യോശുവ മനസ്സിൽപ്പിടിച്ച കാര്യങ്ങൾ
യോശുവ മനസ്സിൽപ്പിടിച്ച കാര്യങ്ങൾ
“എന്റെ ദാസനായ മോശെ മരിച്ചു; ആകയാൽ നീയും ഈ ജനമൊക്കെയും പുറപ്പെട്ടു യോർദ്ദാന്നക്കരെ ഞാൻ യിസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശത്തേക്കു കടന്നുപോകുവിൻ.” (യോശുവ 1:2) എത്ര വലിയ ഒരു നിയമനമാണ് യഹോവ യോശുവയ്‌ക്കു നൽകിയത്! ഏകദേശം 40 വർഷമായി അവൻ മോശെയുടെ സേവകൻ എന്ന നിലയിൽ വർത്തിക്കുകയായിരുന്നു. ഇപ്പോഴിതാ തന്റെ യജമാനന്റെ സ്ഥാനം ഏറ്റെടുത്തുകൊണ്ട് ഇസ്രായേൽ മക്കളെ—അവരുമായി ഇടപെടുന്നത് പലപ്പോഴും വളരെ ബുദ്ധിമുട്ടായിരുന്നു—വാഗ്‌ദത്ത ദേശത്തേക്കു നയിക്കാൻ അവനോട് ആവശ്യപ്പെട്ടിരിക്കുന്നു.
ആ ദൗത്യത്തെ കുറിച്ചു ചിന്തിക്കവേ അതിനോടകം തന്നെ താൻ നേരിടുകയും തരണം ചെയ്യുകയും ചെയ്‌ത പല പരിശോധനകളെയും കുറിച്ചുള്ള ഓർമകൾ ഒരുപക്ഷേ അവന്റെ മനസ്സിലൂടെ കടന്നു പോയിട്ടുണ്ടാവണം. യോശുവ മനസ്സിൽപ്പിടിച്ച കാര്യങ്ങൾ അന്ന് അവന് വിലപ്പെട്ട ഒരു സഹായമായിരുന്നു എന്നതിനു സംശയമില്ല. ഇന്നു ക്രിസ്‌ത്യാനികൾക്കും അതിൽനിന്നു പ്രയോജനം നേടാനാകും.
അടിമയിൽനിന്ന് സേനാധിപതി എന്ന നിലയിലേക്ക്
നീണ്ട കാലം അടിമയായി സേവിച്ചതിന്റെ ഓർമകൾ യോശുവയ്‌ക്ക് ഉണ്ടായിരുന്നു. (പുറപ്പാടു 1:13, 14; 2:23) ആ സമയത്തെ യോശുവയുടെ അനുഭവങ്ങൾ എന്തൊക്കെയായിരുന്നു എന്നു നമുക്ക് ഊഹിക്കാനേ കഴിയൂ, കാരണം ബൈബിൾ അതിനെ കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്നില്ല. ഈജിപ്‌തിലായിരിക്കെ, ഒരു നല്ല സംഘാടകൻ ആയിരിക്കാൻ യോശുവ പഠിച്ചിരിക്കാം. ആ ദേശത്തുനിന്നുള്ള എബ്രായരുടെയും ‘വലിയൊരു സമ്മിശ്രപുരുഷാരത്തിന്റെയും’ പലായനം സംഘടിപ്പിക്കുന്നതിൽ അവൻ സഹായിച്ചിട്ടുണ്ടായിരിക്കാം.—പുറപ്പാടു 12:38.
