വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

അന്തിമ പരിശോധനയിൽ സാത്താനാൽ വഴിതെറ്റിക്കപ്പെടുന്നവരുടെ എണ്ണം വളരെ വലുതായിരിക്കുമെന്ന്‌ വെളിപ്പാടു 20:8 സൂചിപ്പിക്കുന്നുണ്ടോ?

മിശിഹൈക രാജ്യത്തിന്റെ ആയിരം വർഷ വാഴ്‌ചയുടെ അവസാനം ഭൂമിയിൽ ജീവിക്കുന്നവരുടെ മേൽ സാത്താൻ നടത്തുന്ന അന്തിമ ആക്രമണത്തെയാണ്‌ വെളിപ്പാടു 20:⁠8 വർണിക്കുന്നത്‌. സാത്താനെ കുറിച്ച്‌ ആ വാക്യം പറയുന്നു: “അവൻ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയിൽ കടല്‌പുറത്തെ മണൽപോലെയുള്ള ഗോഗ്‌, മാഗോഗ്‌ എന്നവരെ യുദ്ധത്തിന്നായി കൂട്ടിച്ചേർക്കേണ്ടതിന്നു വശീകരിപ്പാൻ പുറപ്പെടും.”

ശാസ്‌ത്രം വളരെയേറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും നൂതന ഉപകരണങ്ങൾ കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും ‘കടല്‌പുറത്തെ മണലിന്റെ’ എണ്ണം കണക്കാക്കാൻ ഇന്നും ആർക്കും കഴിഞ്ഞിട്ടില്ല. അതുകൊണ്ട്‌ ഈ പ്രയോഗം അജ്ഞാതമായ, തിട്ടപ്പെടുത്തിയിട്ടില്ലാത്ത ഒരു സംഖ്യയെ കുറിക്കുന്നുവെന്നു പറയാം. എന്നാൽ അത്‌ അതിബൃഹത്തായ, എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്തത്ര വലിയ ഒരു സംഖ്യയെ സൂചിപ്പിക്കുന്നുവോ? അതോ അജ്ഞാതമെങ്കിലും ഗണ്യമായ ഒരു സംഖ്യയെ മാത്രമാണോ അതു കുറിക്കുന്നത്‌?

ബൈബിളിൽ “കടല്‌പുറത്തെ മണൽ” എന്ന പ്രയോഗം വ്യത്യസ്‌ത വിധങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്‌. ഉദാഹരണത്തിന്‌ ഉല്‌പത്തി 41:​49-ൽ നാം വായിക്കുന്നു: “യോസേഫ്‌ കടൽകരയിലെ മണൽപോലെ എത്രയും വളരെ ധാന്യം ശേഖരിച്ചുവെച്ചു; അളപ്പാൻ കഴിവില്ലായ്‌കയാൽ അളവു നിർത്തിക്കളഞ്ഞു.” അളവറ്റത്‌ എന്ന അർഥത്തിലാണ്‌ ആ പ്രയോഗം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌. അതുപോലെ, യഹോവ പറഞ്ഞു: “ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്‌പുറത്തെ മണൽ അളക്കുവാനും കഴിയാത്തതുപോലെ ഞാൻ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെ . . . വർദ്ധിപ്പിക്കും.” ആകാശത്തിലെ നക്ഷത്രങ്ങളുടെയും കടൽപ്പുറത്തെ മണലിന്റെയും എണ്ണം തിട്ടപ്പെടുത്താൻ കഴിയില്ല എന്നതു തീർച്ചയായിരിക്കുന്നതു പോലെ, ദാവീദിനോടുള്ള തന്റെ വാഗ്‌ദാനം യഹോവ നിവർത്തിക്കും എന്നതും തീർച്ചയായിരുന്നു.​—⁠യിരെമ്യാവു 33:22.

