വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സത്യാരാധനയെ പിന്തുണയ്‌ക്കുന്നവർ​—⁠അന്നും ഇന്നും

സത്യാരാധനയെ പിന്തുണയ്‌ക്കുന്നവർ​—⁠അന്നും ഇന്നും

സത്യാരാധനയെ പിന്തുണയ്‌ക്കുന്നവർ​—⁠അന്നും ഇന്നും

പുരാതന യെരൂശലേം നഗരത്തെ ചൊല്ലി വിലപിച്ച ഒരു വ്യക്തിയെ നിങ്ങൾ ഓർക്കുന്നുണ്ടോ? ‘ഉവ്വ്‌, യേശു’ എന്നു നിങ്ങൾ പറഞ്ഞേക്കാം​—⁠യേശു വിലപിച്ചെന്നുള്ളതു ശരിയാണ്‌. (ലൂക്കൊസ്‌ 19:28, 41) എന്നാൽ യേശു ഭൂമിയിൽ വരുന്നതിനും നൂറ്റാണ്ടുകൾക്കു മുമ്പ്‌ മറ്റൊരു ദൈവദാസൻ സമാനമായി യെരൂശലേമിനെ ചൊല്ലി വിലപിക്കുകയുണ്ടായി. നെഹെമ്യാവ്‌ എന്നായിരുന്നു അവന്റെ പേര്‌.​—⁠നെഹെമ്യാവു 1:3, 4, പി.ഒ.സി. ബൈബിൾ.

യെരൂശലേമിനെ ചൊല്ലി വിലപിക്കത്തക്കവിധം നെഹെമ്യാവിനെ ദുഃഖിപ്പിച്ചത്‌ എന്തായിരുന്നു? ആ നഗരത്തിനും അതിലെ നിവാസികൾക്കും വേണ്ടി അവൻ എന്താണു ചെയ്‌തത്‌? അവന്റെ മാതൃകയിൽനിന്നു നമുക്ക്‌ എന്തു പഠിക്കാൻ കഴിയും? അതിന്‌ ഉത്തരം ലഭിക്കാൻ, അവന്റെ നാളുകളിൽ അരങ്ങേറിയ ചില സംഭവങ്ങൾ നമുക്കു പരിചിന്തിക്കാം.

ആർദ്ര വികാരങ്ങളുള്ള, കർമനിരതനായ ഒരു മനുഷ്യൻ

യെരൂശലേമിന്റെ ഗവർണർ ആയിരുന്നു നെഹെമ്യാവ്‌. എന്നാൽ ആ സ്ഥാനത്തേക്കു നിയമിക്കപ്പെടുന്നതിനു മുമ്പ്‌ അവൻ ശൂശൻ നഗരത്തിലെ പേർഷ്യൻ രാജധാനിയിൽ ഒരു ഉന്നത ഉദ്യോഗസ്ഥൻ ആയിരുന്നു. എന്നിരുന്നാലും, സുഖസൗകര്യങ്ങളോടു കൂടിയ ജീവിതം അകലെ യെരൂശലേമിൽ വസിക്കുന്ന തന്റെ യഹൂദ സഹോദരന്മാരുടെ ക്ഷേമത്തിലുള്ള അവന്റെ താത്‌പര്യത്തിനു തെല്ലും മങ്ങലേൽപ്പിച്ചില്ല. യെരൂശലേമിൽനിന്ന്‌ യഹൂദ പ്രതിനിധികളുടെ ഒരു സംഘം ശൂശനിൽ എത്തിയപ്പോൾ അവൻ ആദ്യം ചെയ്‌തത്‌, “അവരോടു പ്രവാസത്തിൽനിന്നു തെറ്റി ഒഴിഞ്ഞുപോയ യെഹൂദന്മാരെക്കുറിച്ചും യെരൂശലേമിനെ

