വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മിഷനറി നിയമന സ്ഥലം സ്വന്തം ഭവനമായിത്തീർന്നു

മിഷനറി നിയമന സ്ഥലം സ്വന്തം ഭവനമായിത്തീർന്നു

ജീവിത കഥ

മിഷനറി നിയമന സ്ഥലം സ്വന്തം ഭവനമായിത്തീർന്നു

ഡിക്ക്‌ വോൾഡ്രൊൺ പറഞ്ഞപ്രകാരം

അത്‌ 1953 സെപ്‌റ്റംബർ മാസത്തിലെ ഒരു ഞായറാഴ്‌ച ആയിരുന്നു, ഉച്ചകഴിഞ്ഞ സമയം. ഞങ്ങൾ തെക്കുപടിഞ്ഞാറൻ ആഫ്രിക്കയിൽ (ഇപ്പോഴത്തെ നമീബിയ) എത്തിയിട്ട്‌ ഒരാഴ്‌ച ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. തലസ്ഥാനമായ വിന്റ്‌ഹുക്കിൽ ഒരു പരസ്യയോഗം നടത്താൻ പോകുകയായിരുന്നു ഞങ്ങൾ. അങ്ങകലെയുള്ള ഓസ്‌ട്രേലിയയിൽനിന്ന്‌ ഞങ്ങൾ ഈ ആഫ്രിക്കൻ രാജ്യത്ത്‌ എത്തിയത്‌ എങ്ങനെയാണ്‌? ഞാനും ഭാര്യയും മറ്റു മൂന്നു യുവതികളും ദൈവരാജ്യ സുവിശേഷത്തിന്റെ മിഷനറിമാരായി എത്തിയതായിരുന്നു.​—⁠മത്തായി 24:14.

ഞാൻ ജനിച്ചത്‌ അങ്ങ്‌ ഓസ്‌ട്രേലിയയിലാണ്‌, 1914 എന്ന നിർണായക വർഷത്തിൽ. എന്റെ കൗമാര വർഷങ്ങളിലാണ്‌ വൻ സാമ്പത്തിക മാന്ദ്യം ഉണ്ടായത്‌. അതുകൊണ്ട്‌ കുടുംബത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നടന്നുപോകാൻ എന്റെ സഹായവും വേണമായിരുന്നു. ജോലിയൊന്നും കിട്ടാനില്ലായിരുന്നു. എന്നാൽ ഓസ്‌ട്രേലിയയിൽ അന്നൊക്കെ ധാരാളം ഉണ്ടായിരുന്ന കാട്ടു മുയലിനെ പിടിക്കാനുള്ള ഒരു മാർഗം ഞാൻ കണ്ടുപിടിച്ചു. അങ്ങനെ വീട്ടിൽ എപ്പോഴും എന്റെ വക മുയലിറച്ചി ഉണ്ടാകുമായിരുന്നു.

രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട 1939 ആയപ്പോഴേക്കും എനിക്ക്‌ മെൽബൺ നഗരത്തിലെ ട്രാമുകളിലും ബസുകളിലും ഒരു ജോലി ശരിയായി. ഷിഫ്‌റ്റുകളായി ജോലി ചെയ്‌തിരുന്ന ഏകദേശം 700 ബസ്‌ ജീവനക്കാർ ഉണ്ടായിരുന്നു. ഓരോ ഷിഫ്‌റ്റിലും ഒരു പുതിയ ഡ്രൈവറെയോ കണ്ടക്ടറെയോ ഞാൻ കണ്ടുമുട്ടി. പലപ്പോഴും ഞാൻ അവരോട്‌ “നിങ്ങളുടെ മതം ഏതാണ്‌?” എന്നു ചോദിക്കുകയും അവരുടെ വിശ്വാസങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. എനിക്കു തൃപ്‌തികരമായ ഉത്തരങ്ങൾ നൽകാൻ ഒരാൾക്കു മാത്രമേ കഴിഞ്ഞുള്ളൂ. അദ്ദേഹം യഹോവയുടെ സാക്ഷികളിൽ ഒരാളായിരുന്നു. ദൈവഭയമുള്ള മനുഷ്യർക്ക്‌ എന്നേക്കും ജീവിക്കാൻ കഴിയുന്ന പറുദീസ ഭൂമിയെ കുറിച്ചുള്ള ബൈബിളധിഷ്‌ഠിത സന്ദേശം അദ്ദേഹം എന്നെ അറിയിച്ചു.​—⁠സങ്കീർത്തനം 37:29.

അതിനിടെ എന്റെ അമ്മയും യഹോവയുടെ സാക്ഷികളെ പരിചയപ്പെടാൻ ഇടയായി. വൈകിയുള്ള ഷിഫ്‌റ്റ്‌ കഴിഞ്ഞ്‌ വീട്ടിൽ എത്തുമ്പോൾ പലപ്പോഴും മേശപ്പുറത്ത്‌ ഭക്ഷണത്തോടൊപ്പം ആശ്വാസം (ഇംഗ്ലീഷ്‌, [ഇപ്പോൾ ഉണരുക! എന്ന്‌ അറിയപ്പെടുന്നു]) എന്ന മാസികയുടെ ഒരു പ്രതിയും ഉണ്ടായിരിക്കും. ആ മാസികകളിൽ വായിച്ച കാര്യങ്ങൾ എനിക്ക്‌ ഇഷ്ടപ്പെട്ടു. ക്രമേണ ഇതുതന്നെയാണ്‌ സത്യമതം എന്ന നിഗമനത്തിൽ ഞാൻ എത്തിച്ചേർന്നു. അങ്ങനെ ഞാൻ സഭയുമായി സജീവമായി സഹവസിക്കാൻ തുടങ്ങുകയും 1940 മേയിൽ സ്‌നാപനമേൽക്കുകയും ചെയ്‌തു.

