വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവളുടെ സ്ഥിരോത്സാഹത്തിനു പ്രതിഫലം ലഭിച്ചു

അവളുടെ സ്ഥിരോത്സാഹത്തിനു പ്രതിഫലം ലഭിച്ചു

അവളുടെ സ്ഥിരോത്സാഹത്തിനു പ്രതിഫലം ലഭിച്ചു

തങ്ങളുടെ പ്രിയപ്പെട്ടവർ ദൈവോദ്ദേശ്യങ്ങളെ കുറിച്ചു പഠിക്കാനും അങ്ങനെ ഒരു സന്തുഷ്ട ജീവിതം നയിക്കാനും നീതിഹൃദയരായ പലരും ആഗ്രഹിക്കുന്നു. ഒരു വ്യക്തി തന്നെത്തന്നെ ദൈവത്തിനു സമർപ്പിക്കുമ്പോൾ അങ്ങനെയൊരു ജ്ഞാനപൂർവകമായ തീരുമാനത്തിലെത്താൻ മറ്റുള്ളവരുടെ​—⁠കുട്ടികളുടെയും മുതിർന്നവരുടെയും​—⁠നല്ല നടത്ത അയാളെ സഹായിച്ചിട്ടുണ്ടായിരിക്കാം. മെക്‌സിക്കോയിലെ ചേയാരിം എന്ന കൗമാരപ്രായക്കാരി അതിനൊരു ദൃഷ്ടാന്തമാണ്‌. യഹോവയുടെ സാക്ഷികളുടെ ഒരു പ്രത്യേക സമ്മേളന ദിനത്തിൽ അവൾ ഉത്തരവാദിത്വപ്പെട്ട സഹോദരന്മാരെ ഒരു കുറിപ്പ്‌ ഏൽപ്പിച്ചു. അത്‌ ഇങ്ങനെ വായിക്കുന്നു:

“എന്റെ സന്തോഷവും ആഹ്ലാദവും നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ആഹ്ലാദത്തിന്റെ കാരണം ഞാൻ പറയട്ടെ. പതിനെട്ടു വർഷം മുമ്പാണ്‌ എന്റെ മാതാപിതാക്കൾ സത്യം പഠിച്ചത്‌, അന്ന്‌ ഞാൻ ജനിച്ചിരുന്നില്ല. എന്റെ മമ്മി പുരോഗതി പ്രാപിച്ചു, പിന്നീട്‌ ഞാനും എന്റെ അനുജനും. ഡാഡിയും ജീവന്റെ പാതയിലേക്കു വരേണമേ എന്ന്‌ ഞങ്ങൾ ഒത്തൊരുമിച്ച്‌ യഹോവയോടു പ്രാർഥിച്ചു. പതിനെട്ടു വർഷങ്ങൾ കടന്നുപോയിരിക്കുന്നു, ഇന്ന്‌ ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വിശേഷപ്പെട്ട ഒരു ദിവസമാണ്‌. ഡാഡി ഇന്ന്‌ സ്‌നാപനമേൽക്കുകയാണ്‌. ഞങ്ങൾ കാത്തുകാത്തിരുന്ന ഈ നിമിഷം വന്നെത്തും മുമ്പ്‌ അന്ത്യം വരുത്താതിരുന്നതിന്‌ ഞാൻ യഹോവയോടു നന്ദി പറയുന്നു. യഹോവേ, നന്ദി!”

വർഷങ്ങളിൽ ഉടനീളം ഈ പെൺകുട്ടിയുടെ കുടുംബം 1 പത്രൊസ്‌ 3:1, 2-ൽ അടങ്ങിയിരിക്കുന്ന നിശ്വസ്‌ത ബുദ്ധിയുപദേശത്തിലെ തത്ത്വങ്ങൾ മനസ്സിൽ പിടിച്ചിരുന്നു എന്നു വ്യക്തം. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും.” ചേയാരിം ആവർത്തനപുസ്‌തകം 5:16-ൽ പറഞ്ഞിരിക്കുന്ന ഈ വാക്കുകൾ ബാധകമാക്കി എന്നതു തീർച്ചയാണ്‌: “നിന്റെ ദൈവമായ യഹോവ നിന്നോടു കല്‌പിച്ചതുപോലെ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.” അത്തരം തത്ത്വങ്ങൾ ബാധകമാക്കിയതും യഹോവയ്‌ക്കായി ക്ഷമയോടെ കാത്തിരുന്നതും ചേയാരിമിനും അവളുടെ കുടുംബത്തിനും അനുഗ്രഹങ്ങൾ കൈവരുത്തുകതന്നെ ചെയ്‌തു.