എഫ്രയീം ഗോത്രത്തിൽപ്പെട്ട ഒരു കുടുംബത്തിലെ അംഗമായിരുന്നു യോശുവ. അവന്റെ വല്യപ്പനായ എലീശാമാ ആയിരുന്നു ഗോത്രപ്രഭു. ഇസ്രായേലിന്റെ മൂന്നുഗോത്ര വിഭാഗങ്ങളിൽ ഒന്നിൽപ്പെട്ട സായുധരായ 1,08,100 പേർ അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്നു. (സംഖ്യാപുസ്‌തകം 1:4, 10, 16; 2:18-24, NW; 1 ദിനവൃത്താന്തം 7:20, 26, 27) എന്നാൽ ഇസ്രായേല്യർ ഈജിപ്‌തിൽനിന്നു പുറപ്പെട്ടു പോന്നശേഷം പെട്ടെന്നുതന്നെ അമാലേക്യർ അവരെ ആക്രമിച്ചപ്പോൾ പ്രതിരോധ ആക്രമണം സംഘടിപ്പിക്കാനുള്ള ഉത്തരവാദിത്വം മോശെ നൽകിയത് യോശുവയ്‌ക്കായിരുന്നു. (പുറപ്പാടു 17:8, 9എ) യോശുവയുടെ അപ്പനെയോ വല്യപ്പനെയോ ഒന്നും തിരഞ്ഞെടുക്കാതെ യോശുവയെത്തന്നെ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരുന്നു? ഒരു ഗ്രന്ഥം ഇങ്ങനെ പറയുന്നു: “പ്രധാന ഗോത്രമായ എഫ്രയീമിലെ ഒരു പ്രമാണിയും സംഘാടന പ്രാപ്‌തിക്ക് അതിനോടകംതന്നെ പേരുകേട്ടവനും ജനങ്ങൾക്കു പൂർണ വിശ്വാസം ഉണ്ടായിരുന്നവനുമായ [യോശുവ] തന്നെയാണ് സൈനികരെ തിരഞ്ഞെടുത്തു വിന്യസിക്കാൻ ഏറ്റവും പറ്റിയ നേതാവെന്നു മോശെ കരുതി.”
യോശുവയെ തിരഞ്ഞെടുക്കാനുള്ള കാരണം എന്തായിരുന്നാലും തിരഞ്ഞെടുക്കപ്പെട്ടശേഷം അവൻ മോശെ കൽപ്പിച്ചതു പോലെതന്നെ പ്രവർത്തിച്ചു. ഇസ്രായേലിന് യുദ്ധത്തിൽ ഒട്ടും അനുഭവപരിചയം ഇല്ലായിരുന്നെങ്കിലും യോശുവയ്‌ക്ക് ദിവ്യസഹായത്തിൽ പൂർണവിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ട്, “ഞാൻ നാളെ കുന്നിൻമുകളിൽ ദൈവത്തിന്റെ വടി കയ്യിൽ പിടിച്ചും കൊണ്ടു നില്‌ക്കും” എന്ന മോശെയുടെ വാക്കുകൾ മാത്രം മതിയായിരുന്നു യോശുവയ്‌ക്കു ധൈര്യം പകരാൻ. അന്നത്തെ ഏറ്റവും വലിയ സൈനിക ശക്തിയെ യഹോവ അപ്പോൾ നശിപ്പിച്ചതേ ഉണ്ടായിരുന്നുള്ളു എന്ന കാര്യം യോശുവ ഓർത്തിട്ടുണ്ടാകണം. പിറ്റേ ദിവസം മോശെ സൂര്യാസ്‌തമയം വരെ കൈകൾ ഉയർത്തിപ്പിടിച്ചു നിന്നപ്പോൾ ശത്രുക്കൾക്ക് ഇസ്രായേലിന്റെ മുമ്പിൽ നിൽക്കാനായില്ല. അങ്ങനെ അമാലേക്യർ തോറ്റു പിൻവാങ്ങി. തുടർന്ന് “ഞാൻ അമാലേക്കിന്റെ ഓർമ്മ ആകാശത്തിന്റെ കീഴിൽനിന്നു അശേഷം മായിച്ചുകളയും” എന്ന ദിവ്യ പ്രഖ്യാപനം ‘ഒരു പുസ്‌തകത്തിൽ എഴുതി യോശുവയെ കേൾപ്പിക്കാൻ’ യഹോവ മോശെയോടു കൽപ്പിച്ചു. (പുറപ്പാടു 17:9ബി-14) അതേ, യഹോവ ഉറപ്പായും ആ ശിക്ഷാവിധി നടപ്പാക്കുമായിരുന്നു.
മോശെയുടെ സേവകൻ എന്ന നിലയിൽ
അമാലേക്യർ ഉൾപ്പെട്ട സംഭവം യോശുവയും മോശെയും തമ്മിൽ കൂടുതൽ അടുക്കുന്നതിന് ഇടയാക്കിയിരിക്കണം. യോശുവയുടെ “ബാല്യംമുതൽ [“യൗവനം മുതൽ,” NW] മോശെയുടെ മരണം വരെ ഏതാണ്ട് 40 വർഷക്കാലം മോശെയുടെ സേവകൻ അഥവാ ‘ശുശ്രൂഷക്കാരൻ’ ആയിരിക്കാനുള്ള പദവി യോശുവയ്‌ക്കു ലഭിച്ചു.—സംഖ്യാപുസ്‌തകം 11:28.
പദവികളും ഉത്തരവാദിത്വങ്ങളും ഉൾപ്പെട്ട ഒരു സ്ഥാനം ആയിരുന്നു അത്. ഉദാഹരണത്തിന്, മോശെയും അഹരോനും അഹരോന്റെ പുത്രന്മാരും ഇസ്രായേൽ മൂപ്പന്മാരിൽ 70 പേരും സീനായി മലയിൽ കയറി യഹോവയുടെ മഹത്ത്വം ദർശിച്ചപ്പോൾ സാധ്യതയനുസരിച്ച് യോശുവയും അവരോടൊപ്പം ഉണ്ടായിരുന്നു. തുടർന്ന്, മോശെ കുറേക്കൂടെ മുകളിലേക്കു കയറി പോയപ്പോൾ അവന്റെ സേവകൻ എന്ന നിലയിൽ യോശുവയും കൂടെ ചെന്നു. എന്നാൽ യഹോവയുടെ സാന്നിധ്യത്തെ പ്രതീകപ്പെടുത്തുന്ന മേഘത്തിലേക്ക് മോശെ പ്രവേശിച്ചപ്പോൾ യോശുവ ദൂരെ മാറിനിന്നിരിക്കണം. ശ്രദ്ധേയമായി, യോശുവ 40 രാവും 40 പകലും മലമുകളിൽത്തന്നെ കഴിഞ്ഞതായി കാണപ്പെടുന്നു. അവൻ വിശ്വസ്‌തതയോടെ തന്റെ യജമാനന്റെ വരവും കാത്തുനിന്നെന്നു പറയാൻ കഴിയും. കാരണം മോശെ സാക്ഷ്യപ്പലകകളുമായി മലയിറങ്ങാൻ തുടങ്ങിയപ്പോൾ യോശുവ അവനെ എതിരേറ്റു.—പുറപ്പാടു 24:1, 2, 9-18; 32:15-17.
ഇസ്രായേല്യർ സ്വർണക്കാളക്കുട്ടിയെ ഉണ്ടാക്കി വിഗ്രഹാരാധനയിൽ ഏർപ്പെട്ട സംഭവത്തിനു ശേഷം പാളയത്തിനു പുറത്തുള്ള സമാഗമന കൂടാരത്തിൽ യോശുവ മോശെക്കു തുടർന്നും ശുശ്രൂഷ ചെയ്‌തുപോന്നു. അവിടെ യഹോവ മോശെയോട് അഭിമുഖമായി സംസാരിച്ചു. എന്നാൽ മോശെ പാളയത്തിലേക്കു മടങ്ങിപ്പോയപ്പോൾ യോശുവ “കൂടാരത്തെ വിട്ടുപിരിയാതിരുന്നു.” ഇസ്രായേല്യർ ആരും തങ്ങളുടെ അശുദ്ധാവസ്ഥയിൽ കൂടാരത്തിൽ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ ഒരുപക്ഷേ അവന്റെ പുറപ്പാടു 33:7, 11.
സാന്നിധ്യം അവിടെ ആവശ്യം ആയിരുന്നിരിക്കാം. യോശുവ ആ ഉത്തരവാദിത്വം എത്ര ഗൗരവമായിട്ടാണ് എടുത്തത്!—മോശെയുമായുള്ള—ചരിത്രകാരനായ ജോസീഫസ് പറയുന്നതനുസരിച്ച്, മോശെയ്‌ക്ക് യോശുവയെക്കാൾ 35 വയസ്സ് കൂടുതലായിരുന്നു—സഹവാസം യോശുവയുടെ വിശ്വാസത്തെ വളരെയധികം ബലപ്പെടുത്തിയിരിക്കണം. അവരുടെ ബന്ധത്തെ, “പക്വതയും യുവത്വവും തമ്മിലും ഗുരുവും ശിഷ്യനും തമ്മിലുമുള്ള ബന്ധം” എന്നു വിശേഷിപ്പിച്ചിരിക്കുന്നു. അത് യോശുവ “ദൃഢചിത്തനും ആശ്രയയോഗ്യനുമായ ഒരു പുരുഷൻ” ആയിത്തീരുന്നതിലേക്കു നയിച്ചു. മോശെയെ പോലുള്ള പ്രവാചകന്മാർ ഇന്നു നമ്മുടെ ഇടയിൽ ഇല്ല എന്നതു ശരിയാണ്. എന്നാൽ യഹോവയുടെ ജനത്തിന്റെ സഭകളിൽ അനുഭവപരിചയവും ആത്മീയതയുമുള്ള പ്രായമേറിയ അനേകം വ്യക്തികളുണ്ട്. ഈ സഹോദരങ്ങൾക്ക് യഥാർഥ ശക്തിയുടെയും പ്രോത്സാഹനത്തിന്റെയും ഉറവ് ആയിരിക്കാനാകും. നിങ്ങൾ അവരെ വിലമതിക്കുന്നുണ്ടോ? അവരുമായുള്ള സഹവാസത്തിൽനിന്ന് നിങ്ങൾ പ്രയോജനം നേടുന്നുവോ?
കനാൻ ദേശത്തേക്ക് അയയ്‌ക്കപ്പെട്ട ഒരു ഒറ്റുകാരൻ
ഇസ്രായേല്യർക്ക് ന്യായപ്രമാണം ലഭിച്ച് അൽപ്പകാലം കഴിഞ്ഞപ്പോൾ യോശുവയുടെ ജീവിതത്തിലെ ഒരു സുപ്രധാന സംഭവം നടന്നു. വാഗ്‌ദത്ത ദേശം ഒറ്റുനോക്കുന്നതിനായി അവന്റെ ഗോത്രത്തിൽനിന്ന് അവൻ തിരഞ്ഞെടുക്കപ്പെട്ടു. ആ കഥ പരക്കെ അറിയപ്പെടുന്ന ഒന്നാണ്. യഹോവ വാഗ്‌ദാനം ചെയ്‌തതു പോലെതന്നെ ദേശം “പാലും തേനും ഒഴുകുന്ന” ഒന്നാണെന്ന് ഒറ്റുനോക്കാൻ പോയ 12 പേരും സമ്മതിച്ചു. എന്നാൽ അതിൽ പത്തുപേർ, ദേശത്തെ നിവാസികളെ തുരത്താൻ ഇസ്രായേലിനു കഴിയില്ലെന്നു ഭയപ്പെട്ടു. അവർക്കു വിശ്വാസം ഉണ്ടായിരുന്നില്ല. എന്നാൽ യഹോവ തങ്ങളോടൊപ്പം ഉണ്ടായിരിക്കും എന്നതു തീർച്ചയായതിനാൽ ഭയവും മത്സരവും ഒഴിവാക്കാൻ യോശുവയും കാലേബും ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. അപ്പോൾ മുഴു സഭയും അവർക്കെതിരെ തിരിയുകയും അവരെ കല്ലെറിയാൻ ഭാവിക്കുകയും ചെയ്‌തു. യഹോവ ആ സമയത്ത് തന്റെ തേജസ്സ് പ്രദർശിപ്പിച്ചുകൊണ്ട് ഇടപെട്ടില്ലായിരുന്നെങ്കിൽ അവർ ഒരുപക്ഷേ അതുതന്നെ ചെയ്യുമായിരുന്നു. അവരുടെ അവിശ്വാസം നിമിത്തം, 20 വയസ്സു മുതൽ മേലോട്ട് എണ്ണപ്പെട്ടവരായി ഇസ്രായേലിൽ ഉണ്ടായിരുന്ന ആരും കനാൻ ദേശത്തു കടക്കാൻ തക്കവണ്ണം ജീവിച്ചിരിക്കില്ല എന്ന് ദൈവം പ്രഖ്യാപിച്ചു. യോശുവയും കാലേബും ലേവ്യരും മാത്രമേ അതിജീവിച്ചുള്ളൂ.—സംഖ്യാപുസ്‌തകം 13:1-16, 25-29; 14:6-10, 26-30.
ഈജിപ്‌തിൽവെച്ച് യഹോവ ചെയ്‌ത വീര്യപ്രവൃത്തികൾ മുഴുജനവും കണ്ടതല്ലേ? അപ്പോൾ പിന്നെ ഭൂരിപക്ഷവും സംശയം പ്രകടിപ്പിച്ചപ്പോൾ ദൈവസഹായത്തിൽ വിശ്വാസം ഉള്ളവനായിരിക്കാൻ യോശുവയെ സഹായിച്ചത് എന്തായിരുന്നു? യഹോവയുടെ സകല വാഗ്‌ദാനങ്ങളും അവൻ അവ നിവർത്തിച്ച വിധവും അവന്റെ വീര്യപ്രവൃത്തികളുമൊക്കെ യോശുവ വ്യക്തമായി ഓർത്തുവെക്കുകയും അവയെ കുറിച്ചു ധ്യാനിക്കുകയും ചെയ്‌തിരുന്നിരിക്കണം. ‘യഹോവ ഇസ്രായേലിനെ കുറിച്ചു അരുളിച്ചെയ്‌ത സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്‌ചവന്നിട്ടില്ല, സകലവും സംഭവിച്ചു’ എന്നു വർഷങ്ങൾക്കു ശേഷം അവനു പറയാൻ കഴിഞ്ഞു. (യോശുവ 23:14) അതുകൊണ്ട് ഭാവി സംബന്ധിച്ച യഹോവയുടെ സകല വാഗ്‌ദാനങ്ങളും അതുപോലെതന്നെ നിറവേറുമെന്ന് യോശുവയ്‌ക്കു വിശ്വാസം ഉണ്ടായിരുന്നു. (എബ്രായർ 11:6) ഇത് ഒരു വ്യക്തിയെ പിൻവരുന്ന പ്രകാരം ചോദിക്കാൻ പ്രേരിപ്പിക്കണം: ‘എന്നെ സംബന്ധിച്ചെന്ത്? യഹോവയുടെ വാഗ്‌ദാനങ്ങളെ പറ്റി പഠിക്കാനും ധ്യാനിക്കാനും ഞാൻ നടത്തിയിരിക്കുന്ന ശ്രമം അവയുടെ ആശ്രയയോഗ്യതയെ കുറിച്ച് എന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ടോ? വരാൻ പോകുന്ന മഹോപദ്രവത്തിൽ എന്നെയും തന്റെ ജനത്തിൽപ്പെട്ട മറ്റുള്ളവരെയും സംരക്ഷിക്കാൻ ദൈവത്തിനു കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നുവോ?’
വിശ്വാസം മാത്രമല്ല, ശരിയായതിനു വേണ്ടി നിലകൊള്ളാനുള്ള ധൈര്യവും യോശുവയ്‌ക്ക് ഉണ്ടായിരുന്നു. സർവ സഭയും അവനെയും കാലേബിനെയും കല്ലെറിയാൻ ഭാവിച്ചപ്പോൾ അവർ ഒറ്റയ്‌ക്ക് യഹോവയ്‌ക്കു വേണ്ടി നിലകൊണ്ടു. നിങ്ങളായിരുന്നു ആ സാഹചര്യത്തിലെങ്കിൽ നിങ്ങൾക്ക് എന്തു തോന്നുമായിരുന്നു? ഭയം തോന്നുമായിരുന്നോ? എന്നാൽ യോശുവയുടെ കാര്യത്തിൽ അതു സംഭവിച്ചില്ല. അവനും കാലേബും തങ്ങൾ എന്തു വിശ്വസിച്ചോ അതു ദൃഢമായി പ്രസ്‌താവിച്ചു. യഹോവയോടുള്ള വിശ്വസ്‌തതയ്‌ക്കു തെളിവു നൽകുന്നതിന് ഒരുനാൾ നാമും അങ്ങനെ ചെയ്യേണ്ടി വന്നേക്കാം.
ഒറ്റുകാരെ കുറിച്ചുള്ള വിവരണം, യോശുവയുടെ പേരു മാറ്റിയതിനെ കുറിച്ചും പറയുന്നു. അവന്റെ ആദ്യ പേരായ ഹോശേയയുടെ അർഥം “രക്ഷ” എന്നായിരുന്നു. ദിവ്യനാമത്തെ കുറിക്കുന്ന പദാംഗം ആ പേരിനോടു ചേർത്ത് മോശെ അവന് യെഹോശുവ അഥവാ യോശുവ എന്ന പേരു നൽകി. അതിന്റെ അർഥം “യഹോവ രക്ഷയാകുന്നു” എന്നാണ്. സെപ്‌റ്റുവജിന്റിൽ “യേശു” എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. (സംഖ്യാപുസ്‌തകം 13:8, 16, NW, അടിക്കുറിപ്പ്) മഹത്തായ ആ പേരിനു ചേർച്ചയിൽ യഹോവ രക്ഷയാകുന്നു എന്ന് യോശുവ സധൈര്യം പ്രഖ്യാപിച്ചു. യോശുവയുടെ പേര് വെറുതെ യാതൊരു കാരണവുമില്ലാതെ മാറ്റിയതായിരിക്കാൻ സാധ്യതയില്ല. അത് യോശുവയുടെ സ്വഭാവ മഹിമയെ കുറിച്ചുള്ള മോശെയുടെ മതിപ്പിനെ പ്രതിഫലിപ്പിച്ചു. കൂടാതെ പുതിയ ഒരു തലമുറയെ വാഗ്‌ദത്ത ദേശത്തേക്കു നയിക്കുന്നതിൽ അവൻ വഹിക്കാനിരുന്ന സവിശേഷ പങ്കിനു ചേർച്ചയിൽ ഉള്ളതുമായിരുന്നു അത്.
തങ്ങളുടെ പിതാക്കന്മാരെല്ലാം മരിക്കുന്നതുവരെ ഇസ്രായേല്യർ 40 വർഷം മരുഭൂമിയിൽ അലഞ്ഞുനടന്നു. ആ സമയത്തെ യോശുവയുടെ ജീവിതത്തെ കുറിച്ച് നമുക്ക് യാതൊരു അറിവും ഇല്ല. എന്നിരുന്നാലും ആ കാലത്തെ സംഭവങ്ങളിൽനിന്ന് അവൻ വളരെയധികം കാര്യങ്ങൾ പഠിച്ചിട്ടുണ്ടാവണം. കോരഹ്, ദാഥാൻ, അബീരാം സംഖ്യാപുസ്‌തകം 16:1-50; 20:9-13; 25:1-9.
എന്നീ മത്സരികളുടെയും അവരുടെ അനുഗാമികളുടെയും മേലും ബാൽപെയോരിന്റെ അധഃപതിച്ച ആരാധനയിൽ പങ്കെടുത്തവരുടെ മേലും ദൈവം ന്യായവിധി നടത്തിയത് അവൻ നേരിൽ കണ്ടിരിക്കണം. മെരീബായിലെ വെള്ളത്തോടുള്ള ബന്ധത്തിൽ യഹോവയ്‌ക്കു മഹത്ത്വം നൽകുന്നതിൽ പരാജയപ്പെട്ടതിനാൽ മോശെയും വാഗ്‌ദത്ത ദേശത്തു പ്രവേശിക്കുകയില്ല എന്നു മനസ്സിലാക്കിയപ്പോൾ യോശുവയ്‌ക്കു നിസ്സംശയമായും വളരെ ദുഃഖം തോന്നിയിരിക്കണം.—മോശെയുടെ പിൻഗാമിയായി നിയമിക്കപ്പെടുന്നു
ഇസ്രായേൽ “ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിപ്പാൻ തക്കവണ്ണം” തനിക്ക് ഒരു പിൻഗാമിയെ നിയമിക്കാൻ തന്റെ മരണകാലം അടുത്തപ്പോൾ മോശെ ദൈവത്തോട് അപേക്ഷിച്ചു. യഹോവയുടെ പ്രതികരണം എന്തായിരുന്നു? തന്റെ “ആത്മാവുള്ള പുരുഷനായ” യോശുവയെ സർവ സഭയുടെയും മുമ്പാകെ ആ സ്ഥാനത്തേക്കു നിയമിക്കാൻ യഹോവ പറഞ്ഞു. ജനം അവനെ അനുസരിക്കണമായിരുന്നു. എത്ര വലിയ അംഗീകാരം ആയിരുന്നു അത്! യഹോവ യോശുവയുടെ വിശ്വാസവും കഴിവും നിരീക്ഷിച്ചിരുന്നു. ഇസ്രായേലിന്റെ നേതൃത്വം ഭരമേൽപ്പിക്കാൻ അതിലും യോഗ്യതയുള്ള ആരും ഇല്ലായിരുന്നു. (സംഖ്യാപുസ്‌തകം 27:15-20) എന്നിരുന്നാലും യോശുവയുടെ മുമ്പാകെ വളരെ വലിയ വെല്ലുവിളികൾ ഉണ്ടെന്ന് മോശെക്ക് അറിയാമായിരുന്നു. അതിനാൽ യഹോവ അവനോടൊപ്പം ഉണ്ടായിരിക്കും എന്നതുകൊണ്ട് “ബലവും ധൈര്യവുമുള്ളവനായിരി”ക്കാൻ മോശെ തന്റെ പിൻഗാമിയെ പ്രോത്സാഹിപ്പിച്ചു.—ആവർത്തനപുസ്‌തകം 31:7, 8.
യഹോവയും യോശുവയ്‌ക്ക് അതേ പ്രോത്സാഹനം നൽകി. അവൻ പറഞ്ഞു: “എന്റെ ദാസനായ മോശെ നിന്നോടു കല്‌പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ചു നടക്കേണ്ടതിന്നു നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക; ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന്നു അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറരുതു. ഈ ന്യായപ്രമാണപുസ്‌തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും. നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു.”—യോശുവ 1:7-9.
യഹോവയുടെ ആ വാക്കുകൾ കാതുകളിൽ മാറ്റൊലി കൊള്ളുമ്പോൾ, തന്റെ മുൻ അനുഭവങ്ങളെ കുറിച്ച് ഓർക്കുമ്പോൾ യോശുവയ്‌ക്ക് എങ്ങനെ അവിശ്വസിക്കാൻ കഴിയുമായിരുന്നു? ദേശം പിടിച്ചടക്കാനാകും എന്നതു സുനിശ്ചിതമായിരുന്നു. തീർച്ചയായും ബുദ്ധിമുട്ടുകളെ നേരിടേണ്ടി വരുമായിരുന്നു. കരകവിഞ്ഞൊഴുകുന്ന യോർദാൻ നദി കുറുകെ കടക്കുക എന്ന ആദ്യ വെല്ലുവിളിതന്നെ വലിയ ഒന്നായിരുന്നു. എന്നാൽ യഹോവയാണ് ‘യോർദാന്നക്കരെ കടക്കാനുള്ള’ കൽപ്പന നൽകിയത്. പിന്നെ എന്തു പ്രശ്‌നമുണ്ടാകാൻ?—യോശുവ 1:2.
യോശുവയുടെ ജീവിതത്തിൽ തുടർന്നുണ്ടായ സംഭവ പരമ്പരകൾ—യെരീഹോ പിടിച്ചടക്കിയത്, ശത്രുക്കളെ ഒന്നിനുപുറകേ ഒന്നായി പരാജയപ്പെടുത്തിയത്, ദേശം വിഭാഗിച്ചുകൊടുത്തത്—അവൻ ഒരിക്കലും ദൈവത്തിന്റെ വാഗ്‌ദാനങ്ങൾ മറന്നില്ല എന്നു വെളിപ്പെടുത്തി. തന്റെ ജീവിതത്തിന്റെ അന്ത്യ ഘട്ടത്തിൽ, യഹോവ ഇസ്രായേലിന് ശത്രുക്കളിൽനിന്നു വിശ്രമം നൽകിയപ്പോൾ തങ്ങളോടുള്ള യഹോവയുടെ ഇടപെടലുകളെ കുറിച്ച് ജനത്തെ ഓർമിപ്പിക്കാനും അവനെ മുഴുഹൃദയത്തോടെ സേവിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനുമായി യോശുവ അവരെ വിളിച്ചുകൂട്ടി. അതിന്റെ ഫലമായി ഇസ്രായേൽ യഹോവയുമായുള്ള ഉടമ്പടി പുതുക്കി. തങ്ങളുടെ നേതാവിന്റെ മാതൃകയാൽ പ്രചോദിതരായി അവർ ‘യോശുവയുടെ കാലത്തൊക്കെയും യഹോവയെ സേവിച്ചു.’—യോശുവ 24:16, 31.
