വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങൾ നിയമനത്തോടു പറ്റിനിന്നു

ഞങ്ങൾ നിയമനത്തോടു പറ്റിനിന്നു

ജീവിത കഥ

ഞങ്ങൾ നിയമനത്തോടു പറ്റിനിന്നു

ഹെർമോൻ ബ്രൂഡെ പറഞ്ഞപ്രകാരം

എന്റെ മുമ്പിലുള്ള തിരഞ്ഞെടുപ്പ്‌ ലളിതമായിരുന്നു: ഒന്നുകിൽ ഫ്രഞ്ച്‌ വിദേശ സേനയിൽ അഞ്ചു വർഷം സേവിക്കുക, അല്ലെങ്കിൽ മൊറോക്കോയിലെ ഒരു ജയിലിൽ തടവുശിക്ഷ അനുഭവിക്കുക. ഇങ്ങനെയൊരു വിഷമാവസ്ഥയിൽ ഞാൻ എത്തിപ്പെട്ടത്‌ എങ്ങനെയെന്നു പറയാം.

ജർമനിയിലെ ഓപ്പനാവു പട്ടണത്തിലായിരുന്നു എന്റെ ജനനം, 1911-ൽ. ഞാൻ ജനിച്ച്‌ മൂന്നു വർഷം കഴിഞ്ഞപ്പോൾ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. എന്റെ പിതാവിന്റെ പേര്‌ യോസെഫ്‌ ബ്രൂഡെ, അമ്മയുടേത്‌ ഫ്രീഡ. അവരുടെ 17 മക്കളിൽ 13-ാമത്തേത്‌ ആയിരുന്നു ഞാൻ.

കുട്ടിയായിരിക്കെ ഒരു ദിവസം, ഞങ്ങളുടെ പട്ടണത്തിന്റെ പ്രധാന വീഥിയിലൂടെ ഒരു സംഘം പട്ടാളക്കാർ ബാൻഡ്‌ മേളത്തിന്റെ അകമ്പടിയോടെ മാർച്ച്‌ ചെയ്‌തുപോകുന്നത്‌ ഞാൻ കണ്ടു. ആവേശം കൊള്ളിക്കുന്ന ആ താളമേളത്തിൽ ആകൃഷ്ടനായി ഞാൻ അവരുടെ പിന്നാലെ റെയിൽവേ സ്റ്റേഷനിലേക്കു പോയി, അപ്പോഴാണ്‌ സൈനിക യൂണിഫോം ധരിച്ചു ഡാഡിയും വേറെ ചില പുരുഷന്മാരും ട്രെയിനിൽ കയറുന്നതു ഞാൻ കണ്ടത്‌. ട്രെയിൻ സ്റ്റേഷൻ വിട്ടകന്നപ്പോൾ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ചില സ്‌ത്രീകൾ പൊട്ടിക്കരഞ്ഞു. ഏതാനും ദിവസങ്ങൾക്കു ശേഷം ഞങ്ങളുടെ വൈദികൻ പള്ളിയിൽ ഒരു നീണ്ട പ്രസംഗം നടത്തി, മാതൃദേശത്തിനു വേണ്ടി പൊരുതി മരിച്ച നാലു പുരുഷന്മാരുടെ പേരുകൾ അദ്ദേഹം വായിച്ചു. “അവർ ഇപ്പോൾ സ്വർഗത്തിലാണ്‌,” അദ്ദേഹം പറഞ്ഞു. എന്റെ അരികിൽ നിന്നിരുന്ന ഒരു സ്‌ത്രീ ബോധംകെട്ടു വീണു.

റഷ്യൻ സേനാമുഖത്തു സേവിക്കുന്നതിനിടെ ഡാഡിക്ക്‌ ടൈഫോയ്‌ഡ്‌ പിടിപെട്ടു. തീർത്തും അവശനിലയിലാണ്‌ അദ്ദേഹം വീട്ടിൽ തിരിച്ചെത്തിയത്‌, ഉടനടി അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. “സെമിത്തേരിക്കടുത്തുള്ള ചാപ്പലിൽ പോയി 50 സ്വർഗസ്ഥനായ പിതാവേയും 50 നന്മ നിറഞ്ഞ മറിയമേയും ചൊല്ലണം,” വൈദികൻ നിർദേശിച്ചു. “അപ്പോൾ നിന്റെ ഡാഡിക്കു സുഖമാവും.” ഞാൻ അദ്ദേഹത്തിന്റെ ഉപദേശം അനുസരിച്ചു, പക്ഷേ പിറ്റേ ദിവസം ഡാഡി മരിച്ചു. കൊച്ചുകുട്ടിയായിരുന്ന എനിക്കു പോലും യുദ്ധം തികച്ചും വേദനാകരമായ ഒരു അനുഭവമായിരുന്നു.

ഞാൻ സത്യം കണ്ടെത്തിയ വിധം

യുദ്ധങ്ങൾക്കിടയിലുള്ള കാലഘട്ടത്തിൽ ജർമനിയിൽ ഒരു ജോലി കണ്ടെത്താൻ പ്രയാസമായിരുന്നു. എങ്കിലും, 1928-ൽ സ്‌കൂളിൽനിന്നു പുറത്തുവന്നശേഷം സ്വിറ്റ്‌സർലൻഡിലെ ബാസലിൽ എനിക്ക്‌ ഒരു തോട്ടക്കാരന്റെ പണി ഒത്തുകിട്ടി.

ഡാഡിയെ പോലെ ഞാനും ഒരു അടിയുറച്ച കത്തോലിക്കാവിശ്വാസി ആയിരുന്നു. ഇന്ത്യയിൽ ഒരു കപ്പൂച്ചിൻ വൈദികനായി സേവിക്കുക എന്നതായിരുന്നു എന്റെ ജീവിതാഭിലാഷം. എന്നാൽ അതിനോടകം യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീർന്നിരുന്ന അനുജൻ റിഹാർട്ട്‌ എന്റെ പരിപാടികളെ കുറിച്ച്‌ അറിഞ്ഞപ്പോൾ അതിൽനിന്ന്‌ എന്നെ പിന്തിരിപ്പിക്കാൻവേണ്ടി മാത്രം സ്വിറ്റ്‌സർലൻഡിലേക്കു വന്നു. മനുഷ്യരിൽ​—⁠പ്രത്യേകിച്ചും വൈദികരിൽ​—⁠വിശ്വാസം അർപ്പിക്കുന്നതിന്റെ അപകടത്തെ കുറിച്ച്‌ അവൻ എനിക്കു മുന്നറിയിപ്പു നൽകി. ബൈബിൾ വായിക്കാനും അതിൽ മാത്രം വിശ്വാസം അർപ്പിക്കാനും അവൻ എന്നെ പ്രോത്സാഹിപ്പിച്ചു. സംശയത്തോടെ ആണെങ്കിലും ഞാൻ ഒരു പുതിയ നിയമം സമ്പാദിച്ച്‌ അതു വായിക്കാൻ ആരംഭിച്ചു. എന്റെ വിശ്വാസങ്ങളിൽ പലതും ബൈബിൾ പഠിപ്പിക്കലുകളുമായി ചേർച്ചയിലല്ലെന്ന്‌ ക്രമേണ എനിക്കു ബോധ്യമായി.

