അന്യനാട്ടിൽ കുട്ടികളെ വളർത്തിക്കൊണ്ടുവരൽ—വെല്ലുവിളികളും പ്രതിഫലങ്ങളും
അന്യനാട്ടിൽ കുട്ടികളെ വളർത്തിക്കൊണ്ടുവരൽ—വെല്ലുവിളികളും പ്രതിഫലങ്ങളും
ഒരു പുതിയ ജീവിതത്തിനു തുടക്കമിടാനുള്ള മോഹവുമായി ദശലക്ഷങ്ങൾ അന്യനാടുകളിലേക്കു ചേക്കേറുന്നു. യൂറോപ്പിൽ ഇപ്പോൾ രണ്ട് കോടിയിൽപ്പരം കുടിയേറ്റക്കാരുണ്ട്, ഐക്യനാടുകളിൽ മറുനാട്ടുകാരായ 2 കോടി 60 ലക്ഷത്തിലധികം ആളുകൾ പാർക്കുന്നു, ഓസ്‌ട്രേലിയയിലെ മൊത്തം ജനസംഖ്യയുടെ 21 ശതമാനത്തിലധികവും വിദേശികളാണ്. മറുനാട്ടിലേക്ക് കുടിയേറുന്ന ഈ കുടുംബങ്ങൾക്ക് മിക്കപ്പോഴും പുതിയൊരു ഭാഷയുമായി മല്ലിടേണ്ടിവരുന്നു, പുതിയൊരു സംസ്‌കാരവുമായി പൊരുത്തപ്പെടേണ്ടിവരുന്നു.
സാധാരണഗതിയിൽ കുട്ടികൾ പെട്ടെന്നുതന്നെ പുതിയ നാട്ടിലെ ഭാഷ വശമാക്കുകയും അതിനനുസൃതമായി ചിന്തിക്കാൻ തുടങ്ങുകയും ചെയ്യും. എന്നാൽ മാതാപിതാക്കളാകട്ടെ ഭാഷ പഠിക്കാൻ കുറേക്കൂടെ സമയമെടുത്തേക്കാം. മാതാപിതാക്കൾക്ക് അന്യമായ ഒരു ദേശത്ത് കുട്ടികൾ വളർന്നുവരവേ ഭാഷാപരമായ ബുദ്ധിമുട്ടുകൾ ഒരു ആശയവിനിമയ വിടവ് സൃഷ്ടിച്ചേക്കാം, അതു നികത്താൻ എളുപ്പവുമല്ലായിരിക്കാം.
പുതിയ ഭാഷ മാത്രമല്ല, മറുനാട്ടിലെ സംസ്‌കാരവും കുട്ടികളുടെ ചിന്താരീതിയെ സ്വാധീനിച്ചേക്കാം. മാതാപിതാക്കൾക്ക് കുട്ടികളുടെ പ്രതികരണങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. അതുകൊണ്ട് മക്കളെ “യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്‌കരണത്തിലും” വളർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരായ മാതാപിതാക്കൾ അസാധാരണ വെല്ലുവിളികളെ നേരിടുന്നു.—എഫെസ്യർ 6:4, NW.
മനസ്സിലും ഹൃദയത്തിലും എത്തിച്ചേരുന്നതിലെ വെല്ലുവിളി
മക്കളെ ബൈബിൾ സത്യത്തിന്റെ “നിർമല ഭാഷ” പഠിപ്പിക്കാനുള്ള ആഗ്രഹവും ഉത്തരവാദിത്വവും മാതാപിതാക്കൾക്ക് ഉണ്ട്. (സെഫന്യാവു 3:9, NW) എന്നാൽ, കുട്ടികൾക്ക് തങ്ങളുടെ മാതാപിതാക്കളുടെ ഭാഷയിൽ ഒരു അടിസ്ഥാന അറിവേ ഉള്ളുവെങ്കിൽ, കുട്ടികൾ പരിചയിച്ചിരിക്കുന്ന ഭാഷയിൽ ഫലവത്തായി കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ മാതാപിതാക്കൾക്ക് കഴിയുന്നില്ലെങ്കിൽ, യഹോവയുടെ നിയമം മക്കളുടെ ഹൃദയങ്ങളിൽ ഉൾനടാൻ അവർക്ക് എങ്ങനെയാണു സാധിക്കുക? (ആവർത്തനപുസ്‌തകം 6:7, NW) മാതാപിതാക്കൾ പറയുന്ന വാക്കുകൾ കുട്ടികൾക്കു മനസ്സിലായേക്കാം. പക്ഷേ അവ അവരുടെ ഹൃദയത്തിൽ എത്തുന്നില്ലെങ്കിൽ ഒരർഥത്തിൽ, സ്വന്ത ഭവനത്തിൽ അവർ അന്യരായി മാറിയേക്കാം.
തെക്കേ അമേരിക്കയിൽനിന്ന് ഓസ്‌ട്രേലിയയിലേക്കു താമസം മാറ്റിയവരാണ് പേത്രോയും സാൻഡ്രായും. * കൗമാരപ്രായക്കാരായ രണ്ട് ആൺമക്കൾ ഇവർക്കുണ്ട്. മക്കളെ വളർത്തിക്കൊണ്ടുവരവേ അവരും ഇതേ വെല്ലുവിളി അഭിമുഖീകരിക്കുന്നു. പേത്രോ പറയുന്നത് ഇങ്ങനെയാണ്: “ആത്മീയ കാര്യങ്ങളെ കുറിച്ചു സംസാരിക്കുമ്പോൾ ഹൃദയവും വികാരങ്ങളും ഉൾപ്പെടണം. കൂടുതൽ ഗഹനവും അർഥവത്തുമായ ആശയങ്ങൾ നമുക്കു പ്രകടിപ്പിക്കേണ്ടതായി വരും, അതുകൊണ്ട് കൂടുതലായ പദസമ്പത്ത് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്.” സാൻഡ്രാ കൂട്ടിച്ചേർക്കുന്നു: “മക്കൾക്ക് നമ്മുടെ മാതൃഭാഷ നന്നായി അറിയില്ലെങ്കിൽ അവരുടെ ആത്മീയതയെ അതു മോശമായി ബാധിച്ചേക്കാം. പഠിക്കുന്ന കാര്യങ്ങൾക്കു പിന്നിലെ തത്ത്വം ഗ്രഹിക്കാനാകാതെ സത്യത്തോടുള്ള വിലമതിപ്പ് അവർക്കു നഷ്ടമായേക്കാം. അവരുടെ ആത്മീയ വിവേകം മുരടിച്ചുപോകുകയും യഹോവയുമായുള്ള അവരുടെ ബന്ധം അപകടത്തിലാകുകയും ചെയ്‌തേക്കാം.”
ശ്രീലങ്കയിൽനിന്ന് ജർമനിയിലേക്കു കുടിയേറിയവരാണ് ജ്ഞാനപ്രകാശവും ഭാര്യ ഹെലനും. ഇപ്പോൾ
അവർക്ക് രണ്ടു മക്കളുണ്ട്. അവർ ഇപ്രകാരം സമ്മതിച്ചു പറയുന്നു: “മക്കൾ ജർമൻ ഭാഷ പഠിക്കുന്നതോടൊപ്പം മാതൃഭാഷയും കൂടെ പഠിച്ചിരിക്കേണ്ടതു വളരെ പ്രധാനമാണെന്നു ഞങ്ങൾ കരുതുന്നു. അവരുടെ വികാരങ്ങൾ അവർ ഞങ്ങളോടു തുറന്നു പ്രകടിപ്പിക്കേണ്ടതു പ്രധാനമാണ്.”ഉറുഗ്വേയിൽനിന്ന് ഓസ്‌ട്രേലിയയിലേക്കു താമസം മാറിയ മിഗെലും കാർമെനും പറയുന്നത് ഇങ്ങനെയാണ്: “ഞങ്ങളുടെ അവസ്ഥയിലുള്ള മാതാപിതാക്കൾ കൂടുതൽ ശ്രമം ചെയ്യേണ്ടതുണ്ട്. ഒന്നുകിൽ പുതിയ ഭാഷയിൽ ആത്മീയ വിഷയങ്ങൾ നന്നായി മനസ്സിലാക്കാനും വിവരിച്ചുകൊടുക്കാനും കഴിയുമാറ് അവർ ആ ഭാഷയിൽ പ്രാവീണ്യം നേടണം. അല്ലെങ്കിൽ മാതൃഭാഷയിൽ പ്രാവീണ്യം നേടാൻ അവർ മക്കളെ സഹായിക്കണം.”
കുടുംബപരമായ ഒരു തീരുമാനം
ഏതു കുടിയേറ്റ കുടുംബത്തിന്റെയും ആത്മീയ ആരോഗ്യത്തിന്റെ അടിസ്ഥാനം, “യഹോവയാൽ ഉപദേശിക്കപ്പെ”ടാൻ അത് ഏതു ഭാഷ തിരഞ്ഞെടുക്കണം എന്നതാണ്. (യെശയ്യാവു 54:13) തങ്ങളുടെ മാതൃഭാഷ സംസാരിക്കുന്ന ഒരു സഭ സമീപത്തുണ്ടെങ്കിൽ, ആ കുടുംബം ആ സഭയോടൊത്തു സഹവസിക്കാൻ തീരുമാനിച്ചേക്കാം. അല്ലെങ്കിൽ ചിലപ്പോൾ തങ്ങൾ മാറിപ്പാർത്തിരിക്കുന്ന ദേശത്തെ പ്രധാന ഭാഷയിൽ യോഗങ്ങൾ നടത്തുന്ന സഭയിൽ പോകാൻ അവർ ആഗ്രഹിച്ചേക്കാം. ഏതെല്ലാം ഘടകങ്ങളാണ് ഈ തീരുമാനത്തിനു നിദാനമായിരിക്കുന്നത്?
ദിമിട്രിയോസും പാട്രൂളയും സൈപ്രസിൽനിന്ന് ഇംഗ്ലണ്ടിലേക്കു കുടിയേറിപ്പാർത്തവരാണ്. അവിടെ അവർ അഞ്ചു മക്കളെ വളർത്തിക്കൊണ്ടുവന്നിരിക്കുന്നു. തങ്ങളുടെ തീരുമാനത്തിന് അടിസ്ഥാനമായത് എന്താണെന്ന് അവർ വിവരിക്കുന്നു: “ആദ്യം ഞങ്ങളുടെ കുടുംബം ഗ്രീക്ക് ഭാഷ സംസാരിക്കുന്ന സഭയിലാണു പൊയ്‌ക്കൊണ്ടിരുന്നത്. മാതാപിതാക്കളായ ഞങ്ങൾക്ക് അതു വളരെ സഹായകമായിരുന്നെങ്കിലും മക്കളുടെ ആത്മീയ വളർച്ചയ്‌ക്ക് അത് ഒരു തടസ്സമാണെന്നു ഞങ്ങൾ മനസ്സിലാക്കി. ഗ്രീക്ക് ഭാഷയിൽ അവർക്ക് അടിസ്ഥാന അറിവ് ഉണ്ടായിരുന്നെങ്കിലും ഗഹനമായ വിഷയങ്ങൾ ഗ്രഹിക്കാൻ അവർക്കു ബുദ്ധിമുട്ടുണ്ടായിരുന്നു. അവരുടെ ആത്മീയ വളർച്ച മന്ദഗതിയിലായിരുന്നു എന്നതിൽനിന്ന് അതു വളരെ ദൃശ്യമായിരുന്നു. കുടുംബം ഒന്നിച്ച് ഞങ്ങൾ ഇംഗ്ലീഷ് സഭയിലേക്കു മാറി, ഉടനെതന്നെ കുട്ടികളിൽ പ്രകടമായ മാറ്റങ്ങൾ കാണാനായി. ഇപ്പോൾ അവർ ആത്മീയമായി ബലിഷ്‌ഠരായിരിക്കുന്നു. ഇംഗ്ലീഷ് സഭയിലേക്കു മാറാനുള്ള തീരുമാനം എളുപ്പമുള്ള ഒന്നായിരുന്നില്ല, എന്നാൽ ഞങ്ങളുടെ കാര്യത്തിൽ അതു ജ്ഞാനപൂർവകമായ ഒന്നാണെന്നു തെളിഞ്ഞു.”
എന്നാൽ തങ്ങളുടെ മാതൃഭാഷ ആ കുടുംബം വിട്ടുകളഞ്ഞില്ല, അതുകൊണ്ടുതന്നെ അവർ നല്ല ഫലങ്ങൾ കൊയ്യുകയും ചെയ്‌തു. കുട്ടികൾ അഭിപ്രായപ്പെടുന്നു: “ഒന്നിൽ കൂടുതൽ ഭാഷ വശമുള്ളത് ഒരു മുതൽക്കൂട്ടാണ്. ഞങ്ങൾക്ക് ഏറ്റവും നന്നായി അറിയാവുന്നത് ഇംഗ്ലീഷ് ആണെങ്കിലും ഗ്രീക്ക് ഭാഷയിലുള്ള അറിവ് ഞങ്ങളുടെ കുടുംബബന്ധങ്ങളെ, വിശേഷിച്ചും ഞങ്ങളുടെ മുത്തശ്ശനും മുത്തശ്ശിയുമായുള്ള ബന്ധത്തെ, കൂടുതൽ കരുത്തുറ്റതും ഇഴയടുപ്പമുള്ളതും ആക്കിത്തീർത്തിരിക്കുന്നു. കൂടാതെ, മറ്റു കുടിയേറ്റക്കാരോട് സഹാനുഭൂതിയോടെ ഇടപെടാനും അതു സഹായിച്ചിരിക്കുന്നു, മറ്റു ഭാഷ പഠിച്ചെടുക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസവും അതു ഞങ്ങൾക്കു പകർന്നുതന്നു. അതുകൊണ്ട് ഞങ്ങൾ മുതിർന്നു കഴിഞ്ഞപ്പോൾ ഒരു അൽബേനിയൻ സഭയെ സഹായിക്കാനായി ഞങ്ങളുടെ കുടുംബം മറ്റൊരിടത്തേക്കു താമസം മാറ്റി.”
ക്രിസ്റ്റഫറും മാർഗരീറ്റയും സൈപ്രസിൽനിന്ന് ഇംഗ്ലണ്ടിലേക്കു കുടിയേറിയവരാണ്, അവിടെ അവർ മൂന്നു മക്കളെ വളർത്തിക്കൊണ്ടുവന്നിരിക്കുന്നു. ഗ്രീക്ക് സഭയെ പിന്തുണയ്‌ക്കാനായിരുന്നു അവരുടെ തീരുമാനം. അവരുടെ മകൻ നീക്കോസ് ഇപ്പോൾ ഒരു ഗ്രീക്ക് സഭയിൽ മൂപ്പനായി സേവിക്കുന്നു.
അദ്ദേഹം അനുസ്‌മരിക്കുന്നു: “പുതിയതായി തുടങ്ങിയ ഒരു ഗ്രീക്ക് സഭയുമൊത്തു സഹവസിക്കാൻ ഞങ്ങൾക്കു പ്രോത്സാഹനം ലഭിച്ചു. ഒരു ദിവ്യാധിപത്യ നിയമനം ആയിട്ടാണ് ഞങ്ങളുടെ കുടുംബം അതിനെ വീക്ഷിച്ചത്.”മാർഗരീറ്റ ഇപ്രകാരം പറയുന്നു: “ഞങ്ങളുടെ ആൺമക്കൾക്ക് ഏഴും എട്ടും വയസ്സുള്ളപ്പോൾ അവർ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ പേർ ചാർത്തി. അവർക്ക് ഗ്രീക്ക് ഭാഷ അത്ര വശമില്ലായിരുന്നു എന്നത് ഞങ്ങളെ അൽപ്പം വിഷമിപ്പിച്ചിരുന്നു. അതുകൊണ്ട് ഓരോ നിയമനവും ഞങ്ങൾ കുടുംബം ഒത്തൊരുമിച്ചാണ് തയ്യാറായിരുന്നത്, പ്രസംഗം തയ്യാറാകാൻ അവരെ സഹായിക്കുന്നതിനു ഞങ്ങൾ മണിക്കൂറുകൾ തന്നെ ചെലവഴിച്ചിരുന്നു.”
അവരുടെ മകൾ ജോയാന പറയുന്നു: “അക്ഷരമാലകൾ ഒരു ബ്ലാക്ക്‌ബോർഡിൽ എഴുതിയാണ് ഡാഡി ഞങ്ങളെ ഗ്രീക്ക് പഠിപ്പിച്ചിരുന്നത്, ഞങ്ങൾ അതു നന്നായി പഠിക്കണമെന്നും ഡാഡിക്ക് നിർബന്ധമായിരുന്നു. പല ആളുകളും വർഷങ്ങളെടുത്താണ് ഒരു ഭാഷ പഠിക്കുന്നത്. പക്ഷേ മമ്മിയുടെയും ഡാഡിയുടെയും സഹായം ഉണ്ടായിരുന്നതുകൊണ്ട് ഗ്രീക്ക് പഠിക്കാൻ ഞങ്ങൾക്ക് അത്ര കാലമൊന്നും വേണ്ടിവന്നില്ല.”
