യേശുവിന്റെ ജനനം എങ്ങനെ, എന്തിനുവേണ്ടി?
യേശുവിന്റെ ജനനം എങ്ങനെ, എന്തിനുവേണ്ടി?
“അസാധ്യം!” യേശുവിന്റെ ജനനത്തെ കുറിച്ചുള്ള വിവരണത്തോട് ക്രിസ്‌ത്യാനികളല്ലാത്ത മിക്കവരും അങ്ങനെയായിരിക്കും പ്രതികരിക്കുക. ഒരു പുരുഷനുമായി ബന്ധപ്പെടാതെ ഒരു കന്യക ഗർഭം ധരിച്ച് മകനെ പ്രസവിച്ചു എന്നു വിശ്വസിക്കുന്നത് അശാസ്‌ത്രീയമാണെന്ന് അവർ കരുതുന്നു. നിങ്ങളോ?
ഈ വിഷയത്തെ കുറിച്ച് 1984-ൽ ദ ടൈംസ് ഓഫ് ലണ്ടനിൽ പ്രസിദ്ധീകരിച്ചുവന്ന ഒരു കത്ത് ഇപ്രകാരം പ്രസ്‌താവിക്കുകയുണ്ടായി: “അത്ഭുതങ്ങൾക്കെതിരായ ഒരു വാദമെന്ന നിലയിൽ ശാസ്‌ത്രത്തെ ഉപയോഗിക്കുന്നത് യുക്ത്യാനുസൃതമല്ല. അത്ഭുതങ്ങൾ സംഭവിക്കില്ല എന്നു വിശ്വസിക്കുന്നത് അവ സംഭവിക്കും എന്നു വിശ്വസിക്കുന്നതുപോലെതന്നെ വിശ്വാസത്തിന്റെ ഒരു പ്രവൃത്തിയാണ്.” ആ കത്തിൽ ബ്രിട്ടീഷ് സർവകലാശാലകളിൽനിന്നുള്ള 14 ശാസ്‌ത്ര പ്രൊഫസർമാർ ഒപ്പിട്ടിരുന്നു. അവർ ഇങ്ങനെ പ്രസ്‌താവിച്ചു: “കന്യകയിൽനിന്നുള്ള [യേശുവിന്റെ] ജനനവും സുവിശേഷത്തിലെ അത്ഭുതങ്ങളും ക്രിസ്‌തുവിന്റെ പുനരുത്ഥാനവും ചരിത്ര സംഭവങ്ങളായി അംഗീകരിക്കുന്നതിൽ ഞങ്ങൾക്കു സന്തോഷമേയുള്ളൂ.”
എങ്കിലും, കന്യകയിൽനിന്നുള്ള യേശുവിന്റെ ജനനത്തെ കുറിച്ച് ആദ്യമായി കേൾക്കുന്ന ഒരു വ്യക്തിക്ക് ആശയക്കുഴപ്പം ഉണ്ടാകും എന്നതു മനസ്സിലാക്കാവുന്നതേയുള്ളൂ. കന്യകയായിരുന്ന മറിയയ്‌ക്കു തന്നെയും അപ്രകാരം അനുഭവപ്പെട്ടു. “നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം” എന്ന് ദൈവദൂതൻ മറിയയോടു പറഞ്ഞപ്പോൾ അവൾ ചോദിച്ചു: “ഞാൻ പുരുഷനെ അറിയായ്‌കയാൽ ഇതു എങ്ങനെ സംഭവിക്കും?” തന്റെ പരിശുദ്ധാത്മാവിനാൽ ദൈവം ഈ അത്ഭുതം പ്രവർത്തിക്കുമെന്ന് ദൂതൻ അവൾക്കു വിശദീകരിച്ചുകൊടുത്തു. തുടർന്ന് ഇങ്ങനെ കൂട്ടിച്ചേർത്തു: “ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ.” (ലൂക്കൊസ് 1:31, 34-37) തീർച്ചയായും, മനുഷ്യന്റെ അത്ഭുതകരമായ പുനരുത്‌പാദന പ്രക്രിയയ്‌ക്ക് കാരണഭൂതനായ ആ ഒരുവന് ഒരു കന്യക ഗർഭം ധരിച്ച് പ്രസവിക്കാൻ ഇടയാക്കുന്നതിനും സാധിക്കും. ഈ പ്രപഞ്ചത്തെയും അതിലെ അതീവ കൃത്യതയുള്ള നിയമങ്ങളെയും സൃഷ്ടിക്കാൻ ദൈവത്തിനു കഴിയുമെങ്കിൽ, മറിയയുടെ അണ്ഡാശയത്തിലെ ഒരു അണ്ഡകോശത്തിൽനിന്ന് പൂർണതയുള്ള ഒരു മനുഷ്യപുത്രനെ ഉളവാക്കാനും അവനു കഴിയുമായിരുന്നു.
അത് അനിവാര്യമായിരുന്നതിന്റെ കാരണം
ദൈവഭക്തനായ യോസേഫുമായി വിവാഹനിശ്ചയം ചെയ്‌തിരുന്ന സമയത്താണ് മറിയ ഗർഭിണിയായത്. അവന്റെ കന്യകയായ പ്രതിശ്രുതവധു ഗർഭം ധരിച്ചതിന്റെ ശ്രേഷ്‌ഠമായ കാരണത്തെ കുറിച്ച് ഒരു സ്വപ്‌നത്തിൽ ദൈവദൂതൻ യോസേഫിനു വിശദീകരിച്ചുകൊടുത്തു. ദൂതൻ അവനോടു പറഞ്ഞു: “നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്‌പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം.” (മത്തായി 1:20, 21) യേശു എന്ന എബ്രായ നാമത്തിന്റെ അർഥം “യഹോവ രക്ഷയാകുന്നു” എന്നാണ്. പാപത്തിൽനിന്നും മരണത്തിൽനിന്നും രക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെയും യേശു മുഖാന്തരം അത്തരം രക്ഷ സാധ്യമാക്കാനുള്ള യഹോവയാം ദൈവത്തിന്റെ ക്രമീകരണത്തെയും കുറിച്ച് അതു നമ്മെ ഓർമിപ്പിക്കുന്നു.
റോമർ 5:12) ആദാമിന്റെ സന്തതികൾക്ക് പാപത്തിൽനിന്നു രക്ഷ നേടുന്നതിനും പൂർണത കൈവരിക്കുന്നതിനും എങ്ങനെ സാധിക്കുമായിരുന്നു? നീതിയുടെ തുലാസിനെ സമനിലയിലാക്കാൻ ആദാമിന്റേതിനോടു തുല്യ മൂല്യമുള്ള മറ്റൊരു മനുഷ്യജീവൻ ആവശ്യമായിരുന്നു. ഒരു പൂർണ മനുഷ്യനായ യേശു അത്ഭുതകരമായി ജനിക്കാൻ ദൈവം ഇടയാക്കിയതും തന്നെ വധിക്കാൻ യേശു ശത്രുക്കളെ അനുവദിച്ചതും അതുകൊണ്ടാണ്. (യോഹന്നാൻ 10:17, 18; 1 തിമൊഥെയൊസ് 2:5, 6) തന്റെ പുനരുത്ഥാനത്തിനും സ്വർഗാരോഹണത്തിനും ശേഷം യേശുവിന് പൂർണബോധ്യത്തോടെ ഇപ്രകാരം പറയാൻ സാധിച്ചു: “ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും [മനുഷ്യവർഗത്തിന്റെ പൊതുശവക്കുഴിയായ] പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.”—വെളിപ്പാടു 1:18.
ആദ്യമനുഷ്യനായ ആദാം പാപം ചെയ്‌തതിനാൽ അവന്റെ സന്തതികളെല്ലാം അപൂർണതയോടെ, ദൈവനിയമങ്ങൾ ലംഘിക്കാനുള്ള പ്രവണതയോടെ, ആണു ജനിച്ചത്. (മരണത്തിന്റെയും പാതാളത്തിന്റെയും പ്രതീകാത്മക താക്കോലുകൾ ഉപയോഗിച്ച് യേശു ആദാം നഷ്ടപ്പെടുത്തിയതു വീണ്ടെടുക്കാനുള്ള വഴി അപൂർണ മനുഷ്യവർഗത്തിനു തുറന്നുകൊടുക്കുന്നു. യേശു ഇങ്ങനെ വിശദീകരിച്ചു: “ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ഒരുനാളും മരിക്കയില്ല.” (യോഹന്നാൻ 11:25, 26) എത്ര അത്ഭുതകരമായ ഒരു വാഗ്‌ദാനം! എന്നാൽ, യേശു ജനിച്ചതിന് മറ്റൊരു വലിയ കാരണം കൂടെയുണ്ട്.
ആ സുപ്രധാന കാരണം
മറിയയുടെ ഗർഭാശയത്തിൽ യേശു ഉരുവായ സമയത്തായിരുന്നില്ല അവന്റെ ജീവിതത്തിന്റെ തുടക്കം. ഞാൻ ‘സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നു’ എന്ന് അവൻ വ്യക്തമാക്കി. (യോഹന്നാൻ 6:38) വാസ്‌തവത്തിൽ, സൃഷ്ടിയുടെ ആരംഭം മുതൽ തന്റെ സ്വർഗീയ പിതാവിനോടൊത്ത് ആത്മമണ്ഡലത്തിൽ അവൻ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ബൈബിൾ അവനെ ‘ദൈവസൃഷ്ടിയുടെ ആരംഭം’ എന്നു വിളിക്കുന്നത്. (വെളിപ്പാടു 3:14) സ്വർഗത്തിലായിരിക്കെ യേശു, ദൈവഭരണത്തിനെതിരെ നിലപാടു സ്വീകരിക്കാൻ ആദ്യ മനുഷ്യരെ പ്രേരിപ്പിച്ച ദുഷ്ട ദൂതന്റെ മത്സരത്തിനു സാക്ഷ്യം വഹിച്ചു. ഈ സംഭവം, ദൈവത്തിന്റെ ഒരു പൂർണ മനുഷ്യപുത്രനായി ജനിക്കാൻ യേശുവിന് ഒരു സുപ്രധാന കാരണമേകി. എന്തായിരുന്നു അത്?
അഖിലാണ്ഡത്തെ ഭരിക്കാൻ തന്റെ സ്വർഗീയ പിതാവിന് അവകാശമുണ്ടെന്നു തെളിയിക്കുക എന്നതായിരുന്നു അത്. ജനനം മുതൽ ഭൂമിയിൽവെച്ചുള്ള തന്റെ മരണം വരെ പിതാവിനോടു വിശ്വസ്‌തത പാലിച്ചുകൊണ്ട്, സൃഷ്ടികളുടെ മേലുള്ള യഹോവയുടെ ഭരണാധിപത്യത്തിനു കീഴ്‌പെടാനുള്ള സന്നദ്ധത യേശു പ്രകടമാക്കി. ദൈവത്തിന്റെ ശത്രുക്കളുടെ കയ്യാൽ വധിക്കപ്പെടുന്നതിനു മുമ്പ്, ഒരു ബലിമരണത്തിന് താൻ സന്നദ്ധനാകുന്നതിന്റെ കാരണം യേശു വ്യക്തമാക്കുകയുണ്ടായി. താൻ പിതാവിനെ സ്‌നേഹിക്കുന്നു എന്നു ലോകം അറിയാൻ വേണ്ടിയാണ് അതെന്ന് അവൻ പറഞ്ഞു. (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (യോഹന്നാൻ 14:31) ആദ്യ മനുഷ്യരായ ആദാമും ഹവ്വായും അത്തരം സ്‌നേഹം വളർത്തിയെടുത്തിരുന്നു എങ്കിൽ തങ്ങളുടെ വിശ്വസ്‌തതയുടെ മാറ്റുരയ്‌ക്കപ്പെട്ട—യേശുവിന്റേതിനോടുള്ള താരതമ്യത്തിൽ തീരെ ചെറുതായിരുന്ന—ആ പരീക്ഷയിൽ വിജയിക്കാൻ അവർക്കു കഴിയുമായിരുന്നു.—ഉല്‌പത്തി 2:15-17.
യേശുവിന്റെ വിശ്വസ്‌തത, ദുഷ്ട ദൂതനായ സാത്താൻ ഒരു നുണയൻ ആണെന്നും തെളിയിച്ചു. സ്വർഗത്തിലെ ദൂതന്മാരുടെ മുമ്പാകെ സാത്താൻ ദൈവത്തിനും മനുഷ്യനും എതിരെ ദൂഷണം പറഞ്ഞു. “മനുഷ്യൻ തനിക്കുള്ളതൊക്കെയും തന്റെ ജീവന്നു പകരം കൊടുത്തുകളയും” ഇയ്യോബ് 2:1, 4) സ്വന്തം ജീവൻ രക്ഷിക്കാനായി സകല മനുഷ്യരും ദൈവത്തോട് അനുസരണക്കേട് കാണിക്കുമെന്നു സാത്താൻ തെറ്റായി ആരോപിച്ചു.
എന്ന് അവൻ വാദിച്ചു. (മേൽപ്പറഞ്ഞ വിവാദവിഷയങ്ങൾ ദൈവത്തിന്റെ പരമാധികാരത്തിന്റെ ഔചിത്യത്തിന് എതിരെയുള്ള വെല്ലുവിളികളായിരുന്നു. അവയ്‌ക്ക് ഉത്തരം നൽകാൻ ഒരു മനുഷ്യനായി ജനിക്കാൻ യേശു സന്നദ്ധനാകുകയും മരണത്തോളം വിശ്വസ്‌തത പാലിക്കുകയും ചെയ്‌തു.
അതുകൊണ്ട്, യേശുവിന്റെതന്നെ വാക്കുകളനുസരിച്ച്, ഭൂമിയിൽ അവൻ ജനിച്ചതിന്റെ പ്രധാന കാരണം ‘സത്യത്തിനു സാക്ഷ്യംനൽകുക’ എന്നതാണ്. (യോഹന്നാൻ 18:37, പി.ഒ.സി. ബൈബിൾ) ദൈവത്തിന്റെ ഭരണാധിപത്യം തികച്ചും നീതിനിഷ്‌ഠമാണെന്നും അതിനു കീഴ്‌പെടുന്നത് നിലനിൽക്കുന്ന സന്തോഷത്തിൽ കലാശിക്കുമെന്നും വാക്കിനാലും പ്രവൃത്തിയാലും പ്രകടമാക്കിക്കൊണ്ടാണ് അവൻ അതു ചെയ്‌തത്. തന്റെ മനുഷ്യജീവൻ ‘അനേകർക്കുവേണ്ടി മറുവിലയായി കൊടുപ്പാ’നും അങ്ങനെ, പാപികളായ മനുഷ്യവർഗത്തിന് പൂർണതയും നിത്യജീവനും ലഭിക്കുന്നതിനുള്ള അവസരം തുറന്നുകൊടുക്കാനും ആണ് താൻ ലോകത്തിലേക്കു വന്നിരിക്കുന്നതെന്നും യേശു വിശദീകരിച്ചു. (മർക്കൊസ് 10:45) ഈ സുപ്രധാന കാര്യങ്ങൾ മനുഷ്യവർഗം മനസ്സിലാക്കുന്നതിന് യേശുവിന്റെ ജനനത്തെ കുറിച്ചുള്ള ഒരു രേഖ അനിവാര്യമായിരുന്നു. ഇതിനുപുറമേ, യേശുവിന്റെ ജനനത്തെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളിൽ പ്രധാനപ്പെട്ട മറ്റു പാഠങ്ങളും ഉൾക്കൊണ്ടിരിക്കുന്നു. അടുത്ത ലേഖനം അതു ചർച്ച ചെയ്യുന്നതാണ്.
[4-ാം പേജിലെ ചിത്രങ്ങൾ]
ആദാമിന്റെ സന്തതികളെ പാപത്തിൽനിന്നു രക്ഷിക്കാൻ എങ്ങനെ കഴിയുമായിരുന്നു?