വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ദൈവത്തോടു അടുത്തു ചെല്ലുവിൻ”

“ദൈവത്തോടു അടുത്തു ചെല്ലുവിൻ”

“ദൈവത്തോടു അടുത്തു ചെല്ലുവിൻ”

“ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും.” ​—⁠യാക്കോബ്‌ 4:⁠8.

1, 2. (എ) മനുഷ്യർ പലപ്പോഴും എന്ത്‌ അവകാശവാദം നടത്തുന്നു? (ബി) യാക്കോബ്‌ ഏത്‌ ഉദ്‌ബോധനം നൽകി, അത്‌ ആവശ്യമായിരുന്നത്‌ എന്തുകൊണ്ട്‌?

“ദൈവം ഞങ്ങളോടു കൂടെ ഉണ്ട്‌.” ആ വാക്കുകൾ ദേശീയ ചിഹ്നങ്ങളെയും സൈനികരുടെ യൂണിഫോറങ്ങളെയും പോലും അലങ്കരിച്ചിട്ടുണ്ട്‌. നിരവധി ആധുനിക നാണയത്തുട്ടുകളിലും നോട്ടുകളിലും “ഞങ്ങൾ ദൈവത്തിൽ ആശ്രയിക്കുന്നു” എന്ന വാക്കുകൾ എഴുതിയിട്ടുള്ളതായി കാണാം. തങ്ങൾക്കു ദൈവവുമായി ഒരു അടുത്ത ബന്ധം ഉണ്ടെന്ന്‌ മനുഷ്യർ സാധാരണമായി അവകാശപ്പെടുന്നു. എന്നാൽ യഥാർഥത്തിൽ അത്തരമൊരു ബന്ധം ഉണ്ടായിരിക്കുന്നതിൽ വെറുതെ അതിനെ കുറിച്ചു സംസാരിക്കുകയോ അതിനെ കുറിച്ചു ചില വാക്കുകൾ എഴുതി പ്രദർശിപ്പിക്കുകയോ ചെയ്യുന്നതിനെക്കാൾ അധികം ഉൾപ്പെട്ടിട്ടുണ്ട്‌ എന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ?

2 ദൈവവുമായി ഒരു ബന്ധം ഉണ്ടായിരിക്കുക സാധ്യമാണെന്നു ബൈബിൾ വ്യക്തമാക്കുന്നു. എന്നാൽ അതിനു ശ്രമം ആവശ്യമാണ്‌. ഒന്നാം നൂറ്റാണ്ടിലെ ചില അഭിഷിക്ത ക്രിസ്‌ത്യാനികൾക്കു പോലും യഹോവയാം ദൈവവുമായുള്ള തങ്ങളുടെ ബന്ധം ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരുന്നു. അവരിൽ ചിലർക്ക്‌ ക്രിസ്‌തീയ മേൽവിചാരകനായ യാക്കോബ്‌ ജഡിക പ്രവണതകളെയും ആത്മീയ ശുദ്ധിയുടെ നഷ്ടത്തെയും കുറിച്ചു മുന്നറിയിപ്പു നൽകി. ആ ബുദ്ധിയുപദേശത്തിന്റെ ഭാഗമായിരുന്നു ശക്തമായ ഈ ഉദ്‌ബോധനം: “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും.” (യാക്കോബ്‌ 4:​1-12) ‘അടുത്തു ചെല്ലുക’ എന്നു പറഞ്ഞപ്പോൾ യാക്കോബിന്റെ മനസ്സിൽ ഉണ്ടായിരുന്നത്‌ എന്താണ്‌?

3, 4. (എ) “ദൈവത്തോടു അടുത്തു ചെല്ലുവിൻ” എന്ന പ്രയോഗം യാക്കോബിന്റെ ഒന്നാം നൂറ്റാണ്ടിലെ ചില വായനക്കാരെ എന്തിനെ കുറിച്ച്‌ ഓർമിപ്പിച്ചിരിക്കാം? (ബി) ദൈവത്തെ സമീപിക്കുക സാധ്യമാണെന്ന്‌ നമുക്ക്‌ ഉറപ്പ്‌ ഉണ്ടായിരിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

3 തന്റെ വായനക്കാരിൽ പലർക്കും സുപരിചിതമായിരിക്കുമായിരുന്ന ഒരു പ്രയോഗമാണ്‌ യാക്കോബ്‌ ഉപയോഗിച്ചത്‌. ജനങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട്‌ യഹോവയെ എങ്ങനെ സമീപിക്കണം അഥവാ അവനോട്‌ എങ്ങനെ ‘അടുക്കണം’ എന്നതിനെ കുറിച്ചു മോശൈക ന്യായപ്രമാണം പുരോഹിതന്മാർക്കു കൃത്യമായ നിർദേശങ്ങൾ നൽകിയിരുന്നു. (പുറപ്പാടു 19:22) യഹോവയെ സമീപിക്കുന്നത്‌ നിസ്സാരമായ ഒരു സംഗതി അല്ലെന്ന്‌ ഇത്‌ യാക്കോബിന്റെ വായനക്കാരെ ഓർമിപ്പിച്ചിരിക്കാം. പ്രപഞ്ചത്തിലെ ഏറ്റവും ഉന്നത സ്ഥാനം വഹിക്കുന്നവനാണ്‌ യഹോവ.

4 അതേസമയം, ഒരു ബൈബിൾ പണ്ഡിതൻ പറയുന്നതു പോലെ യാക്കോബ്‌ 4:​8-ലെ “ഈ ഉദ്‌ബോധനം ശക്തമായ ശുഭാപ്‌തിവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു.” യഹോവ എല്ലായ്‌പോഴും അപൂർണ മനുഷ്യരെ തന്നോട്‌ അടുക്കാൻ സ്‌നേഹപൂർവം ക്ഷണിച്ചിട്ടുണ്ടെന്ന്‌ യാക്കോബിന്‌ അറിയാമായിരുന്നു. (2 ദിനവൃത്താന്തം 15:⁠2) യേശുവിന്റെ ബലി യഹോവയെ സമീപിക്കാനുള്ള മാർഗം കൂടുതൽ പൂർണമായ ഒരു അർഥത്തിൽ മനുഷ്യർക്കു തുറന്നു കൊടുത്തു. (എഫെസ്യർ 3:​11, 12, ഓശാന ബൈബിൾ) ഇന്ന്‌, ദൈവത്തെ സമീപിക്കാനുള്ള മാർഗം ദശലക്ഷക്കണക്കിന്‌ ആളുകൾക്കു തുറന്നു കിട്ടിയിരിക്കുകയാണ്‌! എന്നാൽ മഹത്തായ ഈ അവസരം നമുക്ക്‌ എങ്ങനെ പ്രയോജനപ്പെടുത്താനാകും? യഹോവയാം ദൈവത്തോട്‌ അടുത്തു ചെല്ലാനാകുന്ന മൂന്നു വിധങ്ങൾ നമുക്കു ചുരുക്കമായി ചർച്ച ചെയ്യാം.

ദൈവത്തെ കുറിച്ചുള്ള ‘പരിജ്ഞാനം ഉൾക്കൊള്ളുന്നതിൽ’ തുടരുക

5, 6. ദൈവത്തെ കുറിച്ചുള്ള ‘പരിജ്ഞാനം ഉൾക്കൊള്ളുന്നതിൽ’ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നതെന്ന്‌ ബാലനായ ശമൂവേലിന്റെ ദൃഷ്ടാന്തം വ്യക്തമാക്കുന്നത്‌ എങ്ങനെ?

5 യോഹന്നാൻ 17:​3-ൽ കാണുന്നപ്രകാരം യേശു ഇങ്ങനെ പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” പുതിയലോക ഭാഷാന്തരം ഈ വാക്യം പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌ അൽപ്പം വ്യത്യസ്‌തമായ വിധത്തിലാണ്‌. ദൈവത്തെ ‘അറിയുക’ എന്നതിനു പകരം അത്‌ ദൈവത്തെ കുറിച്ചുള്ള ‘പരിജ്ഞാനം ഉൾക്കൊള്ളുക’ എന്നാണു പറയുന്നത്‌. കൂടാതെ, അനേകം പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ മൂല ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്ന പദത്തിൽ ഒരു വ്യക്തിയെ കേവലം അറിയുന്നതിനെക്കാളധികം ഉൾപ്പെട്ടിട്ടുണ്ട്‌. അത്‌ അയാളെ അടുത്ത്‌ അറിയുന്നതിലേക്കു നയിച്ചേക്കാവുന്ന തുടർച്ചയായ ഒരു പ്രക്രിയയെയാണു കുറിക്കുന്നത്‌.

6 ദൈവത്തെ അടുത്ത്‌ അറിയുക എന്ന ആശയം യേശുവിന്റെ കാലത്തു പുതുതായി അവതരിപ്പിക്കപ്പെട്ട ഒന്നായിരുന്നില്ല. ഉദാഹരണത്തിന്‌ എബ്രായ തിരുവെഴുത്തുകൾ ബാലനായ ശമൂവേലിനെ കുറിച്ച്‌ അവൻ “അന്നുവരെ യഹോവയെ അറിഞ്ഞില്ല” എന്നു പറഞ്ഞിരിക്കുന്നു. (1 ശമൂവേൽ 3:⁠7) ശമൂവേലിന്‌ തന്റെ ദൈവത്തെ കുറിച്ചു കാര്യമായി ഒന്നും അറിയില്ലായിരുന്നു എന്നാണോ ഇതിന്റെ അർഥം? അല്ല. മാതാപിതാക്കളും പുരോഹിതന്മാരും തീർച്ചയായും അവനെ വളരെയേറെ കാര്യങ്ങൾ പഠിപ്പിച്ചിരിക്കണം. എന്നാൽ, ഒരു പണ്ഡിതൻ പറയുന്നതനുസരിച്ച്‌ ആ വാക്യത്തിലെ എബ്രായ പദം ഒരു വ്യക്തിയെ “ഏറ്റവും അടുത്ത്‌ അറിയുന്നതിനെ കുറിക്കാൻ ഉപയോഗിക്കാവുന്നതാണ്‌.” പിന്നീട്‌ യഹോവയുടെ വക്താവായി സേവിച്ച കാലത്ത്‌ ശമൂവേൽ യഹോവയെ എത്ര നന്നായി അറിയാൻ ഇടയായോ അത്രയും ആഴമായ ഒരു അറിവ്‌ അവന്‌ അപ്പോൾ ഇല്ലായിരുന്നു. വളർന്നു വന്നപ്പോൾ ശമൂവേൽ യഹോവയെ യഥാർഥത്തിൽ അറിയുകയും അവനുമായി വളരെ അടുത്ത ഒരു വ്യക്തിഗത ബന്ധം ആസ്വദിക്കുകയും ചെയ്‌തു.​—⁠1 ശമൂവേൽ 3:19, 20.

7, 8. (എ) ബൈബിളിലെ ആഴമേറിയ പഠിപ്പിക്കലുകൾ നമ്മെ ഭയപ്പെടുത്തേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്‌? (ബി) ദൈവവചനത്തിൽനിന്നു നാം പഠിക്കേണ്ട ചില ആഴമേറിയ സത്യങ്ങൾ ഏവ?

7 യഹോവയെ വളരെ അടുത്ത്‌ അറിയാൻ ഇടയാകത്തക്കവിധം നിങ്ങൾ അവനെ കുറിച്ചുള്ള പരിജ്ഞാനം ഉൾക്കൊള്ളുന്നുവോ? അങ്ങനെ ചെയ്യുന്നതിന്‌ ദൈവം പ്രദാനം ചെയ്യുന്ന ആത്മീയ ആഹാരത്തോടുള്ള ഒരു ‘വാഞ്‌ഛ’ നിങ്ങൾ നട്ടുവളർത്തേണ്ടതുണ്ട്‌. (1 പത്രൊസ്‌ 2:2, 3) അടിസ്ഥാന കാര്യങ്ങളെ കുറിച്ചുള്ള അറിവുകൊണ്ടു മാത്രം തൃപ്‌തിപ്പെടരുത്‌. ബൈബിളിന്റെ ആഴമേറിയ പഠിപ്പിക്കലുകൾ മനസ്സിലാക്കാൻ ശ്രമിക്കുക. (എബ്രായർ 5:​12-14) അത്തരം പഠിപ്പിക്കലുകൾ നിങ്ങളെ ഭയപ്പെടുത്തുന്നുവോ, അവ മനസ്സിലാക്കാൻ കഴിയാത്തത്ര ബുദ്ധിമുട്ടാണെന്നു നിങ്ങൾ നിഗമനം ചെയ്യുന്നുവോ? യഹോവ “മഹാ പ്രബോധകൻ” ആണെന്ന കാര്യം മറക്കരുത്‌. (യെശയ്യാവു 30:​20, NW) ആഴമേറിയ സത്യങ്ങൾ അപൂർണ മനുഷ്യർക്കു മനസ്സിലാക്കിക്കൊടുക്കാൻ അവനറിയാം. താൻ പഠിപ്പിക്കുന്ന കാര്യങ്ങൾ ഗ്രഹിക്കാൻ നിങ്ങൾ നടത്തുന്ന ആത്മാർഥ ശ്രമങ്ങളെ അവൻ അനുഗ്രഹിക്കും.​—⁠സങ്കീർത്തനം 25:⁠4.

8 ‘ദൈവത്തിന്റെ ആഴമേറിയ കാര്യങ്ങളിൽ’ ചിലതിനോടുള്ള ബന്ധത്തിൽ നിങ്ങളുടെ നില എന്താണെന്ന്‌ ഒന്നു പരിശോധിക്കരുതോ? (1 കൊരിന്ത്യർ 2:​10, NW) ദൈവശാസ്‌ത്രജ്ഞരും വൈദികരും സംവാദങ്ങൾക്കായി തിരഞ്ഞെടുത്തേക്കാവുന്ന തരം മുഷിപ്പൻ വിഷയങ്ങളല്ല അവ, മറിച്ച്‌ വളരെ പ്രസക്തവും പ്രയോജനപ്രദവുമായ പഠിപ്പിക്കലുകളാണ്‌. സ്‌നേഹവാനായ നമ്മുടെ പിതാവിന്റെ ചിന്തകളും വികാരങ്ങളും സംബന്ധിച്ചുള്ള വിസ്‌മയകരമായ ഉൾക്കാഴ്‌ച അവ നമുക്കു പ്രദാനം ചെയ്യുന്നു. ഉദാഹരണത്തിന്‌, മറുവില, ‘പാവന രഹസ്യം,’ തന്റെ ജനത്തെ അനുഗ്രഹിക്കാനും തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കാനുമായി യഹോവ ഉപയോഗിച്ചിരിക്കുന്ന നിരവധി ഉടമ്പടികൾ തുടങ്ങി വ്യക്തിപരമായ പഠനത്തിനും ഗവേഷണത്തിനുമായി നമുക്കു തിരഞ്ഞെടുക്കാവുന്ന രസകരവും പ്രയോജനപ്രദവുമായ അനേകം വിഷയങ്ങൾ ഉണ്ട്‌.​—⁠1 കൊരിന്ത്യർ 2:​7, NW.

9, 10. (എ) അഹങ്കാരം അപകടകരം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌, അത്‌ ഒഴിവാക്കാൻ നമ്മെ എന്തു സഹായിക്കും? (ബി) യഹോവയെ കുറിച്ചുള്ള പരിജ്ഞാനം നേടുമ്പോൾ നാം താഴ്‌മയുള്ളവർ ആയിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

9 ആഴമേറിയ ആത്മീയ സത്യങ്ങളെ കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരുമ്പോൾ ഉണ്ടായേക്കാവുന്ന അഹങ്കാരം എന്ന അപകടം സംബന്ധിച്ചു നാം ജാഗ്രത ഉള്ളവരായിരിക്കണം. (1 കൊരിന്ത്യർ 8:⁠1) അഹങ്കാരം അപകടകരമാണ്‌, കാരണം അത്‌ മനുഷ്യരെ ദൈവത്തിൽനിന്ന്‌ അകറ്റുന്നു. (സദൃശവാക്യങ്ങൾ 16:5; യാക്കോബ്‌ 4:⁠6) ഒരു മനുഷ്യനും തന്റെ പരിജ്ഞാനത്തെ കുറിച്ച്‌ അഹങ്കരിക്കുന്നതിനു കാരണമില്ലെന്ന്‌ ഓർക്കുക. ഇതു വ്യക്തമാകുന്നതിന്‌, മനുഷ്യന്റെ നൂതന ശാസ്‌ത്രീയ പുരോഗതികളെ വിലയിരുത്തുന്ന ഒരു പുസ്‌തകത്തിന്റെ ആമുഖത്തിലെ ഈ വാക്കുകൾ പരിചിന്തിക്കുക: “നാം എത്രയധികം അറിവു നേടുന്നുവോ നമ്മുടെ അറിവ്‌ തുച്ഛമാണെന്ന്‌ അത്രയധികം നമുക്കു ബോധ്യപ്പെടുന്നു. . . . നാം ഇതുവരെ മനസ്സിലാക്കിയിട്ടുള്ള സംഗതികൾ ഇനിയും മനസ്സിലാക്കാനുള്ളവയോടുള്ള താരതമ്യത്തിൽ ഒന്നുമല്ല.” ഇത്തരം താഴ്‌മ നവോന്മേഷപ്രദമാണ്‌. പരിജ്ഞാനത്തിന്റെ ഏറ്റവും വിസ്‌തൃതമായ തലത്തിലേക്ക്‌​—⁠യഹോവയാം ദൈവത്തെ കുറിച്ചുള്ള പരിജ്ഞാനം​—⁠വരുമ്പോൾ താഴ്‌മയുള്ളവർ ആയിരിക്കാൻ നമുക്ക്‌ അതിലുമധികം കാരണമുണ്ട്‌. എന്തുകൊണ്ട്‌?

10 യഹോവയെ കുറിച്ചു ബൈബിളിൽ കാണുന്ന ചില പ്രസ്‌താവനകൾ ശ്രദ്ധിക്കുക. “നിന്റെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നേ.” (സങ്കീർത്തനം 92:⁠5) “[യഹോവയുടെ] വിവേകത്തിന്നു [“ഗ്രാഹ്യത്തിന്‌,” NW] അന്തമില്ല.” (സങ്കീർത്തനം 147:⁠5) “[യഹോവയുടെ] ബുദ്ധി [“ഗ്രാഹ്യം,” NW] അപ്രമേയമത്രേ.” (യെശയ്യാവു 40:28) “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ!” (റോമർ 11:33) തീർച്ചയായും, യഹോവയെ കുറിച്ച്‌ അറിയേണ്ട സകല കാര്യങ്ങളും മനസ്സിലാക്കി കഴിഞ്ഞെന്ന്‌ നമുക്ക്‌ ഒരിക്കലും പറയാൻ കഴിയില്ല. (സഭാപ്രസംഗി 3:11) അവൻ വിസ്‌മയകരമായ പല കാര്യങ്ങളും നമ്മെ പഠിപ്പിച്ചിരിക്കുന്നു, എങ്കിലും പഠിക്കാനും മനസ്സിലാക്കാനുമുള്ള കാര്യങ്ങളുടെ അളവറ്റ ഒരു ശേഖരം എല്ലായ്‌പോഴും നമ്മുടെ മുമ്പിൽ ഉണ്ടായിരിക്കും. ഇത്‌ നമ്മിൽ ആവേശവും അതേസമയം താഴ്‌മയും ജനിപ്പിക്കുന്നില്ലേ? അതുകൊണ്ട്‌ നാം നേടുന്ന പരിജ്ഞാനത്തെ എപ്പോഴും യഹോവയോട്‌ അടുത്തു ചെല്ലാനും മറ്റുള്ളവരെ അതിനു സഹായിക്കാനും ഉള്ള ഒരു അടിസ്ഥാനമായി നമുക്ക്‌ ഉപയോഗിക്കാം. നാം മറ്റുള്ളവരെക്കാൾ ശ്രേഷ്‌ഠരാണെന്നു കാണിക്കാൻ ഒരിക്കലും അത്‌ ഉപയോഗിക്കരുത്‌.​—⁠മത്തായി 23:12; ലൂക്കൊസ്‌ 9:48.

യഹോവയോടുള്ള സ്‌നേഹം പ്രവൃത്തികളിലൂടെ പ്രകടമാക്കുക

11, 12. (എ) യഹോവയെ കുറിച്ചു നാം നേടുന്ന പരിജ്ഞാനം നമ്മെ ഏതുവിധത്തിൽ ബാധിക്കണം? (ബി) ദൈവത്തോടുള്ള ഒരാളുടെ സ്‌നേഹം യഥാർഥമാണോ എന്ന്‌ എങ്ങനെ അറിയാം?

11 ഉചിതമായും അപ്പൊസ്‌തലനായ പൗലൊസ്‌ പരിജ്ഞാനത്തെ സ്‌നേഹവുമായി ബന്ധപ്പെടുത്തി. അവൻ എഴുതി: “നിങ്ങളുടെ സ്‌നേഹം വിജ്ഞാനത്താലും [“സൂക്ഷ്‌മ പരിജ്ഞാനത്താലും,” NW] വിവേകത്താലും ഉത്തരോത്തരം വർധിക്കട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു.” (ഫിലിപ്പിയർ 1:​9, ഓശാന ബൈബിൾ) അഹങ്കാരത്താൽ ചീർക്കുന്നതിന്‌ ഇടയാക്കുന്നതിനു പകരം യഹോവയെ കുറിച്ചും അവന്റെ ഉദ്ദേശ്യങ്ങളെ കുറിച്ചും നാം മനസ്സിലാക്കുന്ന വിലയേറിയ ഓരോ സത്യവും സ്വർഗീയ പിതാവിനോടുള്ള നമ്മുടെ സ്‌നേഹം വർധിപ്പിക്കണം.

12 ദൈവത്തെ സ്‌നേഹിക്കുന്നു എന്ന്‌ അവകാശപ്പെടുന്ന പലരും യഥാർഥത്തിൽ അങ്ങനെ ചെയ്യുന്നില്ല. ഹൃദയത്തിൽ നിറഞ്ഞുകവിയുന്ന ശക്തമായ വികാരങ്ങളെ കുറിച്ച്‌ അവർ പറയുന്നതു സത്യമായിരിക്കാം. അത്തരം വികാരങ്ങൾ സൂക്ഷ്‌മ പരിജ്ഞാനത്തിനു ചേർച്ചയിൽ ഉള്ളതായിരിക്കുമ്പോൾ നല്ലതാണ്‌, അഭിനന്ദനാർഹം പോലുമാണ്‌. എന്നാൽ അവ ദൈവത്തോടുള്ള യഥാർഥ സ്‌നേഹം ആയിരിക്കണമെന്നില്ല. എന്തുകൊണ്ട്‌? ദൈവവചനം യഥാർഥ ദൈവസ്‌നേഹത്തെ നിർവചിക്കുന്നത്‌ എങ്ങനെയാണെന്നു ശ്രദ്ധിക്കുക: “അവന്റെ കല്‌പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്‌നേഹം.” (1 യോഹന്നാൻ 5:⁠3) അതുകൊണ്ട്‌ യഹോവയോടുള്ള സ്‌നേഹം അനുസരണത്തിന്റേതായ പ്രവൃത്തികളിലൂടെ പ്രകടമാകുമ്പോൾ മാത്രമേ അതു യഥാർഥമാണെന്നു പറയാൻ കഴിയൂ.

13. യഹോവയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ ദൈവഭയം നമ്മെ എങ്ങനെ സഹായിക്കും?

13 ദൈവഭയം യഹോവയെ അനുസരിക്കാൻ നമ്മെ സഹായിക്കും. യഹോവയോടുള്ള ഈ ആഴമായ ഭയഭക്തിയും ആദരവും വരുന്നത്‌ അവനെ കുറിച്ചുള്ള പരിജ്ഞാനം ഉൾക്കൊള്ളുന്നതിൽനിന്നും അവന്റെ അപരിമേയ വിശുദ്ധി, മഹത്ത്വം, ശക്തി, നീതി, ജ്ഞാനം, സ്‌നേഹം എന്നിവയെ കുറിച്ചു മനസ്സിലാക്കുന്നതിൽനിന്നും ആണ്‌. ദൈവത്തോട്‌ അടുത്തു ചെല്ലുന്നതിന്‌ ഇത്തരം ഭയം അത്യന്താപേക്ഷിതമാണ്‌. സങ്കീർത്തനം 25:14  [പി.ഒ.സി. ബൈബിൾ] പറയുന്നതു ശ്രദ്ധിക്കുക: “കർത്താവിന്റെ [“യഹോവയുടെ,” NW] സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവർക്കുള്ളതാണ്‌.” അതുകൊണ്ട്‌ നമ്മുടെ പ്രിയപ്പെട്ട സ്വർഗീയ പിതാവിനെ അപ്രീതിപ്പെടുത്തുന്നതു സംബന്ധിച്ച ആരോഗ്യാവഹമായ ഒരു ഭയം ഉണ്ടെങ്കിൽ നമുക്ക്‌ അവനോട്‌ അടുത്തു ചെല്ലാൻ സാധിക്കും. സദൃശവാക്യങ്ങൾ 3:​6-ലെ ജ്ഞാനപൂർവകമായ ബുദ്ധിയുപദേശത്തിനു ചെവികൊടുക്കാൻ ദൈവഭയം നമ്മെ സഹായിക്കും: “നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.” അതിന്റെ അർഥം എന്താണ്‌?

14, 15. (എ) ദൈനംദിന ജീവിതത്തിൽ നമുക്ക്‌ അഭിമുഖീകരിക്കേണ്ടി വരുന്ന ചില തീരുമാനങ്ങൾ ഏവ? (ബി) ദൈവഭയത്തെ പ്രതിഫലിപ്പിക്കും വിധത്തിൽ നമുക്ക്‌ എങ്ങനെ തീരുമാനങ്ങൾ എടുക്കാം?

14 നിങ്ങൾക്ക്‌ ദിവസവും വലുതും ചെറുതുമായ പല തീരുമാനങ്ങൾ എടുക്കേണ്ടതായി വരുന്നുണ്ട്‌. ഉദാഹരണത്തിന്‌, സഹജോലിക്കാർ, സഹപാഠികൾ, അയൽക്കാർ എന്നിവരുമായെല്ലാം നിങ്ങൾ ഏതു തരം സംഭാഷണം നടത്തും? (ലൂക്കൊസ്‌ 6:45) ചെയ്യാനുള്ള ജോലികൾ നിങ്ങൾ ഉത്സാഹപൂർവം ചെയ്യുമോ, അതോ ഏറ്റവും കുറച്ചു ജോലി ചെയ്യാൻ പഴുതുകൾ തേടുമോ? (കൊലൊസ്സ്യർ 3:23) യഹോവയെ സ്‌നേഹിക്കാത്തവരുമായി നിങ്ങൾ കൂടുതൽ അടുക്കാൻ ശ്രമിക്കുമോ, അതോ നല്ല ആത്മീയതയുള്ളവരുമായുള്ള ബന്ധങ്ങൾ ശക്തമാക്കാൻ ശ്രമിക്കുമോ? (സദൃശവാക്യങ്ങൾ 13:20) ചെറിയ വിധങ്ങളിൽ ആണെങ്കിൽ പോലും ദൈവരാജ്യ താത്‌പര്യങ്ങളുടെ ഉന്നമനത്തിനായി നിങ്ങൾ എന്തു ചെയ്യും? (മത്തായി 6:33) ഇവിടെ കൊടുത്തിരിക്കുന്നതു പോലുള്ള തിരുവെഴുത്തുകളിലെ തത്ത്വങ്ങൾ നിങ്ങളുടെ ദൈനംദിന തീരുമാനങ്ങളെ ഭരിക്കുന്നെങ്കിൽ നിങ്ങൾ “എല്ലാവഴികളിലും” യഹോവയെ നിനയ്‌ക്കുന്നു എന്നു പറയാൻ കഴിയും.

15 ഫലത്തിൽ, ഓരോ തീരുമാനം എടുക്കുമ്പോഴും നാം ഇങ്ങനെ ചിന്തിക്കേണ്ടതാണ്‌: ‘ഞാൻ എന്തു ചെയ്യാനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌? എന്തു ചെയ്യുന്നതാണ്‌ അവന്‌ ഏറ്റവുമധികം സന്തോഷം കൈവരുത്തുക?’ (സദൃശവാക്യങ്ങൾ 27:11) ഈ വിധത്തിൽ ദൈവഭയം പ്രതിഫലിപ്പിക്കുന്നത്‌ യഹോവയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതിനുള്ള ഒരു ഉത്തമ മാർഗമാണ്‌. ആത്മീയവും ധാർമികവും ശാരീരികവുമായ വിധങ്ങളിൽ ശുദ്ധരായിരിക്കാനും ദൈവഭയം നമ്മെ പ്രേരിപ്പിക്കും. ‘ദൈവത്തോട്‌ അടുത്തു ചെല്ലാൻ’ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കുന്ന അതേ വാക്യത്തിൽ യാക്കോബ്‌ പിൻവരുന്ന ഉദ്‌ബോധനവും നൽകുന്നു എന്ന്‌ ഓർക്കുക: “പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധികരിപ്പിൻ.”​—⁠യാക്കോബ്‌ 4:⁠8.

16. യഹോവയ്‌ക്കായി നമ്മുടെ വിഭവങ്ങൾ നൽകുമ്പോൾ നാം ഒരിക്കലും എന്തു ചെയ്യുകയല്ല, എന്നാൽ അത്‌ എന്തു ചെയ്യാൻ നമ്മെ സഹായിക്കും?

16 യഹോവയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതിൽ മോശമായ കാര്യങ്ങളിൽനിന്നു വിട്ടുനിൽക്കുന്നതിനെക്കാൾ അധികം ഉൾപ്പെട്ടിട്ടുണ്ട്‌. സ്‌നേഹം ശരിയായതു ചെയ്യാനും നമ്മെ പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിന്‌, യഹോവയുടെ അളവറ്റ ഉദാരതയോടു നാം എങ്ങനെയാണു പ്രതികരിക്കുന്നത്‌? യാക്കോബ്‌ എഴുതി: “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്നു ഇറങ്ങിവരുന്നു.” (യാക്കോബ്‌ 1:17) നമ്മുടെ വസ്‌തുവകകളിൽനിന്ന്‌ യഹോവയ്‌ക്കു നൽകുമ്പോൾ നാം അവനെ സമ്പന്നനാക്കുകയല്ല എന്നതു ശരിതന്നെ. കാരണം, പ്രപഞ്ചത്തിലുള്ള സകലതും ഇപ്പോൾത്തന്നെ അവന്റേതാണ്‌. (സങ്കീർത്തനം 50:12) നാം നമ്മുടെ സമയവും ഊർജവും നൽകിയില്ലെങ്കിൽ യഹോവയ്‌ക്കു തന്റെ ഉദ്ദേശ്യങ്ങൾ നടത്താൻ കഴിയാതെ വരികയുമില്ല. ദൈവരാജ്യ സുവാർത്ത പ്രസംഗിക്കാൻ നാം വിസമ്മതിച്ചാൽ കല്ലുകൾ ആർത്തു വിളിക്കുന്നതിന്‌ ഇടയാക്കാൻ അവനു കഴിയും! അങ്ങനെയെങ്കിൽ നാം യഹോവയ്‌ക്കു നമ്മുടെ ഭൗതിക വിഭവങ്ങളും സമയവും ഊർജവും നൽകുന്നത്‌ എന്തിനാണ്‌? നാം അവനെ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണ മനസ്സോടും പൂർണ ശക്തിയോടും കൂടെ സ്‌നേഹിക്കുന്നു എന്ന്‌ അതിലൂടെ പ്രകടമാക്കാൻ കഴിയും എന്നതാണ്‌ അതിന്റെ മുഖ്യ കാരണം.​—⁠മർക്കൊസ്‌ 12:​29, 30.

17. യഹോവയ്‌ക്കു സന്തോഷത്തോടെ കൊടുക്കാൻ എന്തു നമ്മെ പ്രേരിപ്പിക്കും?

17 യഹോവയ്‌ക്കു നൽകുമ്പോൾ നാം അതു സന്തോഷത്തോടെ ചെയ്യേണ്ടതുണ്ട്‌. കാരണം “സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു.” (2 കൊരിന്ത്യർ 9:⁠7) ആവർത്തനപുസ്‌തകം 16:​17-ൽ (ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാന്തരം) രേഖപ്പെടുത്തിയിരിക്കുന്ന തത്ത്വം സന്തോഷത്തോടെ കൊടുക്കാൻ നമ്മെ സഹായിക്കും: “നിന്റെ ദൈവമായ യഹോവ നിനക്കു നൽകിയ അനുഗ്രഹത്തിനു തക്കവണ്ണം നിങ്ങളിൽ ഓരോരുത്തനും ദാനം കൊണ്ടുവരണം.” യഹോവ നമ്മോട്‌ എത്ര ഔദാര്യമാണു കാണിച്ചിരിക്കുന്നത്‌ എന്നതിനെ കുറിച്ചു ചിന്തിക്കുമ്പോൾ അവനു സന്തോഷത്തോടെ, ഉദാരമായി കൊടുക്കാനുള്ള ആഗ്രഹം നമുക്കു തോന്നുന്നു. തന്റെ പ്രിയപ്പെട്ട മകനോ മകളോ നൽകുന്ന ഒരു കൊച്ചു സമ്മാനം പോലും മാതാപിതാക്കൾക്ക്‌ അങ്ങേയറ്റം സന്തോഷം നൽകുന്നതു പോലെതന്നെ അത്തരം കൊടുക്കൽ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കും. ഈ വിധത്തിൽ സ്‌നേഹം പ്രകടിപ്പിക്കുന്നത്‌ യഹോവയോട്‌ അടുത്തു ചെല്ലാൻ നമ്മെ സഹായിക്കും.

പ്രാർഥനയിലൂടെ അടുത്ത ബന്ധം നട്ടുവളർത്തുക

18. നമ്മുടെ പ്രാർഥനകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചു ചിന്തിക്കുന്നതു മൂല്യവത്തായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

18 വ്യക്തിപരമായ പ്രാർഥനകൾ നമ്മുടെ സ്വർഗീയ പിതാവുമായി ഉള്ളുതുറന്ന്‌ സ്വകാര്യ സംഭാഷണത്തിൽ ഏർപ്പെടുന്നതിനുള്ള വിലപ്പെട്ട അവസരങ്ങളാണ്‌. (ഫിലിപ്പിയർ 4:⁠6) പ്രാർഥന ദൈവത്തോട്‌ അടുത്തു ചെല്ലുന്നതിനുള്ള ഒരു പ്രധാന മാർഗമായതിനാൽ നമ്മുടെ പ്രാർഥനകളുടെ ഗുണത്തെ കുറിച്ചു പരിചിന്തിക്കാൻ അൽപ്പം സമയം എടുക്കുന്നതു മൂല്യവത്താണ്‌. അവ അത്യന്തം ക്രമീകൃതവും വാചാലവും ആയിരിക്കണമെന്നല്ല, മറിച്ച്‌ നാം പ്രാർഥനയിൽ പറയുന്ന കാര്യങ്ങൾ നമ്മുടെ ഹൃദയത്തിൽനിന്നു വരുന്നവയായിരിക്കണം. നമ്മുടെ പ്രാർഥനയുടെ ഗുണം എങ്ങനെ മെച്ചപ്പെടുത്താൻ കഴിയും?

19, 20. പ്രാർഥിക്കുന്നതിനു മുമ്പു ധ്യാനിക്കേണ്ടത്‌ എന്തുകൊണ്ട്‌, അത്തരം ധ്യാനത്തിനുള്ള ഉചിതമായ ചില വിഷയങ്ങൾ ഏവ?

19 പ്രാർഥനയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെ കുറിച്ചു മുൻകൂട്ടി ധ്യാനിക്കുന്നതു പ്രയോജനപ്രദമായിരുന്നേക്കാം. കാര്യങ്ങൾ എടുത്തു പറഞ്ഞുകൊണ്ട്‌ അർഥവത്തായി പ്രാർഥിക്കാൻ ഇതു നമ്മെ സഹായിക്കുന്നു. അപ്പോൾ നാം പരിചിതവും എളുപ്പം മനസ്സിലേക്കു കടന്നുവരുന്നതുമായ പദപ്രയോഗങ്ങൾ എപ്പോഴും ആവർത്തിക്കുന്നത്‌ ഒഴിവാക്കും. (സദൃശവാക്യങ്ങൾ 15:​28, 29, NW) യേശു മാതൃകാ പ്രാർഥനയിൽ പരാമർശിച്ച ചില വിഷയങ്ങളെ കുറിച്ചു വിചിന്തനം ചെയ്യുന്നതും തുടർന്ന്‌ അവ നമ്മുടെ സാഹചര്യങ്ങൾക്കു ബാധകമാകുന്നത്‌ എങ്ങനെയെന്നു പരിചിന്തിക്കുന്നതും സഹായകമായിരുന്നേക്കാം. (മത്തായി 6:​9-13) ഉദാഹരണത്തിന്‌, ഭൂമിയിൽ യഹോവയുടെ ഇഷ്ടം നിവർത്തിക്കുന്നതിൽ എന്തു ചെറിയ പങ്കു നിർവഹിക്കാനാണു നാം ആഗ്രഹിക്കുന്നതെന്ന്‌ നമുക്കു സ്വയം ചോദിക്കാൻ കഴിയും. യഹോവയ്‌ക്ക്‌ ആകുന്നത്ര ഉപയോഗമുള്ളവർ ആയിരിക്കാനുള്ള നമ്മുടെ ആഗ്രഹം പ്രകടിപ്പിക്കാനും അവൻ നൽകിയിരിക്കുന്ന നിയമനങ്ങൾ നന്നായി നിർവഹിക്കുന്നതിനുള്ള സഹായത്തിനായി അവനോട്‌ അപേക്ഷിക്കാനും നമുക്കു കഴിയുമോ? നമ്മുടെ ഭൗതിക ആവശ്യങ്ങളെ കുറിച്ചുള്ള ഉത്‌കണ്‌ഠകൾ നമ്മെ ഭാരപ്പെടുത്തുന്നുവോ? നമ്മുടെ ഏതു പാപങ്ങളാണു ക്ഷമിച്ചു കിട്ടാനുള്ളത്‌, മറ്റാരോടെങ്കിലും ക്ഷമ കാണിക്കുന്ന കാര്യത്തിൽ നാം പുരോഗമിക്കേണ്ടതുണ്ടോ? ഏതു പ്രലോഭനങ്ങളാണ്‌ നമുക്ക്‌ ഉള്ളത്‌, ഇതിനോടുള്ള ബന്ധത്തിൽ നമുക്കു യഹോവയുടെ സംരക്ഷണം എത്ര അത്യാവശ്യമാണെന്നു നാം തിരിച്ചറിയുന്നുണ്ടോ?

20 കൂടാതെ, യഹോവയുടെ സഹായം പ്രത്യേകാൽ ആവശ്യമുള്ള മറ്റുള്ളവരെ കുറിച്ചും നമുക്ക്‌ ഓർക്കാവുന്നതാണ്‌. (2 കൊരിന്ത്യർ 1:11) നന്ദി നൽകാനും നാം മറക്കരുത്‌. ഒന്നു ചിന്തിക്കുകയാണെങ്കിൽ യഹോവയോടു നന്ദി പറയാനും അവന്റെ സമൃദ്ധമായ നന്മയ്‌ക്കായി അവനെ വാഴ്‌ത്താനുമുള്ള കാരണങ്ങൾ എല്ലാ ദിവസവും നമുക്കു കണ്ടെത്താനാകും എന്നതു തീർച്ചയാണ്‌. (ആവർത്തനപുസ്‌തകം 8:​10; ലൂക്കൊസ്‌ 10:21) ഇതു ചെയ്യുന്നതിനു മറ്റൊരു പ്രയോജനം കൂടിയുണ്ട്‌​—⁠ജീവിതത്തെ കൂടുതൽ ക്രിയാത്മകമായും വിലമതിപ്പോടു കൂടെയും വീക്ഷിക്കാൻ അതു നമ്മെ സഹായിക്കും.

21. ഏതു തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുന്നത്‌ യഹോവയെ പ്രാർഥനയിൽ സമീപിക്കുമ്പോൾ നമുക്കു സഹായകമായിരുന്നേക്കാം?

21 പഠനത്തിനും നമ്മുടെ പ്രാർഥനയുടെ ഗുണം മെച്ചപ്പെടുത്തുന്നതിൽ സഹായിക്കാനാകും. ദൈവവചനത്തിൽ വിശ്വസ്‌ത സ്‌ത്രീപുരുഷന്മാരുടെ ശ്രദ്ധേയമായ ചില പ്രാർഥനകൾ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഉദാഹരണത്തിന്‌, നമ്മുടെ മുമ്പിൽ വെല്ലുവിളി ഉയർത്തുന്ന ഒരു പ്രശ്‌നം ഉണ്ടെന്നു വിചാരിക്കുക. നമ്മുടെയും നമ്മുടെ ഉറ്റവരുടെയും ക്ഷേമം സംബന്ധിച്ച്‌ നമുക്ക്‌ ഉത്‌കണ്‌ഠയും ഭയവുമുണ്ട്‌. അത്തരമൊരു സാഹചര്യത്തിൽ യാക്കോബ്‌ തന്റെ പ്രതികാരദാഹിയായ സഹോദരൻ ഏശാവുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു മുമ്പായി നടത്തിയ പ്രാർഥന നമുക്കു വായിക്കാൻ കഴിയും. (ഉല്‌പത്തി 32:​9-12) അല്ലെങ്കിൽ ഏതാണ്ടു പത്തുലക്ഷം വരുന്ന കൂശ്യ സൈന്യം ദൈവജനത്തെ ആക്രമിക്കാൻ ഒരുങ്ങിയപ്പോൾ ആസാ രാജാവ്‌ എങ്ങനെയാണു പ്രാർഥിച്ചതെന്നു നമുക്കു പരിശോധിക്കാവുന്നതാണ്‌. (2 ദിനവൃത്താന്തം 14:​11, 12) ഒരു പ്രശ്‌നം യഹോവയുടെ നാമത്തിനു നിന്ദ കൈവരുത്തിയേക്കാം എന്നു നാം ഭയപ്പെടുന്നെങ്കിൽ കർമ്മേൽ പർവതത്തിൽ ബാൽ ആരാധകരുടെ മുമ്പിൽ വെച്ച്‌ ഏലീയാവ്‌ നടത്തിയ പ്രാർഥനയും യെരൂശലേമിന്റെ ദയനീയ സ്ഥിതിയിൽ മനംനൊന്ത്‌ നെഹെമ്യാവ്‌ നടത്തിയ പ്രാർഥനയും പരിചിന്തിക്കുന്നതു നല്ലതാണ്‌. (1 രാജാക്കന്മാർ 18:36, 37; നെഹെമ്യാവു 1:​4-11) ഇത്തരം പ്രാർഥനകൾ വായിക്കുന്നതും അവയെ കുറിച്ചു ധ്യാനിക്കുന്നതും നമ്മുടെ വിശ്വാസത്തെ ശക്തീകരിക്കുകയും നമ്മെ ഭാരപ്പെടുത്തുന്ന പ്രശ്‌നങ്ങളുമായി എങ്ങനെ ഏറ്റവും മെച്ചമായ വിധത്തിൽ യഹോവയെ സമീപിക്കാമെന്നു നമുക്കു കാണിച്ചു തരികയും ചെയ്യുന്നു.

22. 2003-ലെ വാർഷിക വാക്യം എന്ത്‌, ഈ വർഷത്തിലുടനീളം നമുക്കു നമ്മോടുതന്നെ എന്തു ചോദിക്കാനാകും?

22 വ്യക്തമായും, “ദൈവത്തോടു അടുത്തു ചെല്ലുവിൻ” എന്ന യാക്കോബിന്റെ ബുദ്ധിയുപദേശം അനുസരിക്കുന്നതിനെക്കാൾ വലിയൊരു ലക്ഷ്യം നമുക്കു വെക്കാനില്ല. അതിനെക്കാൾ വലിയൊരു പദവി നമുക്കു ലഭിക്കാനുമില്ല. (യാക്കോബ്‌ 4:⁠8) ദൈവത്തെ കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരുകയും അവനോടുള്ള സ്‌നേഹം പ്രവൃത്തികളിലൂടെ പ്രകടിപ്പിക്കുന്നതിനുള്ള കൂടുതലായ വഴികൾ തേടുകയും പ്രാർഥനയിലൂടെ അവനുമായി ഒരു ഉറ്റ ബന്ധം വളർത്തിയെടുക്കുകയും ചെയ്‌തുകൊണ്ട്‌ നമുക്ക്‌ ഇതു ചെയ്യാം. 2003-ൽ ഉടനീളം വാർഷിക വാക്യമായ യാക്കോബ്‌ 4:8 മനസ്സിൽപ്പിടിക്കവേ നാം യഹോവയോട്‌ യഥാർഥത്തിൽ അടുത്തു ചെല്ലുന്നുണ്ടോ എന്നു നമുക്കു സ്വയം പരിശോധിച്ചുകൊണ്ടിരിക്കാം. എന്നാൽ ആ തിരുവെഴുത്തിന്റെ രണ്ടാമത്തെ ഭാഗം സംബന്ധിച്ചെന്ത്‌? ഏത്‌ അർഥത്തിലാണ്‌ യഹോവ ‘നിങ്ങളോട്‌ അടുത്തുവരിക?’ അത്‌ എന്ത്‌ അനുഗ്രഹങ്ങളിൽ കലാശിക്കും? അടുത്ത ലേഖനം ഇതിനെ കുറിച്ചു പരിചിന്തിക്കും.

നിങ്ങൾ ഓർമിക്കുന്നുവോ?

• യഹോവയോട്‌ അടുത്തു ചെല്ലുന്നതിനെ ഗൗരവപൂർവം വീക്ഷിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• യഹോവയെ കുറിച്ചുള്ള പരിജ്ഞാനം ഉൾക്കൊള്ളുന്നതിനോടുള്ള ബന്ധത്തിൽ നമുക്കു വെക്കാൻ കഴിയുന്ന ചില ലക്ഷ്യങ്ങൾ ഏവ?

• യഹോവയോട്‌ നമുക്കു യഥാർഥ സ്‌നേഹം ഉണ്ടെന്ന്‌ എങ്ങനെ പ്രകടമാക്കാൻ കഴിയും?

• ഏതെല്ലാം വിധങ്ങളിൽ പ്രാർഥനയിലൂടെ നമുക്ക്‌ യഹോവയുമായി കൂടുതൽ അടുത്ത ഒരു ബന്ധം വളർത്തിയെടുക്കാം?

[അധ്യയന ചോദ്യങ്ങൾ]

[12-ാം പേജിലെ ആകർഷക വാക്യം]

2003-ലെ വാർഷിക വാക്യം “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും” എന്നതായിരിക്കും.​—⁠യാക്കോബ്‌ 4:⁠8.

[8, 9 പേജുകളിലെ ചിത്രം]

വളർന്നുവന്നപ്പോൾ ശമൂവേൽ യഹോവയെ അടുത്ത്‌ അറിയാൻ ഇടയായി

[12-ാം പേജിലെ ചിത്രം]

കർമ്മേൽ പർവതത്തിൽവെച്ച്‌ ഏലീയാവ്‌ നടത്തിയ പ്രാർഥന നമുക്ക്‌ ഒരു നല്ല മാതൃകയാണ്‌