വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സാത്താൻ സങ്കൽപ്പമോ യാഥാർഥ്യമോ?

സാത്താൻ സങ്കൽപ്പമോ യാഥാർഥ്യമോ?

സാത്താൻ സങ്കൽപ്പമോ യാഥാർഥ്യമോ?

ദുഷ്ടതയുടെ ഉത്ഭവം അതിപുരാതന കാലം മുതലേ ചിന്തകരുടെ ജിജ്ഞാസ ഉണർത്തിയിട്ടുണ്ട്‌. ജയിംസ്‌ ഹേസ്റ്റിങ്‌സിന്റെ ഒരു ബൈബിൾ നിഘണ്ടു (ഇംഗ്ലീഷ്‌) ഇങ്ങനെ പറയുന്നു: “മനുഷ്യന്റെ ബോധമനസ്സ്‌ പ്രവർത്തിച്ചു തുടങ്ങിയപ്പോൾ, തനിക്കു നിയന്ത്രിക്കാനാവാത്തതും ദ്രോഹകരമോ വിനാശകമോ ആയ സ്വാധീനം ചെലുത്തുന്നതുമായ ശക്തികളെ താൻ അഭിമുഖീകരിക്കുന്നതായി അവൻ കണ്ടെത്തി.” അതേ പരാമർശ കൃതി ഇങ്ങനെയും പറയുന്നു: “ആദിമ മനുഷ്യർ സഹജമായി തന്നെ കാരണങ്ങൾ തേടി, പ്രകൃതിയിലെ ശക്തികളെയും മറ്റു സൂചനകളെയും വ്യക്തിഭാവമുള്ള ജീവികളിൽനിന്ന്‌ ഉത്ഭവിക്കുന്നവയായി വ്യാഖ്യാനിച്ചു.”

ഭൂത ദൈവങ്ങളിലും ദുഷ്ടാത്മാക്കളിലും ഉള്ള വിശ്വാസത്തിന്റെ വേരു തേടിപ്പോയാൽ മെസൊപ്പൊത്താമ്യയുടെ അതിപുരാതന ചരിത്രത്തിൽ ചെന്നെത്തും എന്നാണു ചരിത്രകാരന്മാർ പറയുന്നത്‌. പാതാളത്തിന്റെ അല്ലെങ്കിൽ “തിരിച്ചുവരവു സാധ്യമല്ലാത്ത ദേശ”ത്തിന്റെ അധിപൻ “ദഹിപ്പിക്കുന്നവൻ” എന്ന്‌ അറിയപ്പെട്ട നേർഗാൽ എന്ന ഒരു ക്രൂര ദൈവമായിരുന്നുവെന്ന്‌ പുരാതന ബാബിലോണിയർ വിശ്വസിച്ചിരുന്നു. അവർ ഭൂതങ്ങളെയും ഭയന്നിരുന്നു. മന്ത്രോച്ചാരണങ്ങളിലൂടെ അവരെ പ്രസാദിപ്പിക്കാൻ അവർ ശ്രമിച്ചു. ഈജിപ്‌ഷ്യൻ പുരാണങ്ങളിലെ ദുഷ്ട ദൈവം സെറ്റ്‌ ആയിരുന്നു. “നേർത്തു വളഞ്ഞ മൂക്ക്‌, സമചതുരാകൃതിയിലുള്ള എഴുന്നുനിൽക്കുന്ന ചെവികൾ, വളയാത്ത പിളർന്ന വാൽ എന്നിങ്ങനെ ഒരു വിചിത്ര ജന്തുവിന്റെ രൂപസവിശേഷതകൾ ഉള്ള ഒന്നായാണ്‌ അതു ചിത്രീകരിക്കപ്പെട്ടത്‌.”​—⁠ലാറൂസ്‌ പൗരാണിക വിജ്ഞാനകോശം (ഇംഗ്ലീഷ്‌).