ക്കുറിച്ചും ചോദി”ക്കുകയായിരുന്നു. (നെഹെമ്യാവു 1:2) യെരൂശലേമിലെ ആളുകൾ “മഹാകഷ്ടത്തി”ലായിരിക്കുന്നതായും നഗരത്തിന്റെ മതിൽ “ഇടിഞ്ഞു”പോയിരിക്കുന്നതായും സന്ദർശകർ അറിയിച്ചപ്പോൾ നെഹെമ്യാവ്‌ “ദിവസങ്ങളോളം വിലപിക്കുകയും ഉപവസിക്കുകയും ചെയ്‌തു” എന്ന്‌ ബൈബിൾ പറയുന്നു. അതിനുശേഷം യഹോവയോടുള്ള ഹൃദയംഗമമായ പ്രാർഥനയിൽ അവൻ തന്റെ മനോവ്യസനം പ്രകടിപ്പിച്ചു. (നെഹെമ്യാവു 1:3-11) നെഹെമ്യാവ്‌ അത്ര ദുഃഖിതനായിരുന്നത്‌ എന്തുകൊണ്ട്‌? കാരണം, യഹോവയുടെ സത്യാരാധനയുടെ ഭൗമിക കേന്ദ്രം ആയിരുന്നു യെരൂശലേം. ഇപ്പോഴോ അത്‌ അവഗണിക്കപ്പെട്ട അവസ്ഥയിൽ ആയിരിക്കുന്നു. (1 രാജാക്കന്മാർ 11:36) അതിലുപരി, നഗരത്തിന്റെ ദുരവസ്ഥ അതിലെ നിവാസികളുടെ മോശമായ ആത്മീയ അവസ്ഥയുടെ ഒരു പ്രതിഫലനം കൂടെ ആയിരുന്നു.—നെഹെമ്യാവു 1:6, 7.

യെരൂശലേമിനെ കുറിച്ചുള്ള നെഹെമ്യാവിന്റെ ഉത്‌കണ്‌ഠയും അവിടെ ജീവിക്കുന്ന യഹൂദരോടുള്ള സഹാനുഭൂതിയും അതിന്റെ പുനർനിർമാണത്തിനു തന്നെത്തന്നെ ഉഴിഞ്ഞുവെക്കാൻ അവനെ പ്രേരിപ്പിച്ചു. പേർഷ്യൻ രാജാവ്‌ നെഹെമ്യാവിന്‌ ഒഴിവ്‌ അനുവദിച്ച ഉടൻതന്നെ, അവൻ യെരൂശലേമിലേക്കുള്ള ദീർഘയാത്രയ്‌ക്കു വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ തുടങ്ങി. (നെഹെമ്യാവു 2:5, 6) തന്റെ ആരോഗ്യവും സമയവും കഴിവുകളുമെല്ലാം നഗരത്തിന്റെ പുനർനിർമാണത്തിനായി നീക്കിവെക്കാൻ അവൻ ആഗ്രഹിച്ചു. അവിടെ എത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ, യെരൂശലേമിന്റെ മുഴു മതിലും പുതുക്കിപ്പണിയാനുള്ള ഒരു പദ്ധതി അവൻ തയ്യാറാക്കി.​—⁠നെഹെമ്യാവു 2:11-18.

മതിലിന്റെ കേടുപാടുകൾ തീർക്കുക എന്ന ബൃഹത്തായ വേല അവൻ പല കുടുംബങ്ങൾക്കായി വീതിച്ചുകൊടുത്തു, എല്ലാവരും തോളോടുതോൾ ചേർന്നു പ്രവർത്തിച്ചു. * 40 വ്യത്യസ്‌ത സംഘങ്ങളെ നിയമിക്കുകയും അറ്റകുറ്റപ്പണി നടത്തുന്നതിനായി ഓരോരുത്തർക്കും ഓരോ “ഭാഗം” വീതിച്ചുകൊടുക്കുകയും ചെയ്‌തു. ഫലം എന്തായിരുന്നു? മാതാപിതാക്കളും അവരുടെ മക്കളും ഉൾപ്പെടെ നിരവധി പേർ തങ്ങളുടെ സമയവും ഊർജവും ചെലവഴിക്കാൻ തയ്യാറായി മുന്നോട്ടു വന്നിരുന്നതിനാൽ, ദുഷ്‌കരമെന്നു തോന്നിച്ച ആ വേല പൂർത്തീകരിക്കാൻ സാധിക്കുമെന്നായി. (നെഹെമ്യാവു 3:11, 12, 19, 20) കർമനിരതമായ രണ്ടു മാസങ്ങൾക്കൊണ്ട്‌ മുഴു മതിലിന്റെയും പണി പൂർത്തിയായി! അറ്റകുറ്റപ്പണിയെ എതിർത്തവർ പോലും അത്‌ “[ഇസ്രായേല്യരുടെ] ദൈവത്തിന്റെ സഹായത്താൽ സാദ്ധ്യമായി” എന്ന്‌ അംഗീകരിക്കാൻ നിർബന്ധിതരായെന്ന്‌ നെഹെമ്യാവ്‌ എഴുതി.​—⁠നെഹെമ്യാവു 6:15, 16.

