വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ കൈകളെ ശക്തിപ്പെടുത്തുവിൻ

നിങ്ങളുടെ കൈകളെ ശക്തിപ്പെടുത്തുവിൻ

നിങ്ങളുടെ കൈകളെ ശക്തിപ്പെടുത്തുവിൻ

ബൈബിളിൽ 1,800-ലേറെ പ്രാവശ്യം കൈയെ കുറിച്ചുള്ള പരാമർശമുണ്ട്‌. കൈ ഉൾപ്പെടുന്ന ശൈലികൾ വ്യത്യസ്‌ത വിധങ്ങളിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്‌, വെടിപ്പുള്ള കൈ നിഷ്‌കളങ്കതയെ കാണിക്കുന്നു. (2 ശമൂവേൽ 22:21; സങ്കീർത്തനം 24:3, 4) കൈ തുറക്കുന്നത്‌ മറ്റുള്ളവരോട്‌ ഔദാര്യം കാണിക്കുന്നതിനെ സൂചിപ്പിക്കുന്നു. (ആവർത്തനപുസ്‌തകം 15:11; സങ്കീർത്തനം 145:16) ജീവനെ അപകടപ്പെടുത്തുന്ന ഒരുവൻ ജീവനെ ഉള്ളങ്കൈയിൽ എടുക്കുന്നതായി പറഞ്ഞിരിക്കുന്നു. (1 ശമൂവേൽ 19:​5, NW) കൈ തളർന്നുപോകാൻ അനുവദിക്കുന്നത്‌ നിരുത്സാഹപ്പെടുന്നതിനെ അർഥമാക്കുന്നു. (2 ദിനവൃത്താന്തം 15:​7, NW) ഒരുവന്റെ കൈകളെ ശക്തിപ്പെടുത്തുന്നത്‌ പ്രവർത്തനത്തിനായി ശക്തീകരിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നതിനെ അർഥമാക്കുന്നു.​—⁠1 ശമൂവേൽ 23:​16, NW.

ഇക്കാലത്ത്‌ നമ്മുടെ കൈകളെ ശക്തിപ്പെടുത്തേണ്ടതിന്റെ അടിയന്തിര ആവശ്യമുണ്ട്‌. കാരണം, “ഇടപെടാൻ പ്രയാസമായ ദുർഘടസമയങ്ങ”ളിലാണ്‌ നാം ജീവിക്കുന്നത്‌. (2 തിമൊഥെയൊസ്‌ 3:​1, NW) നിരുത്സാഹം തോന്നുമ്പോൾ ഇട്ടെറിഞ്ഞ്‌ പോകുക അഥവാ കൈ തളർന്നുപോകാൻ അനുവദിക്കുക എന്നതാണ്‌ മനുഷ്യ പ്രകൃതം. കൗമാരപ്രായക്കാർ സ്‌കൂൾ പഠനം നിറുത്തുന്നതും ഭർത്താക്കന്മാർ കുടുംബത്തെ കൈവിടുന്നതും അമ്മമാർ കുട്ടികളെ ഉപേക്ഷിക്കുന്നതും അസാധാരണമല്ല. ക്രിസ്‌ത്യാനികളെന്ന നിലയിൽ, ദൈവത്തെ സേവിക്കുമ്പോൾ നേരിടുന്ന പരിശോധനകളെ സഹിച്ചുനിൽക്കാനായി നാം നമ്മുടെ കൈകളെ ശക്തിപ്പെടുത്തേണ്ടതുണ്ട്‌. (മത്തായി 24:13) അതുവഴി, നാം യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയാണു ചെയ്യുന്നത്‌.​—⁠സദൃശവാക്യങ്ങൾ 27:11.