ഗ്രീക്കുകാർക്കും റോമാക്കാർക്കും നല്ല ദൈവങ്ങളും ദുഷ്ട ദൈവങ്ങളും ഉണ്ടായിരുന്നെങ്കിലും അവർക്ക്‌ പ്രബലനായ ഒരു ദുഷ്ട ദൈവം ഇല്ലായിരുന്നു. അവരുടെ തത്ത്വചിന്തകർ പരസ്‌പരവിരുദ്ധമായ രണ്ടു തത്ത്വങ്ങളുണ്ടെന്നു പഠിപ്പിച്ചു. എംപെഡോക്ലിസിന്റെ അഭിപ്രായത്തിൽ സ്‌നേഹവും ഭിന്നിപ്പും ആയിരുന്നു ആ രണ്ടു തത്ത്വങ്ങൾ. പ്ലേറ്റോയുടെ അഭിപ്രായത്തിൽ അവയിൽ ഒന്ന്‌ നന്മയ്‌ക്ക്‌ ഇടയാക്കുന്നതും മറ്റേത്‌ തിന്മയ്‌ക്കിടയാക്കുന്നതും ആയിരുന്നു. ല ഡ്യാബ്ല (പിശാച്‌) എന്ന തന്റെ പുസ്‌തകത്തിൽ ഷോർഷ്‌ മിൻവാ പറയുന്നതനുസരിച്ച്‌, “പുരാതന ഗ്രീസിലെയും റോമിലെയും പുറജാതീയ മതം പിശാചിന്റെ അസ്‌തിത്വം അംഗീകരിച്ചിരുന്നില്ല.”

പരമോന്നത ദൈവമായ അഹുരമസ്‌ദാ അഥവാ ഒർമാസ്‌ഡ്‌, അംഗ്ര മൈന്യുവിനെ അഥവാ അഹ്രിമാനെ സൃഷ്ടിച്ചു എന്നും അഹ്രിമാൻ തിന്മ സ്വീകരിച്ച്‌ വിനാശകമായ ആത്മവ്യക്തി അഥവാ വിനാശകൻ ആയിത്തീർന്നു എന്നും ഇറാനിലെ സൊറാസ്‌ട്രിയൻമതം പഠിപ്പിച്ചു.

യഹൂദമതം സാത്താനെ കുറിച്ചു ലളിതമായ ഒരു വിശദീകരണം ആണു നൽകിയിരുന്നത്‌. അവരെ സംബന്ധിച്ചിടത്തോളം, പാപത്തിന്‌ ഉത്തരവാദിയായ, ദൈവത്തിന്റെ എതിരാളിയായിരുന്നു സാത്താൻ. എന്നാൽ നൂറ്റാണ്ടുകൾ കടന്നുപോയതോടെ, സാത്താനെ കുറിച്ചുള്ള ആ വർണന പുറജാതീയ ആശയങ്ങളാൽ കളങ്കപ്പെട്ടു. എൻസൈക്ലോപീഡിയ ജൂഡായിക്ക ഇങ്ങനെ പറയുന്നു: “പൊതുയുഗത്തിനു മുമ്പത്തെ അവസാന നൂറ്റാണ്ടുകളായപ്പോഴേക്കും . . . വലിയ മാറ്റം സംഭവിച്ചു കഴിഞ്ഞിരുന്നു. ഈ കാലഘട്ടത്തിൽ [യഹൂദ] മതം . . . പരസ്‌പരവിരുദ്ധമായ രണ്ടു തത്ത്വങ്ങളിലുള്ള വിശ്വാസത്തിന്റെ​—⁠ദൈവത്തെയും നന്മയുടെയും സത്യത്തിന്റെയും ശക്തികളെയും എതിർത്തുകൊണ്ട്‌ സ്വർഗത്തിലും ഭൂമിയിലും, തിന്മയുടെയും വഞ്ചനയുടെയും ശക്തികൾ നിലകൊള്ളുന്നു എന്ന വിശ്വാസം​—⁠പല വശങ്ങളും സ്വീകരിച്ചു. ഇത്‌ പാർസിമതത്തിന്റെ സ്വാധീനത്തിൻ കീഴിൽ സംഭവിച്ചതാണെന്നു തോന്നുന്നു.” സംക്ഷിപ്‌ത യഹൂദ വിജ്ഞാനകോശം (ഇംഗ്ലീഷ്‌) ഇങ്ങനെ പറയുന്നു: “കൽപ്പനകൾ അനുസരിച്ചും ഏലസ്സും മറ്റും ധരിച്ചും അവർ [ഭൂതങ്ങളിൽനിന്ന്‌] സംരക്ഷണം തേടി.”

വിശ്വാസത്യാഗികളായ ക്രിസ്‌ത്യാനികളുടെ ദൈവശാസ്‌ത്രം

യഹൂദമതം, സാത്താനെയും ഭൂതങ്ങളെയും കുറിച്ച്‌ ബൈബിളിൽ ഇല്ലാത്ത ആശയങ്ങൾ സ്വീകരിച്ചതുപോലെതന്നെ, വിശ്വാസത്യാഗികളായ ക്രിസ്‌ത്യാനികൾ തിരുവെഴുത്തു വിരുദ്ധമായ ആശയങ്ങൾ വികസിപ്പിച്ചെടുത്തു. ദി ആങ്കർ ബൈബിൾ ഡിക്‌ഷണറി ഇപ്രകാരം പ്രസ്‌താവിക്കുന്നു: “പുരാതന ദൈവശാസ്‌ത്ര ആശയങ്ങളിൽ അങ്ങേയറ്റത്തെ ഒന്നാണ്‌, സാത്താനു മറുവില നൽകി ദൈവം തന്റെ ജനത്തെ വീണ്ടെടുത്തു എന്ന ആശയം.” ഐറിനീയസ്‌ (പൊ.യു. രണ്ടാം നൂറ്റാണ്ട്‌) ആണ്‌ ഈ ആശയം മുന്നോട്ടു വെച്ചത്‌. ഓറിജൻ (പൊ.യു. മൂന്നാം നൂറ്റാണ്ട്‌) അതു കൂടുതലായി വികസിപ്പിച്ചെടുത്തു. “പിശാച്‌ മനുഷ്യരുടെ മേൽ നിയമപരമായ അവകാശം നേടിയെടുത്തു” എന്ന്‌ അദ്ദേഹം അവകാശപ്പെടുകയും “ക്രിസ്‌തുവിന്റെ മരണത്തെ . . . പിശാചിനു നൽകിയ മറുവിലയായി” കണക്കാക്കുകയും ചെയ്‌തു.​—⁠ആഡോൾഫ്‌ ഹാർനാക്കിന്റെ ഉപദേശ ചരിത്രം (ഇംഗ്ലീഷ്‌).

ദ കാത്തലിക്‌ എൻസൈക്ലോപീഡിയ ഇപ്രകാരം പറയുന്നു: “[പിശാചിന്‌ മറുവില നൽകി എന്ന ആശയം] ആയിരത്തോളം വർഷക്കാലം ദൈവശാസ്‌ത്ര ചരിത്രത്തിൽ ഒരു പ്രമുഖ സ്ഥാനം വഹി”ക്കുകയും സഭാ വിശ്വാസത്തിന്റെ ഒരു ഭാഗമായി നിലകൊള്ളുകയും ചെയ്‌തു. സാത്താനു മറുവില കൊടുത്തു എന്ന ആശയം അഗസ്റ്റിൻ (പൊ.യു. നാല്‌-അഞ്ച്‌ നൂറ്റാണ്ടുകൾ) ഉൾപ്പെടെയുള്ള മറ്റു സഭാ പിതാക്കന്മാർ അംഗീകരിച്ചു. ഒടുവിൽ, പൊ.യു. 12-ാം നൂറ്റാണ്ട്‌ ആയപ്പോഴേക്കും, കത്തോലിക്കാ ദൈവശാസ്‌ത്രജ്ഞരായ ആൻസെൽമും അബിലാറും ക്രിസ്‌തുവിന്റെ ബലി സാത്താനല്ല, ദൈവത്തിനാണ്‌ അർപ്പിക്കപ്പെട്ടത്‌ എന്ന നിഗമനത്തിൽ എത്തിച്ചേർന്നു.