ഓർമിക്കേണ്ട ഒരു മാതൃക

സത്യാരാധനയെ പിന്തുണയ്‌ക്കാൻ നെഹെമ്യാവ്‌ തന്റെ സമയവും സംഘാടക പ്രാപ്‌തികളും മാത്രമല്ല, തന്റെ ഭൗതിക സമ്പത്തും കൂടെ ചെലവഴിച്ചു. അടിമത്തത്തിലായിരുന്ന തന്റെ യഹൂദ സഹോദരന്മാരെ വീണ്ടെടുക്കാൻ അവൻ സ്വന്തം പണം ഉപയോഗിച്ചു. പലിശ ഈടാക്കാതെ അവൻ പണം കടം നൽകി. ഗവർണർ എന്ന നിലയിൽ അഹോവൃത്തിക്കുള്ള പണം ലഭിക്കാൻ അവകാശം ഉണ്ടായിരുന്നെങ്കിലും അതു നൽകണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ അവൻ ഒരിക്കലും തന്നെത്തന്നെ യഹൂദർക്ക്‌ ഒരു “ഭാര”മാക്കിയില്ല. മറിച്ച്‌, അവൻ തന്റെ ഭവനത്തിന്റെ കവാടം മറ്റുള്ളവർക്കായി തുറന്നിട്ടു, “ചുററുപാടുമുള്ള ജനതകളിൽനിന്ന്‌ ഞങ്ങളുടെ അടുക്കൽ വന്നിരുന്നവർക്കു പുറമേ, യഹൂദരും ഉദ്യോഗസ്ഥരുമായി നൂററമ്പതുപേർ എന്റെ ഭക്ഷണമേശയിൽ ഉണ്ടായിരുന്നു” (ഓശാന ബൈബിൾ) എന്ന്‌ നെഹെമ്യാവു പറയുന്നു. ഓരോ ദിവസവും അവൻ തന്റെ അതിഥികൾക്ക്‌ “ഒരു കാളയെയും വിശേഷമായ ആറു ആടിനെയും . . . പക്ഷികളെയും പാകം”ചെയ്‌തു നൽകുമായിരുന്നു. ഇതിനു പുറമേ, പത്തു ദിവസത്തിൽ ഒരിക്കൽ അവൻ അവർക്ക്‌ ‘ധാരാളം വീഞ്ഞും’ നൽകിയിരുന്നു​—⁠എല്ലാം സ്വന്തം ചെലവിൽ.​—⁠നെഹെമ്യാവു 5:8, 10, 14-18.

അന്നത്തെയും ഇന്നത്തെയും ദൈവദാസർക്ക്‌ ഉദാരമനസ്‌കതയുടെ എത്ര നല്ല മാതൃകയാണ്‌ നെഹെമ്യാവ്‌ കാഴ്‌ചവെച്ചത്‌! സത്യാരാധനയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരെ പിന്തുണയ്‌ക്കാൻ ദൈവത്തിന്റെ ഈ ധീര ദാസൻ തന്റെ ഭൗതിക സമ്പത്ത്‌ യാതൊരു മടിയും കൂടാതെ സ്വമനസ്സാലെ ചെലവഴിച്ചു. ഉചിതമായി യഹോവയോട്‌ അവന്‌ ഇങ്ങനെ അപേക്ഷിക്കാൻ സാധിച്ചു: “എന്റെ ദൈവമേ, ഞാൻ ഈ ജനത്തിന്നു വേണ്ടി ചെയ്‌തതൊക്കെയും എനിക്കു നന്മെക്കായിട്ടു ഓർക്കേണമേ.” (നെഹെമ്യാവു 5:19) തീർച്ചയായും യഹോവ അതു ചെയ്യും.​—⁠എബ്രായർ 6:⁠10.

നെഹെമ്യാവിന്റെ മാതൃക ഇന്ന്‌ അനുകരിക്കപ്പെടുന്നു

ഇന്ന്‌ യഹോവയുടെ ജനം സത്യാരാധനയോടു ബന്ധപ്പെട്ട്‌ സമാനമായ വിധത്തിൽ ആർദ്രവികാരങ്ങളും ആത്മത്യാഗ മനോഭാവവും പ്രവർത്തിക്കാനുള്ള മനസ്സൊരുക്കവും പ്രകടമാക്കുന്നതു കാണുന്നത്‌ എത്ര സന്തോഷകരമാണ്‌! സഹവിശ്വാസികൾ ദുരിതമനുഭവിക്കുന്നതായി കേൾക്കുമ്പോൾ അവരുടെ ക്ഷേമത്തിൽ നാം ആഴമായ താത്‌പര്യം പ്രകടമാക്കുന്നു. (റോമർ 12:15) നമ്മുടെ വിശ്വാസം പങ്കിടുന്ന ആ സഹോദരങ്ങൾക്കായി നെഹെമ്യാവിനെ പോലെ നാം യഹോവയോട്‌ ഇങ്ങനെ പ്രാർഥിക്കുന്നു: “കർത്താവേ, നിന്റെ ചെവി അടിയന്റെ പ്രാർത്ഥനെക്കും നിന്റെ നാമത്തെ ഭയപ്പെടുവാൻ താല്‌പര്യപ്പെടുന്ന നിന്റെ ദാസന്മാരുടെ പ്രാർത്ഥനെക്കും ശ്രദ്ധയുള്ളതായിരിക്കേണമേ.”​—⁠നെഹെമ്യാവു 1:11; കൊലൊസ്സ്യർ 4:⁠2.

