‌ എന്റെ ആത്മീയതയെ ബാധിച്ചു. ബൈബിൾ പഠിക്കാത്ത ഒരു യുവാവുമായി ഞാൻ സഹവസിക്കാൻ തുടങ്ങി. എന്നാൽ, യഹോവയുടെ സഹായത്തോടെ യഥാസമയം കാര്യങ്ങൾ നേരെയാക്കാൻ എനിക്കു സാധിച്ചു.”

വ്യക്തിപരമായ ഒരു തീരുമാനം

ദൈവവചനത്തിലെ സത്യത്തോടുള്ള സ്‌നേഹം വളർത്തിയെടുക്കാൻ സഹായിക്കുന്ന മുഖ്യ ഘടകം എന്താണെന്നാണു വിചാരിക്കുന്നത്‌ എന്നു ചോദിച്ചപ്പോൾ, യഹോവയെ മുഴുസമയം സേവിക്കുന്ന പാബ്ലോ എന്ന യുവാവ്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “രണ്ട്‌ കാര്യങ്ങൾ ഉണ്ടെന്നു ഞാൻ കരുതുന്നു: പതിവായ വ്യക്തിഗത പഠനവും പ്രസംഗ പ്രവർത്തനത്തിലെ ഉത്സാഹവും. യഹോവയെ കുറിച്ചുള്ള സത്യം എന്നെ പഠിപ്പിച്ചതിൽ ഞാൻ എന്റെ മാതാപിതാക്കളോടു നന്ദിയുള്ളവനാണ്‌. അവർ എനിക്കു നൽകിയിട്ടുള്ള ഏറ്റവും നല്ല സംഗതി അതാണെന്നു ഞാൻ കരുതുന്നു. എന്നാൽ, ഞാൻ എന്തുകൊണ്ട്‌ യഹോവയെ സ്‌നേഹിക്കുന്നു എന്നതു സംബന്ധിച്ച്‌ എനിക്കു വ്യക്തിപരമായി ബോധ്യം വരേണ്ടതുണ്ട്‌. അതിന്‌, ബൈബിൾ സത്യത്തിന്റെ ‘ആഴവും വീതിയും’ അറിയണം. എന്നാൽ മാത്രമേ യഹോവയുടെ വചനത്തെ കുറിച്ചു മറ്റുള്ളവരോടു സംസാരിക്കാൻ നമ്മുടെ ഉള്ളിൽ ‘കത്തുന്ന തീ’ കണക്കെയുള്ള ഒരു വാഞ്‌ഛ തോന്നുകയുള്ളൂ. പ്രസംഗ പ്രവർത്തനത്തോടുള്ള ആ തീക്ഷ്‌ണത സത്യത്തോടുള്ള നമ്മുടെ വിലമതിപ്പിനെ വർധിപ്പിക്കും.”⁠—⁠എഫെസ്യർ 3:18; യിരെമ്യാവു 20:⁠9.

നേരത്തേ പരാമർശിച്ച ഹാക്കോബ്‌ എമ്മാനൂവേലും, യഹോവയെ സേവിക്കാൻ വ്യക്തിപരമായി തീരുമാനിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചു പറയുന്നു. താൻ സ്‌നാപനപ്പെടുന്ന കാര്യത്തിൽ മാതാപിതാക്കൾ ഒരിക്കലും നിർബന്ധം പിടിച്ചിരുന്നില്ല എന്ന്‌ അവൻ പറയുന്നു. “അത്‌ നല്ലതിനായിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നു. കാരണം, എനിക്കു നല്ല ഫലങ്ങൾ കാണാൻ കഴിയുന്നു. ഉദാഹരണത്തിന്‌, ഞാൻ അടുത്തു സഹവസിച്ചിരുന്ന ചില യുവാക്കൾ ഒരുമിച്ചു സ്‌നാപനമേൽക്കാൻ തീരുമാനിച്ചു. അതിൽ കുഴപ്പമൊന്നും ഇല്ലായിരുന്നെങ്കിലും, പെട്ടെന്നുള്ള ഒരു വികാരത്തിന്റെ പുറത്താണ്‌ ചിലർ അങ്ങനെ ചെയ്‌തത്‌ എന്ന്‌ എനിക്കു കാണാൻ കഴിഞ്ഞു. രാജ്യ പ്രവർത്തനങ്ങളിലുള്ള അവരുടെ ഉത്സാഹം തണുത്തുപോയി. എന്റെ കാര്യത്തിൽ, യഹോവയ്‌ക്കു സമർപ്പണം നടത്താൻ മാതാപിതാക്കൾ എന്റെമേൽ സമ്മർദം ചെലുത്തിയില്ല. അത്‌ വ്യക്തിപരമായ ഒരു തീരുമാനമായിരുന്നു.”

സഭയുടെ പങ്ക്‌

മാതാപിതാക്കളുടെ സഹായം കൂടാതെതന്നെ ചില യുവജനങ്ങൾ ദൈവവചനത്തിലെ സത്യം പഠിച്ചിട്ടുണ്ട്‌. അത്തരം സാഹചര്യങ്ങളിൽ ശരിയായതു ചെയ്യാൻ പഠിക്കുന്നതും അതിൽ തുടരുന്നതും തീർച്ചയായും ഒരു വെല്ലുവിളിയാണ്‌.

സത്യം തനിക്ക്‌ എത്രമാത്രം പ്രയോജനം ചെയ്‌തുവെന്ന്‌ നോയെ പറയുന്നു. നന്നേ ചെറുപ്പത്തിൽത്തന്നെ കോപിക്കാനും അക്രമം കാട്ടാനും പ്രവണതയുള്ളവൻ ആയിരുന്നു അവൻ. 14-ാമത്തെ വയസ്സിൽ ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ അവന്റെ മനോഭാവം മെച്ചപ്പെടാൻ തുടങ്ങി. തുടക്കത്തിൽ ബൈബിളിൽ താത്‌പര്യം കാണിക്കാതിരുന്ന അവന്റെ മാതാപിതാക്കൾ അതിൽ വളരെ സന്തോഷിച്ചു. നോയെ ആത്മീയമായി പുരോഗമിച്ചപ്പോൾ, ദൈവസേവനത്തിൽ തന്റെ ജീവിതം കൂടുതലായി ഉപയോഗിക്കാൻ ആഗ്രഹിച്ചു. ഇപ്പോൾ അവൻ മുഴുസമയ ശുശ്രൂഷകനായി സേവിക്കുന്നു.

സമാനമായി, മാതാപിതാക്കൾക്കു ക്രിസ്‌തീയ സത്യത്തിൽ താത്‌പര്യം തോന്നിയില്ലെങ്കിലും ആലെഹാൻഡ്രോ നന്നേ ചെറുപ്പത്തിൽ അതിൽ താത്‌പര്യം പ്രകടമാക്കാൻ തുടങ്ങി. സത്യത്തോടുള്ള തന്റെ വിലമതിപ്പു പ്രകടമാക്കിക്കൊണ്ട്‌ അവൻ പറയുന്നു: “ഒരു പരമ്പരാഗത കത്തോലിക്കാ കുടുംബത്തിലാണു ഞാൻ വളർന്നുവന്നത്‌. പക്ഷേ കമ്മ്യൂണിസ്റ്റ്‌ നിരീശ്വരവാദത്തോടുള്ള എന്റെ ചായ്‌വു വർധിച്ചുവന്നു. കാരണം, ചെറുപ്പം മുതൽ എന്നെ അലട്ടിക്കൊണ്ടിരുന്ന ചോദ്യങ്ങൾക്കു സഭ ഉത്തരം തന്നില്ല. എന്നാൽ യഹോവയുടെ സംഘടന ദൈവത്തെ കുറിച്ചുള്ള പരിജ്ഞാനം നേടാൻ എന്നെ സഹായിച്ചു. അത്‌ അക്ഷരാർഥത്തിൽ എന്റെ ജീവൻ രക്ഷിച്ചു. കാരണം ഞാൻ ബൈബിൾ പഠിച്ചില്ലായിരുന്നെങ്കിൽ, സാധ്യതയനുസരിച്ച്‌ അധാർമികതയിലോ മദ്യാസക്തിയിലോ മയക്കുമരുന്ന്‌ ദുരുപയോഗത്തിലോ ഏർപ്പെടുമായിരുന്നു. ഒരുപക്ഷേ ഏതെങ്കിലും വിപ്ലവ സംഘടനയിൽ ഉൾപ്പെട്ട്‌ ഗുരുതരമായ ഭവിഷ്യത്തുകൾ അനുഭവിക്കുമായിരുന്നു.”

മാതാപിതാക്കളുടെ പിന്തുണ കൂടാതെ ഒരു യുവാവിന്‌ സത്യത്തിനു വേണ്ടിയുള്ള അന്വേഷണം തുടരാനും അതിനോടു പറ്റിനിൽക്കാനും എങ്ങനെ കഴിയും? വ്യക്തമായും, മൂപ്പന്മാരും സഭയിലുള്ള മറ്റുള്ളവരും വളരെ പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുന്നു. നോയെ പറയുന്നു: “എനിക്ക്‌ ഒരിക്കലും ഏകാന്തത തോന്നിയിട്ടില്ല. കാരണം, യഹോവ എന്നും എനിക്കു സമീപസ്ഥനായിരുന്നു. മാത്രമല്ല, എന്റെ ആത്മീയ പിതാക്കന്മാരും മാതാക്കളും സഹോദരങ്ങളും ആയിത്തീർന്നിരിക്കുന്ന സ്‌നേഹസമ്പന്നരായ നിരവധി സഹോദരീസഹോദരന്മാർ എനിക്കു പിന്തുണ നൽകിയിരിക്കുന്നു.” അവൻ ഇപ്പോൾ ബെഥേലിൽ സേവിക്കുകയും തന്റെ സമയം ദൈവസേവനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു. സമാനമായി, ആലെഹാൻഡ്രോ പറയുന്നു: “ഒരു വ്യക്തി എന്ന നിലയിൽ എന്നിൽ സ്‌നേഹപൂർവകമായ താത്‌പര്യം കാട്ടിയ മൂപ്പന്മാർ ഉള്ള ഒരു സഭയിൽ ആയിരിക്കാൻ കഴിഞ്ഞത്‌ ഒരു അനുഗ്രഹമായി ഞാൻ എന്നും സന്തോഷപൂർവം ഓർക്കും. ഞാൻ അതു സംബന്ധിച്ച്‌ വിശേഷാൽ കൃതജ്ഞതയുള്ളവൻ ആണ്‌. കാരണം, 16-ാമത്തെ വയസ്സിൽ ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ യുവജനങ്ങൾക്കു സാധാരണമായിരുന്ന അസ്വസ്ഥത എന്നെയും ബാധിക്കാൻ തുടങ്ങി. സഭയിലെ കുടുംബങ്ങൾ ഒരിക്കലും എന്നെ ഉപേക്ഷിച്ചില്ല. ആതിഥ്യപൂർവം എന്നെ സ്വീകരിക്കാനും തങ്ങളുടെ ഭവനവും ഭക്ഷണവും മാത്രമല്ല ഹൃദയവും പങ്കുവെക്കാനും എപ്പോഴും ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നു.” ആലെഹാൻഡ്രോ കഴിഞ്ഞ 13 വർഷമായി മുഴുസമയ സേവനത്തിലാണ്‌.

മതം പ്രായമുള്ളവർക്കുള്ളതാണ്‌ എന്നാണു പലരും വിചാരിക്കുന്നത്‌. എന്നാൽ, പല യുവജനങ്ങളും ചെറുപ്പത്തിലേ ബൈബിൾ സത്യം പഠിക്കുകയും യഹോവയെ സ്‌നേഹിക്കാനും അവനോടു വിശ്വസ്‌തരായി നിലകൊള്ളാനും ഇടയായിത്തീരുകയും ചെയ്‌തിരിക്കുന്നു. സങ്കീർത്തനം 110:​3-ൽ രേഖപ്പെടുത്തിയിരിക്കുന്ന ദാവീദിന്റെ വാക്കുകൾ ഈ യുവജനങ്ങൾക്കു ബാധകമാണ്‌: “നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്‌ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.”

സത്യം പഠിക്കുന്നതും അതിനോടു പറ്റിനിൽക്കുന്നതും യുവജനങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയാണ്‌. അനേകരും യഹോവയുടെ സംഘടനയോട്‌ അടുത്തു പറ്റിനിൽക്കുന്നതും യോഗങ്ങളിൽ സംബന്ധിക്കുന്നതും ഉത്സാഹപൂർവം ബൈബിൾ പഠിക്കുന്നതും കാണുന്നത്‌ എത്ര സന്തോഷകരമാണ്‌. അങ്ങനെ, ദൈവത്തിന്റെ വചനത്തോടും അവന്റെ സേവനത്തോടും യഥാർഥ സ്‌നേഹം നട്ടുവളർത്താൻ അവർക്കു കഴിഞ്ഞിരിക്കുന്നു!​—⁠സങ്കീർത്തനം 119:15, 16.

[അടിക്കുറിപ്പ്‌]

^ ഖ. 6 യഹോവയുടെ സാക്ഷികൾ 1958-ൽ പ്രസിദ്ധീകരിച്ചത്‌; ഇപ്പോൾ മുദ്രണം ചെയ്യപ്പെടുന്നില്ല.