രാജ്യഹാളുകൾ സകലർക്കുമായി തുറന്നുകിടക്കുന്നു
രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
രാജ്യഹാളുകൾ സകലർക്കുമായി തുറന്നുകിടക്കുന്നു
പരസ്യ ശുശ്രൂഷയ്‌ക്കായി തന്റെ ശിഷ്യന്മാരെ പരിശീലിപ്പിക്കവേ, “പുരമുകളിൽനിന്നു ഘോഷി”ക്കാൻ യേശുക്രിസ്‌തു അവരെ പ്രോത്സാഹിപ്പിച്ചു. (മത്തായി 10:27) അതേ, അവർ തങ്ങളുടെ ക്രിസ്‌തീയ ശുശ്രൂഷ പരസ്യമായി പൊതുജനസമക്ഷം നിർവഹിക്കേണ്ടിയിരുന്നു. ഈ തത്ത്വത്തിനു ചേർച്ചയിൽ ഇന്നു യഹോവയുടെ സാക്ഷികളും പരസ്യമായാണു തങ്ങളുടെ പ്രവർത്തനം നിർവഹിക്കുന്നത്. എതിർപ്പുകളെ തരണംചെയ്യാനും അനുകൂലമായ വിധത്തിൽ ആളുകളുടെ ശ്രദ്ധ നേടാനും ഇതു സാക്ഷികളെ സഹായിച്ചിരിക്കുന്നു.
യഹോവയുടെ സാക്ഷികളുടെ ക്രിസ്‌തീയ യോഗങ്ങളിൽ ഏവർക്കും സ്വാഗതം ഉണ്ടെങ്കിലും സാക്ഷികളോടുള്ള മുൻവിധി നിമിത്തം ചില ആളുകൾ രാജ്യഹാളുകളിൽ വരാൻ മടിക്കുന്നു. ഫിൻലൻഡിലെ സ്ഥിതി അതാണ്. പുതിയ ഒരു സ്ഥലത്തു പോകുന്നതിനു വൈമനസ്യമുള്ളവരാണു മറ്റുചിലർ. ഒരു പുതിയ രാജ്യഹാൾ നിർമിക്കുകയോ നിലവിലുള്ള ഒന്നു പുതുക്കിപ്പണിയുകയോ ചെയ്യുമ്പോൾ, ഒരു ‘പൊതു ആതിഥ്യം’ (സുഹൃത്തുക്കൾക്കും സമീപവാസികൾക്കും താത്‌പര്യമുള്ള ഏവർക്കും രാജ്യഹാൾ സന്ദർശിക്കുന്നതിനും ലഘുഭക്ഷണം ആസ്വദിക്കുന്നതിനുമുള്ള ഒരു ക്രമീകരണം) സംഘടിപ്പിക്കുന്നതു സാധാരണമാണ്. രാജ്യഹാൾ സന്ദർശിക്കുന്നതിനും യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങളെപ്പറ്റി കൂടുതൽ മനസ്സിലാക്കുന്നതിനുമായി സമീപവാസികളെ ക്ഷണിക്കാൻ പ്രത്യേക ശ്രമം നടത്തപ്പെട്ടേക്കാം.
ഒരു പ്രദേശത്തെ സാക്ഷികൾ തങ്ങളുടെ പുതിയ രാജ്യഹാളിനോടു ബന്ധപ്പെട്ട് ‘പൊതു ആതിഥ്യം’ ക്രമീകരിച്ച ദിവസംതന്നെ മാസിക പ്രചാരണവും സംഘടിപ്പിച്ചു. മാസിക പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കെ, രണ്ടു സാക്ഷികൾ പ്രായമുള്ള ഒരു മനുഷ്യനെ കണ്ടുമുട്ടി. വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ വായന താൻ ആസ്വദിച്ചതായി അദ്ദേഹം അവരോടു പറഞ്ഞു. സഹോദരന്മാർ ‘പൊതു ആതിഥ്യത്തെ’ കുറിച്ചു പറയുകയും അദ്ദേഹത്തെ രാജ്യഹാളിലേക്കു കൊണ്ടുപോകാമെന്നു വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. അവരുടെ കൂടെ പോകാൻ തനിക്കു സന്തോഷമേ ഉള്ളുവെന്ന് ആ മനുഷ്യൻ പറഞ്ഞു. ഈ സംഭാഷണം ശ്രദ്ധിച്ച അദ്ദേഹത്തിന്റെ ഭാര്യ അപ്പോൾ ഇങ്ങനെ പറഞ്ഞു, “എന്നെയും കൂടെ കൊണ്ടുപോകണേ!”
രാജ്യഹാളിൽ എത്തിയ അദ്ദേഹം ചുറ്റും നോക്കിയതിനുശേഷം ഇപ്രകാരം പറയുകയുണ്ടായി: “ഇതിന് ഇരുണ്ട നിറമല്ലല്ലോ. ഇതു മനോഹരമാണ്, നല്ല പ്രകാശവുമുണ്ട്. രാജ്യഹാൾ ഇരുണ്ടിരിക്കുമെന്നാണു ഞാൻ കേട്ടിട്ടുള്ളത്!” ആ ദമ്പതികൾ കുറച്ചുസമയം അവിടെ ചെലവഴിക്കുകയും പ്രദർശിപ്പിച്ചിരുന്ന സാഹിത്യങ്ങളിൽ ചിലത് ആവശ്യപ്പെടുകയും ചെയ്‌തു.
ഒരു സഭ, തങ്ങളുടെ രാജ്യഹാളിന്റെ സമർപ്പണവുമായി ബന്ധപ്പെട്ടു നടത്തുന്ന ‘പൊതു ആതിഥ്യ’ത്തെ കുറിച്ച് പ്രാദേശിക വർത്തമാനപത്രത്തിൽ ഒരു അറിയിപ്പു കൊടുക്കാൻ ആഗ്രഹിച്ചു. അതിനെ കുറിച്ച് അറിയിച്ചപ്പോൾ മുഖ്യ പത്രാധിപ ആ വിഷയത്തെ സംബന്ധിച്ച് ഒരു ലേഖനം എഴുതാനുള്ള നിർദേശം മുന്നോട്ടുവെച്ചു. സഹോദരങ്ങൾ സമ്മതിച്ചു. അധികം താമസിയാതെ അരപ്പേജുള്ള ഒരു നല്ല ലേഖനം പത്രത്തിൽ അച്ചടിച്ചുവന്നു. ‘പൊതു ആതിഥ്യ’ ക്രമീകരണത്തെയും യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയിലെ പ്രവർത്തനങ്ങളെയും കുറിച്ച് അതിൽ വിവരിച്ചിരുന്നു.
ലേഖനം പത്രത്തിൽ വന്നശേഷം, പ്രായമുള്ള ഒരു സഹോദരിയോട് അവരുടെ അയൽവാസി ഇപ്രകാരം പറയുകയുണ്ടായി: “ഇന്നത്തെ പത്രത്തിൽ യഹോവയുടെ സാക്ഷികളെ കുറിച്ച് മനോഹരമായ ഒരു ലേഖനമുണ്ട്!” അവരോടു സാക്ഷീകരിക്കാനും പിന്നീട് യഹോവയുടെ സാക്ഷികൾ ഇരുപതാം നൂററാണ്ടിൽ എന്ന ലഘുപത്രിക സമർപ്പിക്കാനും സഹോദരിക്കു സാധിച്ചു.
പുതിയ രാജ്യഹാളിന്റെ സമർപ്പണത്തോടും ‘പൊതു ആതിഥ്യ’ത്തോടുമുള്ള ബന്ധത്തിൽ ചെയ്യുന്ന ഇത്തരം ക്രമീകരണങ്ങൾ, സാക്ഷികളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ നീക്കുന്നതിനുപുറമേ പ്രസാധകരെ പ്രചോദിപ്പിക്കുകയും യോഗങ്ങൾക്കു ഹാജരാകാൻ കൂടുതൽ ആളുകളെ ക്ഷണിക്കാനുള്ള പ്രോത്സാഹനം അവർക്കു നൽകുകയും ചെയ്യുന്നു. അതേ, യഹോവയുടെ സാക്ഷികളുടെ രാജ്യഹാൾ സകലർക്കുമായി തുറന്നുകിടക്കുകയാണ്. ഫിൻലൻഡ് ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലെയും ആളുകൾക്ക് അതറിയാം.