കൈകൾ ശക്തമാക്കപ്പെടുന്ന വിധം

യെരൂശലേമിലെ യഹോവയുടെ ആലയത്തിന്റെ പുനർനിർമാണം പൂർത്തിയാക്കാനായി എസ്രായുടെ നാളിലെ യഹൂദർ തങ്ങളുടെ കൈകളെ ശക്തീകരിക്കേണ്ടതുണ്ടായിരുന്നു. അത്‌ എങ്ങനെയാണ്‌ സാധ്യമായത്‌? വിവരണം പറയുന്നു: ‘യഹോവ അവരെ സന്തോഷിപ്പിക്കയും യിസ്രായെലിൻദൈവമായ ദൈവത്തിന്റെ ആലയത്തിന്റെ പണിയിൽ അവരെ സഹായിക്കേണ്ടതിന്നു [“അവരുടെ കൈകളെ ശക്തിപ്പെടുത്തേണ്ടതിന്‌,” NW] അശ്ശൂർരാജാവിന്റെ ഹൃദയത്തെ അവർക്കു അനുകൂലമാക്കുകയും ചെയ്‌തതുകൊണ്ടു അവർ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ഏഴു ദിവസം സന്തോഷത്തോടെ ആചരിച്ചു.’ (എസ്രാ 6:22) വ്യക്തമായും, മടങ്ങിപ്പോകാൻ ദൈവജനത്തെ അനുവദിക്കുന്നതിന്‌ യഹോവ “അശ്ശൂർരാജാവി”നെ പ്രേരിപ്പിച്ചത്‌ തന്റെ പ്രവർത്തനനിരതമായ ശക്തിയാലാണ്‌. മാത്രമല്ല, തുടങ്ങിവെച്ച വേല പൂർത്തീകരിക്കത്തക്കവിധം അവൻ ജനത്തിന്റെ ഹൃദയത്തെ പ്രചോദിപ്പിക്കുകയും ചെയ്‌തു.

പിന്നീട്‌ യെരൂശലേമിന്റെ മതിലുകൾ പുതുക്കിപ്പണിയേണ്ടി വന്നപ്പോൾ, ആ വേലയ്‌ക്കായി നെഹെമ്യാവ്‌ തന്റെ സഹോദരന്മാരുടെ കൈകളെ ശക്തിപ്പെടുത്തി. നാം ഇങ്ങനെ വായിക്കുന്നു: “എന്റെ ദൈവത്തിന്റെ കൈ എനിക്കു അനുകൂലമായിരുന്നതും രാജാവു എന്നോടു കല്‌പിച്ച വാക്കുകളും ഞാൻ അറിയിച്ചപ്പോൾ അവർ: നാം എഴുന്നേററു പണിയുക എന്നു പറഞ്ഞു. അങ്ങനെ അവർ ആ നല്ല പ്രവൃത്തിക്കായി അന്യോന്യം ധൈര്യപ്പെടുത്തി [“തങ്ങളുടെ കൈകളെ ശക്തിപ്പെടുത്തി,” NW].” തങ്ങളുടെ കൈകളെ ശക്തീകരിച്ചതിനാൽ നെഹെമ്യാവിനും സഹയഹൂദന്മാർക്കും വെറും 52 ദിവസംകൊണ്ട്‌ യെരൂശലേമിന്റെ മതിലുകൾ പുതുക്കിപ്പണിയാൻ കഴിഞ്ഞു!​—⁠നെഹെമ്യാവു 2:18; 6:9, 15, NW.

സമാനമായി, രാജ്യ സുവാർത്ത പ്രസംഗിക്കാനായി യഹോവ നമ്മുടെ കൈകളെ ശക്തിപ്പെടുത്തുന്നു. (മത്തായി 24:14) ‘തന്റെ ഇഷ്ടം ചെയ്‌വാൻതക്കവണ്ണം എല്ലാ നല്ല കാര്യങ്ങളാലും നമ്മെ സജ്ജരാക്കിക്കൊണ്ടാണ്‌’ അവൻ അതു ചെയ്യുന്നത്‌. (എബ്രായർ 13:​21, NW) ഏറ്റവും നല്ല ഉപകരണങ്ങൾ അവൻ നമ്മുടെ കൈയിൽ തന്നിരിക്കുന്നു. ലോകത്തിനു ചുറ്റുമുള്ള ആളുകളുടെ പക്കൽ സുവാർത്ത എത്തിക്കാനായി നമുക്ക്‌ ബൈബിൾ, ബൈബിളധിഷ്‌ഠിത പുസ്‌തകങ്ങൾ, മാസികകൾ, ലഘുപത്രികകൾ, ലഘുലേഖകൾ, ഓഡിയോ-വീഡിയോ റെക്കോർഡിങ്ങുകൾ എന്നിവയുണ്ട്‌. നമ്മുടെ പ്രസിദ്ധീകരണങ്ങൾ 380-ലധികം ഭാഷകളിൽ ലഭ്യമാണ്‌. കൂടാതെ, നമ്മുടെ ശുശ്രൂഷ നിറവേറ്റുന്നതിൽ ഫലകരമായ ഈ ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കണം എന്നതു സംബന്ധിച്ച്‌ സഭായോഗങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയിലൂടെ യഹോവ നമുക്ക്‌ ദിവ്യാധിപത്യ വിദ്യാഭ്യാസവും പരിശീലനവും നൽകുന്നു.