അങ്ങനെയിരിക്കുമ്പോൾ, 1933-ലെ ഒരു ഞായറാഴ്‌ച ഞാൻ ജർമനിയിൽ റിഹാർട്ടിന്റെ വീട്ടിലായിരിക്കെ യഹോവയുടെ സാക്ഷികളായ ഒരു ദമ്പതികൾക്ക്‌ അവൻ എന്നെ പരിചയപ്പെടുത്തി. ഞാൻ ബൈബിൾ വായിക്കുന്നുണ്ടെന്നു മനസ്സിലാക്കിയപ്പോൾ പ്രതിസന്ധി * (ഇംഗ്ലീഷ്‌) എന്ന ഒരു ചെറുപുസ്‌തകം അവർ എനിക്കു നൽകി. ഏതാണ്ട്‌ പാതിരാത്രി ആയപ്പോഴാണ്‌ ഞാൻ ആ പുസ്‌തകം താഴെവെച്ചത്‌. ഞാൻ സത്യം കണ്ടെത്തിയിരിക്കുന്നു എന്ന്‌ എനിക്കു ബോധ്യമായി!

ബാസലിലെ യഹോവയുടെ സാക്ഷികൾ എനിക്ക്‌ വേദാധ്യയന പത്രികയുടെ * (ഇംഗ്ലീഷ്‌) രണ്ടു വാല്യങ്ങളും മാസികകളും വേറെ ചില പ്രസിദ്ധീകരണങ്ങളും നൽകി. വായിച്ച കാര്യങ്ങൾ എന്നെ വളരെ സ്വാധീനിച്ചു, ഇടവക വികാരിയെ ചെന്നുകണ്ട്‌ പള്ളിയിലെ രജിസ്റ്ററിൽനിന്ന്‌ എന്റെ പേരു വെട്ടാൻ ഞാൻ ആവശ്യപ്പെട്ടു. കലിയിളകിയ പുരോഹിതൻ, എന്റെ വിശ്വാസം നഷ്ടപ്പെടാൻ പോകുകയാണെന്ന്‌ എനിക്കു മുന്നറിയിപ്പു നൽകി. എന്നാൽ അതിനു നേർവിപരീതമായ ഒരു കാര്യമാണു സംഭവിച്ചുകൊണ്ടിരുന്നത്‌, വാസ്‌തവത്തിൽ ജീവിതത്തിൽ ആദ്യമായി ഞാൻ യഥാർഥ വിശ്വാസം നട്ടുവളർത്താൻ തുടങ്ങുകയായിരുന്നു.

ബാസലിലെ സഹോദരന്മാർ ആ വാരാന്തത്തിൽ, അതിർത്തി കടന്ന്‌ ഫ്രാൻസിൽ പ്രസംഗവേല നടത്താൻ പരിപാടിയിടുന്നുണ്ടായിരുന്നു. ഞാൻ സഭയുമൊത്തു സഹവസിക്കാൻ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു എന്നതിനാലാണ്‌ എന്നെ അതിനു ക്ഷണിക്കാത്തത്‌ എന്ന്‌ ഒരു സഹോദരൻ വളരെ ദയാപൂർവം വിശദമാക്കി. പക്ഷേ ഞാൻ നിരുത്സാഹിതൻ ആയില്ല, പ്രസംഗവേലയിൽ ഏർപ്പെടാനുള്ള എന്റെ ശക്തമായ ആഗ്രഹം ഞാൻ പ്രകടിപ്പിച്ചു. മറ്റൊരു മൂപ്പനുമായി കൂടിയാലോചിച്ച ശേഷം അദ്ദേഹം എനിക്ക്‌ സ്വിറ്റ്‌സർലൻഡിൽതന്നെ ഒരു പ്രദേശം നിയമിച്ചുതന്നു. ഞായറാഴ്‌ച അതിരാവിലെ ഞാൻ സൈക്കിളിൽ ബാസലിന്‌ അടുത്തുള്ള ഒരു കൊച്ചു ഗ്രാമത്തിലേക്കു തിരിച്ചു. എന്റെ വയൽസേവന ബാഗിൽ 4 പുസ്‌തകങ്ങളും 28 മാസികകളും 20 ലഘുപത്രികകളും ഞാൻ കരുതിയിരുന്നു. കെർസാറ്റ്‌സിൽ എത്തിയപ്പോൾ ഗ്രാമീണരിൽ മിക്കവരും പള്ളിയിൽ പോയിരിക്കുകയായിരുന്നു. എങ്കിലും 11 മണിയായപ്പോഴേക്കും എന്റെ ബാഗ്‌ കാലിയായി.

സ്‌നാപനമേൽക്കാൻ ആഗ്രഹിക്കുന്നതായി ഞാൻ സഹോദരന്മാരെ അറിയിച്ചപ്പോൾ അവർ ഞാനുമായി ഗൗരവപൂർണമായ ഒരു ചർച്ച നടത്തി, എന്റെ വിശ്വാസത്തെ വിലയിരുത്താനായി സത്യത്തെ കുറിച്ച്‌ അനേകം ചോദ്യങ്ങൾ അവർ ചോദിച്ചു. അവരുടെ തീക്ഷ്‌ണതയും യഹോവയോടും അവന്റെ സംഘടനയോടുമുള്ള വിശ്വസ്‌തതയും എന്നിൽ വലിയ മതിപ്പുളവാക്കി. ശൈത്യകാലമായിരുന്നതിനാൽ ഒരു മൂപ്പന്റെ വീട്ടിലെ ബാത്ത്‌ടബ്ബിലാണ്‌ എന്നെ സ്‌നാപനപ്പെടുത്തിയത്‌. അവർണനീയമായ സന്തോഷവും വലിയ ഉൾക്കരുത്തും എനിക്ക്‌ അനുഭവപ്പെട്ടതായി ഞാൻ ഓർക്കുന്നു. 1934-ലായിരുന്നു അത്‌.