എന്നാൽ ക്രിസ്‌തീയ സഹോദരങ്ങളുടെ ആത്മീയവും ഭൗതികവുമായ ക്ഷേമത്തിലും സത്യാരാധനയുടെ ഉന്നമനത്തിലും ഉള്ള നമ്മുടെ താത്‌പര്യം നമ്മുടെ ചിന്തകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. അത്‌ നമ്മെ പ്രവർത്തനത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്നു. സാഹചര്യങ്ങൾ അനുവദിക്കുന്നപക്ഷം, നെഹെമ്യാവിനെ പോലെ തങ്ങളുടെ ഭവനത്തിലെ സുഖങ്ങൾ വെടിഞ്ഞ്‌ സഹായം ആവശ്യമുള്ളവരെ പിന്തുണയ്‌ക്കാനായി മറ്റ്‌ ഇടങ്ങളിലേക്കു താമസം മാറാൻ സ്‌നേഹം ക്രിസ്‌ത്യാനികളെ പ്രചോദിപ്പിക്കുന്നു. ലോകത്തിന്റെ ചില ഭാഗങ്ങളിൽ ജീവിത സൗകര്യങ്ങൾ കുറവാണെങ്കിലും അവിടെ തങ്ങളുടെ ക്രിസ്‌തീയ സഹോദരങ്ങളുമായി ഐക്യത്തിൽ പ്രവർത്തിച്ചുകൊണ്ട്‌ സത്യാരാധനയെ ഉന്നമിപ്പിക്കുന്നതിൽനിന്ന്‌ അതൊന്നും ഈ സ്വമേധയാ സേവകരെ പിന്തിരിപ്പിക്കുന്നില്ല. അവർ പ്രകടമാക്കുന്ന ആത്മത്യാഗ മനോഭാവം തീർച്ചയായും അഭിനന്ദനാർഹമാണ്‌.

സ്വന്തം പ്രദേശത്ത്‌ നമ്മുടെ പങ്കു നിർവഹിക്കൽ

നമ്മിൽ മിക്കവർക്കും മറ്റൊരു സ്ഥലത്തേക്കു താമസം മാറാൻ കഴിയില്ലെന്നുള്ളതു ശരിയാണ്‌. അതുകൊണ്ട്‌ സ്വന്തം സമൂഹത്തിൽ നാം സത്യാരാധനയെ പിന്തുണയ്‌ക്കുന്നു. അതിനുള്ള ദൃഷ്ടാന്തവും നെഹെമ്യാവിന്റെ പുസ്‌തകത്തിൽ കാണാൻ കഴിയും. പുതുക്കിപ്പണിയൽ വേലയിൽ പങ്കുപറ്റിയ ചില വിശ്വസ്‌ത കുടുംബങ്ങളെ കുറിച്ച്‌ നെഹെമ്യാവ്‌ നൽകുന്ന ചില വിശദാംശങ്ങൾ കാണുക. അവൻ ഇങ്ങനെ എഴുതി: “ഹരൂമഫിന്റെ മകൻ യെദായാവു തന്റെ വീട്ടിന്നു നേരെയുള്ള ഭാഗം അററകുററം തീർത്തു . . . ബെന്യാമീനും ഹശ്ശൂബും തങ്ങളുടെ വീട്ടിന്നു നേരെ അററകുററം തീർത്തു. . . . അതിന്റെ ശേഷം അനന്യാവിന്റെ മകനായ മയസേയാവിന്റെ മകൻ അസര്യാവു തന്റെ വീട്ടിന്നരികെ അററകുററം തീർത്തു.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ) (നെഹെമ്യാവു 3:10, 23, 28-30) ആ പുരുഷന്മാരും അവരുടെ കുടുംബാംഗങ്ങളും തങ്ങളുടെ വീടിനരികെയുള്ള അറ്റകുറ്റപ്പണിയിൽ പങ്കുപറ്റിക്കൊണ്ട്‌ സത്യാരാധനയെ ഉന്നമിപ്പിക്കുന്നതിൽ വളരെയധികം സംഭാവന ചെയ്‌തു.