മധ്യകാല അന്ധവിശ്വാസങ്ങൾ

അത്ഭുതകരമെന്നു പറയട്ടെ, കത്തോലിക്ക സഭാ കൗൺസിലുകളിൽ മിക്കവയും സാത്താനെ കുറിച്ചുള്ള വിഷയത്തിൽ മൗനം പാലിക്കുകയാണുണ്ടായത്‌. എങ്കിലും പൊ.യു. 1215-ൽ നാലാം ലാറ്ററൻ കൗൺസിൽ, ന്യൂ കാത്തലിക്‌ എൻസൈക്ലോപീഡിയ “ഔപചാരിക വിശ്വാസപ്രഖ്യാപനം” എന്നു വിശേഷിപ്പിക്കുന്നത്‌ അവതരിപ്പിക്കുകയുണ്ടായി. കാനോൻ 1 ഇപ്രകാരം പ്രസ്‌താവിക്കുന്നു: “പിശാചിനെയും മറ്റു ഭൂതങ്ങളെയും ദൈവം നല്ലവരായാണു സൃഷ്ടിച്ചത്‌. എന്നാൽ അവരുടെതന്നെ പ്രവൃത്തിയാൽ അവർ ദുഷ്ടർ ആയിത്തീർന്നു.” അവർ മനുഷ്യവർഗത്തെ പ്രലോഭിപ്പിക്കാനുള്ള ശ്രമത്തിൽ തിരക്കിട്ട്‌ ഏർപ്പെട്ടിരിക്കുകയാണ്‌ എന്ന്‌ അതു കൂട്ടിച്ചേർക്കുന്നു. രണ്ടാമതു പറഞ്ഞ ആശയം മധ്യയുഗങ്ങളിൽ പലരുടെയും മനസ്സിനെ മഥിക്കുകയുണ്ടായി. അവരെ സംബന്ധിച്ചിടത്തോളം, രോഗകാരണം വ്യക്തമല്ലെങ്കിൽ, പെട്ടെന്ന്‌ ഒരു മരണം സംഭവിച്ചാൽ, വിള മോശമായാൽ ഇങ്ങനെ അസാധാരണമായി എന്തുണ്ടായാലും സാത്താൻ ആയിരുന്നു അതിന്‌ ഉത്തരവാദി. പൊ.യു. 1233-ൽ ഗ്രിഗറി ഒമ്പതാമൻ പാപ്പാ പാഷണ്ഡികൾക്കെതിരെ പുറപ്പെടുവിച്ച നിരവധി ശാസനാപത്രങ്ങളിൽ ഒന്ന്‌ ലൂസിഫെറിയൻസിന്‌, പിശാചിന്റെ ആരാധകർ എന്നു കരുതപ്പെടുന്നവർക്ക്‌, എതിരെ ഉള്ളതായിരുന്നു.

ആളുകൾക്ക്‌ പിശാചു ബാധയോ ഭൂത ബാധയോ ഉണ്ടായേക്കാം എന്ന വിശ്വാസം പെട്ടെന്നുതന്നെ ആളുകളെ ആഭിചാരത്തോടും മന്ത്രവാദത്തോടും ഉള്ള ഭ്രാന്തമായ ഭയത്തിന്‌ അടിമയാക്കി. മന്ത്രവാദികളോടുള്ള ഭയം, 13-ാം നൂറ്റാണ്ടു മുതൽ 17-ാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിൽ യൂറോപ്പിലെങ്ങും കാട്ടുതീ പോലെ പടരുകയും യൂറോപ്പുകാരായ അധിനിവേശകരിലൂടെ അത്‌ വടക്കേ അമേരിക്ക വരെ എത്തുകയും ചെയ്‌തു. മാർട്ടിൻ ലൂഥർ, ജോൺ കാൽവിൻ എന്നീ പ്രൊട്ടസ്റ്റന്റ്‌ മതപരിഷ്‌കർത്താക്കൾ പോലും മന്ത്രവാദി വേട്ടയ്‌ക്ക്‌ പച്ചക്കൊടി കാട്ടി. യൂറോപ്പിൽ മതദ്രോഹവിചാരണസഭയും ലൗകിക കോടതികളും കിംവദന്തിയെയോ ദ്രോഹപരമായ കുറ്റാരോപണങ്ങളെയോ മാത്രം അടിസ്ഥാനമാക്കി മന്ത്രവാദികളെ വിചാരണ ചെയ്യുകയുണ്ടായി. നിർബന്ധിച്ച്‌ “കുറ്റം” സമ്മതിപ്പിക്കുന്നതിനായി പീഡനമുറകൾ സ്വീകരിക്കുക സാധാരണമായിരുന്നു.

