“ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ”
“എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും”
“ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ”
“ഞങ്ങൾ പറയുന്നതു ശ്രദ്ധിക്കാനും ബൈബിളിൽനിന്നുള്ള ആശയങ്ങൾ പങ്കുവെച്ചുകൊണ്ട് ഞങ്ങളെ പ്രോത്സാഹിപ്പിക്കാനും നിങ്ങൾ സദാ സന്നദ്ധരാണ്.”—പാമില.
“ഞങ്ങൾക്കുവേണ്ടി നിങ്ങൾ ചെയ്യുന്ന എല്ലാറ്റിനും നന്ദി. അതു വളരെ പ്രയോജനകരമാണ്.”—റോബർട്ട്.
പാമിലയും റോബർട്ടും തങ്ങളുടെ സഭകളിലെ ക്രിസ്‌തീയ മൂപ്പന്മാരെ മേൽപ്പറഞ്ഞ വിലമതിപ്പിൻ വാക്കുകൾ എഴുതി അറിയിക്കാൻ പ്രേരിതരായി. ‘ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുന്ന’വരിൽനിന്നു തുടർച്ചയായി ലഭിക്കുന്ന സഹായവും ശ്രദ്ധയും നിമിത്തം ലോകമെമ്പാടുമുള്ള മറ്റു ദൈവദാസന്മാരും അവരോടു നന്ദിയുള്ളവരാണ്. (1 പത്രൊസ് 5:2) തങ്ങളുടെ പ്രയോജനത്തിനായി മൂപ്പന്മാർ ചെയ്യുന്ന നിരവധി കാര്യങ്ങളെയും അവർ അതു ചെയ്യുന്ന വിധത്തെയും പ്രതി യഹോവയുടെ ജനം അവരോടു കൃതജ്ഞരാണ്.
‘ധാരാളം ചെയ്യാനുണ്ട്’
ക്രിസ്‌തീയ മൂപ്പന്മാരെ നിരവധി ഉത്തരവാദിത്വങ്ങൾ ഭരമേൽപ്പിച്ചിട്ടുണ്ട്. (ലൂക്കൊസ് 12:48) അവർ സഭാ യോഗങ്ങൾക്കുള്ള പ്രസംഗങ്ങൾ തയ്യാറാകുകയും ദൈവരാജ്യത്തിന്റെ സുവാർത്ത പരസ്യമായി പ്രസംഗിക്കുന്നതിൽ പങ്കെടുക്കുകയും ചെയ്യുന്നു. സഹവിശ്വാസികൾക്ക് ഇടയസന്ദർശനം നടത്തുന്നത് അവരുടെ കർത്തവ്യത്തിന്റെ ഭാഗമാണ്. പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവർക്കായി—പ്രായമായവരും സഹായം ആവശ്യമുള്ള മറ്റുള്ളവരും—മൂപ്പന്മാർ സമയം ചെലവിടുന്നു. സ്വന്തം കുടുംബത്തിന്റെ ആത്മീയവും ഭൗതികവുമായ ക്ഷേമം അവഗണിക്കാതെയാണ് അവർ ഇതെല്ലാം ചെയ്യുന്നത്. (ഇയ്യോബ് 29:12-15; 1 തിമൊഥെയൊസ് 3:4, 5; 5:8) ചില മൂപ്പന്മാർ രാജ്യഹാളുകളുടെ നിർമാണത്തിൽ സഹായിക്കുന്നു. ചിലർ ആശുപത്രി ഏകോപന സമിതികളിൽ സേവിക്കുന്നു, അല്ലെങ്കിൽ രോഗീസന്ദർശന കൂട്ടങ്ങളിലെ അംഗങ്ങളാണ്. അവരിൽ അനേകർ സമ്മേളനങ്ങളിലും കൺവെൻഷനുകളിലും സ്വമേധയാ സേവകരായി പ്രവർത്തിക്കുന്നു. അതേ, മൂപ്പന്മാർക്ക് ‘കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനുണ്ട്.’ (1 കൊരിന്ത്യർ 15:58, NW) കഠിനാധ്വാനികളായ അത്തരം മൂപ്പന്മാരെ അവരുടെ സംരക്ഷണയിൻ കീഴിൽ ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നവർ ആഴമായി വിലമതിക്കുന്നതിൽ അതിശയിക്കാനില്ല.—1 തെസ്സലൊനീക്യർ 5:12, 13.
