വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൊടുക്കൽ അത്‌ കഴിവിനപ്പുറം ആകുമ്പോൾ

കൊടുക്കൽ അത്‌ കഴിവിനപ്പുറം ആകുമ്പോൾ

കൊടുക്കൽ അത്‌ കഴിവിനപ്പുറം ആകുമ്പോൾ

“നിങ്ങൾ എന്നെ ഒരു യാചകൻ എന്നു വിളിച്ചോളൂ; എനിക്കു വിഷമമില്ല. ഞാൻ യേശുവിനു വേണ്ടിയാണ്‌ യാചിക്കുന്നത്‌.” ഒരു പ്രൊട്ടസ്റ്റന്റ്‌ ശുശ്രൂഷകന്റെ, കണ്ണു തുറപ്പിക്കുന്ന ആ വാക്കുകൾ മതപരമായ ധനശേഖരണത്തെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിന്‌ അടിവരയിടുന്നു. ധാരാളം പണം ലഭിച്ചാൽ മാത്രമേ സംഘടിത മതത്തിനു നിലനിൽപ്പുള്ളൂ എന്നു തോന്നുന്നു. ശമ്പളം കൊടുക്കണം, ആരാധനാസ്ഥലങ്ങൾ നിർമിക്കുകയും പരിരക്ഷിക്കുകയും വേണം, സുവിശേഷ പ്രസംഗ പ്രസ്ഥാനങ്ങൾക്കു വേണ്ട സാമ്പത്തിക സഹായം നൽകണം. ഇതിനെല്ലാം ആവശ്യമായ പണം എവിടെനിന്നു കിട്ടും?

അനേക സഭകളുടെയും കാര്യത്തിൽ അതിനുള്ള ഉത്തരം ദശാംശം എന്നതാണ്‌. * സുവിശേഷ പ്രവർത്തകനായ നോർമൻ റോബർട്ട്‌സൺ പിൻവരുന്ന വിധം അവകാശപ്പെടുന്നു: “ഭൂമിയിലെ തന്റെ രാജ്യത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനുള്ള ദൈവത്തിന്റെ മാർഗമാണ്‌ ദശാംശ ക്രമീകരണം. സുവിശേഷ പ്രസംഗം സാധ്യമാക്കാനുള്ള ദൈവത്തിന്റെ സമ്പദ്‌വ്യവസ്ഥയാണ്‌ ഇത്‌.” കൊടുക്കാനുള്ള തന്റെ അനുഗാമികളുടെ ഉത്തരവാദിത്വത്തെ കുറിച്ച്‌ അവരെ ഓർമിപ്പിക്കാൻ അദ്ദേഹത്തിനു യാതൊരു മടിയുമില്ല. അദ്ദേഹം ശക്തമായി ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ദശാംശം കൊടുക്കൽ നിങ്ങൾക്ക്‌ നിർവാഹമുള്ളതിന്റെ പേരിൽ ചെയ്യുന്ന ഒരു പ്രവൃത്തിയല്ല. മറിച്ച്‌, അനുസരണത്തിന്റെ ഒരു പ്രവൃത്തിയാണ്‌ അത്‌. ദശാംശം നൽകാതിരിക്കുന്നത്‌ ദൈവകൽപ്പനകളുടെ വ്യക്തമായ ലംഘനമാണ്‌. അതു കളവാണ്‌.”​—⁠ദശാംശം കൊടുക്കൽ​—⁠ദൈവത്തിന്റെ സാമ്പത്തിക ആസൂത്രണം (ഇംഗ്ലീഷ്‌).

കൊടുക്കൽ ക്രിസ്‌തീയ ആരാധനയുടെ ഭാഗമായിരിക്കണം എന്നതിനോടു നിങ്ങൾ മിക്കവാറും യോജിച്ചേക്കാം. എങ്കിലും, നിരന്തരമായ പണാഭ്യർഥനകൾ നിങ്ങളെ ശല്യപ്പെടുത്തുകയും ഒരുപക്ഷേ മുഷിപ്പിക്കുകപോലും ചെയ്യുന്നുണ്ടോ? ബ്രസീലിയൻ ദൈവശാസ്‌ത്രജ്ഞനായ ഇനാസ്യൂ സ്‌ട്രീഡ, തങ്ങളുടെ “സ്ഥാപനപരമായ പ്രശ്‌നങ്ങൾ പരിഹരിക്കാ”നുള്ള മാർഗമായി ദശാംശ ക്രമീകരണത്തെ ഉപയോഗിക്കുന്നുവെന്ന കുറ്റം സഭകളുടെമേൽ ആരോപിക്കുകയും അത്തരം രീതികളെ “നിയമവിരുദ്ധം, ദ്രോഹകരം, ദൈവശാസ്‌ത്രപരമായ മാർഗഭ്രംശം” എന്നെല്ലാം വിളിക്കുകയും ചെയ്യുന്നു. സഭകളുടെ ഈ പ്രവൃത്തിയുടെ ഫലമെന്താണ്‌? അദ്ദേഹം പറയുന്നു: “ദൈവം തങ്ങളെ ഉപേക്ഷിച്ചിരിക്കുന്നുവെന്നും കുടുംബത്തെ പട്ടിണിയാക്കിക്കൊണ്ടുപോലും ‘സുവിശേഷ പ്രസംഗകനു’ കൊടുക്കാൻ തങ്ങൾക്കു കടപ്പാടുണ്ടെന്നും തൊഴിൽരഹിതരും വിധവമാരും ചേരിനിവാസികളും ന്യായയുക്തമായി ചിന്തിക്കാൻ പ്രാപ്‌തിയില്ലാത്തവരും നിഗമനം ചെയ്യാൻ” അത്‌ ഇടയാക്കുന്നു.

നിങ്ങൾ ഇങ്ങനെ ചിന്തിക്കാനിടയുണ്ട്‌: ‘ദശാംശം നൽകണമെന്ന വ്യവസ്ഥ അടിച്ചേൽപ്പിക്കുന്ന സഭകൾ കൃത്യമായി തിരുവെഴുത്തുകൾ ബാധകമാക്കുന്നുണ്ടോ? അതോ ചില മതങ്ങൾ ദൈവശിക്ഷയോടുള്ള സഭാംഗങ്ങളുടെ ഭയം മുതലെടുത്ത്‌ അവരെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണോ? ചിലർ പറയുന്നതുപോലെ, നമ്മുടെ കഴിവിനപ്പുറം കൊടുക്കാൻ വാസ്‌തവത്തിൽ ദൈവം പ്രതീക്ഷിക്കുന്നുണ്ടോ?’

[അടിക്കുറിപ്പുകൾ]

^ ഖ. 3 ഒരു വ്യക്തിയുടെ മൊത്ത വരുമാനത്തിന്റെ 10 ശതമാനം എന്നാണു ദശാംശത്തെ നിർവചിച്ചിരിക്കുന്നത്‌.