ഇന്ന്‌, നമ്മിൽ പലരും സ്വന്തം സമൂഹത്തിൽ വിവിധ വിധങ്ങളിൽ സത്യാരാധനയെ പിന്തുണയ്‌ക്കുന്നു. രാജ്യഹാൾ നിർമാണ പദ്ധതികളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഏറ്റവും പ്രധാനമായി രാജ്യപ്രസംഗ വേലയിലും നാം പങ്കുപറ്റുന്നു. അതിനു പുറമേ, നിർമാണ വേലയിലോ ദുരിതാശ്വാസ വേലയിലോ വ്യക്തിപരമായി പങ്കുപറ്റാൻ നമുക്കു കഴിഞ്ഞാലും ഇല്ലെങ്കിലും, നെഹെമ്യാവ്‌ തന്റെ നാളിൽ ഉദാരമായി ചെയ്‌തതുപോലെ, നമ്മുടെ ഭൗതിക സമ്പത്ത്‌ ഉപയോഗിച്ച്‌ സത്യാരാധനയെ പിന്തുണയ്‌ക്കാനുള്ള ഹൃദയംഗമമായ ആഗ്രഹം നമുക്ക്‌ ഏവർക്കും ഉണ്ട്‌.​—⁠“സ്വമേധയാ സംഭാവനകളുടെ സവിശേഷതകൾ” എന്ന ചതുരം കാണുക.

വർധിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ അച്ചടി പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ വേലയ്‌ക്കും ഗോളവ്യാപകമായി നിർവഹിക്കപ്പെടുന്ന മറ്റു നിരവധി സേവനങ്ങൾക്കും ആവശ്യമായ പണം കണ്ടെത്തുന്നത്‌ അസാധ്യമായിരിക്കുന്നതു പോലെ ചിലപ്പോൾ തോന്നിയേക്കാം. യെരൂശലേമിന്റെ കൂറ്റൻ മതിൽ പുതുക്കിപ്പണിയുന്ന ദൗത്യവും അങ്ങനെതന്നെ കാണപ്പെട്ടെന്ന്‌ ഓർക്കുക. (നെഹെമ്യാവു 4:10) എന്നാൽ, മനസ്സൊരുക്കമുള്ള നിരവധി കുടുംബങ്ങൾക്ക്‌ ആ വേല വീതിച്ചുകൊടുത്തതിനാൽ, അത്‌ പൂർത്തിയാക്കപ്പെട്ടു. സമാനമായി ഇന്ന്‌, നമ്മിൽ ഓരോരുത്തരും വേലയുടെ നിർവഹണത്തിൽ നമ്മുടേതായ പങ്കുവഹിക്കുന്നതിൽ തുടരുന്നെങ്കിൽ നമ്മുടെ ലോകവ്യാപക പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ആവശ്യമായ വിഭവങ്ങൾ കണ്ടെത്തുക എല്ലായ്‌പോഴും സാധ്യമായിരിക്കും.

“ചിലർ കൊടുക്കാൻ തിരഞ്ഞെടുക്കുന്ന വിധങ്ങൾ” എന്ന ചതുരം, രാജ്യവേലയെ സാമ്പത്തികമായി പിന്തുണയ്‌ക്കാൻ കഴിയുന്ന വിവിധ മാർഗങ്ങൾ ഏതൊക്കെയാണെന്നു കാണിച്ചുതരുന്നു. കഴിഞ്ഞ വർഷം, ദൈവജനത്തിൽ പലരും അത്തരം പിന്തുണ നൽകിയിട്ടുണ്ട്‌. സ്വമേധയാ സംഭാവന നൽകുന്നതിൽ പങ്കുചേരാൻ തക്കവിധം ഹൃദയം പ്രചോദിപ്പിച്ച സകലരോടും ആഴമായ കൃതജ്ഞത രേഖപ്പെടുത്താൻ യഹോവയുടെ സാക്ഷികളുടെ ഭരണസംഘം ഈ അവസരം ഉപയോഗിക്കുന്നു. സർവോപരി, ലോകത്തുടനീളം സത്യാരാധന ഉന്നമിപ്പിക്കുന്നതിനായി തന്റെ ജനം പൂർണഹൃദയത്തോടെ ചെയ്‌തിരിക്കുന്ന ശ്രമങ്ങളുടെ മേൽ സമൃദ്ധമായ അനുഗ്രഹം ചൊരിഞ്ഞതിന്‌ നാം യഹോവയ്‌ക്കു നന്ദി നൽകുന്നു. അതേ, വർഷങ്ങളിലുടനീളം യഹോവയുടെ കരങ്ങൾ നമ്മെ വഴിനടത്തിയതിനെ കുറിച്ചു ചിന്തിക്കുമ്പോൾ നാം നെഹെമ്യാവിന്റെ വാക്കുകൾ പ്രതിധ്വനിപ്പിക്കാൻ പ്രേരിതരാകുന്നു, കൃതജ്ഞതയോടെ അവൻ പറഞ്ഞു: ‘എന്റെ ദൈവത്തിന്റെ കരം എനിക്കു സഹായത്തിനുണ്ടായിരുന്നു.’​—⁠നെഹെമ്യാവു 2:​18, പി.ഒ.സി. ബൈ.

[അടിക്കുറിപ്പ്‌]

^ ഖ. 8 ചില പ്രമുഖ യഹൂദർ, “ശ്രേഷ്‌ഠന്മാർ,” ഈ വേലയിൽ പങ്കെടുക്കാൻ വിസമ്മതിച്ചു എന്ന്‌ നെഹെമ്യാവു 3:5 പറയുന്നു. എന്നാൽ അവർ ഒഴികെ ബാക്കി എല്ലാവരും​—⁠പുരോഹിതന്മാർ, തട്ടാന്മാർ, തൈലക്കാർ, പ്രഭുക്കന്മാർ, കച്ചവടക്കാർ എന്നിങ്ങനെ വിവിധ പശ്ചാത്തലങ്ങളിൽനിന്നുള്ളവർ​—⁠ഈ പദ്ധതിയെ പിന്തുണച്ചു.​—⁠1, 8, 9, 32 വാക്യങ്ങൾ.

[28, 29 പേജുകളിലെ ചതുരം/ചിത്രങ്ങൾ]

ചിലർ കൊടുക്കാൻ തിരഞ്ഞെടുക്കുന്ന വിധങ്ങൾ

ലോകവ്യാപക വേലയ്‌ക്കുള്ള സംഭാവനകൾ

“ലോകവ്യാപക വേലയ്‌ക്കുള്ള സംഭാവനകൾ—മത്തായി 24:14” എന്ന ലേബലുള്ള സംഭാവനപ്പെട്ടികളിൽ ഇടുന്നതിന്‌ അനേകർ ഒരു തുക നീക്കിവെക്കുകയോ ബജറ്റിൽ ഉൾപ്പെടുത്തുകയോ ചെയ്യുന്നു.

ഓരോ മാസവും സഭകൾ ഈ തുക ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തേക്കോ പ്രാദേശിക ബ്രാഞ്ച്‌ ഓഫീസിലേക്കോ അയയ്‌ക്കുന്നു. സ്വമേധയാ സംഭാവനകൾ The Watch Tower Bible and Tract Society of India, G-37, South Avenue, Santacruz, Mumbai 400 054 എന്ന വിലാസത്തിലോ നിങ്ങളുടെ രാജ്യത്ത്‌ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന്റെ ചുമതല വഹിക്കുന്ന ബ്രാഞ്ച്‌ ഓഫീസിലേക്കോ അയയ്‌ക്കാവുന്നതാണ്‌. കൂടാതെ, ആഭരണങ്ങളും വിലയേറിയ മറ്റു വസ്‌തുക്കളും സംഭാവനയായി നൽകാവുന്നതാണ്‌. ഈ സംഭാവനകളോടൊപ്പം അവ ഒരു നിരുപാധിക ദാനമാണെന്നു വ്യക്തമായി പ്രസ്‌താവിക്കുന്ന ഹ്രസ്വമായ ഒരു കത്തും ഉണ്ടായിരിക്കണം.

ആസൂത്രിത കൊടുക്കൽ

നിരുപാധിക ദാനമായും സോപാധിക സംഭാവനയായും പണം നൽകുന്നതിനു പുറമേ, ലോകവ്യാപക രാജ്യസേവനത്തിന്റെ പ്രയോജനത്തിനായി വേറെയും കൊടുക്കൽ രീതികൾ ഉണ്ട്‌. പിൻവരുന്നവ അതിൽപ്പെടുന്നു:

ഇൻഷ്വറൻസ്‌: ലൈഫ്‌ ഇൻഷ്വറൻസ്‌ പോളിസിയുടെയോ റിട്ടയർമെന്റ്‌/പെൻഷൻ പദ്ധതിയുടെയോ ഗുണഭോക്താവായി ജഹോവാസ്‌ വിറ്റ്‌നസസ്‌ ഓഫ്‌ ഇൻഡ്യ ട്രസ്റ്റിന്റെ പേര്‌ വെക്കാവുന്നതാണ്‌.