പലപ്പോഴും “കടല്‌പുറത്തെ മണൽ” എന്ന പ്രയോഗം ഗണ്യമായ ഒരു സംഖ്യയെ അല്ലെങ്കിൽ അളവിനെ പരാമർശിക്കുന്നു. ‘കടല്‌പുറത്തെ മണൽപോലുള്ള’ ഫിലിസ്‌ത്യ സൈന്യം മിക്ക്‌മാസിൽ പാളയം ഇറങ്ങിയപ്പോൾ ഗില്‌ഗാലിലെ ഇസ്രായേല്യർ ഭയപരവശരായി. (1 ശമൂവേൽ 13:​5, 6; ന്യായാധിപന്മാർ 7:12) അതുപോലെ, “ദൈവം ശലോമോന്നു ഏററവും വളരെ ജ്ഞാനവും ബുദ്ധിയും കടൽക്കരയിലെ മണൽപോലെ ഹൃദയവിശാലതയും കൊടുത്തു.” (1 രാജാക്കന്മാർ 4:29) ഈ രണ്ടു സന്ദർഭങ്ങളിലും ഉൾപ്പെട്ടിരുന്നത്‌ വലിയ അളവുകളായിരുന്നെങ്കിലും അപരിമേയമായവ ആയിരുന്നില്ല.

“കടല്‌പുറത്തെ മണൽ” എന്ന പ്രയോഗം സംഖ്യയുടെ വലിപ്പത്തെ കാണിക്കാതെ, സംഖ്യ അജ്ഞാതമാണെന്നു കാണിക്കാനും ഉപയോഗിക്കാവുന്നതാണ്‌. യഹോവ അബ്രാഹാമിനോടു പറഞ്ഞു: “നിന്റെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽത്തീരത്തെ മണൽത്തരിപോലെയും ഞാൻ വർദ്ധിപ്പിക്കും.” (ഉല്‌പത്തി 22:​17, പി.ഒ.സി. ബൈബിൾ) അബ്രാഹാമിന്റെ പൗത്രനായ യാക്കോബിനോട്‌ ഈ വാഗ്‌ദാനം ആവർത്തിക്കവേ യഹോവ, “ഭൂമിയിലെ പൊടി” എന്ന പ്രയോഗം ഉപയോഗിച്ചു. യാക്കോബ്‌ ഈ വാഗ്‌ദാനത്തെ കുറിച്ച്‌ ഒരു സന്ദർഭത്തിൽ പരാമർശിച്ചപ്പോൾ “കടൽകരയിലെ മണൽ” എന്നു പറഞ്ഞു. (ഉല്‌പത്തി 28:14; 32:12) പിന്നീട്‌ കാര്യങ്ങളുടെ ചുരുളഴിഞ്ഞപ്പോൾ അബ്രാഹാമിന്റെ “സന്തതി”യുടെ എണ്ണം യേശുക്രിസ്‌തുവിനെ കൂടാതെ 1,44,000 ആണെന്നു തെളിഞ്ഞു. യേശു അവരെ ‘ചെറിയ ആട്ടിൻകൂട്ടം’ എന്നാണു വിളിച്ചത്‌.​—⁠ലൂക്കൊസ്‌ 12:32; ഗലാത്യർ 3:​16, 29; വെളിപ്പാടു 7:4; 14:​1, 3.

ഈ ഉദാഹരണങ്ങളിൽനിന്നു നാം എന്താണു മനസ്സിലാക്കുന്നത്‌? “കടല്‌പുറത്തെ മണൽപോലെ” എന്ന പ്രയോഗം എല്ലായ്‌പോഴും എണ്ണാൻ കഴിയാത്ത, അപരിമേയമായ ഒരു സംഖ്യയെയോ അതിബൃഹത്തായ ഒരു അളവിനെയോ കുറിക്കുന്നില്ല. മിക്കപ്പോഴും അജ്ഞാതമെങ്കിലും ഗണ്യമായ ഒരു സംഖ്യയെയാണ്‌ അതു ചിത്രീകരിക്കുന്നത്‌. അതുകൊണ്ട്‌ സാത്താൻ ദൈവജനത്തെ അന്തിമമായി ആക്രമിക്കുമ്പോൾ അവനോടൊപ്പം ചേരുന്നവരുടെ എണ്ണം വളരെ വലുതായിരിക്കില്ലെങ്കിലും അത്‌ ഗണ്യമായ ഒന്നായിരിക്കും എന്നു വിശ്വസിക്കുന്നതു ന്യായയുക്തമാണ്‌. അതായത്‌ വെളിപ്പാടു 20:​8-ൽ പരാമർശിച്ചിരിക്കുന്ന യുദ്ധസമയത്ത്‌ ഒരു ഭീഷണി ഉയർത്താൻ തക്കവണ്ണം വലുതായിരിക്കും അവരുടെ സംഖ്യ. എന്നാൽ അത്‌ എത്രയായിരിക്കും എന്ന്‌ ഇപ്പോൾ അറിയില്ല.