വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“മൂന്നു ജ്ഞാനികൾ” അവർ ആരായിരുന്നു?

“മൂന്നു ജ്ഞാനികൾ” അവർ ആരായിരുന്നു?

“മൂന്നു ജ്ഞാനികൾ” അവർ ആരായിരുന്നു?

കാലിത്തൊഴുത്തിലെ പുൽത്തൊട്ടിയിൽ കിടക്കുന്ന നവജാത ശിശുവിനെ കാണാൻ ഒട്ടകപ്പുറത്ത്‌ എത്തുന്ന വിശേഷ വസ്‌ത്രധാരികളായ മൂന്നു പുരുഷന്മാരെ യേശുവിന്റെ ജനനത്തിന്റെ പുനരാവിഷ്‌കാര രംഗങ്ങളിൽ ചിത്രീകരിച്ചു കാണാറുണ്ട്‌. കമനീയമായി വസ്‌ത്രം ധരിച്ച ഈ അതിഥികളെ മൂന്നു ജ്ഞാനികൾ എന്നു പരാമർശിച്ചു കണ്ടിട്ടുണ്ട്‌. അവരെ കുറിച്ചു ബൈബിളിന്‌ എന്താണു പറയാനുള്ളത്‌?

ജ്ഞാനികൾ എന്നു വിളിക്കപ്പെടുന്ന ഇവർ “കിഴക്കുനിന്നു” വന്നവരാണെന്നും അവിടെ ആയിരിക്കെയാണ്‌ യേശുവിന്റെ ജനനത്തെ കുറിച്ച്‌ അവർ മനസ്സിലാക്കിയതെന്നും ബൈബിൾ പറയുന്നു. (മത്തായി 2:1, 2, 9) വളരെ നാൾ യാത്രചെയ്‌ത്‌ ആയിരിക്കണം അവർ യെഹൂദ്യയിൽ എത്തിയത്‌. ഒടുവിൽ അവർ യേശുവിനെ കാണുമ്പോൾ അവൻ കാലിത്തൊഴുത്തിൽ കിടക്കുന്ന ഒരു നവജാത ശിശു ആയിരുന്നില്ല. മറിയയും ‘കുട്ടിയും’ ഒരു വീട്ടിൽ താമസിക്കുന്നതായി അവർ കണ്ടെത്തുന്നു.​—⁠മത്തായി 2:​11, NW.

ബൈബിൾ ഇവരെ “ജോത്സ്യന്മാർ” (മേജൈ) എന്നു വിളിക്കുന്നു. (മത്തായി 2:​1, NW) അവർ എത്ര പേരുണ്ടായിരുന്നു എന്നു വിവരണം പറയുന്നില്ല. ദി ഓക്‌സ്‌ഫോർഡ്‌ കമ്പാനിയൻ റ്റു ദ ബൈബിൾ ഇപ്രകാരം വിശദീകരിക്കുന്നു: “ബേത്ത്‌ലേഹെമിലേക്കു തങ്ങളെ നയിച്ച നക്ഷത്രത്തോടുള്ള ബന്ധത്തിൽ ഈ സന്ദർശകർ കാട്ടിയ താത്‌പര്യത്തിൽ, മാജിക്കും ജോത്സ്യവും തമ്മിലുള്ള ബന്ധം വ്യക്തമായി നിഴലിക്കുന്നുണ്ട്‌.” മാജിക്കിന്റെ സകല വകഭേദങ്ങളെയും നക്ഷത്രം നോക്കി വിവരങ്ങൾ അറിയാൻ ശ്രമിക്കുന്ന ബാബിലോണിയൻ ആചാരത്തെയും ബൈബിൾ വ്യക്തമായി കുറ്റം വിധിക്കുന്നു.​—⁠ആവർത്തനപുസ്‌തകം 18:10-12; യെശയ്യാവു 47:13.

ഈ മനുഷ്യർക്കു ലഭിച്ച വിവരങ്ങൾ, നല്ല ഒരു സംഗതിയിലേക്കല്ല കാര്യങ്ങളെ കൊണ്ടെത്തിച്ചത്‌. ദുഷ്ടനായ ഹെരോദാവിന്റെ ക്രോധം ആളിക്കത്താൻ അത്‌ ഇടയാക്കി. തുടർന്ന്‌, യോസേഫിനും മറിയയ്‌ക്കും യേശുവിനും ഈജിപ്‌തിലേക്കു പലായനം ചെയ്യേണ്ടിവന്നു എന്നു മാത്രമല്ല ബേത്ത്‌ലേഹെമിൽ ഉണ്ടായിരുന്ന “രണ്ടു വയസ്സും താഴെയുമുള്ള” സകല ആൺകുട്ടികളുടെയും കൂട്ടക്കുരുതിക്ക്‌ അതു കളമൊരുക്കുകയും ചെയ്‌തു. ജോത്സ്യന്മാരോടു ചോദിച്ചറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യേശുവിന്റെ ജനന സമയം ഹെരോദാവ്‌ ശ്രദ്ധയോടെ കണക്കുകൂട്ടി എടുത്തിരുന്നു. (മത്തായി 2:16) അവരുടെ സന്ദർശനം വരുത്തിവെച്ച സകല വിനകളും നിരീക്ഷിച്ചാൽ ഒരു കാര്യം വ്യക്തമാണ്‌. അവർ കണ്ട നക്ഷത്രത്തിന്റെയും “യെഹൂദന്മാരുടെ രാജാവായി പിറന്നവ”നെ കുറിച്ച്‌ അവർക്കു ലഭിച്ച സന്ദേശത്തിന്റെയും പിന്നിൽ യേശുവിനെ വകവരുത്താൻ ശ്രമിച്ച, ദൈവത്തിന്റെ ശത്രുവായ പിശാചായ സാത്താനായിരുന്നു.​—⁠മത്തായി 2:1, 2.