യോശുവ നമുക്ക് ഒരു ഉത്തമ മാതൃകയാണ്. ഇന്ന് ക്രിസ്‌ത്യാനികൾക്ക് വിശ്വാസത്തിന്റെ നിരവധി പരിശോധനകളെ നേരിടേണ്ടി വരുന്നു. യഹോവയുടെ അംഗീകാരം നിലനിറുത്താനും ഒടുവിൽ അവന്റെ വാഗ്‌ദാനങ്ങൾ പ്രാപിക്കാനും ഈ പരിശോധനകളെ വിജയകരമായി നേരിടേണ്ടത് അതിപ്രധാനമാണ്. യോശുവയുടെ വിജയം അവന്റെ ശക്തമായ വിശ്വാസത്തിന്റെ ഫലമായിരുന്നു. യോശുവ സാക്ഷ്യം വഹിച്ചതുപോലുള്ള ദൈവത്തിന്റെ വീര്യപ്രവൃത്തികൾ നാം കണ്ടിട്ടില്ല എന്നതു ശരിതന്നെ. എന്നാൽ സംശയമുള്ള ആരെയും യഹോവയുടെ വാക്കുകളുടെ വിശ്വാസയോഗ്യത ബോധ്യപ്പെടുത്തുന്ന ഒരു ദൃക്‌സാക്ഷി വിവരണം യോശുവയുടെ പേരു വഹിക്കുന്ന ബൈബിൾ പുസ്‌തകത്തിലുണ്ട്. ദൈവവചനം ദിവസേന വായിക്കുകയും അതു ബാധകമാക്കുകയും ചെയ്‌താൽ യോശുവയെ പോലെ നമുക്കും ജ്ഞാനവും വിജയവും നേടാനാകുമെന്ന ഉറപ്പു നൽകപ്പെട്ടിരിക്കുന്നു.
സഹ ക്രിസ്‌ത്യാനികളുടെ പെരുമാറ്റം ചിലപ്പോഴൊക്കെ നിങ്ങളെ വേദനിപ്പിക്കാറുണ്ടോ? എങ്കിൽ തന്റെ കുറ്റം കൊണ്ടല്ലാതെ 40 വർഷം അവിശ്വസ്‌തരായ സഹകാരികളോടൊപ്പം മരുഭൂമിയിൽ അലയേണ്ടിവന്നപ്പോൾ യോശുവ പ്രകടമാക്കിയ സഹിഷ്‌ണുതയെ കുറിച്ചു ചിന്തിക്കുക. നിങ്ങളുടെ വിശ്വാസങ്ങൾക്കായി ധൈര്യപൂർവം നിലകൊള്ളാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവോ? യോശുവയും കാലേബും ചെയ്‌തത് ഓർക്കുക. അവരുടെ വിശ്വാസത്തിനും അനുസരണത്തിനും മഹത്തായ പ്രതിഫലം ലഭിച്ചു. അതേ, യഹോവ തന്റെ സകല വാഗ്‌ദാനങ്ങളും നിറവേറ്റും എന്ന പൂർണ വിശ്വാസം യോശുവയ്‌ക്ക് ഉണ്ടായിരുന്നു. നമുക്കും അതേ വിശ്വാസം ഉള്ളവരായിരിക്കാം.—യോശുവ 23:14.
[10-ാം പേജിലെ ചിത്രം]
യോശുവയ്‌ക്കും കാലേബിനും യഹോവയുടെ ശക്തിയിൽ വിശ്വാസം ഉണ്ടായിരുന്നു
[10-ാം പേജിലെ ചിത്രം]
മോശെയുമായുള്ള സഹവാസം യോശുവയുടെ വിശ്വാസത്തെ ബലപ്പെടുത്തി
[10-ാം പേജിലെ ചിത്രം]
യോശുവയുടെ നേതൃത്വം യഹോവയോടു പറ്റിനിൽക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു