വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘പിശാചിനോട്‌ എതിർത്തുനിൽപ്പിൻ’

‘പിശാചിനോട്‌ എതിർത്തുനിൽപ്പിൻ’

‘പിശാചിനോട്‌ എതിർത്തുനിൽപ്പിൻ’

“പിശാചിനോടു എതിർത്തുനില്‌പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.” ​—⁠യാക്കോബ്‌ 4:⁠7.

1. ഈ ലോകത്തെ കുറിച്ച്‌ എന്തു പറയാവുന്നതാണ്‌, അഭിഷിക്തരും അവരുടെ സഹകാരികളും ജാഗ്രത പാലിക്കേണ്ടത്‌ എന്തുകൊണ്ട്‌?

“ദൈവം അപ്രത്യക്ഷനായിരിക്കുന്നു, പിശാചോ നിലനിൽക്കുന്നു.” ഫ്രഞ്ച്‌ ഗ്രന്ഥകാരനായ ആന്ത്രേ മാൽറോയുടെ ആ വാക്കുകൾ നമ്മുടെ ഈ ലോകത്തിനു നന്നേ ചേരും. മനുഷ്യരുടെ പ്രവൃത്തികൾ ദൈവത്തിന്റെ ഹിതത്തെക്കാൾ പിശാചിന്റെ കുടിലതകളെ പ്രതിഫലിപ്പിക്കുന്നതായി കാണുന്നു. “എല്ലാ ശക്‌തികളോടും വ്യാജമായ അടയാളങ്ങളോടും അദ്‌ഭുതങ്ങളോടും, . . . നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ” സാത്താൻ മനുഷ്യരെ വഴിതെറ്റിച്ചുകൊണ്ടിരിക്കുകയാണ്‌. (2 തെസ്സലൊനീക്യർ 2:9, 10, പി.ഒ.സി. ബൈബിൾ) എന്നാൽ ഈ ‘അന്ത്യകാലത്ത്‌’ സാത്താൻ തന്റെ ശ്രദ്ധ ദൈവത്തിന്റെ സമർപ്പിത ദാസന്മാരിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്‌. “ദൈവകല്‌പനകൾ കാക്കുന്നവരും, യേശുവിനു സാക്ഷ്യം വഹിക്കുന്നവരു”മായ അഭിഷിക്ത ക്രിസ്‌ത്യാനികളുമായി അവൻ യുദ്ധം ചെയ്യുകയാണ്‌. (2 തിമൊഥെയൊസ്‌ 3:1; വെളിപ്പാടു 12:9, 17, പി.ഒ.സി. ബൈ.) ഈ സാക്ഷികളും ഭൗമിക പ്രത്യാശയുള്ള അവരുടെ സഹകാരികളും ജാഗ്രത പാലിക്കേണ്ടതുണ്ട്‌.

2. സാത്താൻ ഹവ്വായെ വഴിതെറ്റിച്ചത്‌ എങ്ങനെ, പൗലൊസ്‌ അപ്പൊസ്‌തലൻ എന്തിനെ കുറിച്ചാണു ഭയപ്പെട്ടത്‌?

2 സാത്താൻ കൊടുംവഞ്ചകനാണ്‌. ദൈവത്തിനു കീഴ്‌പെടാതെ സ്വതന്ത്രമായി പ്രവർത്തിച്ചാൽ കൂടുതൽ സന്തോഷം കണ്ടെത്താൻ സാധിക്കുമെന്ന്‌ ഒരു പാമ്പിനെ മറയായി ഉപയോഗിച്ചുകൊണ്ട്‌ സാത്താൻ കൗശലപൂർവം ഹവ്വായെ ധരിപ്പിച്ചു. (ഉല്‌പത്തി 3:1-6) ഏതാണ്ട്‌ നാലായിരം വർഷത്തിനു ശേഷം, കൊരിന്തിലെ അഭിഷിക്ത ക്രിസ്‌ത്യാനികൾ സാത്താന്റെ തന്ത്രങ്ങൾക്ക്‌ ഇരകളായേക്കുമോ എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ ഭയപ്പെട്ടു. പൗലൊസ്‌ ഇപ്രകാരം എഴുതി: “എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്‌തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.” (2 കൊരിന്ത്യർ 11:3) സാത്താൻ ആളുകളുടെ മനസ്സുകളെ ദുഷിപ്പിക്കുകയും അവരുടെ ചിന്തകളെ വികലമാക്കുകയും ചെയ്യുന്നു. ഹവ്വായെ വഴിതെറ്റിച്ചതുപോലെ, തെറ്റായ ന്യായവാദങ്ങൾ നടത്താനും യഹോവയ്‌ക്കും അവന്റെ പുത്രനും ഹിതകരമല്ലാത്ത കാര്യങ്ങൾ ചെയ്യുന്നത്‌ സന്തോഷം കൈവരുത്തുമെന്നു ചിന്തിക്കാനും അവൻ ക്രിസ്‌ത്യാനികളെ പ്രേരിപ്പിച്ചേക്കാം.

3. പിശാചിൽനിന്ന്‌ യഹോവ എന്തു സംരക്ഷണം പ്രദാനം ചെയ്യുന്നു?

3 അപകടം പ്രതീക്ഷിക്കാതെ പറന്നെത്തുന്ന പക്ഷികളെ പിടികൂടാൻ കെണിയൊരുക്കുന്ന ഒരു വേട്ടക്കാരനോട്‌ സാത്താനെ ഉപമിക്കാൻ കഴിയും. സാത്താന്റെ കെണികളെ ഒഴിവാക്കാൻ നാം “അത്യുന്നതന്റെ മറവിൽ വസി”ക്കേണ്ടതുണ്ട്‌​—⁠യഹോവയുടെ സാർവത്രിക പരമാധികാരത്തെ അംഗീകരിക്കുന്നുവെന്ന്‌ തങ്ങളുടെ പ്രവൃത്തികളിലൂടെ പ്രകടമാക്കുന്നവർക്ക്‌ അവൻ പ്രദാനം ചെയ്യുന്ന ഒരു പ്രതീകാത്മക സംരക്ഷണ സ്ഥാനമാണത്‌. (സങ്കീർത്തനം 91:1-3) “പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്‌പാൻ കഴിയേണ്ടതിന്നു” തന്റെ വചനവും പരിശുദ്ധാത്മാവും സംഘടനയും മുഖാന്തരം ദൈവം നൽകുന്ന എല്ലാ സംരക്ഷണവും നമുക്ക്‌ ആവശ്യമാണ്‌. (എഫെസ്യർ 6:11) ‘തന്ത്രങ്ങൾ’ എന്നതിനുള്ള ഗ്രീക്ക്‌ പദത്തെ “കുടില പ്രവൃത്തികൾ” അഥവാ “കൗശലങ്ങൾ” എന്നും പരിഭാഷപ്പെടുത്താവുന്നതാണ്‌. നിസ്സംശയമായും, യഹോവയുടെ ദാസരെ കെണിയിൽ അകപ്പെടുത്താൻ പിശാച്‌ പല കൗശലങ്ങളും കുടിലതകളും പ്രയോഗിക്കുന്നുണ്ട്‌.

ആദിമ ക്രിസ്‌ത്യാനികൾക്കുവേണ്ടി സാത്താൻ ഒരുക്കിയ കെണികൾ

4. എങ്ങനെയുള്ള ഒരു ലോകത്തിലാണ്‌ ആദിമ ക്രിസ്‌ത്യാനികൾ ജീവിച്ചിരുന്നത്‌?

4 പൊ.യു. ഒന്നും രണ്ടും നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ, റോമാ സാമ്രാജ്യം പ്രതാപത്തിന്റെ പരകോടിയിലായിരുന്ന കാലത്താണു ജീവിച്ചിരുന്നത്‌. അന്ന്‌ അവിടെ നിലവിലിരുന്ന താരതമ്യേന ശാന്തമായ അന്തരീക്ഷം വാണിജ്യം തഴച്ചുവളരുന്നതിന്‌ ഇടയാക്കി. ഈ സമ്പദ്‌സമൃദ്ധി ഭരണവർഗത്തിനു ധാരാളം വിശ്രമവേളകൾ നൽകി. പൊതുജനം വിപ്ലവം ഇളക്കിവിടാതിരിക്കാനായി ധാരാളം വിനോദാവസരങ്ങൾ നൽകി അവരെ തൃപ്‌തരാക്കാൻ ഭരണാധികാരികൾ ശ്രമിച്ചു. ചില കാലഘട്ടങ്ങളിൽ, പ്രവൃത്തി ദിവസങ്ങളുടെ അത്രയുംതന്നെ പൊതു ഒഴിവുദിനങ്ങളും ഉണ്ടായിരുന്നു. ജനങ്ങൾക്ക്‌ ആഹാരവും വിനോദവും പ്രദാനം ചെയ്യാൻ നേതാക്കന്മാർ പൊതുഫണ്ടുകൾ വിനിയോഗിച്ചു. അങ്ങനെ അവരുടെ വയറു നിറയ്‌ക്കാനും ശ്രദ്ധ മറ്റൊന്നിലേക്കും തിരിയുന്നില്ലെന്ന്‌ ഉറപ്പുവരുത്താനും അവർക്കു കഴിഞ്ഞു.

5, 6 (എ) റോമൻ തീയറ്ററുകളിലും ആംഫി തീയറ്ററുകളിലും പോകുന്നത്‌ ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം ഉചിതം അല്ലായിരുന്നത്‌ എന്തുകൊണ്ട്‌? (ബി) സാത്താൻ എന്ത്‌ തന്ത്രം ഉപയോഗിച്ചു, ക്രിസ്‌ത്യാനികൾക്ക്‌ അത്‌ ഒഴിവാക്കാൻ സാധിക്കുമായിരുന്നത്‌ എങ്ങനെ?

5 ഈ സ്ഥിതിവിശേഷം അന്നത്തെ ക്രിസ്‌ത്യാനികൾക്കു ഭീഷണി ഉയർത്തിയിരുന്നോ? അന്നത്തെ വിനോദങ്ങളിൽ മിക്കവയും സത്യക്രിസ്‌ത്യാനികൾക്ക്‌ ആത്മീയവും ധാർമികവുമായ അപകടങ്ങൾ ഉയർത്തുന്നവ ആയിരുന്നെന്ന്‌ അപ്പൊസ്‌തലന്മാരുടെ കാലത്തിനു തൊട്ടുപിന്നാലെ ജീവിച്ചിരുന്ന തെർത്തുല്യനെ പോലുള്ള എഴുത്തുകാരുടെ രചനകളിൽനിന്നു മനസ്സിലാക്കാവുന്നതാണ്‌. ഒരു കാരണം, മിക്ക പൊതു ഉത്സവങ്ങളും കളികളും വിജാതീയ ദൈവങ്ങളെ ആദരിച്ചുകൊണ്ടുള്ളവ ആയിരുന്നു എന്നതാണ്‌. (2 കൊരിന്ത്യർ 6:14-18) തീയറ്ററുകളിൽ അവതരിപ്പിച്ചിരുന്ന പരമ്പരാഗത നാടകങ്ങൾ പോലും പലതും അധാർമികതയും രക്തച്ചൊരിച്ചിലും നിറഞ്ഞവ ആയിരുന്നു. കാലം കടന്നുപോകവേ, പരമ്പരാഗത പരിപാടികളോടുള്ള പൊതുജനത്തിന്റെ താത്‌പര്യം ക്ഷയിച്ചുവന്നു, പകരം അശ്ലീലം കലർന്ന ആട്ടക്കഥകൾ പ്രചാരം ആർജിച്ചു. പുരാതന റോമിലെ അനുദിന ജീവിതം (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ ചരിത്രകാരനായ ഷേറോം കാർകോപീനോ പറയുന്നു: “ഈ പരിപാടികളിലെ അഭിനേത്രിമാർക്ക്‌ പൂർണ നഗ്നരാകാനുള്ള അനുവാദം ഉണ്ടായിരുന്നു . . . രക്തച്ചൊരിച്ചിലുകൾ സാധാരണമായിരുന്നു. . . . [പരിഹാസ നാടകങ്ങൾ] നഗരത്തിലെ ജനതതികളുടെ അഭിരുചിക്കൊത്ത്‌ വൈകൃതങ്ങളുടെ അങ്ങേയറ്റത്തോളം പോയി. അത്തരം അപകൃഷ്ടമായ പ്രദർശനങ്ങളൊന്നും അവരിൽ യാതൊരു ബുദ്ധിമുട്ടും ഉളവാക്കിയില്ല, കാരണം ആംഫിതീയറ്ററുകളിലെ ബീഭത്സതകൾ കാലങ്ങൾക്കുമുമ്പേ അവരുടെ വികാരങ്ങളെ മരവിപ്പിക്കുകയും നൈസർഗികബോധത്തെ വികലമാക്കുകയും ചെയ്‌തിരുന്നു.”​—⁠മത്തായി 5:​27, 28.

6 ആംഫി തീയറ്ററുകളിൽ ദ്വന്ദ്വയുദ്ധക്കാർ പരസ്‌പരമോ വന്യമൃഗങ്ങളുമായോ പോരിലേർപ്പെടുമായിരുന്നു. മനുഷ്യന്റെയോ മൃഗത്തിന്റെയോ മരണം മാത്രമാണ്‌ ഇത്തരം പോരാട്ടങ്ങൾക്ക്‌ അവസാനം കുറിച്ചിരുന്നത്‌. ശിക്ഷയ്‌ക്കു വിധിക്കപ്പെട്ട കുറ്റവാളികളെയും കാലാന്തരത്തിൽ പല ക്രിസ്‌ത്യാനികളെയും ക്രൂരമൃഗങ്ങൾക്ക്‌ എറിഞ്ഞുകൊടുക്കുകയുണ്ടായി. ആ ആദിമ കാലത്തു പോലും, അധാർമികതയോടും അക്രമത്തോടുമുള്ള ആളുകളുടെ വെറുപ്പിനെ ദുർബലപ്പെടുത്തുകയും അങ്ങനെ ഒടുവിൽ അവയെ സമസ്‌തവ്യാപകവും ജനപ്രീതിയുള്ളതും ആക്കിത്തീർക്കുകയും ചെയ്യുക എന്നതായിരുന്നു സാത്താന്റെ തന്ത്രം. ആ കെണി ഒഴിവാക്കാനുള്ള ഏക മാർഗം ആംഫി തീയറ്ററുകളിൽനിന്നും മറ്റു തീയറ്ററുകളിൽനിന്നും ഒഴിഞ്ഞുനിൽക്കുക ആയിരുന്നു.​—⁠1 കൊരിന്ത്യർ 15:32, 33, NW.

7, 8. (എ) രഥോത്സവങ്ങൾ കാണാൻ പോകുന്നത്‌ ഒരു ക്രിസ്‌ത്യാനിയെ സംബന്ധിച്ചിടത്തോളം ബുദ്ധിശൂന്യമായിരിക്കുമായിരുന്നു എന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌? (ബി) ക്രിസ്‌ത്യാനികളെ കുടുക്കാൻ സാത്താന്‌ റോമൻ സ്‌നാനകേന്ദ്രങ്ങളെ ഉപയോഗിക്കാൻ കഴിയുമായിരുന്നത്‌ എങ്ങനെ?

7 ദീർഘചതുരാകൃതിയിലുള്ള കളങ്ങളിൽ നടത്തിയിരുന്ന രഥോത്സവങ്ങൾ തീർച്ചയായും ആളുകളെ ആവേശംകൊള്ളിക്കുന്നവയായിരുന്നു. എങ്കിലും കാണികൾ മിക്കപ്പോഴും അക്രമാസക്തർ ആയിത്തീർന്നിരുന്നതിനാൽ അവ ക്രിസ്‌ത്യാനികൾക്കു സ്വീകാര്യമായിരുന്നില്ല. കാണികൾ പരസ്‌പരം അടിപിടി കൂടിയിരുന്നതായി മൂന്നാം നൂറ്റാണ്ടിലെ ഒരു ലേഖകൻ റിപ്പോർട്ടു ചെയ്‌തു. അതുപോലെതന്നെ, മത്സരങ്ങൾ നടന്ന കെട്ടിടങ്ങളുടെ മറവുകളിൽ “ജ്യോതിഷക്കാരും അഭിസാരികകളും തങ്ങളുടെ ഇടപാടുകൾ നടത്തി”യിരുന്നതായി കാർകോപീനോ പറയുന്നു. തീർച്ചയായും റോമൻ രഥയോട്ട മത്സര കളങ്ങൾ ക്രിസ്‌ത്യാനികൾക്കു സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളായിരുന്നില്ല.​—⁠1 കൊരിന്ത്യർ 6:9, 10.

8 വിഖ്യാതമായ റോമൻ സ്‌നാനകേന്ദ്രങ്ങളുടെ കാര്യമോ? ശരീരം ശുദ്ധിയാക്കാൻ കുളിക്കുന്നത്‌ യാതൊരു പ്രകാരത്തിലും തെറ്റായിരുന്നില്ല. എന്നാൽ പല റോമൻ സ്‌നാനകേന്ദ്രങ്ങളും, തിരുമ്മൽ മുറികളും കായികാഭ്യാസ കളരികളും ചൂതാട്ട അറകളും ഭോജനശാലകളും ഒക്കെ അടങ്ങിയ കൂറ്റൻ കെട്ടിടങ്ങൾ ആയിരുന്നു. തത്ത്വത്തിൽ, സ്‌ത്രീകൾക്കും പുരുഷന്മാർക്കും കുളിക്കാൻ വെവ്വേറെ സമയം ഏർപ്പെടുത്തിയിരുന്നെങ്കിലും ഒന്നിച്ചുള്ള കുളികളും മിക്കപ്പോഴും അനുവദനീയമായിരുന്നു. അലക്‌സാണ്ട്രിയയിലെ ക്ലെമന്റ്‌ ഇപ്രകാരം എഴുതി: “സ്‌നാനകേന്ദ്രങ്ങൾ വിവേചനാരഹിതമായി സ്‌ത്രീകൾക്കും പുരുഷന്മാർക്കും തുറന്നുകൊടുക്കപ്പെട്ടിരിക്കുന്നു; വസ്‌ത്രമുരിഞ്ഞ്‌ എന്തു വെറിക്കൂത്തിൽ ഏർപ്പെടാനുമുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്‌.” അങ്ങനെ ക്രിസ്‌ത്യാനികളെ കുടുക്കാനുള്ള കെണിയായി ഒരു അംഗീകൃത പൊതുസ്ഥാപനത്തെ സാത്താന്‌ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുമായിരുന്നു. ജ്ഞാനികൾ അത്തരം സ്ഥലങ്ങളിൽനിന്നു വിട്ടുനിന്നു.