അനേക വിധങ്ങളിൽ യഹോവ നമ്മുടെ കൈകളെ ശക്തിപ്പെടുത്തുന്നുണ്ടെങ്കിലും, നാംതന്നെ കഠിനശ്രമം ചെയ്യാൻ അവൻ പ്രതീക്ഷിക്കുന്നുണ്ട്‌. അരാമ്യ സേനയ്‌ക്കെതിരെ പോരാടുന്നതിനുള്ള സഹായത്തിനായി തന്റെ അടുക്കൽ വന്ന യോവാശ്‌ രാജാവിനോട്‌ എലീശാ പ്രവാചകൻ പറഞ്ഞത്‌ എന്താണെന്ന്‌ ഓർക്കുക. ഏതാനും അമ്പ്‌ എടുത്ത്‌ നിലത്തടിക്കാൻ എലീശാ രാജാവിനോടു പറഞ്ഞു. ബൈബിൾ വിവരണം ഇപ്രകാരം പറയുന്നു: “അവൻ മൂന്നു പ്രാവശ്യം അടിച്ചു നിർത്തി. അപ്പോൾ ദൈവപുരുഷൻ അവനോടു കോപിച്ചു; നീ അഞ്ചാറു പ്രാവശ്യം അടിക്കേണ്ടിയിരുന്നു; എന്നാൽ നീ അരാമ്യരെ തോല്‌പിച്ചു അശേഷം സംഹരിക്കുമായിരുന്നു; ഇപ്പോഴോ നീ അരാമ്യരെ മൂന്നു പ്രാവശ്യം മാത്രം തോല്‌പിക്കും എന്നു പറഞ്ഞു.” (2 രാജാക്കന്മാർ 13:18, 19) സതീക്ഷ്‌ണം പ്രവർത്തിക്കാതിരുന്നതു നിമിത്തം, അരാമ്യർക്കെതിരെയുള്ള പോരാട്ടത്തിൽ യോവാശിന്‌ പരിമിതമായ വിജയമേ ലഭിച്ചുള്ളൂ.

യഹോവ നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന കാര്യങ്ങൾ നിർവഹിക്കാൻ നാം ആഗ്രഹിക്കുന്നെങ്കിൽ ഇതേ തത്ത്വം നമുക്കും ബാധകമാണ്‌. നമ്മുടെ മുമ്പിലുള്ള പ്രതിബന്ധങ്ങളെയോ നിയമനത്തിലെ ബുദ്ധിമുട്ടുകളെയോ കുറിച്ച്‌ ആകുലപ്പെടുന്നതിനു പകരം, തീക്ഷ്‌ണതയോടും മുഴുഹൃദയത്തോടുംകൂടെ നാം നമ്മുടെ നിയമനം നിർവഹിക്കണം. നാം നമ്മുടെ കൈകളെ ശക്തിപ്പെടുത്തുകയും സഹായത്തിനായി യഹോവയിൽ ആശ്രയിക്കുകയും വേണം.​—⁠യെശയ്യാവു 35:3, 4.

