വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ജനതകളുടെ ഇടയിൽ നിങ്ങളുടെ നടപ്പ്‌ നല്ലതായിരിക്കട്ടെ’

‘ജനതകളുടെ ഇടയിൽ നിങ്ങളുടെ നടപ്പ്‌ നല്ലതായിരിക്കട്ടെ’

‘ജനതകളുടെ ഇടയിൽ നിങ്ങളുടെ നടപ്പ്‌ നല്ലതായിരിക്കട്ടെ’

“എല്ലാവരെയും ബഹുമാനിപ്പിൻ; സഹോദരവർഗ്ഗത്തെ സ്‌നേഹിപ്പിൻ.”​—⁠1 പത്രൊസ്‌ 2:⁠17.

1, 2. (എ) യഹോവയുടെ സാക്ഷികളെ കുറിച്ച്‌ ഒരു പത്രപ്രവർത്തകൻ എന്ത്‌ അഭിപ്രായ പ്രകടനം നടത്തി? (ബി) യഹോവയുടെ സാക്ഷികൾ നടത്ത സംബന്ധിച്ച ഉയർന്ന നിലവാരങ്ങൾ പിൻപറ്റാൻ ശ്രമിക്കുന്നത്‌ എന്തുകൊണ്ട്‌?

ഏതാനും വർഷം മുമ്പ്‌ യു.എസ്‌.എ.-യിലെ ടെക്‌സാസിലെ അമാരിലോയിലുള്ള ഒരു പത്രപ്രവർത്തകൻ ആ പ്രദേശത്തെ വിവിധ സഭകൾ സന്ദർശിച്ച്‌ ഒരു റിപ്പോർട്ട്‌ തയ്യാറാക്കി. അവയിൽ ഒരു കൂട്ടം അദ്ദേഹത്തിന്റെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹം പറഞ്ഞു: “അമാരിലോ സിവിക്‌ സെന്ററിൽവെച്ചു നടന്ന യഹോവയുടെ സാക്ഷികളുടെ മൂന്നു വാർഷിക കൺവെൻഷനുകളിൽ ഞാൻ സംബന്ധിച്ചു. അവിടെ അവരുമായി ഇടപഴകവേ അവരിൽ ആരെങ്കിലും സിഗരറ്റ്‌ വലിക്കുന്നതോ ബിയർ കുടിക്കുന്നതോ അസഭ്യവാക്കുകൾ ഉപയോഗിക്കുന്നതോ ഞാൻ ഒരിക്കൽപ്പോലും കണ്ടില്ല. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച്‌ ഏറ്റവും ശുദ്ധിയുള്ള, നല്ല പെരുമാറ്റരീതികളുള്ള, മാന്യമായി വസ്‌ത്രധാരണം ചെയ്യുന്ന, സദ്‌സ്വഭാവികളായ ആളുകളുടെ ഒരു കൂട്ടമായിരുന്നു അത്‌.” യഹോവയുടെ സാക്ഷികളെ കുറിച്ചു സമാനമായ അഭിപ്രായ പ്രകടനങ്ങൾ പലപ്പോഴും അച്ചടിച്ചുവന്നിട്ടുണ്ട്‌. തങ്ങളുടേതിൽനിന്നു ഭിന്നമായ വിശ്വാസം വെച്ചുപുലർത്തുന്നവരിൽനിന്ന്‌ സാക്ഷികൾക്കു കൂടെക്കൂടെ ഇത്തരം പ്രശംസകൾ ലഭിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

2 സാധാരണമായി, ദൈവജനം പ്രശംസിക്കപ്പെടുന്നത്‌ അവരുടെ നല്ല നടത്ത നിമിത്തമാണ്‌. നിലവാരങ്ങൾക്കു പൊതുവേ അപക്ഷയം സംഭവിച്ചുകൊണ്ടിരിക്കുകയാണെങ്കിലും നടത്ത സംബന്ധിച്ച ഉയർന്ന നിലവാരങ്ങൾ പിൻപറ്റുന്നത്‌ ഒരു കടമയായി, ആരാധനയുടെ ഒരു ഭാഗമായി യഹോവയുടെ സാക്ഷികൾ കരുതുന്നു. തങ്ങളുടെ പ്രവൃത്തികൾ യഹോവയെയും തങ്ങളുടെ ക്രിസ്‌തീയ സഹോദരങ്ങളെയും ബാധിക്കുമെന്ന്‌ അവർക്കറിയാം. അതുപോലെ, നല്ല നടത്ത തങ്ങൾ പ്രസംഗിക്കുന്ന സത്യത്തെ കൂടുതൽ സ്വീകാര്യക്ഷമമാക്കിത്തീർക്കുമെന്നും. (യോഹന്നാൻ 15:8; തീത്തൊസ്‌ 2:7, 8) അതുകൊണ്ട്‌, നമ്മുടെ നല്ല നടത്ത കാത്തുസൂക്ഷിക്കാനും അങ്ങനെ യഹോവയുടെയും അവന്റെ സാക്ഷികളുടെയും സത്‌കീർത്തി ഉയർത്തിപ്പിടിക്കാനും നമുക്ക്‌ എങ്ങനെ കഴിയുമെന്ന്‌ നോക്കാം, അതുപോലെ അത്‌ നമുക്ക്‌ എന്തു പ്രയോജനം കൈവരുത്തുമെന്നും.

ക്രിസ്‌തീയ കുടുംബം

3. ക്രിസ്‌തീയ കുടുംബങ്ങൾക്ക്‌ എന്തിൽനിന്നു സംരക്ഷണം ആവശ്യമാണ്‌?

3 കുടുംബത്തിനുള്ളിലെ നമ്മുടെ നടത്തയെ കുറിച്ചു പരിചിന്തിക്കാം. പുതിയ മതവിചാരണക്കാർ: മതസ്വാതന്ത്ര്യവും മത അസഹിഷ്‌ണുതയും എന്ന പുസ്‌തകത്തിൽ ഗേർഹാർട്ട്‌ ബെസിറും എർവിൻ കെ. ഷോയിഹും ഇപ്രകാരം പറയുന്നു: “[യഹോവയുടെ സാക്ഷികളെ] സംബന്ധിച്ചിടത്തോളം കുടുംബം വിശേഷാൽ സംരക്ഷിക്കപ്പെടേണ്ട ഒന്നാണ്‌.” ആ പ്രസ്‌താവന സത്യമാണ്‌, ഇന്ന്‌ നിരവധി അപകടങ്ങളിൽനിന്നു കുടുംബത്തിനു സംരക്ഷണം ആവശ്യമാണ്‌. “മാതാപിതാക്കളെ അനുസരിക്കാത്ത” മക്കളെയും “സ്വാഭാവിക പ്രിയമില്ലാത്ത” അല്ലെങ്കിൽ “ആത്മനിയന്ത്രണമില്ലാത്ത” മാതാപിതാക്കളെയും നമുക്കു കാണാൻ കഴിയും. (2 തിമൊഥെയൊസ്‌ 3:2, 3, NW) വിവാഹിത ഇണയ്‌ക്കു നേരെയുള്ള അക്രമങ്ങളും കുട്ടികളോടുള്ള ഉപദ്രവവും അവഗണനയും എല്ലാം ഇന്ന്‌ കുടുംബങ്ങളിൽ സാധാരണമാണ്‌; കുട്ടികളാണെങ്കിൽ മാതാപിതാക്കളോടു മത്സരിച്ച്‌ മയക്കുമരുന്നിന്റെ ഉപയോഗത്തിലും അധാർമിക പ്രവർത്തനങ്ങളിലും ചെന്നു ചാടുന്നു, അല്ലെങ്കിൽ വീടുവിട്ടു പോകുന്നു. ‘ലോകത്തിന്റെ ആത്മാവിന്റെ’ വിനാശകമായ സ്വാധീനത്തിന്റെ പരിണതഫലങ്ങളാണ്‌ ഇവയെല്ലാം. (എഫെസ്യർ 2:1, 2) ആ ആത്മാവിൽനിന്ന്‌ നാം നമ്മുടെ കുടുംബങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്‌. എന്നാൽ എങ്ങനെ? കുടുംബാംഗങ്ങൾക്കുള്ള യഹോവയുടെ ബുദ്ധിയുപദേശത്തിനു ശ്രദ്ധനൽകുകവഴി.

4. ക്രിസ്‌തീയ കുടുംബാംഗങ്ങൾക്ക്‌ പരസ്‌പരം എന്ത്‌ ഉത്തരവാദിത്വങ്ങൾ ഉണ്ട്‌?

4 തങ്ങൾക്ക്‌ പരസ്‌പരം വൈകാരികവും ആത്മീയവും ശാരീരികവും ആയ കടമകൾ ഉണ്ടെന്ന്‌ ക്രിസ്‌തീയ ദമ്പതികൾ മനസ്സിലാക്കുന്നു. (1 കൊരിന്ത്യർ 7:3-5; എഫെസ്യർ 5:21-23; 1 പത്രൊസ്‌ 3:7) ക്രിസ്‌തീയ മാതാപിതാക്കൾക്ക്‌ തങ്ങളുടെ മക്കളോടു വളരെ വലിയ ഉത്തരവാദിത്വമുണ്ട്‌. (സദൃശവാക്യങ്ങൾ 22:6; 2 കൊരിന്ത്യർ 12:14; എഫെസ്യർ 6:4) ക്രിസ്‌തീയ ഭവനങ്ങളിൽ കുട്ടികൾ വളർന്നുവരവേ തങ്ങൾക്കും കടമകൾ ഉണ്ടെന്ന്‌ അവർ തിരിച്ചറിയുന്നു. (സദൃശവാക്യങ്ങൾ 1:8, 9; 23:22; എഫെസ്യർ 6:1; 1 തിമൊഥെയൊസ്‌ 5:3, 4, 8) കുടുംബ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിന്‌ ശ്രമവും പ്രതിബദ്ധതയും സ്‌നേഹവും ആത്മത്യാഗ മനോഭാവവും ആവശ്യമാണ്‌. കുടുംബത്തിലെ ഓരോരുത്തരും തങ്ങളുടെ ദൈവദത്ത ഉത്തരവാദിത്വങ്ങൾ എത്ര ഭംഗിയായി നിറവേറ്റുന്നുവോ മറ്റു കുടുംബാംഗങ്ങൾക്കും സഭയ്‌ക്കും അവർ അത്ര വലിയ ഒരു മുതൽക്കൂട്ടായിരിക്കും. ഏറ്റവും പ്രധാനമായി, അവർ കുടുംബത്തിന്റെ കാരണഭൂതന്‌​—⁠യഹോവയാം ദൈവത്തിന്‌​—⁠മഹത്ത്വം കരേറ്റും.​—⁠ഉല്‌പത്തി 1:27, 28; എഫെസ്യർ 3:14, 15.

ക്രിസ്‌തീയ സഹോദരവർഗം

5. സഹക്രിസ്‌ത്യാനികളോടൊത്തു സഹവസിക്കുന്നതിൽനിന്ന്‌ നാം എന്തു പ്രയോജനങ്ങൾ ആസ്വദിക്കുന്നു?

5 ക്രിസ്‌ത്യാനികളെന്ന നിലയിൽ നമുക്ക്‌ സഭയിലെ സഹവിശ്വാസികളോടും ആത്യന്തികമായി ‘ലോകത്തിലെ [മുഴു] സഹോദരവർഗത്തോടും’ ഉത്തരവാദിത്വങ്ങൾ ഉണ്ട്‌. (1 പത്രൊസ്‌ 5:9) സഭയുമായുള്ള ബന്ധം നമ്മുടെ ആത്മീയ ആരോഗ്യത്തിനു മർമപ്രധാനമാണ്‌. സഹക്രിസ്‌ത്യാനികളോടൊത്തു സഹവസിക്കുമ്പോൾ നാം പ്രോത്സാഹജനകമായ സഹവാസവും അതുപോലെ “വിശ്വസ്‌തനും വിവേകിയുമായ അടിമ” നൽകിത്തരുന്ന പോഷകപ്രദമായ ആത്മീയ ആഹാരവും ആസ്വദിക്കുന്നു. (മത്തായി 24:45-47, NW) പ്രശ്‌നങ്ങൾ ഉള്ളപ്പോൾ തിരുവെഴുത്തു തത്ത്വങ്ങളിൽ അധിഷ്‌ഠിതമായ നല്ല ബുദ്ധിയുപദേശം ലഭിക്കാനായി നമുക്ക്‌ സഹോദരന്മാരെ സമീപിക്കാൻ കഴിയും. (സദൃശവാക്യങ്ങൾ 17:17; സഭാപ്രസംഗി 4:9; യാക്കോബ്‌ 5:13-18) നമുക്കു സഹായം ആവശ്യമുള്ളപ്പോൾ നമ്മുടെ സഹോദരങ്ങൾ നമ്മെ ഉപേക്ഷിക്കുന്നില്ല. ദൈവത്തിന്റെ സംഘടനയുടെ ഭാഗമായിരിക്കാൻ കഴിയുന്നത്‌ എത്ര വലിയ അനുഗ്രഹമാണ്‌!

6. മറ്റു ക്രിസ്‌ത്യാനികളോട്‌ നമുക്ക്‌ ഉത്തരവാദിത്വങ്ങൾ ഉണ്ടെന്ന്‌ പൗലൊസ്‌ പ്രകടമാക്കിയത്‌ എങ്ങനെ?

6 എന്നാൽ, നാം സഭയിലായിരിക്കുന്നത്‌ സ്വീകരിക്കാൻ മാത്രമല്ല; കൊടുക്കാൻ കൂടിയാണ്‌. “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്‌” എന്ന്‌ യേശു പറയുകയുണ്ടായി. (പ്രവൃത്തികൾ 20:​35, NW) പൗലൊസ്‌ അപ്പൊസ്‌തലന്റെ ഈ വാക്കുകളും കൊടുക്കൽ മനോഭാവം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യത്തെ പ്രദീപ്‌തമാക്കുന്നു: “നമുക്കു ചാഞ്ചല്യം കൂടാതെ നമ്മുടെ പ്രത്യാശയുടെ പരസ്യപ്രഖ്യാപനം മുറുകെപ്പിടിക്കാം, എന്തെന്നാൽ വാഗ്‌ദത്തം ചെയ്‌തവൻ വിശ്വസ്‌തനാകുന്നു. ചിലർക്കുള്ള പതിവുപോലെ, നമ്മുടെ കൂടിവരവ്‌ ഉപേക്ഷിക്കാതെ, സ്‌നേഹത്തിനും സത്‌പ്രവൃത്തികൾക്കും പ്രോത്സാഹിപ്പിക്കാൻ നമുക്ക്‌ അന്യോന്യം പരിഗണിക്കാം; നാൾ അടുത്തുവരുന്നതു കാണുന്തോറും നിങ്ങൾ അത്‌ അധികമധികം ചെയ്യുക.”​—⁠എബ്രായർ 10:23-25, NW.

7, 8. സ്വന്തം സഭയിലും മറ്റു ദേശങ്ങളിലും ഉള്ള സഹോദരങ്ങളോട്‌ നാം കൊടുക്കൽ മനോഭാവം പ്രകടമാക്കുന്നത്‌ എങ്ങനെ?

7 സഭയ്‌ക്കുള്ളിൽ, യോഗസമയത്ത്‌ അഭിപ്രായങ്ങൾ പറയുമ്പോൾ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ പരിപാടിയിൽ പങ്കുപറ്റുമ്പോൾ നാം ‘പ്രത്യാശയുടെ പ്രഖ്യാപനം’ നടത്തുന്നു. അത്തരം ശ്രമങ്ങൾ തീർച്ചയായും നമ്മുടെ സഹോദരങ്ങൾക്കു പ്രോത്സാഹനം നൽകുന്നു. യോഗത്തിനു മുമ്പും അതു കഴിഞ്ഞും നമ്മുടെ സംഭാഷണങ്ങളാലും നാം അവരെ പ്രോത്സാഹിപ്പിക്കുന്നു. ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്താനും ബലഹീനരെ താങ്ങാനും രോഗികളെ ആശ്വസിപ്പിക്കാനും ഒക്കെയുള്ള ഒരു സമയമാണ്‌ അത്‌. (1 തെസ്സലൊനീക്യർ 5:14) പരമാർഥ ഹൃദയരായ ക്രിസ്‌ത്യാനികൾ അത്തരം കൊടുക്കലിന്റെ കാര്യത്തിൽ ഉദാരത പ്രകടമാക്കുന്നു. ആദ്യമായി നമ്മുടെ യോഗത്തിൽ സംബന്ധിക്കുന്ന അനേകർക്കും നമുക്കിടയിലെ സ്‌നേഹം കണ്ട്‌ മതിപ്പു തോന്നുന്നതിന്റെ കാരണം അതാണ്‌.​—⁠സങ്കീർത്തനം 37:21; യോഹന്നാൻ 15:12; 1 കൊരിന്ത്യർ 14:⁠25.

8 എന്നിരുന്നാലും നമ്മുടെ സ്‌നേഹം സ്വന്തം സഭയിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. നമ്മുടെ ആഗോള സഹോദരവർഗത്തെ അതു വലയംചെയ്യുന്നു. മിക്ക രാജ്യഹാളുകളിലും രാജ്യഹാൾ ഫണ്ടിനായി ഒരു സംഭാവനപ്പെട്ടി വെച്ചിരിക്കുന്നത്‌ അതിന്‌ ഒരു ഉദാഹരണമാണ്‌. നമുക്ക്‌ നല്ല ഒരു രാജ്യഹാൾ ഉണ്ടായിരുന്നേക്കാം, എന്നാൽ മറ്റു സ്ഥലങ്ങളിൽ കൂടിവരാൻ അനുയോജ്യമായ ഒരു ഇടം ഇല്ലാത്ത ആയിരക്കണക്കിനു സഹോദരങ്ങൾ ഉണ്ടെന്ന്‌ നമുക്ക്‌ അറിയാം. രാജ്യഹാൾ ഫണ്ടിലേക്കു നാം സംഭാവന നൽകുമ്പോൾ, ആ സഹക്രിസ്‌ത്യാനികളെ നമുക്കു വ്യക്തിപരമായി അറിയില്ലെങ്കിൽക്കൂടി നാം അവരോടുള്ള നമ്മുടെ സ്‌നേഹം പ്രകടമാക്കുന്നു.

9. യഹോവയുടെ സാക്ഷികൾ പരസ്‌പരം സ്‌നേഹിക്കുന്നതിന്റെ അടിസ്ഥാന കാരണം എന്ത്‌?