സഹ ക്രിസ്‌ത്യാനികളെ ആത്മീയമായി ബലിഷ്‌ഠരാക്കാൻ അവരുടെ വീട്ടിലോ മറ്റേതെങ്കിലും സ്ഥലത്തോ അവരെ ക്രമമായി സന്ദർശിക്കുന്ന മൂപ്പന്മാർ പ്രോത്സാഹനത്തിന്റെ ഉറവാണ്. വീട്ടിൽ ഒരു അച്ഛനില്ലാതെ വളർന്നുവന്ന തോമസ് പറയുന്നു: “മൂപ്പന്മാരുടെ സ്‌നേഹനിർഭരമായ പിന്തുണയും പ്രോത്സാഹനവും ലഭിച്ചില്ലായിരുന്നെങ്കിൽ, ഇന്ന് ഒരു മുഴുസമയ ശുശ്രൂഷകനെന്ന നിലയിൽ യഹോവയെ സേവിക്കാൻ എനിക്കു കഴിയുമായിരുന്നില്ല.” മൂപ്പന്മാരിൽനിന്നു തങ്ങൾക്കു ലഭിച്ച ശ്രദ്ധ ദൈവവുമായി വ്യക്തിഗത ബന്ധം വളർത്തിയെടുക്കാൻ തങ്ങളെ സഹായിച്ചതായി മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളിലെ അനേകം യുവജനങ്ങൾ സമ്മതിക്കുന്നു.
സഭയിലെ പ്രായമായവരും ഇടയസന്ദർശനങ്ങളെ വളരെയേറെ വിലമതിക്കുന്നു. 80-കളുടെ മധ്യത്തിലായിരിക്കുന്ന ഒരു മിഷനറി ദമ്പതികളെ രണ്ടു മൂപ്പന്മാർ സന്ദർശിക്കുകയുണ്ടായി. അതേത്തുടർന്ന് ആ ദമ്പതികൾ ഇപ്രകാരം എഴുതി: “നിങ്ങളുടെ സന്ദർശനത്തോടുള്ള ഞങ്ങളുടെ വിലമതിപ്പ്
അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ ഞങ്ങളുമായി ചർച്ച ചെയ്‌ത തിരുവെഴുത്തുകൾ നിങ്ങൾ പോയശേഷം ഞങ്ങൾ വീണ്ടും വായിച്ചു. നിങ്ങളുടെ പ്രോത്സാഹന വാക്കുകൾ ഞങ്ങൾ ഒരിക്കലും മറക്കില്ല.” 70 വയസ്സുള്ള ഒരു വിധവ മൂപ്പന്മാർക്ക് എഴുതി: “സഹായത്തിനായി ഞാൻ യഹോവയോടു പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു, അപ്പോഴതാ അവൻ രണ്ടു സഹോദരന്മാരെ എന്റെ വീട്ടിലേക്ക് അയച്ചു. നിങ്ങളുടെ സന്ദർശനം യഹോവയിൽനിന്നുള്ള ഒരു അനുഗ്രഹമായിരുന്നു!” സഭാ മൂപ്പന്മാരുടെ സന്ദർശനത്തിൽനിന്ന് നിങ്ങൾ ഈയിടെ പ്രയോജനം അനുഭവിച്ചോ? തങ്ങളുടെ സംരക്ഷണയിലുള്ള ആട്ടിൻകൂട്ടത്തെ മേയിക്കുന്നതിന് മൂപ്പന്മാർ ചെയ്യുന്ന ശ്രമങ്ങളെ നാമേവരും തീർച്ചയായും വിലമതിക്കുന്നു!ദൈവത്തെയും ക്രിസ്‌തുവിനെയും അനുകരിക്കുന്ന ഇടയന്മാർ
യഹോവ സ്‌നേഹവാനായ ഒരു ഇടയനാണ്. (സങ്കീർത്തനം 23:1-4; യിരെമ്യാവു 31:10; 1 പത്രൊസ് 2:25) യേശുക്രിസ്‌തുവും മികച്ച ഒരു ആത്മീയ ഇടയനാണ്. യഥാർഥത്തിൽ അവനെ, “നല്ല ഇടയൻ,” ‘വലിയ ഇടയൻ,’ “ഇടയശ്രേഷ്‌ഠൻ” എന്നെല്ലാം വിളിച്ചിരിക്കുന്നു. (യോഹന്നാൻ 10:11; എബ്രായർ 13:20; 1 പത്രൊസ് 5:4) തന്റെ ശിഷ്യരായിത്തീരാൻ ആഗ്രഹിച്ചവരോട് അവൻ എങ്ങനെയാണ് ഇടപെട്ടത്? അവൻ അവർക്ക് ഹൃദ്യമായ ഈ ക്ഷണം നൽകി: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും [“ഞാൻ നിങ്ങൾക്കു നവോന്മേഷം പ്രദാനം ചെയ്യും, NW].”—മത്തായി 11:28.