യഹോവ നമ്മുടെ കൈകളെ ശക്തിപ്പെടുത്തും

തന്റെ ഹിതം ചെയ്യാനായി നമ്മെ സഹായിക്കുന്നതിലും നമ്മുടെ കൈകളെ ശക്തിപ്പെടുത്തുന്നതിലും യഹോവ ഒരിക്കലും വീഴ്‌ച വരുത്തുകയില്ല. തീർച്ചയായും, ദൈവം അത്ഭുതകരമായി നമുക്കുവേണ്ടി എല്ലാം ചെയ്‌തുതരില്ല. നാം നമ്മുടെ പങ്ക്‌​—⁠ദിവസേന ബൈബിൾ വായിക്കൽ, യോഗങ്ങൾക്കു ക്രമമായി തയ്യാറാകുകയും ഹാജരാകുകയും ചെയ്യൽ, സാധ്യമാകുമ്പോഴെല്ലാം ശുശ്രൂഷയിൽ പങ്കുപറ്റൽ, ദൈവത്തോടു നിരന്തരമായി പ്രാർഥിക്കൽ​—⁠നിറവേറ്റാൻ അവൻ പ്രതീക്ഷിക്കുന്നു. അവസരമുള്ളപ്പോഴെല്ലാം നാം വിശ്വസ്‌തതയോടെയും തീക്ഷ്‌ണതയോടെയും നമ്മുടെ പങ്ക്‌ നിറവേറ്റുമ്പോൾ യഹോവ നമ്മിൽനിന്നു പ്രതീക്ഷിക്കുന്നതു ചെയ്യാനുള്ള ശക്തി അവൻ നമുക്കു നൽകും.​—⁠ഫിലിപ്പിയർ 4:13.

ഒരു ക്രിസ്‌ത്യാനിയുടെ അനുഭവം ശ്രദ്ധിക്കുക. ഒരു വർഷത്തിനുള്ളിൽത്തന്നെ അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും മരിച്ചു. ആ വേദന ശമിക്കുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിന്റെ മരുമകൾ അദ്ദേഹത്തിന്റെ മകനെ ഉപേക്ഷിക്കുകയും ക്രിസ്‌തീയ ജീവിതഗതിയിൽനിന്നു പിന്മാറുകയും ചെയ്‌തു. ആ സഹോദരൻ പിൻവരുന്നവിധം പറഞ്ഞു: “ഏതു പരിശോധന എപ്പോൾ എത്രതവണ ഉണ്ടാകുമെന്നൊന്നും നമുക്കു തീരുമാനിക്കാനാവില്ല എന്നു ഞാൻ പഠിച്ചു.” സഹിച്ചുനിൽക്കാനുള്ള ശക്തി അദ്ദേഹത്തിന്‌ എപ്രകാരമാണു ലഭിക്കുന്നത്‌? അദ്ദേഹം തുടരുന്നു: “പ്രാർഥനയും വ്യക്തിപരമായ പഠനവും പിടിച്ചുനിൽക്കാൻ എന്നെ സഹായിച്ചിരിക്കുന്നു. മാത്രമല്ല, ആത്മീയ സഹോദരങ്ങളുടെ പിന്തുണ എനിക്കു വലിയ ആശ്വാസമാണ്‌. എല്ലാറ്റിനുമുപരി, ദുഷ്‌കരമായ സാഹചര്യങ്ങൾ ഉണ്ടാകുന്നതിനു മുമ്പേ യഹോവയുമായി വ്യക്തിപരമായ ഒരു നല്ല ബന്ധം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു.”

ജീവിതത്തിൽ എന്തുതന്നെ നേരിട്ടാലും യഹോവയിൽ പൂർണമായി ആശ്രയിക്കാനും നിങ്ങളുടെ കൈകളെ ശക്തിപ്പെടുത്താനായി അവൻ ചെയ്യുന്ന എല്ലാ കരുതലുകളും നന്നായി പ്രയോജനപ്പെടുത്താനും ദൃഢനിശ്ചയമുള്ളവരായിരിക്കുക. യഹോവയ്‌ക്ക്‌ വളരെ ഉയർന്ന ഗുണനിലവാരമുള്ള സേവനമർപ്പിക്കാനും അങ്ങനെ അവന്റെ വിലയേറിയ നാമത്തിനു സ്‌തുതിയും ബഹുമാനവും കൈവരുത്താനും അപ്പോൾ നിങ്ങൾക്കു സാധിക്കും.​—⁠എബ്രായർ 13:⁠15.

[31-ാം പേജിലെ ചിത്രം]

സതീക്ഷ്‌ണം പ്രവർത്തിക്കാതിരുന്നതു നിമിത്തം, അരാമ്യർക്കെതിരെയുള്ള പോരാട്ടത്തിൽ യോവാശിന്‌ പരിമിതമായ വിജയമേ ലഭിച്ചുള്ളൂ