മെൽബണിൽ ഒരു പയനിയർ ഭവനം ഉണ്ടായിരുന്നു. അവിടെ യഹോവയുടെ സാക്ഷികളുടെ ഏകദേശം 25 മുഴുസമയ ശുശ്രൂഷകരാണു താമസിച്ചിരുന്നത്‌. ഞാനും അവരോടൊപ്പം താമസം തുടങ്ങി. പ്രസംഗ വേലയിലെ അവരുടെ ആവേശജനകമായ അനുഭവങ്ങളെ കുറിച്ച്‌ ദിവസവും കേട്ടു കേട്ട്‌ ഒടുവിൽ ഒരു പയനിയർ ആയിത്തീരാനുള്ള ആഗ്രഹം എനിക്കും ഉണ്ടായി. ഞാൻ പയനിയർ സേവനത്തിന്‌ അപേക്ഷ അയച്ചു. അപേക്ഷ സ്വീകരിക്കപ്പെടുകയും യഹോവയുടെ സാക്ഷികളുടെ ഓസ്‌ട്രേലിയ ബ്രാഞ്ച്‌ ഓഫീസിൽ സേവിക്കാൻ എനിക്കു ക്ഷണം ലഭിക്കുകയും ചെയ്‌തു. അങ്ങനെ ഞാൻ ബെഥേൽ കുടുംബത്തിലെ ഒരംഗം ആയിത്തീർന്നു.

തടവും നിരോധനവും

ബെഥേലിൽ എനിക്കു ലഭിച്ച നിയമനങ്ങളിൽ ഒന്ന്‌ ഒരു തടിമില്ല്‌ പ്രവർത്തിപ്പിക്കുക എന്നതായിരുന്നു. ഇന്ധനം ഉത്‌പാദിപ്പിക്കുന്നതിന്‌ ആവശ്യമായ മരക്കരി ഉണ്ടാക്കാനായി തടി അറക്കുക ആയിരുന്നു ഞങ്ങളുടെ ജോലി. യുദ്ധ സമയമായതിനാൽ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്ന പെട്രോൾ കിട്ടാനില്ലായിരുന്നു. അതുകൊണ്ട്‌ മരക്കരിയിൽനിന്ന്‌ ഉത്‌പാദിപ്പിച്ച ഇന്ധനം ഉപയോഗിച്ചാണ്‌ ബ്രാഞ്ചിലെ വാഹനങ്ങൾ ഓടിച്ചിരുന്നത്‌. മില്ലിൽ ഞങ്ങൾ 12 പേരാണ്‌ ഉണ്ടായിരുന്നത്‌. എല്ലാവരെയും നിർബന്ധിത സൈനിക സേവനത്തിനു വിളിച്ചിരുന്നു. ബൈബിൾ തത്ത്വങ്ങളോടു പറ്റിനിന്നുകൊണ്ട്‌ ഇതു ചെയ്യാൻ വിസമ്മതിച്ചതിനാൽ അധികം താമസിയാതെ ഞങ്ങളെ എല്ലാവരെയും ആറു മാസത്തെ തടവിനു വിധിച്ചു. (യെശയ്യാവു 2:⁠4) നിർബന്ധിത തൊഴിലിനായി ഞങ്ങളെ ജയിലിന്റെ വകയായുള്ള ഒരു ഫാമിലേക്ക്‌ അയച്ചു. അവിടെ ഞങ്ങൾക്കു ലഭിച്ച പണി എന്തായിരുന്നെന്നോ? തടി അറക്കൽ, ബെഥേലിൽ ഞങ്ങൾ പരിശീലിച്ച അതേ ജോലി!

ജയിൽ വാർഡന്‌ ഞങ്ങളുടെ പണി വളരെ ഇഷ്ടപ്പെട്ടു. അതുകൊണ്ട്‌ കർശനമായ വിലക്കുകളൊന്നും ഗണ്യമാക്കാതെ ബൈബിളും ബൈബിൾ സാഹിത്യങ്ങളും കൈവശം വെയ്‌ക്കാൻ അദ്ദേഹം ഞങ്ങളെ അനുവദിച്ചു. ഈ സമയത്ത്‌ മനുഷ്യ ബന്ധങ്ങൾ സംബന്ധിച്ച ഒരു നല്ല പാഠവും ഞാൻ പഠിച്ചു. ബെഥേലിൽ ആയിരുന്ന സമയത്ത്‌ എനിക്ക്‌ ഒരു വിധത്തിലും ഒത്തുപോകാൻ കഴിയാതിരുന്ന ഒരു സഹോദരൻ ഉണ്ടായിരുന്നു. വ്യക്തിത്വത്തിന്റെ കാര്യത്തിൽ ഞങ്ങൾ രണ്ടു ധ്രുവങ്ങളിലായിരുന്നു. തടവറയിൽ എന്നോടൊപ്പം ഇട്ടത്‌ ആരെയാണെന്ന്‌ ഊഹിക്കാമോ? അതേ, ആ സഹോദരനെ തന്നെ. ഇപ്പോൾ ഞങ്ങൾക്കു പരസ്‌പരം അടുത്തറിയാനുള്ള അവസരം ലഭിച്ചു. ഇത്‌ നീണ്ടുനിൽക്കുന്ന ഒരു ഉറ്റ സ്‌നേഹബന്ധത്തിലേക്കു നയിച്ചു.