9 യഹോവയുടെ സാക്ഷികൾ പരസ്‌പരം സ്‌നേഹിക്കുന്നത്‌ എന്തുകൊണ്ടാണ്‌? യേശു അവരോട്‌ അപ്രകാരം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നു. (യോഹന്നാൻ 15:17) അവർക്ക്‌ പരസ്‌പരമുള്ള സ്‌നേഹം, വ്യക്തികളെന്ന നിലയിലും കൂട്ടമെന്ന നിലയിലും ദൈവാത്മാവ്‌ അവരുടെ മേൽ പ്രവർത്തിക്കുന്നു എന്നതിനു തെളിവാണ്‌. “ആത്മാവിന്റെ ഫല”ങ്ങളിൽ ഒന്നാണ്‌ സ്‌നേഹം. (ഗലാത്യർ 5:22, 23) ‘അനേകരുടെയും സ്‌നേഹം തണുത്തുപോയ’ ഒരു ലോകത്തിലാണു യഹോവയുടെ സാക്ഷികൾ ജീവിക്കുന്നതെങ്കിലും ബൈബിൾ പഠിക്കുകയും ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുകയും ദൈവത്തോടു നിരന്തരം പ്രാർഥിക്കുകയും ചെയ്യുന്നതിനാൽ സ്‌നേഹം പ്രകടിപ്പിക്കുക എന്നത്‌ അവരെ സംബന്ധിച്ചിടത്തോളം ഒരു സ്വാഭാവിക സംഗതി ആയിത്തീരുന്നു.​—⁠മത്തായി 24:12.

ലോകവുമായുള്ള ഇടപെടൽ

10. ലോകത്തോട്‌ നമുക്ക്‌ എന്ത്‌ ഉത്തരവാദിത്വം ഉണ്ട്‌?

10 “പ്രത്യാശയുടെ പരസ്യപ്രഖ്യാപനം” എന്ന പൗലൊസിന്റെ പരാമർശം മറ്റൊരു ഉത്തരവാദിത്വത്തെ കുറിച്ചു നമ്മെ അനുസ്‌മരിപ്പിക്കുന്നു. ഈ പരസ്യപ്രഖ്യാപനത്തിൽ, നമ്മുടെ ക്രിസ്‌തീയ സഹോദരന്മാർ ആയിത്തീർന്നിട്ടില്ലാത്തവരോടു സുവാർത്ത പ്രസംഗിക്കുക എന്ന വേല ഉൾപ്പെടുന്നു. (മത്തായി 24:14; മത്തായി 28:19, 20; റോമർ 10:9, 10, 13-15, NW) കൊടുക്കലിന്റെ മറ്റൊരു വിധമാണ്‌ അത്തരം പ്രസംഗവേല. അതിൽ പങ്കുപറ്റാൻ സമയവും ഊർജവും വ്യക്തിപരമായ വിഭവങ്ങളും ചെലവഴിക്കേണ്ടിവരുന്നു, തയ്യാറാകലും പരിശീലനവും ആവശ്യമായിവരുന്നു. എന്നാൽ പൗലൊസ്‌ ഇങ്ങനെ എഴുതി: “യവനന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു. അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിപ്പാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു.” (റോമർ 1:14, 15) പൗലൊസിനെ അനുകരിച്ചുകൊണ്ട്‌ ഈ ‘കടം’ വീട്ടുന്നതിൽ നമുക്കു പിശുക്ക്‌ കാട്ടാതിരിക്കാം.

11. ലോകവുമായുള്ള നമ്മുടെ ബന്ധത്തെ ഭരിക്കുന്ന രണ്ട്‌ തിരുവെഴുത്തു തത്ത്വങ്ങൾ ഏവ, എന്നിരുന്നാലും നാം എന്തുകൂടെ തിരിച്ചറിയുന്നു?

11 സഹവിശ്വാസികൾ അല്ലാത്തവരോട്‌ നമുക്കു മറ്റേതെങ്കിലും ഉത്തരവാദിത്വങ്ങൾ ഉണ്ടോ? തീർച്ചയായും. “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്ന വസ്‌തുത നാം മനസ്സിലാക്കുന്നു. (1 യോഹന്നാൻ 5:19) “ഞാൻ ലോകത്തിന്റെ ഭാഗം അല്ലാത്തതുപോലെതന്നെ അവരും ലോകത്തിന്റെ ഭാഗമല്ല” എന്ന്‌ യേശു തന്റെ അനുഗാമികളെ കുറിച്ചു പറഞ്ഞതും നമുക്കറിയാം. എങ്കിലും, നാം ഈ ലോകത്തിൽ ജീവിക്കുകയും ഉപജീവനമാർഗം കണ്ടെത്തുകയും അതിന്റെ സേവനങ്ങളിൽനിന്നു പ്രയോജനം അനുഭവിക്കുകയും ചെയ്യുന്നു. (യോഹന്നാൻ 17:11, 15, 16, NW) അതുകൊണ്ട്‌ നമുക്കു ലോകവുമായുള്ള ബന്ധത്തിൽ ചില കടപ്പാടുകൾ ഉണ്ട്‌. അവ എന്തൊക്കെയാണ്‌? പത്രൊസ്‌ അപ്പൊസ്‌തലൻ ആ ചോദ്യത്തിനു മറുപടി നൽകുകയുണ്ടായി. യെരൂശലേമിന്റെ നാശത്തിന്‌ അൽപ്പകാലം മുമ്പ്‌ അവൻ ഏഷ്യാമൈനറിലെ ക്രിസ്‌ത്യാനികൾക്ക്‌ ഒരു ലേഖനം എഴുതി. ആ ലേഖനത്തിലെ ഒരു ഭാഗം, ലോകവുമായി സമനിലയോടു കൂടിയ ഒരു ബന്ധം പുലർത്താൻ നമ്മെ സഹായിക്കുന്നു.

12. ക്രിസ്‌ത്യാനികൾ ‘പരദേശികളും പ്രവാസികളും’ ആയിരിക്കുന്നത്‌ ഏത്‌ അർഥത്തിൽ, അതുകൊണ്ടുതന്നെ അവർ എന്ത്‌ വർജിക്കേണ്ടതുണ്ട്‌?

