വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുവിന്റെ ജനനം സംബന്ധിച്ച രേഖയിൽനിന്നു പഠിക്കാനാകുന്നത്‌

യേശുവിന്റെ ജനനം സംബന്ധിച്ച രേഖയിൽനിന്നു പഠിക്കാനാകുന്നത്‌

യേശുവിന്റെ ജനനം സംബന്ധിച്ച രേഖയിൽനിന്നു പഠിക്കാനാകുന്നത്‌

യേശുവിന്റെ ജനനത്തെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളിൽ കോടിക്കണക്കിന്‌ ആളുകൾ തത്‌പരരാണ്‌. ക്രിസ്‌തുമസ്സ്‌ കാലത്ത്‌ ലോകമെങ്ങും പുൽക്കൂടുകളുണ്ടാക്കുന്നതും ക്രിസ്‌തുവിന്റെ ജനനത്തോടു ബന്ധപ്പെട്ട സംഭവങ്ങൾ പുനരവതരിപ്പിക്കുന്നതുമൊക്കെ അതാണു കാണിക്കുന്നത്‌. യേശുവിന്റെ ജനനത്തോട്‌ അനുബന്ധിച്ചുള്ള സംഭവങ്ങൾ ആകർഷകമാണെങ്കിലും അവ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌ ആളുകളെ രസിപ്പിക്കാനല്ല. പഠിപ്പിക്കുന്നതിനും കാര്യങ്ങൾ നേരെയാക്കുന്നതിനുമായി ദൈവം നിശ്വസ്‌തമാക്കിയ എല്ലാ തിരുവെഴുത്തുകളുടെയും ഭാഗമാണ്‌ അവ.​—⁠2 തിമൊഥെയൊസ്‌ 3:16, 17, NW.

ക്രിസ്‌ത്യാനികൾ യേശുവിന്റെ ജനനം ആഘോഷിക്കാൻ ദൈവം ആഗ്രഹിച്ചിരുന്നെങ്കിൽ ബൈബിൾ അതിന്റെ കൃത്യമായ തീയതി നമുക്കു നൽകുമായിരുന്നു. അത്‌ അങ്ങനെ ചെയ്യുന്നുണ്ടോ? രാത്രിയിൽ ഇടയന്മാർ തങ്ങളുടെ ആട്ടിൻപറ്റത്തെ കാത്തുകൊണ്ട്‌ വെളിമ്പ്രദേശത്ത്‌ ആയിരുന്നപ്പോഴാണ്‌ യേശു ജനിച്ചത്‌ എന്നു പരാമർശിച്ചശേഷം, 19-ാം നൂറ്റാണ്ടിലെ ഒരു ബൈബിൾ പണ്ഡിതനായ ആൽബർട്ട്‌ ബാൺസ്‌ ഇങ്ങനെ നിഗമനം ചെയ്‌തു: “നമ്മുടെ രക്ഷകൻ ഡിസംബർ 25-നു മുമ്പാണു പിറന്നതെന്ന്‌ ഇതിൽനിന്നു വ്യക്തമാണ്‌. . . അത്‌ ശൈത്യകാലമാണ്‌, ബേത്ത്‌ലേഹെമിനടുത്തുള്ള കുന്നിൻപ്രദേശങ്ങളിൽ പ്രത്യേകിച്ചും. [യേശുവിന്റെ] ജനനസമയം ദൈവം വെളിപ്പെടുത്തിയിട്ടില്ല. . . അത്‌ അറിയേണ്ടത്‌ പ്രാധാന്യമുള്ള കാര്യവുമായിരുന്നില്ല; ആയിരുന്നെങ്കിൽ ദൈവം അതിന്റെ രേഖ സംരക്ഷിക്കുമായിരുന്നു.”