പിന്നീട്‌, ഓസ്‌ട്രേലിയയിൽ യഹോവയുടെ സാക്ഷികളുടെ വേല നിരോധിക്കപ്പെട്ടു. ഫണ്ടുകളെല്ലാം കണ്ടുകെട്ടി. ബെഥേലിലെ സഹോദരങ്ങൾ സാമ്പത്തികമായി വളരെ കഷ്ടപ്പെട്ടു. ഒരിക്കൽ ഒരു സഹോദരൻ വന്ന്‌ എന്നോടു പറഞ്ഞു: “ഡിക്ക്‌, എനിക്ക്‌ പട്ടണത്തിൽ പോയി സാക്ഷീകരിക്കണമെന്നുണ്ട്‌. പക്ഷേ ജോലി ചെയ്യുമ്പോൾ ഇടുന്ന ഷൂസല്ലാതെ വെറൊന്നും എനിക്കില്ല.” ഞാൻ സന്തോഷപൂർവം എന്റെ ഷൂസ്‌ അദ്ദേഹത്തിനു കൊടുത്തു. അദ്ദേഹം അതും ധരിച്ച്‌ പട്ടണത്തിലേക്കു യാത്രയായി.

സാക്ഷീകരിച്ചുകൊണ്ടിരിക്കെ ആ സഹോദരനെ അറസ്റ്റു ചെയ്‌തെന്നും അദ്ദേഹം ജയിലിൽ ആണെന്നും ഞങ്ങൾക്കു പിന്നീട്‌ വിവരം ലഭിച്ചു. അദ്ദേഹത്തിന്‌ ഞാൻ ഈ ചെറിയ കുറിപ്പ്‌ അയച്ചു: “വിവരം അറിഞ്ഞു, വളരെ വിഷമം ഉണ്ട്‌. ആ ഷൂ എന്റെ കാലിൽ ആയിരുന്നെങ്കിൽ . . .” എന്നാൽ അധികം കഴിയുന്നതിനു മുമ്പ്‌ നിഷ്‌പക്ഷമായ നിലപാടിന്റെ പേരിൽ എന്നെയും അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിൽ അടച്ചു. അങ്ങനെ ഞാൻ രണ്ടാമതും തടവിലായി. ജയിലിൽനിന്നു വിട്ടയ്‌ക്കപ്പെട്ടപ്പോൾ ബെഥേൽ കുടുംബത്തിന്‌ ആവശ്യമായ ഭക്ഷ്യവസ്‌തുക്കൾ ഉത്‌പാദിപ്പിച്ചിരുന്ന കൃഷിയിടത്തിന്റെ മേൽനോട്ടം എനിക്കു നൽകപ്പെട്ടു. ആ സമയം ആയപ്പോഴേക്കും ഞങ്ങൾക്ക്‌ അനുകൂലമായ കോടതി വിധി വരികയും യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങളുടെ മേലുള്ള നിരോധനം നീക്കപ്പെടുകയും ചെയ്‌തിരുന്നു.

തീക്ഷ്‌ണതയുള്ള ഒരു സുവിശേഷകയുമായുള്ള വിവാഹം

കൃഷിയിടത്തു സേവിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ വിവാഹത്തെ കുറിച്ച്‌ ഗൗരവപൂർവം ചിന്തിക്കാൻ തുടങ്ങി. കോറലീ ക്ലോഗൻ എന്ന ഒരു യുവ പയനിയർ സഹോദരിയിൽ ഞാൻ ആകൃഷ്ടനായി. കോറലീയുടെ കുടുംബത്തിൽ ആദ്യം ബൈബിൾ സന്ദേശത്തിൽ താത്‌പര്യം പ്രകടമാക്കിയത്‌ അവളുടെ മുത്തശ്ശി ആയിരുന്നു. മരണശയ്യയിൽ വെച്ച്‌ അവർ കോറലീയുടെ അമ്മ വീരയോട്‌ ഇങ്ങനെ പറഞ്ഞിരുന്നു: “നിന്റെ മക്കളെ ദൈവത്തെ സ്‌നേഹിക്കുന്നവരും സേവിക്കുന്നവരുമായി വളർത്തുക. നമുക്ക്‌ പറുദീസ ഭൂമിയിൽവെച്ച്‌ വീണ്ടും കാണാം.” പിന്നീട്‌ ഒരു പയനിയർ സഹോദരൻ വീരയുടെ ഭവനം സന്ദർശിച്ച്‌ ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കയില്ല (ഇംഗ്ലീഷ്‌) എന്ന പ്രസിദ്ധീകരണം കാണിച്ചപ്പോൾ ആ വാക്കുകളുടെ അർഥം അവർക്കു മനസ്സിലായി തുടങ്ങി. ഒരു പറുദീസ ഭൂമിയിൽ മനുഷ്യവർഗം ജീവിതം ആസ്വദിക്കണം എന്നത്‌ ദൈവത്തിന്റെ ഉദ്ദേശ്യമാണെന്ന്‌ ആ ചെറുപുസ്‌തകം അവരെ ബോധ്യപ്പെടുത്തി. (വെളിപ്പാടു 21:​4, 5) വീര 1930-കളുടെ തുടക്കത്തിൽ സ്‌നാപനമേൽക്കുകയും തന്റെ അമ്മ പറഞ്ഞതുപോലെതന്നെ മൂന്നു പുത്രിമാരിലും​—⁠ലൂസി, ജീൻ, കോറലീ​—⁠ദൈവത്തോടുള്ള ആഴമായ സ്‌നേഹം ഉൾനടുകയും ചെയ്‌തു. എന്നാൽ കോറലീയുടെ പിതാവ്‌ തന്റെ കുടുംബത്തിന്റെ മത താത്‌പര്യങ്ങളെ ശക്തമായി എതിർത്തു, കുടുംബങ്ങളിൽ സംഭവിച്ചേക്കാമെന്നു യേശു പറഞ്ഞിരുന്നതു പോലെതന്നെ.​—⁠മത്തായി 10:​34-36.