9. ആദിമ ക്രിസ്‌ത്യാനികൾ ഒഴിവാക്കേണ്ടിയിരുന്ന കെണികൾ ഏവ?

9 റോമൻ സാമ്രാജ്യം ഉന്നതിയുടെ കൊടുമുടിയിൽ ആയിരുന്ന കാലത്ത്‌ ചൂതാട്ടം ആളുകൾക്കിടയിലെ ഏറ്റവും വലിയൊരു നേരമ്പോക്കായിരുന്നു. രഥയോട്ട മത്സരങ്ങളിൽനിന്ന്‌ അകന്നുനിന്നുകൊണ്ട്‌ അത്തരം വേളകളിൽ സാധാരണമായിരുന്ന വാതുവെക്കൽ ഒഴിവാക്കാൻ ആദിമ ക്രിസ്‌ത്യാനികൾക്കു കഴിയുമായിരുന്നു. കൂടാതെ, സത്രങ്ങളിലെയും മദ്യശാലകളിലെയും രഹസ്യ മുറികളിൽ അനധികൃതമായ ചെറിയ തോതിലുള്ള ചൂതാട്ടങ്ങൾ നടന്നിരുന്നു. ഇത്തരം ചൂതുകളിയിൽ കളിക്കാർ മറ്റേ കളിക്കാരന്റെ കയ്യിലുള്ള ഉരുളൻ കല്ലുകളുടെയോ അസ്ഥിക്കഷണങ്ങളുടെയോ എണ്ണം ഒറ്റയോ ഇരട്ടയോ എന്നു പറയണമായിരുന്നു. എളുപ്പത്തിൽ പണമുണ്ടാക്കാമെന്ന പ്രതീക്ഷ നൽകിയതിനാൽ ചൂതാട്ടം ആളുകളെ സംബന്ധിച്ചിടത്തോളം ആവേശജനകമായ ഒരു വിനോദമായിരുന്നു. (എഫെസ്യർ 5:5) കൂടാതെ, മിക്കപ്പോഴും വേശ്യകൾ ആയിരുന്നു അവിടങ്ങളിൽ മദ്യം വിളമ്പിയിരുന്നത്‌. ഇത്‌ ക്രിസ്‌ത്യാനികളുടെ ധാർമിക നിലപാടിനും അപകടം ഉയർത്തി. റോമാ സാമ്രാജ്യത്തിലെ നഗരങ്ങളിൽ ജീവിച്ചിരുന്ന ക്രിസ്‌ത്യാനികളെ കുടുക്കാനായി സാത്താൻ ഒരുക്കിയ കെണികളിൽ ചിലത്‌ ഇവയായിരുന്നു. ഇന്ന്‌ കാര്യങ്ങൾ വ്യത്യസ്‌തമാണോ?

സാത്താന്റെ കെണികൾ ഇന്ന്‌

10. ഇന്നത്തെ സാഹചര്യങ്ങൾ റോമാ സാമ്രാജ്യത്തിൽ നിലവിലിരുന്നതിനോടു സമാനമായിരിക്കുന്നത്‌ എങ്ങനെ?

10 പൊതുവിൽ, നൂറ്റാണ്ടുകൾക്കു ശേഷവും സാത്താന്റെ തന്ത്രങ്ങൾക്കു വലിയ മാറ്റം വന്നിട്ടില്ല. ദുഷിച്ച കൊരിന്ത്‌ നഗരത്തിൽ വസിച്ചിരുന്ന ക്രിസ്‌ത്യാനികൾക്ക്‌ ‘സാത്താനാൽ തോൽപ്പിക്കപ്പെടാതിരിക്കാൻ’ തക്കവണ്ണം പൗലൊസ്‌ അപ്പൊസ്‌തലൻ ശക്തമായ ബുദ്ധിയുപദേശം നൽകുകയുണ്ടായി. അവൻ അവർക്ക്‌ ഇപ്രകാരം എഴുതി: “[സാത്താന്റെ] തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ.” (2 കൊരിന്ത്യർ 2:11) ഇന്ന്‌ പല വികസിത രാജ്യങ്ങളിലെയും അവസ്ഥ, റോമാ സാമ്രാജ്യത്തിന്റെ സുവർണകാലത്ത്‌ അവിടെ നിലവിലിരുന്ന അവസ്ഥയ്‌ക്കു സമാനമാണ്‌. പലർക്കും മുമ്പെന്നത്തെക്കാൾ അധികം ഒഴിവുസമയം ഉണ്ട്‌. ഗവൺമെന്റിന്റെ വകയായുള്ള നറുക്കെടുപ്പുകൾ ദരിദ്രർക്കു പോലും പ്രതീക്ഷയുടെ കിരണം നൽകുന്നു. ആളുകളുടെ ശ്രദ്ധ മറ്റൊന്നിലേക്കും തിരിയാതെ പിടിച്ചുനിറുത്താൻ പോന്ന ചെലവുകുറഞ്ഞ ധാരാളം വിനോദപരിപാടികൾ ഇന്നുണ്ട്‌. നിറഞ്ഞുകവിഞ്ഞ സ്‌പോർട്‌സ്‌ സ്റ്റേഡിയങ്ങൾ, ചൂതാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾ, അക്രമാസക്തരായ കാണികളും കളിക്കാരും​—⁠എല്ലാം ഇന്നത്തെ സാധാരണ കാഴ്‌ചകളാണ്‌. തരംതാണ സംഗീതം ആളുകളെ രസിപ്പിക്കുന്നു, നാടകവേദിയിലും വെള്ളിത്തിരയിലും മിനിസ്‌ക്രീനിലും അശ്ലീലം നിറഞ്ഞുനിൽക്കുന്നു. ചില രാജ്യങ്ങളിൽ, സോണകളിലും ചൂടുറവകളിലും സ്‌ത്രീകളും പുരുഷന്മാരും ഒരുമിച്ചു കുളിക്കുന്നതും ബീച്ചുകളിൽ നഗ്നരായി നീന്തുന്നതും പോലുള്ള കാഴ്‌ചകളും അപൂർവമല്ല. ക്രിസ്‌ത്യാനിത്വത്തിന്റെ ആദിമ നൂറ്റാണ്ടുകളിൽ ചെയ്‌തതു പോലെ സാത്താൻ ലൗകിക ഉല്ലാസങ്ങളാൽ ദൈവദാസരെ വശീകരിക്കാൻ ശ്രമിക്കുന്നു.

11. മനസ്സിന്‌ അയവുവരുത്താനും ഉല്ലാസങ്ങളിൽ ഏർപ്പെടാനും ഉള്ള ആഗ്രഹത്തിൽ എന്തു കെണി ഒളിഞ്ഞിരിപ്പുണ്ട്‌?

11 മാനസിക പിരിമുറുക്കം സാധാരണമായ ഇന്നത്തെ ലോകത്തിൽ മനസ്സിന്‌ അയവുവരുത്താനും ഉല്ലാസപ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ള ആഗ്രഹം സ്വാഭാവികം മാത്രമാണ്‌. എന്നാൽ, റോമൻ സ്‌നാനകേന്ദ്രങ്ങളിൽ ആദിമ ക്രിസ്‌ത്യാനികൾക്ക്‌ അപകടരമായിത്തീർന്നേക്കുമായിരുന്ന കാര്യങ്ങൾ ഉണ്ടായിരുന്നതുപോലെ, ആധുനിക ക്രിസ്‌ത്യാനികളെ അധാർമികതയിലേക്കും അമിത മദ്യപാനത്തിലേക്കും വലിച്ചിഴയ്‌ക്കാനായി സാത്താൻ ചില അവധിക്കാല റിസോർട്ടുകളെയും മറ്റും കെണിയായി ഉപയോഗിച്ചിരിക്കുന്നു. കൊരിന്തിലെ ക്രിസ്‌ത്യാനികൾക്ക്‌ പൗലൊസ്‌ ഇങ്ങനെ എഴുതി: “നിങ്ങൾ വഞ്ചിതരാകരുത്‌. അധമമായ സംസർഗ്‌ഗം സദാചാരങ്ങളെ ദുഷിപ്പിക്കും. നിങ്ങൾ നീതിപൂർവ്വം സമചിത്തത പാലിക്കയും പാപം വർജ്‌ജിക്കയും ചെയ്യുവിൻ. ചിലർക്കു ദൈവത്തെപ്പറ്റി ഒരറിവുമില്ല.”​—⁠1 കൊരിന്ത്യർ 15:33, 34, പി.ഒ.സി. ബൈ.

12. ഇന്ന്‌ യഹോവയുടെ ദാസരെ കെണിയിൽ അകപ്പെടുത്താൻ സാത്താൻ ഉപയോഗിക്കുന്ന ചില തന്ത്രങ്ങൾ ഏവ?

12 ഹവ്വായുടെ ചിന്തയെ ദുഷിപ്പിക്കാനായി സാത്താൻ കൗശലം ഉപയോഗിച്ചത്‌ എങ്ങനെയെന്നു നാം കാണുകയുണ്ടായി. (2 കൊരിന്ത്യർ 11:​3) ലൗകിക രീതികളുമായി സാധിക്കുന്നത്ര പൊരുത്തപ്പെട്ടുകൊണ്ട്‌ തങ്ങളും മറ്റുള്ളവരെ പോലെയാണെന്നു കാണിക്കുന്നതിലൂടെ ചിലരെ ക്രിസ്‌തീയ വിശ്വാസത്തിലേക്കു കൊണ്ടുവരാനാകുമെന്നു ചിന്തിക്കാൻ ക്രിസ്‌ത്യാനികളെ പ്രേരിപ്പിക്കുന്നതാണ്‌ ഇന്ന്‌ പിശാച്‌ ഉപയോഗിക്കുന്ന ഒരു കെണി. ചിലപ്പോൾ അവർ അതിരുകടക്കുകയും ചിന്തിച്ചതിനു വിപരീതം സംഭവിക്കുകയും ചെയ്യുന്നു. (ഹഗ്ഗായി 2:12-14) സാത്താന്റെ മറ്റൊരു തന്ത്രം, കപട ജീവിതം നയിച്ചുകൊണ്ട്‌ ‘പരിശുദ്ധാത്മാവിനെ ദുഃഖിപ്പി’ക്കാൻ പ്രായഭേദമെന്യേ സമർപ്പിത ക്രിസ്‌ത്യാനികളെ പ്രേരിപ്പിക്കുകയാണ്‌. (എഫെസ്യർ 4:30) ഇന്റർനെറ്റിന്റെ ദുരുപയോഗത്തിലൂടെ ചിലർ ഈ കെണിയിൽ വീണിരിക്കുന്നു.

13. പെട്ടെന്നു തിരിച്ചറിയാൻ കഴിയാത്ത ഏതു കെണിയാണ്‌ സാത്താൻ തന്ത്രപൂർവം ഒരുക്കിയിരിക്കുന്നത്‌, സദൃശവാക്യത്തിലെ ഏതു ബുദ്ധിയുപദേശമാണ്‌ ഇവിടെ ഉചിതമായിരിക്കുന്നത്‌?

13 പെട്ടെന്നു തിരിച്ചറിയാൻ കഴിയാത്ത ഒരു വിധത്തിൽ ഗൂഢവിദ്യയെ അവതരിപ്പിക്കുന്നതാണു സാത്താൻ ഒരുക്കുന്ന മറ്റൊരു കെണി. സത്യക്രിസ്‌ത്യാനികളിൽ ആരും സാത്താന്യ ആരാധനയിലോ ആത്മവിദ്യയിലോ മനഃപൂർവം നേരിട്ട്‌ ഉൾപ്പെടുകയില്ല. എന്നാൽ അക്രമത്തെയും അതീന്ദ്രിയ പ്രവർത്തനങ്ങളെയും ചിത്രീകരിക്കുന്ന ചലച്ചിത്രങ്ങൾ, ടിവി സീരിയലുകൾ, വീഡിയോ കളികൾ, ബാലസാഹിത്യങ്ങൾ, കോമിക്ക്‌ പുസ്‌തകങ്ങൾ എന്നിവയുടെ കാര്യത്തിൽ ചിലർ അറിയാതെ ജാഗ്രത കൈവെടിയുന്നു. ഗൂഢവിദ്യയുടെ കണികപോലുമുള്ള എന്തും ഒഴിവാക്കേണ്ടതാണ്‌. ഈ ജ്ഞാനമൊഴി ശ്രദ്ധിക്കുക: “വക്രന്റെ വഴിയിൽ മുള്ളും കുടുക്കും ഉണ്ടു; തന്റെ പ്രാണനെ സൂക്ഷിക്കുന്നവൻ അവയോടു അകന്നിരിക്കട്ടെ.” (സദൃശവാക്യങ്ങൾ 22:5) “ഈ ലോകത്തിന്റെ ദൈവം” സാത്താൻ ആയതുകൊണ്ട്‌, അതീവ പ്രചാരം സിദ്ധിച്ച എന്തിലും അവന്റെ ഒരു കെണി പതിയിരിപ്പുണ്ടായേക്കാം.​—⁠2 കൊരിന്ത്യർ 4:4; 1 യോഹന്നാൻ 2:15, 16.

യേശു പിശാചിനോട്‌ എതിർത്തുനിന്നു

14. യേശു പിശാചിന്റെ ആദ്യ പ്രലോഭനത്തെ ചെറുത്തത്‌ എങ്ങനെ?

14 പിശാചിനോട്‌ എതിർത്തുനിന്നുകൊണ്ട്‌ അവനെ തുരത്തുന്നതിൽ യേശു നല്ല മാതൃകവെച്ചു. സ്‌നാപനത്തിനും 40 ദിവസത്തെ ഉപവാസത്തിനും ശേഷം യേശു സാത്താനാൽ പരീക്ഷിക്കപ്പെട്ടു. (മത്തായി 4:1-11) ഉപവാസത്തിനു ശേഷം യേശുവിനു സ്വാഭാവികമായും അനുഭവപ്പെട്ട വിശപ്പിനെ മുതലെടുക്കാനാണ്‌ സാത്താൻ ആദ്യം ശ്രമിച്ചത്‌. ഒരു ഭൗതിക ആവശ്യം തൃപ്‌തിപ്പെടുത്തുന്നതിന്‌ തന്റെ ആദ്യത്തെ അത്ഭുതം പ്രവർത്തിക്കാൻ സാത്താൻ യേശുവിനെ ക്ഷണിച്ചു. ആവർത്തനപുസ്‌തകം 8:3 ഉദ്ധരിച്ചുകൊണ്ട്‌, യേശു തന്റെ ശക്തി സ്വാർഥമായി ഉപയോഗപ്പെടുത്താൻ വിസമ്മതിക്കുകയും ആത്മീയ ആഹാരത്തിനു ഭൗതിക ആഹാരത്തെക്കാൾ ഉയർന്ന മൂല്യം കൽപ്പിക്കുകയും ചെയ്‌തു.

15. (എ) യേശുവിനെ പ്രലോഭിപ്പിക്കാൻ സ്വാഭാവികമായ ഏത്‌ ആഗ്രഹത്തെയാണ്‌ സാത്താൻ ചൂഷണം ചെയ്‌തത്‌? (ബി) ഇന്ന്‌ ദൈവദാസർക്കെതിരെ സാത്താൻ പ്രയോഗിക്കുന്ന ഏറ്റവും കുടിലമായ തന്ത്രങ്ങളിൽ ഒന്ന്‌ എന്താണ്‌, എന്നാൽ അവനോട്‌ എതിർത്തുനിൽക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

15 ഈ പ്രലോഭനം സംബന്ധിച്ച ശ്രദ്ധേയമായ ഒരു സംഗതി, യേശുവിനെക്കൊണ്ട്‌ ഒരു ലൈംഗിക പാപം ചെയ്യിക്കാനല്ല സാത്താൻ തുനിഞ്ഞത്‌ എന്നതാണ്‌. ആ സാഹചര്യത്തിൽ യേശുവിന്‌ വിശപ്പ്‌ അനുഭവപ്പെട്ടിരുന്നതിനാൽ അവനെ പ്രലോഭിപ്പിക്കുന്നതിന്‌ ഉപയോഗിക്കാൻ പറ്റിയ ഏറ്റവും ശക്തമായ ജഡിക ആഗ്രഹം അതായിരുന്നു. ഇന്ന്‌ ദൈവജനത്തെ വഴിതെറ്റിക്കാൻ സാത്താൻ ഉപയോഗിക്കുന്ന പ്രലോഭനങ്ങൾ എന്തൊക്കെയാണ്‌? വ്യത്യസ്‌തങ്ങളായ നിരവധി പ്രലോഭനങ്ങൾ അവൻ ഉപയോഗിക്കുന്നു, പക്ഷേ യഹോവയുടെ ജനത്തിന്റെ നിർമലത തകർക്കാനുള്ള ഏറ്റവും കുടിലമായ മാർഗം എന്ന നിലയിൽ അവൻ ഉപയോഗിക്കുന്നത്‌ ലൈംഗിക പ്രലോഭനങ്ങളെയാണ്‌. യേശുവിനെ അനുകരിക്കുകവഴി നമുക്കു സാത്താനോട്‌ എതിർത്തുനിൽക്കാനും അവന്റെ പ്രലോഭനങ്ങളെ ചെറുക്കാനും സാധിക്കും. ശരിയായ തിരുവെഴുത്തുകൾ ഓർമിച്ചെടുത്തുകൊണ്ടു യേശു സാത്താന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയതുപോലെ, പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ ഉല്‌പത്തി 39:​9-ഉം 1 കൊരിന്ത്യർ 6:​18-ഉം പോലുള്ള തിരുവെഴുത്തുകൾ നമുക്ക്‌ ഓർമിക്കാൻ കഴിയും.

16. (എ) രണ്ടാമത്തെ പ്രാവശ്യം സാത്താൻ യേശുവിനെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചത്‌ എങ്ങനെ? (ബി) യഹോവയെ ഏതെല്ലാം രീതിയിൽ പരീക്ഷിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതിനു സാത്താൻ ശ്രമിച്ചേക്കാം?

16 അടുത്തതായി, ആലയ മതിലിൽനിന്നു താഴേക്കു ചാടിക്കൊണ്ട്‌ ദൂതന്മാർ മുഖേന യേശുവിനെ സംരക്ഷിക്കാനുള്ള ദൈവത്തിന്റെ പ്രാപ്‌തിയെ പരീക്ഷിക്കാൻ പിശാച്‌ അവനെ വെല്ലുവിളിച്ചു. ആവർത്തനപുസ്‌തകം 6:16 ഉദ്ധരിച്ചുകൊണ്ട്‌, തന്റെ പിതാവിനെ പരീക്ഷിക്കാൻ യേശു വിസമ്മതിച്ചു. ആലയ മതിലിൽനിന്നു ചാടാനൊന്നും സാത്താൻ നമ്മെ പ്രലോഭിപ്പിക്കില്ലായിരിക്കാം, പക്ഷേ യഹോവയെ പരീക്ഷിക്കാൻ അവൻ നമ്മെ പ്രേരിപ്പിച്ചേക്കാം. ബുദ്ധിയുപദേശം ലഭിക്കേണ്ട അളവോളം പോകാതെ, വേഷവിധാനത്തിലും ചമയത്തിലുമൊക്കെ ലോകത്തിന്റേതായ ഫാഷനുകൾ എത്രത്തോളം പകർത്താൻ കഴിയുമെന്നു കാണാനുള്ള പ്രലോഭനം നമുക്ക്‌ ഉണ്ടാകുന്നുണ്ടോ? ഉചിതമല്ലാത്ത വിനോദപരിപാടികളിൽ ഏർപ്പെടാൻ നാം പ്രലോഭിപ്പിക്കപ്പെടുന്നുണ്ടോ? എങ്കിൽ നാം യഹോവയെ പരീക്ഷിക്കുകയായിരിക്കും. അത്തരം ചായ്‌വുകൾ നമുക്ക്‌ ഉണ്ടെങ്കിൽ സാത്താൻ നമ്മെ വിട്ടോടുന്നതിനു പകരം, തന്റെ പക്ഷത്തേക്കു നമ്മെ വശീകരിക്കാനുള്ള നിരന്തര ശ്രമങ്ങളുമായി നമ്മുടെ അരികിൽത്തന്നെ നിലയുറപ്പിച്ചേക്കാം.

17. (എ) സാത്താൻ യേശുവിനെ മൂന്നാം പ്രാവശ്യം പ്രലോഭിപ്പിക്കാൻ ശ്രമിച്ചത്‌ എങ്ങനെ? (ബി) യാക്കോബ്‌ 4:7 നമ്മുടെ കാര്യത്തിൽ ശരിയാണെന്നു തെളിഞ്ഞേക്കാവുന്നത്‌ എങ്ങനെ?

17 ആരാധനയുടേതായ ഒരൊറ്റ ക്രിയയ്‌ക്കു പകരമായി ലോകത്തിലെ സകല രാജ്യങ്ങളും സാത്താൻ വാഗ്‌ദാനം ചെയ്‌തപ്പോൾ വീണ്ടും തിരുവെഴുത്തുകൾ ഉദ്ധരിച്ചുകൊണ്ട്‌ യേശു അവനോട്‌ എതിർത്തുനിന്നു, അങ്ങനെ തന്റെ പിതാവിന്‌ അനന്യഭക്തി നൽകുന്നതിൽ അവൻ ഉറച്ചുനിന്നു. (ആവർത്തനപുസ്‌തകം 5:9; 6:13; 10:20) സാത്താൻ നമുക്ക്‌ ലോക രാജത്വങ്ങൾ വാഗ്‌ദാനം ചെയ്യുകയില്ലായിരിക്കാം, പക്ഷേ ഭൗതികത്വത്തിന്റെ പകിട്ടും പളപളപ്പും കാട്ടിക്കൊണ്ട്‌, ഒരുപക്ഷേ വ്യക്തിപരമായ ഒരു കൊച്ചു ‘സാമ്രാജ്യ’ത്തിന്റെതന്നെ സ്വപ്‌നം നൽകിക്കൊണ്ട്‌, അവൻ സദാ നമ്മെ വശീകരിക്കാൻ ശ്രമിക്കുന്നു. യേശുവിനെപ്പോലെയാണോ നാം പ്രതികരിക്കുന്നത്‌? അവനെപ്പോലെ യഹോവയ്‌ക്കു നാം അനന്യഭക്തി നൽകുന്നുണ്ടോ? എങ്കിൽ യേശുവിന്റെ കാര്യത്തിൽ സംഭവിച്ചതുതന്നെ നമ്മുടെ കാര്യത്തിലും സംഭവിക്കും. “അപ്പോൾ പിശാചു അവനെ വിട്ടുപോയി” എന്ന്‌ മത്തായിയുടെ വിവരണം പറയുന്നു. (മത്തായി 4:11) ശരിയായ ബൈബിൾ തത്ത്വങ്ങൾ ഓർമിക്കുകയും അവ ബാധകമാക്കുകയും ചെയ്‌തുകൊണ്ട്‌ സാത്താനോട്‌ നാം എതിർത്തുനിൽക്കുന്നെങ്കിൽ അവൻ നമ്മെ വിട്ടുപോകും. ശിഷ്യനായ യാക്കോബ്‌ ഇങ്ങനെ എഴുതി: “പിശാചിനോടു എതിർത്തുനില്‌പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.” (യാക്കോബ്‌ 4:7) യഹോവയുടെ സാക്ഷികളുടെ ഫ്രാൻസിലുള്ള ബ്രാഞ്ച്‌ ഓഫീസിലേക്ക്‌ ഒരു ക്രിസ്‌ത്യാനി ഇപ്രകാരം എഴുതി: “സാത്താൻ ശരിക്കും ഒരു സൂത്രശാലിയാണ്‌. എത്ര ശ്രമിച്ചിട്ടും എന്റെ വികാരങ്ങളെയും മോഹങ്ങളെയും കടിഞ്ഞാണിട്ടുനിറുത്താൻ എനിക്കു വളരെ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നു. എന്നിരുന്നാലും ധൈര്യം, ക്ഷമ, സർവോപരി യഹോവയുടെ സഹായം എന്നിവയാലെല്ലാം നിർമലത പാലിക്കാനും സത്യത്തെ മുറുകെ പിടിക്കാനും എനിക്കു കഴിഞ്ഞിരിക്കുന്നു.”