12 ആദ്യം പത്രൊസ്‌ ഇപ്രകാരം പറഞ്ഞു: ‘പ്രിയമുള്ളവരേ, പ്രവാസികളും പരദേശികളുമായ നിങ്ങളെ ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകലാൻ ഞാൻ പ്രബോധിപ്പിക്കുന്നു.’ (1 പത്രൊസ്‌ 2:11, 12) സത്യക്രിസ്‌ത്യാനികൾ ഒരു ആത്മീയ അർഥത്തിൽ ‘പരദേശികളും പ്രവാസികളു’മാണ്‌. കാരണം, അവരുടെ ജീവിതം യഥാർഥത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നത്‌ നിത്യജീവന്റെ പ്രത്യാശയിലാണ്‌​—⁠ആത്മാഭിഷിക്തരെ സംബന്ധിച്ചിടത്തോളം സ്വർഗത്തിലെയും ‘വേറെ ആടുകളുടെ’ കാര്യത്തിൽ, വരാനിരിക്കുന്ന ഭൗമിക പറുദീസയിലെയും ജീവൻ. (യോഹന്നാൻ 10:16; ഫിലിപ്പിയർ 3:20, 21; എബ്രായർ 11:13; വെളിപ്പാടു 7:9, 14-17) എന്നാൽ ‘ജഡിക മോഹങ്ങൾ’ എന്താണ്‌? സമ്പന്നരാകാനുള്ള വാഞ്‌ഛ, പ്രാമുഖ്യതയ്‌ക്കുള്ള ആഗ്രഹം, അധാർമിക ലൈംഗിക മോഹങ്ങൾ, “അത്യാഗ്രഹം,” “അസൂയ” എന്നീ പ്രവണതകൾ എല്ലാം ഇവയിൽ പെടുന്നു.​—⁠കൊലൊസ്സ്യർ 3:5; 1 തിമൊഥെയൊസ്‌ 6:4, 5, 9; 1 യോഹന്നാൻ 2:15, 16.

13. ജഡിക മോഹങ്ങൾ ‘നമ്മുടെ ആത്മാവിനോടു പോരാടു’ന്നത്‌ എങ്ങനെ?”

13 അത്തരം മോഹങ്ങൾ ‘നമ്മുടെ ആത്‌മാവിനോടു പോരാടു’കയാണ്‌. അത്‌ ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ നശിപ്പിക്കുകയും അങ്ങനെ നമ്മുടെ ക്രിസ്‌തീയ പ്രത്യാശയെ (‘ആത്മാവിനെ’ അതായത്‌ ജീവനെ) അപകടത്തിലാക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്‌, നാം അധാർമിക കാര്യങ്ങളിൽ താത്‌പര്യം വളർത്തിയെടുക്കുകയാണെങ്കിൽ “ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി” നമ്മെത്തന്നെ അർപ്പിക്കാൻ എങ്ങനെ കഴിയും? നാം ഭൗതികത്വത്തിന്റെ കെണിയിൽ അകപ്പെടുന്നെങ്കിൽ ‘മുമ്പെ ദൈവത്തിന്റെ രാജ്യം അന്വേഷിക്കാൻ’ നമുക്ക്‌ എങ്ങനെ കഴിയും? (റോമർ 12:1, 2; മത്തായി 6:33; 1 തിമൊഥെയൊസ്‌ 6:17-19) മോശെയുടെ മാതൃക പിൻപറ്റിക്കൊണ്ട്‌ ലോകത്തിന്റെ വശീകരണങ്ങൾക്കെതിരെ പുറംതിരിക്കുന്നതും യഹോവയുടെ സേവനത്തിന്‌ ജീവിതത്തിൽ പ്രഥമ സ്ഥാനം നൽകുന്നതുമാണ്‌ നമുക്കു സ്വീകരിക്കാനാകുന്ന ഏറ്റവും നല്ല ഗതി. (മത്തായി 6:19, 20; എബ്രായർ 11:24-26) ലോകവുമായി സമനിലയോടു കൂടിയ ഒരു ബന്ധം പുലർത്തുന്നതിൽ ഇത്‌ ഒരു സുപ്രധാന ഘടകമാണ്‌.

‘നടപ്പ്‌ നല്ലതായി സൂക്ഷിക്കുക’

14. ക്രിസ്‌ത്യാനികളെന്ന നിലയിൽ നല്ല നടത്ത ഉള്ളവരായിരിക്കാൻ നാം കഠിനശ്രമം ചെയ്യുന്നത്‌ എന്തുകൊണ്ട്‌?

14 മറ്റൊരു മർമപ്രധാന മാർഗനിർദേശം പത്രൊസിന്റെ അടുത്ത വാക്കുകളിൽ കാണാൻ കഴിയും: “ജനതകളുടെ ഇടയിലുള്ള നിങ്ങളുടെ നടപ്പ്‌ നല്ലതായിരിക്കട്ടെ. നിങ്ങൾ ദുഷ്‌പ്രവൃത്തിക്കാരാണെന്നു നിങ്ങൾക്കെതിരായി പറയുന്നവർ നിങ്ങളുടെ സത്‌പ്രവൃത്തികൾക്കു ദൃക്‌സാക്ഷികളായി സന്ദർശന ദിവസത്തിൽ ദൈവത്തെ സ്‌തുതിക്കട്ടെ.” (1 പത്രൊസ്‌ 2:11, 12, NW) ക്രിസ്‌ത്യാനികളെന്ന നിലയിൽ മാതൃകായോഗ്യരായിരിക്കാൻ നാം കഠിനശ്രമം ചെയ്യുന്നു. സ്‌കൂളിൽ നാം ഉത്സാഹപൂർവം പഠിക്കുന്നു. ജോലിസ്ഥലത്ത്‌ നാം അധ്വാനശീലരും സത്യസന്ധരുമാണ്‌, ന്യായബോധം ഇല്ലാത്തവനെന്നു തോന്നിക്കുന്ന ഒരു തൊഴിലുടമയുടെ കീഴിലാണു നാം ജോലി ചെയ്യുന്നതെങ്കിൽക്കൂടി ഇതു സത്യമാണ്‌. ഇണകളിൽ ഒരാൾ ക്രിസ്‌ത്യാനി അല്ലാത്തപ്പോൾ വിശ്വാസിയായ ഭർത്താവ്‌ അല്ലെങ്കിൽ ഭാര്യ ക്രിസ്‌തീയ തത്ത്വങ്ങൾ പിൻപറ്റാൻ പ്രത്യേക ശ്രമം ചെയ്യുന്നു. മാതൃകാപരമായ പെരുമാറ്റം കാഴ്‌ചവെക്കുക എല്ലായ്‌പോഴും എളുപ്പമല്ലെങ്കിലും അത്‌ യഹോവയെ സന്തോഷിപ്പിക്കുമെന്നും സാക്ഷികളല്ലാത്തവരുടെ മേൽ പലപ്പോഴും നല്ല ഫലം ഉളവാക്കുമെന്നും നമുക്കറിയാം.​—⁠1 പത്രൊസ്‌ 2:18-20; 3:1, 2.