രാജ്യ കൃഷിയിടത്തിൽ വേല ചെയ്യുന്നു

അങ്ങനെയിരിക്കെ 1936-ൽ യഹോവയുടെ സാക്ഷികൾ സ്വിറ്റ്‌സർലൻഡിൽ ഒരു സ്ഥലം വാങ്ങിയിരിക്കുന്നതായി ഞാൻ അറിഞ്ഞു. അവിടെ ഒരു തോട്ടക്കാരനായി സേവിക്കാമെന്ന്‌ ഞാൻ അറിയിച്ചു. സന്തോഷകരമെന്നു പറയട്ടെ, ബേണിൽനിന്ന്‌ 30 കിലോമീറ്ററോളം അകലെ സ്ഥിതിചെയ്യുന്ന ഷ്‌റ്റെഫീസ്‌ബുർഗിലുള്ള ആ രാജ്യ കൃഷിയിടത്തിൽ വേല ചെയ്യാൻ എനിക്കു ക്ഷണം ലഭിച്ചു. കൃഷിയിടത്തിൽ വേല ചെയ്യുന്ന മറ്റുള്ളവരെയും ഞാൻ സാധ്യമാകുമ്പോഴൊക്കെ സഹായിക്കുമായിരുന്നു. സഹകരണ മനോഭാവം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച്‌ ബെഥേൽ എന്നെ പഠിപ്പിച്ചു.

എന്റെ ബെഥേൽ ജീവിതത്തിലെ അവിസ്‌മരണീയ സംഭവങ്ങളിലൊന്ന്‌ 1936-ലെ റഥർഫോർഡ്‌ സഹോദരന്റെ സന്ദർശനം ആയിരുന്നു. ഞങ്ങളുടെ തോട്ടത്തിലെ തക്കാളികളുടെ വലിപ്പവും വിളകളുടെ കരുത്തുമൊക്കെ കണ്ടപ്പോൾ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട്‌ തന്റെ അഭിനന്ദനം അറിയിച്ചു. എത്ര നല്ല സഹോദരനായിരുന്നു അദ്ദേഹം!

ഞാൻ കൃഷിയിടത്തിൽ സേവിച്ചുതുടങ്ങി മൂന്നു വർഷം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ, ഒരു ദിവസം പ്രഭാതഭക്ഷണ സമയത്ത്‌ ഐക്യനാടുകളിലെ, യഹോവയുടെ സാക്ഷികളുടെ ഹെഡ്‌ക്വാർട്ടേഴ്‌സിൽനിന്നുള്ള ഒരു കത്ത്‌ വായിക്കുകയുണ്ടായി. പ്രസംഗവേലയുടെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞുകൊണ്ടുള്ള ആ കത്തിൽ വിദേശത്ത്‌ പയനിയർമാരായി സേവിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ക്ഷണം ഉണ്ടായിരുന്നു. രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടി വന്നില്ല, ഞാൻ എന്റെ പേരു നൽകി. 1939 മേയിൽ എന്റെ നിയമനം വന്നു: ബ്രസീലിലേക്ക്‌!

അന്ന്‌ ഞാൻ രാജ്യ കൃഷിയിടത്തിനു സമീപമുള്ള ടൂൺ സഭയിലായിരുന്നു പൊയ്‌ക്കൊണ്ടിരുന്നത്‌. ഞായറാഴ്‌ചകളിൽ, ഞങ്ങൾ കുറച്ചു പേർ ആൽപ്‌സ്‌ പ്രദേശത്തു പ്രസംഗിക്കാൻ പോകും, ടൂണിൽനിന്ന്‌ അവിടേക്ക്‌ സൈക്കിളിൽ പോകാൻ രണ്ടു മണിക്കൂർ വേണമായിരുന്നു. ഇക്കൂട്ടത്തിൽ മാർഗരീറ്റ ഷ്‌റ്റൈനർ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. പെട്ടെന്ന്‌ എന്റെ മനസ്സിലേക്ക്‌ ഒരു ചിന്ത ഓടിയെത്തി: യേശു തന്റെ ശിഷ്യന്മാരെ ഈരണ്ടു പേർ ആയിട്ടല്ലേ അയച്ചത്‌? ഒരു ദിവസം, എന്നെ ബ്രസീലിലേക്കു നിയമിച്ചിരിക്കുന്നതായി ഞാൻ സംസാരത്തിനിടയിൽ മാർഗരീറ്റയെ അറിയിച്ചു. ഉടനെ, ആവശ്യം കൂടുതലുള്ള സ്ഥലത്തു സേവിക്കാൻ തനിക്കും താത്‌പര്യമുണ്ടെന്ന്‌ അവൾ എന്നോടു പറഞ്ഞു. 1939 ജൂലൈ 31-ന്‌ ഞങ്ങൾ വിവാഹിതരായി.

യാത്രയ്‌ക്ക്‌ അപ്രതീക്ഷിതമായ ഒരു വിരാമം

ഞങ്ങൾ 1939 ആഗസ്റ്റ്‌ അവസാനത്തിൽ ഫ്രാൻസിലെ ലഹാവ്‌റയിൽനിന്ന്‌ ബ്രസീലിലെ സാന്റോസിലേക്കു തിരിച്ചു. കപ്പലിലെ ഡബിൾ ബർത്തുകളെല്ലാം മറ്റാളുകൾ ബുക്ക്‌ ചെയ്‌തിരുന്നതുകൊണ്ട്‌ ഞങ്ങൾക്കു വെവ്വേറെ കാബിനുകളിൽ യാത്ര ചെയ്യേണ്ടിവന്നു. മാർഗമധ്യേ, ഗ്രേറ്റ്‌ ബ്രിട്ടനും ഫ്രാൻസും ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതായി വാർത്ത വന്നു. ഉടനെ കപ്പലിലെ 30 ജർമൻ യാത്രക്കാർ ജർമൻ ദേശീയ ഗാനം പാടാൻ തുടങ്ങി. ഇത്‌ കപ്പിത്താനെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു, അയാൾ കപ്പൽ വേറെ വഴിക്കു തിരിച്ച്‌ മോറോക്കോയിലെ സാഫിയിൽ കൊണ്ടുവന്നു നങ്കൂരമിട്ടു. ജർമൻ ഗവൺമെന്റിൽനിന്നുള്ള യാത്രാരേഖകൾ ഉണ്ടായിരുന്നവർക്ക്‌ കപ്പൽ വിട്ടുപോകാൻ അഞ്ചു മിനിട്ട്‌ അനുവദിച്ചു, ഞങ്ങളും അതിൽ ഉൾപ്പെട്ടിരുന്നു.