കുറ്റക്കാരായി കണ്ടെത്തുന്നവരെ ചുട്ടെരിച്ചോ ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലൻഡിലും ആണെങ്കിൽ തൂക്കിയോ കൊല്ലുന്നതിനു വിധിച്ചിരുന്നു. ഇപ്രകാരം കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ച്‌ ദ വേൾഡ്‌ ബുക്ക്‌ എൻസൈക്ലോപീഡിയ പറയുന്നു: “ചില ചരിത്രകാരന്മാർ പറയുന്നതനുസരിച്ച്‌, 1484 മുതൽ 1782 വരെയുള്ള കാലഘട്ടത്തിൽ ക്രൈസ്‌തവ സഭ 3,00,000-ത്തോളം സ്‌ത്രീകളെ മന്ത്രവാദത്തിന്റെ പേരിൽ വധിക്കുകയുണ്ടായി.” ഈ മധ്യകാല ദുരന്തത്തിന്റെ പിന്നിൽ സാത്താൻ ആയിരുന്നെങ്കിൽ ആരായിരുന്നു അവന്റെ ഉപകരണങ്ങൾ​—⁠വധിക്കപ്പെട്ടവരോ അതോ അവരുടെ മതഭ്രാന്തുപിടിച്ച പീഡകരോ?

ആധുനിക വിശ്വാസം അഥവാ അവിശ്വാസം

പതിനെട്ടാം നൂറ്റാണ്ട്‌, ജ്ഞാനോദ്ദീപനം എന്ന പേരിൽ അറിയപ്പെടുന്ന യുക്തിചിന്തയുടെ വികാസത്തിനു സാക്ഷ്യം വഹിച്ചു. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇങ്ങനെ പറയുന്നു: “പിശാചിനെ മധ്യയുഗങ്ങളിലെ ഐതിഹ്യപരമായ ഭാവനാശക്തിയുടെ ഉത്‌പന്നമെന്ന നിലയിൽ ക്രിസ്‌ത്യാനിയുടെ മനസ്സിൽനിന്നു തള്ളിക്കളയാൻ ജ്ഞാനോദ്ദീപനത്തിന്റെ തത്ത്വശാസ്‌ത്രപരവും ദൈവശാസ്‌ത്രപരവുമായ വശങ്ങൾ ശ്രമം നടത്തി.” റോമൻ കത്തോലിക്ക സഭ ഇതിനോടു പ്രതികരിക്കുകയും ഒന്നാമത്തെ വത്തിക്കാൻ കൗൺസിലിൽ (1869-70) പിശാചായ സാത്താനിലുള്ള അതിന്റെ വിശ്വാസം പുനഃദൃഢീകരിക്കുകയും ചെയ്‌തു. കുറഞ്ഞ വീര്യത്തോടെയാണെങ്കിലും രണ്ടാം വത്തിക്കാൻ കൗൺസിലിൽ (1962-65) സഭ ആ വിശ്വാസം ഒരിക്കൽകൂടി ആവർത്തിച്ചു.