ചില കുടുംബങ്ങൾ തങ്ങളുടെ മാതൃഭാഷയിലുള്ള സഭയോടൊത്തു സഹവസിക്കാൻ തീരുമാനിക്കുന്നു. കാരണം, “ആത്മീയ ഗ്രാഹ്യം” (NW) വളർത്തിയെടുക്കാനും ആത്മീയ അഭിവൃദ്ധി പ്രാപിക്കാനും സ്വന്തം ഭാഷയിൽത്തന്നെ പഠിപ്പിക്കപ്പെടണം എന്നു മാതാപിതാക്കൾക്കു തോന്നുന്നു. (കൊലൊസ്സ്യർ 1:9, 10; 1 തിമൊഥെയൊസ് 4:13, 15) അല്ലെങ്കിൽ, തങ്ങളുടെ ഭാഷാ പരിജ്ഞാനം മറ്റു കുടിയേറ്റക്കാരെ സത്യം പഠിപ്പിക്കുന്നതിന് ഉപകരിക്കുമെന്നും ഒരു കുടുംബം ചിന്തിച്ചേക്കാം.
അതേസമയം, തങ്ങൾ ഇപ്പോൾ വസിക്കുന്ന രാജ്യത്തെ പ്രധാന ഭാഷയിലുള്ള ഒരു സഭയിൽ സംബന്ധിക്കുന്നതായിരിക്കും ഏറ്റവും പ്രയോജനകരമെന്ന് ഒരു കുടുംബത്തിനു തോന്നിയേക്കാം. (ഫിലിപ്പിയർ 2:4; 1 തിമൊഥെയൊസ് 3:5) അതേക്കുറിച്ച് കുടുംബവുമൊത്തു ചർച്ച ചെയ്‌തശേഷം, കുടുംബനാഥൻ ഇക്കാര്യത്തിൽ പ്രാർഥനാപൂർവം തീരുമാനം എടുക്കണം. (റോമർ 14:4; 1 കൊരിന്ത്യർ 11:3; ഫിലിപ്പിയർ 4:6, 7) ഈ കുടുംബങ്ങൾക്കു സഹായകമായ നിർദേശങ്ങൾ ഏതൊക്കെയാണ്?
ചില പ്രായോഗിക നിർദേശങ്ങൾ
മുമ്പ് പരാമർശിച്ച പേത്രോയും സാൻഡ്രായും പറയുന്നതു ശ്രദ്ധിക്കുക: “മാതൃഭാഷ മറന്നുപോകാതിരിക്കാൻ, വീട്ടിൽ സ്‌പാനിഷ് മാത്രമേ സംസാരിക്കാവൂ എന്നൊരു നിബന്ധന ഞങ്ങൾ വെച്ചിട്ടുണ്ട്. അതു പാലിക്കാൻ ബുദ്ധിമുട്ടാണ്, കാരണം ഞങ്ങൾക്ക് ഇംഗ്ലീഷ് മനസ്സിലാകുമെന്നു മക്കൾക്ക് അറിയാം. പക്ഷേ അങ്ങനെയൊരു നിബന്ധന വെച്ചില്ലെങ്കിൽ വൈകാതെ അവർ സ്‌പാനിഷ് ഭാഷ മറക്കും.”
മുമ്പ് ഉദ്ധരിച്ച മീഗെലിന്റെയും കാർമെന്റെയും നിർദേശം ഇതാണ്: “മാതാപിതാക്കൾ മാതൃഭാഷയിൽ ക്രമമായി കുടുംബ അധ്യയനവും ദിനവാക്യ ചർച്ചയും നടത്തുന്നെങ്കിൽ കുട്ടികൾ ആ ഭാഷയുടെ ബാലപാഠങ്ങൾ മാത്രമായിരിക്കില്ല പഠിക്കുക—ആ ഭാഷയിൽ ആത്മീയ ആശയങ്ങൾ അവതരിപ്പിക്കാനും അവർ പഠിക്കും.”
മീഗെൽ മറ്റൊരു നിർദേശവും വെക്കുന്നു: “സാക്ഷീകരണ വേല ആസ്വാദ്യമാക്കുക. ഒരു വലിയ നഗരത്തിന്റെ നല്ലൊരു ഭാഗംതന്നെ വയൽസേവന പ്രദേശമായി ഞങ്ങൾക്കു ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ ഭാഷ സംസാരിക്കുന്നവരെ തേടിപ്പിടിക്കാൻ കാറിൽ വളരെ സമയം യാത്ര ചെയ്യേണ്ടിവരും. പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ചു സംസാരിക്കുകയും ബൈബിൾ കളികളിൽ ഏർപ്പെടുകയുമൊക്കെ ചെയ്‌തുകൊണ്ട് ഞങ്ങൾ ആ സമയം ഉപയോഗിക്കുന്നു. സാക്ഷീകരണത്തിനു പോകുമ്പോൾ നല്ല മടക്കസന്ദർശനങ്ങൾ നടത്താനും ഞാൻ ക്രമീകരണങ്ങൾ ചെയ്യും. വൈകുന്നേരമാകുമ്പോൾ കുട്ടികൾ അർഥവത്തായ ഒരു സംഭാഷണത്തിലെങ്കിലും ഉൾപ്പെട്ടിട്ടുണ്ടായിരിക്കും.”
സാംസ്‌കാരിക വൈജാത്യങ്ങളുമായി പൊരുത്തപ്പെടൽ
ദൈവവചനം യുവജനങ്ങളെ ഇപ്രകാരം പ്രോത്സാഹിപ്പിക്കുന്നു: “മകനേ, അപ്പന്റെ പ്രബോധനം [“ശിക്ഷണം,” NW] കേൾക്ക. അമ്മയുടെ ഉപദേശം [“ചട്ടം,” NW] ഉപേക്ഷിക്കയുമരുതു.” (സദൃശവാക്യങ്ങൾ 1:8) എന്നിരുന്നാലും, ഒരു പിതാവ് നൽകുന്ന ശിക്ഷണത്തിന്റെ മാനദണ്ഡവും മാതാവ് കൽപ്പിക്കുന്ന ‘ചട്ടവും’ കുട്ടികൾ വളർന്നുവരുന്ന സംസ്‌കാരത്തിൽനിന്നു വിഭിന്നമായ ഒന്നിനാൽ സ്വാധീനിക്കപ്പെടുന്നെങ്കിൽ പ്രശ്‌നങ്ങൾ പൊങ്ങിവന്നേക്കാം.
തന്റെ കുടുംബത്തെ എങ്ങനെ പരിപാലിക്കണമെന്നു തീരുമാനിക്കേണ്ടത് ഓരോ കുടുംബനാഥന്റെയും ഉത്തരവാദിത്വമാണ്, ഇക്കാര്യത്തിൽ മറ്റു കുടുംബങ്ങളാൽ അദ്ദേഹം അനാവശ്യമായി സ്വാധീനിക്കപ്പെടാൻ പാടില്ല. (ഗലാത്യർ 6:4, 5) എന്നിരുന്നാലും മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള നല്ല ആശയവിനിമയം പുതിയ സംസ്‌കാരത്തെ ഉൾക്കൊള്ളാൻ മാതാപിതാക്കളെ സഹായിച്ചേക്കാം.
വികസിത രാജ്യങ്ങളിൽ വ്യാപകമായി കാണുന്ന പല സംസ്‌കാരങ്ങളും നടപടികളും ക്രിസ്‌ത്യാനികളുടെ ആത്മീയ ആരോഗ്യത്തിനു ഹാനികരമാണ്. പ്രചാരമേറിയ സംഗീതങ്ങളും വിനോദങ്ങളും മിക്കപ്പോഴും റോമർ 1:26-32) കേവലം ഭാഷ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ് എന്നതുകൊണ്ട്, സംഗീതവും വിനോദവുമായി ബന്ധപ്പെട്ട് കുട്ടികൾ നടത്തുന്ന തിരഞ്ഞെടുപ്പുകളെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വത്തിൽനിന്ന് ക്രിസ്‌തീയ മാതാപിതാക്കൾ ഒഴിഞ്ഞുനിൽക്കരുത്. ഇക്കാര്യത്തിൽ അവർ വളരെ വ്യക്തമായ മാർഗരേഖകൾ വെക്കേണ്ടതുണ്ട്. എങ്കിലും ഇത് വെല്ലുവിളി ഉയർത്തിയേക്കാം.