15. നടത്ത സംബന്ധിച്ച യഹോവയുടെ സാക്ഷികളുടെ ഉയർന്ന നിലവാരം പരക്കെ അംഗീകരിക്കപ്പെടുന്നുവെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

15 മാതൃകായോഗ്യമായ നിലവാരങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ യഹോവയുടെ സാക്ഷികളിൽ മിക്കവരും കൈവരിച്ചിരിക്കുന്ന വിജയം വർഷങ്ങളിലുടനീളം അവരെ കുറിച്ചു പ്രസിദ്ധീകരിച്ചു വന്നിട്ടുള്ള അഭിപ്രായ പ്രകടനങ്ങളിൽ ദൃശ്യമാണ്‌. ഉദാഹരണത്തിന്‌, ഇറ്റലിയിലെ ഇൽ ടെംപോ എന്ന പത്രം ഇപ്രകാരം റിപ്പോർട്ടു ചെയ്‌തു: “യഹോവയുടെ സാക്ഷികളോടൊപ്പം ജോലി ചെയ്യുന്നവർ അവരെ വിശേഷിപ്പിക്കുന്നത്‌ സത്യസന്ധരായ ജോലിക്കാർ എന്നാണ്‌. തങ്ങളുടെ വിശ്വാസത്തെ കുറിച്ച്‌ അവർക്ക്‌ അത്ര ബോധ്യമുള്ളതിനാൽ അതല്ലാതെ മറ്റൊന്നും അവർക്കു ചിന്തിക്കാനില്ലാത്തതു പോലെ ചിലപ്പോൾ തോന്നിയേക്കാം എന്നും എങ്കിൽത്തന്നെയും അവരുടെ ധാർമിക ശുദ്ധി അഭിനന്ദനാർഹമാണെന്നും അവരുടെ സഹപ്രവർത്തകർ അഭിപ്രായപ്പെടുന്നു.” അർജന്റീനയിലെ ബ്യൂനസ്‌ ഐറിസിലെ ഹെറാൾഡ്‌ എന്ന പത്രം ഇങ്ങനെ പ്രസ്‌താവിച്ചു: “തങ്ങൾ ദൈവഭയവും കാര്യഗൗരവവും ഉള്ള കഠിനാധ്വാനികളും മിതവ്യയശീലരുമായ പൗരന്മാരാണെന്ന്‌ യഹോവയുടെ സാക്ഷികൾ വർഷങ്ങളിലൂടെ തെളിയിച്ചിരിക്കുന്നു.” റഷ്യൻ പണ്ഡിതനായ സിർഗ്യേ ഇവാന്യെൻകൊ പറഞ്ഞു: “തികഞ്ഞ നിയമാനുസാരികൾ ആയിട്ടാണ്‌ ലോകമെമ്പാടും യഹോവയുടെ സാക്ഷികൾ അറിയപ്പെടുന്നത്‌, നികുതി അടയ്‌ക്കുന്നതിലുള്ള അവരുടെ നിഷ്‌കർഷ വിശേഷിച്ചും പ്രസിദ്ധമാണ്‌.” സിംബാബ്‌വേയിൽ യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷൻ നടന്ന സ്ഥലത്തിന്റെ മേൽനോട്ടക്കാരൻ അഭിപ്രായപ്പെട്ടു: “സാക്ഷികളിൽ ചിലർ കടലാസ്സുകൾ പെറുക്കിക്കളയുന്നതും കക്കൂസുകൾ വൃത്തിയാക്കുന്നതും ഞാൻ കാണുന്നു. ഈ സ്ഥലം മുമ്പത്തേതിനെക്കാൾ വൃത്തിയായിരിക്കുന്നു. നിങ്ങൾക്കിടയിലെ കൗമാരപ്രായക്കാർ തത്ത്വദീക്ഷയുള്ളവരാണ്‌. ഈ ലോകം മുഴുവൻ യഹോവയുടെ സാക്ഷികൾ ആയിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചുപോകുന്നു.”

ക്രിസ്‌തീയ കീഴ്‌പെടൽ

16. ലൗകിക അധികാരികളുമായുള്ള നമ്മുടെ ബന്ധം എന്ത്‌, എന്തുകൊണ്ട്‌?

16 ലൗകിക അധികാരികളുമായുള്ള നമ്മുടെ ബന്ധത്തെ കുറിച്ചും പത്രൊസ്‌ പറഞ്ഞു. അവൻ എഴുതി: “സകല മാനുഷനിയമത്തിന്നും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ. ശ്രേഷ്‌ഠാധികാരി എന്നുവെച്ചു രാജാവിന്നും ദുഷ്‌പ്രവൃത്തിക്കാരുടെ ദണ്ഡനത്തിന്നും സൽപ്രവൃത്തിക്കാരുടെ മാനത്തിന്നുമായി അവനാൽ അയക്കപ്പെട്ടവർ എന്നുവെച്ചു നാടുവാഴികൾക്കും കീഴടങ്ങുവിൻ. നിങ്ങൾ നന്മ ചെയ്‌തുകൊണ്ടു ബുദ്ധിയില്ലാത്ത [“ന്യായബോധമില്ലാത്ത,NW] മനുഷ്യരുടെ ഭോഷത്വം [“മൗഢ്യമായ സംസാരം,” NW] മിണ്ടാതാക്കേണം എന്നുള്ളതു ദൈവേഷ്ടം ആകുന്നു.” (1 പത്രൊസ്‌ 2:13-15) വ്യവസ്ഥാപിത ഗവൺമെന്റിൽനിന്നു ലഭിക്കുന്ന പ്രയോജനങ്ങളെപ്രതി നാം കൃതജ്ഞതയുള്ളവരാണ്‌, പത്രൊസിന്റെ വാക്കുകൾക്കു ചേർച്ചയിൽ നാം അതിന്റെ നിയമങ്ങൾ അനുസരിക്കുകയും നികുതി അടയ്‌ക്കുകയും ചെയ്യുന്നു. നിയമലംഘികളെ ശിക്ഷിക്കാനുള്ള ഗവൺമെന്റുകളുടെ ദൈവദത്ത അധികാരത്തെ നാം അംഗീകരിക്കുമ്പോൾത്തന്നെ നാം ലൗകിക അധികാരങ്ങൾക്കു കീഴ്‌പെട്ടിരിക്കുന്നത്‌ പ്രധാനമായും ‘കർത്താവിൻ നിമിത്തമാണ്‌.’ അതേ, അത്‌ ദൈവേഷ്ടമാണ്‌. മാത്രമല്ല, കുറ്റകൃത്യങ്ങൾക്കു ശിക്ഷിക്കപ്പെട്ടുകൊണ്ട്‌ യഹോവയുടെ നാമത്തിനു നിന്ദ വരുത്തിവെക്കാൻ നാം ആഗ്രഹിക്കുന്നില്ല.​—⁠റോമർ 13:1, 4-7; തീത്തൊസ്‌ 3:1, 2; 1 പത്രൊസ്‌ 3:⁠17.

17. ‘ന്യായബോധമില്ലാത്ത മനുഷ്യർ’ നമ്മെ എതിർക്കുമ്പോൾ നമുക്ക്‌ എന്തു കാര്യത്തിൽ ഉറപ്പുള്ളവരായിരിക്കാൻ കഴിയും?

17 ദുഃഖകരമെന്നു പറയട്ടെ, അധികാരത്തിലിരിക്കുന്ന ‘ന്യായബോധമില്ലാത്ത [ചില] മനുഷ്യർ’ നമ്മെ പീഡിപ്പിക്കുന്നു, അല്ലെങ്കിൽ, നമ്മെ കരിതേച്ചു കാണിക്കാനുള്ള ശ്രമങ്ങളെ പ്രോത്സാപ്പിച്ചുകൊണ്ടോ മറ്റോ നമ്മെ എതിർക്കുന്നു. എന്നാൽ, യഹോവയുടെ തക്ക സമയത്ത്‌, എപ്പോഴും അവരുടെ നുണക്കഥകൾ വെളിച്ചത്താകുന്നു, അവരുടെ “മൗഢ്യമായ സംസാര”ത്തിന്‌ അന്ത്യം കുറിക്കപ്പെടുന്നു. നമ്മുടെ ക്രിസ്‌തീയ നടത്തയുടെ രേഖ നമുക്കുവേണ്ടി സംസാരിക്കുന്നു. സത്യസന്ധരായ ഗവൺമെന്റ്‌ അധികാരികൾ, നന്മപ്രവൃത്തികൾ ചെയ്യുന്നവർ എന്ന്‌ പലപ്പോഴും നമ്മെ പ്രശംസിച്ചുപറഞ്ഞിരിക്കുന്നത്‌ അതുകൊണ്ടാണ്‌.​—⁠റോമർ 13:3; തീത്തൊസ്‌ 2:7, 8.

ദൈവത്തിന്റെ ദാസർ

18. ക്രിസ്‌ത്യാനികളെന്ന നിലയിൽ ഏതെല്ലാം വിധങ്ങളിൽ നമുക്ക്‌ നമ്മുടെ സ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്തുന്നത്‌ ഒഴിവാക്കാം?

18 പിന്നെ പത്രൊസ്‌ ഈ ബുദ്ധിയുപദേശം നൽകുന്നു: “സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ.” (1 പത്രൊസ്‌ 2:16; ഗലാത്യർ 5:13) ഇന്ന്‌, ബൈബിൾ സത്യത്തെ കുറിച്ചുള്ള പരിജ്ഞാനം വ്യാജമത പഠിപ്പിക്കലുകളിൽനിന്നു നമ്മെ സ്വതന്ത്രരാക്കുന്നു. (യോഹന്നാൻ 8:32) കൂടാതെ, നമുക്കു സ്വതന്ത്ര ഇച്ഛാശക്തി ഉള്ളതുകൊണ്ട്‌ തിരഞ്ഞെടുപ്പുകൾ നടത്താൻ നമുക്കു കഴിയുന്നു. എങ്കിലും നമ്മുടെ സ്വാതന്ത്ര്യം നാം ദുരുപയോഗപ്പെടുത്തുന്നില്ല. സഹവാസം, വസ്‌ത്രധാരണം, ചമയം, വിനോദം എന്നിവയുടെ​—⁠എന്തിന്‌, ഭക്ഷണപാനീയങ്ങളുടെ പോലും​—⁠കാര്യത്തിൽ തിരഞ്ഞെടുപ്പുകൾ നടത്തുമ്പോൾ സത്യക്രിസ്‌ത്യാനികൾ സ്വന്ത ഇഷ്ടാനുസരണം പ്രവർത്തിക്കുന്നില്ല, മറിച്ച്‌ ദൈവത്തിന്റ ദാസരാണ്‌ എന്ന കാര്യം നാം മനസ്സിൽ പിടിക്കുന്നു. നമ്മുടെതന്നെ ജഡിക മോഹങ്ങൾക്കോ ലോകത്തിന്റേതായ ഭ്രമങ്ങൾക്കോ പ്രവണതകൾക്കോ ദാസരാകുന്നതിനു പകരം യഹോവയെ സേവിക്കാൻ നാം ആഗ്രഹിക്കുന്നു.​—⁠ഗലാത്യർ 5:24; 2 തിമൊഥെയൊസ്‌ 2:22; തീത്തൊസ്‌ 2:11-13.

19-21. (എ) ലൗകിക അധികാരസ്ഥാനങ്ങളിൽ ഉള്ളവരെ നാം എങ്ങനെ വീക്ഷിക്കുന്നു? (ബി) ചിലർ മുഴു “സഹോദരവർഗ്ഗ”ത്തോടും ‘സ്‌നേഹം’ കാണിച്ചിരിക്കുന്നത്‌ എങ്ങനെ? (സി) നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം എന്താണ്‌?

19 പത്രൊസ്‌ തുടർന്ന്‌ ഇപ്രകാരം പറയുന്നു: “എല്ലാവരെയും ബഹുമാനിപ്പിൻ; സഹോദരവർഗ്ഗത്തെ സ്‌നേഹിപ്പിൻ; ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ബഹുമാനിപ്പിൻ.” (1 പത്രൊസ്‌ 2:17) വിവിധ അധികാര സ്ഥാനങ്ങൾ വഹിക്കാൻ യഹോവയാം ദൈവം മനുഷ്യരെ അനുവദിക്കുന്നതിനാൽ നാം ആ വ്യക്തികളോട്‌ ഉചിതമായ ആദരവ്‌ കാണിക്കുന്നു. നമ്മുടെ ശുശ്രൂഷ സമാധാനത്തിൽ, ദൈവികഭക്തിയോടു കൂടെ മുമ്പോട്ടു കൊണ്ടുപോകാൻ നമുക്കു കഴിയേണ്ടതിന്‌ നാം അവർക്കായി പ്രാർഥിക്കുക പോലും ചെയ്യുന്നു. (1 തിമൊഥെയൊസ്‌ 2:1-4) അതേസമയം, നാം നമ്മുടെ മുഴു ‘സഹോദരവർഗത്തെയും സ്‌നേഹിക്കുന്നു.’ എല്ലായ്‌പോഴും നമ്മുടെ ക്രിസ്‌തീയ സഹോദരങ്ങളുടെ നന്മക്കായിട്ടാണ്‌​—⁠ദോഷത്തിനായിട്ടല്ല​—⁠നാം പ്രവർത്തിക്കുന്നത്‌.

20 ഉദാഹരണത്തിന്‌, ഒരു ആഫ്രിക്കൻ രാജ്യത്ത്‌ വംശീയ അക്രമം നടമാടിയപ്പോൾ യഹോവയുടെ സാക്ഷികളുടെ ക്രിസ്‌തീയ നടത്ത ശ്രദ്ധേയമായി. സ്വിറ്റ്‌സർലൻഡിലെ റേഫൊർമിർറ്റെ പ്രെസ്സെ എന്ന പത്രം ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “1995-ൽ, യഹോവയുടെ സാക്ഷികൾ ഒഴികെ എല്ലാ സഭകളും [വംശീയ ലഹളയിൽ] ഉൾപ്പെട്ടതായി . . . ആഫ്രിക്കൻ മനുഷ്യാവകാശ സമിതിക്ക്‌ തെളിയിക്കാൻ കഴിഞ്ഞു.” ദുരന്തത്തെ കുറിച്ചുള്ള വാർത്ത പുറംലോകം അറിഞ്ഞപ്പോൾ യൂറോപ്പിലെ യഹോവയുടെ സാക്ഷികൾ ഉടനടി ദുരന്തബാധിത പ്രദേശത്തുള്ള തങ്ങളുടെ സഹോദരങ്ങൾക്കും മറ്റുള്ളവർക്കും ആഹാരവും വൈദ്യസഹായവും എത്തിച്ചുകൊടുത്തു. (ഗലാത്യർ 6:10) സദൃശവാക്യങ്ങൾ 3:​27-ലെ ഈ വാക്കുകൾക്ക്‌ അവർ ചെവികൊടുത്തു: “നന്മ ചെയ്‌വാൻ നിനക്കു പ്രാപ്‌തിയുള്ളപ്പോൾ അതിന്നു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുതു.”

21 എന്നാൽ, ഏതൊരു ലൗകിക അധികാരികളോടുമുള്ള ആദരവിനെക്കാളും, നമ്മുടെ ക്രിസ്‌തീയ സഹോദരന്മാർക്കു നാം നൽകാൻ കടപ്പെട്ടിരിക്കുന്ന സ്‌നേഹത്തെക്കാൾ പോലും പ്രധാനമായ ഒരു ഉത്തരവാദിത്വം ഉണ്ട്‌. എന്താണ്‌ അത്‌? പത്രൊസ്‌ പറഞ്ഞു: “ദൈവത്തെ ഭയപ്പെടുവിൻ.” ഏതൊരു മനുഷ്യനോടും ഉള്ളതിനെക്കാൾ വലിയ ഉത്തരവാദിത്വം നമുക്ക്‌ യഹോവയോട്‌ ഉണ്ട്‌. അത്‌ സത്യമായിരിക്കുന്നത്‌ എങ്ങനെയാണ്‌? ദൈവത്തോടുള്ള നമ്മുടെ കടമകളെ ലൗകിക അധികാരികളോടുള്ള ഉത്തരവാദിത്വവുമായി നമുക്ക്‌ എങ്ങനെ സമനിലയിൽ നിറുത്താൻ കഴിയും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യപ്പെടും.

നിങ്ങൾ ഓർമിക്കുന്നുവോ?

• ക്രിസ്‌ത്യാനികൾക്ക്‌ കുടുംബത്തിനുള്ളിൽ എന്ത്‌ ഉത്തരവാദിത്വങ്ങൾ ഉണ്ട്‌?

• സഭയിൽ നമുക്കു കൊടുക്കൽ മനോഭാവം പ്രകടമാക്കാൻ കഴിയുന്നത്‌ എങ്ങനെ?

• ലോകത്തോടു നമുക്ക്‌ എന്ത്‌ ഉത്തരവാദിത്വങ്ങൾ ഉണ്ട്‌?

• നടത്ത സംബന്ധിച്ച ഉയർന്ന നിലവാരം പിൻപറ്റുന്നതിൽനിന്നു ലഭിക്കുന്നചില പ്രയോജനങ്ങൾ ഏവ?

[അധ്യയന ചോദ്യങ്ങൾ]

[9-ാം പേജിലെ ചിത്രം]

ക്രിസ്‌തീയ കുടുംബത്തിന്‌ വലിയ സന്തോഷത്തിന്റെ ഉറവായിരിക്കാൻ കഴിയുന്നത്‌ എങ്ങനെ?

[10-ാം പേജിലെ ചിത്രങ്ങൾ]

യഹോവയുടെ സാക്ഷികൾ പരസ്‌പരം സ്‌നേഹിക്കുന്നത്‌ എന്തുകൊണ്ട്‌?

[10-ാം പേജിലെ ചിത്രങ്ങൾ]

നമ്മുടെ സഹോദരങ്ങളെ വ്യക്തിപരമായി അറിയില്ലെങ്കിൽ പോലും നമുക്ക്‌ അവരോടു സ്‌നേഹം കാണിക്കാൻ കഴിയുമോ?