ഞങ്ങളെ ഒരു ദിവസത്തേക്ക്‌ പോലീസ്‌ കസ്റ്റഡിയിൽവെച്ചു, പിന്നീട്‌ ഞങ്ങളെ ഒരു പഴയ ബസ്സിൽ തിക്കിക്കയറ്റി 140 കിലോമീറ്ററോളം അകലെ മറാക്കിഷിലുള്ള ഒരു ജയിലിലേക്കു കൊണ്ടുപോയി. തുടർന്നുള്ള ദിവസങ്ങൾ ദുഷ്‌കരമായിരുന്നു. ഞങ്ങളെ പാർപ്പിച്ചിരുന്ന സെല്ലിൽ സൂചികുത്താൻ ഇടമുണ്ടായിരുന്നില്ല, പോരാത്തതിന്‌ വല്ലാത്ത ഇരുട്ടും. നിലത്തുള്ള ഒരു കുഴിയാണ്‌ എല്ലാവരും കക്കൂസായി ഉപയോഗിച്ചിരുന്നത്‌, അതിലാകട്ടെ എപ്പോഴും എന്തെങ്കിലും തടഞ്ഞിരിക്കുകയും ചെയ്യും. അഴുക്കുപിടിച്ച ഒരു ചാക്കുകഷണമാണ്‌ ഞങ്ങൾക്ക്‌ ഉറങ്ങാൻ തന്നിരുന്നത്‌, രാത്രിയിൽ എലികൾ ഞങ്ങളുടെ പുറംകാൽ കരളുമായിരുന്നു. തുരുമ്പെടുത്ത ഒരു പാത്രത്തിലാണ്‌ ഞങ്ങൾക്ക്‌ ആഹാരം നൽകിയിരുന്നത്‌, അതും ദിവസത്തിൽ രണ്ടു നേരം മാത്രം.

ഫ്രഞ്ച്‌ വിദേശ സേനയിൽ അഞ്ചു വർഷം സേവിക്കാമെന്നു സമ്മതിച്ചാൽ എന്നെ മോചിപ്പിക്കാമെന്ന്‌ ഒരു സൈനിക ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതിനു വിസമ്മതിച്ചതിന്റെ പേരിൽ 24 മണിക്കൂർ എനിക്ക്‌ ഇടുങ്ങിയ ഒരു അറയിൽ കഴിയേണ്ടിവന്നു, അവിടത്തെ അവസ്ഥ വിവരിക്കാനാവില്ല. മിക്ക സമയവും ഞാൻ പ്രാർഥിക്കുകയായിരുന്നു.

എട്ടു ദിവസത്തിനു ശേഷം, മാർഗരീറ്റയെ കാണാൻ ജയിൽ അധികൃതർ എന്നെ അനുവദിച്ചു. അവൾ വല്ലാതെ മെലിഞ്ഞുപോയിരുന്നു. എന്നെ കണ്ടതും നിയന്ത്രണം വിട്ട്‌ അവൾ പൊട്ടിക്കരഞ്ഞു. ആകുന്നവിധത്തിൽ ഞാൻ അവളെ ആശ്വസിപ്പിച്ചു. ചോദ്യം ചെയ്യലിനുശേഷം ഞങ്ങളെ ട്രെയിനിൽ കാസബ്ലാങ്കയിലേക്കു കൊണ്ടുപോയി, അവിടെവെച്ച്‌ മാർഗരീറ്റയെ മോചിപ്പിച്ചു. എന്നെ 180 കിലോമീറ്ററോളം അകലെ പോർലിയോറ്റേയിലുള്ള (ഇന്നത്തെ കെനിട്ര) തടങ്കൽപ്പാളയത്തിലേക്ക്‌ അയച്ചു. സ്വിറ്റ്‌സർലൻഡിലേക്കു മടങ്ങിപ്പോകാൻ സ്വിസ്‌ സ്ഥാനപതി മാർഗരീറ്റയെ ഉപദേശിച്ചു, പക്ഷേ എന്നെ കൂടാതെ മടങ്ങിപ്പോകാൻ അവൾ വിസമ്മതിച്ചു. ഞാൻ പോർലിയോറ്റേയിലായിരുന്ന ആ രണ്ടു മാസവും എനിക്കുള്ള ആഹാരവുമായി അവൾ ദിവസവും കാസബ്ലാങ്കയിൽനിന്ന്‌ എന്നെ കാണാൻ വരുമായിരുന്നു.

തലേ വർഷം യഹോവയുടെ സാക്ഷികൾ ക്രൊയിറ്റ്‌സ്‌റ്റ്‌സൂഗ്‌ ഗേഗൻ ഡാസ്‌ ക്രിസ്റ്റന്റൂം (ക്രിസ്‌ത്യാനിത്വത്തിന്‌ എതിരെയുള്ള കുരിശുയുദ്ധം) എന്നൊരു പുസ്‌തകം പുറത്തിറക്കിയിരുന്നു, നാസി ഭരണകൂടവുമായി സാക്ഷികൾക്കു യാതൊരുവിധ ബന്ധവുമില്ലെന്ന വസ്‌തുതയിലേക്ക്‌ പൊതുജനശ്രദ്ധ ക്ഷണിക്കുക എന്നതായിരുന്നു പുസ്‌തകത്തിന്റെ ഉദ്ദേശ്യം. ഞാൻ തടങ്കൽപ്പാളയത്തിലായിരിക്കെ, ബേണിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസ്‌ ഫ്രഞ്ച്‌ അധികാരികൾക്ക്‌ ഒരു കത്തെഴുതി, ഞങ്ങൾ നാസികൾ അല്ലെന്നു തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മേൽപ്പറഞ്ഞ പുസ്‌തകത്തിന്റെ ഒരു പ്രതിയും കത്തിനോടൊപ്പം വെച്ചിരുന്നു. മാർഗരീറ്റയും അഭിനന്ദനീയമായ വിധത്തിൽ പ്രവർത്തിച്ചു. അവൾ ഗവൺമെന്റ്‌ അധികാരികളെ ചെന്നുകണ്ട്‌ ഞങ്ങളുടെ നിരപരാധിത്വം ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഒടുവിൽ 1939-ന്റെ അവസാനത്തിൽ ഞങ്ങൾക്കു മൊറോക്കോ വിടാൻ അനുവാദം ലഭിച്ചു.

