ക്ഷമാപണം ഇത്ര ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്?
ക്ഷമാപണം ഇത്ര ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്?
താൻ ഉൾപ്പെട്ട ഒരു അപകടത്തിൽ പരിക്കേൽക്കുന്ന ഒരാളോടു സഹാനുഭൂതി പ്രകടമാക്കുന്നതിന്റെ പേരിൽ അയാളെ കുറ്റക്കാരനായി വിധിക്കരുത് എന്ന് അനുശാസിക്കുന്ന ഒരു ബിൽ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാന നിയമനിർമാണസഭ 2000 ജൂലൈയിൽ പാസാക്കുകയുണ്ടായി. കാരണം? ക്ഷമാപണത്തെ കുറ്റസമ്മതമായി കോടതിയിൽ വ്യാഖ്യാനിക്കുമെന്ന ഭയം നിമിത്തം, ഒരു അപകടം പരിക്കിലോ നാശനഷ്ടത്തിലോ കലാശിക്കുമ്പോൾ ആളുകൾ പൊതുവെ ക്ഷമ ചോദിക്കാൻ മടിക്കുന്നതായി നിരീക്ഷിക്കപ്പെട്ടു. എന്നാൽ അതേസമയം, മറ്റെയാൾ തന്നോട് ഉടനടി ക്ഷമ ചോദിക്കണമെന്നു പ്രതീക്ഷിക്കുന്ന വ്യക്തിയെ ഇതു ചൊടിപ്പിക്കുകയും ചെറിയൊരു അപകടം പോലും വലിയൊരു വിവാദത്തിൽ കലാശിക്കുകയും ചെയ്‌തേക്കാം.
തീർച്ചയായും നിങ്ങളുടേതല്ലാത്ത കാരണത്താൽ ഉണ്ടാകുന്ന ഒരു അപകടത്തിനു നിങ്ങൾ ക്ഷമാപണം നടത്തേണ്ട ആവശ്യമില്ല. മാത്രമല്ല, വാക്കുകൾ ശ്രദ്ധാപൂർവം ഉപയോഗിക്കുന്നതു ജ്ഞാനമായിരിക്കുന്ന സന്ദർഭങ്ങളും ഉണ്ടായേക്കാം. ഒരു പഴമൊഴി പറയുന്നു: “വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.” (സദൃശവാക്യങ്ങൾ 10:19; 27:12) പക്ഷേ അപ്പോഴും, നിങ്ങൾക്കു മര്യാദയും സഹായ മനസ്‌കതയും പ്രകടമാക്കാൻ കഴിയും.
എന്നാൽ കോടതിക്കേസൊന്നും ഉൾപ്പെട്ടിട്ടില്ലാത്തപ്പോൾ പോലും ഇന്ന് പലരും ക്ഷമാപണം
നടത്താറില്ല എന്നതു സത്യമല്ലേ? ‘ക്ഷമിക്കണം എന്നൊരു വാക്ക് എന്റെ ഭർത്താവിന്റെ വായിൽനിന്ന് ഇതുവരെ വന്നിട്ടില്ല’ എന്ന് ഒരു ഭാര്യ ദുഃഖത്തോടെ പറഞ്ഞേക്കാം. ‘എന്റെ തൊഴിലാളികൾ തെറ്റു സമ്മതിക്കുകയോ ക്ഷമിക്കണമെന്നു പറയുകയോ ചെയ്യാറില്ല’ എന്ന് ഒരു തൊഴിൽമേധാവി പരിതപിച്ചേക്കാം. ‘ക്ഷമിക്കണം എന്നു പറയാൻ കുട്ടികൾക്കു പരിശീലനം ലഭിക്കുന്നില്ല’ എന്നു സ്‌കൂളിലെ അധ്യാപകനോ അധ്യാപികയോ റിപ്പോർട്ടു ചെയ്‌തേക്കാം.നിരസിക്കപ്പെടുമെന്ന ഭയം നിമിത്തമായിരിക്കാം ഒരു വ്യക്തി ക്ഷമ ചോദിക്കാൻ മടിക്കുന്നത്. അവഗണിക്കപ്പെടുമെന്ന ചിന്ത നിമിത്തം അയാൾ തന്റെ വികാരങ്ങൾ പ്രകടിപ്പിക്കാതിരുന്നേക്കാം. ചിലപ്പോൾ ദ്രോഹത്തിന് ഇരയായ വ്യക്തി അയാളെ പാടെ ഒഴിവാക്കുകയും അങ്ങനെ അനുരഞ്‌ജനം അങ്ങേയറ്റം ദുഷ്‌കരമാക്കിത്തീർക്കുകയും ചെയ്‌തേക്കാം.
ചില ആളുകൾ ക്ഷമ ചോദിക്കാത്തതിന്റെ കാരണം, അവർ മറ്റാളുകളുടെ വികാരങ്ങളെ കുറിച്ചു ചിന്തിക്കുന്നില്ല എന്നതാണ്. അവർ ഇങ്ങനെ ന്യായവാദം ചെയ്‌തേക്കാം: ‘ക്ഷമ ചോദിച്ചതുകൊണ്ട് ഞാൻ ചെയ്‌തുപോയ തെറ്റ് ഇല്ലാതാകുന്നില്ല.’ ഇനി, ഉണ്ടാകാനിടയുള്ള അനന്തരഫലങ്ങളെ ഭയന്ന് ക്ഷമാപണം നടത്താൻ മടിക്കുന്നവരും ഉണ്ട്. ‘ഞാൻ അതിനു സമാധാനം പറയേണ്ടതായും നഷ്ടപരിഹാരം നൽകേണ്ടതായും വരുമോ? എന്ന് അവർ ചിന്തിക്കുന്നു. എന്നിരുന്നാലും, ഒരു തെറ്റ് അംഗീകരിക്കാനുള്ള ഏറ്റവും വലിയ പ്രതിബന്ധം അഹങ്കാരമാണ്. അഹങ്കാരം നിമിത്തം “ക്ഷമിക്കണം” എന്നു പറയാൻ കഴിയാത്ത ഒരു വ്യക്തി ചുരുക്കത്തിൽ ഇപ്രകാരം നിഗമനം ചെയ്‌തേക്കാം: ‘തെറ്റ് സമ്മതിച്ചുകൊണ്ട് എന്റെ അന്തസ്സ് കളഞ്ഞുകുളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് എന്റെ പ്രതിച്ഛായയ്‌ക്കു മങ്ങലേൽപ്പിക്കും.’
കാരണം എന്തായിരുന്നാലും, ക്ഷമാപണം ബുദ്ധിമുട്ടുള്ള ഒരു കാര്യമായി അനേകർ കണ്ടെത്തുന്നു. എന്നാൽ, യഥാർഥത്തിൽ ക്ഷമാപണം ആവശ്യമാണോ? ക്ഷമാപണത്തിന്റെ പ്രയോജനങ്ങൾ എന്തൊക്കെയാണ്?
[3-ാം പേജിലെ ചിത്രം]
“ക്ഷമിക്കണം എന്നു പറയാൻ കുട്ടികൾക്കു പരിശീലനം ലഭിക്കുന്നില്ല”
[3-ാം പേജിലെ ചിത്രം]
“ക്ഷമിക്കണം എന്നൊരു വാക്ക് എന്റെ ഭർത്താവിന്റെ വായിൽനിന്ന് ഇതുവരെ വന്നിട്ടില്ല”
[3-ാം പേജിലെ ചിത്രം]
“എന്റെ തൊഴിലാളികൾ തെറ്റു സമ്മതിക്കാറില്ല”