നല്ല ധാർമിക നിലവാരങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾ
നല്ല ധാർമിക നിലവാരങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾ
രണ്ടായിരത്തൊന്നിന്റെ ഒടുവിലായി റേഡിയോ മൊസാമ്പിക്കിന്റെ ദേശീയ പ്രക്ഷേപണ പരിപാടി ശ്രവിച്ചവർ പിൻവരുന്ന അറിയിപ്പു കേട്ടു:
“മൊസാമ്പിക് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് യഹോവയുടെ സാക്ഷികളുടെ മാപൂട്ടോയിലുള്ള ബ്രാഞ്ചോഫീസ് സന്ദർശിച്ചു. കുടുംബങ്ങൾക്കിടയിൽ നല്ല ധാർമിക നിലവാരങ്ങൾ ഉന്നമിപ്പിക്കാനും സാക്ഷരതാ യജ്ഞത്തിലൂടെ മുതിർന്നവർക്ക് വിദ്യാഭ്യാസം നൽകാനും യഹോവയുടെ സാക്ഷികൾ ചെയ്യുന്ന ശ്രമങ്ങളെ തീവ്രമാക്കാൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു. ഇതിനോടകം 10,000-ത്തോളം ആളുകൾ ഈ പരിപാടികളിൽനിന്നു പ്രയോജനം നേടിക്കഴിഞ്ഞു. രാജ്യം നേരിടുന്ന വിദ്യാഭ്യാസ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇവ സമൂഹത്തെ വലിയൊരളവിൽ സഹായിക്കുന്നതിനാൽ ഇതുപോലുള്ള പരിപാടികൾ വളരെ അഭിനന്ദനാർഹമാണെന്നു പ്രസിഡന്റ് ഷിസ്സാനൂ പറഞ്ഞു.”
അറിയിപ്പിനെ തുടർന്ന് പ്രസിഡന്റിന്റെ പ്രസംഗത്തിൽ നിന്നുള്ള പിൻവരുന്ന ഭാഗവും ഉണ്ടായിരുന്നു: “സാക്ഷരതായജ്ഞത്തിൽ അനേകമാളുകൾ താത്‌പര്യമെടുക്കുന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രോത്സാഹജനകമാണ്. സാക്ഷരതാ നിരക്ക് ഉയർത്താനായി സാധാരണ പൗരന്മാർ ഞങ്ങളെ സഹായിക്കുമെന്നാണ് ഇതു കാണിച്ചുതരുന്നത്. അതുകൊണ്ട്, ഏതൊരു ഭാഷയിലുള്ള സാക്ഷരതാ യജ്ഞത്തെയും തീവ്രമാക്കാൻ ഞാൻ യഹോവയുടെ സാക്ഷികളെ പ്രോത്സാഹിപ്പിക്കുന്നു. പ്രധാനപ്പെട്ട സംഗതി, ആളുകൾ സാക്ഷരർ ആയിരിക്കണം എന്നതും അവർക്കു കൂടുതൽ എളുപ്പത്തിൽ ആശയവിനിമയം നടത്താനും കൂടുതൽ വിദ്യാഭ്യാസം നേടാനും സാധിക്കണം എന്നതുമാണ്.”
സ്വന്തമായി ദൈവവചനം വായിക്കാൻ ആളുകളെ പ്രാപ്‌തരാക്കുക എന്ന ഉദ്ദേശ്യത്തിൽ മൊസാമ്പിക്കിലെ യഹോവയുടെ സാക്ഷികൾ ആ രാജ്യത്തെമ്പാടുമായി 850 സ്ഥലങ്ങളിൽ സാക്ഷരതാ ക്ലാസ്സുകൾ നടത്തുന്നുണ്ട്. കൂടാതെ, ആഴ്‌ചതോറും 50,000-ത്തോളം സൗജന്യ ഭവന ബൈബിളധ്യയനങ്ങളും. ഇപ്പോൾ 235 രാജ്യങ്ങളിലായി നടക്കുന്ന ലോകവ്യാപക ബൈബിൾ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമാണ് ഇതെല്ലാം. (മത്തായി 24:14) നിങ്ങൾക്കും ഇതിൽനിന്നു പ്രയോജനം നേടാനാകും. ദയവായി നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുക.