വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ദൈവത്തിനു നേരുന്ന നേർച്ചകൾ നിറവേറ്റാൻ നമുക്ക്‌ എല്ലായ്‌പോഴും കടപ്പാടുണ്ടോ?

തിരുവെഴുത്തുപരമായി പറഞ്ഞാൽ, നേർച്ച എന്നത്‌ ഒരു പ്രവൃത്തി ചെയ്യാനോ എന്തെങ്കിലും അർപ്പിക്കാനോ ഒരു സേവനമോ പദവിയോ ഏറ്റെടുക്കാനോ അല്ലെങ്കിൽ അതിൽത്തന്നെ നിയമവിരുദ്ധമല്ലാത്ത ചില കാര്യങ്ങളിൽനിന്ന്‌ ഒഴിഞ്ഞുനിൽക്കാനോ വേണ്ടി ദൈവത്തോടു ചെയ്യുന്ന ഗൗരവാവഹമായ ഒരു വാഗ്‌ദാനമാണ്‌. ദൈവം തങ്ങൾക്കുവേണ്ടി ആദ്യം ഒരു കാര്യം ചെയ്‌താൽ, താൻ ഒരു ഗതി പിന്തുടർന്നുകൊള്ളാമെന്ന പ്രതിജ്ഞയോടുകൂടിയ സോപാധികമായ നേർച്ചകളെ കുറിച്ചുള്ള വിവരണങ്ങൾ ബൈബിളിലുണ്ട്‌. ഉദാഹരണത്തിന്‌, ശമൂവേൽ പ്രവാചകന്റെ അമ്മയായ ഹന്നാ ‘ഒരു നേർച്ചനേർന്നു; സൈന്യങ്ങളുടെ യഹോവേ, അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നല്‌കിയാൽ അടിയൻ അവനെ അവന്റെ ജീവപര്യന്തം യഹോവെക്കു കൊടുക്കും; അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുകയുമില്ല എന്നു പറഞ്ഞു.’ (1 ശമൂവേൽ 1:11) നേർച്ചകൾ നേർന്നിരുന്നത്‌ സ്വമേധയാ ആയിരുന്നെന്നും ബൈബിൾ വിശദമാക്കുന്നു. ദൈവത്തിനു നേർച്ച നേർന്നാൽ അതു നിറവേറ്റാൻ നമുക്ക്‌ എത്രത്തോളം കടപ്പാടുണ്ട്‌?

പുരാതന ഇസ്രായേലിലെ ശലോമോൻ രാജാവ്‌ പറയുന്നു: “ദൈവത്തിന്നു നേർച്ച നേർന്നാൽ കഴിപ്പാൻ താമസിക്കരുതു.” തുടർന്ന്‌ അവൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “നീ നേർന്നതു കഴിക്ക. നേർന്നിട്ടു കഴിക്കാതെയിരിക്കുന്നതിനെക്കാൾ നേരാതെയിരിക്കുന്നതു നല്ലതു.” (സഭാപ്രസംഗി 5:4, 5) മോശെ മുഖാന്തരം ഇസ്രായേലിനു നൽകിയ ന്യായപ്രമാണം ഇപ്രകാരം പ്രസ്‌താവിച്ചു: “നിന്റെ ദൈവമായ യഹോവെക്കു നേർച്ചനേന്നാൽ അതു നിവർത്തിപ്പാൻ താമസം വരുത്തരുതു; അങ്ങനെ ചെയ്‌താൽ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കും; അതുനിങ്കൽ പാപമായിരിക്കും.” (ആവർത്തനപുസ്‌തകം 23:21) വ്യക്തമായും, ദൈവത്തിന്‌ നേർച്ച നേരുന്നത്‌ ഗൗരവമുള്ള ഒരു കാര്യമാണ്‌. ഉചിതമായ ആന്തരത്തോടെ വേണം അതു ചെയ്യാൻ. എന്തു നേർച്ച നേർന്നാലും അതു നിറവേറ്റാനുള്ള തന്റെ പ്രാപ്‌തി സംബന്ധിച്ച്‌ നേരുന്ന വ്യക്തിക്ക്‌ യാതൊരു സംശയവും ഉണ്ടായിരിക്കരുത്‌. അല്ലാത്തപക്ഷം നേരാതിരിക്കുന്നതാണു നല്ലത്‌. എന്നാൽ, നേർന്നുപോയ നേർച്ചകളെല്ലാം നിറവേറ്റാൻ ഒരു വ്യക്തിക്കു കടപ്പാടുണ്ടോ?

ഒരുവന്റെ നേർച്ചയിൽ, ദൈവഹിതത്തിനു നിരക്കാത്തതെന്നു പിന്നീടു തിരിച്ചറിഞ്ഞ എന്തെങ്കിലും ഒരു കാര്യം ചെയ്യുന്നത്‌ ഉൾപ്പെട്ടിരിക്കുന്നെങ്കിലോ? അത്‌ അധാർമികതയെ ഏതെങ്കിലും വിധത്തിൽ സത്യാരാധനയുമായി ബന്ധിപ്പിക്കുന്ന ഒന്നാണെങ്കിലോ? (ആവർത്തനപുസ്‌തകം 23:18) വ്യക്തമായും അത്തരമൊരു നേർച്ച നിറവേറ്റാനുള്ള കടപ്പാടിൻ കീഴിലല്ല അദ്ദേഹം. കൂടാതെ, മോശൈക ന്യായപ്രമാണത്തിൻ കീഴിൽ ഒരു സ്‌ത്രീ നേർന്ന നേർച്ച റദ്ദാക്കാൻ അവളുടെ ഭർത്താവിനോ പിതാവിനോ കഴിയുമായിരുന്നു.​—⁠സംഖ്യാപുസ്‌തകം 30:3-15.

ഏകാകിയായി തുടരാൻ ദൈവത്തോടു നേർച്ച നേരുകയും എന്നാൽ ഇപ്പോൾ ഒരു വിഷമാവസ്ഥയിൽ ആയിരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ കാര്യവും പരിചിന്തിക്കുക. നേർച്ച നിറവേറ്റുന്നതു നിമിത്തം ധാർമികത സംബന്ധിച്ച ദൈവിക നിലവാരങ്ങൾ ലംഘിച്ചേക്കാമെന്ന ഘട്ടത്തോളം താൻ എത്തുന്നതായി ആ വ്യക്തിക്കു തോന്നുന്നു. അപ്പോഴും അദ്ദേഹം ആ നേർച്ച നിറവേറ്റാൻ ശ്രമിക്കണമോ? തന്റെ നേർച്ച നിറവേറ്റാതിരുന്നുകൊണ്ട്‌ അധാർമികത സംബന്ധിച്ചു കുറ്റക്കാരനാകുന്നതിൽനിന്നു സ്വയം സംരക്ഷിക്കുകയും ദൈവത്തിന്റെ കരുണയ്‌ക്കായി അപേക്ഷിക്കുകയും അവന്റെ ക്ഷമയ്‌ക്കായി യാചിക്കുകയും ചെയ്യുന്നതല്ലേ മെച്ചം? ഈ കാര്യത്തിൽ ആ വ്യക്തിക്കു മാത്രമേ തീരുമാനമെടുക്കാൻ കഴിയൂ. മറ്റാർക്കും അയാൾക്കുവേണ്ടി തീരുമാനമെടുക്കാനാവില്ല.

താൻ നേർന്നത്‌ വേണ്ടത്ര ചിന്തിക്കാതെ ആയിരുന്നെന്ന്‌ ഒരു വ്യക്തി പിന്നീടു തിരിച്ചറിയുന്നെങ്കിലോ? അപ്പോഴും അയാൾ അതു നിറവേറ്റാൻ ശ്രമിക്കണമോ? ദൈവത്തോടു നേർന്ന നേർച്ച നിറവേറ്റുക യിഫ്‌താഹിന്‌ എളുപ്പമല്ലായിരുന്നെങ്കിലും മനസ്സാക്ഷിപൂർവം അവൻ അതു നിറവേറ്റി. (ന്യായാധിപന്മാർ 11:30-40) ഒരുവൻ തന്റെ നേർച്ച നിറവേറ്റാതിരിക്കുന്നതു ദൈവം ‘കോപിക്കുന്നതിനും’ അയാളുടെ നേട്ടങ്ങളെ നശിപ്പിച്ചുകളയുന്നതിനും ഇടവരുത്തിയേക്കാം. (സഭാപ്രസംഗി 5:6) ഒരു നേർച്ച നിറവേറ്റുന്നതിനെ ലാഘവത്തോടെ വീക്ഷിക്കുന്നത്‌ ദൈവത്തിന്റെ പ്രീതി നഷ്ടമാകുന്നതിൽ കലാശിക്കും.

യേശുക്രിസ്‌തു ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു.” (മത്തായി 5:37) ഒരു ക്രിസ്‌ത്യാനി ദൈവത്തോടുള്ള നേർച്ചകൾ നിറവേറ്റുന്ന കാര്യത്തിൽ മാത്രമല്ല, മറിച്ച്‌ തന്റെ എല്ലാ വാക്കിലും​—⁠ദൈവത്തോടുള്ള ബന്ധത്തിലായാലും മനുഷ്യരോടുള്ള ബന്ധത്തിലായാലും​—⁠വിശ്വാസയോഗ്യൻ ആയിരിക്കണം. മറ്റൊരു വ്യക്തിയുമായി ഒരു കരാർ ഉണ്ടാക്കുകയും എന്നാൽ അടുത്തു പരിശോധിച്ചപ്പോൾ അതു ബുദ്ധിമോശമായി പോയെന്നു ഒരുവൻ മനസ്സിലാക്കുകയും ചെയ്യുന്നെങ്കിലോ? അത്തരം കാര്യങ്ങളെ അദ്ദേഹം നിസ്സാരമായി കാണരുത്‌. എന്നിരുന്നാലും, ആ സംഗതി ആത്മാർഥമായി ചർച്ച ചെയ്യുന്നതു നിമിത്തം മറ്റേ വ്യക്തി അയാളെ കടപ്പാടിൽനിന്ന്‌ ഒഴിവാക്കിയേക്കാം.​—⁠സങ്കീർത്തനം 15:4; സദൃശവാക്യങ്ങൾ 6:2, 3.

നേർച്ചയോടും മറ്റെല്ലാ കാര്യങ്ങളോടുമുള്ള ബന്ധത്തിൽ, നാം മുഖ്യമായും ശ്രദ്ധ നൽകേണ്ടത്‌ എന്തിനായിരിക്കണം? യഹോവയാം ദൈവവുമായി ഒരു നല്ല ബന്ധം നിലനിറുത്താൻ നമുക്ക്‌ എല്ലായ്‌പോഴും ശ്രമിക്കാം.

[30, 31 പേജുകളിലെ ചിത്രങ്ങൾ]

തന്റെ നേർച്ച നിറവേറ്റാൻ ഹന്നാ മടിച്ചില്ല

[30, 31 പേജുകളിലെ ചിത്രങ്ങൾ]

നേർച്ച നിറവേറ്റുക എളുപ്പമല്ലായിരുന്നെങ്കിലും യിഫ്‌താഹ്‌ അതു ചെയ്‌തു