വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

മറ്റൊരു മതവിഭാഗത്തിന്റെ കെട്ടിടം വിലയ്‌ക്കു വാങ്ങി അതു രാജ്യഹാൾ ആക്കിയെടുക്കുന്നത്‌ മിശ്രവിശ്വാസത്തിന്റേതായ ഒരു പ്രവൃത്തി ആണോ?

മറ്റു മതങ്ങളുമായുള്ള അത്തരം ഇടപാടുകൾ യഹോവയുടെ സാക്ഷികൾ സാധാരണഗതിയിൽ ഒഴിവാക്കുന്നു. എന്നിരുന്നാലും, അത്തരമൊരു ഇടപാട്‌ മിശ്രവിശ്വാസത്തിന്റേതായ ഒരു പ്രവൃത്തി ആയിരിക്കണമെന്നില്ല. അത്‌ ഒറ്റത്തവണ നടക്കുന്ന ബിസിനസ്സ്‌ ഇടപാടു മാത്രമായി വീക്ഷിക്കപ്പെട്ടേക്കാം. ഇരുകൂട്ടരുടെയും ഉപയോഗത്തിനുള്ള ഒരു ആരാധനാ സ്ഥലം പണിയാൻ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭ മറ്റൊരു മതവിഭാഗവുമായി സഹകരിച്ചു പ്രവർത്തിക്കുന്നില്ല.

യഹോവയുടെ ദൃഷ്ടിയിൽ മിശ്രവിശ്വാസത്തിന്റേതായ പ്രവൃത്തി എന്താണ്‌? അപ്പൊസ്‌തലനായ പൗലൊസിന്റെ മാർഗനിർദേശം പരിചിന്തിക്കുക: ‘നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തോരു ചേർച്ച [“എന്തു പങ്കാളിത്തമാണുള്ളത്‌,” പി.ഒ.സി. ബൈബിൾ]? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്‌മ? ക്രിസ്‌തുവിന്നും ബെലീയാലിന്നും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വാസിക്കു അവിശ്വാസിയുമായി എന്തു ഓഹരി? ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? . . . അതുകൊണ്ടു “അവരുടെ നടുവിൽനിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും.”’ (2 കൊരിന്ത്യർ 6:14-17) ‘പങ്കാളിത്തം,’ “കൂട്ടായ്‌മ” എന്നീ പദങ്ങളാൽ പൗലൊസ്‌ എന്താണ്‌ അർഥമാക്കിയത്‌?

പൗലൊസ്‌ പറയുന്ന പങ്കാളിത്തത്തിൽ വ്യക്തമായും വിഗ്രഹാരാധകരും അവിശ്വാസികളും ആയവരോടൊപ്പമുള്ള ആരാധനയും അവരുമായുള്ള ആത്മീയ ഇടപാടുകളും ഉൾപ്പെടുന്നു. ‘ഭൂതങ്ങളുടെ മേശയിൽ അംശികൾ ആകുന്നതിന്‌’ എതിരെ അവൻ കൊരിന്ത്യർക്കു മുന്നറിയിപ്പു നൽകി. (1 കൊരിന്ത്യർ 10:20, 21) അതുകൊണ്ട്‌, മറ്റു മതസംഘടനകളുടെ ആരാധനയിൽ പങ്കെടുക്കുന്നതോ അവരുമായി ആത്മീയ കൂട്ടായ്‌മ ആസ്വദിക്കുന്നതോ ആണ്‌ മിശ്രവിശ്വാസത്തിന്റേതായ പ്രവൃത്തി. (പുറപ്പാടു 20:5; 23:13; 34:12) ഒരു മതസംഘടന ഉപയോഗിച്ചിരുന്ന കെട്ടിടം വിലയ്‌ക്കു വാങ്ങുമ്പോൾ അതിന്റെ പിന്നിലെ ഉദ്ദേശ്യം രാജ്യഹാളിനാവശ്യമായ ഒരു ഇടം സ്വന്തമാക്കുക എന്നതു മാത്രമാണ്‌. രാജ്യഹാളായി ഉപയോഗിക്കുന്നതിനു മുമ്പ്‌ വ്യാജാരാധനയുമായി ബന്ധപ്പെട്ട്‌ അതിലുള്ള സകലതും നീക്കം ചെയ്‌തിരിക്കും. ഈ രീതിയിൽ ഭേദഗതി വരുത്തിയ ശേഷം, യഹോവയുടെ ആരാധനയ്‌ക്കു വേണ്ടി മാത്രമായി അത്‌ അവന്‌ സമർപ്പിക്കുന്നു. സത്യാരാധനയ്‌ക്കും വ്യാജാരാധനയ്‌ക്കും ഇടയിൽ യാതൊരു പങ്കാളിത്തമോ കൂട്ടായ്‌മയോ ഉണ്ടായിരിക്കുന്നതല്ല.