പിശാചിനോട്‌ എതിർത്തുനിൽക്കാൻ പൂർണമായും സജ്ജർ

18. പിശാചിനോട്‌ എതിർത്തുനിൽക്കാൻ ഏത്‌ ആത്മീയ ആയുധവർഗം നമ്മെ പ്രാപ്‌തരാക്കും?

18 “പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്‌പാൻ” നമ്മെ പ്രാപ്‌തർ ആക്കേണ്ടതിന്‌ യഹോവ നമുക്ക്‌ ആത്മീയ ആയുധവർഗം പ്രദാനം ചെയ്‌തിരിക്കുന്നു. (എഫെസ്യർ 6:11-18) സത്യത്തോടുള്ള സ്‌നേഹം അരയ്‌ക്കു കെട്ടുന്നത്‌ ക്രിസ്‌തീയ പ്രവർത്തനത്തിനായി നമ്മെ സജ്ജരാക്കും. യഹോവയുടെ നീതിനിഷ്‌ഠമായ നിലവാരങ്ങൾ മുറുകെപ്പിടിക്കാനുള്ള നിശ്ചയദാർഢ്യം ഒരു കവചം പോലെ നമ്മുടെ ഹൃദയത്തെ സംരക്ഷിക്കും. സുവിശേഷത്തിനായുള്ള ഒരുക്കം നാം കാലിനു ചെരിപ്പാക്കിയിട്ടുണ്ടെങ്കിൽ അതു നമ്മെ ക്രമമായി പ്രസംഗവേലയ്‌ക്കു കൊണ്ടുപോകും, അതാകട്ടെ നമ്മെ ആത്മീയമായി ശക്തീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യും. നമ്മുടെ ഉറച്ച വിശ്വാസം “ദുഷ്ടന്റെ തീയമ്പുക”ളിൽനിന്ന്‌​—⁠അവന്റെ കുടിലമായ ആക്രമണങ്ങളിൽനിന്നും പ്രലോഭനങ്ങളിൽനിന്നും​—⁠ഒരു വലിയ പരിചപോലെ നമ്മെ സംരക്ഷിക്കും. യഹോവയുടെ വാഗ്‌ദാനങ്ങൾ നിവൃത്തിയേറുമെന്ന ഉറച്ച പ്രത്യാശ നമുക്കു മനശ്ശാന്തി നൽകുകയും നമ്മുടെ ചിന്താപ്രാപ്‌തികളെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ശിരസ്‌ത്രമായി വർത്തിക്കും. (ഫിലിപ്പിയർ 4:7) ദൈവവചനം കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം നേടുന്നപക്ഷം ആളുകളെ സാത്താന്റെ ആത്മീയ ബന്ധനത്തിൽനിന്നു മോചിപ്പിക്കാൻ ഒരു വാളുപോലെ നമുക്ക്‌ അത്‌ ഉപയോഗിക്കാൻ കഴിയും. സ്വയം സംരക്ഷിക്കുന്നതിനും നമുക്ക്‌ അത്‌ ഉപയോഗിക്കാൻ സാധിക്കും, പ്രലോഭനം നേരിട്ടപ്പോൾ യേശു ചെയ്‌തതുപോലെതന്നെ.

19. ‘പിശാചിനോട്‌ എതിർത്തുനിൽക്കു’ന്നതിനു പുറമേ മറ്റെന്തുകൂടെ ആവശ്യമാണ്‌?

19 എല്ലായ്‌പോഴും “ദൈവത്തിന്റെ [ഈ] സർവ്വായുധവർഗ്ഗം” ധരിക്കുകയും പ്രാർഥനയോടെ മുമ്പോട്ടു പോകുകയും ചെയ്‌താൽ സാത്താന്റെ ആക്രമണം ഉണ്ടാകുമ്പോൾ യഹോവ നമ്മെ സംരക്ഷിക്കുമെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. (യോഹന്നാൻ 17:15; 1 കൊരിന്ത്യർ 10:13) എന്നാൽ ‘പിശാചിനോട്‌ എതിർത്തുനിൽക്കു’ന്നതു മാത്രം മതിയാകുന്നില്ലെന്ന്‌ യാക്കോബ്‌ വ്യക്തമാക്കുകയുണ്ടായി. ഏറ്റവും പ്രധാനമായി, നമുക്കായി കരുതുന്ന ‘ദൈവത്തിനു നാം കീഴടങ്ങിയിരിക്കുകയും’ വേണം. (യാക്കോബ്‌ 4:7, 8) അത്‌ എങ്ങനെ ചെയ്യാൻ കഴിയുമെന്ന്‌ അടുത്ത ലേഖനത്തിൽ പരിചിന്തിക്കുന്നതാണ്‌.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• ആദിമ ക്രിസ്‌ത്യാനികൾ സാത്താന്റെ ഏതു കെണികൾ ഒഴിവാക്കണമായിരുന്നു?

• യഹോവയുടെ ദാസരെ കുടുക്കാൻ സാത്താൻ ഇന്ന്‌ ഏതു കുടിലതകൾ ഉപയോഗിക്കുന്നു?

• സാത്താന്റെ പ്രലോഭനങ്ങളെ യേശു ചെറുത്തത്‌ എങ്ങനെ?

• പിശാചിനോട്‌ എതിർത്തുനിൽക്കാൻ ഏത്‌ ആത്മീയ ആയുധവർഗം നമ്മെ പ്രാപ്‌തരാക്കും?

[അധ്യയന ചോദ്യങ്ങൾ]

[8, 9 പേജുകളിലെ ചിത്രം]

യേശു പിശാചിനോട്‌ ശക്തമായി എതിർത്തുനിന്നു

[10-ാം പേജിലെ ചിത്രങ്ങൾ]

ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ അക്രമാസക്തവും അധാർമികവുമായ വിനോദങ്ങൾ ഒഴിവാക്കി

[കടപ്പാട്‌]

The Complete Encyclopedia of Illustration/J.G.Heck