സമാനമായി, ആട്ടിൻകൂട്ടത്തിന് നവോന്മേഷത്തിന്റെയും സംരക്ഷണത്തിന്റെയും ഉറവായിരിക്കാൻ ഇന്നത്തെ മൂപ്പന്മാർ ശ്രമിക്കുന്നു. അത്തരം പുരുഷന്മാർ, “കാററിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയും” ആണ്. (യെശയ്യാവു 32:2) സംരക്ഷണമേകുന്ന ദയയുള്ള അത്തരം പുരുഷന്മാർ നവോന്മേഷം പകരുന്നു, അവർക്ക് ആട്ടിൻകൂട്ടത്തിന്റെ ആദരവും ദൈവത്തിന്റെ അംഗീകാരവും ലഭിക്കുന്നു.—ഫിലിപ്പിയർ 2:29; 1 തിമൊഥെയൊസ് 5:17.
അവരുടെ ഭാര്യമാരുടെ വിലയേറിയ പിന്തുണ
ക്രിസ്‌തീയ മൂപ്പന്മാരോടും അവർക്ക് അവരുടെ ഭാര്യമാരിൽനിന്നു ലഭിക്കുന്ന സ്‌നേഹനിർഭരമായ പിന്തുണയോടും ദൈവജനം നന്ദിയുള്ളവരാണ്. ഭർത്താക്കന്മാരെ പിന്തുണയ്‌ക്കാനായി മിക്കപ്പോഴും അവർക്ക് ത്യാഗങ്ങൾ ചെയ്യേണ്ടിവരുന്നു. ഭർത്താക്കന്മാർ സഭാപരമായ കാര്യങ്ങൾ നിർവഹിക്കുകയോ ഇടയസന്ദർശനങ്ങൾ നടത്തുകയോ ചെയ്യുന്ന പല സന്ദർഭങ്ങളിലും അവർ വീട്ടിലായിരിക്കും. ചിലപ്പോൾ, വളരെ പണിപ്പെട്ട് മുൻകൂട്ടി ആസൂത്രണം ചെയ്‌തിരുന്ന വ്യക്തിപരമായ കാര്യങ്ങൾ സഭയിലെ അടിയന്തിര ശ്രദ്ധ ആവശ്യമുള്ള പ്രശ്‌നം നിമിത്തം മാറ്റിവെക്കേണ്ടി വരുന്നു. “എങ്കിൽപ്പോലും, യോഗങ്ങൾക്കായി തയ്യാറാകുകയോ ഇടയസന്ദർശനങ്ങൾ നടത്തുകയോ ചെയ്‌തുകൊണ്ട് ഭർത്താവ് തിരക്കിലായിരിക്കുന്നതു കാണുമ്പോൾ അദ്ദേഹം യഹോവയുടെ വേലയാണു ചെയ്യുന്നത് എന്ന വസ്‌തുത ഞാൻ മനസ്സിൽ പിടിക്കുന്നു, കഴിയുന്നത്ര അദ്ദേഹത്തെ പിന്തുണയ്‌ക്കാൻ ഞാൻ ശ്രമിക്കുന്നു” എന്ന് മിഷൽ പറയുന്നു.
