വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സന്തോഷം കൈവരുത്തുന്ന കൊടുക്കൽ

സന്തോഷം കൈവരുത്തുന്ന കൊടുക്കൽ

സന്തോഷം കൈവരുത്തുന്ന കൊടുക്കൽ

വടക്കുകിഴക്കൻ ബ്രസീലിലെ ഒരു ചേരിപ്പട്ടണത്തിലാണ്‌ ഷനിവൗവിന്റെ താമസം. ഒരു ആശുപത്രി സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്‌തുകിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ്‌ അദ്ദേഹം ഭാര്യയെയും കുട്ടികളെയും പോറ്റിയിരുന്നത്‌. സാമ്പത്തിക ഞെരുക്കമുണ്ടായിരുന്നിട്ടും അദ്ദേഹം മനസ്സാക്ഷിപൂർവം ദശാംശം കൊടുത്തിരുന്നു. “ചിലപ്പോൾ എന്റെ കുടുംബം പട്ടിണിയിലായിരുന്നു,” വയറ്‌ തിരുമ്മിക്കൊണ്ട്‌ അദ്ദേഹം ഓർമിക്കുന്നു. “അപ്പോഴും, എന്തു ത്യാഗം ചെയ്‌തിട്ടാണെങ്കിലും എനിക്കുള്ള ഏറ്റവും നല്ലത്‌ ദൈവത്തിനു കൊടുക്കാൻ ഞാൻ ആഗ്രഹിച്ചു.”

ആ ജോലി നഷ്ടമായശേഷവും ഷനിവൗ ദശാംശം കൊടുത്തുകൊണ്ടിരുന്നു. വലിയ തുക സംഭാവന നൽകിക്കൊണ്ട്‌ ദൈവത്തെ പരീക്ഷിക്കാൻ ശുശ്രൂഷകൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. ദൈവം അദ്ദേഹത്തിനു വലിയൊരു പ്രതിഫലം കൊടുക്കുമെന്നു പുരോഹിതൻ ഉറപ്പുനൽകി. അതുകൊണ്ട്‌, തന്റെ വീട്‌ വിൽക്കാനും അങ്ങനെ കിട്ടുന്ന പണം സഭയ്‌ക്കു കൊടുക്കാനും ഷനിവൗ തീരുമാനിച്ചു.

കൊടുക്കുന്നതിൽ ഇത്തരത്തിലുള്ള ആത്മാർഥത കാണിച്ചിരിക്കുന്നത്‌ ഷനിവൗ മാത്രമല്ല. മുറതെറ്റാതെ ദശാംശം കൊടുക്കുന്ന ധാരാളം പട്ടിണിപ്പാവങ്ങളുണ്ട്‌. കാരണം, അത്‌ ബൈബിൾ വെക്കുന്ന ഒരു വ്യവസ്ഥയാണെന്നാണ്‌ സഭകൾ അവരെ പഠിപ്പിക്കുന്നത്‌. അതു ശരിയാണോ?

ദശാംശവും ന്യായപ്രമാണവും

ദശാംശം കൊടുക്കാനുള്ള കൽപ്പന, പുരാതന ഇസ്രായേലിന്റെ 12 ഗോത്രങ്ങൾക്ക്‌ 3,500-ലധികം വർഷം മുമ്പ്‌ യഹോവയാം ദൈവം നൽകിയ ന്യായപ്രമാണത്തിന്റെ ഭാഗമായിരുന്നു. നിലത്തെ ഉത്‌പന്നങ്ങളുടെയും വൃക്ഷഫലങ്ങളുടെയും ആടുമാടുകളിലെ വർധനയുടെയും പത്തിലൊന്ന്‌ സമാഗമന കൂടാരത്തിൽ ലേവ്യർ ചെയ്യുന്ന സേവനങ്ങളെ പിന്തുണയ്‌ക്കാനായി ലേവി ഗോത്രത്തിനു നൽകാൻ ന്യായപ്രമാണം ആവശ്യപ്പെട്ടിരുന്നു.—ലേവ്യപുസ്‌തകം 27:30, 32; സംഖ്യാപുസ്‌തകം 18:21, 24.

ന്യായപ്രമാണം ‘അവർക്കു പ്രയാസമുള്ളതല്ല’ എന്ന്‌ യഹോവ ഇസ്രായേല്യർക്ക്‌ ഉറപ്പു കൊടുത്തു. (ആവർത്തനപുസ്‌തകം 30:11) ദശാംശം കൊടുക്കണമെന്നത്‌ ഉൾപ്പെടെയുള്ള യഹോവയുടെ കൽപ്പനകൾ അവർ വിശ്വസ്‌തമായി അനുസരിക്കുന്നിടത്തോളം കാലം ഫല സമൃദ്ധി നൽകുമെന്ന്‌ അവൻ അവരോടു വാഗ്‌ദാനം ചെയ്‌തിരുന്നു. ഒരു സംരക്ഷണം എന്ന നിലയിൽ വാർഷിക ദശാംശവും അവർ ക്രമമായി നീക്കിവെച്ചിരുന്നു. സാധാരണഗതിയിൽ, മതപരമായ ഉത്സവങ്ങൾക്കായി ജനം കൂടിവരുമ്പോഴായിരുന്നു ഇത്‌ ഉപയോഗിച്ചിരുന്നത്‌. അങ്ങനെ, “പരദേശിയും അനാഥനും വിധവയും” തിന്നു തൃപ്‌തരായിരുന്നു.​—⁠ആവർത്തനപുസ്‌തകം 14:28, 29; 28:1, 2, 11-14.

ദശാംശം കൊടുക്കാതിരുന്നാൽ ന്യായപ്രമാണപ്രകാരം പ്രത്യേക ശിക്ഷയൊന്നും ഇല്ലായിരുന്നു. എങ്കിലും, സത്യാരാധനയെ ഈ വിധത്തിൽ പിന്തുണയ്‌ക്കാൻ ഓരോ ഇസ്രായേല്യനും ശക്തമായ ധാർമിക കടപ്പാടുണ്ടായിരുന്നു. യഥാർഥത്തിൽ, മലാഖിയുടെ നാളിൽ ദശാംശം കൊടുക്കുന്നതിനെ അവഗണിച്ച ഇസ്രായേല്യർ ‘ദശാംശങ്ങളിലും കാഴ്‌ചകളിലും തന്നെ കൊള്ളചെയ്യു’കയാണെന്ന്‌ യഹോവ കുറ്റപ്പെടുത്തുകയുണ്ടായി. (മലാഖി 3:​8, പി.ഒ.സി. ബൈബിൾ) ദശാംശം കൊടുക്കാത്ത ക്രിസ്‌ത്യാനികൾക്കെതിരെ ഇതേ കുറ്റം ആരോപിക്കാൻ കഴിയുമോ?

നമുക്കു നോക്കാം. ദേശീയ നിയമങ്ങൾക്ക്‌ സാധാരണഗതിയിൽ ഒരു രാജ്യത്തിനു പുറത്ത്‌ സാധുതയില്ല. ഉദാഹരണത്തിന്‌, റോഡിന്റെ ഇടതുവശത്തുകൂടെ വാഹനമോടിക്കണമെന്ന ബ്രിട്ടനിലെ നിയമം ഫ്രാൻസിലെ ഡ്രൈവർമാർക്കു ബാധകമല്ല. സമാനമായി, ദശാംശം ആവശ്യപ്പെട്ടുകൊണ്ടുള്ള നിയമം, ഇസ്രായേൽ ജനതയും ദൈവവും തമ്മിൽ മാത്രമുണ്ടായിരുന്ന ഒരു ഉടമ്പടിയുടെ ഭാഗമായിരുന്നു. (പുറപ്പാടു 19:3-8; സങ്കീർത്തനം 147:19, 20) ഇസ്രായേല്യർ മാത്രമാണ്‌ ആ നിയമത്തിനു കീഴിൽ വന്നത്‌.

മാത്രമല്ല, ദൈവത്തിന്‌ ഒരിക്കലും മാറ്റമില്ല എന്നത്‌ സത്യമാണെങ്കിലും, അവന്റെ വ്യവസ്ഥകൾക്കു ചിലപ്പോൾ മാറ്റമുണ്ടാകുന്നുണ്ട്‌. (മലാഖി 3:6) പൊ.യു. 33-ലെ യേശുവിന്റെ ബലിമരണം, ‘ദശാംശം വാങ്ങുവാനുള്ള കല്‌പന’ സഹിതം ന്യായപ്രമാണത്തെ “മായിച്ചു”കളഞ്ഞു അഥവാ “നീക്കി”ക്കളഞ്ഞു എന്നു ബൈബിൾ വളരെ വ്യക്തമായി പ്രസ്‌താവിക്കുന്നു.​—⁠കൊലൊസ്സ്യർ 2:13, 14; എഫെസ്യർ 2:13-15; എബ്രായർ 7:5, 18.

ക്രിസ്‌തീയ കൊടുക്കൽ

എന്നിരുന്നാലും, സത്യാരാധനയെ പിന്തുണയ്‌ക്കാനായി അപ്പോഴും സംഭാവനകളുടെ ആവശ്യമുണ്ടായിരുന്നു. ‘ഭൂമിയുടെ അററത്തോളവും സാക്ഷികൾ ആകാൻ’ യേശു തന്റെ ശിഷ്യന്മാർക്കു നിയോഗം നൽകിയിരുന്നു. (പ്രവൃത്തികൾ 1:8) വിശ്വാസികളുടെ എണ്ണം വർധിച്ചതോടെ സഭകൾ സന്ദർശിച്ച്‌ ശക്തിപ്പെടുത്താനുള്ള ക്രിസ്‌തീയ ഉപദേഷ്ടാക്കന്മാരുടെയും മേൽവിചാരകന്മാരുടെയും ആവശ്യവും വർധിച്ചു. വിധവകൾക്കും അനാഥർക്കും സഹായം ആവശ്യമുള്ള മറ്റുള്ളവർക്കുമായി പലപ്പോഴും കരുതേണ്ട ആവശ്യമുണ്ടായിരുന്നു. ഇതിനെല്ലാം വേണ്ട പണം ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ എപ്രകാരമാണു കണ്ടെത്തിയത്‌?

യെഹൂദ്യയിലെ ദരിദ്ര സഭയെ സഹായിക്കാനുള്ള ഒരു ആഹ്വാനം യൂറോപ്പിലെയും ഏഷ്യാമൈനറിലെയും വിജാതീയ ക്രിസ്‌ത്യാനികൾക്ക്‌ ഏതാണ്ട്‌ പൊ.യു. 55-ൽ ലഭിക്കുകയുണ്ടായി. കൊരിന്ത്യ സഭയ്‌ക്കുള്ള തന്റെ ലേഖനങ്ങളിൽ, ‘വിശുദ്ധന്മാർക്കു വേണ്ടിയുള്ള’ ഈ ‘ധർമശേഖരം’ സംഘടിപ്പിക്കപ്പെട്ടത്‌ എപ്രകാരമാണെന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ വിശദീകരിക്കുന്നുണ്ട്‌. (1 കൊരിന്ത്യർ 16:1) ക്രിസ്‌തീയ കൊടുക്കലിനെപ്പറ്റി പൗലൊസിന്റെ വാക്കുകൾ വെളിപ്പെടുത്തുന്നത്‌ എന്തെന്ന്‌ അറിയുമ്പോൾ നിങ്ങൾ അതിശയിച്ചു പോയേക്കാം.

കൊടുക്കുന്ന കാര്യത്തിൽ അപ്പൊസ്‌തലനായ പൗലൊസ്‌ സഹവിശ്വാസികളുടെമേൽ സമ്മർദം ചെലുത്തിയില്ല. വാസ്‌തവത്തിൽ, “കഷ്ടത”യിലും “മഹാദാരിദ്ര്യ”ത്തിലും ആയിരുന്ന മക്കെദോന്യയിലെ ക്രിസ്‌ത്യാനികൾക്ക്‌ ‘ദയാപുരസ്സരം കൊടുക്കാനുള്ള പദവിക്കും വിശുദ്ധന്മാരുടെ ശുശ്രൂഷയിലെ പങ്കിനുംവേണ്ടി അവനോട്‌ കേണപേക്ഷിക്കേണ്ടിവന്നു.’—2 കൊരിന്ത്യർ 8:1-4, NW.

മക്കെദോന്യയിലെ ഉദാരമനസ്‌കരായ സഹോദരങ്ങളെ അനുകരിക്കാൻ പൗലൊസ്‌ കൂടുതൽ സമ്പന്നരായ കൊരിന്ത്യരെ പ്രോത്സാഹിപ്പിച്ചു എന്നതു ശരിയാണ്‌. എങ്കിലും, അവൻ ‘ആജ്ഞകൾ പുറപ്പെടുവിച്ചില്ല, മറിച്ച്‌ അപേക്ഷിക്കുകയോ നിർദേശിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ അഭ്യർഥിക്കുകയോ ചെയ്യാനാണ്‌ അവൻ ഇഷ്ടപ്പെട്ടത്‌. നിർബന്ധം ചെലുത്തിയിരുന്നെങ്കിൽ കൊരിന്ത്യരുടെ കൊടുക്കൽ സ്വമനസ്സാലെയുള്ളതോ ഊഷ്‌മളതയോടു കൂടിയതോ ആയിരിക്കുമായിരുന്നില്ല’ എന്ന്‌ ഒരു പരാമർശ ഗ്രന്ഥം പറയുന്നു. ‘സങ്കടത്തോടെയോ നിർബ്ബന്ധത്താലോ കൊടുക്കുന്നവനെയല്ല, സന്തോഷത്തോടെ കൊടുക്കുന്നവനെയാണ്‌ ദൈവം സ്‌നേഹിക്കുന്നത്‌’ എന്നു പൗലൊസിന്‌ അറിയാമായിരുന്നു.​—⁠2 കൊരിന്ത്യർ 9:⁠7.

തീക്ഷ്‌ണമായ വിശ്വാസവും സമൃദ്ധമായ പരിജ്ഞാനവും ഒപ്പം സഹ ക്രിസ്‌ത്യാനികളോടുള്ള ആത്മാർഥ സ്‌നേഹവും, സ്വമനസ്സാലെ കൊടുക്കാൻ കൊരിന്തിലെ ക്രിസ്‌ത്യാനികളെ പ്രേരിപ്പിക്കുമായിരുന്നു.​—⁠2 കൊരിന്ത്യർ 8:7, 8.

“അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ”

ഒരു നിശ്ചിത തുകയോ ശതമാനമോ നൽകണമെന്നു പറയുന്നതിനു പകരം, “ആഴ്‌ചയുടെ ഒന്നാംദിവസം നിങ്ങളിൽ ഓരോരുത്തരും തങ്ങളുടെ വരുമാനം അനുസരിച്ച്‌ ഒരു തുക മാറ്റിസൂക്ഷിക്കണം” എന്നു നിർദേശിക്കുക മാത്രമാണു പൗലൊസ്‌ ചെയ്‌തത്‌. (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (1 കൊരിന്ത്യർ 16:​2, ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാന്തരം) ആസൂത്രണം ചെയ്‌ത്‌ ക്രമമായ അടിസ്ഥാനത്തിൽ ഒരു തുക നീക്കിവെക്കുന്നതിനാൽ, പൗലൊസ്‌ എത്തുമ്പോൾ വൈമനസ്യത്തോടെയോ പെട്ടെന്നുള്ള വൈകാരിക പ്രേരണയാലോ കൊടുക്കാനുള്ള സമ്മർദം കൊരിന്തിലെ ക്രിസ്‌ത്യാനികൾക്ക്‌ അനുഭവപ്പെടുമായിരുന്നില്ല. ഓരോ ക്രിസ്‌ത്യാനിയെ സംബന്ധിച്ചും, എന്തുമാത്രം കൊടുക്കണം എന്ന തീരുമാനം വ്യക്തിപരം, ‘അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചത്‌,’ ആയിരുന്നു.​—⁠2 കൊരിന്ത്യർ 9:5, 7, NW.

ധാരാളമായി കൊയ്യുന്നതിന്‌ കൊരിന്ത്യർ ധാരാളമായി വിതയ്‌ക്കേണ്ടിയിരുന്നു. കഴിവിനപ്പുറം കൊടുക്കുന്നതു സംബന്ധിച്ച യാതൊരു നിർദേശവും ഒരിക്കലും നൽകപ്പെട്ടില്ല. “നിങ്ങളെ ബുദ്ധിമുട്ടിപ്പിച്ചു മറ്റുള്ളവരെ സഹായിക്കണം എന്നല്ല എന്റെ ആഗ്രഹം” എന്നു പൗലൊസ്‌ അവർക്ക്‌ ഉറപ്പു നൽകി. “ഇല്ലാത്തതനുസരിച്ചല്ല, ഉള്ളതനുസരിച്ച്‌ കൊടുക്കുന്ന”തായിരുന്നു വിശേഷാൽ സ്വീകാര്യം. (2 കൊരിന്ത്യർ 8:12, 13, ഓശാന ബൈബിൾ; 9:6) പിന്നീട്‌ എഴുതിയ തന്റെ ഒരു ലേഖനത്തിൽ പൗലൊസ്‌ ഈ മുന്നറിയിപ്പു നൽകി: ‘സ്വന്തകുടുംബക്കാർക്കു വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.’ (1 തിമൊഥെയൊസ്‌ 5:8) ഈ തത്ത്വം ലംഘിക്കുന്ന വിധത്തിലുള്ള കൊടുക്കലിനെ പൗലൊസ്‌ പ്രോത്സാഹിപ്പിച്ചില്ല.

സഹായം ആവശ്യമുണ്ടായിരുന്ന ‘വിശുദ്ധന്മാർക്കുവേണ്ടിയുള്ള ധർമശേഖരണത്തിന്‌’ പൗലൊസ്‌ മേൽനോട്ടം വഹിച്ചു എന്നതു ശ്രദ്ധേയമാണ്‌. പൗലൊസോ മറ്റ്‌ അപ്പൊസ്‌തലന്മാരോ സ്വന്തം ശുശ്രൂഷകൾക്കുള്ള ചെലവിനായി പണം പിരിക്കുകയോ ദശാംശം വാങ്ങുകയോ ചെയ്‌തതായി നാം തിരുവെഴുത്തിൽ ഒരിടത്തും വായിക്കുന്നില്ല. (പ്രവൃത്തികൾ 3:6) സഭകൾ തനിക്ക്‌ അയച്ചുതന്നിരുന്ന ദാനങ്ങളെ പൗലൊസ്‌ എല്ലായ്‌പോഴും നന്ദിയോടെ സ്വീകരിച്ചിരുന്നെങ്കിലും, സഹോദരങ്ങളുടെമേൽ ഒരു ‘ഭാരം’ അടിച്ചേൽപ്പിക്കുന്നതിൽ നിന്ന്‌ അവൻ മനസ്സാക്ഷിപൂർവം ഒഴിഞ്ഞുനിന്നു.—1 തെസ്സലൊനീക്യർ 2:9; ഫിലിപ്പിയർ 4:15-18.

സ്വമേധയായുള്ള കൊടുക്കൽ ഇക്കാലത്ത്‌

ഒന്നാം നൂറ്റാണ്ടിൽ ക്രിസ്‌തുവിന്റെ അനുഗാമികൾ പിൻപറ്റിയിരുന്നത്‌ സ്വമേധയാ ഉള്ള കൊടുക്കലാണ്‌, ദശാംശ ക്രമീകരണമല്ലായിരുന്നു എന്നതു വ്യക്തമാണ്‌. എന്നിരുന്നാലും, സുവാർത്താ പ്രസംഗം നിർവഹിക്കാൻ വേണ്ട പണം കണ്ടെത്താനും സഹായം ആവശ്യമുള്ള ക്രിസ്‌ത്യാനികളെ പിന്തുണയ്‌ക്കാനും അത്‌ ഇപ്പോഴും ഫലകരമായ ഒരു ഉപാധിയാണോ എന്നു നിങ്ങൾ ചിന്തിച്ചേക്കാം.

പിൻവരുന്ന കാര്യം ശ്രദ്ധിക്കുക. 1879-ൽ ഈ മാസികയുടെ പത്രാധിപർ, ‘സഹായത്തിനുവേണ്ടി ഒരിക്കലും മനുഷ്യരോടു യാചിക്കുകയോ അഭ്യർഥിക്കുകയോ ഇല്ല’ എന്നു തുറന്നു പ്രസ്‌താവിക്കുകയുണ്ടായി. ബൈബിൾ സത്യം പ്രചരിപ്പിക്കാനുള്ള യഹോവയുടെ സാക്ഷികളുടെ ശ്രമത്തിന്‌ ആ തീരുമാനം ഒരു തടസ്സമായിട്ടുണ്ടോ?

സാക്ഷികൾ ഇപ്പോൾ ബൈബിളുകളും ക്രിസ്‌തീയ പുസ്‌തകങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും 235 രാജ്യങ്ങളിലായി വിതരണം ചെയ്യുന്നുണ്ട്‌. തുടക്കത്തിൽ, ബൈബിൾ വിദ്യാഭ്യാസ മാസികയായ വീക്ഷാഗോപുരത്തിന്റെ പ്രതിമാസ വിതരണം 6,000 പ്രതികളായിരുന്നു. അന്ന്‌ അത്‌ ഒരു ഭാഷയിൽ മാത്രമാണു ലഭ്യമായിരുന്നത്‌. അതിനുശേഷം അർധമാസപതിപ്പായിത്തീർന്ന ഈ മാസികയുടെ 2,40,00,000-ത്തിലധികം പ്രതികൾ 146 ഭാഷകളിലായി ഇപ്പോൾ ലഭ്യമാണ്‌. തങ്ങളുടെ ആഗോള ബൈബിൾ വിദ്യാഭ്യാസ പ്രവർത്തനം സംഘടിപ്പിക്കുന്നതിനായി സാക്ഷികൾ 110 രാജ്യങ്ങളിലായി ബ്രാഞ്ച്‌ ഓഫീസ്‌ സൗകര്യങ്ങൾ വാങ്ങുകയോ നിർമിക്കുകയോ ചെയ്‌തിട്ടുണ്ട്‌. മാത്രമല്ല, അവർ ആയിരക്കണക്കിനു പ്രാദേശിക യോഗസ്ഥലങ്ങളും അതുപോലെതന്നെ വലിയ സമ്മേളന ഹാളുകളും പണിതിട്ടുണ്ട്‌. കൂടുതലായ ബൈബിൾ പ്രബോധനം നേടാൻ ആഗ്രഹിക്കുന്നവർക്കു കൂടിവരാനാണിത്‌.

ആളുകളുടെ ആത്മീയ ആവശ്യങ്ങൾക്കായി കരുതുന്നതിനാണ്‌ യഹോവയുടെ സാക്ഷികൾ മുൻഗണന നൽകുന്നതെങ്കിലും, അവർ സഹവിശ്വാസികളുടെ ഭൗതിക ആവശ്യങ്ങൾ അവഗണിക്കുന്നില്ല. യുദ്ധം, ഭൂകമ്പം, വരൾച്ച, കൊടുങ്കാറ്റ്‌ എന്നിവ മൂലമുള്ള കെടുതികൾക്ക്‌ ഇരയാകുന്ന സഹോദരങ്ങൾക്ക്‌ മരുന്നും ഭക്ഷണവും വസ്‌ത്രവും മറ്റ്‌ അവശ്യവസ്‌തുക്കളും അവർ സത്വരം എത്തിച്ചുകൊടുക്കുന്നു. സഭകളും ക്രിസ്‌ത്യാനികൾ വ്യക്തിപരമായും നൽകുന്ന സംഭാവനകളാലാണ്‌ ഇതൊക്കെയും സാധ്യമാകുന്നത്‌.

സ്വമേധയായുള്ള സംഭാവന ഫലകരമാണ്‌ എന്നു മാത്രമല്ല അത്‌ നേരത്തേ പറഞ്ഞ ഷനിവൗവിനെ പോലുള്ള ദരിദ്രർക്ക്‌ ഭാരമാകാതിരിക്കുകയും ചെയ്യുന്നു. സന്തോഷകരമെന്നു പറയട്ടെ, ഷനിവൗ തന്റെ വീട്‌ വിൽക്കുന്നതിനുമുമ്പ്‌ യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ ശുശ്രൂഷകയായ മാരിയ അദ്ദേഹത്തെ നന്ദർശിച്ചു. “അവരുമൊത്തുള്ള സംഭാഷണം അനാവശ്യമായ അനേകം ബുദ്ധിമുട്ടുകളിൽനിന്ന്‌ എന്റെ കുടുംബത്തെ രക്ഷിച്ചു,” ഷനിവൗ പറയുന്നു.

ദൈവത്തിന്റെ വേല ദശാംശത്തെ ആശ്രയിച്ചല്ല നടക്കുന്നത്‌ എന്നു ഷനിവൗ മനസ്സിലാക്കി. വാസ്‌തവത്തിൽ, ദശാംശം മേലാൽ ഒരു തിരുവെഴുത്തു വ്യവസ്ഥയല്ല. ഉദാരമായി കൊടുക്കുന്ന ക്രിസ്‌ത്യാനികൾക്ക്‌ അനുഗ്രഹങ്ങൾ ലഭിക്കുന്നുവെന്നും എന്നാൽ തങ്ങളുടെ കഴിവിനപ്പുറം കൊടുക്കാനുള്ള ബാധ്യത അവർക്കില്ലെന്നും അദ്ദേഹം മനസ്സിലാക്കി.

സ്വമേധയാ കൊടുക്കുന്നതിലൂടെ ഷനിവൗ ഇപ്പോൾ യഥാർഥ സന്തോഷം ആസ്വദിക്കുന്നു. അദ്ദേഹം പറയുന്നു: “കൊടുക്കുന്ന സംഭാവന പത്തു ശതമാനമോ അതിൽ കുറവോ ആയിരുന്നാലും ഞാൻ സന്തുഷ്ടനാണ്‌, യഹോവയും അതിൽ സന്തുഷ്ടനാണെന്ന്‌ എനിക്കുറപ്പുണ്ട്‌.”

[6-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

ദശാംശം നൽകണമെന്ന്‌ ആദിമ സഭാപിതാക്കന്മാർ പഠിപ്പിച്ചോ?

“നമ്മിൽ ധനികരായവർ ബുദ്ധിമുട്ടുള്ളവരെ സഹായിക്കുന്നു . . . ഭൗതിക ആസ്‌തിയും മനസ്സൊരുക്കവും ഉള്ളവർ തങ്ങൾക്ക്‌ ഉചിതമെന്നു തോന്നുന്നത്‌ നൽകുന്നു.”​—⁠ദ ഫസ്റ്റ്‌ അപ്പോളജി, ജസ്റ്റിൻ മാർട്ടർ, പൊ.യു. ഏതാണ്ട്‌ 150.

