വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിച്ചിരിക്കാൻ ഏറ്റവും പറ്റിയ സമയം

ജീവിച്ചിരിക്കാൻ ഏറ്റവും പറ്റിയ സമയം

ജീവിച്ചിരിക്കാൻ ഏറ്റവും പറ്റിയ സമയം

പ്രയാസകരമായ സാഹചര്യങ്ങൾ നേരിടുമ്പോൾ, “കഴിഞ്ഞുപോയ നല്ല കാലത്തി”നുവേണ്ടി നിങ്ങൾ വാഞ്‌ഛിക്കാറുണ്ടോ? എങ്കിൽ ജ്ഞാനിയായ ശലോമോൻ രാജാവിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “പണ്ടത്തേ കാലം ഇപ്പോഴത്തേതിനെക്കാൾ നന്നായിരുന്നതിന്റെ കാരണം എന്തു എന്നു നീ ചോദിക്കരുതു; നീ അങ്ങനെ ചോദിക്കുന്നതു ജ്ഞാനമല്ലല്ലോ.”​—⁠സഭാപ്രസംഗി 7:10.

ശലോമോൻ ഈ ഉപദേശം നൽകിയതെന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ ഭൂതകാലത്തെ കുറിച്ച്‌ യാഥാർഥ്യബോധത്തോടുകൂടിയ ഒരു വീക്ഷണം ഉണ്ടായിരിക്കുന്നത്‌ ഇപ്പോഴത്തെ ദുഷ്‌കരമായ സാഹചര്യങ്ങളെ വിജയകരമായി തരണം ചെയ്യുന്നതിൽ ഒരു അമൂല്യമായ സഹായമാണെന്ന്‌ അവൻ തിരിച്ചറിഞ്ഞിരുന്നു. “കഴിഞ്ഞുപോയ നല്ല കാല”ത്തിനുവേണ്ടി വാഞ്‌ഛിക്കുന്നവർ, ആ കാലവും പ്രശ്‌നപൂരിതമായിരുന്നു എന്നും അന്നത്തെ ജീവിതം യാതൊരു പ്രകാരത്തിലും ആദർശയോഗ്യമല്ലായിരുന്നു എന്നും ഉള്ള സംഗതി യഥാർഥത്തിൽ മറന്നുപോയേക്കാം. കഴിഞ്ഞ കാലത്തെ ചില കാര്യങ്ങൾ മെച്ചമായിരുന്നിരിക്കാം, എന്നാൽ മറ്റു കാര്യങ്ങളോടുള്ള ബന്ധത്തിൽ സ്ഥിതി മറിച്ചായിരുന്നിരിക്കാനാണു കൂടുതൽ സാധ്യത. ശലോമോൻ പറഞ്ഞതുപോലെ, കഴിഞ്ഞ കാലത്തെ കുറിച്ച്‌ യാഥാർഥ്യബോധമില്ലാതെ ചിന്തിച്ചുകൊണ്ടിരിക്കുന്നത്‌ ജ്ഞാനമല്ല. കാരണം, കഴിഞ്ഞകാലം തിരിച്ചെടുക്കാൻ നമുക്കാവില്ലല്ലോ.

കഴിഞ്ഞ കാലത്തിനുവേണ്ടി തീവ്രമായി വാഞ്‌ഛിക്കുന്നത്‌ ഹാനികരമാണോ? അതേ, വഴക്കമുള്ളവരായിരിക്കാനോ ഇപ്പോഴത്തെ അവസ്ഥകളുമായി ഒത്തുപോകാനോ അത്‌ പ്രതിബന്ധമാകുന്നെങ്കിൽ അല്ലെങ്കിൽ നാം ജീവിച്ചിരിക്കുന്ന കാലത്തെയും നമുക്കുള്ള പ്രത്യാശയെയും വിലമതിക്കുന്നതിൽനിന്ന്‌ നമ്മെ തടയുന്നെങ്കിൽ അത്‌ ഹാനികരമാണ്‌.

ലോകത്തിലെ പ്രശ്‌നങ്ങൾ ഒന്നിനൊന്നു വർധിച്ചുവരികയാണെങ്കിലും യഥാർഥത്തിൽ ഇതാണ്‌ ജീവിച്ചിരിക്കാൻ ഏറ്റവും പറ്റിയ സമയം. എന്തുകൊണ്ട്‌? ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യത്തിന്റെ നിവൃത്തിയോടും സമാധാനപൂർണമായ അവന്റെ രാജ്യഭരണത്തിൻ കീഴിലെ അനുഗ്രഹങ്ങളോടും നാം അടുത്തുവരികയാണ്‌. ബൈബിൾ ഇപ്രകാരം വാഗ്‌ദാനം ചെയ്യുന്നു: “അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.” (വെളിപ്പാടു 21:​4, 5) വളരെയേറെ മെച്ചപ്പെട്ട ആ അവസ്ഥകളിൻ കീഴിൽ “കഴിഞ്ഞുപോയ നല്ല കാല”ത്തിനുവേണ്ടി വാഞ്‌ഛിക്കാൻ ആർക്കും കാരണമുണ്ടാകില്ല.