ലൈംഗിക അധാർമികതയെയും അത്യാഗ്രഹത്തെയും മത്സരമനോഭാവത്തെയും പ്രോത്സാഹിപ്പിക്കുന്നു. (കാർമെൻ പറയുന്നു: “കുട്ടികൾ കേൾക്കാറുള്ള സംഗീതത്തിന്റെ വരികൾ പലപ്പോഴും ഞങ്ങൾക്കു മനസ്സിലാകാറില്ല. അതിന്റെ ഈണം കേൾക്കുമ്പോൾ കുഴപ്പമൊന്നും ഇല്ലെന്നു തോന്നും. എന്നാൽ അതിൽ ദ്വയാർഥ പ്രയോഗങ്ങളും വ്യംഗ്യാർഥങ്ങളും മറ്റും ഉണ്ടെങ്കിൽ നമ്മൾ അവ തിരിച്ചറിഞ്ഞെന്നു വരില്ല.” ഈ സ്ഥിതിവിശേഷത്തെ അവർ എങ്ങനെയാണു കൈകാര്യം ചെയ്‌തത്? മിഗെൽ പറയുന്നു: “അധാർമിക സംഗീതത്തിന്റെ അപകടങ്ങളെ കുറിച്ച് കുട്ടികളെ പഠിപ്പിക്കാൻ ഞങ്ങൾ വളരെയധികം സമയം ചെലവഴിക്കുന്നു. യഹോവ അംഗീകാരിക്കുന്ന തരത്തിലുള്ള സംഗീതം തിരഞ്ഞെടുക്കുന്നതിൽ അവരെ സഹായിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.” അതേ, സാംസ്‌കാരിക വൈജാത്യങ്ങളുമായി പൊരുത്തപ്പെടാൻ ജാഗ്രതയും “ന്യായബോധ”വും ആവശ്യമാണ്.—ആവർത്തനപുസ്‌തകം 11:18, 19; ഫിലിപ്പിയർ 4:5, NW.
പ്രതിഫലങ്ങൾ കൊയ്യുന്നു
ഒരു അന്യനാട്ടിൽ കുട്ടികളെ വളർത്തിക്കൊണ്ടുവരാൻ കൂടുതൽ സമയവും ശ്രമവും ആവശ്യമാണെന്നതിന് രണ്ടു പക്ഷമില്ല. എന്നാൽ മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ തങ്ങളുടെ ശ്രമത്തിനു തക്ക പ്രതിഫലങ്ങൾ കൊയ്യാൻ സാധിക്കും.
അസാമും ഭാര്യ സാറായും ടർക്കിയിൽനിന്ന് ജർമനിയിലേക്കു കുടിയേറിയവരാണ്. അവിടെ അവർ മൂന്ന് മക്കളെ വളർത്തിക്കൊണ്ടുവന്നിരിക്കുന്നു. അവരുടെ മൂത്ത മകൻ ഇപ്പോൾ ജർമനിയിലെ സെൽറ്റെഴ്‌സിലുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിൽ സേവിക്കുകയാണ്. അസാം പറയുന്നു: “കുട്ടികൾക്കുള്ള ഒരു വലിയ പ്രയോജനം, ഇരു സംസ്‌കാരങ്ങളിലും മുതൽക്കൂട്ടായിരിക്കാവുന്ന ഗുണങ്ങൾ അവർക്കു വളർത്തിയെടുക്കാൻ സാധിക്കും എന്നതാണ്.”
ആന്റോണ്യോയും ലൂറ്റോനാഡ്യോയും അംഗോളയിൽനിന്ന് ജർമനിയിലേക്കു താമസം മാറ്റിയവരാണ്, ഒമ്പതു മക്കളെ അവിടെ വളർത്തിക്കൊണ്ടുവരികയും ചെയ്യുന്നു. അവരുടെ കുടുംബം ലിംഗാലയും ഫ്രഞ്ചും ജർമനും സംസാരിക്കും. ആന്റോണ്യോ പറയുന്നു: “ഞങ്ങളുടെ കുടുംബത്തിന് പല ഭാഷകൾ അറിയാവുന്നതുകൊണ്ട് ഒട്ടേറെ രാജ്യങ്ങളിൽനിന്നുള്ളവരോടു സാക്ഷീകരിക്കാൻ ഞങ്ങൾക്കു കഴിയുന്നു. അതു ഞങ്ങൾക്കു വളരെ സന്തോഷം കൈവരുത്തുന്നു.”