കോറലീയുടെ വീട്ടിൽ എല്ലാവരും നല്ല സംഗീത വാസനയുള്ളവർ ആയിരുന്നു. കുട്ടികൾക്കെല്ലാം ഓരോ സംഗീതോപകരണം വായിക്കാൻ അറിയാമായിരുന്നു. വയലിനായിരുന്നു കോറലീ വായിച്ചിരുന്നത്‌. 1939-ൽ 15 വയസ്സുള്ളപ്പോൾ കോറലീക്കു സംഗീതത്തിൽ ഡിപ്ലോമാ ലഭിച്ചു. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ കോറലീ തന്റെ ഭാവിയെ കുറിച്ച്‌ ഗൗരവമായി ചിന്തിക്കാൻ തുടങ്ങി. തുടർന്ന്‌ എന്തു ചെയ്യണം എന്നതിനെ കുറിച്ച്‌ ഒരു തീരുമാനം എടുക്കാനുള്ള സമയം ആയിരുന്നു അത്‌. അവൾക്കു വേണമെങ്കിൽ സംഗീത രംഗത്ത്‌ ശോഭിക്കാമായിരുന്നു. മെൽബൺ സിംഫണി ഓർക്കെസ്‌ട്രയിൽ ചേരാനുള്ള ക്ഷണം അവൾക്ക്‌ അപ്പോൾത്തന്നെ ലഭിച്ചിരുന്നു. അല്ലെങ്കിൽ രാജ്യസന്ദേശം പ്രസംഗിക്കുക എന്ന മഹത്തായ വേലയ്‌ക്കായി തന്റെ സമയം ചെലവഴിക്കാൻ സാധിക്കുമായിരുന്നു. വളരെയധികം ചിന്തിച്ച ശേഷം 1940-ൽ കോറലീ തന്റെ രണ്ടു ചേച്ചിമാരോടൊപ്പം സ്‌നാപനമേൽക്കുകയും മുഴുസമയ സുവിശേഷ വേലയിൽ പ്രവേശിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്‌തു.

മുഴുസമയ ശുശ്രൂഷയിൽ പ്രവേശിക്കാനുള്ള തീരുമാനം എടുത്തതേ ഉണ്ടായിരുന്നുള്ളൂ, ഓസ്‌ട്രേലിയ ബ്രാഞ്ചിലെ ഉത്തരവാദിത്വ സ്ഥാനത്തായിരുന്ന ലോയിഡ്‌ ബാരി എന്ന സഹോദരൻ​—⁠അദ്ദേഹം പിന്നീട്‌ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരംഗമായി സേവിച്ചു​—⁠അവളെ സമീപിച്ചു. അദ്ദേഹം മെൽബണിൽ ഒരു പ്രസംഗത്തിനായി വന്നതായിരുന്നു. കോറലീയോട്‌ സഹോദരൻ ചോദിച്ചു: “ഞാൻ ബെഥേലിലേക്കു തിരിച്ചുപോകുകയാണ്‌. എന്റെ കൂടെ പോരുന്നോ, ബെഥേലിൽ സേവിക്കാൻ?” അവൾ സന്തോഷത്തോടെ ആ ക്ഷണം സ്വീകരിച്ചു.

ഓസ്‌ട്രേലിയയിൽ വേല നിരോധിക്കപ്പെട്ടിരുന്ന യുദ്ധ വർഷങ്ങളിൽ സഹോദരങ്ങൾക്കു ബൈബിൾ സാഹിത്യങ്ങൾ ലഭ്യമാക്കുന്നതിൽ കോറലീയും ബെഥേലിലെ മറ്റു സഹോദരിമാരും വളരെ പ്രധാനപ്പെട്ട പങ്കു വഹിച്ചു. മാൽക്കം വെയ്‌ൽ സഹോദരന്റെ മേൽനോട്ടത്തിൽ അവരാണ്‌ അച്ചടി വേലയുടെ സിംഹഭാഗവും നിർവഹിച്ചിരുന്നത്‌. പുതിയ ലോകം (ഇംഗ്ലീഷ്‌), കുട്ടികൾ (ഇംഗ്ലീഷ്‌) എന്നീ പുസ്‌തകങ്ങളുടെ അച്ചടിയും ബയൻഡിങ്ങുമൊക്കെ ഈ കാലത്താണു നടന്നത്‌. നിരോധനം നിലവിലിരുന്ന രണ്ടിലധികം വർഷക്കാലത്ത്‌ വീക്ഷാഗോപുരം മാസികയുടെ ഒരു ലക്കം പോലും അച്ചടിക്കാതെ പോയില്ല.

പോലീസ്‌ കണ്ടെത്താതിരിക്കാൻ അച്ചടിശാല ഏതാണ്ട്‌ 15 പ്രാവശ്യം മാറ്റിസ്ഥാപിക്കേണ്ടി വന്നു. ഒരിക്കൽ ഒരു കെട്ടിടത്തിന്റെ ബേസ്‌മെന്റിലാണ്‌ ബൈബിൾ സാഹിത്യങ്ങൾ അച്ചടിച്ചിരുന്നത്‌. എന്നാൽ മറ്റാരും ഇത്‌ അറിയാതിരിക്കാനായി ഒരു മറയെന്നവണ്ണം മറ്റു സാഹിത്യങ്ങളും അവിടെ അച്ചടിച്ചിരുന്നു. എന്തെങ്കിലും അപകടമുണ്ടെന്നു കണ്ടാൽ റിസപ്‌ഷനിലുള്ള സഹോദരി ഉടനെ ഒരു ബെൽ അമർത്തുമായിരുന്നു. അങ്ങനെ പരിശോധനയ്‌ക്ക്‌ ആരെങ്കിലും എത്തുന്നതിനു മുമ്പു തന്നെ പ്രസിദ്ധീകരണങ്ങൾ എല്ലാം ഒളിപ്പിക്കാൻ ബേസ്‌മെന്റിലുള്ള സഹോദരിമാർക്കു കഴിഞ്ഞിരുന്നു.

ഒരിക്കൽ പരിശോധന നടന്ന ഒരു സന്ദർഭത്തിൽ വീക്ഷാഗോപുരം മാസിക മേശപ്പുറത്ത്‌ എല്ലാവർക്കും കാണാൻ കഴിയുന്ന വിധത്തിൽ കിടക്കുന്നതു കണ്ട്‌ സഹോദരിമാർ ഞെട്ടിപ്പോയി. എന്നാൽ അകത്തേക്കു പ്രവേശിച്ച പോലീസുകാരൻ നേരെ വന്ന്‌ തന്റെ പെട്ടി അതിന്മേൽ വെച്ചിട്ട്‌ പരിശോധന തുടങ്ങി. കുറെ നേരം തിരഞ്ഞിട്ട്‌ ഒന്നും കിട്ടാതെ വന്നപ്പോൾ, അദ്ദേഹം തന്റെ പെട്ടിയുമെടുത്ത്‌ ഇറങ്ങിപ്പോയി!

നിരോധനം പിൻവലിക്കുകയും ബ്രാഞ്ച്‌ സഹോദരങ്ങൾക്കു തിരികെ കിട്ടുകയും ചെയ്‌തശേഷം പലർക്കും പ്രത്യേക പയനിയർമാരായി വയലിലേക്കു പോകാനുള്ള അവസരം ലഭിച്ചു. അപ്പോൾ കോറലീ ഗ്ലെനിനിസിലേക്കു പോകാൻ സ്വമേധയാ താത്‌പര്യം പ്രകടിപ്പിച്ചു. 1948 ജനുവരി 1-ന്‌ ഞങ്ങൾ വിവാഹിതരായതിനെ തുടർന്ന്‌ ഞാനും അവളോടൊപ്പം അവിടെ പ്രവർത്തനം ആരംഭിച്ചു. ഞങ്ങൾക്ക്‌ മറ്റൊരു സ്ഥലത്തേക്കു നിയമനം കിട്ടിയപ്പോഴേക്കും അവിടെ തഴച്ചുവളരുന്ന ഒരു സഭ സ്ഥാപിതമായിട്ടുണ്ടായിരുന്നു.

അടുത്തതായി ഞങ്ങൾക്കു നിയമനം ലഭിച്ചത്‌ റോക്ക്‌ഹാംപ്‌റ്റൺ എന്ന സ്ഥലത്തായിരുന്നു. എന്നാൽ അവിടെ താമസസൗകര്യമൊന്നും ലഭിച്ചില്ല. അതുകൊണ്ട്‌ ഒരു താത്‌പര്യക്കാരന്റെ കൃഷിയിടത്തിലെ ഒരു തുറസ്സായ സ്ഥലത്ത്‌ കൂടാരം അടിച്ച്‌ ഞങ്ങൾ താമസമാക്കി. അടുത്ത ഒമ്പതു മാസം ആ കൂടാരമായിരുന്നു ഞങ്ങളുടെ വീട്‌. എന്നാൽ അടുത്ത മഴക്കാലത്ത്‌ ശക്തമായ കാറ്റും മഴയും ഞങ്ങളുടെ കൂടാരം അടിച്ചൊഴുക്കിക്കൊണ്ടുപോയപ്പോൾ അതിലെ താമസം നിറുത്തേണ്ടി വന്നു. *

വിദേശ നിയമനം

റോക്ക്‌ഹാംപ്‌റ്റണിൽ ആയിരിക്കെ മിഷനറി പരിശീലനത്തിനായി വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്റെ 19-ാമത്തെ ക്ലാസ്സിൽ സംബന്ധിക്കാൻ ഞങ്ങൾക്കു ക്ഷണം ലഭിച്ചു. അങ്ങനെയാണ്‌ 1952-ലെ ബിരുദധാരണത്തിനു ശേഷം അന്ന്‌ തെക്കുപടിഞ്ഞാറൻ ആഫ്രിക്ക എന്നറിയപ്പെട്ടിരുന്ന ദേശത്തേക്ക്‌ ഞങ്ങൾ അയയ്‌ക്കപ്പെട്ടത്‌.

താമസിയാതെതന്നെ ക്രൈസ്‌തവലോകത്തിലെ വൈദികർ ഞങ്ങളുടെ മിഷനറി വേലയെ എതിർക്കാൻ തുടങ്ങി. ഞങ്ങളെ സൂക്ഷിക്കണമെന്ന്‌ തുടർച്ചയായി ആറു ഞായറാഴ്‌ചകളിൽ അവർ പള്ളിയിൽ വിളിച്ചുപറഞ്ഞു. ഞങ്ങളെ വീട്ടിൽ കയറ്റരുതെന്നും ബൈബിൾ വായിക്കാൻ അനുവദിക്കരുതെന്നും അവർ പറഞ്ഞു. അത്‌ അവരെ ആശയക്കുഴപ്പത്തിലാക്കുമത്രേ. ഒരു പ്രദേശത്ത്‌ ഞങ്ങൾ ധാരാളം സാഹിത്യങ്ങൾ സമർപ്പിച്ചു. എന്നാൽ പുരോഹിതൻ ഞങ്ങളുടെ പുറകേ ഓരോ വീട്ടിലും ചെന്ന്‌ സാഹിത്യങ്ങളെല്ലാം ശേഖരിച്ചു. ഒരു ദിവസം അദ്ദേഹത്തിന്റെ പഠനമുറിയിൽ വെച്ച്‌ ഒരു ചർച്ച നടത്താൻ അവസരം ലഭിച്ചപ്പോൾ അവിടെ നമ്മുടെ പുസ്‌തകങ്ങളുടെ ഒരു അടുക്കുതന്നെ കാണാൻ കഴിഞ്ഞു.

ഏറെ കഴിയുന്നതിനു മുമ്പ്‌, പ്രാദേശിക അധികാരികളും നമ്മുടെ പ്രവർത്തനം സംബന്ധിച്ച്‌ അസ്വസ്ഥരായി. അതിനു പിന്നിൽ വൈദികരായിരുന്നു എന്നതിനു സംശയമില്ല. ഞങ്ങൾക്ക്‌ കമ്മ്യൂണിസ്റ്റുകാരുമായി എന്തോ ബന്ധമുണ്ടെന്ന്‌ അവർ സംശയിച്ചു. അതുകൊണ്ട്‌ ഞങ്ങളുടെ വിരലടയാളങ്ങൾ ശേഖരിച്ചു വെച്ചു. ഞങ്ങളുമായി ചർച്ച നടത്തിയ ചിലരെ വിളിച്ചു ചോദ്യം ചെയ്യുകയും ചെയ്‌തു. ഈ എതിർപ്പെല്ലാം ഉണ്ടായിരുന്നിട്ടും യോഗഹാജർ വർധിച്ചുകൊണ്ടേയിരുന്നു.

ഇവിടെ വന്നപ്പോൾ മുതൽ തദ്ദേശ വർഗക്കാരായ ഓവാമ്പോ, ഹെരെരോ, നാമ എന്നിവരെ ബൈബിളിന്റെ സന്ദേശം അറിയിക്കണമെന്ന തീവ്രമായ ആഗ്രഹം ഞങ്ങൾക്കുണ്ടായിരുന്നു. എന്നാൽ അത്‌ എളുപ്പമായിരുന്നില്ല. ആ കാലങ്ങളിൽ തെക്കുപടിഞ്ഞാറൻ ആഫ്രിക്ക ഭരിച്ചിരുന്നത്‌ ദക്ഷിണാഫ്രിക്കയിലെ വർണവിവേചന നയം പിൻപറ്റിയിരുന്ന ഗവൺമെന്റായിരുന്നു. വെള്ളക്കാരായ ഞങ്ങൾക്ക്‌ ഗവൺമെന്റിൽനിന്നുള്ള അനുമതി പത്രം കൂടാതെ, കറുത്തവർഗക്കാർ പാർത്തിരുന്ന പ്രദേശങ്ങളിൽ സാക്ഷീകരിക്കാൻ സാധിക്കില്ലായിരുന്നു. വീണ്ടും വീണ്ടും ഞങ്ങൾ അനുമതിക്കായി അപേക്ഷിച്ചുകൊണ്ടിരുന്നു. എന്നാൽ അതു നിഷേധിക്കപ്പെട്ടു.

രണ്ടു വർഷം വിദേശ വയലിൽ സേവിച്ച ശേഷം തീരെ അപ്രതീക്ഷിതമായ ഒന്നു സംഭവിച്ചു. കോറലീ ഗർഭിണിയായി. 1955 ഒക്ടോബറിൽ ഞങ്ങളുടെ മകൾ ഷാർലറ്റ്‌ ജനിച്ചു. ഞങ്ങൾക്കു മിഷനറിമാരായി തുടരാൻ കഴിഞ്ഞില്ലെങ്കിലും ഒരു അംശകാല ജോലി കണ്ടെത്താനും കുറച്ചു കാലം ഒരു പയനിയറായി തുടരാനും എനിക്കു സാധിച്ചു.

ഞങ്ങളുടെ പ്രാർഥനയ്‌ക്കുള്ള ഉത്തരം

ആയിരത്തിത്തൊള്ളായിരത്തറുപതിൽ ഞങ്ങൾ മറ്റൊരു വെല്ലുവിളിയെ നേരിട്ടു. കോറലീയുടെ വീട്ടിൽനിന്ന്‌ അമ്മയ്‌ക്ക്‌ തീരെ സുഖമില്ലെന്നും അപ്പോൾ ചെന്നില്ലെങ്കിൽ പിന്നെ അമ്മയെ ഒരിക്കലും കാണാൻ സാധിച്ചെന്നു വരില്ല എന്നും പറഞ്ഞുകൊണ്ടുള്ള ഒരു കത്തു വന്നു. തെക്കുപടിഞ്ഞാറൻ ആഫ്രിക്കയിൽനിന്ന്‌ ഓസ്‌ട്രേലിയയിലേക്കു മടങ്ങാൻ ഞങ്ങൾ പരിപാടിയിട്ടു. അപ്പോഴാണ്‌ അതു സംഭവിച്ചത്‌​—⁠ഞങ്ങൾ പോകാനിരുന്ന ആഴ്‌ചയിൽ കറുത്തവർഗക്കാർ താമസിക്കുന്ന കാട്ടൂട്ടൂരായിൽ പ്രവേശിക്കാനുള്ള അനുമതി പ്രാദേശിക അധികാരികളിൽനിന്നു ലഭിച്ചു. ഇപ്പോൾ എന്തു ചെയ്യും? ഏഴുവർഷത്തെ നിരന്തര പരിശ്രമം ഫലംകായ്‌ച്ചപ്പോൾ അതു കൈവിട്ടു കളയാനോ? ഞങ്ങൾ തുടങ്ങിവെച്ച വേല മറ്റുള്ളവർ തുടർന്നുകൊള്ളുമെന്നു ചിന്തിക്കാൻ എളുപ്പമായിരുന്നു. എന്നാൽ ഇത്‌ യഹോവയിൽ നിന്നുള്ള അനുഗ്രഹവും ഞങ്ങളുടെ പ്രാർഥനയ്‌ക്കുള്ള ഉത്തരവും ആയിരുന്നില്ലേ?

ഞാൻ അവിടെത്തന്നെ തങ്ങാനും​—⁠എല്ലാവരും കൂടെ പോയാൽ സ്ഥിര താമസത്തിനുള്ള അനുമതി നിഷേധിക്കപ്പെടുമെന്നു ഞങ്ങൾ ഭയന്നു​—⁠കോറലീയെയും ഷാർലറ്റിനെയും ഓസ്‌ട്രേലിയയിലേക്ക്‌ നീണ്ട ഒരു അവധിക്കു വിടാനും ഞാൻ പെട്ടെന്നുതന്നെ തീരുമാനിച്ചു. അങ്ങനെ പിറ്റേന്നു ഞാൻ എന്റെ കപ്പൽ ടിക്കറ്റ്‌ കാൻസൽ ചെയ്യുകയും അവരെ രണ്ടുപേരെയും യാത്രയാക്കുകയും ചെയ്‌തു.

അവർ പോയശേഷം ഞാൻ കറുത്ത വർഗക്കാർക്കിടയിൽ സാക്ഷീകരിക്കാൻ തുടങ്ങി. വളരെയധികം പേർ താത്‌പര്യം പ്രകടമാക്കി. കോറലീയും ഷാർലറ്റും തിരിച്ചു വന്നപ്പോഴേക്കും കറുത്ത വർഗക്കാരിൽ പലരും ഞങ്ങളുടെ യോഗങ്ങൾക്കു ഹാജരായി തുടങ്ങിയിരുന്നു.

ഇതിനോടകം ഞാൻ ഒരു പഴയ കാർ വാങ്ങിയിരുന്നു. അതിലാണ്‌ താത്‌പര്യക്കാരെ യോഗങ്ങൾക്കു കൊണ്ടുപോയിരുന്നത്‌. ഓരോ യോഗത്തിനും ഏഴു മുതൽ ഒമ്പതു വരെ ആളുകളെ കയറ്റിക്കൊണ്ട്‌ നാലോ അഞ്ചോ പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും പോകേണ്ടിവരുമായിരുന്നു. അവസാനത്തെ ആൾ ഇറങ്ങി കഴിയുമ്പോൾ കോറലീ തമാശയ്‌ക്ക്‌ ചോദിക്കുമായിരുന്നു: “സീറ്റിനടിയിലൊന്നും ആരും ഇല്ലല്ലോ അല്ലേ?”

സാക്ഷീകരണ വേല കൂടുതൽ ഫലപ്രദം ആയിരിക്കുന്നതിന്‌ തദ്ദേശവാസികൾക്ക്‌ അവരുടെ ഭാഷയിൽത്തന്നെ സാഹിത്യം നൽകേണ്ടതുണ്ടായിരുന്നു. അതുകൊണ്ട്‌ ഒരു പുതിയ ലോകത്തിലെ ജീവിതം (ഇംഗ്ലീഷ്‌) എന്ന ലഘുലേഖ ഹെരെരോ, നാമ, ഇൻഡോംഗ, ക്വാന്യാമ എന്നീ നാല്‌ പ്രാദേശിക ഭാഷകളിലേക്കു പരിഭാഷപ്പെടുത്തുന്നതിനു വേണ്ട ഏർപ്പാടുകൾ ചെയ്യാനുള്ള പദവി എനിക്കു ലഭിച്ചു. അഭ്യസ്‌തവിദ്യരായ ബൈബിൾ വിദ്യാർഥികളായിരുന്നു പരിഭാഷകർ. എന്നാൽ അവർ ഓരോ വാചകവും കൃത്യതയോടെ പരിഭാഷപ്പെടുത്തുന്നു എന്ന്‌ ഉറപ്പുവരുത്താൻ ഞാൻ അവരോടൊപ്പം ഇരിക്കണമായിരുന്നു. നാമ അധികം പദസമ്പത്തില്ലാത്ത ഒരു ഭാഷയാണ്‌. ഉദാഹരണത്തിന്‌ “ആദിയിൽ ആദാം ഒരു പൂർണ മനുഷ്യനായിരുന്നു” എന്ന ആശയം ധരിപ്പിക്കാൻ ഞാൻ ശ്രമിക്കുകയായിരുന്നു. പരിഭാഷകൻ തലപുകഞ്ഞ്‌ ആലോചിച്ചിട്ടും “പൂർണ” എന്നതിനുള്ള പദം കിട്ടിയില്ല. പെട്ടെന്ന്‌ അദ്ദേഹം പറഞ്ഞു: “കിട്ടിപ്പോയി, ആദിയിൽ ആദാം പഴുത്തു പാകമായ ഒരു പീച്ച്‌ പോലെയായിരുന്നു.”