ബാങ്ക്‌ അക്കൗണ്ടുകൾ: പ്രാദേശിക ബാങ്ക്‌ വ്യവസ്ഥകൾക്കു ചേർച്ചയിൽ, ബാങ്ക്‌ അക്കൗണ്ടുകൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ, അല്ലെങ്കിൽ വ്യക്തിപരമായ പെൻഷൻ അക്കൗണ്ടുകൾ എന്നിവ ജഹോവാസ്‌ വിറ്റ്‌നസസ്‌ ഓഫ്‌ ഇൻഡ്യ ട്രസ്റ്റിൽ ട്രസ്റ്റ്‌ ആയി അല്ലെങ്കിൽ മരണത്തിങ്കൽ ട്രസ്റ്റിനു ലഭിക്കാവുന്നത്‌ ആയി ഏൽപ്പിക്കാവുന്നതാണ്‌.

സ്റ്റോക്കുകളും ബോണ്ടുകളും: സ്റ്റോക്കുകളും ബോണ്ടുകളും ജഹോവാസ്‌ വിറ്റ്‌നസസ്‌ ഓഫ്‌ ഇൻഡ്യ ട്രസ്റ്റിനു നിരുപാധിക ദാനമായി നൽകാവുന്നതാണ്‌.

സ്ഥാവര വസ്‌തുക്കൾ: വിൽക്കാവുന്ന സ്ഥാവര വസ്‌തുക്കൾ ഒരു നിരുപാധിക ദാനമായിട്ടോ മരണംവരെ അവിടെ താമസിക്കാൻ കഴിയത്തക്കവിധം ദാതാവിന്‌ ആയുഷ്‌കാല അവകാശം നിലനിറുത്തിക്കൊണ്ടോ ജഹോവാസ്‌ വിറ്റ്‌നസസ്‌ ഓഫ്‌ ഇൻഡ്യ ട്രസ്റ്റിനു ദാനം ചെയ്യാവുന്നതാണ്‌. ഏതെങ്കിലും സ്ഥാവര വസ്‌തു ആധാരം ചെയ്യുന്നതിനു മുമ്പ്‌ നിങ്ങളുടെ രാജ്യത്തെ ബ്രാഞ്ച്‌ ഓഫീസുമായി ബന്ധപ്പെടുക.

വിൽപ്പത്രങ്ങളും ട്രസ്റ്റുകളും: നിയമപരമായി തയ്യാറാക്കിയ വിൽപ്പത്രം മുഖാന്തരം വസ്‌തുവകകളോ പണമോ ജഹോവാസ്‌ വിറ്റ്‌നസസ്‌ ഓഫ്‌ ഇൻഡ്യ ട്രസ്റ്റിന്‌ അവകാശമായി നൽകാവുന്നതാണ്‌. അല്ലെങ്കിൽ, ഒരു ട്രസ്റ്റ്‌ ക്രമീകരണത്തിന്റെ ഗുണഭോക്താവായി ജഹോവാസ്‌ വിറ്റ്‌നസസ്‌ ഓഫ്‌ ഇൻഡ്യ ട്രസ്റ്റിന്റെ പേര്‌ വെക്കാവുന്നതാണ്‌.

അങ്ങനെ ചെയ്യാൻ താത്‌പര്യപ്പെടുന്നെങ്കിൽ 1925-ലെ ഇന്ത്യൻ പിന്തുടർച്ചാവകാശനിയമത്തിന്റെ 118-ാം വകുപ്പിലെ പിൻവരുന്ന ഭാഗം ദയവായി ശ്രദ്ധിക്കുക: ‘മരുമകനോ മരുമകളോ അടുത്ത ബന്ധുക്കളോ ഉള്ള ഏതൊരാൾക്കും യാതൊരുവിധ സ്വത്തും മതപരമോ ജീവകാരുണ്യപരമോ ആയ ഉപയോഗത്തിന്‌ ഔസ്യത്തായി നൽകാൻ അധികാരമില്ലെങ്കിലും, ഇതിന്‌ ഒരു അപവാദമെന്ന നിലയിൽ അങ്ങനെ നൽകാൻ പ്രസ്‌തുത വ്യക്തി ആഗ്രഹിക്കുന്നപക്ഷം, തന്റെ മരണത്തിനു കുറഞ്ഞത്‌ 12 മാസം മുമ്പെങ്കിലും തയ്യാറാക്കിയ ഒരു വിൽപ്പത്രം മുഖേന ആ വ്യക്തിക്ക്‌ അപ്രകാരം ചെയ്യാവുന്നതാണ്‌; ഇങ്ങനെ തയ്യാറാക്കിയ ഒരു വിൽപ്പത്രം ആറു മാസത്തിനുള്ളിൽ, ജീവിച്ചിരിക്കുന്നവരുടെ വിൽപ്പത്രങ്ങൾ ഭദ്രമായി സൂക്ഷിക്കാൻ നിയമം അനുശാസിക്കുന്ന ഒരു സ്ഥലത്ത്‌ നിക്ഷേപിക്കേണ്ടതുമാണ്‌.’