മറ്റൊരു മൂപ്പന്റെ ഭാര്യയായ ഷെറിൽ ഇങ്ങനെ പറഞ്ഞു: “സഭയിലെ സഹോദരീസഹോദരന്മാർക്ക് മൂപ്പന്മാരുമായി സംസാരിക്കേണ്ടതുണ്ടെന്ന് എനിക്കറിയാം. ആവശ്യം വരുന്ന ഏതു സമയത്തും എന്റെ ഭർത്താവിനെ സമീപിക്കാമെന്ന് അവർക്കു തോന്നാൻ ഞാൻ ആഗ്രഹിക്കുന്നു.” മിഷലിനെയും ഷെറിലിനെയുംപോലുള്ള, പിന്തുണ നൽകുന്ന സ്‌ത്രീകൾ, തങ്ങളുടെ ഭർത്താക്കന്മാർക്ക് ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിന് ശ്രദ്ധ കൊടുക്കാൻ കഴിയേണ്ടതിന് മനസ്സോടെ ത്യാഗങ്ങൾ ചെയ്യുന്നു. മൂപ്പന്മാരുടെ ഭാര്യമാർ പ്രകടമാക്കുന്ന പിന്തുണ നിമിത്തം അവർ വിലമതിപ്പിന് അർഹരാണ്.
തിരക്കുണ്ടെങ്കിൽപ്പോലും, ഒരു മൂപ്പൻ തന്റെ ഭാര്യയുടെയും കുട്ടികളുടെയും ആത്മീയവും മറ്റു തരത്തിലുള്ളതുമായ ആവശ്യങ്ങൾ അവഗണിക്കാൻ പാടില്ല. വിവാഹിതനായ ഒരു മൂപ്പൻ, “കുററമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം.” (തീത്തൊസ് 1:6) ക്രിസ്‌തീയ മേൽവിചാരകന്മാരിൽനിന്ന് തിരുവെഴുത്ത് ആവശ്യപ്പെടുന്ന ദൈവിക വ്യവസ്ഥയ്‌ക്കു ചേർച്ചയിൽ അദ്ദേഹം തന്റെ കുടുംബത്തിനുവേണ്ടി കരുതണം.—1 തിമൊഥെയൊസ് 3:1-7.
തിരക്കുള്ള ഒരു മൂപ്പന്റെ കാര്യത്തിൽ പിന്തുണ നൽകുന്ന ഒരു ഭാര്യ വളരെയേറെ വിലപ്പെട്ടവളാണ്! അങ്ങനെയാണ് ചിന്തയുള്ള വിവാഹിതരായ മൂപ്പന്മാർക്ക് തോന്നുന്നത്. അതു ബൈബിൾ പറയുന്നതുപോലെതന്നെയാണ്: “ഭാര്യയെ [“നല്ല ഭാര്യയെ,” NW] കിട്ടുന്നവന്നു നന്മ കിട്ടുന്നു.” (സദൃശവാക്യങ്ങൾ 18:22) വാക്കിലും പ്രവൃത്തിയിലും അത്തരം മൂപ്പന്മാർ തങ്ങളുടെ ഭാര്യമാരോട് ഹൃദയംഗമമായ വിലമതിപ്പ് പ്രകടമാക്കുന്നു. ഒത്തൊരുമിച്ചുള്ള മുട്ടിപ്പായ പ്രാർഥനയ്‌ക്കും രസകരമായ പഠനത്തിനും പുറമേ, ബീച്ചിലൂടെ നടക്കാനും വൃക്ഷനിബിഡമായ പ്രദേശങ്ങളിലൂടെ ചുറ്റിക്കറങ്ങാനും പാർക്കിൽ ഉലാത്താനും ഒക്കെയായി ഇത്തരം ക്രിസ്‌തീയ ദമ്പതികൾ സമയം കണ്ടെത്തുന്നു. അതേ, തങ്ങളുടെ ഭാര്യമാർക്ക് സ്‌നേഹപുരസ്സരമായ ശ്രദ്ധ നൽകുന്നതിൽ മൂപ്പന്മാർക്ക് സന്തോഷമേയുള്ളൂ.—1 പത്രൊസ് 3:7.
ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ നിസ്വാർഥം മേയിക്കുന്ന മൂപ്പന്മാർ യഹോവയുടെ ജനത്തിന് ആത്മീയ നവോന്മേഷത്തിന്റെ ഉറവാണ്. “മനുഷ്യരാം ദാനങ്ങ”ളായ അവർ സഭയ്‌ക്ക് ഒരു അനുഗ്രഹം തന്നെയാണ്.—എഫെസ്യർ 4:8, 11-13, NW.