വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വ്യക്തിപരമായ പഠനം മറ്റുള്ളവരെ പഠിപ്പിക്കാൻ നമ്മെ സജ്ജരാക്കുന്നു

വ്യക്തിപരമായ പഠനം മറ്റുള്ളവരെ പഠിപ്പിക്കാൻ നമ്മെ സജ്ജരാക്കുന്നു

വ്യക്തിപരമായ പഠനം മറ്റുള്ളവരെ പഠിപ്പിക്കാൻ നമ്മെ സജ്ജരാക്കുന്നു

“ഈ സംഗതികളെക്കുറിച്ചു ധ്യാനിച്ച്‌ ഇവയിൽ ആമഗ്നനായിരിക്കുക, അങ്ങനെ നിന്റെ അഭിവൃദ്ധി എല്ലാവർക്കും പ്രകടമാകട്ടെ. നിനക്കുതന്നെയും നിന്റെ പഠിപ്പിക്കലിനും നിരന്തര ശ്രദ്ധ കൊടുക്കുക.”​—⁠1 തിമൊഥെയൊസ്‌ 4:​15, 16, NW.

1. സമയവും വ്യക്തിപരമായ പഠനവും സംബന്ധിച്ച്‌ എന്തു സത്യമാണ്‌?

“എല്ലാററിന്നും ഒരു സമയമുണ്ടു,” സഭാപ്രസംഗി 3:​1-ൽ ബൈബിൾ പറയുന്നു. വ്യക്തിപരമായ പഠനത്തിന്റെ കാര്യത്തിൽ ഇതു തീർച്ചയായും സത്യമാണ്‌. തിരഞ്ഞെടുക്കുന്ന സമയവും സ്ഥലവും അനുയോജ്യമല്ലെങ്കിൽ, ആത്മീയ കാര്യങ്ങളെ കുറിച്ചു ധ്യാനിക്കുക വളരെ ബുദ്ധിമുട്ടാണെന്നു പലരും കണ്ടെത്തുന്നു. ഉദാഹരണത്തിന്‌ ദിവസം മുഴുവനും ജോലി ചെയ്‌ത്‌ ക്ഷീണിച്ച്‌ വീട്ടിലെത്തിയ ശേഷം വയറുനിറച്ച്‌ ആഹാരം കഴിച്ചിരിക്കുമ്പോൾ നിങ്ങൾക്കു പഠിക്കാൻ തോന്നുമോ? പ്രത്യേകിച്ചും ടിവി-യുടെ മുന്നിൽ ചാരുകസേരയിൽ സുഖമായി കിടന്ന്‌ വിശ്രമിക്കുകയാണെങ്കിൽ? സാധ്യതയില്ല. അപ്പോൾ എന്താണു പരിഹാരം? വ്യക്തമായും, പഠനത്തിൽനിന്നു പരമാവധി പ്രയോജനം നേടുക എന്ന ലക്ഷ്യത്തിൽ അതിനു പറ്റിയ സമയവും സ്ഥലവും നാം കണ്ടെത്തേണ്ടതുണ്ട്‌.

2. വ്യക്തിപരമായ പഠനത്തിന്‌ ഏറ്റവും പറ്റിയ സമയം മിക്കപ്പോഴും ഏതാണ്‌?

2 സാധാരണഗതിയിൽ തങ്ങളുടെ മനസ്സ്‌ ഏറ്റവും ഏകാഗ്രമായിരിക്കുന്നത്‌ രാവിലെ എഴുന്നേറ്റ ഉടനെയുള്ള സമയത്തായതിനാൽ അപ്പോൾ പഠിക്കുന്നതാണ്‌ ഏറ്റവും ഫലപ്രദമെന്ന്‌ അനേകരും കണ്ടെത്തിയിരിക്കുന്നു. മറ്റു ചിലർ ഉച്ചയ്‌ക്കു കിട്ടുന്ന ചെറിയ ഇടവേള പഠനത്തിനായി വിനിയോഗിക്കുന്നു. പിൻവരുന്ന ഉദാഹരണങ്ങളിൽ പ്രധാന ആത്മീയ പ്രവർത്തനങ്ങളോടുള്ള ബന്ധത്തിൽ സമയത്തെ കുറിച്ചു നടത്തിയിരിക്കുന്ന പരാമർശങ്ങൾ ശ്രദ്ധിക്കുക. പുരാതന ഇസ്രായേല്യ രാജാവായ ദാവീദ്‌ ഇങ്ങനെ എഴുതി: “രാവിലെ നിന്റെ ദയ എന്നെ കേൾക്കുമാറാക്കേണമേ; ഞാൻ നിന്നിൽ ആശ്രയിക്കുന്നുവല്ലോ; ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ; ഞാൻ എന്റെ ഉള്ളം നിങ്കലേക്കു ഉയർത്തുന്നുവല്ലോ.” (സങ്കീർത്തനം 143:⁠8) ഇപ്രകാരം പറഞ്ഞുകൊണ്ട്‌ യെശയ്യാ പ്രവാചകനും തന്റെ വിലമതിപ്പു പ്രകടിപ്പിച്ചു: “തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന്നു യഹോവയായ കർത്താവു എനിക്കു ശിഷ്യന്മാരുടെ നാവു തന്നിരിക്കുന്നു; അവൻ രാവിലെതോറും ഉണർത്തുന്നു; ശിഷ്യന്മാരെപ്പോലെ കേൾക്കേണ്ടതിന്നു അവൻ എന്റെ ചെവി ഉണർത്തുന്നു.” അതുകൊണ്ട്‌ മനസ്സിൽ പിടിക്കേണ്ട സംഗതി ഇതാണ്‌, പഠിക്കാനും യഹോവയോടു സംസാരിക്കാനും നാം ഏതു സമയം തിരഞ്ഞെടുത്താലും നമ്മുടെ മനസ്സ്‌ ഏകാഗ്രമായിരിക്കണം.​—⁠യെശയ്യാവു 50:​4, 5; സങ്കീർത്തനം 5:3; 88:13.