നിയമിത ഭവനത്തിൽ സന്തുഷ്ടർ

ഇപ്പോൾ നമീബിയ എന്നു വിളിക്കപ്പെടുന്ന ഈ രാജ്യത്ത്‌ ഞങ്ങൾ വന്നിട്ട്‌ ഏതാണ്ട്‌ 49 വർഷം പിന്നിട്ടിരിക്കുന്നു. കറുത്ത വർഗക്കാർ താമസിക്കുന്ന പ്രദേശങ്ങളിൽ കടക്കുന്നതിന്‌ ഇന്ന്‌ അനുമതി പത്രമൊന്നും ആവശ്യമില്ല. വർഗീയതാ വിമുക്തമായ ഒരു ഭരണഘടനയിൽ അധിഷ്‌ഠിതമായി ഭരണം നടത്തുന്ന ഒരു പുതിയ ഗവൺമെന്റാണ്‌ ഇപ്പോൾ നമീബിയ ഭരിക്കുന്നത്‌. വിന്റ്‌ഹുക്കിൽ ഇപ്പോൾ നാല്‌ വലിയ സഭകൾ ഉണ്ട്‌, അവർ നല്ല സൗകര്യമുള്ള രാജ്യഹാളുകളിൽ കൂടിവരുന്നു.

ഞങ്ങൾ ഗിലെയാദിൽ കേട്ട വാക്കുകൾ മിക്കപ്പോഴും ഓർക്കും: “വിദേശ നിയമന പ്രദേശം നിങ്ങളുടെ ഭവനമാക്കുക.” യഹോവ കാര്യങ്ങൾ വഴിനയിച്ച വിധത്തിൽനിന്ന്‌ ഈ വിദേശ രാജ്യം ഞങ്ങളുടെ ഭവനമായിത്തീരണം എന്നത്‌ അവന്റെ ആഗ്രഹം ആയിരുന്നെന്നു വളരെ വ്യക്തമാണ്‌. സംസ്‌കാരത്തിൽ വൈവിധ്യം പുലർത്തുന്ന ഇവിടത്തെ സഹോദരങ്ങളെ ഞങ്ങൾ സ്‌നേഹിക്കാനിടയായി. അവരുടെ സന്തോഷത്തിലും ദുഃഖത്തിലും ഞങ്ങൾ പങ്കുചേർന്നിരിക്കുന്നു. പണ്ട്‌ കാറിൽ തിക്കിക്കൊള്ളിച്ച്‌ ഞങ്ങൾ യോഗങ്ങൾക്കു കൊണ്ടുപോയിരുന്ന ആ പുതിയവരിൽ ചിലർ ഇന്ന്‌ അവരുടെ സഭകളിൽ തൂണുകളായി വർത്തിക്കുന്നു. 1953-ൽ ഞങ്ങൾ ഈ വലിയ രാജ്യത്ത്‌ എത്തുമ്പോൾ സുവാർത്ത പ്രസംഗിക്കാൻ പത്തു പ്രസാധകർ പോലും ഇവിടെ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ 1,200-ലധികം പേരുണ്ട്‌. തന്റെ വാഗ്‌ദാനത്തിനു ചേർച്ചയിൽ യഹോവയാം ദൈവം ഞങ്ങളും മറ്റുചിലരും ‘നടുകയും നനയ്‌ക്കുകയും’ ചെയ്‌തതിനെ വളരുമാറാക്കിയിരിക്കുന്നു.​—⁠1 കൊരിന്ത്യർ 3:⁠6.

ആദ്യം ഓസ്‌ട്രേലിയയിലും പിന്നെ ഇപ്പോൾ നമീബിയയിലുമായി ഞങ്ങൾ സേവിച്ച വർഷങ്ങളിലേക്കു തിരിഞ്ഞു നോക്കുമ്പോൾ എനിക്കും കോറലീക്കും അങ്ങേയറ്റത്തെ സംതൃപ്‌തി തോന്നുന്നു. യഹോവയുടെ ഇഷ്ടം ചെയ്യാനുള്ള ശക്തി അവൻ എന്നെന്നും ഞങ്ങൾക്കു നൽകട്ടെ എന്നു ഞങ്ങൾ പ്രാർഥിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നു.

[അടിക്കുറിപ്പ്‌]

^ ഖ. 22 പ്രയാസങ്ങൾ നിറഞ്ഞ ഈ നിയമനത്തിൽ വോൾഡ്രൊൺ ദമ്പതികൾ പിടിച്ചുനിന്നതെങ്ങനെ എന്നതിനെ കുറിച്ചുള്ള ആവേശജനകമായ ഒരു വിവരണം​—⁠അതിൽ അവരുടെ പേരു നൽകിയിട്ടില്ല​—⁠1952 ഡിസംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 707-8 പേജുകളിൽ കാണാം.

[26, 27 പേജുകളിലെ ചിത്രം]

ഓസ്‌ട്രേലിയയിലുള്ള റോക്ക്‌ഹാംപ്‌റ്റണിലേക്കു പോകുന്നു

[27-ാം പേജിലെ ചിത്രം]

ഗിലെയാദ്‌ സ്‌കൂളിലേക്കു പുറപ്പെടാനായി തുറമുഖത്ത്‌

[28-ാം പേജിലെ ചിത്രം]

നമീബിയയിലെ സാക്ഷീകരണം വളരെ സന്തോഷം നൽകുന്നു