ബ്രസീലിലേക്ക്‌ കപ്പൽ കയറിയശേഷം മാത്രമാണ്‌, ജർമൻ അന്തർവാഹിനികൾ അറ്റ്‌ലാന്റിക്കിലെ കപ്പൽപ്പാതകൾ ആക്രമിക്കുന്നുണ്ടെന്നും അവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്‌ ഞങ്ങളുടെ കപ്പൽ ആണെന്നും മനസ്സിലാക്കിയത്‌. ഷമൈക്ക്‌ എന്ന ഞങ്ങളുടെ കപ്പൽ ഒരു വാണിജ്യക്കപ്പലായിരുന്നെങ്കിലും അതിന്റെ മുന്നിലും പിന്നിലും പീരങ്കികൾ ഘടിപ്പിച്ചിരുന്നു. പകൽ സമയത്ത്‌ കപ്പിത്താൻ കപ്പൽ വെട്ടിച്ചുവെട്ടിച്ചാണു കൊണ്ടുപോയത്‌, കൂടാതെ തുടരെത്തുടരെ ഷെല്ലുകൾ തൊടുത്തുവിടുകയും ചെയ്‌തുകൊണ്ടിരുന്നു. രാത്രിയാകട്ടെ, ജർമൻകാരുടെ കണ്ണിൽപ്പെടാതിരിക്കാനായി ഞങ്ങളാരും വിളക്കുകളൊന്നും തെളിച്ചതുമില്ല. ഒടുവിൽ, യൂറോപ്പ്‌ വിട്ട്‌ അഞ്ചു മാസത്തിനു ശേഷം 1940 ഫെബ്രുവരി 6-ന്‌ ബ്രസീലിലെ സാന്റോസിൽ എത്തിച്ചേർന്നപ്പോൾ എത്ര ആശ്വാസമായെന്നോ!

തിരിച്ച്‌ ജയിലിലേക്ക്‌

മോണ്ടിനെഗ്രൂവിലേക്കായിരുന്നു ഞങ്ങളുടെ ആദ്യ പ്രസംഗനിയമനം. ബ്രസീലിന്റെ തെക്കൻ സംസ്ഥാനമായ റിയോ ഗ്രാന്റേ ഡു സൂളിലെ ഒരു കൊച്ചു പട്ടണമായിരുന്നു അത്‌. ഞങ്ങളുടെ ആഗമനത്തെ കുറിച്ചുള്ള വിവരം പള്ളിക്കാർക്കു കിട്ടിയിരുന്നെന്നു വ്യക്തം. പ്രസംഗപ്രവർത്തനം തുടങ്ങി വെറും രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ പോലീസ്‌ ഞങ്ങളെ അറസ്റ്റ്‌ ചെയ്‌തു. ബൈബിൾ പ്രസംഗങ്ങൾ ടേപ്പ്‌ ചെയ്‌ത ഗ്രാമഫോൺ റെക്കോർഡുകളും സാഹിത്യങ്ങളും എന്നുവേണ്ട മൊറോക്കോയിൽനിന്നു ഞങ്ങൾ കൊണ്ടുവന്നിരുന്ന വയൽസേവന ബാഗുകൾ വരെ അവർ പിടിച്ചെടുത്തു. ഒരു പുരോഹിതനും ജർമൻ ഭാഷക്കാരനായ ഒരു ശുശ്രൂഷകനും പോലീസ്‌ സ്റ്റേഷനിൽ ഞങ്ങളെ കാത്തുനിൽപ്പുണ്ടായിരുന്നു. പോലീസ്‌ അധികാരി ഞങ്ങളുടെ പക്കൽനിന്നു പിടിച്ചെടുത്ത, റഥർഫോർഡ്‌ സഹോദരന്റെ ഒരു പ്രസംഗം ഞങ്ങളുടെ ഗ്രാമഫോണിൽ ഇട്ടുകേൾപ്പിക്കവേ അവരിരുവരും അതു ശ്രദ്ധിച്ചുകേട്ടു. റഥർഫോർഡ്‌ സഹോദരൻ യാതൊരു വളച്ചുകെട്ടുമില്ലാതെയായിരുന്നു സംസാരിച്ചത്‌! വത്തിക്കാനെ കുറിച്ചുള്ള പരാമർശം ഉണ്ടായപ്പോൾ പുരോഹിതന്റെ മുഖം ദേഷ്യംകൊണ്ട്‌ ചുവന്നുതുടുത്തു, അദ്ദേഹം കൊടുങ്കാറ്റു പോലെ പുറത്തേക്ക്‌ പാഞ്ഞുപോയി.

സാന്റ മാരിയായിലെ ബിഷപ്പിന്റെ ആവശ്യപ്രകാരം പോലീസ്‌ ഞങ്ങളെ സംസ്ഥാന തലസ്ഥാനമായ പോർട്ടോ എലെഗ്രേയിലേക്കു മാറ്റി. മാർഗരീറ്റ പെട്ടെന്നുതന്നെ മോചിതയായി, അവൾ സ്വിസ്‌ സ്ഥാനപതി കാര്യാലയത്തിന്റെ സഹായം തേടി. സ്വിറ്റ്‌സർലൻഡിലേക്കു മടങ്ങിപ്പോകാനായിരുന്നു അവിടെനിന്നു ലഭിച്ച നിർദേശം. എന്നെ ഉപേക്ഷിച്ചുപോകാൻ വീണ്ടും അവൾ വിസമ്മതിച്ചു. മാർഗരീറ്റ എല്ലായ്‌പോഴും വളരെ വിശ്വസ്‌തയായ ഒരു സഹകാരിയായിരുന്നിട്ടുണ്ട്‌. മുപ്പതു ദിവസം കഴിഞ്ഞ്‌ ചോദ്യംചെയ്യലിനു ശേഷം എന്നെ വിട്ടയച്ചു. പോലീസ്‌ ഞങ്ങൾക്ക്‌ ഒരു തിരഞ്ഞെടുപ്പു നൽകി: പത്തു ദിവസത്തിനകം രാജ്യം വിട്ടുപോവുക, അല്ലെങ്കിൽ “ഭവിഷ്യത്തുകൾ നേരിടുക.” ഹെഡ്‌ക്വാർട്ടേഴ്‌സിൽനിന്നുള്ള നിർദേശപ്രകാരം ഞങ്ങൾ റിയോ ഡി ജനീറോയിലേക്കു പോയി.