3. പഠനം ഫലപ്രദമാക്കാൻ എന്തു സഹായിക്കും?

3 പഠനം ഫലപ്രദമായിരിക്കണമെങ്കിൽ ഇരിപ്പിടം തിരഞ്ഞെടുക്കുന്ന കാര്യത്തിലും നാം ശ്രദ്ധിക്കേണ്ടതുണ്ട്‌. ഏറ്റവും സുഖപ്രദമായ കസേരയല്ല നാം തിരഞ്ഞെടുക്കേണ്ടത്‌. മനസ്സിന്റെ ഏകാഗ്രത നിലനിറുത്താൻ അതു സഹായിക്കുകയില്ല. പഠിക്കുമ്പോൾ നമ്മുടെ മനസ്സ്‌ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്‌. എന്നാൽ ഇരിപ്പും മറ്റും വളരെ സുഖപ്രദമായിരിക്കുമ്പോൾ അതിനു നേർ വിപരീതം സംഭവിക്കുന്നതായാണു കാണുന്നത്‌. അതുപോലെ പഠനത്തിനും ധ്യാനത്തിനും താരതമ്യേന ശാന്തവും ശ്രദ്ധാശൈഥില്യങ്ങൾ ഇല്ലാത്തതുമായ ഒരു അന്തരീക്ഷം ആവശ്യമാണ്‌. റേഡിയോ അല്ലെങ്കിൽ ടിവി ഓൺ ചെയ്‌തു വെച്ചുകൊണ്ടോ കുട്ടികളുടെ ബഹളത്തിനു നടുവിൽ ഇരുന്നുകൊണ്ടോ പഠിക്കാൻ ശ്രമിച്ചാൽ അതിൽനിന്നു പൂർണ പ്രയോജനം ലഭിക്കുകയില്ല. ധ്യാനിക്കാൻ ആഗ്രഹിച്ചപ്പോൾ യേശു എന്താണു ചെയ്‌തത്‌? അവൻ ശാന്തമായ ഒരു സ്ഥലത്തേക്കു വേറിട്ടു പോയി. പ്രാർഥനയ്‌ക്കായി ഒരു സ്വകാര്യ സ്ഥലം കണ്ടെത്തുന്നതിന്റെ മൂല്യത്തെ കുറിച്ചും യേശു പറഞ്ഞു.​—⁠മത്തായി 6:6; 14:13; മർക്കൊസ്‌ 6:​30-32.

വ്യക്തിപരമായ പഠനം ഉത്തരം നൽകാൻ നമ്മെ സജ്ജരാക്കുന്നു

4, 5. ആവശ്യം ലഘുപത്രിക പ്രായോഗിക സഹായം നൽകുന്നത്‌ ഏതു വിധങ്ങളിൽ?

4 വ്യത്യസ്‌ത ബൈബിൾ പഠന സഹായികൾ ഉപയോഗിച്ച്‌ ഒരു വിഷയത്തിലേക്കു കൂടുതൽ ആഴത്തിൽ കുഴിച്ചിറങ്ങുമ്പോൾ വ്യക്തിപരമായ പഠനം കൂടുതൽ സംതൃപ്‌തിദായകമായിരിക്കും. പ്രത്യേകിച്ചും, ആരുടെയെങ്കിലും ആത്മാർഥമായ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ അതു ചെയ്യുമ്പോൾ. (1 തിമൊഥെയൊസ്‌ 1:4NW; 2 തിമൊഥെയൊസ്‌ 2:23) പുതിയ താത്‌പര്യക്കാരിൽ മിക്കവരും പഠിച്ചുതുടങ്ങുന്നത്‌ ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? *​—⁠261 ഭാഷകളിൽ ലഭ്യമാണ്‌—⁠എന്ന ലഘുപത്രികയാണ്‌. പൂർണമായും ബൈബിളിനെ ആസ്‌പദമാക്കി തയ്യാറാക്കിയിരിക്കുന്ന ഈ പ്രസിദ്ധീകരണം കൃത്യമായ വിവരങ്ങൾ വളരെ ലളിതമായ രീതിയിൽ അവതരിപ്പിക്കുന്നു. സത്യാരാധകരിൽനിന്ന്‌ ദൈവം ആവശ്യപ്പെടുന്നത്‌ എന്താണെന്ന്‌ പെട്ടെന്നുതന്നെ മനസ്സിലാക്കാൻ അതു വായനക്കാരെ സഹായിക്കുന്നു. എന്നാൽ ലഘുപത്രിക ആയതിനാൽ ഓരോ വിഷയത്തെയും കുറിച്ചുള്ള വിശദമായ ഒരു ചർച്ച അതിൽ ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ല. ചർച്ച ചെയ്യപ്പെടുന്ന ചില ബൈബിൾ വിഷയങ്ങളെ കുറിച്ച്‌ നിങ്ങളുടെ ബൈബിൾ വിദ്യാർഥി ആത്മാർഥമായ ചോദ്യങ്ങൾ ചോദിക്കുന്നെങ്കിൽ അവയ്‌ക്ക്‌ ഉത്തരം നൽകാൻ ആവശ്യമായ കൂടുതലായ ബൈബിൾ വിവരങ്ങൾ നിങ്ങൾക്ക്‌ എങ്ങനെ കണ്ടെത്താൻ കഴിയും?

5 സിഡി-റോമിലുള്ള വാച്ച്‌ടവർ ലൈബ്രറി തങ്ങളുടെ ഭാഷയിൽ ഉള്ളവർക്ക്‌ സൗകര്യമാണ്‌. അവർക്ക്‌ കമ്പ്യൂട്ടർ ഉപയോഗിച്ച്‌ വളരെ എളുപ്പത്തിൽ ഒട്ടേറെ വിവരങ്ങൾ കണ്ടെത്താൻ കഴിയും. എന്നാൽ ഈ സൗകര്യം ഇല്ലാത്തവരെ സംബന്ധിച്ചെന്ത്‌? നമ്മുടെ ഗ്രാഹ്യം വർധിപ്പിക്കാനും ചോദ്യങ്ങൾ​—⁠പ്രത്യേകിച്ചും, ദൈവം ആരാണ്‌, യേശു യഥാർഥത്തിൽ ആരായിരുന്നു എന്നിങ്ങനെയുള്ള ചോദ്യങ്ങൾ​—⁠ചോദിക്കുന്നവർക്ക്‌ കൂടുതൽ വിശദമായി ഉത്തരം നൽകാനും എങ്ങനെ സാധിക്കുമെന്നു കാണാൻ നമുക്കിപ്പോൾ ആവശ്യം ലഘുപത്രികയിലെ രണ്ടു വിഷയങ്ങൾ പരിചിന്തിക്കാം.​—⁠പുറപ്പാടു 5:2; ലൂക്കൊസ്‌ 9:​18-20; 1 പത്രൊസ്‌ 3:15.

ദൈവം ആരാണ്‌?

6, 7. (എ) ദൈവത്തെ കുറിച്ച്‌ ഏതു ചോദ്യം ഉയർന്നു വരുന്നു? (ബി) ഒരു പ്രസംഗത്തിൽ ഒരു വൈദികൻ ഏതു പ്രധാന സംഗതി വിട്ടുകളഞ്ഞു?

6 ആവശ്യം ലഘുപത്രികയിലെ 2-ാം പാഠം ദൈവം ആരാണ്‌ എന്ന സുപ്രധാന ചോദ്യത്തിന്‌ ഉത്തരം നൽകുന്നു. ഇതൊരു അടിസ്ഥാന വിഷയമാണ്‌, കാരണം സത്യദൈവത്തെ അറിയാത്ത, അല്ലെങ്കിൽ ഒരുപക്ഷേ അവന്റെ അസ്‌തിത്വത്തെ സംശയിക്കുന്ന ഒരാൾക്ക്‌ അവനെ ആരാധിക്കാൻ കഴിയില്ല. (റോമർ 1:19, 20; എബ്രായർ 11:⁠6) എന്നാൽ ലോകമെമ്പാടുമുള്ള ആളുകൾക്ക്‌ ദൈവത്തെ കുറിച്ചു നൂറുനൂറ്‌ ധാരണകളാണ്‌ ഉള്ളത്‌. (1 കൊരിന്ത്യർ 8:​4-6) ദൈവം ആരാണെന്ന ചോദ്യത്തിന്‌ ഓരോ മതവും വ്യത്യസ്‌ത ഉത്തരങ്ങൾ നൽകുന്നു. ക്രൈസ്‌തവലോകത്തിലെ മിക്ക മതങ്ങളും ദൈവം ഒരു ത്രിത്വമാണെന്നു വിശ്വസിക്കുന്നു. യു.എ⁠സ്‌.-ലെ ഒരു പ്രമുഖ വൈദികൻ “നിങ്ങൾക്കു ദൈവത്തെ അറിയാമോ?” എന്ന ശീർഷകത്തിൽ ഒരു പ്രസംഗം നടത്തി. എബ്രായ തിരുവെഴുത്തുകളിൽനിന്നു പല പ്രാവശ്യം ഉദ്ധരിച്ചെങ്കിലും ആ പ്രസംഗത്തിൽ ഒറ്റ പ്രാവശ്യം പോലും അദ്ദേഹം ദിവ്യനാമം ഉപയോഗിച്ചില്ല. യഹോവ അഥവാ യാഹ്‌വേ എന്ന വ്യതിരിക്ത നാമത്തിന്റെ സ്ഥാനത്ത്‌ “കർത്താവ്‌”​—⁠അത്‌ അവ്യക്തത ഉളവാക്കുന്നു​—⁠എന്ന പദം ഉപയോഗിച്ച ഒരു ബൈബിൾ ഭാഷാന്തരത്തിൽനിന്നാണ്‌ അദ്ദേഹം വായിച്ചത്‌.

7 “കർത്താവിനെ അറിയുക [എബ്രായയിൽ “യഹോവയെ അറിയുക”] എന്ന്‌ ഇനി ആരും സഹോദരനെയോ അയല്‌ക്കാരനെയോ പഠിപ്പിക്കേണ്ടി വരുകയില്ല. അവർ വലിപ്പച്ചെറുപ്പമെന്നിയേ എല്ലാവരും എന്നെ അറിയും എന്നു കർത്താവ്‌ [എബ്രായയിൽ “യഹോവ”] അരുളിച്ചെയ്യുന്നു” എന്നു വായിച്ചുകൊണ്ട്‌ യിരെമ്യാവു 31:33, 34 ഉദ്ധരിച്ചപ്പോൾ എത്ര പ്രധാനപ്പെട്ട ഒരു ഭാഗമാണ്‌ അദ്ദേഹം വിട്ടുകളഞ്ഞത്‌. അദ്ദേഹം ഉപയോഗിച്ച ഭാഷാന്തരത്തിൽ യഹോവ എന്ന വ്യതിരിക്ത ദൈവനാമം ഇല്ലായിരുന്നു.​—⁠സങ്കീർത്തനം 103:​1, 2.

8. ദൈവത്തിന്റെ നാമം ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം എന്തു വ്യക്തമാക്കുന്നു?

8 സങ്കീർത്തനം 8:⁠9 യഹോവയുടെ നാമം ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു: “ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്‌ഠമായിരിക്കുന്നു!” ഇതിനെ “കർത്താവേ, ഞങ്ങളുടെ കർത്താവേ, ഭൂമിയിലെങ്ങും അങ്ങയുടെ നാമം എത്ര മഹനീയം!” എന്നതുമായി താരതമ്യപ്പെടുത്തുക. (പി.ഒ.സി. ബൈ.; ജയിംസ്‌ രാജാവിന്റെ ഭാഷാന്തരം, ഓശാന ബൈബിൾ, ദ ന്യൂ അമേരിക്കൻ ബൈബിൾ എന്നിവയും കാണുക). എന്നാൽ, മുൻ ലേഖനം ചൂണ്ടിക്കാണിച്ചതുപോലെ നമ്മെ പ്രബുദ്ധരാക്കാൻ ദൈവവചനത്തെ നാം അനുവദിക്കുന്ന പക്ഷം നമുക്ക്‌ “ദൈവപരിജ്ഞാനം” കണ്ടെത്താൻ കഴിയും. ദിവ്യ നാമത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള നമ്മുടെ ചോദ്യങ്ങൾക്ക്‌ ഏതു ബൈബിൾ പഠന സഹായിയാണ്‌ പെട്ടെന്ന്‌ ഉത്തരം നൽകുക?​—⁠സദൃശവാക്യങ്ങൾ 2:​1-6.

9. (എ) ദിവ്യ നാമം ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം വിശദീകരിക്കാൻ ഏതു പ്രസിദ്ധീകരണം നമ്മെ സഹായിക്കും? (ബി) പല പരിഭാഷകരും ദൈവത്തിന്റെ നാമത്തോട്‌ ആദരവു കാണിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

9 നൂറ്റിമുപ്പത്തൊന്ന്‌ ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുള്ള നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്‌തകത്തിലേക്കു നമുക്ക്‌ തിരിയാൻ കഴിയും. *ദൈവം​—⁠അവൻ ആരാകുന്നു?” എന്ന ശീർഷകത്തിലുള്ള നാലാമത്തെ അധ്യായം (41-44 പേജുകൾ, 18-24 ഖണ്ഡികകൾ) പുരാതന എബ്രായ പാഠങ്ങളിൽ ചതുരക്ഷര ദൈവനാമം ഏതാണ്ട്‌ 7,000 പ്രാവശ്യം പ്രത്യക്ഷപ്പെടുന്നുവെന്നു വ്യക്തമാക്കുന്നു. എന്നാൽ, യഹൂദ, ക്രൈസ്‌തവ മതനേതാക്കന്മാരും പരിഭാഷകരും അവരുടെ മിക്ക ബൈബിൾ ഭാഷാന്തരങ്ങളിൽനിന്നും മനഃപൂർവം അത്‌ ഒഴിവാക്കിയിരിക്കുന്നു. * ദൈവത്തിന്റെ നാമം ഉപയോഗിക്കാൻ വിസമ്മതിക്കുന്ന അവർക്ക്‌ തങ്ങൾ ദൈവത്തെ അറിയുന്നുവെന്നും അവനുമായി ഒരു അംഗീകൃത ബന്ധം ആസ്വദിക്കുന്നുവെന്നും എങ്ങനെ പറയാൻ കഴിയും? അവൻ ആരാണെന്നും അവന്റെ ഉദ്ദേശ്യങ്ങൾ എന്താണെന്നും മനസ്സിലാക്കുന്നതിലേക്കുള്ള താക്കോലാണ്‌ അവന്റെ നാമം. ദൈവത്തിന്റെ നാമം ഉപയോഗിക്കുകപോലും ചെയ്യുന്നില്ലെങ്കിൽ പിന്നെ യേശു പഠിപ്പിച്ച മാതൃകാ പ്രാർഥനയിലെ “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്ന ഭാഗത്തിന്‌ എന്താണു പ്രസക്തി?​—⁠മത്തായി 6:9; യോഹന്നാൻ 5:43; 17:⁠6.

യേശുക്രിസ്‌തു ആരാണ്‌?

10. യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള പൂർണമായ ഒരു ചിത്രം നമുക്ക്‌ എങ്ങനെ ലഭിക്കും?

10 ആവശ്യം ലഘുപത്രികയിലെ 3-ാമത്തെ പാഠത്തിന്റെ ശീർഷകം “യേശുക്രിസ്‌തു ആരാണ്‌?” എന്നാണ്‌. വെറും ആറ്‌ ഖണ്ഡികകളിൽ അത്‌ യേശു, അവന്റെ ഉത്ഭവം, അവൻ ഭൂമിയിൽ വന്നതിന്റെ ഉദ്ദേശ്യം എന്നിവയെ കുറിച്ചു ഹ്രസ്വമായി ചർച്ച ചെയ്യുന്നു. എന്നാൽ അവന്റെ ജീവിതത്തെ കുറിച്ചുള്ള ഒരു സമ്പൂർണ വിശദീകരണമാണു നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ 111 ഭാഷകളിൽ ലഭ്യമായ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്‌തകത്തിലെ വിവരണത്തെക്കാൾ മെച്ചമായ​—⁠സുവിശേഷ വിവരണങ്ങൾ കഴിഞ്ഞാൽപ്പിന്നെ​—⁠ഒന്നു കിട്ടാനില്ല. * നാല്‌ സുവിശേഷങ്ങളെ ആസ്‌പദമാക്കി തയ്യാറാക്കിയ ഈ പുസ്‌തകത്തിൽ ക്രിസ്‌തുവിന്റെ ജീവിതത്തെയും പഠിപ്പിക്കലുകളെയും കുറിച്ചുള്ള ഒരു സമ്പൂർണ കാലാനുക്രമ വിവരണം അടങ്ങിയിരിക്കുന്നു. അതിന്റെ 133 അധ്യായങ്ങൾ യേശുവിന്റെ ജീവിതത്തിലെയും ശുശ്രൂഷയിലെയും സംഭവങ്ങളെ കുറിച്ചുള്ള ഒരു സമഗ്ര വിശദീകരണം നൽകുന്നു. ഇതിൽനിന്നു വ്യത്യസ്‌തമായ വിശകലനാത്മകമായ ഒരു സമീപനത്തിന്‌ ഉൾക്കാഴ്‌ച പുസ്‌തകത്തിന്റെ 2-ാം വാല്യത്തിൽ “യേശുക്രിസ്‌തു” എന്ന ശീർഷകത്തിനു കീഴിലെ വിവരങ്ങൾ കാണുക.

11. (എ) യേശുവിനെ കുറിച്ചുള്ള വിശ്വാസത്തിന്റെ കാര്യത്തിൽ യഹോവയുടെ സാക്ഷികൾ വ്യത്യസ്‌തരായിരിക്കുന്നത്‌ എങ്ങനെ? (ബി) ത്രിത്വോപദേശത്തെ വ്യക്തമായും ഖണ്ഡിക്കുന്ന ചില ബൈബിൾ വാക്യങ്ങൾ ഏവ, ഏതു പ്രസിദ്ധീകരണം ഈ വിഷയത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ നൽകുന്നു?

11 യേശു ‘ദൈവപുത്രനും’ അതേസമയം ‘പുത്രനായ ദൈവവും’ ആണോ എന്നതിനെ ചൊല്ലിയുള്ള തർക്കം—മറ്റു വാക്കുകളിൽ പറഞ്ഞാൽ കാറ്റിക്കിസം ഓഫ്‌ ദ കാത്തലിക്‌ ചർച്ച്‌ “ക്രിസ്‌തീയ വിശ്വാസത്തിന്റെ കേന്ദ്ര മർമം” എന്നു വിളിച്ച ത്രിത്വത്തെ ചൊല്ലിയുള്ള തർക്കം—ക്രൈസ്‌തവ ലോകത്തിൽ നിലനിൽക്കുന്നു. ക്രൈസ്‌തവ ലോകത്തിലെ മതങ്ങളിൽനിന്നു വ്യത്യസ്‌തമായി യഹോവയുടെ സാക്ഷികൾ, യേശു ദൈവമല്ല മറിച്ച്‌ ദൈവത്തിന്റെ സൃഷ്ടിയാണ്‌ എന്നു വിശ്വസിക്കുന്നു. 95 ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുള്ള നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ? എന്ന ലഘുപത്രിക ഈ വിഷയത്തെ കുറിച്ചു വളരെ നന്നായി വിശദീകരിക്കുന്നു. * ത്രിത്വോപദേശത്തെ ഖണ്ഡിക്കാൻ അത്‌ ഉപയോഗിക്കുന്ന അനേകം തിരുവെഴുത്തുകളിൽ രണ്ടെണ്ണം മർക്കൊസ്‌ 13:​32-ഉം 1 കൊരിന്ത്യർ 15:​24, 28-ഉം ആണ്‌.

12. കൂടുതലായ ഏതു ചോദ്യം നമ്മുടെ ശ്രദ്ധ അർഹിക്കുന്നു?

12 ദൈവത്തെയും യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള ഈ ചർച്ച ബൈബിൾ സത്യം അറിയാത്തവരെ സൂക്ഷ്‌മ പരിജ്ഞാനം നേടാൻ സഹായിക്കുക എന്ന ലക്ഷ്യത്തിൽ നമുക്ക്‌ എങ്ങനെ വ്യക്തിപരമായ പഠനം നടത്താനാകുമെന്നു കാണിച്ചു. (യോഹന്നാൻ 17:⁠3) എന്നാൽ അനേക വർഷങ്ങളായി ക്രിസ്‌തീയ സഭയുമായി സഹവസിക്കുന്നവരുടെ കാര്യമോ? ബൈബിളിനെ കുറിച്ചു വളരെയേറെ പരിജ്ഞാനം നേടിക്കഴിഞ്ഞ സ്ഥിതിക്ക്‌ അവർ ഇനിയും യഹോവയുടെ വചനത്തിന്റെ വ്യക്തിപരമായ പഠനത്തിനു ശ്രദ്ധ നൽകേണ്ടതുണ്ടോ?

‘നിരന്തര ശ്രദ്ധ കൊടുക്കേണ്ടത്‌’ എന്തുകൊണ്ട്‌?

13. വ്യക്തിപരമായ പഠനത്തെ കുറിച്ച്‌ ചിലർക്ക്‌ ഏതു തെറ്റിദ്ധാരണ ഉണ്ടായിരുന്നേക്കാം?

13 അനേക വർഷങ്ങളായി ക്രിസ്‌തീയ സഭയുടെ ഭാഗമായിരിക്കുന്ന ചിലർ തങ്ങൾ യഹോവയുടെ സാക്ഷികളായിത്തീർന്ന ആദ്യത്തെ ഏതാനും വർഷങ്ങളിൽ നേടിയ ബൈബിൾ പരിജ്ഞാനത്തിൽ മാത്രം ആശ്രയിക്കുന്ന ശീലം വളർത്തിയെടുത്തേക്കാം. ഇങ്ങനെ ന്യായവാദം ചെയ്യാൻ എളുപ്പമാണ്‌: “പുതിയവരെ പോലെ പഠിക്കേണ്ട കാര്യം എനിക്കില്ല. ഇത്രയും കാലത്തിനിടയ്‌ക്ക്‌ ഞാൻ എത്രയോ തവണ ബൈബിളും ബൈബിൾ സാഹിത്യങ്ങളും വായിച്ചിരിക്കുന്നു.” ഇത്‌ പിൻവരുന്ന പ്രകാരം പറയുന്നതിനു തുല്യമാണ്‌: “ഇനിയിപ്പോൾ ഭക്ഷണ കാര്യങ്ങളിൽ വലിയ ശ്രദ്ധയൊന്നും നൽകേണ്ടതില്ല, കഴിഞ്ഞ കാലങ്ങളിൽ ഞാൻ എത്രമാത്രം ഭക്ഷണമാണു കഴിച്ചിരിക്കുന്നത്‌.” ആരോഗ്യവും ഓജസ്സും നിലനിറുത്തണമെങ്കിൽ ശരിയായി തയ്യാറാക്കിയ പോഷകപ്രദമായ ഭക്ഷണം ശരീരത്തിനു നിരന്തരം ലഭിക്കേണ്ടതുണ്ടെന്ന്‌ നമുക്കറിയാം. അപ്പോൾപ്പിന്നെ, നമ്മുടെ ആത്മീയ ആരോഗ്യവും ശക്തിയും നിലനിറുത്തുന്ന കാര്യത്തിൽ ഇത്‌ എത്രയധികം സത്യമാണ്‌!​—⁠എബ്രായർ 5:12-14.

14. നമുക്കുതന്നെ നാം നിരന്തര ശ്രദ്ധ കൊടുക്കേണ്ടത്‌ എന്തുകൊണ്ട്‌?

14 അതുകൊണ്ട്‌ ദീർഘകാല ബൈബിൾ വിദ്യാർഥികൾ ആണെങ്കിലും അല്ലെങ്കിലും നാം എല്ലാവരും തിമൊഥെയൊസിന്‌​—⁠അവൻ അപ്പോൾ ഉത്തരവാദിത്വങ്ങൾ ഉള്ളവനും പക്വമതിയുമായ ഒരു മേൽവിചാരകനായിരുന്നു എന്ന്‌ ഓർക്കുക​—⁠പൗലൊസ്‌ നൽകിയ ബുദ്ധിയുപദേശത്തിനു ശ്രദ്ധ നൽകണം: “നിനക്കുതന്നെയും നിന്റെ പഠിപ്പിക്കലിനും നിരന്തര ശ്രദ്ധ കൊടുക്കുക. അതിൽത്തന്നെ നിലകൊള്ളുക, എന്തെന്നാൽ അങ്ങനെ ചെയ്‌താൽ നീ നിന്നെത്തന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.” (1 തിമൊഥെയൊസ്‌ 4:​15, 16, NW) നാം പൗലൊസിന്റെ ബുദ്ധിയുപദേശത്തിന്‌ സൂക്ഷ്‌മ ശ്രദ്ധ നൽകേണ്ടത്‌ എന്തുകൊണ്ട്‌? ‘പിശാചിന്റെ തന്ത്രങ്ങളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും’ നമുക്ക്‌ ഒരു പോരാട്ടം ഉണ്ടെന്നു പൗലൊസ്‌ പറഞ്ഞത്‌ ഓർക്കുക. അപ്പൊസ്‌തലനായ പത്രൊസ്‌ പിശാച്‌ ‘ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുററിനടക്കുകയാണ്‌’ എന്ന മുന്നറിയിപ്പു നൽകി. നമ്മിൽ ആർ വേണമെങ്കിലും അവന്റെ ഇരയാകാം. നമ്മുടെ അമിത ആത്മവിശ്വാസവും അപകടത്തെ കുറിച്ചുള്ള അജ്ഞതയും അവൻ നമ്മെ എളുപ്പത്തിൽ പിടികൂടാൻ ഇടയാക്കിയേക്കാം.​—⁠എഫെസ്യർ 6:​11, 12; 1 പത്രൊസ്‌ 5:⁠8.

15. ഏത്‌ ആത്മീയ സംരക്ഷണമാണ്‌ നമുക്കുള്ളത്‌, നമുക്ക്‌ അത്‌ എങ്ങനെ പരിരക്ഷിക്കാൻ കഴിയും?

15 അതുകൊണ്ട്‌ നമ്മുടെ സംരക്ഷണത്തിന്‌ നമുക്ക്‌ എന്താണ്‌ ഉള്ളത്‌? അപ്പൊസ്‌തലനായ പൗലൊസ്‌ നമ്മെ ഓർമിപ്പിക്കുന്നു: “നിങ്ങൾ ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്‌പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ.” (എഫെസ്യർ 6:13) ആത്മീയ ആയുധവർഗത്തിന്റെ ഫലപ്രദത്വം തുടക്കത്തിലെ അതിന്റെ ഗുണമേന്മയെ മാത്രമല്ല അതിനു നൽകുന്ന നിരന്തര പരിരക്ഷണത്തെയും ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട്‌ ദൈവത്തിൽനിന്നുള്ള സർവായുധവർഗത്തിൽ ദൈവവചനത്തെ കുറിച്ചുള്ള ഏറ്റവും പുതിയ ഗ്രാഹ്യം ഉൾപ്പെടണം. ഇത്‌ യഹോവ തന്റെ വചനവും വിശ്വസ്‌തനും വിവേകിയുമായ അടിമവർഗവും മുഖാന്തരം കാലാനുസൃതമായി വെളിപ്പെടുത്തുന്ന സത്യത്തെ കുറിച്ചുള്ള ഗ്രാഹ്യം നേടിക്കൊണ്ടിരിക്കുന്നതിന്റെ പ്രാധാന്യത്തിലേക്കു വിരൽചൂണ്ടുന്നു. നമ്മുടെ ആത്മീയ ആയുധവർഗം പരിരക്ഷിക്കുന്നതിന്‌ ബൈബിളും ബൈബിൾ സാഹിത്യങ്ങളും വ്യക്തിപരമായി നാം ക്രമമായ അടിസ്ഥാനത്തിൽ പഠിക്കേണ്ടത്‌ അനിവാര്യമാണ്‌.​—⁠മത്തായി 24:​45-47, NW; എഫെസ്യർ 6:​14, 15.

16. നമ്മുടെ “വിശ്വാസം എന്ന പരിച” നല്ല നിലയിലാണെന്ന്‌ ഉറപ്പു വരുത്താൻ നമുക്ക്‌ എന്തു ചെയ്യാനാകും?

16 നമുക്കു സംരക്ഷണം പ്രദാനം ചെയ്യുന്ന ഈ ആയുധവർഗത്തിന്റെ ഒരു പ്രധാന ഭാഗമെന്ന നിലയിൽ പൗലൊസ്‌ “വിശ്വാസം എന്ന പരിച”യെ കുറിച്ചു പറയുന്നു. അത്‌ ഉപയോഗിച്ച്‌ നമുക്ക്‌ വ്യാജ ആരോപണങ്ങളും വിശ്വാസത്യാഗപരമായ പഠിപ്പിക്കലുകളും ആകുന്ന സാത്താന്റെ തീയമ്പുകളെ ചെറുക്കാനും കെടുത്താനും കഴിയും. (എഫെസ്യർ 6:16) അതുകൊണ്ട്‌ നമ്മുടെ വിശ്വാസമെന്ന പരിച എത്ര ശക്തമാണെന്നും അതിനെ നല്ല നിലയിലും സുശക്തവുമാക്കി നിലനിറുത്താൻ നാം എന്തു നടപടികൾ സ്വീകരിക്കുന്നു എന്നും പരിശോധിക്കുന്നതു പ്രധാനമാണ്‌. ഉദാഹരണത്തിന്‌ നിങ്ങൾക്ക്‌ ഇങ്ങനെ ചോദിക്കാവുന്നതാണ്‌: ‘വീക്ഷാഗോപുരം ഉപയോഗിച്ച്‌ വാരംതോറും നടത്തുന്ന ബൈബിൾ അധ്യയനത്തിനായി ഞാൻ എങ്ങനെയാണു തയ്യാറാകുന്നത്‌? നന്നായി ചിന്തിച്ച്‌ തയ്യാറായ ഉത്തരങ്ങൾ നൽകിക്കൊണ്ട്‌ യോഗങ്ങളിൽ “സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ” കഴിയത്തക്കവിധത്തിൽ ഞാൻ പഠിക്കുന്നുണ്ടോ? ഉദ്ധരിക്കാതെ പരാമർശിക്കുക മാത്രം ചെയ്‌തിരിക്കുന്ന തിരുവെഴുത്തുകൾ ഞാൻ ബൈബിൾ തുറന്നു വായിക്കാറുണ്ടോ? യോഗങ്ങളിൽ ഉത്സാഹത്തോടെ പങ്കെടുത്തുകൊണ്ട്‌ ഞാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നുവോ?’ നമ്മുടെ ആത്മീയ ആഹാരം കട്ടിയുള്ളതാണ്‌, അതു നന്നായി ദഹിച്ചെങ്കിൽ മാത്രമേ നമുക്ക്‌ അതിൽനിന്നു പൂർണ പ്രയോജനം ലഭിക്കുകയുള്ളൂ.​—⁠എബ്രായർ 5:14; 10:​25.

17. (എ) നമ്മുടെ ആത്മീയത തകർക്കുക എന്ന ലക്ഷ്യത്തിൽ സാത്താൻ ഏതു വിഷം ഉപയോഗിക്കുന്നു? (ബി) സാത്താന്റെ വിഷത്തെ പ്രതിരോധിക്കാനുള്ള മാർഗം എന്ത്‌?

17 വീഴ്‌ച ഭവിച്ച ജഡത്തിന്റെ ബലഹീനതകൾ സാത്താന്‌ നന്നായി അറിയാം. അവൻ പ്രയോഗിക്കുന്ന തന്ത്രങ്ങൾ വളരെ കുടിലമാണ്‌. അവൻ ടിവി, ഇന്റർനെറ്റ്‌, വീഡിയോ, അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ എന്നിവയിൽ വളരെ എളുപ്പത്തിൽ അശ്ലീലം ലഭ്യമാക്കിയിരിക്കുന്നു. തന്റെ ദുഷ്ട സ്വാധീനം വ്യാപിപ്പിക്കാൻ അവൻ ഉപയോഗിക്കുന്ന ഒരു മാർഗം മാത്രമാണ്‌ ഇത്‌. തങ്ങളുടെ ആയുധങ്ങൾ ദുർബലമാകാനും അങ്ങനെ ഈ വിഷം ഉള്ളിലേക്കു കടക്കാനും ചില ക്രിസ്‌ത്യാനികൾ അനുവദിച്ചിരിക്കുന്നു. സഭയിലെ ഉത്തരവാദിത്വ സ്ഥാനങ്ങൾ നഷ്ടപ്പെടുന്നതിലേക്കും അതിനെക്കാൾ ഗുരുതരമായ ദോഷഫലങ്ങളിലേക്കും ഇതു നയിച്ചിട്ടുണ്ട്‌. (എഫെസ്യർ 4:​17-19) സാത്താന്റെ ആത്മീയ വിഷത്തെ പ്രതിരോധിക്കാനുള്ള മാർഗം എന്താണ്‌? വ്യക്തിപരമായ ബൈബിൾ പഠനം, ക്രിസ്‌തീയ യോഗങ്ങൾ, ദൈവത്തിൽനിന്നുള്ള സർവായുധവർഗം എന്നിവയ്‌ക്ക്‌ നാം നിരന്തര ശ്രദ്ധ നൽകേണ്ടതുണ്ട്‌. ഇവയെല്ലാം ശരിയും തെറ്റും വേർതിരിച്ചറിയാനും ദൈവം വെറുക്കുന്ന കാര്യങ്ങളെ വെറുക്കാനും നമ്മെ സഹായിക്കും.​—⁠സങ്കീർത്തനം 97:10; റോമർ 12:⁠9.

18. ‘ആത്മാവിന്റെ വാൾ’ നമ്മുടെ ആത്മീയ പോരാട്ടത്തിൽ നമ്മെ എങ്ങനെ സഹായിക്കും?

18 ക്രമമായ ബൈബിൾ പഠന ശീലം നിലനിറുത്തുന്നെങ്കിൽ, ദൈവവചനത്തിന്റെ സൂക്ഷ്‌മ പരിജ്ഞാനം ഉപയോഗിച്ച്‌ സ്വയം സംരക്ഷിക്കാൻ മാത്രമല്ല, ‘ദൈവവചനം എന്ന ആത്മാവിന്റെ വാൾ’ ഉപയോഗിച്ച്‌ ഫലപ്രദമായി ആക്രമണം നടത്താനും ഉള്ള പ്രാപ്‌തി നാം നേടും. ദൈവത്തിന്റെ വചനം “ഇരുവായ്‌ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.” (എഫെസ്യർ 6:17; എബ്രായർ 4:12) ആ ‘വാൾ’ ഉപയോഗിക്കുന്നതിൽ നാം വൈദഗ്‌ധ്യം നേടിയാൽ പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ, അവ നിർദോഷമോ ആകർഷകമോ ആയി കാണപ്പെട്ടാലും, അവ ദുഷ്ടന്റെ മരണക്കെണികളാണെന്നു തിരിച്ചറിയാൻ നമുക്കു കഴിയും. നമ്മുടെ ആഴമായ ബൈബിൾ പരിജ്ഞാനവും ഗ്രാഹ്യവും ദുഷ്ടമായതിനെ തള്ളിക്കളഞ്ഞുകൊണ്ട്‌ നല്ലതു ചെയ്യാൻ നമ്മെ പ്രാപ്‌തരാക്കും. അതുകൊണ്ട്‌ നാം ഓരോരുത്തരും സ്വയം ഇങ്ങനെ ചോദിക്കണം: ‘എന്റെ വാൾ മൂർച്ചയുള്ളതാണോ അതോ തുരുമ്പെടുത്തതാണോ? ആക്രമണത്തെ ശക്തമാക്കാൻ കഴിയുന്ന ബൈബിൾ വാക്യങ്ങൾ ഓർമിച്ചെടുക്കുന്നതിൽ എനിക്ക്‌ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നുണ്ടോ?’ വ്യക്തിപരമായ ബൈബിൾ പഠനം സംബന്ധിച്ച നല്ല ശീലങ്ങൾ നിലനിറുത്തിക്കൊണ്ട്‌ നമുക്ക്‌ പിശാചിനെ ചെറുത്തു നിൽക്കാം.—എഫെസ്യർ 4:​22-24.

19. വ്യക്തിപരമായ പഠനത്തിനു ശ്രദ്ധ കൊടുക്കുന്നെങ്കിൽ നമുക്ക്‌ എന്തു പ്രയോജനങ്ങൾ ആസ്വദിക്കാൻ കഴിയും?

19 “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു” എന്ന്‌ പൗലൊസ്‌ എഴുതി. തിമൊഥെയൊസിനോടുള്ള അവന്റെ ഈ വാക്കുകൾ നാം ഹൃദയപൂർവം കൈക്കൊണ്ടാൽ നമുക്ക്‌ നമ്മുടെ ആത്മീയത ബലിഷ്‌ഠമാക്കാനും ശുശ്രൂഷ കൂടുതൽ ഫലപ്രദമാക്കാനും കഴിയും. നല്ല ആത്മീയത ഉള്ള മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും സഭയ്‌ക്കു കൂടുതൽ പ്രയോജനം ചെയ്യും. നമുക്ക്‌ എല്ലാവർക്കും വിശ്വാസത്തിൽ ഉറപ്പുള്ളവർ ആയി നിലനിൽക്കാനും കഴിയും.​—⁠2 തിമൊഥെയൊസ്‌ 3:16, 17; മത്തായി 7:​24-27.

[അടിക്കുറിപ്പുകൾ]

^ ഖ. 4 സാധാരണഗതിയിൽ ആവശ്യം ലഘുപത്രികയ്‌ക്കു ശേഷം ഒരു താത്‌പര്യക്കാരൻ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകം​—⁠രണ്ടും യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌​—⁠പഠിക്കും. ആത്മീയ പുരോഗതിക്കു തടസ്സമാകുന്ന ഘടകങ്ങൾ നീക്കം ചെയ്യാൻ ഇവിടെ നൽകിയിരിക്കുന്ന നിർദേശങ്ങൾ സഹായിക്കും.

^ ഖ. 9 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌. തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) തങ്ങളുടെ ഭാഷയിൽ ലഭ്യമായവർക്ക്‌ രണ്ടാം വാല്യത്തിൽ “യഹോവ” എന്ന ശീർഷകത്തിനു കീഴിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കാൻ കഴിയും. നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകത്തിന്റെ 3-ാം അധ്യായവും കാണുക.

^ ഖ. 9 പല സ്‌പാനിഷ്‌, കാറ്റലോണിയൻ ഭാഷാന്തരങ്ങളും ഇതിനു ശ്രദ്ധേയമായ അപവാദങ്ങളാണ്‌. അവ എബ്രായ ചതുരക്ഷരി “യാവേ,” “യാഹ്‌വേ,” “ജാവേ,” “ഹേയോവാ” എന്നിങ്ങനെ പരിഭാഷപ്പെടുത്തുന്നു.

^ ഖ. 10 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

^ ഖ. 11 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

നിങ്ങൾ ഓർമിക്കുന്നുവോ?

• വ്യക്തിപരമായ പഠനം ഫലപ്രദമായി നിർവഹിക്കാൻ ഏതു ചുറ്റുപാടുകൾ സഹായിക്കും?

• ദൈവ നാമത്തോടുള്ള ബന്ധത്തിൽ അനേകം ബൈബിൾ പരിഭാഷകൾ ഏതു പിശക്‌ വരുത്തുന്നു?

• ത്രിത്വോപദേശത്തെ ഖണ്ഡിക്കാൻ നിങ്ങൾ ഏതു ബൈബിൾ വാക്യങ്ങൾ ഉപയോഗിക്കും?

• നാം സത്യ ക്രിസ്‌ത്യാനികൾ ആയിത്തീർന്നിട്ട്‌ അനേക വർഷങ്ങളായിട്ടുണ്ടെങ്കിലും സാത്താന്റെ തന്ത്രങ്ങളിൽനിന്നു നമ്മെത്തന്നെ സംരക്ഷിക്കാൻ നാം എന്തു ചെയ്യണം?

[അധ്യയന ചോദ്യങ്ങൾ]

[19-ാം പേജിലെ ചിത്രങ്ങൾ]

വ്യക്തിപരമായ പഠനം ഫലപ്രദം ആയിരിക്കണ മെങ്കിൽ ശ്രദ്ധാ ശൈഥില്യങ്ങൾ ഏറ്റവും കുറഞ്ഞ അനുയോജ്യമായ ഒരു അന്തരീക്ഷം ആവശ്യമാണ്‌

[23-ാം പേജിലെ ചിത്രങ്ങൾ]

നിങ്ങളുടെ ‘വാൾ’ മൂർച്ചയുള്ളതോ തുരുമ്പെടുത്തതോ?