ന്യൂ കാത്തലിക്‌ എൻസൈക്ലോപീഡിയ സമ്മതിക്കുന്നതുപോലെ, ഔപചാരികമായി “സഭ ദൂതന്മാരിലും ഭൂതങ്ങളിലും ഉള്ള വിശ്വാസത്തോട്‌ പ്രതിജ്ഞാബദ്ധമായി പറ്റിനിൽക്കുന്നു.” എന്നിരുന്നാലും, “ഇന്ന്‌ പല ക്രിസ്‌ത്യാനികളും, ലോകത്തിലെ തിന്മയ്‌ക്ക്‌ ഉത്തരവാദി പിശാച്‌ ആണെന്ന്‌ അംഗീകരിക്കാൻ വിസമ്മതിക്കുന്നതായി” കത്തോലിക്കാമതത്തിന്റെ ഒരു ഫ്രഞ്ച്‌ നിഘണ്ടുവായ റ്റേയോ സമ്മതിച്ചുപറയുന്നു. സമീപ വർഷങ്ങളിൽ കത്തോലിക്കാ ദൈവശാസ്‌ത്രജ്ഞർ ഔദ്യോഗിക കത്തോലിക്കാ ഉപദേശത്തിനും ആധുനിക ചിന്താഗതിക്കും ഇടയിൽ നിന്നുകൊണ്ട്‌, വളരെ സൂക്ഷിച്ചാണ്‌ ഈ സാഹചര്യത്തെ കൈകാര്യം ചെയ്‌തിരിക്കുന്നത്‌. “സ്വതന്ത്ര ക്രിസ്‌തീയ ദൈവശാസ്‌ത്രം, സാത്താനെ കുറിച്ചു ബൈബിൾ പറയുന്നതിനെ അക്ഷരീയമായി എടുക്കേണ്ടതില്ലാത്ത വെറും ഒരു വർണനയായി​—⁠പ്രപഞ്ചത്തിൽ ദുഷ്ടത യഥാർഥമാണെന്നും വ്യാപകമാണെന്നും കാണിക്കുന്നതിനുള്ള ഐതിഹ്യപരമായ ഒരു ശ്രമമായി​—⁠മാത്രം കാണുന്നു” എന്ന്‌ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. അതേ പരാമർശ കൃതി പ്രൊട്ടസ്റ്റന്റുകാരെ കുറിച്ച്‌ ഇങ്ങനെ പറയുന്നു: “ആധുനിക സ്വതന്ത്ര പ്രൊട്ടസ്റ്റന്റ്‌ മതം, വ്യക്തിഭാവമുള്ള പിശാചിൽ വിശ്വസിക്കേണ്ടതിന്റെ ആവശ്യകതയെ നിഷേധിക്കുന്നു.” എന്നാൽ സത്യ ക്രിസ്‌ത്യാനികൾ സാത്താനെ കുറിച്ചു ബൈബിൾ പറയുന്നതിനെ അക്ഷരീയമായി എടുക്കേണ്ടതില്ലാത്ത വെറും ഒരു വർണനയായാണോ കാണേണ്ടത്‌?

തിരുവെഴുത്തുകൾ പഠിപ്പിക്കുന്നത്‌

ദുഷ്ടതയുടെ ഉത്ഭവത്തെ കുറിച്ച്‌ ബൈബിൾ നൽകിയിരിക്കുന്നതിനെക്കാൾ മെച്ചമായ ഒരു വിശദീകരണം നൽകാൻ മാനുഷ തത്ത്വചിന്തയ്‌ക്കോ ദൈവശാസ്‌ത്രത്തിനോ കഴിഞ്ഞിട്ടില്ല. സാത്താനെ കുറിച്ച്‌ തിരുവെഴുത്തുകൾ പറയുന്ന കാര്യങ്ങൾ ദുഷ്ടതയുടെയും മാനുഷ കഷ്ടപ്പാടിന്റെയും ഉത്ഭവവും ഈ ലോകം ഓരോ വർഷം കഴിയുന്തോറും അചിന്തനീയമാംവണ്ണം ക്രൂരമായിത്തീർന്നുകൊണ്ടിരിക്കുന്നതിന്റെ കാരണവും മനസ്സിലാക്കുന്നതിന്‌ അനിവാര്യമാണ്‌.

ചിലർ ഇങ്ങനെ ചോദിച്ചേക്കാം: ‘ദൈവം നല്ലവനും സ്‌നേഹവാനുമായ സ്രഷ്ടാവ്‌ ആണെങ്കിൽ, സാത്താനെ പോലുള്ള ഒരു ദുഷ്ട ആത്മ ജീവിയെ അവന്‌ എങ്ങനെ സൃഷ്ടിക്കാനാകും?’ യഹോവയാം ദൈവത്തിന്റെ പ്രവൃത്തികളെല്ലാം പൂർണതയുള്ളതാണെന്നും അവൻ തന്റെ ബുദ്ധിശക്തിയുള്ള സൃഷ്ടികൾക്കെല്ലാം ഇച്ഛാസ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും ഉള്ള തത്ത്വം ബൈബിൾ മുന്നോട്ടു വെക്കുന്നു. (ആവർത്തനപുസ്‌തകം 30:​19, 20; 32:​4, NW; യോശുവ 24:15; 1 രാജാക്കന്മാർ 18:21) അതുകൊണ്ട്‌, സാത്താൻ ആയിത്തീർന്ന ആത്മവ്യക്തി പൂർണനായി സൃഷ്ടിക്കപ്പെട്ട ശേഷം മനഃപൂർവം, സ്വന്തം ഇഷ്ടത്താൽ സത്യത്തിന്റെയും നീതിയുടെയും മാർഗത്തിൽനിന്നു വ്യതിചലിച്ചതാണെന്നു വ്യക്തം.​—⁠യോഹന്നാൻ 8:​44, NW; യാക്കോബ്‌ 1:14, 15.

സാത്താന്റെ മത്സരഗതി പല വിധങ്ങളിലും ‘സോർ രാജാവിന്റേ’തിനോടു സമാനമാണ്‌. ‘സൗന്ദര്യസമ്പൂർണ്ണൻ’ എന്നും “സൃഷ്ടിച്ച നാൾമുതൽ . . . നീതികേടു കണ്ടതുവരെ . . . നടപ്പിൽ നിഷ്‌കളങ്കനായിരുന്ന”വൻ എന്നും അവനെ കുറിച്ചു കാവ്യാത്മകമായി പറഞ്ഞിരിക്കുന്നു. (യെഹെസ്‌കേൽ 28:11-19) സാത്താൻ യഹോവയുടെ പരമോന്നത അധികാരത്തെയും അവന്റെ സൃഷ്ടികർത്തൃത്വത്തെയും വെല്ലുവിളിച്ചില്ല. അവന്‌ അതിന്‌ എങ്ങനെ കഴിയാനാണ്‌? കാരണം ദൈവമല്ലേ അവനെ സൃഷ്ടിച്ചത്‌? എന്നിരുന്നാലും, യഹോവ തന്റെ പരമാധികാരം പ്രയോഗിക്കുന്ന വിധത്തെ സാത്താൻ വെല്ലുവിളിച്ചു. ആദ്യ മനുഷ്യജോഡിക്ക്‌ അവകാശപ്പെട്ടതും അവരുടെ ക്ഷേമത്തിന്‌ അനിവാര്യവുമായ ഒന്ന്‌ ദൈവം അവർക്കു നിഷേധിക്കുകയാണെന്ന്‌ ഏദെൻ തോട്ടത്തിൽ വെച്ച്‌ സാത്താൻ വളരെ തന്ത്രപൂർവം സൂചിപ്പിച്ചു. (ഉല്‌പത്തി 3:1-5) ആദാമിനെയും ഹവ്വായെയും കൊണ്ട്‌ യഹോവയുടെ നീതിപൂർവകമായ പരമാധികാരത്തിനെതിരെ മത്സരിപ്പിക്കുന്നതിലും അങ്ങനെ അവരുടെയും സന്തതികളുടെയും മേൽ പാപവും മരണവും വരുത്തിവെക്കുന്നതിലും അവൻ വിജയിച്ചു. (ഉല്‌പത്തി 3:6-19; റോമർ 5:12) അങ്ങനെ, മാനുഷ കഷ്ടപ്പാടിന്റെ മൂല കാരണം സാത്താൻ ആണെന്ന്‌ ബൈബിൾ കാണിക്കുന്നു.

ജലപ്രളയത്തിന്‌ കുറച്ചുകാലം മുമ്പ്‌, മറ്റുചില ദൂതന്മാർ സാത്താന്റെ മത്സരത്തിൽ അവനോടു ചേർന്നു. മനുഷ്യരുടെ പുത്രിമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള തീവ്രമായ അഭിലാഷത്തെ തൃപ്‌തിപ്പെടുത്താനായി അവർ മനുഷ്യശരീരം ധരിച്ച്‌ ഭൂമിയിൽ ഇറങ്ങി വന്നു. (ഉല്‌പത്തി 6:1-4) ജലപ്രളയം വന്നപ്പോൾ ഈ അവിശ്വസ്‌ത ദൂതന്മാർ ആത്മമണ്ഡലത്തിലേക്കു തിരികെ പോയി. എന്നാൽ സ്വർഗത്തിൽ യഹോവയോടൊപ്പം അവർ ആസ്വദിച്ചിരുന്ന “ആദിമ സ്ഥാന”ത്തേക്കല്ല അവർ പോയത്‌. (യൂദാ 6, NW) കടുത്ത ആത്മീയ അന്ധകാരത്തിന്റെ ഒരു അവസ്ഥയിലേക്ക്‌ അവർ താഴ്‌ത്തപ്പെട്ടു. (1 പത്രൊസ്‌ 3:19, 20; 2 പത്രൊസ്‌ 2:4) മേലാൽ യഹോവയുടെ പരമാധികാരത്തിൻ കീഴിൽ സേവിക്കാതെ, സാത്താനു കീഴ്‌പെട്ടു ജീവിക്കുന്ന ഭൂതങ്ങൾ ആയിത്തീർന്നു അവർ. വ്യക്തമായും, വീണ്ടും ഭൗതികശരീരം ധരിക്കാൻ കഴിയില്ലെങ്കിലും ഭൂതങ്ങൾക്ക്‌ മനുഷ്യമനസ്സുകളിലും ജീവിതത്തിലും വലിയ സ്വാധീനം ചെലുത്താൻ കഴിയും. നിസ്സംശയമായും, നാം ഇന്നു കാണുന്ന അക്രമങ്ങളിൽ അധികത്തിനും കാരണക്കാർ അവരാണ്‌.​—⁠മത്തായി 12:43-45; ലൂക്കൊസ്‌ 8:27-33.

സാത്താന്റെ ഭരണത്തിന്റെ അന്ത്യം സമീപിച്ചിരിക്കുന്നു

ലോകത്തിൽ ഇന്ന്‌ ദുഷ്ടശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നുള്ളതു വ്യക്തമാണ്‌. അപ്പൊസ്‌തലനായ യോഹന്നാൻ എഴുതി: “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.”​—⁠1 യോഹന്നാൻ 5:⁠19.

നാശം വിതയ്‌ക്കുന്നതിന്‌ തനിക്ക്‌ “അല്‌പകാലമേ”യുള്ളു എന്നും അതു കഴിയുമ്പോൾ തന്നെ ബന്ധനസ്ഥനാക്കുമെന്നും അറിയാവുന്നതുകൊണ്ട്‌ പിശാച്‌ ഭൂമിയിലെ കഷ്ടപ്പാടിന്റെ തീവ്രത വർധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ നിവൃത്തിയായ ബൈബിൾ പ്രവചനം സൂചിപ്പിക്കുന്നു. (വെളിപ്പാടു 12:7-12; 20:1-3) സാത്താന്റെ ഭരണത്തിന്റെ അന്ത്യം, കണ്ണുനീരോ മരണമോ വേദനയോ ‘ഇനി ഉണ്ടാകാത്ത’ നീതിയുള്ള ഒരു പുതിയ ലോകത്തെ ആനയിക്കും. അപ്പോൾ, ദൈവത്തിന്റെ ഇഷ്ടം ‘സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകും.’​—⁠വെളിപ്പാടു 21:1-5; മത്തായി 6:⁠10.

[4-ാം പേജിലെ ചിത്രങ്ങൾ]

ബാബിലോണിയർ നേർഗാൽ (ഇടത്തേ അറ്റം) എന്ന ക്രൂര ദൈവത്തിൽ വിശ്വസിച്ചു; പ്ലേറ്റോ (ഇടത്ത്‌) പരസ്‌പരവിരുദ്ധമായ രണ്ടു തത്ത്വങ്ങളുടെ അസ്‌തിത്വത്തിൽ വിശ്വസിച്ചു

[കടപ്പാട്‌]

സിലിണ്ടർ: Musée du Louvre, Paris; പ്ലേറ്റോ: National Archaeological Museum, Athens, Greece

[5-ാം പേജിലെ ചിത്രങ്ങൾ]

പിശാചിന്‌ മറുവില അർപ്പിക്കപ്പെട്ടതായി ഐറിനീയസ്‌, ഓറിജൻ, അഗസ്റ്റിൻ എന്നിവർ പഠിപ്പിച്ചു

[കടപ്പാട്‌]

ഓറിജൻ: Culver Pictures; അഗസ്റ്റിൻ: From the book Great Men and Famous Women

[6-ാം പേജിലെ ചിത്രം]

മന്ത്രവാദികളോടുള്ള ഭയം പതിനായിരക്കണക്കിന്‌ പേരുടെ വധത്തിനിടയാക്കി

[കടപ്പാട്‌]

From the book Bildersaal deutscher Geschichte