‘യഹൂദർ തങ്ങളുടെ വസ്‌തുവകകളുടെ പത്തിലൊന്ന്‌ ദൈവത്തിനു സമർപ്പിക്കുകതന്നെ ചെയ്‌തിരുന്നു, എന്നാൽ ക്രിസ്‌ത്യാനികൾ, ദൈവത്തിന്റെ ഭണ്ഡാരത്തിൽ തന്റെ ഉപജീവനം മുഴുവനും ഇട്ട ദരിദ്രയായ വിധവയെപ്പോലെ തങ്ങളുടെ സകല വസ്‌തുവകകളും കർത്താവിന്റെ ഉദ്ദേശ്യങ്ങൾക്കായി നീക്കിവെച്ചു.’—⁠മതവിരുദ്ധവാദങ്ങൾക്കെതിരെ (ഇംഗ്ലീഷ്‌), ഐറേനിയസ്‌, പൊ.യു. ഏതാണ്ട്‌ 180.

“ഞങ്ങൾക്കു ഭണ്ഡാരമുണ്ടെങ്കിലും, രക്ഷ വാങ്ങാനായി ഒരു മതത്തിനു കൊടുക്കുന്ന പണമല്ല അതിൽ വീഴുന്നത്‌. ഓരോരുത്തനും താത്‌പര്യമുള്ളപക്ഷം മാസത്തിലൊരിക്കൽ ഒരു ചെറിയ സംഭാവന ഇടുന്നു; അയാൾക്ക്‌ സന്തോഷവും പ്രാപ്‌തിയും ഉണ്ടെങ്കിൽ മാത്രം. കാരണം, അത്‌ നിർബന്ധിതമല്ല മറിച്ച്‌ സ്വമേധയാ ആണ്‌.”​—⁠അപ്പോളജി, തെർത്തുല്യൻ, പൊ.യു. ഏതാണ്ട്‌ 197.

“സഭ വളരുകയും വിവിധ സ്ഥാപനങ്ങൾ പൊട്ടിമുളയ്‌ക്കുകയും ചെയ്‌തതോടെ പുരോഹിതവർഗത്തിന്‌ സ്ഥിരം ഉചിതമായ സാമ്പത്തിക പിന്തുണ ലഭിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തുന്ന നിയമങ്ങൾ നിർമിക്കേണ്ടതായിവന്നു. ദശാംശം കൊടുക്കൽ എന്ന ആശയം പഴയ ന്യായപ്രമാണത്തിൽനിന്നു കടംകൊണ്ടു . . . ദശാംശം കൊടുക്കുന്നതു സംബന്ധിച്ച വ്യക്തമായ ഏറ്റവും ആദ്യത്തെ നിയമം 567-ൽ റ്റുവർസിൽ സമ്മേളിച്ച ബിഷപ്പുമാരുടെ കത്തിലും 585-ലെ മാക്കോൺ കൗൺസിലിന്റെ [കാനോനുകളിലും] ഉണ്ടായിരുന്നതായി തോന്നുന്നു.”​—ദ കാത്തലിക്‌ എൻസൈക്ലോപീഡിയ.

[കടപ്പാട്‌]

മുകളിൽ ഇടതുവശത്തുള്ള നാണയം: Pictorial Archive (Near Eastern History) Est.

[4, 5 പേജുകളിലെ ചിത്രം]

സ്വമേധയായുള്ള കൊടുക്കൽ സന്തുഷ്ടി കൈവരുത്തുന്നു

[7-ാം പേജിലെ ചിത്രങ്ങൾ]

പ്രസംഗവേല, അടിയന്തിര ദുരിതാശ്വാസം, യോഗസ്ഥലങ്ങളുടെ നിർമാണം എന്നിവ നിർവഹിക്കപ്പെടുന്നത്‌ സ്വമേധയാ സംഭാവനകളാലാണ്‌