നമുക്കെല്ലാം അഭിനന്ദനം ആവശ്യമാണ്
നമുക്കെല്ലാം അഭിനന്ദനം ആവശ്യമാണ്
ആ കൊച്ചു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം അതൊരു നല്ല ദിവസമായിരുന്നു. ഒരു കുസൃതിക്കുടുക്ക ആയിരുന്നെങ്കിലും, ആ ദിവസം അവൾ തികച്ചും നല്ല കുട്ടിയായിരുന്നു. പക്ഷേ അന്നു രാത്രി ഉറക്കാൻ കിടത്തിയതിനുശേഷം, അവൾ കരയുന്നത് അമ്മ കേട്ടു. കാര്യം എന്താണെന്ന് അന്വേഷിച്ചപ്പോൾ വിതുമ്പിക്കൊണ്ട് അവൾ ചോദിച്ചു: “മോൾ ഇന്നു നല്ല കുട്ടിയായിരുന്നില്ലേ?”
ആ ചോദ്യം അമ്മയെ വല്ലാതെ വേദനിപ്പിച്ചു, കാരണം മകളെ തിരുത്തുന്ന കാര്യത്തിൽ അവർ എപ്പോഴും വളരെ ശ്രദ്ധിച്ചിരുന്നു. എന്നാൽ അന്ന്, ഒരു നല്ല കുട്ടിയായിരിക്കാൻ തന്റെ മകൾ ചെയ്‌ത കഠിനശ്രമം മനസ്സിലാക്കിയിട്ടും അവർ അതിനെ കുറിച്ച് അഭിനന്ദനത്തിന്റേതായ ഒരു വാക്കുപോലും പറഞ്ഞിരുന്നില്ല.
അഭിനന്ദനവും ആശ്വാസവും ആവശ്യമായിരിക്കുന്നത് കൊച്ചുകുട്ടികൾക്കു മാത്രമല്ല. നമുക്കെല്ലാം അത് ആവശ്യമാണ്, ബുദ്ധിയുപദേശത്തിന്റെയും തിരുത്തലിന്റെയും കാര്യത്തിലെന്നപോലെ തന്നെ.
ആരെങ്കിലും ആത്മാർഥമായി അഭിനന്ദിക്കുമ്പോൾ നമുക്ക് എന്തു തോന്നും? അതു നമ്മുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയും ആ ദിവസത്തെ പ്രകാശമാനമാക്കുകയും ചെയ്യില്ലേ? നമ്മെ ശ്രദ്ധിക്കുകയും നമ്മിൽ താത്‌പര്യം പ്രകടമാക്കുകയും ചെയ്യുന്ന ആരൊക്കെയോ ഉണ്ടെന്ന ഒരു തോന്നൽ അതു നമ്മിൽ ഉളവാക്കും. നാം ചെയ്‌തതു മൂല്യവത്തായ ഒരു സംഗതി ആയിരുന്നെന്ന് അതു നമ്മെ ബോധ്യപ്പെടുത്തും. കൂടാതെ, ഭാവിയിലും അതിനായി കഠിനശ്രമം ചെയ്യാൻ അതു നമ്മെ പ്രചോദിപ്പിക്കും. ആത്മാർഥമായ അഭിനന്ദനങ്ങൾ പലപ്പോഴും, അതു നൽകാനായി സമയം കണ്ടെത്തുന്ന വ്യക്തികളിലേക്കു നമ്മെ ആകർഷിക്കുന്നതിൽ അതിശയിക്കാനില്ല.—സദൃശ്യവാക്യങ്ങൾ 15:23.
അഭിനന്ദിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കിയ ഒരു വ്യക്തി ആയിരുന്നു യേശുക്രിസ്‌തു. താലന്തുകളെ കുറിച്ചുള്ള ഉപമയിൽ, യജമാനൻ (യേശുവിനെ ചിത്രീകരിക്കുന്നു) തന്റെ രണ്ടു വിശ്വസ്‌ത ദാസന്മാരിൽ ഓരോരുത്തരെയും “നന്നു, നല്ലവനും വിശ്വസ്‌തനുമായ ദാസനേ” എന്നു പറഞ്ഞുകൊണ്ട് അഭിനന്ദിക്കുന്നതായി കാണാം. എത്ര ഹൃദയോഷ്‌മളം! അവരുടെ പ്രാപ്‌തികളും നേട്ടങ്ങളും വ്യത്യസ്‌തമായിരുന്നിട്ടു പോലും അവർക്ക് ഒരേ അളവിലുള്ള അഭിനന്ദനമാണു ലഭിച്ചത്.—മത്തായി 25:19-23.
അതുകൊണ്ട് ആദ്യം പറഞ്ഞ കൊച്ചു പെൺകുട്ടിയുടെ അമ്മയെ നമുക്ക് ഓർക്കാം. മറ്റുള്ളവരെ അഭിനന്ദിക്കുന്നതിന് അവർ കരയുന്നതുവരെ കാത്തുനിൽക്കേണ്ടതില്ല. മറിച്ച് അവരെ അഭിനന്ദിക്കാനുള്ള അവസരങ്ങൾക്കായി നമുക്കു നോക്കിപ്പാർത്തിരിക്കാം. അതേ, അവസരമുള്ളപ്പോൾ ആത്മാർഥമായി അഭിനന്ദിക്കുന്നതു തീർച്ചയായും പ്രധാനമാണ്.