ഇംഗ്ലണ്ടിലേക്കു താമസം മാറിയ ഒരു ജാപ്പനീസ് ദമ്പതികളുടെ മകനും മകളും, തങ്ങളുടെ കുടുംബത്തിന് ഇംഗ്ലീഷും ജാപ്പനീസും അറിയാമെന്നത് വലിയൊരു നേട്ടമായി കരുതുന്നു. യുവപ്രായക്കാരായ അവർ ഇങ്ങനെ പറയുന്നു: “രണ്ടു ഭാഷകളിലുമുള്ള അറിവ് ജോലി കിട്ടാൻ ഞങ്ങളെ സഹായിച്ചു. വലിയ ഇംഗ്ലീഷ് കൺവെൻഷനുകളിൽനിന്നു ഞങ്ങൾക്കു പ്രയോജനം ലഭിച്ചിട്ടുണ്ട്. അതേസമയം, ശുശ്രൂഷകരുടെ ആവശ്യം കൂടുതലുള്ള ജാപ്പനീസ് സഭയിൽ സേവിക്കാനുള്ള പദവിയും ഞങ്ങൾക്കുണ്ട്.”
നിങ്ങൾക്കു വിജയിക്കാനാകും
തങ്ങളുടെ സാംസ്‌കാരിക മൂല്യങ്ങൾ പങ്കിടാത്ത ആളുകൾക്കിടയിൽ ജീവിച്ചുകൊണ്ട് കുട്ടികളെ വളർത്തുക എന്ന വെല്ലുവിളി ബൈബിൾ കാലങ്ങൾ മുതൽ ദൈവദാസന്മാർ അഭിമുഖീകരിച്ചിട്ടുണ്ട്. മോശെയുടെ മാതാപിതാക്കൾ അതിൽ വിജയിച്ചു, അവനെ ഈജിപ്‌തിലാണു വളർത്തിക്കൊണ്ടുവന്നതെങ്കിലും. (പുറപ്പാടു 2:9, 10) ബാബിലോണിൽ പ്രവാസികളായി കഴിഞ്ഞ ഒട്ടേറെ യഹൂദർ തങ്ങളുടെ മക്കളെ അവിടെ വളർത്തിക്കൊണ്ടുവരികയുണ്ടായി, ആ യുവതലമുറക്കാരിൽ പലരും യെരൂശലേമിലേക്കു മടങ്ങിപ്പോയി സത്യാരാധന പുനഃസ്ഥാപിക്കാൻ മനസ്സൊരുക്കമുള്ളവർ ആയിരുന്നു.—എസ്രാ 2:1, 2, 64-70.
ഇന്ന് ക്രിസ്‌തീയ മാതാപിതാക്കൾക്കും വിജയിക്കാൻ കഴിയും. ഒരു ദമ്പതികൾക്ക് തങ്ങളുടെ മക്കളിൽനിന്നു കേൾക്കാൻ കഴിഞ്ഞ ഈ വാക്കുകൾ അവർക്കും തങ്ങളുടെ മക്കളിൽനിന്നു കേൾക്കാൻ കഴിഞ്ഞേക്കും: “ഡാഡിയും മമ്മിയുമായി ഞങ്ങൾക്ക് എല്ലായ്‌പോഴും നല്ല ആശയവിനിമയം ഉണ്ടായിരുന്നു. അവർ നൽകിയ സ്‌നേഹപൂർവകമായ പരിപാലനം ഞങ്ങൾ കുടുംബാംഗങ്ങളെ തമ്മിൽ കൂടുതൽ അടുപ്പിച്ചിരിക്കുന്നു. യഹോവയെ സേവിക്കുന്ന ആഗോള കുടുംബത്തിന്റെ ഭാഗമായിരിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്.”
[അടിക്കുറിപ്പ്]
^ ഖ. 7 ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
[24-ാം പേജിലെ ചിത്രം]
വീട്ടിൽ മാതൃഭാഷ മാത്രം സംസാരിക്കുന്നത് നിങ്ങളുടെ കുട്ടികൾക്ക് ആ ഭാഷയിൽ അടിസ്ഥാനപരമായ അറിവ് നൽകുന്നു
[24-ാം പേജിലെ ചിത്രം]
ഒരു പൊതു ഭാഷ ഉണ്ടായിരിക്കുന്നത് മുത്തശ്ശീമുത്തശ്ശന്മാരും പേരക്കുട്ടികളും തമ്മിലുള്ള ബന്ധത്തെ നിലനിറുത്തുന്നു
[25-ാം പേജിലെ ചിത്രം]
മക്കളുമൊത്തു ബൈബിൾ പഠിക്കുന്നത് അവരുടെ “ആത്മീയ ഗ്രാഹ്യം” വികസിക്കാൻ സഹായിക്കും