നിങ്ങളുടെ വിൽപ്പത്രത്തിൽ ഗുണഭോക്താവായി ജഹോവാസ്‌ വിറ്റ്‌നസസ്‌ ഓഫ്‌ ഇൻഡ്യ ട്രസ്റ്റിന്റെ പേര്‌ വെക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, സൊസൈറ്റിയുടെ പൂർണമായ പേരും മേൽവിലാസവും ദയവായി ശ്രദ്ധിക്കുക:

Jehovah’s Witnesses of India

927/1, Addevishwanathapura,

Rajanukunte, Bangalore 561 203,

Karnataka.

സ്വമേധയാ സംഭാവനകളുടെ സവിശേഷതകൾ

കൊരിന്ത്യർക്കുള്ള തന്റെ ലേഖനങ്ങളിൽ, സ്വമേധയാ സംഭാവനകളുടെ മൂന്ന്‌ ശ്രദ്ധേയമായ സവിശേഷതകളെ കുറിച്ച്‌ പൗലൊസ്‌ അപ്പൊസ്‌തലൻ പരാമർശിക്കുകയുണ്ടായി. ഒരു ധനശേഖരണത്തെ കുറിച്ച്‌ എഴുതവേ, പൗലൊസ്‌ ഈ നിർദേശം നൽകി: “നിങ്ങൾ ഓരോരുത്തരും കഴിവനുസരിച്ചുള്ള തുക ആഴ്‌ചയിലെ ആദ്യദിവസം അവനവന്റെ വീട്ടിൽ നീക്കിവെക്കണം.” (1 കൊരിന്ത്യർ 16:2ബി, NW) (1) അതുകൊണ്ട്‌, സംഭാവനകൾ നൽകാൻ മുൻകൂട്ടി ആസൂത്രണം ചെയ്യേണ്ടതുണ്ട്‌, അത്‌ ക്രമമായിരിക്കുകയും വേണം. ഓരോ വ്യക്തിയും “കഴിവനുസരിച്ചുള്ള തുക” നൽകേണ്ടതുണ്ടെന്നും പൗലൊസ്‌ പറഞ്ഞു എന്നതു ശ്രദ്ധിക്കുക. (2) മറ്റു വിധത്തിൽ പറഞ്ഞാൽ സ്വമേധയാ സംഭാവന നൽകുന്നതിൽ പങ്കുചേരാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക്‌ തന്റെ വരുമാനത്തിന്‌ ആനുപാതികമായി അതു നൽകാൻ കഴിയും. ഒരു ക്രിസ്‌ത്യാനിക്ക്‌ തുച്ഛമായ വരുമാനമേ ഉള്ളൂവെങ്കിൽ പോലും അതിൽനിന്ന്‌ അയാൾ നൽകുന്ന ചെറിയ സംഭാവനയും യഹോവയുടെ ദൃഷ്ടിയിൽ മൂല്യമുള്ളതാണ്‌. (ലൂക്കൊസ്‌ 21:1-4) പൗലൊസ്‌ കൂടുതലായി ഇങ്ങനെ എഴുതി: “അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു.” (2 കൊരിന്ത്യർ 9:7) (3) അതേ, ആത്മാർഥഹൃദയരായ ക്രിസ്‌ത്യാനികൾ ഹൃദയപൂർവം നൽകുന്നു​—⁠സന്തോഷത്തോടു കൂടെ.

[26-ാം പേജിലെ ചിത്രങ്ങൾ]

നെഹെമ്യാവ്‌ ആർദ്ര വികാരങ്ങളുള്ള, കർമനിരതനായ ഒരു വ്യക്തി ആയിരുന്നു

[30-ാം പേജിലെ ചിത്രങ്ങൾ]

സ്വമേധയാ സംഭാവനകൾ അച്ചടിവേലയെയും ദുരിതാശ്വാസ പ്രവർത്തനങ്ങളെയും രാജ്യഹാൾ നിർമാണ വേലയെയും ഗോളവ്യാപകമായി നടക്കുന്ന പ്രയോജനകരമായ മറ്റു സേവനങ്ങളെയും പിന്തുണയ്‌ക്കുന്നു