“ദയവായി ഈ കാർഡ്‌ വായിക്കുക”

ബ്രസീലിയൻ വയലിലേക്കുള്ള കന്നിപ്രവേശം പ്രതികൂലമായ ഒന്നായിരുന്നെങ്കിലും ഞങ്ങൾ എത്ര സന്തുഷ്ടരായിരുന്നു! ജീവനോടിരിക്കാൻ ഞങ്ങൾക്കു കഴിഞ്ഞിരിക്കുന്നു, ഞങ്ങളുടെ ബാഗുകളിൽ ഒരിക്കൽക്കൂടെ സാഹിത്യങ്ങൾ നിറഞ്ഞിരിക്കുന്നു, മുഴു റിയോ ഡി ജനീറോയും ഞങ്ങൾക്കു വയൽസേവന പ്രദേശമായി ലഭിച്ചിരിക്കുന്നു. എന്നാൽ പോർച്ചുഗീസ്‌ ഭാഷയിലുള്ള പരിമിതമായ അറിവു വെച്ച്‌ ഞങ്ങൾ എങ്ങനെ പ്രസംഗിക്കുമായിരുന്നു? സാക്ഷ്യ കാർഡ്‌ ഉപയോഗിച്ച്‌. പ്രസംഗ വേലയിൽ പറയാൻ പഠിച്ച ആദ്യ പോർച്ചുഗീസ്‌ വാചകം, “പോർ ഫാവോർ ലേയ എസ്റ്റെ കാർട്ടാവുൻ” (“ദയവായി ഈ കാർഡ്‌ വായിക്കുക”) എന്നായിരുന്നു. ആ കാർഡ്‌ എത്ര ഫലപ്രദം ആയിരുന്നെന്നോ! ഒരൊറ്റ മാസംകൊണ്ട്‌ ഞങ്ങൾ 1,000-ത്തിൽ അധികം പുസ്‌തകങ്ങൾ സമർപ്പിച്ചു. ഞങ്ങളിൽനിന്നു ബൈബിൾ സാഹിത്യങ്ങൾ സ്വീകരിച്ചവരിൽ പലരും സത്യത്തിലേക്കു വന്നു. യഥാർഥത്തിൽ, ആ പ്രസിദ്ധീകരണങ്ങൾ ഞങ്ങൾക്കു കഴിയുമായിരുന്നതിനെക്കാൾ വളരെ ഫലപ്രദമായ സാക്ഷ്യം നൽകി. നമ്മുടെ പ്രസിദ്ധീകരണങ്ങൾ താത്‌പര്യക്കാരുടെ പക്കൽ എത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച്‌ അത്‌ എനിക്കു മനസ്സിലാക്കിത്തന്നു.

ആ സമയത്ത്‌ റിയോ ഡി ജനീറോ ബ്രസീലിന്റെ തലസ്ഥാനം ആയിരുന്നു, വിശേഷിച്ചും ഗവൺമെന്റ്‌ കാര്യാലയങ്ങളിൽ ഞങ്ങളുടെ സന്ദേശത്തിനു നല്ല സ്വീകരണമാണു ലഭിച്ചത്‌. ധനകാര്യ മന്ത്രിയോടും പ്രതിരോധ മന്ത്രിയോടും വ്യക്തിപരമായി സാക്ഷീകരിക്കാനുള്ള അസാധാരണ അവസരങ്ങൾ എനിക്കു ലഭിച്ചിട്ടുണ്ട്‌. ഈ സന്ദർഭങ്ങളിലെല്ലാം യഹോവയുടെ ആത്മാവ്‌ പ്രവർത്തനത്തിൽ ആയിരിക്കുന്നതിന്റെ വ്യക്തമായ തെളിവ്‌ എനിക്കു കാണാൻ കഴിഞ്ഞു.

ഒരിക്കൽ റിയോയുടെ മധ്യത്തിലുള്ള ഒരു ചത്വരത്തിൽ പ്രസംഗവേലയിൽ ഏർപ്പെട്ടിരിക്കെ ഞാൻ നീതിന്യായ കാര്യാലയത്തിൽ പ്രവേശിച്ചു. നടന്നുനടന്ന്‌ ഞാൻ ഏതോ ഒരു മുറിയിൽ എത്തിപ്പെട്ടു. ചുറ്റും കറുത്ത വസ്‌ത്രമിട്ട കുറേ ആളുകൾ! മുറിയിൽ എന്തോ ശവസംസ്‌കാര ചടങ്ങു നടക്കുന്നതുപോലെ തോന്നിച്ചു. വളരെ മാന്യനായി കാണപ്പെട്ട ഒരാളുടെ അടുക്കൽ ചെന്ന്‌ ഞാൻ എന്റെ കാർഡ്‌ നൽകി. അത്‌ ഒരു ശവസംസ്‌കാര ചടങ്ങൊന്നും ആയിരുന്നില്ല. വാസ്‌തവത്തിൽ ഒരു കോടതി കേസ്‌ നടന്നുകൊണ്ടിരിക്കുന്നതിനിടയിലേക്കാണ്‌ ഞാൻ കയറിച്ചെന്നത്‌, സംസാരിച്ചതാകട്ടെ ജഡ്‌ജിയോടും. ചിരിച്ചുകൊണ്ട്‌ അദ്ദേഹം, ഗാർഡുകളോട്‌ ഒന്നും ചെയ്യേണ്ടതില്ലെന്ന്‌ ആംഗ്യം കാട്ടി. വളരെ ആദരവോടെ അദ്ദേഹം കുട്ടികൾ * (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം സ്വീകരിച്ചു, സംഭാവന നൽകുകയും ചെയ്‌തു. പുറത്തേക്കു കടക്കവേ ഗാർഡുകളിൽ ഒരാൾ, എളുപ്പം കാണാവുന്ന വിധത്തിൽ വാതിൽക്കൽ വെച്ചിരുന്ന ഒരു ബോർഡ്‌ ചൂണ്ടിക്കാട്ടി: പ്രോയാബീഡ ആ എൻട്രാഡ ഡി പെസോവാസ്‌ എസ്റ്റ്രാൻയാസ്‌ (അന്യർക്ക്‌ പ്രവേശനമില്ല) എന്ന്‌ അതിൽ എഴുതിയിരുന്നു.

തുറമുഖം ആയിരുന്നു ഫലഭൂയിഷ്‌ഠമായ മറ്റൊരു വയൽ. ഒരിക്കൽ ഞാൻ ഒരു നാവികനെ കണ്ടുമുട്ടി. കടലിലേക്കു തിരിക്കുന്നതിനു മുമ്പ്‌ അദ്ദേഹം ചില പ്രസിദ്ധീകരണങ്ങൾ സ്വീകരിച്ചു. പിന്നീട്‌ ഞാൻ അദ്ദേഹത്തെ ഒരു സമ്മേളനത്തിൽവെച്ച്‌ കണ്ടു. അദ്ദേഹത്തിന്റെ മുഴു കുടുംബവും സത്യം സ്വീകരിച്ചിരുന്നു, അദ്ദേഹവും നന്നായി പുരോഗമിക്കുന്നുണ്ടായിരുന്നു. അത്‌ ഞങ്ങളെ വളരെ സന്തുഷ്ടരാക്കി.

എന്നാൽ കാര്യങ്ങൾ എല്ലായ്‌പോഴും സുഗമമായിരുന്നില്ല. ഞങ്ങളുടെ ആറു മാസത്തെ വിസയുടെ കാലാവധി തീർന്നു, ഞങ്ങൾ അവിടെനിന്നു പോരേണ്ടി വരുമെന്ന പോലെ കാണപ്പെട്ടു. ഞങ്ങളുടെ സാഹചര്യത്തെ കുറിച്ച്‌ ഞങ്ങൾ ഹെഡ്‌ക്വാർട്ടേഴ്‌സിലേക്ക്‌ എഴുതി. റഥർഫോർഡ്‌ സഹോദരൻ സ്‌നേഹപൂർവം ഞങ്ങൾക്ക്‌ ഒരു കത്ത്‌ എഴുതി. നിയമനത്തിൽ പിടിച്ചുനിൽക്കാൻ അദ്ദേഹം ഞങ്ങളെ പ്രോത്സാഹിപ്പിച്ചു, തുടർന്ന്‌ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും അദ്ദേഹം കത്തിൽ വ്യക്തമാക്കി. ബ്രസീലിൽ തുടരാനായിരുന്നു ഞങ്ങൾക്കു താത്‌പര്യം, ഒടുവിൽ 1945-ൽ ഒരു അഭിഭാഷകന്റെ സഹായത്തോടെ, ഞങ്ങൾക്കു സ്ഥിരമായി അവിടെ താമസിക്കാനുള്ള വിസ ലഭിച്ചു.

ഒരു ദീർഘകാല നിയമനം

എന്നാൽ അതിനു മുമ്പ്‌, 1941-ൽ ഞങ്ങളുടെ മകൻ യോനാഥാനും 1943-ൽ രൂത്തും 1945-ൽ എസ്‌തറും ജനിച്ചു. ഞങ്ങളുടെ വളർന്നുവരുന്ന കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനായി എനിക്ക്‌ ലൗകിക തൊഴിൽ ഏറ്റെടുക്കേണ്ടിവന്നു. മൂന്നാമത്തെ കുട്ടിയുടെ ജനനംവരെ മാർഗരീറ്റ മുഴുസമയ പ്രസംഗപ്രവർത്തനം തുടർന്നു.

തുടക്കം മുതലേ, ഞങ്ങൾ മുഴു കുടുംബവും ഒന്നിച്ച്‌ നഗരത്തിലെ ചത്വരങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും തെരുവുകളിലും ബിസിനസ്‌ പ്രദേശങ്ങളിലും സാക്ഷീകരണവേലയിൽ ഏർപ്പെട്ടിരുന്നു. ശനിയാഴ്‌ച വൈകുന്നേരങ്ങളിൽ ഞങ്ങൾ കുടുംബം ഒരുമിച്ച്‌ വീക്ഷാഗോപുരവും ഉണരുക!യും വിതരണം ചെയ്‌തു, ഇവ വിശേഷിച്ചും ആഹ്ലാദത്തിന്റേതായ അവസരങ്ങളായിരുന്നു.

വീട്ടിൽ, ഓരോ കുട്ടിക്കും ഓരോ ദിവസവും ചെയ്യാൻ ജോലികളുണ്ടായിരുന്നു. യോനാഥാന്‌ സ്റ്റൗവും അടുക്കളയും വൃത്തിയാക്കുന്ന ജോലിയായിരുന്നു. ഫ്രിഡ്‌ജ്‌ വൃത്തിയാക്കുന്നതും മുറ്റമടിക്കുന്നതും ഷൂ പോളിഷ്‌ ചെയ്യുന്നതും പെൺകുട്ടികളായിരുന്നു. സംഘാടനശീലവും കാര്യപ്രാപ്‌തിയും വളർത്തിയെടുക്കാൻ ഇത്‌ അവരെ സഹായിച്ചു. ഇന്ന്‌, ഞങ്ങളുടെ മക്കൾ കഠിനാധ്വാനികളാണ്‌. തങ്ങളുടെ വീടും കുടുംബവും അവർ നന്നായി പരിപാലിക്കുന്നു. ഇത്‌ എനിക്കും മാർഗരീറ്റയ്‌ക്കും എത്ര സന്തോഷമാണ്‌ നൽകുന്നതെന്നോ!

യോഗങ്ങളിൽ സംബന്ധിക്കുമ്പോൾ മക്കൾ അടങ്ങി ഇരിക്കണമെന്നും ഞങ്ങൾക്കു നിർബന്ധമായിരുന്നു. പരിപാടികൾ തുടങ്ങുന്നതിനുമുമ്പുതന്നെ അവർ വെള്ളം കുടിച്ച്‌ ടോയ്‌ലറ്റിൽ പോയി വരും. യോഗസമയത്ത്‌ യോനാഥാൻ എന്റെ ഇടത്തും രൂത്ത്‌ വലത്തും ഇരിക്കും, അതിനപ്പുറത്ത്‌ മാർഗരീറ്റയും അവളുടെ വലത്തായി എസ്‌തറും. ഇത്‌ നന്നേ ചെറുപ്രായത്തിൽതന്നെ പരിപാടികളിൽ ശ്രദ്ധിച്ചിരിക്കാനും ആത്മീയ ആഹാരം ഭക്ഷിക്കാനും അവരെ സഹായിച്ചു.

യഹോവ ഞങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. ഞങ്ങളുടെ മക്കൾ എല്ലാവരും ഇപ്പോഴും യഹോവയെ വിശ്വസ്‌തതമായി സേവിക്കുകയും പ്രസംഗവേലയിൽ സന്തോഷപൂർവം പങ്കുപറ്റുകയും ചെയ്യുന്നു. യോനാഥാൻ ഇപ്പോൾ റിയോ ഡി ജനീറോയിലെ നോവൂ മേയർ സഭയിൽ മൂപ്പനായി സേവിക്കുന്നു.