നേരെമറിച്ച്‌, യേശുവിന്റെ മരണദിവസത്തെ കുറിച്ച്‌ നാലു സുവിശേഷ എഴുത്തുകാരും നമുക്കു വ്യക്തമായ വിവരങ്ങൾ നൽകുന്നുണ്ട്‌. യഹൂദ മാസമായ നീസാൻ 14-ലെ പെസഹാ ദിവസമാണ്‌ അവൻ മരിച്ചത്‌. അത്‌ വസന്തകാലമായിരുന്നു. മാത്രമല്ല, ആ ദിവസം തന്റെ മരണത്തിന്റെ സ്‌മാരകമായി ആചരിക്കാൻ യേശു തന്റെ അനുഗാമികളോടു പ്രത്യേകം കൽപ്പിക്കുകയും ചെയ്‌തു. (ലൂക്കൊസ്‌ 22:19) യേശുവിന്റെയോ മറ്റാരുടെയെങ്കിലുമോ ജനനദിവസം ആഘോഷിക്കാനുള്ള കൽപ്പന ബൈബിളിൽ ഒരിടത്തുമില്ല. ദുഃഖകരമെന്നു പറയട്ടെ, യേശുവിന്റെ ജനനദിവസത്തെ കുറിച്ചുള്ള വിവാദങ്ങൾ ആ സമയത്തു നടന്ന ഏറെ സുപ്രധാനമായ സംഭവങ്ങൾ നാം ശ്രദ്ധിക്കാതിരിക്കാൻ ഇടയാക്കിയേക്കാം.

ദൈവം തിരഞ്ഞെടുത്ത മാതാപിതാക്കൾ

ഇസ്രായേലിൽ ഉണ്ടായിരുന്ന ആയിരക്കണക്കിനു കുടുംബങ്ങളിൽനിന്ന്‌, ഏതുതരം മാതാപിതാക്കളെയാണ്‌ തന്റെ പുത്രനെ വളർത്താനായി ദൈവം തിരഞ്ഞെടുത്തത്‌? സമ്പത്തോ പ്രാമുഖ്യതയോ ആണോ അവൻ കണക്കിലെടുത്തത്‌? അല്ല. പകരം, മാതാപിതാക്കളുടെ ആത്മീയ ഗുണങ്ങൾക്കാണ്‌ യഹോവ ശ്രദ്ധ നൽകിയത്‌. മിശിഹായുടെ മാതാവായിത്തീരാനുള്ള പദവി ലഭിച്ചതായി അറിഞ്ഞപ്പോൾ മറിയ ആലപിച്ച സ്‌തുതിഗീതം ശ്രദ്ധിക്കുക. ലൂക്കൊസ്‌ 1:46-55-ലാണ്‌ അതു രേഖപ്പെടുത്തിയിരിക്കുന്നത്‌. മറ്റു കാര്യങ്ങളോടൊപ്പം അവൾ ഇപ്രകാരം പറഞ്ഞു: “എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു. . .അവൻ തന്റെ ദാസിയുടെ താഴ്‌ച കടാക്ഷിച്ചിരിക്കുന്നുവല്ലോ.” അവൾ എളിമയോടെ തന്നെത്തന്നെ “താഴ്‌ച” ഉള്ളവളായി, യഹോവയുടെ ഒരു ദാസിയായി വീക്ഷിച്ചു. അതിലും പ്രധാനമായി, മറിയയുടെ ഗീതത്തിലെ മനോഹരമായ വാക്കുകൾ, തിരുവെഴുത്തുകളെ കുറിച്ച്‌ നല്ല അറിവുണ്ടായിരുന്ന ഒരു ആത്മീയ സ്‌ത്രീയായിരുന്നു അവൾ എന്നു തെളിയിക്കുന്നു. ആദാമിന്റെ സന്തതിയെന്ന നിലയിൽ പാപാവസ്ഥയിൽ ആയിരുന്നെങ്കിലും, ദൈവപുത്രന്റെ ഭൗമിക മാതാവ്‌ എന്ന സ്ഥാനത്തിന്‌ അവൾ തികച്ചും അനുയോജ്യയായിരുന്നു.

യേശുവിന്റെ വളർത്തു പിതാവായിത്തീർന്ന, മറിയയുടെ ഭർത്താവ്‌ യോസേഫിന്റെ കാര്യമോ? മരപ്പണിയിൽ വിദഗ്‌ധനായിരുന്നു യോസേഫ്‌. കഠിനമായി അധ്വാനിക്കാനുള്ള യോസേഫിന്റെ സന്നദ്ധത നിമിത്തമാണ്‌ പിന്നീട്‌ അഞ്ചു പുത്രന്മാരും കുറഞ്ഞപക്ഷം രണ്ടു പുത്രിമാരും അടങ്ങുന്ന തന്റെ കുടുംബം പോറ്റാൻ അവനു സാധിച്ചത്‌. (മത്തായി 13:55, 56) യോസേഫ്‌ സമ്പന്നൻ ആയിരുന്നില്ല. മറിയയ്‌ക്കു തന്റെ ആദ്യജാതനെ ദൈവാലയത്തിൽ സമർപ്പിക്കാനുള്ള സമയം ആഗതമായപ്പോൾ, ഒരു ആട്ടിൻകുട്ടിയെ അർപ്പിക്കാൻ തനിക്കു കഴിയാതിരുന്നതിൽ യോസേഫിനു നിരാശ തോന്നിയിരിക്കണം. അതുകൊണ്ട്‌, ദരിദ്രർക്കായുള്ള ഒരു ക്രമീകരണം അവർക്ക്‌ ഉപയോഗപ്പെടുത്തേണ്ടിവന്നു. ആദ്യപ്രസവത്തിൽ ആൺകുഞ്ഞിനു ജന്മംനൽകുന്ന സ്‌ത്രീയോടുള്ള ബന്ധത്തിൽ ന്യായപ്രമാണം ഇപ്രകാരം പ്രസ്‌താവിച്ചു: “ആട്ടിൻകുട്ടിക്കു അവളുടെ പക്കൽ വകയില്ല എങ്കിൽ അവൾ രണ്ടു കുറു പ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ ഹോമയാഗത്തിന്നും മറേറതിനെ പാപയാഗത്തിന്നുമായി കൊണ്ടുവരേണം; പുരോഹിതൻ അവൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൾ ശുദ്ധയാകും.”​—⁠ലേവ്യപുസ്‌തകം 12:8; ലൂക്കൊസ്‌ 2:22-24.

യോസേഫ്‌ ‘നീതിമാൻ ആയിരുന്നു’ എന്നു ബൈബിൾ പറയുന്നു. (മത്തായി 1:19) ഉദാഹരണത്തിന്‌, യേശു ജനിക്കുന്നതുവരെ അവൻ തന്റെ കന്യകയായ ഭാര്യയുമായി ശാരീരികബന്ധം പുലർത്തിയില്ല. യേശുവിന്റെ യഥാർഥ പിതാവ്‌ ആരാണ്‌ എന്നതു സംബന്ധിച്ച ഏതൊരു തെറ്റിദ്ധാരണയെയും അത്‌ ഇല്ലായ്‌മ ചെയ്‌തു. ഒരു നവദമ്പതികളെ സംബന്ധിച്ചിടത്തോളം ലൈംഗിക ബന്ധത്തിൽനിന്ന്‌ ഒഴിഞ്ഞുനിന്നുകൊണ്ട്‌ ഒന്നിച്ചുജീവിക്കുന്നത്‌ അത്ര എളുപ്പമല്ലായിരിക്കാം. എങ്കിലും, ദൈവപുത്രനെ വളർത്താൻ തങ്ങൾക്കു ലഭിച്ച പദവിയെ അവർ ഇരുവരും വിലയേറിയതായി കണക്കാക്കിയെന്ന്‌ ഇതു പ്രകടമാക്കി.—മത്തായി 1:24, 25.

മറിയയെപ്പോലെ യോസേഫും ഒരു ആത്മീയ വ്യക്തിയായിരുന്നു. വാർഷിക പെസഹയിൽ സംബന്ധിക്കാനായി അവൻ ലൗകിക ജോലി നിറുത്തിവെക്കുകയും കുടുംബത്തോടൊത്ത്‌ നസറെത്തിൽനിന്ന്‌ യെരൂശലേമിലേക്കു പോകുകയും ചെയ്യുമായിരുന്നു. മൂന്നു ദിവസത്തെ ഒരു യാത്രയായിരുന്നു അത്‌. (ലൂക്കൊസ്‌ 2:41) കൂടാതെ, ദൈവവചനം വായിച്ച്‌ വിശദീകരിച്ചിരുന്ന പ്രാദേശിക സിനഗോഗുകളിലെ ആരാധനയിൽ വാരം തോറും പങ്കുപറ്റാൻ യോസേഫ്‌ യേശുവിനു ചെറുപ്പത്തിൽത്തന്നെ പരിശീലനം നൽകിയിരുന്നിരിക്കണം. (ലൂക്കൊസ്‌ 2:51; 4:16) അതുകൊണ്ട്‌, തന്റെ പുത്രനുവേണ്ടി ദൈവം ശരിയായ മാതാപിതാക്കളെയാണു തിരഞ്ഞെടുത്തത്‌ എന്നതിന്‌ യാതൊരു സംശയവുമില്ല.

എളിയ ആട്ടിടയന്മാർക്ക്‌ മഹത്തായ അനുഗ്രഹം

ഒമ്പതുമാസം ഗർഭിണിയായ തന്റെ ഭാര്യയ്‌ക്കു ബുദ്ധിമുട്ടായിരുന്നിട്ടും, കൈസറുടെ ഉത്തരവനുസരിച്ച്‌ പേർ ചാർത്താനായി യോസേഫ്‌ തന്റെ പൂർവപിതാക്കന്മാരുടെ നഗരത്തിലേക്കു യാത്രതിരിച്ചു. ബേത്ത്‌ലേഹെമിൽ എത്തിയ ആ ദമ്പതികൾക്ക്‌ ജനനിബിഡമായ ആ നഗരത്തിൽ താമസസൗകര്യം കണ്ടെത്താനായില്ല. അതുകൊണ്ട്‌, ഒരു കാലിത്തൊഴുത്തിൽ തങ്ങാൻ അവർ നിർബന്ധിതരായി. അവിടെവെച്ച്‌ യേശു ജനിച്ചു, അവർ അവനെ പുൽത്തൊട്ടിയിൽ കിടത്തി. ഈ ജനനം ദൈവഹിതമാണെന്നു ബോധ്യപ്പെടുത്തുന്ന തെളിവുകൾ നൽകിക്കൊണ്ട്‌ യഹോവ എളിയവരായ ആ മാതാപിതാക്കളുടെ വിശ്വാസത്തെ ദൃഢീകരിച്ചു. അതിനായി ദൈവം ബേത്ത്‌ലേഹെമിലെ പ്രായമേറിയ പ്രമുഖ വ്യക്തികളുടെ ഒരു സംഘത്തെയാണോ അയച്ചത്‌? അല്ല. പകരം, രാത്രിയിൽ വെളിമ്പ്രദേശത്ത്‌ ആട്ടിൻപറ്റത്തെ കാത്തുകൊണ്ടു നിന്നിരുന്ന കഠിനാധ്വാനികളായ ഇടയന്മാർക്കാണ്‌ യഹോവയാം ദൈവം കാര്യങ്ങൾ വെളിപ്പെടുത്തിക്കൊടുത്തത്‌.

ദൈവദൂതൻ പ്രത്യക്ഷപ്പെട്ട്‌ അവരോട്‌ ബേത്ത്‌ലേഹെമിലേക്കു പോകാൻ ആവശ്യപ്പെട്ടു. അവിടെ നവജാതനായ മിശിഹായെ അവർ “പശുത്തൊട്ടിയിൽ” കണ്ടെത്തുമായിരുന്നു. മിശിഹാ ഒരു തൊഴുത്തിലാണു ജനിച്ചിരിക്കുന്നത്‌ എന്നു കേട്ടപ്പോൾ എളിയവരായ ഇവർ ഞെട്ടുകയോ ആശയക്കുഴപ്പത്തിലാകുകയോ ചെയ്‌തോ? തീർച്ചയായും ഇല്ല! ഉടനടി അവർ ആട്ടിൻപറ്റത്തെ വിട്ട്‌ ബേത്ത്‌ലേഹെമിലേക്കു യാത്രതിരിച്ചു. യേശുവിനെ കണ്ടെത്തിയപ്പോൾ, ദൈവദൂതൻ തങ്ങളോടു പറഞ്ഞ കാര്യങ്ങൾ അവർ യോസേഫിനോടും മറിയയോടും വിശദീകരിച്ചു. ദൈവം ഉദ്ദേശിച്ച വിധത്തിലാണ്‌ കാര്യങ്ങളെല്ലാം നടക്കുന്നതെന്ന ആ ദമ്പതികളുടെ വിശ്വാസത്തെ അതു ദൃഢീകരിച്ചു എന്നതിനു സംശയമില്ല. “ഇടയന്മാർ കേട്ടതും കണ്ടതുമായ എല്ലാററിനെയുംകുറിച്ചു ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്‌ത്തിയുംകൊണ്ടു മടങ്ങിപ്പോയി.” (ലൂക്കൊസ്‌ 2:8-20) അതേ, ദൈവഭക്തരായ ഇടയന്മാർക്കു കാര്യങ്ങൾ വെളിപ്പെടുത്തിക്കൊടുത്തപ്പോൾ യഹോവ ഉചിതമായ തിരഞ്ഞെടുപ്പാണു നടത്തിയത്‌.

മേൽപ്പറഞ്ഞ കാര്യങ്ങൾ, യഹോവയുടെ പ്രീതി നേടണമെങ്കിൽ നാം ഏതുതരം വ്യക്തികൾ ആയിരിക്കണമെന്നു നമുക്കു മനസ്സിലാക്കിത്തരുന്നു. പ്രാമുഖ്യതയോ സമ്പത്തോ നാം തേടേണ്ടതില്ല. പകരം, യോസേഫിനെയും മറിയയെയും ഇടയന്മാരെയും പോലെ ദൈവത്തെ അനുസരിക്കുകയും ഭൗതിക കാര്യങ്ങളെക്കാൾ ആത്മീയ താത്‌പര്യങ്ങൾക്കു പ്രാധാന്യം നൽകിക്കൊണ്ട്‌ അവനോടുള്ള സ്‌നേഹം നാം തെളിയിക്കുകയും ചെയ്യണം. തീർച്ചയായും, യേശുവിന്റെ ജനനസമയത്തു നടന്ന സംഭവങ്ങളെ കുറിച്ചു ധ്യാനിക്കുന്നതിൽനിന്ന്‌ നമുക്ക്‌ അനേകം കാര്യങ്ങൾ പഠിക്കാൻ കഴിയും.

[7-ാം പേജിലെ ചിത്രം]

മറിയ രണ്ടു പ്രാവിൻ കുഞ്ഞിനെ അർപ്പിച്ചത്‌ എന്തു സൂചിപ്പിക്കുന്നു?

[7-ാം പേജിലെ ചിത്രം]

എളിയവരായ ഏതാനും ഇടയന്മാർക്കാണ്‌ ദൈവം യേശുവിന്റെ ജനനത്തെ കുറിച്ചു വെളിപ്പെടുത്തിയത്‌