വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ചെറിയ തുകയ്‌ക്കുള്ള ചൂതുകളികളിൽ ഏർപ്പെടുന്നതു തെറ്റാണോ?

ദൈവവചനം ചൂതാട്ടത്തെ കുറിച്ചു വിശദമായി ചർച്ച ചെയ്യുന്നില്ല. എങ്കിലും എല്ലാത്തരം ചൂതുകളികളും ബൈബിൾ തത്ത്വങ്ങൾക്കു വിരുദ്ധമാണെന്നു കാണിക്കുന്നതിനു മതിയായ വിവരങ്ങൾ അത്‌ നൽകുന്നുണ്ട്‌. * ഉദാഹരണത്തിന്‌, ചൂതാട്ടം അത്യാഗ്രഹത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നത്‌ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു വസ്‌തുതയാണ്‌. ക്രിസ്‌ത്യാനികൾ ഈ സംഗതി ഗൗരവമായി കാണാൻ അതു മാത്രം മതിയാകും. കാരണം, “അത്യാഗ്രഹികൾ . . . ദൈവരാജ്യം അവകാശമാക്കുകയില്ല” എന്നു ബൈബിൾ പറയുന്നു. കൂടാതെ, അത്‌ അത്യാഗ്രഹത്തെ “വിഗ്രഹാരാധന”യുടെ ഗണത്തിൽ പെടുത്തിയിരിക്കുകയും ചെയ്യുന്നു.​—⁠1 കൊരിന്ത്യർ 6:9, 10; കൊലൊസ്സ്യർ 3:⁠5.

ചൂതാട്ടം തൻകാര്യതത്‌പരതയ്‌ക്കും അനാരോഗ്യകരമായ മത്സര മനോഭാവത്തിനും​—⁠ജയിക്കാനുള്ള ശക്തമായ അഭിനിവേശത്തിനും​—⁠തിരികൊളുത്തുന്നു. അപ്പൊസ്‌തലനായ പൗലൊസ്‌ അത്തരം കാര്യങ്ങൾക്കെതിരെ മുന്നറിയിപ്പു നൽകുകയുണ്ടായി. “നമുക്കു പരസ്‌പരം മത്സരം ഇളക്കിവിട്ടും അസൂയപ്പെട്ടുംകൊണ്ട്‌ തൻകാര്യതത്‌പരർ ആകാതിരിക്കാം” എന്ന്‌ അവൻ എഴുതി. (ഗലാത്യർ 5:​26, NW) കൂടാതെ, ചൂതാട്ടം ചിലരിൽ ഭാഗ്യത്തെ ആശ്രയിക്കാനുള്ള ഒരു പ്രവണത ഉളവാക്കുന്നു. ചൂതാട്ടക്കാർ, ഭാഗ്യത്തെ തങ്ങളുടെ പക്ഷത്ത്‌ കൊണ്ടുവരാൻ സഹായിക്കുമെന്ന്‌ അവർ കരുതുന്ന പലവിധ അന്ധവിശ്വാസങ്ങളും വളർത്തിയെടുക്കുന്നു. “ഭാഗ്യദേവനു പീഠമൊരുക്കുകയും വിധിയുടെ ദേവനു വീഞ്ഞു കലർത്തി പാനപാത്രം നിറയ്‌ക്കുകയും” ചെയ്‌തിരുന്ന അവിശ്വസ്‌ത ഇസ്രായേല്യരെ കുറിച്ച്‌ ഇവർ നമ്മെ അനുസ്‌മരിപ്പിക്കുന്നു.​—⁠യെശയ്യാവു 65:​11, പി.ഒ.സി. ബൈബിൾ.

ബന്ധുക്കളോടോ അടുത്ത സുഹൃത്തുക്കളോടോ ഒപ്പം ചീട്ടോ ചെസ്സു പോലുള്ള ബോർഡ്‌ കളികളോ മറ്റൊ കളിക്കുമ്പോൾ ചെറിയ തുക പന്തയം വെക്കുന്നതിൽ കുഴപ്പമൊന്നും ഇല്ലെന്ന്‌ ചിലർ ന്യായവാദം ചെയ്‌തേക്കാം. അതിനെ നിരുപദ്രവകരമായ വിനോദമായി അവർ കണ്ടേക്കാം. ചെറിയ തുക പന്തയം വെക്കുന്ന ഒരു വ്യക്തി തന്നെത്തന്നെ അത്യാഗ്രഹിയോ തൻകാര്യതത്‌പരനോ മത്സരമനോഭാവം ഉള്ളവനോ അന്ധവിശ്വാസിയോ ആയി വീക്ഷിക്കുകയില്ലെന്നതു ശരിയാണ്‌. എങ്കിലും ആ കളി അതിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റുള്ളവരെ ഏതു തരത്തിലായിരിക്കും ബാധിക്കുക? ചൂതാട്ടത്തോട്‌ ആസക്തിയുള്ള പലരും തുടക്കത്തിൽ ‘വെറും രസത്തിന്റെ പേരിൽ’ കൊച്ചുകൊച്ചു പന്തയങ്ങളിൽ ഏർപ്പെട്ടിരുന്നവരാണ്‌. (ലൂക്കൊസ്‌ 16:10) ഇക്കൂട്ടരുടെ കാര്യത്തിൽ, നിർദോഷകരമായി കാണപ്പെട്ട ഒരു വിനോദം തികച്ചും ആപത്‌കരമായ ഒന്നായി മാറുകയായിരുന്നു.

കുട്ടികളെ സംബന്ധിച്ചിടത്തോളം ഇതു വിശേഷാൽ സത്യമാണ്‌. കൊച്ചുകൊച്ചു പന്തയങ്ങളിൽ ജയിച്ച്‌ രസംപൂണ്ട പല കുട്ടികളും പിന്നീട്‌ വലിയ തുകകൾ ഉൾപ്പെട്ട പന്തയക്കളികളിൽ ഏർപ്പെടാൻ പ്രേരിതരായിട്ടുണ്ട്‌. (1 തിമൊഥെയൊസ്‌ 6:10) ചൂതാട്ടത്തോട്‌ ആസക്തിയുള്ള പലരും ചെറുപ്രായത്തിൽത്തന്നെ “സ്‌പോർട്‌സ്‌ പരിപാടികളെ ചൊല്ലി ചെറിയ പന്തയങ്ങൾ വെച്ചോ ബന്ധുക്കളോടോ സുഹൃത്തുക്കളോടോ ഒപ്പം ചീട്ടുകളിച്ചോ” ഒക്കെ ആ ശീലം വളർത്തിയെടുക്കുകയായിരുന്നു എന്ന്‌ ‘അരിസോണ കൗൺസിൽ ഓൺ കമ്പൾസീവ്‌ ഗാംബ്ലിങ്‌’ ഐക്യനാടുകളിൽ പ്രസിദ്ധീകരിച്ച ഒരു ദീർഘകാലാധിഷ്‌ഠിത പഠന റിപ്പോർട്ട്‌ സ്ഥിരീകരിക്കുന്നു. “കുട്ടികൾ ചൂതാട്ടം തുടങ്ങുന്നതു വീട്ടിൽവെച്ചാണ്‌, സാധാരണമായി ബന്ധുക്കളോ കൂട്ടുകാരോ ഒത്ത്‌ ചീട്ടുകളിയിൽ ഏർപ്പെട്ടുകൊണ്ട്‌,” മറ്റൊരു റിപ്പോർട്ട്‌ പറയുന്നു. “ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്ന കുട്ടികളിൽ മുപ്പതു ശതമാനവും തങ്ങളുടെ പതിനൊന്നാം പിറന്നാളിനു മുമ്പുതന്നെ അതു തുടങ്ങിയിരുന്നു” എന്ന്‌ റിപ്പോർട്ട്‌ കൂട്ടിച്ചേർക്കുന്നു. ആളുകൾ ചൂതാട്ടത്തിൽ ഇത്രയധികം ആമഗ്നരാകുന്നതിന്റെ കാരണം​—⁠ചൂതാട്ട ആസക്തിയും അത്യാസക്തിയും (ഇംഗ്ലീഷ്‌) എന്ന പഠന റിപ്പോർട്ട്‌ പറയുന്ന പ്രകാരം, ചൂതാട്ടക്കാരായ കൗമാരപ്രായക്കാരിൽ പലരും അതിനായുള്ള പണം കണ്ടെത്തുന്നത്‌ കുറ്റകൃതൃങ്ങൾ നടത്തിയോ അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടോ ആണ്‌. ആദ്യം നിർദോഷകരമായി കാണപ്പെട്ടിരിക്കാവുന്ന ഒരു ശീലം എത്ര വലിയ ദുരന്തത്തിലേക്കാണു നയിക്കുന്നത്‌!

ഇപ്പോൾത്തന്നെ ഒട്ടനവധി കെണികളും പ്രലോഭനങ്ങളും പതിയിരിക്കുന്ന ഒരു ലോകത്തിലാണു നാം ജീവിക്കുന്നത്‌. അങ്ങനെയിരിക്കെ നാമായിട്ട്‌ എന്തിനാണ്‌ മറ്റൊരു അപകടത്തിനുള്ള സാധ്യത കൂടെ വരുത്തിവെക്കുന്നത്‌? (സദൃശവാക്യങ്ങൾ 27:12) കുട്ടികളുടെ സാന്നിധ്യത്തിലാണെങ്കിലും അല്ലെങ്കിലും, പന്തയത്തുക ചെറുതാണെങ്കിലും അല്ലെങ്കിലും, ചൂതാട്ടം ഒരു വ്യക്തിയെ ആത്മീയമായി അപകടപ്പെടുത്തുന്നു, അതുകൊണ്ടുതന്നെ അത്‌ ഒഴിവാക്കേണ്ടതുമാണ്‌. വിനോദത്തിനായി ചീട്ടുകളിയിലോ ബോർഡ്‌ കളികളിലോ ഏർപ്പെടുന്ന ക്രിസ്‌ത്യാനികൾ പോയിന്റുകൾ വെറുതെ എഴുതിവെക്കുന്നതോ അതുമല്ലെങ്കിൽ സ്‌കോറുകളൊന്നുമില്ലാതെ വെറും നേരമ്പോക്കിനായി അതു കളിക്കുന്നതോ ആയിരിക്കും നല്ലത്‌. സ്വന്തം ആത്മീയതയെയും അതുപോലെതന്നെ തങ്ങളുടെ സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും ആത്മീയതയെയും കുറിച്ചു കരുതലുള്ള ജ്ഞാനികളായ ക്രിസ്‌ത്യാനികൾ ചൂതാട്ടം ഒഴിവാക്കുന്നു​—⁠അത്‌ ചെറിയ തുകയ്‌ക്കുള്ളതാണെങ്കിൽ പോലും.

[അടിക്കുറിപ്പ്‌]

^ ഖ. 3 “ഒരു കളിയുടെയോ സംഭവത്തിന്റെയോ പരിണതിയെ കുറിച്ചോ മുൻകൂട്ടി കാണാനാവാത്ത ഒരു സംഭവത്തെ കുറിച്ചുതന്നെയോ പന്തയം വെക്കൽ” എന്നാണ്‌ വേൾഡ്‌ ബുക്ക്‌ എൻസൈക്ലോപീഡിയ ചൂതാട്ടത്തെ നിർവചിക്കുന്നത്‌. “സാധാരണഗതിയിൽ ചൂതുകളിക്കാർ . . . നറുക്കെടുപ്പ്‌, ചീട്ടുകളി, പകിടകളി തുടങ്ങിയ ഭാഗ്യപരീക്ഷണക്കളികളിൽ പണം പന്തയം വെക്കുന്നു” എന്നും അതു പ്രസ്‌താവിക്കുന്നു.