ഞങ്ങളുടെ മക്കൾ എല്ലാവരും 1970 ആയപ്പോഴേക്കും വിവാഹിതരായി വേറെ താമസിക്കാൻ തുടങ്ങിയിരുന്നു. അതുകൊണ്ട്‌ ഞാനും മാർഗരീറ്റയും ശുശ്രൂഷകരുടെ ആവശ്യം കൂടുതലുള്ളിടത്തേക്കു താമസം മാറാൻ തീരുമാനിച്ചു. ആദ്യം ഞങ്ങൾ പോയത്‌ പോസൂസ്‌ ഡി കാൽഡാസിൽ ആയിരുന്നു. മിനാ ഷെറൈസ്‌ സംസ്ഥാനത്തുള്ള ഈ നഗരത്തിൽ അന്ന്‌ 19 രാജ്യഘോഷകരുടെ ഒരു ചെറിയ കൂട്ടമാണ്‌ ഉണ്ടായിരുന്നത്‌. ആദ്യമായി അവരുടെ യോഗസ്ഥലം കണ്ടപ്പോൾ എനിക്കു വല്ലാത്ത ദുഃഖം തോന്നി​—⁠ജനാലകളൊന്നും ഇല്ലാത്ത, ധാരാളം അറ്റകുറ്റപ്പണികൾ ആവശ്യമായ ഒരു ഇടുങ്ങിയ മുറി. ഉടനടി, കുറേക്കൂടെ മെച്ചപ്പെട്ട ഒരു രാജ്യഹാളിനായി ഞങ്ങൾ അന്വേഷണം തുടങ്ങി. താമസിയാതെ നല്ല ഒരു സ്ഥലത്ത്‌ മനോഹരമായ ഒരു കെട്ടിടം ഞങ്ങൾ കണ്ടെത്തുകയും ചെയ്‌തു. അത്‌ എന്തു മാറ്റമാണ്‌ വരുത്തിയതെന്നോ! നാലര വർഷം കഴിഞ്ഞപ്പോൾ പ്രസാധകരുടെ എണ്ണം 155 ആയി വർധിച്ചു. 1989-ൽ ഞങ്ങൾ റിയോ ഡി ജനീറോയിലുള്ള ആരാരൂവാമ്മയിലേക്കു താമസം മാറി. അവിടെ ഞങ്ങൾ ഒമ്പതു വർഷം സേവിച്ചു. ഈ കാലഘട്ടത്തിൽ ഞങ്ങൾ രണ്ടു സഭകളുടെ സ്ഥാപനത്തിനു സാക്ഷ്യം വഹിച്ചു.

നിയമനത്തോടു പറ്റിനിന്നതിനുള്ള പ്രതിഫലം

ആരോഗ്യ പ്രശ്‌നങ്ങളും മക്കളുടെ അടുത്തായിരിക്കാനുള്ള ആഗ്രഹവും മൂലം ഞങ്ങൾ 1998-ൽ റിയോ ഡി ജനീറോയിലെ സാവൂൻ ഗോൻസാലൂവിലേക്കു താമസം മാറി. ഇന്നും ഞാൻ അവിടെ ഒരു മൂപ്പനായി സേവിക്കുന്നു. പ്രസംഗവേലയിൽ ക്രമമായി പങ്കുപറ്റാൻ ഞങ്ങൾ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. മാർഗരീറ്റ അടുത്തുള്ള ഒരു സൂപ്പർമാർക്കറ്റിൽ ആളുകളോടു സാക്ഷീകരിക്കുന്നത്‌ ആസ്വദിക്കുന്നു. സഭ ദയാപൂർവം ഞങ്ങളുടെ വീടിനടുത്തുള്ള ഒരു പ്രദേശം ഞങ്ങൾക്കു നിയമിച്ചുതന്നിരിക്കുന്നു. ഇതുമൂലം ആരോഗ്യസ്ഥിതി അനുവദിക്കുന്നതുപോലെ പ്രസംഗപ്രവർത്തനത്തിൽ കൂടുതൽ എളുപ്പം ഏർപ്പെടാൻ ഞങ്ങൾക്കു കഴിയുന്നു.

മാർഗരീറ്റയും ഞാനും യഹോവയുടെ സമർപ്പിത സാക്ഷികളായിട്ട്‌ 60-ൽപ്പരം വർഷം കഴിഞ്ഞിരിക്കുന്നു. “വാഴ്‌ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മററു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിലുള്ള ദൈവസ്‌നേഹത്തിൽനിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല” എന്ന സത്യം ഞങ്ങൾ വ്യക്തിപരമായി അനുഭവിച്ചറിഞ്ഞിട്ടുണ്ട്‌. (റോമർ 8:38, 39) പൂർണതയുള്ള ഭൂമിയിൽ, ദൈവത്തിന്റെ മനോഹരമായ സൃഷ്ടികളുടെ ഇടയിൽ നിത്യജീവൻ ആസ്വദിക്കുക എന്ന മഹത്തായ പ്രത്യാശയുള്ള “വേറെ ആടുക”ളുടെ കൂട്ടിച്ചേർപ്പിനു സാക്ഷ്യം വഹിക്കാൻ കഴിഞ്ഞിരിക്കുന്നത്‌ എത്ര വലിയ സന്തോഷമാണു നൽകുന്നത്‌! (യോഹന്നാൻ 10:16) 1940-ൽ ഞങ്ങൾ റിയോ ഡി ജനീറോയിൽ വരുമ്പോൾ 28 പ്രസാധകർ ഉള്ള ഒരു സഭ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ഇന്ന്‌ ഇവിടെ ഏതാണ്ട്‌ 250 സഭകളും 20,000-ത്തിലധികം രാജ്യഘോഷകരും ഉണ്ട്‌.

യൂറോപ്പിലുള്ള ഞങ്ങളുടെ കുടുംബക്കാരുടെ അടുത്തേക്കു തിരിച്ചുപോകാമായിരുന്ന അവസരങ്ങൾ ഉണ്ടായിട്ടുണ്ട്‌. പക്ഷേ യഹോവയിൽനിന്നു ഞങ്ങൾക്കു ലഭിച്ച നിയമനം ബ്രസീലിലേക്കായിരുന്നു. അതിനോടു പറ്റിനിൽക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ എത്ര സന്തുഷ്ടരാണ്‌!

[അടിക്കുറിപ്പുകൾ]

^ ഖ. 11 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌, പക്ഷേ ഇപ്പോൾ അച്ചടിക്കപ്പെടുന്നില്ല.

^ ഖ. 12 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌, പക്ഷേ ഇപ്പോൾ അച്ചടിക്കപ്പെടുന്നില്ല.

^ ഖ. 33 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌, പക്ഷേ ഇപ്പോൾ അച്ചടിക്കപ്പെടുന്നില്ല.

[21-ാം പേജിലെ ചിത്രം]

1930-കളുടെ അവസാനത്തിൽ സ്വിറ്റ്‌സർലൻഡിലെ ഷ്‌റ്റെഫീസ്‌ബുർഗിലുള്ള രാജ്യ കൃഷിയിടത്തിൽ (ഇടത്തേയറ്റത്തു നിൽക്കുന്നതു ഞാൻ)

[23-ാം പേജിലെ ചിത്രം]

ഞങ്ങളുടെ വിവാഹത്തിന്‌ തൊട്ടുമുമ്പ്‌, 1939-ൽ

[23-ാം പേജിലെ ചിത്രം]

കാസബ്ലാങ്ക 1940-കളിൽ

[23-ാം പേജിലെ ചിത്രം]

പ്രസംഗവേലയിൽ കുടുംബം ഒന്നിച്ച്‌

[24-ാം പേജിലെ ചിത്രം]

ശുശ്രൂഷയിൽ ഇന്ന്‌ ക്രമമായി പങ്കുപറ്റുന്നു