അത്തരം ഒരു കെട്ടിടം വാങ്ങുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചർച്ചചെയ്യുമ്പോൾ മറ്റേ കക്ഷിയുമായുള്ള സമ്പർക്കം പരമാവധി കുറയ്‌ക്കേണ്ടതാണ്‌. മാത്രമല്ല, അത്‌ ബിസിനസ്സ്‌ കാര്യങ്ങളിൽ മാത്രമായി ഒതുക്കിനിറുത്തുകയും വേണം. “അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു” എന്ന പൗലൊസിന്റെ മുന്നറിയിപ്പ്‌ ക്രിസ്‌തീയ സഭയിലെ അംഗങ്ങൾ മനസ്സിൽ പിടിക്കേണ്ടതുണ്ട്‌. മറ്റു വിശ്വാസങ്ങൾ പുലർത്തുന്നവരെക്കാൾ നാം നമ്മെത്തന്നെ ശ്രേഷ്‌ഠരായി കരുതുന്നില്ലെങ്കിലും അവരുമായി ഇടകലരുന്നതോ അവരുടെ ആരാധനയിലേക്ക്‌ ആകർഷിക്കപ്പെടുന്നതോ നാം ഒഴിവാക്കുന്നു. *

ഒരു സഭ ഏതെങ്കിലും മത സംഘടനയുടെ കെട്ടിടം വാടകയ്‌ക്ക്‌ എടുക്കുന്ന കാര്യമോ? കെട്ടിടം വാടകയ്‌ക്ക്‌ എടുക്കുന്നത്‌ സാധാരണഗതിയിൽ നിരന്തര സമ്പർക്കം ആവശ്യമാക്കിത്തീർക്കുന്നു. ഇത്‌ ഒഴിവാക്കേണ്ടതാണ്‌. അത്തരം ഒരു കെട്ടിടം ഒരു പ്രത്യേക പരിപാടിക്കു മാത്രമായി വാടകയ്‌ക്ക്‌ എടുക്കുന്നതിനെ കുറിച്ചു ചിന്തിക്കുമ്പോൾ പോലും മൂപ്പന്മാരുടെ സംഘം പിൻവരുന്ന കാര്യങ്ങൾ പരിചിന്തിക്കണം: കെട്ടിടത്തിന്‌ അകത്തോ പുറത്തോ എന്തെങ്കിലും വിഗ്രഹങ്ങളോ മതപരമായ പ്രതീകങ്ങളോ ഉണ്ടായിരിക്കുമോ? നാം അത്‌ ഉപയോഗിക്കുന്നതിനെ പ്രദേശത്തെ ആളുകൾ എങ്ങനെ വീക്ഷിക്കും? സഭയിൽ ആർക്കെങ്കിലും അത്‌ ഇടർച്ച ഉണ്ടാക്കുമോ? (മത്തായി 18:6; 1 കൊരിന്ത്യർ 8:7-13) മൂപ്പന്മാർ ഈ സംഗതികൾ വിലയിരുത്തി അതനുസരിച്ച്‌ തീരുമാനമെടുക്കുന്നു. കൂടാതെ, അത്തരം ഒരു കെട്ടിടം വാങ്ങി രാജ്യഹാൾ ആക്കി മാറ്റണമോ എന്നു തീരുമാനിക്കുമ്പോൾ മൂപ്പന്മാർ അവരുടെതന്നെ മനസ്സാക്ഷിയും മൊത്തത്തിൽ സഭയുടെ മനസ്സാക്ഷിയും കണക്കിലെടുക്കേണ്ടതുണ്ട്‌.

[അടിക്കുറിപ്പ്‌]

^ ഖ. 6 യഹോവയുടെ അംഗീകാരമില്ലാത്ത സംഘടനകളുമായുള്ള ബിസിനസ്സ്‌ ഇടപാടുകൾ എത്രത്തോളം ഉചിതമാണ്‌ എന്നതു സംബന്ധിച്ച വിവരങ്ങൾക്ക്‌ 1999 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 28, 29 പേജുകൾ കാണുക.

[27-ാം പേജിലെ ചിത്രം]

മുമ്പു സിനഗോഗായിരുന്ന ഈ കെട്ടിടം വാങ്ങി രാജ്യഹാൾ ആക്കി പുതുക്കിയെടുത്തു